ശിവദം: ഭാഗം 11

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

ഫ്രഷായി പുറത്തേക്കിറങ്ങിയപ്പോൾ ശിവയെ കണ്ടില്ല. അവൾക്ക് കുറച്ചു ആശ്വാസം നൽകി അത്. ""ഹോ... ഇനി കുറച്ചു നേരം സ്വസ്ഥമായി ഒന്നിരിക്കാം... രാവിലെ മുതൽ തുടങ്ങിയതാ അലച്ചിൽ ."".. അവൾ കട്ടിലിലേക്ക് ചാരി ഇരുന്നു. രാവിലെ മുതലുള്ള ക്ഷീണവും വിഷമവുമെല്ലാം നല്ലോണം തളർത്തിയിരുന്നു.. അറിയാതെ കണ്ണുകൾ തനിയെ അടഞ്ഞു പോയി. ശിവ മുറിയിലേക്ക് വന്നപ്പോൾ കട്ടിലിൽ ചാരിയിരുന്നു ഉറങ്ങുന്ന വേദയെയാണ് കണ്ടത്. അവനവളോട് വല്ലാത്ത വാത്സല്യം തോന്നി... അടുത്ത് ചെന്നു നിന്നിട്ടും ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്ന അവളെ കുറെയേറെ നേരം കണ്ണിമയ്ക്കാതെ നോക്കി നിന്നു അവൻ.

ഒരു തലയണ എടുത്തു ചാരി വെച്ച് അതിന്റെ മുകളിലായി കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു അതിന്മേൽ തല വച്ചു കിടന്നാണ് ഉറക്കം. മുഖത്തേക്ക് വീണു കിടക്കുന്ന അവളുടെ മുടിയിഴകൾ.. പിന്നിലേക്ക് മാടിയൊതുക്കി കുറച്ചു നേരം അവൻ കൗതുകത്തോടെ നോക്കി നിന്നു. ഇഷ്ടപെട്ട സമ്മാനം കിട്ടിയ ഒരു കുട്ടിയുടെ മുഖമായിരുന്നു അപ്പോൾ അവനു. ""അർഹതയുണ്ടോ... എന്നൊന്നും അറിയില്ല പെണ്ണെ... പക്ഷേ നീ ഇല്ലാതെ പറ്റില്ലെടി...."" അവളുടെ നെറ്റിയിൽ മൃദുവായി ചുണ്ടുകൾ ചേർത്തു കാതോരം പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു. ഉറക്കത്തിൽ ആയിരുന്നെങ്കിലും അവളുടെ ചുണ്ടിൽ വിരിഞ്ഞ ഒരു ചെറുപുഞ്ചിരി അവന്റെ മനസ്സ് നിറച്ചു.

അപ്പോഴാണ് നനഞ്ഞൊട്ടിയിരിക്കുന്ന മുടിയിഴകൾ അവന്റെ ശ്രദ്ധയിൽ പെടുന്നത്. ഇപ്പോഴും ചെറുതായി മുടിത്തുമ്പിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ട്. ""ബെസ്റ്റ്..... ഇവൾക്ക് വട്ടായോ.... കുളിച്ച ഉടനേ കിടന്നുറങ്ങിയാൽ നീരിറങ്ങി തലവേദന എടുക്കും എന്നറിയില്ലേ കഴുതയ്ക്ക്... "" ""വേദ.... ഡീ... എണീക്ക്... തല നനച്ചിട്ടാണോ കിടന്നുറങ്ങുന്നത്...."" അവൻ തട്ടി വിളിച്ചപ്പോൾ മുഖം ചുളിച്ചു അപ്പുറത്തെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു അവൾ. ""ഡീ.... നീ എണീക്കുന്നുണ്ടോ അതോ ഞാനിനി തലവഴി വെള്ളം എടുത്തൊഴിക്കണോ... "" അവന്റെ ശബ്ദം ഉറക്കം തടസ്സപ്പെടുത്തുന്ന ദേഷ്യത്തിൽ തലയണ എടുത്തു ചെവിയുടെ മുകളിൽ വച്ചു കിടന്നെങ്കിലും അവൻ നിർത്തുന്നില്ല എന്ന് കണ്ടു അവൾ ദേഷ്യത്തോടെ കണ്ണുകൾ തുറന്നു അവനെ തുറിച്ചു നോക്കി.. ""എന്താ.. തന്റെ പ്രശ്നം... മനുഷ്യനെ സ്വസ്ഥമായി ഒന്നുറങ്ങാനും സമ്മതിക്കില്ലേ...""

