ശിവമയൂഖം: ഭാഗം 32

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

സതീശാ... ഇപ്പോൾ നീ പറഞ്ഞത് ആത്മാർത്ഥതയോടെയാണെങ്കിൽ ഒന്നു നീ കരുതിക്കോ... നിന്റെ കൂടെ ഇതിനൊരു അവസാനം കാണുന്നതുവരെ ഞാനുമുണ്ടാകും... മാണിശ്ശേരി തറവാട്ടിലെ പ്രശ്നം എന്റേതും കൂടിയാണ്... അവർക്ക് വേണ്ടി എന്റെ ജീവൻ വരെ കളയാനും ഞാനൊരുക്കമാണ്... ഏതായാലും നേരം ഒരുപാട് വൈകി.. ഞാൻ ജോലിക്ക് പോകുന്ന വഴിയാണ്... നമുക്ക് വൈകീട്ട് ഇവിടെവച്ച് കാണാം... അതും പറഞ്ഞ് സജീവൻ നടന്നു... കുറച്ചു നേരം കൂടി സതീശൻ അവിടെയിരുന്നു... പിന്നെ എഴുന്നേറ്റു നടന്നു... അവൻ നേരെ പോയത് കാവുംപുറത്തേക്കായിരുന്നു... അവിടെ ഉണ്ണികൃഷ്ണമേനോനെ അടക്കം ചെയ്ത സ്ഥലത്തേക്ക് അവൻ നടന്നു... കൂനപോലെ പൊന്തിനിൽക്കുന്ന മണ്ണിൽ പുല്ലുകൾ തളിർത്തുനിൽക്കുന്നതവൻ കണ്ടു... സതീശൻ അയാളെ അടക്കം ചെയ്തേടത്തെ കാൽഭാഗത്തായിനിന്നു.... അമ്മാവാ.. എന്നോട് പൊറുക്കണം... ഞാൻ കാരണമാണ് അമ്മാവൻ.... ഒരിക്കലും മാപ്പർഹിക്കുന്ന തെറ്റല്ല ഞാൻ ചെയ്തത്...

എന്നാലും അമ്മാവന്റെ ആത്മാവ് എന്നോട് പൊറുക്കില്ലേ... എനിക്കറിയാം... ആർക്കും എന്നോട് പൊറുക്കാനാവില്ലെന്ന്... അത്രമാത്രം ദുഷ്ടതകൾ ഈ ജീവിതത്തിനിടക്ക് ഞാൻ ചെയ്തുകൂട്ടിയിട്ടുണ്ട്... ഒരുപാട് ആളുകളുടെ പ്രാക്ക് എനിക്ക് കിട്ടുന്നുമുണ്ട്... എന്നാൽ മദ്യത്തിന്റെപുറത്ത് പലതും പറയുകയെന്നല്ലാതെ ഒരിക്കൽപ്പോലും അമ്മാവനെ ദ്രോഹിക്കണമെന്ന് ഞാൻ കരുതിയിട്ടില്ല... " സതീശൻ അവിടെ മുട്ട്കുത്തിയിരുന്ന് ഉണ്ണികൃഷ്ണമേനോനെ അടക്കം ചെയ്ത കാലിന്റെ ഭാഗത്ത് നമസ്കരിച്ച് പിന്നെ അവിടെ കുറച്ചു നേരം ഇരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "മോഹനാ നമ്മുടെ പുതിയ നീക്കം നമുക്കനുകൂലമാകുമെന്നാണ് തോന്നുന്നത്..... അവൾക്കും ആ വിശ്വനാഥമേനോനോനും ഒരിക്കലും തെളിയിക്കാൻ പറ്റില്ല അവൾ ഗണേശേട്ടന്റെ മകളാണെന്ന്... എന്തെടുത്ത് അവർ തെളിയിക്കും... ചിലപ്പോൾ ഏട്ടൻ അയച്ച ചില കത്തുകൾ അവരുടെയടുത്ത് കാണുമായിരുക്കും... ഏറിവന്നാൽ ഏട്ടന്റെ കയ്യിലുള്ളതുപോലെ ആ നശിച്ച് പണ്ടാറമടങ്ങിയവളുടെ ഒരു ഡയറിയും കാണുമായിരുക്കും.... എന്നാൽ അതിൽ ഏട്ടന്റെ മകൾ ജനിക്കുന്നതിനുമുന്നേയുള്ള കാര്യങ്ങളേ കാണൂ...

