ശിവമയൂഖം: ഭാഗം 38

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ചതിക്കരുത്.... ഇത്രയും പെണ്ണുങ്ങളുടെ മുന്നിലെന്നെ നാണം കെടുത്തരുത്... അല്ലെങ്കിൽ തന്നെ ഇവളുൾപ്പടെ എന്നെ ആർക്കും വിലയില്ലാതിരിക്കുകയാണ്... അതിനി കൂടുതലാക്കരുത്... " ശിവന്റെ അപ്പോഴത്തെ അഭിനയം കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു... മയൂഖയേയും കൂട്ടി ശിവൻ കാറിൽ കയറി.. കാർ ഗെയ്റ്റും കടന്നുപോകുന്നത് സന്തോഷത്തോടെ എല്ലാവരും നോക്കിനിന്നു... എന്നാൽ ശ്യാമളയുടെ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകുകയായിരുന്നു... കൂടുതൽ നേരം അവിടെ നിന്നാൽ താൻ പൊട്ടിക്കരയുമെന്നോർത്തപ്പോൾ അവർ അടുക്കളയിലേക്ക് നടന്നു... "ശ്യാമളേ ഒന്നു നിന്നേ.... " ലക്ഷ്മി വിളിച്ചതു കേട്ട് ശ്യാമള നിന്നു... നല്ലൊരു ദിവസമായി ഇങ്ങനെ കണ്ണുംനിറിച്ച് നിൽക്കുകയാണോ... ഇന്ന് സന്തോഷിക്കേണ്ട ദിവസമല്ലേ... " "എന്റെ സന്തോഷം എന്നേ തിർന്നില്ലേ ലക്ഷ്മീ... അദ്ദേഹം അതെല്ലാം കൊണ്ടല്ലേ പോയത്... "

എന്താ ശ്യാമളേ ഇത്... നീയിങ്ങനെ എപ്പോഴും ദുഃഖവും പേറി നടന്നാൽ ഉണ്ണിയേട്ടന്റെ ആത്മാവ് പൊറുക്കുമോ... എല്ലാ വർഷവും മോളുടെ പിറന്നാൾ ഭംഗിയായി കൊണ്ടാടിയതല്ലേ ഉണ്ണിയേട്ടൻ... ഇത്തവണ അതിന് മുടക്കം വന്നാൽ ആ ആത്മാവ് വേധനിക്കില്ലേ... അവർ വരുമ്പോഴേക്കും നമുക്ക് ചിലത് ഒരുക്കേണ്ടേ... ഭക്ഷണമെല്ലാം അവൻ പുറത്ത് ഏൽപ്പിച്ചിട്ടുണ്ട്... ആദി വരുമ്പോൾ അതെല്ലാം കൊണ്ടുവരും... എന്നാൽ പായസം അത് നമുക്കുണ്ടാക്കാം... ഈ കണ്ണൊക്കെ തുടച്ച് നല്ലൊരു ചിരിയുമായി നടന്നേ അടുക്കളയിലേക്ക്... പിന്നെ ഇത് നിനക്കുള്ളതാണ് ശിവൻ മയൂഖക്ക് വാങ്ങിക്കുന്നതിന്റെ കൂടെ വാങ്ങിച്ചതാണ്... ഒരു സാരിയാണ്... അവർ വരുമ്പോൾ ഇതുടുത്തുവേണം നിൽക്കാൻ... എതിരുപറയരുത്... ഇതുടുത്ത് നിന്നെ കണ്ടില്ലെങ്കിൽ അതവന് സങ്കടമാകും... " എന്തിനാണ് ലക്ഷ്മി നിങ്ങൾ ഞങ്ങളെ ഇങ്ങനെ സ്നേഹിക്കുന്നത്... പണ്ടുമുതലേ ഈ വീട്ടുകാരുടെ കാരുണ്യത്തിലാണ് ഞങ്ങൾ ജീവിച്ചത്... എന്നിട്ടും നിങ്ങൾ ഇപ്പോഴും ഞങ്ങളെ... " ശ്യാമള പൊട്ടിക്കരഞ്ഞുകൊണ്ട് ലക്ഷ്മിയുടെ നെഞ്ചിലേക്ക് വീണു... കരയല്ലേ ശ്യാമളേ... ഇത് അവന്റെ അവകാശമല്ലേ... മറ്റാർക്കുമല്ലല്ലോ അവനിതൊക്കെ വാങ്ങിച്ചത്...

അവൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനും അവളുടെ അമ്മക്കുമല്ലേ... ഇതെല്ലാം നാട്ടുനടപ്പല്ലേ... ഇനി നീ കരയരുത്... കരഞ്ഞാൽ അറിയാലോ.... ഇതുപോലെയായിരിക്കില്ല ഇനിയുള്ള സംസാരം... അതുകൊണ്ട് നടക്ക് അടുക്കളയിലേക്ക്..." ലക്ഷ്മി കുറച്ച് ഗൌരവത്തോടെ പറഞ്ഞു... ശ്യാമള കണ്ണുതുടച്ച് ലക്ഷ്മിയുടെ കൂടെ അടുക്കളയിലേക്ക് നടന്നു... " കാറിൽ യാത്രചെയ്യുമ്പോൾ... മയൂഖ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു... "എന്താടോ തന്റെ കണവൻ ചത്തോ... മുഖം ഇങ്ങനെ കടന്നൽ കുത്തിയതുപോലെ നിൽക്കുന്നത്... " "എന്റെയടുത്ത് നെഞ്ചും വിരിച്ചല്ലേ ഇരിക്കുന്നത്... ചത്താൽ ഇങ്ങനെ ഇരിക്കുമോ... " "അപ്പോൾ നാവുണ്ട്... അതിറങ്ങിപ്പോയിട്ടില്ല... ഞാൻ കരുതി അതും ഇറങ്ങിപ്പോയെന്ന്...." "വല്ലാത്ത കഷ്ടമാണ് ട്ടോ... എന്റെ ഒരാഗ്രഹം പറയാൻ വന്നപ്പോൾ അതിന് സമ്മതിച്ചില്ലല്ലോ... ഇങ്ങനത്തെ ജാഡ പാടില്ല ട്ടോ... " "നിന്റെ മനസ്സ് എനിക്കില്ലാതെ ആർക്കാടോ അറിയുക.. നീ പറയാൻ വന്നത് എന്താണെന്ന് ഞാൻ പറയട്ടെ... " ശിവൻ ചോദിച്ചു... അതുകേട്ടവൾ ശിവനെ നോക്കി... മുമ്പ് നീ ഇടക്കിടക്ക് പോയിരുന്ന നിന്റെ വീടിനടുത്തുള്ള അമ്പലത്തിൽ പോയി തൊഴുതു വരണം... പിന്നെ നിന്റെ വീട്ടിലുമൊന്ന് പോകണം...

അച്ഛനെ അടക്കം ചെയ്തേടത്തൊന്ന് പോയി പ്രാർത്ഥിക്കേണം... ഇതല്ലേ നീ പറയാൻ വന്നത്... ഈശ്വരാ... അതുതന്നെയാണ്... എങ്ങനെ ഇത്ര കൃത്യമായി പറഞ്ഞു... അമ്മ പറഞ്ഞിട്ടുണ്ടാകുമല്ലേ... അല്ലാതെ അറിയാൻ വഴിയില്ല.... " "എന്നോടാരും പറഞ്ഞിട്ടില്ല... ഞാൻ പറഞ്ഞില്ലേ നിന്റെ മനസ്സ് എനിക്കല്ലാതെ മറ്റാർക്കാണ് വായിക്കാൻ പറ്റുന്നതെന്ന്... " "എന്നാലും എങ്ങനെ എന്റെ മനസ്സ് വായിച്ചു... ശിവേട്ടാ നമുക്കൊന്ന് അവിടെയെല്ലാം പോകാം... ശിവേട്ടൻ വിചാരിച്ചേടത്ത് പിന്നെ പോയാൽ പോരേ... " "അവിടേക്ക് തന്നെയാണ് പോകുന്നത്... ആദ്യം അമ്പലത്തിൽ... അതുകഴിഞ്ഞ് വീട്ടിൽ... പിന്നെ ഒരിടത്തു കൂടിയുണ്ട്... നിന്റെ അപ്പച്ചിയുടെയടുത്തുമൊന്ന് പോകണം... " "സത്യമായിട്ടും...?" "അതേടോ... ഇന്ന് നിനക്ക് സന്തോഷം മാത്രമല്ലേ ഉണ്ടാവാൻ പറ്റൂ.. അപ്പോൾ അതെല്ലാം ചെയ്തു തരേണ്ട കടമ എനിക്കില്ലേ... " "എനിക്ക് സന്തോഷമായി... അവൾ അവനെ കെട്ടിപ്പിടിച്ചു... " "എന്താടീ കാണിക്കുന്നത്... ഇത് വീട്ടിലെ എന്റെ മുറിയല്ല... പൊതുവഴിയാണ്..."