കട്ടിലിൽ ഇരുന്നു മുഖം വീർപ്പിച്ചു ദേഷ്യത്തോടെ ചോദിക്കുന്ന അവളെ കണ്ടപ്പോൾ അവനു ചെറിയ കുസൃതി തോന്നി. ""ആ... സമ്മതിക്കില്ല.... അങ്ങനെ ഞാനിവിടെ ഒന്നിരിക്കുക പോലും ചെയ്യാതെ ഓടി നടക്കുമ്പോൾ നീ സുഖമായി കിടന്നുറങ്ങേണ്ട.... മണി എട്ടാകുന്നു അപ്പോഴാ അവളുടെ ഒരു ഉറക്കം. മര്യാദക്ക് താഴോട്ട് ചെല്ലെടി... ഫ്രഷ് ആയിട്ട് ഞാനും വന്നോളാം.."" അവളെ മനപ്പൂർവം ദേഷ്യം പിടിപ്പിക്കാനായി അവൻ പറഞ്ഞു. അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് ഒന്നും മിണ്ടാതെ അവൾ താഴേക്ക് നടന്നു. താഴെ എത്തിയപ്പോൾ ആരെയും കാണാൻ ഉണ്ടായിരുന്നില്ല. ""ഈ ബന്ധുക്കൾ ഒക്കെ ഇത്രവേഗം പോയോ ആവോ... ""അവൾ സംശയത്തോടെ ചുറ്റും നോക്കി.

ഊണുമുറിയുടെ ഭാഗത്തു നിന്ന് ആരുടെയൊക്കെയോ സംസാരം കേട്ടപ്പോൾ അങ്ങോട്ടേക്ക് നടന്നു. മാധവിയമ്മയും കുറച്ചു മുൻപ് പരിചയപ്പെട്ട ആ പെൺകുട്ടിയും കൂടി എന്തൊക്കെയോ സംസാരിക്കുകയാണ്... അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നിരിക്കുന്നു... മാധവിയമ്മ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കും പോലെ തോന്നി. വേദയെ നിക്കി ദേഷ്യത്തോടെ ഒന്നടിമുടി നോക്കിയിട്ട് വെട്ടിത്തിരിഞ്ഞു അകത്തേക്ക് നടന്നു. വേദ സംശയത്തോടെ മാധവിയമ്മയെ നോക്കി. ഇവിടെ വന്നപ്പോൾ മുതൽ ഒരു കാരണവുമില്ലാതെ ദേഷ്യം പ്രകടിപ്പിച്ചു നടക്കുകയാണ് അവൾ. മാധവിയമ്മ ഒരു ചിരിയോടെ അടുത്തേക്ക് വന്നു.

""മോള് അതൊന്നും കാര്യമാക്കണ്ട കേട്ടോ.... കുഞ്ഞിലേ മുതൽ എന്റെ കുട്ടി മനസ്സിൽ പ്രതിഷ്ഠിച്ചതാണ് ശിവയെ... ഞാൻ തന്നെയായിരുന്നു അങ്ങനെ ഒരു പ്രതീക്ഷ അവളിൽ വളർത്തിയത് എന്ന് പറയാം.... പറഞ്ഞപ്പോൾ ഒക്കെ ആരും എതിർത്തിരുന്നില്ല... ശിവ പോലും... അതൊക്കെ എന്റെ കുട്ടിയുടെ മനസ്സിലേ മോഹം വല്ലാതെ അങ്ങ് വളർത്തി... പെട്ടെന്ന് ആ സ്ഥാനത്തേക്ക് വേറൊരാൾ വരുന്നതിന്റെ ചെറിയ ഒരു ദേഷ്യം അവൾ ഇങ്ങനെയൊക്കെ കാണിക്കുന്നു എന്നേ ഉള്ളു... അല്ല അതിന്റെ വേദനയും വിഷമവുമൊക്കെ ഞാൻ പറയാതെ തന്നെ മോൾക്ക് മനസ്സിലാകുമല്ലോ അല്ലേ... മോളും ഒരാഴ്ച മുൻപ് ഈ അവസ്ഥയിൽ കൂടി കടന്നു പോയതല്ലേ...""

