ശിവമയൂഖം: ഭാഗം 12

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

ഇല്ലെടീ.. നിയും അവനും ഒരിക്കലും ഒന്നിക്കില്ല.... ഇനി എനിക്ക് അവനെ തകർത്തിട്ടേ വിശ്രമമുള്ളൂ.... സതീശൻ ഒഴിച്ചുവച്ച ക്ലാസിലെ മദ്യം വെള്ളം പോലും ചേർക്കാതെ ഒറ്റവലിക്കു തീർത്തു.... "എന്താണെടാ നീ കാണിക്കുന്നത്... ചങ്ക് വാടിപ്പോകും... " സതീശന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സജീവൻ പറഞ്ഞു... "അങ്ങനെയൊന്നും വാടുന്ന ചങ്കല്ലെടാ എന്റേത്... അങ്ങനെയാണെങ്കിൽ ഇന്നലെ ആ പോലീസുകാരുടെ കയ്യിൽനിന്ന് കിട്ടിയപ്പോൾ തന്നെ അത് നിലക്കണമായിരുന്നു... എന്തോരം ഇടിയായിരുന്നു ആ കള്ളനായിന്റെ മക്കൾ ഇടിച്ചത്... എല്ലാത്തിനും കാരണം അവനാണ്... ആ ശിവൻ... അവനാണ് എന്നെ അകത്താക്കാനും പോലീസുകാരുടെ കൈത്തരിപ്പ് തീർക്കാനും പിന്നിൽനിന്ന് കളിച്ചത്.... മറക്കില്ല ഞാനതൊന്നും... എനിക്ക് കിട്ടിയ ഓരോ ഇടിയും പലിശചേർത്ത് അവന് കൊടുക്കും ഞാൻ... " "ഏതവനാണ് ഈ ശിവൻ... നീയും അവനുമായിട്ട് എന്താണ് ബന്ധം... " സജീവൻ ചോദിച്ചു... എന്തു ബന്ധം....

അവനെ ഞാനറിയുകപോലുമില്ല... അവന്റെ നാടോ വീടോ ഒന്നും എനിക്കറിയില്ല... കുറച്ചു ദിവസം മുമ്പ് ഒരുത്തൻ പണവും വാങ്ങിച്ച് മുങ്ങി നടക്കുകയായിരുന്നു... കഴിഞ്ഞ ഞായറാഴ്ച അവനും പെണ്ണുംപിള്ളയുംകൂടി പോകുന്നത് കണ്ട് കാർ തടഞ്ഞു വച്ചു... ഇത്രയും ദിവസം എന്നെ പറ്റിച്ച് നടന്ന അവനെ കണ്ടപ്പോൾ ദേഷ്യം കൊണ്ട് രണ്ടെണ്ണം പൊട്ടിക്കുകയും ചെയ്തു... ആ സമയത്താണ് ഈ നായിന്റെ മോനും കൂടെ മറ്റൊരുത്തനും വന്ന് പ്രശ്നമുണ്ടാക്കിയത്... അന്നവന്റെ കൂടെ വന്നവൻ എന്നെ ശരിക്കൊന്ന് പെരുമാറി... അവനുള്ളത് ഞാൻ കൊടുത്തോളാം... പക്ഷേ അതല്ല ഇപ്പോൾ പ്രശ്നം... എന്റെ പെണ്ണിനെ മയക്കിയെടുത്തിരിക്കുകയാണവൻ... അതെനിക്ക് സഹിക്കാൻ പറ്റില്ല... എനിക്കറിയണം ആരാണ് അവനെന്ന്.... എന്റെ അമ്മാവന്റെ വീടുമായി എന്താണ് അവനുള്ള ബന്ധമെന്ന്... " സതീശൻ അടുത്ത ഗ്ലാസ് മദ്യവും അകത്താക്കി... മതി... ഇനി നീ കുടിക്കേണ്ടാ... ഇപ്പോൾ തന്നെ ഒരുപാടായി... മാത്രമല്ല സമയം ഒരുപാടായി... നാളെ നമുക്ക് ഇതിനൊരു തീരുമാനമുണ്ടാക്കാം... നീയിപ്പോൾ വീട്ടിൽ പോകാൻ നോക്ക്... നിന്റെ അമ്മ ഉറങ്ങാതെ നിന്നെയും കാത്തുനിൽക്കുന്നുണ്ടാകും....

