ശിവദം: ഭാഗം 1

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

രാവിലെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടിട്ടാണ് വേദ കണ്ണ് തുറക്കുന്നത്. ഉറക്കച്ചടവോടെ തന്നെ എടുത്തു ചെവിയിലേക്ക് വെച്ചു. " കാർത്തിയെട്ടാ.... " "ആഹാ ഞാനാണെന്നെങ്ങനെ മനസ്സിലായി". മറുവശത്തു നിന്നും കുസൃതി നിറഞ്ഞ കാർത്തിയുടെ ശബ്ദം കേട്ടു. അവളിപ്പോഴും ഉറങ്ങുകയാണെന്ന് സൗണ്ട് കേട്ടപ്പോൾ അവനു മനസ്സിലായിരുന്നു. "പിറന്നാളുകാരൻ അല്ലാതെ വേറെ ആരാ എന്നേ ഇങ്ങനെ എന്നും ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിക്കുക . "അവൾ ചിരിയോടെ പറഞ്ഞു. കാർത്തിയുടെ ഉച്ചത്തിൽ ഉള്ള ചിരിയാണ് കേട്ടത്. "എങ്കിലേ കിടന്നുറങ്ങാതെ എഴുന്നേറ്റു അമ്പലത്തിലേക്ക് വരാൻ നോക്ക്. ഞാൻ അവിടെ നിൽക്കാം. പിന്നേ തനിയെ വന്നാൽ മതി. എനിക്കൊരു കാര്യം പറയാനുണ്ട്. " "ഹ്മ്മ്... "മറുപടിയായി ഒന്ന് മൂളി. അപ്പോഴേക്കും അവൻ കാൾ കട്ട്‌ ചെയ്തിരുന്നു. ചിരിയോടെ തന്നെ എഴുന്നേറ്റിരുന്നു. നേരം പുലർന്നു തുടങ്ങിയിട്ടേ ഉള്ളായിരുന്നു. ഏതൊക്കെയോ പക്ഷികളുടെ ചിലപ്പ് കേൾക്കാം. കുറച്ചു നേരം അതങ്ങനെ കേട്ടിരുന്നു. പിന്നേ എഴുന്നേറ്റു മുറിക്ക് പുറത്തേക്ക് നടന്നു. പ്രൈവറ്റ് ബാങ്കിൽ അക്കൗണ്ടന്റ് ആയ ശ്രീനിവാസന്റെ മൂത്ത മകളാണ് വേദ. അമ്മ വിനോദിനി, ട്യൂഷൻ ടീച്ചർ ആണ്. ഒരു സാധാരണ കുടുംബം. പഠിക്കുമ്പോൾ തന്നെ നെറ്റ് എഴുതി എടുത്തതിനാൽ ടൗണിൽ നിന്നും കുറച്ചു മാറിയുള്ള ഒരു കോളേജിലെ ഗസ്റ്റ് ലെക്ചറർ ആണ് വേദ. വീട്ടിൽ നിന്നും നാൽപ്പത് മിനിട്ടോളം യാത്ര ഉണ്ട് കോളേജിലേക്ക്. അതിനാൽ തന്നെ മിക്കവാറും കാർത്തിയേട്ടന്റെ കൂടെയാണ് പോകാറ്.

