സാഗരം സാക്ഷി...❤️: ഭാഗം 8

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ക്ലാസ്സ് കഴിഞ്ഞതും ആനന്ത്‌ സാക്ഷിയെ കൂട്ടാനായി ക്ലാസിലേക്ക് വന്നതും അവൾ മൂന്ന് പേരോടും പറഞ്ഞു അവനൊപ്പം നടന്നു "എങ്ങനെ ഉണ്ട് ഇവിടെ ഒക്കെ ....?പുതിയ ഫ്രണ്ട്സ് ഒക്കെ ആയല്ലോ ..... ?" ആനന്ദ് ചിരിയോടെ ചോദിച്ചതും അവളൊന്ന് തലകുലുക്കി "ഫ്രണ്ട്സ് ഒന്നും ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല .... അവരെ മൂന്നുപേരെയും എനിക്ക് ഒരുപാട് ഇഷ്ടായി ..... " അവൾ പുഞ്ചിരിയോടെ പറഞ്ഞു "അലക്സിന്റെ പെങ്ങളാ ഈ അന്ന ..... അതുപോലെ നമ്മുടെ ജീവയുടെ കസിനാ അമൃത ....." അവൻ രണ്ടാമത് പറഞ്ഞത് കേട്ട് അവൾ ഞെട്ടി "ആണോ ....?" അവൾ എടുത്ത് ചോദിച്ചതും അവനൊന്ന് തല കുലുക്കി "നമുക്ക് ഒരു കോഫി കുടിച്ചാലോ .....?"

അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി അവൾ ഒന്ന് ചിന്തിച്ച ശേഷം തലകുലുക്കി "ഇവിടെ അടുത്ത് നല്ലൊരു കഫേ ഉണ്ട് .... അവിടെ കേറാം ...." അവൻ കാറിലേക്ക് കയറിക്കൊണ്ട് പറഞ്ഞതും അവളൊന്ന് ചിരിച്ചു കാർ കോളേജ് കോമ്പൗണ്ട് താണ്ടുമ്പോൾ അവൾ കണ്ടു പാർക്കിങ്ങിലെ ബൈക്കിൽ ഇരുന്ന് അവളെ നോക്കി ചിരിക്കുന്ന സാഗറിനെ ....! അവൾ അവനെ കണ്ടതും ദേഷ്യത്തോടെ മുഖം തിരിച്ചിരുന്നു അത് കണ്ടതും അവൻ തലയാട്ടി ചിരിച്ചുകൊണ്ട് ഫോൺ എടുത്ത് അതിൽ തോണ്ടി ഇരുന്നു "ആ കൊച്ചിനെ കാണുമ്പോൾ മാത്രം എന്താടാ നിനക്കൊരു ഇളക്കം .....?"

അലക്സ് ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് ഗൗരവത്തോടെ ചോദിച്ചതും സാഗർ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നിമായുന്നത് അലക്സ് മുഖം ചുളിച്ചു നോക്കി "സാ..ഗർ ......!!" അവൻ സംശയഭാവത്തോടെ നീട്ടി വിളിച്ചതും അവൻ ഫോണിലേക്ക് തന്നെ നോക്കിക്കൊണ്ട് ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിച്ചു അത് കണ്ടതും ജീവയും അലക്സും പരസ്പരം നോക്കി "ഇങ്ങോട്ട് നോക്കെടാ ....?" അലക്സ് ഗൗരവത്തോടെ പറഞ്ഞതും സാഗർ മുഖത്ത് കുറച്ചു ഗൗരവം ഒക്കെ വരുത്തി തലയുയർത്തി നോക്കി "മ്മ് ..... എന്താ ....?" അവൻ അവരെ നോക്കി പുരികം ഉയർത്തിയതും അലക്സ് അവന്റെ മുന്നിൽ കൈയും കെട്ടി നിന്നു

"നീയെന്തിനാ ആ കൊച്ചിനെ നോക്കി ഇങ്ങനെ വെള്ളമിറക്കുന്നേ ....?" ആ ചോദ്യം കേട്ട് അവൻ ജീവയെ നോക്കി ഒരു വല്ലാത്ത ചിരി ചിരിച്ചു "എന്റെ ചോര അല്ലെ ....? എനിക്ക് നോക്കിക്കൂടെ ....?" ജീവയെ നോക്കി കണ്ണിറുക്കിക്കൊണ്ടാണ് അവനത് പറഞ്ഞത് അവന്റെ മറുപടി കേട്ട് ജീവ ഇടുപ്പിൽ കൈ കുത്തി നിന്ന് അവനെ മൊത്തത്തിൽ ഒന്ന് നോക്കി "ഓഹോ .....?" അലക്സ് കുറച്ചു ഗൗരവത്തോടെ ചോദിച്ചതും സാഗർ കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു "സാഗർ ....." ബൈക്കിൽ കയറി പോകാൻ നിന്ന അവനെ നോക്കി അലക്സ് വിളിച്ചു "ഇതുവരെ നിനക്ക് പെൺപിള്ളേരോടൊന്നും ഒരു അട്ട്രാക്ഷൻ തോന്നിയിട്ടില്ല .... പിന്നെ ആ കൊച്ചിനോട് മാത്രം എന്നതാ നിനക്ക് ഉള്ളത് ....? Do you love her .....?"