"അതിനെന്താ... മറ്റാരേയുമല്ലല്ലോ എന്റെ കണവനെയല്ലേ ഞാൻ കെട്ടിപ്പിടിച്ചത്... " "മറ്റാരെയെങ്കിലും കെട്ടിപ്പിടിച്ചാൽ അന്നു നിന്റെ അന്ത്യമാണ്... പിന്നെ കൊഞ്ചിക്കുഴയാൻ നമ്മൾ ഹണിമൂണിനൊന്നുമല്ല പോകുന്നത് അമ്പലത്തിലേക്കാണ്...... അതോർമ്മവേണം... " "അയ്യോ... അത് ഞാൻ ഓർത്തില്ല... " അവൾ അവനെ വിട്ട് നീങ്ങിയിരുന്നു... നിനക്ക് കെട്ടിപ്പിടിക്കണമെങ്കിൽ നമുക്ക് വരുമ്പോഴാകാം... എന്താ ഒരു കൈ നോക്കുകയല്ലേ... " അയ്യടാ... അങ്ങനെ എന്റെ മോൻ സുഖിക്കേണ്ട... അതിന് സമയവും ദിവസവും കാരണവന്മാർ തീരുമാനിക്കും... അന്ന് ഈ കൈകൊണ്ട് എന്റെ കഴുത്തിലൊരു താലി ചാർത്ത്... ഈ നെറ്റിയിലൊരു സിന്ദൂരവും... എന്നിട്ടു മതി.... " ഓ അതിനി എന്താണാവോ എന്തോ... ഹാ.., കാത്തിരിക്കുകയല്ലാതെ വഴിയില്ലല്ലോ... അല്ലാ ഞാനൊന്ന് ചോദിക്കട്ടെ... നമുക്ക് ഒളിച്ചോടിയാലോ..." "തന്നത്താൻ തന്നെ ഓടിയാൽ മതി... " "അത് ഞാൻ രാവിലെ എന്നും ഓടുന്നുണ്ട്... " എന്റെ ക്ലാസ് കഴിയാതെ അതൊന്നും നടക്കുമെന്ന് എന്റെ മോൻ കരുതേണ്ട... അല്ലെങ്കിൽത്തന്നെ എന്തിനാണ് തിടുക്കം കൂട്ടുന്നത്... ഞാൻ സുന്ദരിയല്ല... സ്വഭാവം മോശമാണ് എന്നൊക്കെയല്ലേ കുറച്ചു മുന്നേ പറഞ്ഞത്... നല്ല സുന്ദരിയും പളുങ്കുപോലത്തെ സ്വഭാവവുമുള്ള പെണ്ണിനെ പോയി തിരഞ്ഞുപിടിച്ച് കൊണ്ടുവന്നോ.. "