കാർത്തിയേട്ടൻ ഇല്ലെങ്കിൽ ബസ്സിന്‌ പോകും. രണ്ടു ബസ് മാറി കയറണം. എന്നാലും മാസം ഇരുപത്തിനായിരത്തിൽ പുറത്ത് കൈയിൽ കിട്ടും എന്നതിനാൽ അതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല. വേദക്ക് താഴെ രണ്ടു പെൺകുട്ടികളാണ്. രണ്ടാളും സ്കൂളിൽ പഠിക്കുന്നതെ ഉള്ളൂ. തൊട്ടു താഴെ ഉള്ള അനിയത്തി ദിയ , പ്ലസ് ടു വിദ്യാർത്ഥി ആണ്. ഏറ്റവും ഇളയതാണ് ദേവിക. ഇപ്പോൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. വേദയുടെ അപ്പച്ചിയുടെ മകനാണ് കാർത്തിക് എന്ന കാർത്തി. രണ്ടു പേരുടെയും വിവാഹം കുട്ടിക്കാലത്തു പറഞ്ഞു വെച്ചതാണ്. കക്ഷി വേദയുടെ കോളേജിൽ തന്നെ സ്ഥിരാധ്യാപകൻ ആണ്. "എന്താണ് അമ്മൂസ് രാവിലെ കഴിക്കാൻ. "പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന അമ്മയെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു അവൾ ചോദിച്ചു. അവളുടെ കൊഞ്ചൽ കണ്ടു അമ്മക്ക് ചിരി വന്നു. "എന്തോ കാര്യം സാധിക്കാനുണ്ടല്ലോ.... രാവിലെ തന്നെ ഒരു സ്നേഹപ്രകടനം. ഹ്മ്മ്..." അമ്മയുടെ പറച്ചിൽ കേട്ട് അവൾ മുഖം വീർപ്പിച്ചു. "എനിക്കെന്താ എന്റമ്മയെ ഒന്ന് സ്നേഹിക്കാനും പാടില്ലേ. " "മതി മതി....കിടന്നുരുളണ്ട... കാർത്തിയുടെ പിറന്നാൾ ആയതുകൊണ്ട് സാരി ഉടുപ്പിച്ചു തരണമായിരിക്കും അല്ലേ. " അവൾ അമ്മയെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു. "നാണമില്ലല്ലോ വേദു.... കുട്ട്യോളെ പഠിപ്പിക്കുന്ന ടീച്ചറാണത്രേ.... ഇപ്പോഴും നേരെ സാരി ഉടുക്കാൻ അറിയില്ല. "വിനോദിനി അവളെ നോക്കി മൂക്കിൽ വിരൽ വച്ചു പറഞ്ഞു.

"ഒന്നുടുത്തു താ അമ്മേ". അവൾ പിന്നെയും നിന്ന് കൊഞ്ചി. "ഒന്ന് പോയെ വേദു. മനുഷ്യനിവിടെ നിന്ന് തിരിയാൻ നേരമില്ല. ദിയക്കും ദേവിക്കും ഇന്ന് നേരത്തേ പോണം. സ്വന്തമായി ഒന്ന് ഉടുത്തു നോക്ക് ഇങ്ങനെയൊക്കെയാ പഠിക്കുന്നേ". "ഹ്മ്മ്മ്‌...അല്ലെങ്കിലും ഞാൻ എന്തെങ്കിലും പറഞ്ഞാലേ ഉള്ളു ഇങ്ങനെ .. ഞാൻ സെറ്റും മുണ്ടും ഉടുത്തോളാം..... അതിന് അമ്മേടെ സഹായം വേണ്ടല്ലോ. "ചുണ്ടും കോട്ടി പിണങ്ങിക്കൊണ്ടവൾ അടുക്കളയിൽ നിന്നും പോയി. അവളുടെ പോക്ക് കണ്ടു വിനോദിനി ചിരിയോടെ ബാക്കി ജോലിയിലേക്ക് കടന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 സെറ്റും മുണ്ടും ഉടുത്തു കണ്ണാടിയുടെ മുൻപിൽ നിന്നപ്പോൾ വേദക്ക് സ്വയം ഒരു മതിപ്പ് തോന്നി. അവൾ മുടി അഴിച്ചിട്ടു തുമ്പ് മാത്രം കെട്ടി ഇട്ടു. കണ്ണും എഴുതി. സമയം നോക്കിയപ്പോൾ ഏഴര ആകുന്നു. എട്ടരയ്ക്ക് നേദ്യത്തിനു നട അടക്കും അതിന് മുൻപ് തൊഴുതിട്ടിറങ്ങണം . അല്ലെങ്കിൽ പിന്നെ കോളേജിൽ എത്താൻ വൈകും. അവൾ പെട്ടെന്ന് തന്നെ പഴ്സും എടുത്തു പുറത്തേക്ക് നടന്നു. "നീ വരുന്നുണ്ടോ ദേവു അമ്പലത്തിലേക്ക്". ചെരുപ്പിടുന്നതിനിടയിൽ വിളിച്ചു ചോദിച്ചു. അരക്ക് കൈ കൊടുത്തു മുൻപിൽ നിൽക്കുന്ന ദേവുവിനെയാണ് തല ഉയർത്തിയപ്പോൾ കണ്ടത്. ചമ്മിയ ഒരു ചിരി ചിരിച്ചു. "ഇങ്ങനെ ചെരുപ്പിടാൻ നേരം വിളിച്ചാൽ മതിയല്ലോ അല്ലേ. അപ്പൊ പിന്നെ അത് കഴിയുന്ന സമയം കൊണ്ട് എന്റെ കുളിയും ഒരുക്കവും എല്ലാം കഴിയുമല്ലോ അല്ലേ". കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു വേദു.