അലക്സിന്റെ ചോദ്യത്തിന് മറുപടിയെന്നോണം അവനൊന്ന് ചിരിച്ചു "എന്റേതായ ഒന്നും മറ്റൊരാൾക്ക് കൊടുത്തു എനിക്ക്‌ ശീലമില്ല ..... ആ എന്റെ ചോരയാണ് അവളുടെ സിരകളിൽ ഓടുന്നത് ..... So ....!" അവൻ പാതിയിൽ നിർത്തി "so ....?" ജീവ ചോദ്യഭാവത്തിൽ അവനെ നോക്കി അതിന് ഒന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവിടുന്ന് പോയി അവൻ പോകുന്നതും നോക്കി അവർ പരസ്പരം മുഖത്തോട് മുഖം നോക്കി കൈമലർത്തി "വാ ഇറങ്ങു ...." കഫേക്ക് മുന്നിൽ കാർ നിർത്തിക്കൊണ്ട് ആനന്ദ് പറഞ്ഞതും അവൾ ചുറ്റും നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി അവൻ അവളെയും കൂട്ടി അകത്തേക്ക് നടന്നു ഉള്ളിലേക്ക് ഒരു കോർണറിൽ പോയി രണ്ടുപേരും ഇരിപ്പുറപ്പിച്ചു ആനന്ദ് രണ്ട കോഫി ഓർഡർ ചെയ്തതും അല്പനേരത്തിനുള്ളിൽ കോഫി അവരുടെ ടേബിളിൽ എത്തി "മ്മ് കുടിക്ക് ...."

അവൻ കോഫീ ചുണ്ടോട് ചേർത്തുകൊണ്ട് പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു "ആ സഞ്ജുവിനെ ഇഷ്ടമായിരുന്നോ തനിക്ക് ....?" പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ടതും കുടിച്ചോണ്ടിരുന്ന കോഫീ അവളുടെ നെറുകയിൽ കയറി അവളൊന്ന് ചുമച്ചു "എന്താ ....?" അവൾ ചുമ അടക്കിക്കൊണ്ട് അവനോട് ചോദിച്ചതും അവൻ മടിയോടെ വീണ്ടും ചോദിച്ചു "അല്ല സഞ്ജുവിനെ തനിക്ക് ഇഷ്ടമായിരുന്നോ എന്ന് ....?" അവൻ ചോദ്യം ആവർത്തിച്ചതും അവളൊന്ന് നെടുവീർപ്പിട്ടു "ആദ്യമായി എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് സഞ്ജു ആയിരുന്നു ...... ബാക്കിയെല്ലാവർക്കും ചൂണ്ടിക്കാണിക്കാൻ ഒരു തന്ത ഇല്ലായെന്ന് പറയുന്നത് വലിയൊരു കുറവ് തന്നെ ആയിരുന്നു .....

ആദ്യമൊക്കെ സഞ്ജുവിനെ അങ്ങേയറ്റം അവഗണിച്ചിരുന്നു എത്രയൊക്കെ അവഗണിച്ചിട്ടും പിന്നാലെ വരുന്ന സഞ്ജുവിനോട് ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു ..... പക്ഷെ ..... അപ്പോഴേക്കും എല്ലാം മാറി മറിഞ്ഞിരുന്നു ....." അവളൊരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി നോട്ടം മറ്റെങ്ങോ ആയിരുന്നു അപ്പോഴാണ് ആനന്ദിന്റെ ഫോൺ റിങ് ചെയ്തത് "ഞാനിപ്പോ വരാം ..... ഒരു 5 മിനിറ്റ്സ്‌ ...." അവൻ വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവിടെ നിന്നും എണീറ്റ് നടന്നു കുറച്ചു മാറി നിന്ന് അവൻ ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്തതും ഒരു കൈ വന്ന് അവനെ പിടിച്ചു വലിച്ചു അടുത്തുള്ള വാഷ്റൂമിലേക്ക് ഇട്ടു അവൻ ഞെട്ടലോടെ തലയുയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൻ എളിയിൽ കൈ കുത്തി നിന്നു "എന്തായിരുന്നു മുറപ്പെണ്ണും ആയിട്ട് ഒരു കിന്നാരം പറച്ചിൽ .....?"