" സജീവൻ പറഞ്ഞു... "അമ്മപോലും ആ തള്ളയും കണക്കാണ്... അവരും എന്റെ അമ്മാവനും കൂട്ടാണ്... എന്നിട്ട് എന്റെ മുന്നിൽ നല്ലപിള്ള ചമയുകയാണ്... ഒരു ദിവസം എല്ലാറ്റിനേയും ഞാൻ ശരിയാക്കും... " "നീ എന്തു വേണമെങ്കിലും ചെയ്തോ... ഞാൻ പോവാണ്... എനിക്ക് ഉറക്കം വരുന്നുണ്ട്... " സജീവൻ അവനോട് യാത്രപറഞ്ഞ് വീട്ടിലേക്ക് നടന്നു... "എല്ലാവരും പോയ്ക്കോ... ആരും വേണ്ട എനിക്ക്... ആരുടേയും സഹായം എനിക്കാവിശ്യമില്ല... ഞാനൊറ്റക്ക് മതി... ആരെല്ലാം എന്നെ വിട്ടുപോയാലും എല്ലാ കണക്കും ഞാനൊറ്റക്ക് തീർക്കും... " സതീശൻ കുപ്പിയിലുണ്ടായിരുന്ന അവസാനത്തെ പെഗ്ഗും അകത്താക്കി... പിന്നെ കുപ്പി വലിച്ചെറിഞ്ഞ് അവർ കമ്പനി കൂടുമ്പോൾ ഇരിക്കുന്ന കോൺക്രീറ്റ് സ്ലാബിൽ കിടന്നു... മദ്യത്തിന്റെ ശക്തിയിൽ അവൻ പെട്ടന്നുതന്നെ ഉറങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️ രണ്ടു ദിവസം കഴിഞ്ഞ് ഞായറാഴ്ച ലക്ഷ്മിയും കീർത്തിയും അമ്പലത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു... ആ സമയത്താണ് മുറ്റത്തു ബൈക്ക് വന്നുനിന്നത്...

ഉമ്മറത്തിരുന്ന് പത്രം വായിക്കുകയായിരുന്ന വിശ്വനാഥമേനോൻ നോക്കുമ്പോൾ അതിൽനിന്നും ആദിയിറങ്ങിവരുന്നതു കണ്ടു... "അല്ലാ.... എന്താണ് ഞാൻ കാണുന്നത്..." അയാൾ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി മേലോട്ട് നോക്കി... എന്താണമ്മാവാ പെട്ടന്ന് പുറത്തിറങ്ങി മേലോട്ട് നോക്കുന്നത്.... ആദിയും അയാൾ നോക്കുന്നത് കണ്ട് മേലോട്ട് നോക്കി... " "ഞാൻ മഴ പെയ്യാൻ വല്ല ചാൻസുമുണ്ടോ എന്നു നോക്കുകയാണ്... " "ഈ മീനമാസത്തിലോ.... അമ്മാവൻ പത്രം വായിച്ച് തലക്ക് വല്ലതും സംഭവിച്ചോ... " എന്റെ തല ക്കൊരു കുഴപ്പവുമില്ല... നടക്കാത്ത കാര്യങ്ങൾ നടക്കുമ്പോൾ പ്രകൃതിയിൽ പല മാറ്റങ്ങളും സംഭവിക്കുമെന്ന് പണ്ട് കാരണവന്മാർ പറഞ്ഞിട്ടുണ്ട്... ഇനി അതുപോലെ വല്ലതും നടക്കുന്നുണ്ടോന്ന് നോക്കിയതാണ്... " "അതുശരി... എന്നെ ആക്കിയിട്ട് പൊട്ടൻ കളിക്കുകയാണല്ലേ.... " അല്ലാതെ പിന്നെ... ഒഴിവുള്ള ഒരു ദിവസം കിട്ടിയാൽ ഉച്ചവരെ കിടക്കപ്പായയിൽനിന്ന് എഴുന്നേൽക്കാത്ത നീ ഇത്ര രാവിലെ ഇവിടെയെത്തിയ പ്പോൾ കാക്കവരെ മലർന്നു പറക്കേണ്ടേ... " അമ്പലത്തിലേക്ക് പോകാനായി ഉമ്മറത്തെത്തിയ ലക്ഷ്മി പറഞ്ഞു... "അതു പിന്നെ ഞാൻ ശിവനെ കാണാൻ വന്നതാണ്...

