ശിവദം: ഭാഗം 13

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

മറ്റെങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു അവൾ... ഇടയ്ക്കിടെ ഒളികണ്ണിട്ട് കോഫി വാങ്ങുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുന്നുമുണ്ട്... . കൈകൾ നീട്ടി രണ്ടു കൈ കൊണ്ടും അത് വാങ്ങുമ്പോൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു അവനെ. ശ്വാസം നെഞ്ചിൽ തന്നെ തറഞ്ഞു നിൽക്കും പോലെ.... അത് ശരീരത്തിലെ എല്ലുകളെ ഒന്നാകെ വരിഞ്ഞു മുറുക്കും പോലെ... ചൂട് പോലും വകവയ്ക്കാതെ കൊതിയോടെ കുടിച്ചു... അവസാന തുള്ളി വരെ മൊത്തിക്കുടിക്കുന്ന ശിവയെ കണ്ണ് നിറയെ കാണുകയായിരുന്നു അവൾ.... അവന്റെ മുഖത്തെ നഷ്ടപ്പെട്ട തെളിച്ചം പൂർവാധികം ശക്തിയായി തിരികെയെത്തി എന്ന് തോന്നി അവൾക്ക്.

മുഴുവൻ കുടിച്ചു തീർത്തിട്ടും ആ കപ്പ് വേദയുടെ നേരെ വച്ച് നീട്ടാൻ അവനൊരു മടി തോന്നി. ഇതുവരെ തോന്നാത്ത ഒരു കരുതലിന് ശേഷിപ്പെന്നവണ്ണം അവന്റെ കൈകൾ അതിൽ മുറുകെ പിടിച്ചിരുന്നു. തനിക്കുനേരെ നീണ്ട ആ കണ്ണുകൾ ചെറുതായി നനഞ്ഞിരിക്കുന്നത് പോലെ തോന്നി വേദയ്ക്ക് അത് അവളിൽ വല്ലാത്ത ഒരു നോവ് നിറച്ചു. ഇപ്പോഴും അറിയില്ല ഇത്രയധികം വെറുക്കാൻ ശ്രമിച്ചിട്ടും അവനിലെ ചെറിയൊരു വിഷാദ ഭാവം പോലും എന്തിനാണ് മനസ്സ് നീറ്റുന്നതെന്ന്. "" അപ്പോ ചേട്ടൻ പറഞ്ഞാൽ അനുസരിക്കാൻ ഒക്കെ അറിയാം അല്ലേ ഝാൻസിറാണിക്ക്"". ഇനിയും ഏറെ നേരം അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നാൽ കാര്യങ്ങൾ കൈവിട്ട് അവസാനത്തെ മറയും നീക്കി അവളുടെ മുൻപിൽ സത്യങ്ങൾ പറയാതെ പറയുമോ എന്നവന് ഭയം തോന്നി.

വാക്കിലും ചിരിയിലും കുസൃതി ഒളിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇടർച്ച വിട്ടുമാറാത്ത ശബ്ദവും പണിപ്പെട്ട് മിഴികൾ ചിമ്മി അടക്കി നിർത്താൻ ശ്രമിക്കുന്ന കണ്ണുനീരും അവന്റെ മാനസികാവസ്ഥ തുറന്നു പറഞ്ഞിരുന്നു. തന്നിൽ നിന്നും ഒരിക്കലും അവൻ സഹതാപം അർഹിക്കുന്നില്ല എന്ന് അവൾക്ക് തോന്നി. അതിനുള്ള തത്രപ്പാടാണ് ഈ കളിയാക്കാൻ ശ്രമിക്കലൊക്കെ. ""അമ്പലത്തിൽ വരെ ഒന്ന് പോണം""" അവൻ പറഞ്ഞത് കേട്ടില്ല എന്ന പോലെ അവൾ പറഞ്ഞു. ഇനിയും ഏറെ നേരം ഈ സംസാരം നീട്ടിക്കൊണ്ടു പോകാൻ തോന്നിയില്ല. അവനിലേക്ക് നീളുന്ന ഓരോ നോട്ടവും മനസ്സ് അവനിലേക്ക് കൂടുതൽ അടുപ്പിക്കും പോലെ.

അവൾ വിഷയം മാറ്റാൻ വേണ്ടിയാണ് ശ്രമിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ശിവയ്ക്കും ചെറിയ ആശ്വാസം പോലെ തോന്നി. വല്ലാത്തൊരു ശ്വാസംമുട്ടൽ ആയിരുന്നു ഇതുവരെ ആരെയും അറിയിക്കാതെ മൂടിവച്ചതൊക്കെ പുറത്തു വരുമോ എന്നുള്ള ഭയം. ""നമുക്ക് നടന്നാലോ"""ഒരുങ്ങി പുറത്തേക്കിറങ്ങി കാറിനടുത്തേക്ക് നടക്കുന്നതിനിടയിൽ ശിവ ചോദിച്ചു... അവന്റെ കണ്ണുകളിൽ വല്ലാത്തൊരു കൊതി ഉണ്ടായിരുന്നു അവളോടൊപ്പമുള്ള ഓരോ നിമിഷവും ഹൃദയത്തിലേക്ക് ആവാഹിക്കാൻ ശ്രമിക്കുന്നതുപോലെ. മറുത്തൊന്നും പറയാതെ അവൾ മുൻപോട്ട് നടന്നു. അരികിലായി അവനും. ഇടവഴിയിലൂടെ മുന്നോട്ടു നടക്കുമ്പോൾ കാലുകൾക്ക് വേഗം പതിവിലും കുറവായിരുന്നു.