എന്നാൽ നമ്മുടെ കയ്യിലുണ്ടായിരുന്ന ഏട്ടന്റെ ഡയറിയിൽ അവൾ ജനിച്ചതും അവളെ ഏതോ അനാഥാലയത്തിൽ ഏൽപ്പിച്ചെന്ന വിവരവും എല്ലാമുണ്ട്.... അതുകൊണ്ടാണ് പറഞ്ഞത് ആ ഡയറി എത്രയും പെട്ടന്ന് നശിപ്പിക്കുമെന്ന്... " "അപ്പോഴേട്ടാ അവരുടെ കയ്യിൽ ഇതുപോലൊരു ഡയറിയുണ്ടെങ്കിൽ അതിൽ ആ പെണ്ണ് മരിക്കുന്നതുവരെയുള്ള കാര്യങ്ങളെല്ലാം കാണില്ലേ... അതിലുണ്ടാവില്ലേ ഗണേശേട്ടൻ ആ പെണ്ണിനെ ചതിച്ചതും അവൾ ഗർഭിണിയായതുമെല്ലാം... അത് നമുക്ക് പ്രശ്നമുണ്ടാക്കില്ലേ... " "എടാ അവിടെയാണ് നമ്മൾ കഴിക്കേണ്ടത്... അന്നവൾ പ്രസവിച്ച ഹോസ്പിറ്റലിനെക്കുറിച്ച് ഞാൻ അന്വേഷിച്ചു... ആ ഹോസ്പിറ്റൽ ഇന്ന് നിലവിലില്ല... അന്നേരം നമുക്ക് കളിക്കാൻ നല്ലൊരവസരമാണ് വന്നിരിക്കുന്നത്... പ്രസവത്തിൽ അവളുടെ കൂടെ ആ കുട്ടിയും മരിച്ചെന്ന് വരുത്തിത്തീർക്കണം... എന്നിട്ട് ഏട്ടനോടുള്ള പഴയ വൈരാഗ്യംമൂലം ആ വിശ്വനാഥമേനോൻ തന്റെ കൂട്ടുകാരൻ എവിടെനിന്നോ കണ്ടെടുത്ത് വളർത്തിയ മകളെ വച്ച് അത് വിശ്വനാഥമേനോന്റെ അനിയത്തിയുടെ മകളാണെന്ന് പറഞ്ഞ് ഏട്ടന്റെ സ്വത്ത് തട്ടിയെടുക്കാനാണ് ശ്രമമെന്നും പറഞ്ഞുണ്ടാക്കണം...

അതിന് അന്ന് ആ ഹോസ്പിറ്റലിൽ ഡ്യൂട്ടി ക്കുണ്ടായിരുന്ന ഡോക്ടറേയോ... അല്ലെങ്കിൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏതെങ്കിലും സ്റ്റാഫിനേയോ വരുതിയിലാക്കി അവരെക്കൊണ്ട് പറയിപ്പിക്കണം നമ്മൾ... അതിനുവേണ്ടി എത്ര പണം ചെലവായാലും വേണ്ടില്ല... ഇതെനിക്ക് എന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്... പിന്നെ ആ സതീശനെ വീണ്ടുമൊന്ന് നമ്മുടെ വരുതിയിലാക്കണം... അന്ന് പറഞ്ഞതിനേക്കാളും ഇരട്ടിപ്പണം കൊടുക്കാമെന്ന് പറയണം... " "ഏട്ടൻ ഇതുവരെ പറഞ്ഞത്... നമുക്ക് ശ്രമിക്കാമെന്നതേയുള്ളൂ... പക്ഷേ അവസാനം പറഞ്ഞ്... അതൊരിക്കലും നടക്കില്ല... അന്നത്തെ പഴയ സതീശനല്ല അവനിപ്പോൾ... അവന്റെ അമ്മാവന്റെ മരണത്തോടെ താൻ ചെയ്ത തെറ്റ് മനസ്സിലാക്കിയവനാണവൻ... മാത്രമല്ല നമുക്കുവേണ്ടിയാണവൻ അന്ന് ആ പെണ്ണിനെ തട്ടിക്കൊണ്ടു വരാൻ പോയത്... അവിടെനിന്നും അവന് അപകടംപറ്റിയിട്ടും നമ്മളാരും ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല... അതെല്ലാം അവന്റെ മനസ്സിലുണ്ടാവും.... " എടാ... എത്രത്തോളം നല്ലവനായി തീർന്നാലും ഒരു ക്രിമിനലിന് അവന്റെ പഴയ സ്വഭാവം അത്രപ്പെട്ടന്നൊന്നും ഉപേക്ഷിക്കാൻ കഴിയില്ല....

