ശിവദം: ഭാഗം 12

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

മുഖത്തോട് ചേർന്ന് ആരുടെയോ ശ്വാസം പോലെ തോന്നിയപ്പോളാണ് രാവിലെ വേദ ഉറക്കത്തിൽ നിന്നും ഉണരുന്നത്... ഉറക്കം വിട്ട് മാറാത്തതിനാൽ ക്ഷീണത്തോടെ കണ്ണുകൾ ഒരുനിമിഷം കൂടി അടച്ചു കിടന്ന ശേഷം മെല്ലെ ചിമ്മി തുറന്നു... തൊട്ടു മുൻപിൽ ശിവയുടെ മുഖം കണ്ട് ഒരു നിമിഷം അവളുടെ കണ്ണുകൾ മിഴിഞ്ഞു പോയി.. ഇത്രയടുത്ത് ആദ്യമായിട്ടാണ് അവനെ കാണുന്നത് അറിയാതെ കുറേയേറെ നിമിഷം ആ മുഖത്തേക്ക് തന്നെ നോക്കിക്കിടന്നു. ഒരു കൊച്ചു കുഞ്ഞിന്റെ മുഖമാണെന്ന് തോന്നി അവന് ഉറങ്ങുമ്പോൾ..... നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകൾ കൺപീലികളിൽ തട്ടി അലോസരം ഉണ്ടാക്കുന്നതുകൊണ്ടാകാം ഒരു പരിഭവം കലർന്ന ഭാവമായിരുന്നു ആ മുഖത്തു തെളിഞ്ഞു നിന്നത്.

വേദ പതിയെ അവന്റെ മുടിയിഴകൾ പിന്നിലേക്ക് മാടിയൊതുക്കി... പരിഭവത്തിന്റെ നേരിയ വരകൾ നെറ്റിയിൽ നിന്നും മാഞ്ഞു പോകുന്നത് കൗതുകത്തോടെ നോക്കി കിടന്നു. നെറ്റിയിൽ നിന്നും പതിയെ കണ്ണുകൾ താഴേക്ക് ചലിപ്പിച്ചു കവിളിൽ ചെന്നു നിന്നു... അവന്റെ നുണക്കുഴിയായിരുന്നു ഏറെ ഇഷ്ടം പണ്ട്... ചിരിക്കുമ്പോൾ മുഖത്തിന്റെ ചന്തം കൂട്ടുന്ന നുണക്കുഴികൾ.... ഇന്നവ താടിരോമത്താൽ മറഞ്ഞു കിടക്കുന്നു... അവൾ പതിയെ അവന്റെ താടിയിൽ ഒന്ന് തൊട്ടു... രോമങ്ങൾ കൈകളെ ഇക്കിളിയാക്കാൻ തുടങ്ങിയപ്പോൾ പതിയെ ചിരിച്ചു.... അപ്പോഴും കൈ പിൻവലിക്കുവാൻ തോന്നിയില്ല... ശിവ കണ്ണുകൾ തുറന്നതൊന്നും അവളറിഞ്ഞിരുന്നില്ല..

താടി രോമങ്ങൾക്കിടയിലൂടെ നുണക്കുഴി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു വിരലുകൾ... ഇടുപ്പിലെ കൈകൾക്ക് മുറുക്കം കൂടിയെന്ന് തോന്നിയപ്പോളാണ് കണ്ണുകൾ ഉയർത്തിനോക്കിയത്.. തന്നെ തന്നെ നോക്കി കിടക്കുന്ന ആ കണ്ണുകളിൽ സ്വയമറിയാതെ മതിമറന്നു നോക്കിപ്പോയി... അവയിൽ നിറയെ അത്ഭുതമായിരുന്നു... വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാതെ പോയ അവന്റെ പ്രണയമായിരുന്നു.. ആ കണ്ണുകൾ പറയാതെ പറയുന്ന പരിഭവങ്ങൾക്ക് മുൻപിൽ സ്വയം മറക്കും എന്ന് തോന്നിയപ്പോളാണ് വേദക്ക് താനിപ്പോൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ചു ബോധ്യം വന്നത്... ഞൊടിയിടയിൽ അവളുടെ ഇതുവരെയുള്ള മുഖഭാവം മാറി ദേഷ്യം കലരുന്നത് ശിവ കൗതുകത്തോടെ നോക്കി..