കൗശലം കലർന്ന ചിരിയോടെ മാധവിയമ്മ പറഞ്ഞു. വാക്കുകളിലെ പരിഹാസം നന്നായി മനസ്സിലായി എങ്കിലും ഇപ്പോൾ മറുപടി പറയാൻ പോയാൽ രംഗം വെറുതെ വഷളാകുകയേ ഉള്ളു എന്ന ബോധ്യം ഉള്ളതിനാൽ വേദ പ്രതികരിക്കാതെ നിന്നു. കണ്ണൻ ശിവയേയും വിളിച്ചുകൊണ്ടു വരുന്നത് കണ്ടു മാധവിയമ്മ പെട്ടന്ന് വിഷയം മാറ്റി വേദയുടെ വീട്ടിലെ വിശേഷങ്ങളും അച്ഛന്റെ കാര്യങ്ങളും ഒക്കെ അന്വേഷിക്കാൻ തുടങ്ങി. വേദ ശിവയെ ശ്രദ്ധിച്ചതേ ഇല്ല.... പക്ഷേ അവന്റെ കണ്ണുകൾ തന്നിൽ തന്നെ നോട്ടം ഉറപ്പിച്ചിരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായിരുന്നു. അതവളിൽ ചെറുതായി പരവേശം നിറച്ചു.

എല്ലാം പുതുമ നിറഞ്ഞ ഒരു മായികലോകം പോലെ തോന്നി ശിവക്ക്.... എല്ലാവരോടും ഒപ്പമിരുന്ന് ആഹാരം കഴിച്ച കാലം മങ്ങിയ ഒരോർമ്മയായി മാത്രമേ മനസ്സിലുള്ളു. കണ്ണൻ മാത്രമായിരുന്നു അതിന് ശേഷമുള്ള കൂട്ട്. ഇന്നിപ്പോൾ വേദേച്ചി തനിച്ചാകും എന്ന് പറഞ്ഞു കണ്ണൻ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു വരികയായിരുന്നു. വേദയെ കാണിക്കുവാൻ വേണ്ടി ആണെന്ന് തോന്നുന്നു... അപ്പച്ചി പതിവില്ലാതെ മത്സരിച്ചു വിളമ്പുന്നുണ്ട്. അല്ലെങ്കിലും ഈ വീടിന്റെ മതിൽക്കെട്ടിന് പുറത്തുള്ളവർക്ക് ശിവ ഭാഗ്യം ചെയ്തവനാണ്... അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടിട്ടും അതിന്റെ കുറവറിയാതെ വളർത്തുന്ന മാധവിയമ്മ എന്ന അപ്പച്ചി ഉള്ള ഭാഗ്യവാൻ...

ഇത്രയും സൗഭാഗ്യങ്ങളും സ്നേഹം നിറഞ്ഞ കുടുംബവും ഉണ്ടായിട്ടും അമ്പലപ്പറമ്പിലെ ആളുകളോട് കൂട്ട്കൂടി വീട്ടിൽ പോലും പോകാതെ തനിക്ക് ലഭിച്ച സൗഭാഗ്യങ്ങൾ തട്ടിയെറിയുന്ന വിഡ്ഢി. ശിവയുടെ ചുണ്ടിൽ പുച്ഛം കലർന്ന ഒരു ചിരി വിടർന്നു. ഇടക്ക് വേദ ശിവയുടെ ഭാഗത്തേക്ക്‌ നോക്കിയപ്പോൾ എന്തൊക്കെയോ ആലോചനകളിൽ മുഴുകി ഇരിക്കുന്ന അവനെയാണ് കണ്ടത്. ""ഇയാൾക്കു കഴിച്ചു തീർത്തിട്ട് ഇരുന്ന് സ്വപ്നം കണ്ടാൽ പോരെ. ഇതിനും വേണ്ടി എന്താണാവോ ഇത്രയും ആലോചിക്കാൻ ഉള്ളത്."" അവൾ പിറുപിറുത്തു. അവൾ പറഞ്ഞത് കേട്ടെന്നോണം ശിവയുടെ നോട്ടം വീണ്ടും അവളിലേക്ക് പാളി വീണു. അത് കണ്ടതോടെ വേദ വീണ്ടും പ്ലേറ്റിലേക്ക് മാത്രം നോക്കി വേഗത്തിൽ കഴിക്കാൻ തുടങ്ങി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