അവനേയും കൂട്ടി ഒന്നു കറങ്ങാനിറങ്ങാമെന്ന് കരുതി... " "ഇത്ര രാവിലെയോ... അതിനവൻ ജോഗിങ് കഴിഞ്ഞ് വന്നിട്ടുപോലുമില്ല..... നീയേതായാലും കയറിയിരിക്ക്... നീ ചായകുടിച്ചിട്ടില്ലല്ലോ.. വിശക്കുന്നുണ്ടെങ്കിൽ എന്തെങ്കിലും എടുത്ത് കഴിക്ക്... അതല്ലാ ശിവൻ വന്നിട്ടാണെങ്കിൽ അങ്ങനെ... ഞാനും കീർത്തിയും അമ്പലത്തിലൊന്ന് തൊഴുതുവരാം... നിനക്കും ശിവനും അമ്മാവനുമൊന്നും അതൊന്നും വേണ്ടല്ലോ...." "ആ വേഗം ചെല്ല് അവിടെ രണ്ടാളും കൂടി അമ്പലത്തിൽ പോകാൻ തയ്യാറായി നിൽക്കുന്നുണ്ട്.... അവിടെ ചെന്ന് എല്ലാരും കൂടി എന്നെ പച്ചക്ക് തിന്നാനുള്ളതല്ലേ... വേഗം ചെല്ല്..." എങ്ങനെ പറയാതിരിക്കും.... പോത്തുപോലെ വളർന്നിട്ടും ഒരു പക്വത വന്നിട്ടില്ലല്ലോ നിനക്ക്... ഇനിയെന്നാണ് നിനക്ക് കാര്യപ്രാപ്തിയുണ്ടാവുക.... പറയുന്നതിനാണ് കുറ്റം..... വൈകാതെ ഒരു കുടുംബം നോക്കാനുള്ളതാണ് എന്നൊരു വിചാരം നിനക്കുണ്ടോ... ആരോട് പറയാൻ... വേണ്ടാത്തിടത്ത് ആലുമുളച്ചാൽ നിനക്കൊക്കെ അതുതന്നെ തണല്.. " ലക്ഷ്മി പറഞ്ഞു... അതുകേട്ട് ആദി ഒരു ചമ്മിയ ചിരി പാസാക്കി... "എന്റീശ്വരാ... എന്താണ് കാണുന്നത്.... ഇന്ന് പലതും നടക്കും... " പുറത്തേക്ക് വന്ന കീർത്തി അവനെ കളിയാക്കിപ്പറഞ്ഞു

"ദേ പെണ്ണേ... ആവശ്യത്തിന് ഇവിടെനിന്നും കിട്ടിയിട്ടുണ്ട്.... ഇനി നിന്റെ ഊഴം കൂടി വേണ്ട... നമ്മളെങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ... " ആദിക്ക് അവളോട് കലി കയറി... "അതെങ്ങനെ പറ്റും.... എനിക്കും ചില ഉത്തരവാദിത്തങ്ങൾ നിങ്ങളുടെ മേലില്ലേ.... അപ്പോൾ എനിക്കും ചിലത് പറയാം... " എന്റെ മോള് അതിനുള്ള സമയമായിട്ട് നോക്കിയാൽ മതി... അതുവരെ എന്റെ അമ്മാവനും അമ്മായിയും നോക്കിക്കോളും ട്ടോ... എന്നാൽ പെട്ടന്ന് അമ്പലത്തിൽ പോകാൻ നോക്ക്.... നിങ്ങളേയും കാത്ത് അവിടെ നട തുറന്നിരിക്കില്ല...." "ആ പറഞ്ഞത് കരക്റ്റ്... എന്റെ പ്രിയ പത്നിയും മോളും വേഗം പോയി വന്നാട്ടേ... " വിശ്വനാഥമേനോൻ പറഞ്ഞു... അതേ പെട്ടന്ന് പോയിക്കളയരുത്... എനിക്ക് ചിലത് പറയാനുണ്ട്.... ഞാൻ വരുമ്പോൾ ഇവിടെ കണ്ടില്ലെങ്കിൽ അറിയാലോ എന്നെ... പിന്നെ എന്റെ മോൻ കീർത്തിയുടെ തനികൊണം കാണും.... " കീർത്തി അവന്റെയടുത്തക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു... ദൈവമേ എല്ലാംകൂടി ഒരുമിച്ചാണല്ലോ എന്റെ തലയിൽ വന്നുവീഴുന്നത്...