അവൾക്കിത്രയും ബുദ്ധി വെച്ച കാര്യം അറിഞ്ഞില്ല. "ചെല്ല് ചെല്ല്.... അധികം ഭാവാഭിനയം നടത്തി കുളമാക്കണ്ട . കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാകും ആള്". അവൾ അതും പറഞ്ഞു അകത്തേക്ക് പോയി. "ശേ നാണക്കേടായല്ലോ ... പെണ്ണിനെ വിളിക്കണ്ടായിരുന്നു" . അവൾ തലയിൽ കൈ വച്ചു. വീടിന്റെ അവിടുന്ന് നടക്കാവുന്ന ദൂരമേ ഉള്ളു അമ്പലം. വണ്ടിയിൽ പോയാൽ ചുറ്റി വേണം പോകാൻ. ഇതാകുമ്പോ ഇടവഴിയിൽ കൂടി അഞ്ചു മിനിറ്റ് നടന്നാൽ മതി. സെറ്റും മുണ്ടും ഉടുത്തു നടക്കാൻ പ്രയാസം ഉണ്ടെങ്കിലും കാർത്തിയേട്ടന്റെ സന്തോഷം ഓർത്തപ്പോൾ അങ്ങ് സഹിച്ചു. കുട്ടിക്കാലം മുതലേ ഉള്ള കൂട്ടാണ് ഏട്ടനുമായി . കുഞ്ഞിലേ മുതൽ ഗേൾസ് ഒൺലി സ്കൂളുകളിൽ ആയിരുന്നു പഠനം. കോളേജിൽ എത്തിയപ്പോൾ വിമൻസ് കോളേജുകളിലും . അതിനാൽ തന്നെ മറ്റൊരു കൂട്ട് ഉണ്ടായിരുന്നില്ല. പിന്നെ ഒരു കുഞ്ഞു ഇഷ്ടം ഉണ്ടായിരുന്നു. അതും അവസാനിച്ചിട്ട് നാല് വർഷമായി. ആ ഒരു തകർച്ചയിൽ നിന്നും പിടിച്ചു കേറ്റിയത് കാർത്തിയേട്ടൻ ആയിരുന്നു. അതിന് ശേഷമാണ് ഇഷ്ടം പറയുന്നത്. കുഞ്ഞിലേ മുതൽ വേദ കാർത്തിക്കുള്ളതാണെന്ന് കേട്ട് വളർന്നെങ്കിലും അങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ല. ഇപ്പോഴും അറിയില്ല കാർത്തിയേട്ടനോട് പ്രണയം ഉണ്ടോ എന്ന്. ഇഷ്ടപ്പെടാൻ ശ്രെമിക്കുകയാണ് മനസ്സ്. ഓരോന്നാലോചിച്ചു നടന്നു അവൾ. അമ്പലം എത്താറായപ്പോളാണ് പരിചിതമായ ഒരു ശബ്ദം കേട്ടത്. "എന്താണ് ഭവതി. പ്രതിഷ്ഠയെ പേടിപ്പിച്ചു ഓടിക്കാൻ വന്നതാണോ." ഉച്ചത്തിൽ വിളിച്ചു ചോദിക്കുന്നത് കേട്ടു. തിരിഞ്ഞു നോക്കാതെ തന്നെ ആളെ മനസ്സിലായിരുന്നു.