വേദ ദേഷ്യത്തോടെ ഇടുപ്പിൽ മുറുകിയിരിക്കുന്ന അവന്റെ കൈകൾ കുടഞ്ഞെറിയാൻ നോക്കിയെങ്കിലും പറ്റിയില്ല.. . അവളവനെ കലിയോടെ നോക്കി.... ""കൈയെടുത്തു മാറ്റ്.... "" ""ഇല്ലെങ്കിൽ... ""കുസൃതി നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞു... അതവളുടെ ദേഷ്യം ഒന്നുകൂടി കൂട്ടുകയാണ് ചെയ്തത്... ""കൈയെടുത്തു മാറ്റാനല്ലേ പറഞ്ഞത്.... ""അവന്റെ കൈകൾ ശക്തിയോടെ എടുത്ത് മാറ്റാൻ ശ്രമിച്ചുകൊണ്ടവൾ പറഞ്ഞു.. ""ഇല്ലെന്നല്ലേ ഞാനും പറഞ്ഞത്... ഇത് എന്റെ വീട്... ഞാനിപ്പോൾ ഉള്ളത് എന്റെ മുറിയിൽ എന്റെ കട്ടിലിൽ....എന്റെ ഭാര്യേടെ കൂടെ... ഞാനിങ്ങനെ കെട്ടിപ്പിടിക്കും വേണ്ടി വന്നാൽ ഉമ്മയും തരും... കാണണോ നിനക്ക്.."". അവനവളുടെ അടുത്തേക്ക് മുഖമടുപ്പിച്ചു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..

വേദ പകച്ചു പോയി... ആദ്യമായാണ് ശിവയിൽ നിന്നും ഇങ്ങനെ ഒരു ഭാവം.. തൊണ്ടക്കുഴിയിലെ ഉമിനീർ വരെ വറ്റിപ്പോയി എന്ന് തോന്നി അവൾക്ക്.. കണ്ണും മിഴിച്ചു പകപ്പോടെ തന്നെ നോക്കി കിടക്കുന്ന അവളുടെ ചുണ്ടുകളിലേക്ക് പതിയെ ശിവയുടെ നോട്ടം ചെന്നു... ഒരിക്കൽ കൂടി അവളുടെ കണ്ണുകളിൽ നോക്കിയ ശേഷം അവൻ പതിയെ മുഖം താഴ്ത്തി അവളിലേക്കടുപ്പിച്ചു.. അടുത്തടുത്ത് വരുന്ന അവന്റെ മുഖം ഒരു മുടിനാരിഴ മാത്രം അകാലത്തിലെത്തിയപ്പോൾ ശ്വാസമടക്കിപ്പിടിച്ചു കണ്ണുകൾ ഇറുക്കെ അടച്ചു കിടന്നവൾ. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞും ഒന്നും സംഭവിച്ചില്ല എന്ന് കണ്ടു കണ്ണ് തുറന്നു നോക്കിയപ്പോൾ ഇത്തിരി അകലെയായി തന്നെ നോക്കിക്കിടക്കുന്ന ശിവയെയാണ് കണ്ടത്..

പതിവിലും കൂടുതൽ ചിരിയുണ്ട് അവന്റെ മുഖത്ത്. ""ആഹാ... കൊച്ചുകളളി.... ഉമ്മയും പ്രതീക്ഷിച്ചു കിടക്കുവാ... അതൊക്കെ സമയം പോലെ ചേട്ടൻ തന്നോളാം കേട്ടോ... ജീവിതം ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ... ഇപ്പൊ മോള് പോയി നല്ല കടുപ്പത്തിൽ ഒരു കാപ്പി കൊണ്ട് വന്നാട്ടെ..."" അവൻ ഒരു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.. അവന്റെ പറച്ചിൽ കേട്ട് വേദ ഒരു നിമിഷം ചൂളിപ്പോയി. .. ""ശെരിയാണ്.... തനിക്കെന്താ പറ്റിയത്. ... ശേ... ആകെ നാണം കേട്ടല്ലോ കൃഷ്ണ...."" """പിന്നെ കൊച്ചിരാജാവല്ലേ... കാപ്പി മുറിയിലേക്ക് കൊണ്ടു തരാൻ.... എനിക്കേ.. സൗകര്യമില്ല... വേണേൽ വന്നു കുടിച്ചാൽ മതി... """ചമ്മിയതിന്റെ ഭാവങ്ങളൊന്നും മുഖത്തേക്ക് വരുത്താതെ അവനോട് കയർത്തിട്ട് അവളെഴുന്നേറ്റ് പോയി..