അവൾ അവന്റെ കഴുത്തിലൂടെ കൈ ചുറ്റിക്കൊണ്ട്‌ ചോദിച്ചതും അവൻ അവളെ നോക്കി കണ്ണുരുട്ടി "നിന്റെ ഏട്ടന്റെ തേപ്പ് കഥ പറയുവായിരുന്നു ....." അവൻ നീരസത്തോടെ പറഞ്ഞതും അവൾക്കും എന്തോ പോലെ ആയി "സരിഗാ ..... നിന്റെ ഏട്ടന് എങ്ങനെ തോന്നി ആ പാവത്തിനെ ചതിക്കാൻ ..... ഒരു ജന്മം കൊണ്ട് അനുഭവിക്കേണ്ടതൊക്കെ ആ പാവം അനുഭവിച്ചു .... അത് പോരാഞ്ഞിട്ടാണോ നിന്റെ ഏട്ടൻ കൂടി അവളെ വേദനിപ്പിച്ചത് .....?" അവന്റെ മുഖത്തു നിരാശ പടർന്നു അവളുടെ കരങ്ങൾ അവന്റെ കവിളിലെ തഴുകി "നിനക്കറിയില്ലേ ആനന്ദ് എന്റെ അമ്മയെ ..... അമ്മ പറയുന്നതിനപ്പുറം ഏട്ടൻ ചലിക്കില്ല ..... ഏട്ടന് സാക്ഷിയെ ജീവനായിരുന്നു ..... ഇപ്പോഴും അതേ .....

അവള് മാത്രമേ ഏട്ടന്റെ മനസ്സിൽ ഉണ്ടാവുള്ളു ....." അവൾ അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് പറഞ്ഞതും ആനന്ദ് ഒന്ന് ചുണ്ട് കോട്ടി ചിരിച്ചു "എന്തിന് ..... എന്തിന് വേണ്ടിയാ നിന്റെ ചേട്ടൻ ഇപ്പോഴും അവളെ മനസ്സിൽ കൊണ്ട് നടക്കുന്നത് ..... അവൻ കാരണമാ അവൾക്ക് ആശാന്റിയെ നഷ്ടപ്പെട്ടത് ..... അതിന് അവൾ ഈ ജന്മം അവനോട് പൊറുക്കുമെന്ന് കരുതുന്നുണ്ടോ നീ ....? നീ കരുതുന്നത്‌ പോലെ അവരെ ഇനിയും ഒന്നിപ്പിക്കാൻ കഴിയില്ല സരിഗാ .... നീ ആ ചിന്ത വിട്ടേക്ക് ..... ഇനി നീ ഈ കാര്യം പറയാൻ നീ എന്നെ വിളിക്കണ്ട ...." അവൻ നീരസത്തോടെ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോകാൻ നിന്നതും അവൾ അവനെ പിടിച്ചു വലിച്ചു വീണ്ടും അവന്റെ നെഞ്ചിൽ ചാരി നിന്നു

"okay okay ..... ഞാനിനി പറയില്ല ..... ദേഷ്യപ്പെടണ്ട ...." അവൾ അവനെ കെട്ടിപ്പിടിച്ചു പറഞ്ഞതും അവൻ ഒന്ന് അമർത്തി മൂളി "രണ്ട് വർഷത്തിന് ശേഷം കണ്ടിട്ട് സ്നേഹത്തോടെ ഒരു വാക്ക് പോലും പറഞ്ഞില്ല .... ദുഷ്ടൻ ....." അവൾ കെറുവിച്ചതും അവൻ അവളെ ഒന്ന് ഇരുത്തി നോക്കി "ആഹ് ഞാൻ ഇങ്ങനെയാ .... നീ കൊഞ്ചാതെ വിട്ടേ ..... ഞാൻ എന്റെ പെങ്ങളെ വീട്ടിൽ ആക്കട്ടെ ..... മാറി നിക്ക് അങ്ങോട്ട് ....." അവൻ അവളെ തള്ളി മാറ്റി പുറത്തേക്ക് നടന്നതും സരിഗ ചുണ്ട് ചുളുക്കി അങ്ങനെ നിന്നു ഒട്ടും പ്രതീക്ഷിക്കാതെ ആനന്ദ് തിരികെ വന്ന് അവളെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു "ഞാൻ വിളിക്കാം ...." അവളുടെ കവിളിൽ ഒന്ന് തട്ടി അവൻ പുറത്തേക്ക് പോയതും സരിഗ കവിളിൽ കൈയും വെച്ച് ചിരിയോടെ നിന്നു 