"കാലൻ എന്നാണോ എന്തോ ഇങ്ങോട്ട് കെട്ടിയെടുത്തത് . മനുഷ്യൻ സ്വസ്ഥമായിട്ട് എവിടെയെങ്കിലും പോയാൽ അപ്പൊ കാണും അവിടെ. "അവൾ മനസ്സിൽ പറഞ്ഞു. തിരിഞ്ഞു നോക്കാതെ തന്നെ നടന്നു. "ഡോ പറഞ്ഞിട്ട് പോടോ. ഈ കത്തി വേഷത്തിന്റെ പിന്നിലെ രഹസ്യം. " ഇത്തവണ നോക്കാതിരിക്കാൻ തോന്നിയില്ല. അമ്പലത്തിനു കുറച്ചു മാറിയുള്ള ആലിന്റെ ചുവട്ടിൽ ഇരിപ്പുണ്ട് ആള് . സ്ഥിരമായി കൂടെ കാണുന്ന വാലുകളുമുണ്ട് ഒപ്പം. ശിവറാം മഹേന്ദ്രൻ, ആ പേര് കേൾക്കുന്നതേ വെറുപ്പാണിപ്പോൾ . പണ്ട് വീട്ടിൽ ട്യൂഷനു വരുമായിരുന്നു. എപ്പോഴും ചിരിക്കുന്ന ഒരു ചെക്കൻ. അന്നവനെ വലിയ ഇഷ്ടമായിരുന്നു. കാർത്തിയേട്ടനോട് പറയുമായിരുന്നു എപ്പോഴും അവനെപ്പറ്റി . കേൾക്കുമ്പോഴേ ഏട്ടന് ദേഷ്യം വരും. കാർത്തിയേട്ടന്റെ മുഖ്യ ശത്രു ആയിരുന്നു. പരസ്പരം കണ്ടാൽ വഴക്കാണ് രണ്ടാളും. ഏട്ടന് കണ്ണെടുത്താൽ കണ്ടൂടാ ശിവയെ. ഇരുപത്തിനാലു മണിക്കൂറും ഊര് തെണ്ടി അങ്ങ് നടന്നോളും. വീടിന്റെ പടി തന്നെ ചവിട്ടുന്നുണ്ടോ ആവോ. ഉറക്കം പോലും ആ ആലിന്റെ ചുവട്ടിലാണ് . കാർത്തിയേട്ടൻ പറയുന്നത് പോലെ വേണ്ടാത്ത ശീലങ്ങൾ ഒക്കെ കാണും. അതല്ലേ വീട്ടിലേക്ക് പോലും പോകാത്തത്. അല്ല നാല് വർഷം മുൻപ് താൻ തന്നെ നേരിട്ട് കണ്ടതല്ലേ. അതിൽ കൂടുതൽ തെളിവൊന്നും വേണ്ടല്ലോ. അന്ന് പടിയിറക്കിയതാണ് മനസ്സിൽ നിന്നും. ഇപ്പൊ ഒരു മൂന്ന് വർഷമായി കണ്ടിട്ട്. എവിടെയോ പഠിക്കാനോ മറ്റോ പോയിരിക്കുകയായിരുന്നു എന്ന് അമ്മ പറയുന്നത് കേട്ടു. കൂടുതൽ കേൾക്കാൻ നിന്നില്ല.