""എന്തായാലും ചടങ്ങുകൾ ഒന്നും തെറ്റിക്കണ്ട... മോളീ ഗ്ലാസും കൊണ്ട് മുറിയിലേക്ക് പൊയ്ക്കോളൂ..."" മാധവിയമ്മ കൈയിലെ പാൽഗ്ലാസ്സ് വേദക്ക് നേരെ നീട്ടി ചിരിയോടെ പറഞ്ഞു. .. എന്തോ ആ ചിരി അത്ര ശെരിയല്ലാത്തത് പോലെ തോന്നി വേദക്ക്. പിന്നെ മനസ്സിന്റെ വെറും തോന്നലായിരിക്കും എന്ന് സമാധാനിച്ചു ഗ്ലാസും വാങ്ങി അവൾ മുറിയിലേക്ക് നടന്നു. വല്ലാത്ത ഒരു ടെൻഷൻ പോലെ തോന്നി അവൾക്ക്. എത്രയൊക്കെ ശ്രമിച്ചിട്ടും ഇപ്പോഴും മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയാത്ത ആ മനുഷ്യന്റെ കൂടെ രാത്രി ഒരു മുറിയിൽ കഴിയണം എന്നുള്ള ചിന്ത പോലും അവളിൽ വല്ലാത്ത ആശങ്ക നിറച്ചു.

""ഏട്ടത്തി... "" ഓരോന്നാലോചിച്ചു പടികൾ കയറുന്നതിനിടക്കാണ് കണ്ണൻ വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ മുൻപിൽ മറ്റൊരു ഗ്ലാസിൽ പാലുമായി ചിരിയോടെ നിൽക്കുകയാണ് ആള്. വേദ അവനു നേരെ സംശയം കലർന്ന ഒരു നോട്ടം എറിഞ്ഞു. പിരികം പൊക്കി എന്താ എന്ന് ചോദിച്ചെങ്കിലും അവനത് കാര്യമാക്കാതെ വേദയുടെ കൈയിൽ ഇരുന്ന ഗ്ലാസ്‌ കൈ നീട്ടി വാങ്ങിയിട്ട് അവന്റെ കൈയിൽ ഇരുന്നത് അവൾക്ക് നേരെ വച്ചു നീട്ടി. വേദ അപ്പോഴും കാര്യം മനസ്സിലാകാതെ നിൽക്കുകയായിരുന്നു. ""ഒന്നുമില്ല ഏട്ടത്തി..... ഏട്ടത്തി ഇത്രക്ക് ടെൻഷൻ ആകുകയൊന്നും വേണ്ട. ഈ പാല് എന്റെ അമ്മ തന്നതായോണ്ട് പറയുവാ.... ചെറിയ ഉറക്ക ഗുളിക മുതൽ കൂടിയ സയനൈഡ് വരെ എന്തും ഇതിൽ നിന്നും പ്രതീക്ഷിക്കാം.

നിങ്ങളെ രണ്ടാളെയും ഒരുമിച്ചങ്ങു തീർക്കാൻ പറ്റിയാൽ അത്രയും കാര്യം എന്ന് വിചാരിച്ചു നടക്കുന്ന മുതലാ അത്... ""അവൻ ചിരിയും വിഷമവും കലർന്ന ഒരു ഭാവത്തോടെ പറഞ്ഞു. വേദക്കതൊരു പുതിയ അറിവായിരുന്നു. നിക്കിയുടെ സ്ഥാനം താൻ തട്ടിയെടുത്തതിന്റെ ദേഷ്യമായിരിക്കും തന്നോട് എന്നാണ് വിചാരിച്ചത്. ശിവയോടും ദേഷ്യമുള്ള കാര്യം സ്വപ്നത്തിൽ പോലും ഊഹിച്ചിരുന്നില്ല... അമിതമായി പ്രകടിപ്പിക്കുന്ന ആ സ്നേഹം കണ്ടു കഴിഞ്ഞാൽ സംശയം തോന്നുമായിരുന്നില്ല. ശിവയോട് എന്തിനാണ് ദേഷ്യം എന്ന് ചോദിക്കാൻ വേണ്ടി നാവ് തരിച്ചെങ്കിലും തന്നെ ബാധിക്കാത്ത കാര്യമായതിനാൽ വേണ്ട എന്ന് വിചാരിച്ചു.