"എനിക്ക് സുന്ദരിയല്ലാത്ത നിന്നെ മതിയെങ്കിലോ... " "എന്നാൽ കുറച്ച് കാത്തിരിക്കേണ്ടി വരും... " "നിവർത്തിയില്ലല്ലോ... കാത്തിരിക്കാം.. അതാണല്ലോ ഒരു ത്രില്ലും... അതു പോട്ടെ എങ്ങനെയുണ്ട് ഈ ഡ്രസ്സും നെക്ലേസും... " "മുഖസ്തുതി പറയുകയല്ല... തീരേ സെലക്ഷൻസ് പോരാ... എനിക്ക് തീരേ ഇഷ്ടമായില്ല... " അതുകേട്ട് അവന്റെ മുഖം വാടി... "എന്നാൽ അഴിച്ചുതന്നേക്ക്... " "ഇവിടെ വച്ചോ... " "എന്താ ഇവിടെവച്ചായാൽ... ഇഷ്ടപ്പെടാത്ത സാധനങ്ങൾ എവിടെ വച്ചും ഒഴിവാക്കാം... " "ആണോ... എന്നാലെ ഞാനിത് ഒഴിവാക്കില്ല... ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡ്രസ്സാണ്... അന്ന് നമ്മൾ കീർത്തിക്ക് ഡ്രസ്സെടുക്കാൻ പോയില്ലേ അന്ന് ഞാൻ കണ്ടു വച്ചതായിരുന്നു... പിന്നെ നമ്മളെപ്പോലെയുള്ളവർക്ക് അതിടാൽ യോഗമില്ലെന്ന് കരുതി വേണ്ടെന്നു വച്ചു... മറ്റൊരു ഡ്രസ്സ് സെലക്റ്റുചെയ്തു... " എന്നാൽ എന്റെ മോൾ അന്ന് ആ ഡ്രസ്സിലേക്ക് നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടിരുന്നു... അന്നുതന്നെ ഇത് വാങ്ങിച്ച് വണ്ടിയിൽ വച്ചിരുന്നു... ഇന്നത്തെ ദിവസം നിനക്ക് തരാമെന്ന് കരുതി... "

അപ്പോൾ ഈ നെക്ലേസും അന്നുവാങ്ങിവച്ചിരുന്നോ... " "ഇല്ല ഇന്നലെ വാങ്ങിച്ചു... " ദുഷ്ടൻ എന്നിട്ട് എന്നോട് പറഞ്ഞില്ല ഒന്നും... എല്ലാം ഏട്ടനും അനിയത്തിയും കൂടി ഒത്തുകളിച്ചല്ലേ... കൊടുക്കുന്നുണ്ടവൾക്ക്... " ശിവൻ അമ്പലത്തിനു മുന്നിലുള്ള ആൽമരത്തിന്റെ സൈഡിൽ കാർ പാർക്ക് ചെയ്ത് ഇരുവരും അമ്പലത്തിലേക്ക് നടന്നു... ശ്രീകോവിലുമുന്നിലെത്തി തൊഴുത് തീർത്ഥം വാങ്ങിച്ചു... "എന്താകുട്ടീ.. ഒരുപാടായല്ലോ കുട്ടിയെ കണ്ടിട്ട്... " തിരുമേനി ചോദിച്ചു "ഞങ്ങളിപ്പോൾ ഇവിടെയല്ലോ താമസം തിരുമേനീ... " "അറിഞ്ഞു... ആരാണ് കുട്ടി കൂടെയുള്ളത്... " "അമ്മാവന്റെ മകനാണ്... " ആണോ... കാണാൻ പറ്റിയതിൽ സന്തോഷം... ശിവനും മയൂഖയും ശ്രീകോവിൽ ചുറ്റി പുറത്തുകടന്ന്... പ്രദക്ഷിണം നടത്തുകയായിരുന്നു... ആരോ ഒരാൾ ശയനപ്രദക്ഷിണം നടത്തുന്നത് കണ്ട് ശിവൻ അയാളെ മയൂഖക്ക് കാണിച്ചുകൊടുത്തു... ആ ആളെ കണ്ടവർ അന്തം വിട്ടുനിന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഭരതന്റെ കാറുമെടുത്ത് ഓഫീസിലേക്ക് പോവുകയായിരുന്നു മോഹനനൻ...