കുളിമുറിയുടെ വാതിൽ അടഞ്ഞതും ശിവ വയറ്റിൽ കൈ വച്ചു ചിരിക്കാൻ തുടങ്ങി... ഒടുവിൽ ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു എന്നായപ്പോളാണ് നിർത്തിയത്.. രണ്ടു കണ്ണുകളും നിറഞ്ഞിരുന്നു അവന്റെ.. ഇത്രയും സന്തോഷം നിറഞ്ഞ ഒരു പ്രഭാതം ആദ്യമായിട്ടാണ്... ജോലിയുടെ മാത്രമായിരിക്കും സാധാരണ ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും.. അവന്റെ മനസ്സും സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയിരുന്നു... നിറമുള്ള സ്വപ്‌നങ്ങൾ.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 സമയം ഏഴുമണി കഴിഞ്ഞതിനാൽ തെല്ലൊരു വെപ്രാളത്തോടെയാണ് വേദ താഴേക്ക് ഇറങ്ങി ചെന്നത്... ... ""ഇവിടെ ഇനി എങ്ങനെയാണാവോ.. വളർത്തുദോഷം പറയിപ്പിക്കരുത് എന്ന് അമ്മ പ്രത്യേകം പറഞ്ഞിരുന്നു"" .

വേറെ ആരെയും കണ്ടില്ല നോക്കിയപ്പോൾ.. മാധവിയമ്മയുടെയും നിക്കിയുടെയും മുറികളുടെ വാതിലുകൾ അടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ അവൾക്ക് ചെറിയ ആശ്വാസം തോന്നി. ഭാഗ്യം ആരും എണീറ്റിട്ടില്ല... അടുക്കളയിൽ എന്തൊക്കെയോ ശബ്ദം കേട്ട് നേരെ അങ്ങോട്ട് നടന്നു. ആരോ ഒരാൾ തിരിഞ്ഞു നിന്ന് ജോലികൾ ചെയ്യുന്നുണ്ട്.. രാധേച്ചി ആണെന്ന് തോന്നുന്നു.. കണ്ണൻ പറഞ്ഞിരുന്നു ഇങ്ങനെ ഒരാളെപ്പറ്റി. . പിറകിൽ ചുവടനക്കം കെട്ടിട്ടാണ് രാധ തിരിഞ്ഞു നോക്കുന്നത് ""ആഹാ... വേദക്കുഞ്ഞാണോ... മോൾക്കെന്നെ മനസ്സിലായിക്കാണില്ല എന്നറിയാം.. ഞാൻ രാധ.. ഇപ്പൊ ഒരു പത്തു പതിനഞ്ചു വർഷമായി ഇവിടുണ്ട്. "" വേദ ചിരിച്ചതേയുള്ളു..

ആദ്യമായി കാണുന്ന ആളിനോട് സംസാരിച്ചു തുടങ്ങാൻ എന്നും ഒരു മടി ഉണ്ട്. പണ്ട് മുതലേ അങ്ങനെയാണ്.. കുറച്ചു ദിവസത്തെ പരിചയത്തിന് ശേഷമേ അടുപ്പത്തോടെ സംസാരിക്കാൻ കഴിയു. ""ഇന്നലെ ജോലിത്തിരക്കിനിടയിൽ കുഞ്ഞിനെ പരിചയപ്പെടാൻ കഴിഞ്ഞില്ല. ഞാൻ പോകുമ്പോൾ കുഞ്ഞു ഉറക്കം ആയിരുന്നു. എട്ട് മണി ആകുമ്പോളേക്കും ഞാൻ പോകും. താമസിച്ചു കഴിഞ്ഞാൽ പിന്നെ മക്കൾക്ക് പേടിയാ...അവരുടെ അച്ഛൻ വരുന്നതിന് മുൻപ് അങ്ങ് ചെല്ലണം.. അല്ലെങ്കിൽ പിന്നെ അതുങ്ങളുടെ മേൽ ആകും കുതിരകയറ്റം... കുടിച്ചു ബോധം മറയാറാകുമ്പോള വീട്ടിൽ കേറി വരുന്നേ... അതൊക്കെ കാണുമ്പോൾ കുഞ്ഞുങ്ങൾക്ക് പേടിയാ.. ""

രാധയുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു വേദക്കും വല്ലാതെയായി... എല്ലാവരെയും വിശ്വസിക്കുന്ന ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് രാധ എന്നവൾക്ക് മനസ്സിലായിരുന്നു. ""മക്കളെന്താ ചെയ്യുന്നേ ചേച്ചി... പഠിക്കുവാണോ.. വിഷയം മാറ്റാനെന്നവണ്ണം അവൾ ചോദിച്ചു. ആ അമ്മയുടെ കണ്ണുകളിൽ മക്കളെക്കുറിച്ചു പറഞ്ഞപ്പോൾ സന്തോഷം വിടരുന്നത് കണ്ടു. രണ്ടാളും പഠിക്യാ.. ഒരു മോളും ഒരു മോനും.. മൂത്തത് മോളാ. കണ്ണൻ മോന്റെ കോളേജിൽ തന്നെയാ... പഠിക്കാൻ മിടുക്കിയാ.... ഇളയവൻ പത്തിൽ ആയിട്ടേ ഉള്ളു... "" വേദ എല്ലാം തലയാട്ടി കേട്ടുകൊണ്ടിരുന്നു... അവൾക്ക് ചെറിയ ആശ്വാസം തോന്നി. ""അയ്യോ സംസാരിച്ചിരുന്നു സമയം പോയി...

മാധവി മാഡത്തിന് രാവിലെ വരുമ്പോളേക്കും ഓട്സ് നിർബന്ധമാ.... നിക്കി കുഞ്ഞിന് പിന്നെ ബ്രഡും ഓംലെറ്റും മതി.. കണ്ണൻ മോന് പിന്നെ ഇടിയപ്പം... പുട്ട്... അങ്ങനെ ഉള്ള സാധനങ്ങളാ ഇഷ്ടം. ചവച്ചരച്ചു കഴിക്കാൻ നല്ല മടിയുള്ള കൂട്ടത്തിലാ... ചാപ്പത്തിയൊന്നും വേണ്ടേ വേണ്ട.."" രാധ ചിരിയോടെ പറഞ്ഞു. ""ശി... ശിവേട്ടനോ..."" ചോദിക്കണ്ട എന്ന് വിചാരിച്ചതാണെങ്കിലും ശിവയുടെ കാര്യമൊന്നും പറയാതിരുന്നതിനാൽ അവൾ അറിയാതെ ചോദിച്ചു പോയി. ആ പേര് കേട്ടപ്പോൾ രാധയുടെ മുഖം മങ്ങി... ""അതെനിക്കറിയില്ല കുഞ്ഞേ... ശിവ കുഞ്ഞിന് അങ്ങനെ വലിയ ഇഷ്ടങ്ങൾ ഒന്നും ഇല്ലെന്ന് തോന്നുന്നു. എന്ത് കൊടുത്താലും കഴിക്കും.. എന്തെങ്കിലും ഉണ്ടാക്കിത്തരണോ എന്ന് ചോദിച്ചാൽ വെറുതെ ഒന്ന് ചിരിക്കും. അതവിടെ കഴിഞ്ഞു. ""

അവർ ഒരു നെടുവീർപ്പോടെ പറഞ്ഞു. വേദയുടെ നെറ്റി ചുളിഞ്ഞു... ഇഷ്ടമുള്ള ഭക്ഷണം ഇല്ലാത്ത ആളുകൾ ഉണ്ടാകുമോ... വീട്ടിൽ ആണെങ്കിൽ പകുതി ദിവസവും വഴക്കാണ്.. ഓരോരുത്തരുടെയും ഇഷ്ടത്തിന് ഉണ്ടാക്കാൻ. ""കുഞ്ഞിന് അമ്പലത്തിൽ പോണമെങ്കിൽ പോയിട്ട് വാ കേട്ടോ... കല്യാണപ്പിറ്റേന്ന് അങ്ങനൊരു ചടങ്ങില്ലേ.... മാധവി മാഡം എട്ടര കഴിയാതെ എണീക്കില്ല.."" ഓരോന്നാലോചിച്ചു നിൽക്കുന്ന വേദയെ നോക്കി രാധ പറഞ്ഞു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മുറിയിലേക്ക് വന്ന വേദയുടെ കൈയിൽ കോഫി ഉണ്ടോ എന്ന് വെറുതെ അവന്റെ കണ്ണുകൾ പരതി... ആദ്യമായിട്ടാണ് ഇഷ്ടമുള്ള ഒന്ന് ഒരാളോട് ചോദിച്ചു വാങ്ങുന്നത്. ശൂന്യമായ അവളുടെ കൈകൾ കാൺകെ അവന്റെ മുഖം മങ്ങി. പിന്നെ എല്ലാതവണത്തേയും പോലെ ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു ഫോണിലേക്ക് മിഴികൾ പായിച്ചു..