അറിയാൻ താല്പര്യം ഇല്ലായിരുന്നു. ഇതിനും വേണ്ടി എന്താണോ ആവോ പഠിക്കാൻ ഉള്ളത് എപ്പോഴും. ഒരു പിജി തീർത്ത പാട് ഓർത്തിട്ട് സഹിക്കുന്നില്ല. അപ്പോഴാ അങ്ങേരു ലോകം മുഴുവൻ ഓടി നടന്നു ഡിഗ്രിയും പിജിയും എടുക്കുന്നത്. ഇന്നലെ വന്നതേ ഉള്ളു എന്ന് തോന്നുന്നു. ഇടക്ക് വന്നാൽ ഉടനേ അമ്മയെ വന്നു കാണാറുണ്ട്. പക്ഷേ മുൻപിലേക്ക് പോകാറേ ഇല്ല. അവളുടെ മുഖത്ത് ദേഷ്യം നിറയുന്നതും തന്നെ കൂർപ്പിച്ചു നോക്കുന്നതുമൊക്കെ ശിവ കൗതുകത്തോടെ കണ്ടിരുന്നു. അവൻ ഒരു കണ്ണിറുക്കി ചിരിച്ചു കാണിച്ചു അവളെ. അത് കൂടി കണ്ടപ്പോഴേക്കും വേദയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. നല്ലൊരു ദിവസം ആയിട്ട് വഴക്ക് വേണ്ട എന്ന് വിചാരിച്ചു അവൾ അകത്തേക്ക് നടന്നു. അല്ലെങ്കിൽ തന്നെ അയാളോട് സംസാരിക്കാൻ പോയാൽ അന്നത്തെ ദിവസമേ പോക്കാണ്. കാർത്തിയേട്ടൻ നടയുടെ മുൻപിൽ തൊഴുതു നിൽക്കുന്നത് കണ്ടു. പതുക്കെ അടുത്ത് ചെന്നു നിന്നു തൊഴുതു. അവൾ അടുത്തു വന്നു നിന്നതറിഞ്ഞിട്ടും കാർത്തി നോക്കിയില്ല. വൈകിയതിന്റെ പരിഭവം ആയിരുന്നു അവനു. പ്രസാദവും വാങ്ങി അവളെ ഗൗനിക്കാതെ അവൻ പുറത്തേക്ക് നടന്നു. അവന്റെ പിണക്കം അവൾക്ക് മനസ്സിലായിരുന്നു. അതുകൊണ്ട് തന്നെ വേഗം പിന്നാലെ പോയി. "കാർത്തിയെട്ടാ....... നിൽക്ക്... " എത്ര വിളിച്ചിട്ടും നിൽക്കാതെ പോകുന്ന അവനെ ഓടി ചെന്നു കൈയിൽ പിടിച്ചു നിർത്തി. "ദേ കഷ്ടമുണ്ട് കേട്ടോ. ഈ സെറ്റും മുണ്ടും ഒക്കെ ഉടുത്തു വരാൻ നിന്നതുകൊണ്ടല്ലേ താമസിച്ചത്. കാർത്തിയേട്ടൻ ഇന്നലെ പറഞ്ഞതുകൊണ്ടല്ലേ ഞാൻ ഉടുത്തത് .എന്നിട്ടിപ്പോ പിണങ്ങി നടക്കുന്നോ. അല്ലെങ്കിലും എന്നേ പറഞ്ഞാൽ മതി ആർക്ക് വേണ്ടിയാ ഞാൻ ഇങ്ങനെ കോലം കെട്ടുന്നത്."