കണ്ണന് നേരെ സൗമ്യമായ ഒരു പുഞ്ചിരി നൽകി മുകളിലേക്കുള്ള പടികൾ വീണ്ടും കയറി. നേരത്തെ തോന്നിയിരുന്ന ടെൻഷൻ ഇപ്പോൾ തോന്നുന്നില്ല. ഒരുപക്ഷേ ചിന്തകൾ ഇടയ്ക്ക് വെച്ചു വേറെ വഴി തിരിഞ്ഞു പോയതുകൊണ്ടാകാം. മുറിക്കകത്തേക്ക് ചെന്നപ്പോഴേ കണ്ടു ശിവ ഫോണിൽ എന്തൊക്കെയോ നോക്കിക്കൊണ്ട് കട്ടിട്ടിൽ കിടക്കുന്നത്. അവളുടെ പാദസരത്തിന്റെ കിലുക്കം കെട്ടിട്ടാണ് അവൻ തിരിഞ്ഞു നോക്കുന്നത്. വാതിലിന്റെ അരികിൽ വീർത്തു കെട്ടിയ മുഖവുമായി കൈയിൽ ഒരു ഗ്ലാസ്‌ പാലും പിടിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ അവനു ചിരി വന്നു. ദേഷ്യം കടിച്ചുപിടിച്ചു നിൽക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം.

""ആഹാ..... ചേട്ടന്റെ ചക്കര മോള് പാലൊക്കെ കൊണ്ട് വന്നല്ലോ.... പെട്ടെന്ന് ഇങ് കൊണ്ട് വന്നാട്ടെ.... ചേട്ടൻ കുടിച്ചിട്ട് മോൾക്ക് തരാം..."" അവൻ എണീറ്റിരുന്നു ഗ്ലാസിന് വേണ്ടി കൈ നീട്ടിക്കൊണ്ട് കുസൃതി നിറഞ്ഞ ചിരിയോടെ പറഞ്ഞു. തന്നെ കളിയാക്കിയുള്ള അവന്റെ ചിരിയും ഭാവവും കണ്ടപ്പോൾ വേദക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. ""പാല് വേണമല്ലേ.... ശെരിയാക്കിത്തരാം.... ""അവൾ ഒറ്റവലിക്ക് ആ പാൽ മുഴുവൻ കുടിച്ചു.... എന്നിട്ട് ദേഷ്യത്തോടെ ചുണ്ട് തുടച്ചു അവനെ നോക്കി. അപ്പോഴും അവൻ അതേ ചിരിയോടെ അവളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. താനീ ചെയ്തതൊന്നും അവനിൽ യാതൊരു ഭാവമാറ്റവും വരുത്തിയില്ല എന്ന് കണ്ട് അവൾ കലിയോടെ അവന്റെ അടുത്തേക്ക് ചെന്നു. ""എണീറ്റ് മാറ്..... എനിക്ക് ഒന്നുറങ്ങണം..."". കൈകൾ രണ്ടും മാറിൽ പിണച്ചുകെട്ടി ദേഷ്യത്തോടെ പറഞ്ഞു.