നമ്മൾ കൂടുതൽ പണം നല്കാമെന്ന് പറഞ്ഞാൽ അവൻ വീണ്ടും നമ്മളെ സഹായിക്കും... " "എനിക്ക് വിശ്വാസമില്ല... എന്തായാലും വൈകീട്ട് ഞാനൊന്ന് വിളിച്ചുനോക്കാം അവനെ... " മോഹനൻകാറിൽ കയറി ഓഫീസിലേക്ക് പോയി... ആ കാറ് ഗെയ്റ്റ് കടന്നുപോകുന്നതും നോക്കി ഭരതൻ നിന്നു... പതിയെ അയാളുടെ മുഖത്ത് പുച്ഛത്തോടെയുള്ള ചിരി തെളിഞ്ഞു.. "മോഹനാ... ഈ സ്വത്ത് എനിക്കനുകൂലമായി വിധി വന്നോട്ടെ... അത് കഴിഞ്ഞാൽ ഒരു ചെറിയ ആക്സിഡന്റ്... നിന്റെ ശവവും ഏട്ടനെ അടക്കിയതിനടുത്ത് ഒരു ചിതയൊരുക്കിയിട്ട് വേണം നിന്റെ പെണ്ണുംപിള്ളയേയും കുട്ടികളേയും നിന്റടുത്തേക്ക് പറഞ്ഞയക്കാൻ... ഭർത്താവ് മരിച്ച മനോവിഷമത്തിൽ ഭാര്യയും മക്കളും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്ന വാർത്ത പിറ്റേ ദിവസത്തെ പത്രത്തിൽ ഫസ്റ്റ് പേജിൽ തന്നെ വരുത്തും ഞാൻ... എന്നിട്ടുവേണം കോടികളുടെ ആസ്തിയുള്ള ഈ സ്വത്തെല്ലാം എനിക്ക് ഒറ്റക്കുമാത്രം അനുഭവിക്കാൻ... " ഭരതൻ തിരിഞ്ഞ് അകത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

"ശിവാ നീ എന്താണ് പറയുന്നത്.... സതീശൻ മാനസാന്തരപ്പെട്ടെന്നോ... സൂര്യൻ പടിഞ്ഞാറ് ഉദിച്ചെന്നുവരും എന്നാലും സതീശൻ മാറുമെന്ന് എനിക്കു തോന്നുന്നില്ല... ഇതെന്തോ പുതിയ അടവുമായി ഇറങ്ങിയതാണവൻ... അവനെ സൂക്ഷിക്കണം... ഇല്ലെങ്കിൽ വീണ്ടും എന്തെങ്കിലും പ്രശ്നവുമായിട്ടാവും അവൻ വരുന്നത്... " ആദി പറഞ്ഞു... "എനിക്കും അങ്ങനെയാണ് ആദ്യം തോന്നിയത്... എന്നാൽ അവന്റെ സംസാരവും പറയുമ്പോൾ അവന്റെ കണ്ണുനിറയുന്നതും എല്ലാം ഒത്തുനോക്കുമ്പോൾ അവൻ പറയുന്നത് വിശ്വസിക്കാതിരിക്കാൻ പറ്റുന്നില്ല... ഇത്രയും കാലം അവൻ മയൂഖയെ സ്വന്തമാക്കണമെന്നുള്ള തീരുമാനത്തിലായിരുന്നു ഓരോന്നും ചെയ്തുകൂട്ടിയത്... എന്നാലിപ്പോൾ ആ സുനിതയേയും മക്കളേയും അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതും... അവളുമായി മയൂഖയെ കാണാൻ വന്നതുമെല്ലാം ആലോചിക്കുമ്പോൾ അവൻ പറയുന്നതെല്ലാം സത്യമാകാനാണ് സാധ്യത..." "എന്നാലും എനിക്കെന്തോ അവനെ വിശ്വസിക്കാൻ കഴിയുന്നില്ല...