അവൾ മുഖം വീർപ്പിച്ചു. അവളുടെ ഭാവം കണ്ടു കാർത്തിയുടെ ഗൗരവം ഒക്കെ പോയി മുഖത്ത് ചിരി വിടർന്നു. "ഹോ... അപ്പോഴേക്കും പിണങ്ങിയോ. സന്തോഷം ഉള്ള ഒരു കാര്യം പറയാനല്ലേ നിന്നെ രാവിലെ വിളിച്ചു വരുത്തിയത്. അപ്പോൾ പിന്നെ നീ വൈകി വന്നാൽ എനിക്ക് ദേഷ്യം വരില്ലേ." അവളെ ചേർത്തു നിർത്തി അവൻ പറഞ്ഞു. "എന്ത് കാര്യാ ഏട്ടാ. പെട്ടെന്ന് പറ." അവളുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞു. "അതൊക്കെ പറയാം. അതിനു മുൻപ് നീ ഈ ചന്ദനം തൊട്ട് താ. "അവൻ കൈയിൽ ഇരുന്ന ഇലച്ചീന്ത് അവളുടെ നേരെ നീട്ടി. ഇത് പതിവുള്ളതാണ് എപ്പോൾ അമ്പലത്തിൽ വന്നാലും വേദ തന്നെ കുറി തൊട്ടു കൊടുക്കണം. "ഇനിയെങ്കിലും പറയേട്ടാ എന്താ സസ്പെൻസ് ഉണ്ടെന്ന് പറഞ്ഞത്". അവളുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞു നിന്നു. "അതോ രണ്ടു ദിവസം കഴിഞ്ഞു ഞങ്ങളെല്ലാവരും കൂടി അങ്ങോട്ട് വരുന്നുണ്ട്. നമ്മുടെ ഒഫീഷ്യൽ പെണ്ണുകാണൽ." കാർത്തി ഒരു കണ്ണിറുക്കി അവളോട്‌ പറഞ്ഞു. കേട്ടത് വിശ്വസിക്കാൻ ആകാതെ നിൽക്കുവായിരുന്നു വേദ. മനസ്സ് കാർത്തിയേട്ടനെ സ്വീകരിക്കാൻ തയാറാകുന്നതേ ഉള്ളൂ. അപ്പോഴേക്കും പെട്ടെന്നൊരു വിവാഹം. അപ്പച്ചി ഇത്ര പെട്ടെന്ന് സമ്മതിക്കും എന്ന് ഒരിക്കലും വിചാരിച്ചതല്ല. കണ്ണും തള്ളിയുള്ള അവളുടെ നിൽപ് കണ്ടപ്പോൾ പെണ്ണിനിയും സ്വപ്നലോകത്തു നിന്നും വന്നിട്ടില്ല എന്ന് കാർത്തിക്ക് മനസ്സിലായി. അവൻ അവളുടെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു. തലയും തിരുമ്മി അവൾ അവനെ നോക്കി മുഖത്തൊരു ചിരി വരുത്തി. "നീ ഇങ്ങനെ ഞെട്ടുവൊന്നും വേണ്ട.

ലതയപ്പച്ചീടെ മോളുടെ കാര്യം നിനക്കറിയാല്ലോ. ലാവണ്യയെ കഴിഞ്ഞ ദിവസം അപ്പച്ചി വന്നപ്പോൾ ആലോചിച്ചു. ഇനിയും വച്ചു താമസിപ്പിച്ചാൽ ശെരിയാകില്ല എന്ന് തോന്നി ഞാൻ അപ്പോൾ തന്നെ നമ്മുടെ കാര്യം പറഞ്ഞു. അപ്പോൾ അമ്മയാ പറഞ്ഞത് വെച്ചു താമസിക്കാതെ നടത്തിയേക്കാം എന്ന്". അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചോണ്ട് അവൻ പറഞ്ഞു. ആകെ ഒരു മരവിപ്പ് പോലെ. കാർത്തിയേട്ടൻ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ ഒന്നും മനസ്സിലാകുന്നില്ല. "ഡീ.... നീ ഇതെന്താലോചിച്ചോണ്ട് ഇരിക്കുവാ. വാ ഞാൻ കൊണ്ട് വിടാം". കാർത്തി സ്വല്പം ഒച്ച ഉയർത്തി പറഞ്ഞപ്പോഴാണ് അവൾ ബോധത്തിലേക്ക് വന്നത്. അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു അവൾ. കാർത്തിയുടെ കൂടെ കാറിലേക്ക് കയറുമ്പോൾ അവളുടെ നോട്ടം അറിയാതെ ശിവയെ നേരത്തേ കണ്ട ആലിന്റെ ചുവട്ടിലേക്ക് നീണ്ടു. തുടരും....

Share this story