എന്നാണ് ഇതിനൊരു അവസാനമുണ്ടാവുക.. എന്നെ ഈ താടകയുടെ അടുത്തുനിന്നും കാത്തോളണേ... " ആദി കീർത്തി കേൾക്കാൻ പാകത്തിൽ പറഞ്ഞു... "ദേ... ഇപ്പോൾ ഇതിനുള്ള മറുപടി ഞാൻ തരുന്നില്ല.... പോയിവന്നിട്ട് പലിശ സഹിതം തരാം ട്ടോ... " കീർത്തി ലക്ഷ്മിയേയും കൂട്ടി അമ്പലത്തിലേക്ക് നടന്നു.... "എടാ നിനക്ക് ഇവളെപ്പോലെയുള്ളതിനെതന്നെയാണ് വേണ്ടത്... എന്നാലേ നീയൊക്കെ ശരിയാവൂ... " പിന്നേ... മോളെ വല്ലാതങ്ങ് പുകഴ്ത്തല്ലേ.... തല എവിടെയെങ്കിലും ചെന്നിടുക്കും... മറുവശത്ത് ഞാനായത് നന്നായി... നല്ല ചുണയുള്ള ആമ്പിള്ളേരായിരുന്നെങ്കിൽ കാണാമായിരുന്നു.... വരച്ച വാരൽനിന്നും ഒരടി മാറിനിൽക്കില്ല പെണ്ണ്... എന്തുചെയ്യാനാണ് എന്റെ വിധി.... അതൊക്കെപ്പോട്ടെ എന്താണ് ശിവന്റെ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം... അവന് ആ കുട്ടിയോട് പ്രണയം തലക്കുപിടിച്ചതുപോലെയാണ്.... അവളാണെങ്കിൽ അവളുടെ അച്ഛനുമമ്മയുടേയും ഇനിയുള്ള ജീവിതം നോക്കി നടക്കുകയാണ്... ഇങ്ങനെ പോയാൽ ഇതിനൊരു അവസാനം വേണ്ടേ.... " ആദി പറഞ്ഞതു കേട്ട് വിശ്വനാഥമേനോൻ ഞെട്ടി... "എന്താണമ്മാവാ പറഞ്ഞതു കേട്ടപ്പോൾ വല്ലാതായത്... "

"ഏതു കുട്ടിയുടെ കാര്യമാണ് നീ പറയുന്നത്... എനിക്ക് മനസ്സിലാകുന്നില്ലാ... " വിശ്വനാഥമേനോൻ സംശയത്തോടെ ചോദിച്ചു അതു കേട്ടപ്പോൾ ആദി യാണ് ഞെട്ടിയത്... "ഈശ്വരാ ഞാൻ പറഞ്ഞത് അബദ്ധമായോ... ഇവർ ആ കാര്യം അറിഞ്ഞിട്ടില്ലേ.... ഇനിയെന്ത് പറഞ്ഞൊഴിയും.... ഓരോ നേരത്ത് തന്റെ സ്വഭാവം ഇങ്ങനെയാണ്... എന്താണെന്നാലോചിക്കാതെ ഓരോന്ന് വിളിച്ചുപറയും... അവസാനം അബദ്ധത്തിൽചെന്ന് ചാടുകയും ചെയ്യും... " "എന്താടാ നിന്ന് പരുങ്ങുന്നത്... ഏത് പെൺകുട്ടിയെയാണെടാ അവൻ ഇഷ്ടപ്പെടുന്നത്... " "അത് പിന്നെ.... ആ കുട്ടിയില്ലേ... അന്ന് വിവാഹത്തിനു പോയപ്പോൾ കണ്ട കുട്ടി മയൂഖ.... അവളുടെ കാര്യമാണ് പറഞ്ഞത്... " "ഏത് ഉണ്ണികൃഷ്ണന്റെ മോള് മയൂഖയോ... " "അതെ" "ഈശ്വരാ അവന് അവളോട് ഇങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നോ.... എന്നിട്ട് ഈ കാര്യം അവൾക്കറിയുമോ... " "അവൻ പറഞ്ഞിട്ടുണ്ട്... എന്നാൽ അവൾ വീട്ടുകാരെ വേദനിപ്പിക്കാതിരിക്കാൻ മുറച്ചെറുക്കനെ മാത്രമേ വിവാഹം കഴിക്കൂ എന്ന വാശിയിലാണ്... " "എന്നിട്ടവൻ ഇതി പറ്റി ഇവിടെ ആരോടും പറഞ്ഞിട്ടില്ല... ചിലപ്പോൾ കീർത്തിയോട് പറഞ്ഞിട്ടുണ്ടാകും.... അവളാണല്ലോ അവന്റെ മനസ്സ് സൂക്ഷിപ്പുകാരൻ... അവന്റെ അതേ സ്വഭാവമാണവൾക്കും... ഒരു കാര്യവും വിട്ടുപറയില്ല.... എല്ലാം അറിഞ്ഞ സ്ഥിതിക്ക് എന്താണ് അവന്റെ മനസ്സിലുള്ളതെന്നാർക്കറിയാം... " വിശ്വനാഥമേനോൻ ആകെ വ്യാകുലനായി...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story