തനിക്ക് നേരെ പ്രതീക്ഷയോടെ നീണ്ട ശിവയുടെ കണ്ണുകളും അവന്റെ മുഖം മങ്ങുന്നതുമെല്ലാം വേദ ശ്രദ്ധിച്ചിരുന്നു... പക്ഷേ എന്തിന് വേണ്ടിയാണെന്ന് ആലോചിച്ചു നോക്കിയപ്പോളാണ് രാവിലെ പറഞ്ഞ കോഫിയുടെ കാര്യം ഓർമ്മയിൽ വരുന്നത്. ""ശോ.... മറന്നല്ലോ... "അവൾ നാവ് കടിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു. ""അല്ലെങ്കിൽ തന്നെ ഞാനെന്തിനാ കൊണ്ട് കൊടുക്കുന്നെ... രണ്ടു കൈയും കാലും ഒക്കെ ഉണ്ടല്ലോ.. വേണമെങ്കിൽ പോയി എടുത്തു കുടിക്കട്ടെ... "" അങ്ങനെ വിചാരിച്ചെങ്കിലും കണ്ണുകൾ വീണ്ടും അവന്റെ നേരിയ പരിഭവം കലർന്ന മുഖത്തു മാത്രം തങ്ങി നിന്നു.

എത്രയൊക്കെ മറച്ചു പിടിക്കാൻ ശ്രമിച്ചിട്ടും ആ കണ്ണുകൾ അവന്റെ നിരാശ കലർന്ന ഭാവത്തെ വിളിച്ചോതുന്നുണ്ടായിരുന്നു.. രാധേച്ചിയുടെ വാക്കുകളാണ് ആദ്യം മനസ്സിലേക്ക് വന്നത്. ഒന്നും ആരോടും ചോദിച്ചു വാങ്ങാത്ത... പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും ഇല്ലാത്ത ശിവ.. അപ്പോൾ പിന്നെ ഇപ്പോൾ തന്നോട് ചോദിച്ചതോ... അവന്റെ കണ്ണുകളിൽ വല്ലാത്ത ഒരു സന്തോഷമുണ്ടായിരുന്നു രാവിലെ അത് പറയുമ്പോൾ. തന്റെ മുൻപിൽ ഫോണിലേക്ക് മിഴികളൂന്നി ഇരിക്കുന്ന അവന്റെ കണ്ണുകളിൽ ആ സന്തോഷത്തിന്റെ ലാഞ്ചന പോലും അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അതവളിൽ വല്ലാത്ത അസ്വസ്ഥത നിറച്ചു. ചെയ്യുന്നതൊക്കെ തെറ്റാണെന്ന് ഉള്ളിലിരുന്നാരോ ഉറക്കെ വിളിച്ചു പറയുംപോലെ. ""മ്മ്മ്ഹ്ഹ്ഹ്.... ""അടുത്ത് നിന്ന് ചെറുതായി മുരടനക്കിയപ്പോളാണ് ശിവ ഫോണിൽ നിന്നും മുഖമുയർത്തി അവളെ നോക്കുന്നത്...

തനിക്ക് നേരെ നീട്ടിപ്പിടിച്ചിരിക്കുന്ന കോഫി നിറഞ്ഞ കപ്പ്‌ ആയിരുന്നു ആദ്യം ദൃഷ്ടിയിൽ പതിച്ചത്... അവൻ അത്ഭുതത്തോടെ അവളെ നോക്കി.. മറ്റെങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു അവൾ... ഇടയ്ക്കിടെ ഒളികണ്ണിട്ട് കോഫി വാങ്ങുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുന്നുമുണ്ട്... കൈകൾ നീട്ടി രണ്ടു കൈ കൊണ്ടും അത് വാങ്ങുമ്പോൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു അവനെ. ശ്വാസം നെഞ്ചിൽ തന്നെ തറഞ്ഞു നിൽക്കും പോലെ.... അത് ശരീരത്തിലെ എല്ലുകളെ ഒന്നാകെ വരിഞ്ഞു മുറുക്കും പോലെ... ചൂട് പോലും വകവയ്ക്കാതെ കൊതിയോടെ കുടിച്ചു... അവസാന തുള്ളി വരെ മൊത്തിക്കുടിക്കുന്ന ശിവയെ കണ്ണ് നിറയെ കാണുകയായിരുന്നു അവൾ..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story