*ആനന്ദ്‌ * സരിഗ ..... കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു ഒരു റാഗിങ്ങിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു ആരോടും പെട്ടെന്ന് അടുക്കാത്ത എന്നെ അവൾ നിഷ്പ്രയാസം വളച്ചു കുപ്പിയിലാക്കി എന്ന് വേണം പറയാൻ ഒരു തലതെറിച്ച വിത്ത് ..... ഏത് നേരവും ഇങ്ങനെ പൊട്ടിത്തെറിച്ചു നടക്കും ..... പക്ഷെ ആളൊരു പാവമാ ....! അങ്ങനെ ഒന്ന് സ്വസ്ഥമായി പ്രണയിച്ചു വന്നപ്പോഴാണ് അവളുടെ അമ്മ അവളെ വിദേശത്തേക്ക് കെട്ട്‌ കെട്ടിച്ചത് പുള്ളിക്കാരി ഒരു പൊങ്ങച്ചക്കാരിയാ ..... പണം പണം എന്ന ചിന്തയെ ആ സ്ത്രീക്കുള്ളൂ പോകില്ലെന്ന് സരിഗ വാശി പിടിച്ചപ്പോൾ ഞാൻ തന്നെയാ അവളെ നിർബന്ധിച്ചു പറഞ്ഞു വിട്ടത് അവൾ തിരികെ വരുമ്പോഴേക്കും ജോബ് ഒക്കെ ആയി സെറ്റിൽഡ് ആകുമല്ലോ ....!

നേരിട്ട് കാണാതായപ്പോ ഫോൺ വിളിച്ചായി വെറുപ്പിക്കൽ ചുമ്മാ ഓരോന്ന് പറഞ്ഞു എന്റെ വായീന്ന് ഒന്നും കേട്ടില്ലെങ്കിൽ ആ പോത്തിന് ഉറക്കം വരില്ലാത്രെ ..., അവളുടെ വീട്ടിൽ ഒരു പൂച്ചക്കുട്ടി പ്രസവിച്ചാൽ പോലും എന്നോട് വന്ന് പറയും ..... അങ്ങനെയാ സാക്ഷിയെക്കുറിച്ചു ഞാൻ അറിയുന്നേ അവളുടെ ഏട്ടൻ സ്നേഹിക്കുന്ന കുട്ടിയാണെന്ന് പറഞ്ഞു സാക്ഷിയുടെ ഫോട്ടോ അവൾ എനിക്ക് അയച്ചിരുന്നു പിന്നെ ഹോസ്പിറ്റലിൽ വെച്ച് അച്ഛന്റെ കൈയിലെ ഫോട്ടോ കണ്ടപ്പോൾ ശരിക്കും ഷോക്ക് ആയി .... ആ തിരക്കിനിടയിൽ സാക്ഷിയുടെ മുഖം ഞാൻ കണ്ടിരുന്നില്ല പിന്നീട് അച്ഛനും സാക്ഷിയും പറഞ്ഞറിഞ്ഞ ഓരോ കാര്യങ്ങളും എനിക്ക് സാക്ഷിയോട് ഒരു പ്രത്യേക വാത്സല്യം തോന്നിപ്പിച്ചു പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഒക്കെ അറിഞ്ഞപ്പോ ആ സഞ്ജുവിനെ തല്ലിക്കൊല്ലാനാ തോന്നിയെ .....!

സരിഗയെ നാല് ചീത്ത വിളിച്ചു തൽക്കാലം ഞാൻ ആശ്വസിച്ചു അപ്പോഴേക്കും അവൾ ഏട്ടൻ പുരാണം തുടങ്ങി സഞ്ജുവിന് സാക്ഷിയെ ജീവനാണെന്നും അവരെ ഒരുമിപ്പിക്കണമെന്നും ....! പക്ഷെ എനിക്കതിനോട് താല്പര്യമില്ല ..... കാരണം അവൻ ആണൊരുത്തൻ ആയിരുന്നെങ്കിൽ അവന്റെ അമ്മ അവളെ അത്രയും അപമാനിച്ചപ്പോ ഒരു നോക്ക് കുത്തിയെ പോലെ നോക്കി നിൽക്കില്ലായിരുന്നു അമ്മയുടെ തീരുമാനത്തിന് വിട്ട് കൊടുത്തു അന്ന് അവളെ വേണ്ടെന്ന് പറഞ്ഞു ഇറങ്ങിപ്പോരില്ലായിരുന്നു ഇനി അവനു ഒക്കെ നേരിടാനുള്ള കരുത്തും തന്റേടവും ഒക്കെ വന്നാൽ തന്നെ അവൾ ചെല്ലേണ്ടത് ആ വസുന്ധരാദേവിയുടെ അടുത്തേക്കല്ലേ ....?