മെയിൻ റോഡിലെത്തി കുറച്ചു മുന്നോട്ടു പോയപ്പോൾ വഴിയിൽ പോലീസുകാർ വണ്ടികൾക്ക് കൈ കാണിക്കുന്നത് കണ്ടത്... തന്റെ വണ്ടിക്കും കൈ കാണിച്ചപ്പോൾ അയാൾ കാർ സൈഡിലേക്കൊതുക്കി... ഡാഷ്ബോഡ് തുറന്ന് വണ്ടിയുടെ ആർസിയും പേപ്പറും ലൈസൻസുമായി അയാൾ പുറത്തിറങ്ങി.... പോലീസ് അതെല്ലാം ചെക്കുചെയ്ത് വണ്ടിയും ചെക്കു ചെയ്തതിനുശേഷം അയാളെ വിട്ടു... "എന്താണ് സാറെ പ്രശ്നം..." പോരുമ്പോൾ അവിടെയുണ്ടായിരുന്ന പരുചയമുള്ള ഒരു പോലീസുകാരനോട് മോഹനൻ ചോദിച്ചു... "എന്തു പറയാനാ... ഏതോ ഒരു വണ്ടിയിൽ കുറച്ചു കുഴൽപ്പണവുമായി ഈ വഴി പോകുന്നുണ്ടെന്ന് ആരോ എസ്ഐ ഏമാനെ വിളിച്ചു പറഞ്ഞു... അതാണ് രാവിലെ മുതലുള്ള ഈ ചെക്കിങ്... പുതിയ എസ് ഐ അല്പം ചൂടനാണ്... നമ്മുടെ പഴയ രാജൻസാറുതന്നെയാണ് നന്നായിരുന്നത്... "ആളെങ്ങനെ രാജൻസാറിനെപ്പോലെ പണത്തിനു മീതെ കമിഴ്ന്നു കിടക്കുന്ന ആളാണോ... " നല്ല കാര്യം തന്നെ... ആ പേരും പറഞ്ഞ് അങ്ങോട്ട് ചെന്നേക്കല്ലേ.... കുത്തിനുപിടിച്ച് ചുമരിലിട്ടിടിക്കും...

തെറ്റ് എവിടെ കണ്ടാലും അതിനെതിരെ എന്തു വിലകൊടുത്തും പ്രതികരിക്കും... ഏതായാലും സൂക്ഷിച്ചോ മോഹനാ... ഇത് പഴയ രാജൻ സാറല്ല... " ഇതുപോലെ എത്രയെണ്ണത്തിനെ കണ്ടതാണ് അവസാനം നമ്മുടെ കാൽക്കൽ ത്തന്നെ വന്നു വീണില്ലേ എല്ലാം.... " അതുപോലെ ഇയാളെ കാണേണ്ട... ഞാൻ പറയാനുള്ളത് പറഞ്ഞു... ഇനി നിനക്ക് തോന്നുന്നതു പോലെ ചെയ്യ്... " മോഹനൻ കാറിനടുത്തേക്ക് നടന്നു... കാറിൽ കയറി പേപ്പറുകളെല്ലാം ഡാഷ്ബോഡിൽ വച്ചു അടക്കാൻ തുനിഞ്ഞപ്പോൾ കുറച്ച് പേപ്പർ അതിൽ കിടക്കുന്നത് കണ്ടു... അയാൾ അതെടുത്തു നോക്കി... ഏതോ ഡയറിയിൽനിന്ന് പറിച്ചെടുത്ത പേപ്പറുകളാണെന്നാൾക്ക് മനസ്സിലായി... കൂടുതൽ നോക്കിയപ്പോൾ തന്നോട് നശിപ്പിക്കാൻ പറഞ്ഞ് ഭരതേട്ടൻ തന്റടുത്തുതന്ന ഗണേശേട്ടന്റെ ഡയറിയിലെ പേജുകളാണെന്ന് അയാൾ ഉറപ്പിച്ചു... "എന്തിനാണ് ഏട്ടൻ ഇതെല്ലാം അതിൽനിന്നും പറിച്ചെടുത്ത് ഇതിൽ സൂക്ഷിച്ചത്... അതിനു മാത്രം എന്താണ് ഇതിലുള്ളത്... " മോഹനൻ കാറെടുത്തു കുറച്ചു മുന്നോട്ടു പോയി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാർ നിറുത്തി... പിന്നെ ആ പേജുകൾ എടുത്ത് വായിക്കാൻ തുടങ്ങി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story