ഒരപകടം സംഭവിച്ച ഉടനേ അവൻ മാറുകയെന്നുപറഞ്ഞാൽ...ഇത്രപെട്ടന്ന് ഒരാൾക്കങ്ങനെ മാറാൻ പറ്റുമോ... അതു ഇവനെപ്പോലൊരുത്തൻ..." ഒരാൾക്കു മാറാൻ അതിനുമാത്രം സമയമൊന്നും വേണ്ട.... നീ അവന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ആലോചിക്ക്... ഉണ്ണിയങ്കിളുമായി പല തരത്തിലുമുള്ള വാക്കു തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവൻ ഒരിക്കൽപോലും അദ്ദേഹത്തെ അപായപ്പെടുത്താനോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ ദ്രോഹിക്കുകയോ ചെയ്തിട്ടുണ്ടോ... ഇല്ലല്ലോ.. നമ്മൾ ആ വീടുമായി അടുത്തിടപഴുകിയതിനുശേഷമാണ് അവനിൽ കൂടുതൽ പക വന്നത്... അത് അവളും ആ കാണുന്ന സ്വത്തുക്കളും അവന് നഷ്ടപ്പെടുമെന്നോർത്തുള്ള ദേഷ്യമാണ്... അതിനാണ് ഇതെല്ലാം അവൻ ചെയ്ത് കൂട്ടിയത്... എന്നാലും ഉണ്ണിയങ്കിളിനോട് അവൻ ഇതുവരേയും അനാവശ്യമായി ഒന്നും ചെയ്തിട്ടില്ല... ഒരു കണക്കിന് ഞാനും അവൻ ചെയ്തുകൂട്ടിയതിന് കാരണക്കാരല്ലേ...

ചെറുപ്പംമുതൽ അവന്റെ പെണ്ണാണ് മയൂഖ എന്ന് കേട്ടുവളർന്നവനാണവൻ... അവന്റെ ജീവിത സാഹചര്യം അവനെ ഒരു കുടിയനും ക്രിമിനലുമാക്കി... എന്നാൽ എത്ര വലിയ ക്രിമിനലായാലും മയൂഖയോടോ ആ കുടുംബത്തിനോടോ അവൻ അപമര്യാദയായി പെരുമാറിയിട്ടില്ല... പക്ഷേ അവളും ഞാനും തമ്മിലുള്ള ബന്ധമറിഞ്ഞതിനുശേഷമാണ്.. അവനിൽ എല്ലാ മാറ്റവും ഉണ്ടായത്... അവളെ തനിക്ക് ഒരിക്കലും കിട്ടില്ലെന്നറിഞ്ഞപ്പോൾ ഒരുദിവസമെങ്കിൽ ഒരു ദിവസം അവളുടെ കൂടെ കഴിയുമെന്ന് അവൻ തീരുമാനിച്ചു... അതാണ് ഇതുവരെയുണ്ടായത്.. അവൻ മൂലം സ്വന്തം അമ്മാവൻ ജീവിതമവസാനിപ്പിച്ചു എന്നതോന്നലായിരിക്കാം ഒരുപക്ഷേ അവനിൽ ഇന്നത്തെ മാറ്റങ്ങൾക്ക് കാരണമായേക്കുന്നത്... " സംഭവം ശരിയാണ്... പക്ഷേ അവനെ ആക്രമിച്ച ആ അമ്മാവൻ മരിച്ചവരിൽ അവന് കുറ്റബോധം തോന്നുമോ... മറ്റാരെങ്കിലുമാണെങ്കിൽ വിശ്വസിക്കാമായിരുന്നു... പക്ഷേ സതീശന്റെ കാര്യത്തിൽ എനിക്കങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റുന്നില്ല.... " "നമുക്കു നോക്കാം... അവൻ നാളെ കഴിഞ്ഞാൽ കണ്ണൂരുള്ള ഏതോ കൂട്ടുകാരന്റെ അടുത്തേക്ക് പോവുകയാണെന്ന് പറഞ്ഞത്... ഞാൻ അവനോട് പറഞ്ഞ ചില കാര്യങ്ങൾ നോക്കുമ്പോൾ അവനിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അവൻ ഇവിടെനിന്നും പോകില്ല... മറിച്ച് മയൂഖയും നമ്മളും ഇപ്പോൾ നേരിടുന്ന പ്രശ്നത്തിന് ഒരു തീർപ്പുണ്ടാക്കിയിട്ടേ അവൻ പോകൂ... " ശിവൻ പറഞ്ഞുനിർത്തിയതും അവന്റെ ഫോണിലേക്കൊരു കോൾ വന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story