സ്വത്തിനും പണത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത അവർക്ക് മുന്നിലേക്ക് എന്ത് ധൈര്യത്തിൽ അവളെ അയക്കും ....? ഓരോന്ന് ചിന്തിച്ചു മനസ്സ് ആകെ കലങ്ങി മറിഞ്ഞിരിക്കുന്നു കാറിൽ ഇരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന സാക്ഷിയെ ഒന്ന് നോക്കി അവൾ എന്തോ ചിന്തയിലാണെന്ന് കണ്ടതും ഒന്നും മിണ്ടാതെ കാറിന്റെ സ്പീഡ് കൂട്ടി വീട് ലക്ഷ്യമാക്കി കുതിച്ചു  "ഇച്ചായാ ...... അന്നമോളോട് എല്ലാം പറയുമ്പോ അവൾ ഓടിവന്ന് ഈ മമ്മിയെ കെട്ടിപ്പിടിക്കും അല്ലെ ഇച്ചായാ ....?" തറവാട്ടിലേക്കുള്ള യാത്രയിലുട നീളം അവർക്ക് പറയാനുള്ളത് അന്നയെ കുറിച്ചായിരുന്നു "അവളെന്നെ മമ്മി എന്ന് വിളിക്കുമോ അതോ ഇനി അമ്മച്ചി എന്ന് വിളിക്കുമോ ....?"

ലീനയുടെ മുഖത്തെ സന്തോഷം കണ്ടതും അയാളുടെ കണ്ണുകൾ നിറഞ്ഞു വരണ്ട പുഞ്ചിരിയോടെ ജോയ് ലീനയെ നെഞ്ചോട് ചേർത്ത് പിടിച്ചു അയാളുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു സത്യങ്ങളൊക്കെ തുറന്ന് പറഞ്ഞാൽ ഉണ്ടാകാൻ പോകുന്ന സംഭവവികാസങ്ങൾ അയാളെ പരിഭ്രാന്തനാക്കി പക്ഷെ അന്നമോളുടെ വായിൽ നിന്ന് മമ്മീ എന്ന വിളി കേൾക്കാൻ ലീന ഇന്ന് ഒരുപാട് കൊതിക്കുന്നുണ്ട് അയാൾ മനസ്സിൽ പലതും തീരുമാനിച്ചുറപ്പിച്ചുകൊണ്ട് ലീനയെ മാറോടടക്കി പിടിച്ചു മണിക്കൂറുകളുടെ യാത്രയവസാനിച്ചത് കുരിശിങ്കൽ തറവാട്ടിന് മുന്നിലാണ് മുറ്റത്ത് തന്നെ അവരെ കാത്ത് ജോർജും ഭാര്യയും മക്കളും അപ്പനും അമ്മയും ഒക്കെ ഉണ്ടായിരുന്നു കാറിൽ നിന്നിറങ്ങിയ ജോയ് ലീനയെ താങ്ങിയെടുത്തു വീൽ ചെയറിലേക്ക് ഇരുത്തിയതെയും സാറ(ജോർജിന്റെ ഭാര്യ )

ഓടി വന്ന് ലീനയെ കെട്ടിപ്പിടിച്ചു സാറയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയതും ലീന അവരുടെ കൈ രണ്ടും ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു "എന്നോട് ഏട്ടത്തി പൊറുക്കണം ....."അവർ കണ്ണീരോടെ പറഞ്ഞതും സാറ സംശയത്തോടെ ലീനയെ നോക്കി "അച്ഛാ ..... സാക്ഷിക്ക് വേറെ അവകാശികൾ ഉണ്ടെന്ന് അച്ഛൻ പറഞ്ഞില്ലേ ..... പിന്നെ എങ്ങനെ സാക്ഷി ആശാന്റിയുടെ മകളായി .....?" മുറ്റത്തു നിന്ന് സഞ്ജുവിനെയും സാക്ഷിയെയും പറ്റി സംസാരിക്കുന്നതിനിടയിൽ ആനന്ദ് ചോദിച്ചതും അജയൻ ഒന്ന് നിശ്വസിച്ചു "ഞാൻ പറഞ്ഞില്ലേ ആനന്ദ് ..... സാക്ഷി ആശയുടെ മകൾ അല്ലെന്ന് .....She is a Surrogate mother ...... !!" ...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story