ശിവ അവളെയും കട്ടിലിനെയും മാറി മാറി നോക്കി..... ""കിടന്നോ......നിന്നോട് ഉറങ്ങണ്ട എന്ന് ഞാൻ പറഞ്ഞോ.... നിന്റെ കൈയും കാലും ഒന്നും കെട്ടിയിട്ടിരിക്കുകയല്ലല്ലോ വേണേൽ വന്നു കിടന്നുറങ്ങു. "" അവനതും പറഞ്ഞു വീണ്ടും കട്ടിലിൽ തന്നെ കിടന്നു. ""എനിക്ക് തന്റെ കൂടെ....... ""അവൻ സൂക്ഷിച്ചു നോക്കിയപ്പോൾ ഒന്ന് പരുങ്ങി അവൾ.... ""എനിക്ക് ഒറ്റക്ക് കിടക്കണം.... ഇറങ്ങി വേറെ എവിടെയെങ്കിലും പോയി കിടക്ക്‌.... "" ""സൗകര്യപ്പെടില്ല..... വേണേൽ വന്നു കേറി കിടന്നുറങ്ങു.... പിന്നെ തറയിൽ കിടന്നുറങ്ങി പ്രതിക്ഷേധിക്കാം എന്ന് വിചാരിച്ചാണെങ്കിൽ.... വല്ല ചിലന്തിയോ.....പാറ്റയോ ഒക്കെ രാത്രി കൂട്ട് കിടക്കാൻ വരും....

അവരുടെ കമ്പനി ഇഷ്ടമാണെങ്കിൽ താഴെ കിടന്നോ. എനിക്ക് ഒരെതിർപ്പും ഇല്ല... പക്ഷേ എന്നേ വിളിക്കരുത്... രാവിലെ മുതൽ ഒന്നിരുന്നിട്ടില്ല... നല്ല ക്ഷീണം .... "" അതും പറഞ്ഞു അവൻ പുതപ്പെടുത്തു തല വഴി മൂടി മറുവശത്തേക്ക് തിരിഞ്ഞു കിടന്നു. അവന്റെ മറുപടിയിൽ തരിച്ചു നിൽക്കുകയായിരുന്നു വേദ.....അവൻ മാറിത്തരും എന്നായിരുന്നു വിചാരിച്ചത്.... "ഹും......ദുഷ്ടൻ..... ഇയാൾക്ക് ജെന്റിൽ മാൻ എന്ന് വച്ചാൽ എന്താണെന്നെങ്കിലും അറിയുമോ എന്തോ..... ഇയാളെ ഒക്കെ കെട്ടിയ എന്നേ പറഞ്ഞാൽ മതി... "അവൾ അവനെനോക്കി മനസ്സിൽ പറഞ്ഞു. തറയെയും കട്ടിലിനെയും മാറി മാറി നോക്കി...." ഇനി ശെരിക്കും രാത്രി ആകുമ്പോൾ ചിലന്തിയും പാറ്റയും ഒക്കെ വരുമോ...."

അവൾ ഭയത്തോടെ പരിസരത്തെങ്ങാനും അതുണ്ടോ എന്ന് കണ്ണുകൾ കൊണ്ട് പരതി. ഇല്ല എന്ന് കണ്ടപ്പോൾ ചെറിയ ഒരാശ്വാസം തോന്നി..... പക്ഷേ വീണ്ടും തറയിൽ കിടക്കാൻ ഒരു ധൈര്യക്കുറവ് പോലെ...... എങ്ങാനും ഉറങ്ങിക്കഴിയുമ്പോൾ വന്നാലോ.... ഒടുവിൽ രണ്ടും കല്പ്പിച്ചു കട്ടിലിൽ കിടക്കാൻ തീരുമാനിച്ചു.... രണ്ടു തലയണ എടുത്ത് രണ്ടാളുടെയും ഇടയിൽ ഒരു അതിർത്തി പോലെ വച്ചു.... "കാലൻ... ഇനി ഇതൊക്കെ എടുത്തു കളഞ്ഞു രാത്രി വരുമോ എന്തോ..... "മൂടിപ്പുതച്ചു കിടക്കുന്ന ശിവയെ നോക്കിപ്പറഞ്ഞുകൊണ്ട് അവൾ ശബ്ദമുണ്ടാക്കാതെ പതുക്കെ കിടന്നു.... അവൾ പറഞ്ഞത് കേട്ടെങ്കിലും മയക്കം കണ്ണുകളിൽ നിറഞ്ഞതിനാൽ ശിവ ഒന്നും പറയാൻ പോയില്ല. കുറെയേറെ നേരം അവനെ ഇടക്കിടക്ക് കണ്ണ് തുറന്നു നോക്കി എങ്കിലും ഏറെ നേരം ഉറക്കത്തെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല അവൾക്ക്..... പതിയെ..... പതിയെ.... ഉറക്കം പൂർണ്ണമായും കീഴ്‌പ്പെടുത്തി............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story