തനിക്ക് നേരെ പാളി വീഴുന്ന അവന്റെ ഓരോ നോട്ടവും വേദ അറിയുന്നുണ്ടായിരുന്നു അത് അവളിൽ പേരറിയാത്ത ഒരു പരവേശം സൃഷ്ടിച്ചു. കൈപ്പത്തിയിൽ വിയർപ്പുകണങ്ങൾ പൊടിയും പോലെ ഇന്നത്തെ കൗമാരക്കാരി യിലേക്കുള്ള തിരിച്ചുപോക്ക് ആണോ ഇതെന്ന് ഒരുവേള അവൾക്ക് ഭയം തോന്നി. മൗനമായിരുന്നു രണ്ടാൾക്കും കൂട്ട്... പറയുവാൻ ഒന്നുമില്ലാത്ത യാത്രയ്ക്കും ഒരു സുഖം ഉള്ളതുപോലെ. ഭഗവാന്റെ നടക്കു മുമ്പിൽ കൈകൂപ്പി നിൽക്കുമ്പോൾ അന്ന് ആദ്യമായി ആവശ്യങ്ങളും പ്രാർത്ഥനകളും ഇല്ലാതെ വേദ നിന്നു. മനസ്സപ്പോഴും ശിവയുടെ ചിന്തകളാൽ മൂടപ്പെട്ടുകിടക്കുകയായിരുന്നു. അവന്റെ മുഖം മാത്രം മിഴിവോടെ തെളിഞ്ഞു നിന്നു.

ഇന്ന് രാവിലെ തനിക്ക് നേരെ നീണ്ട ആ കണ്ണുകളിൽ അത്രമേൽ പ്രിയപ്പെട്ടതായി കഴിഞ്ഞിരുന്നു. ശിവയുടെ മനസ്സ് പക്ഷേ അവളുടേതിൽനിന്നും വിപരീതദിശയിൽ ആയിരുന്നു. ആദ്യമായി അവന് ദൈവങ്ങളോട് പ്രാർത്ഥിക്കുവാൻ തോന്നി. തനിക്കായി ഒരു നൂറ് കാര്യങ്ങൾ ആവശ്യപ്പെടാൻ തോന്നി. അവയ്‌ക്കെല്ലാം തന്നെ വേദ എന്നായിരുന്നു പേര്. അത്രമേൽ സന്തോഷം അവനെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു. തനിക്ക് വേണ്ടിയും കാര്യങ്ങൾ ചെയ്യാൻ ഒരാളായിരിക്കുന്നു. താനും കണ്ണനും മാത്രമുള്ള ആ കുഞ്ഞു ലോകത്തേയ്ക്ക് ഒരാൾ കൂടി കടന്നു വരാൻ പോകുന്നു. കണ്ണന് പലപ്പോഴും ഒരു കുട്ടിയുടെ ഭാവമാണ് തന്റെ മനസ്സിൽ.

ഉള്ളിലുള്ള ദുഖങ്ങളും വിഷമങ്ങളും ഒന്നും അറിയിക്കാതെ താൻ വളർത്തുന്ന ഒരു കുട്ടി. ആരോടെങ്കിലും ഒന്നു തുറന്നു സംസാരിക്കുവാൻ പറ്റിയിരുന്നെങ്കിൽ ഒരു നൂറുവട്ടം ആഗ്രഹിച്ചിട്ടുണ്ട്. സുഹൃത്ത് ബന്ധങ്ങൾക്ക് പരിമിതികളുണ്ടായിരുന്നു. അല്ലെങ്കിൽ ആ വലിയ വീട്ടിൽ താമസിക്കുന്ന ചെക്കന് എന്ത് വിഷമം ഉണ്ടാക്കാനാണ് എന്ന് അവരങ് അനുമാനിച്ചു. ശ്രീകോവിലിൽ പുഞ്ചിരിയോടെ നില്ക്കുന്ന കൃഷ്ണൻ രൂപം മനസ്സിലേക്ക് ആവാഹിച്ച് ശിവ കണ്ണുകൾ അടച്ചു നിന്നു. പ്രാർത്ഥനകൾ ഏറെയും മൗനമായിരുന്നു അല്ലെങ്കിൽ തന്നെ ദൈവത്തിനോട് സംസാരിക്കാൻ ഭാഷഎന്തിന്.

"" നമുക്ക് കഴിച്ചിട്ട് നിന്റെ വീട്ടിലേക്ക് പോകാം നാളെ അല്ലേ മാഷിന്റെ സർജറി അതും കൂടി കഴിഞ്ഞിട്ട് തിരികെ വരാം "".തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ശിവ പറഞ്ഞതുകേട്ട് വേദ തറഞ്ഞുനിന്നു. ""നാളെ ആയിരുന്നോ...... സർജറി.... ആയിരിക്കാം.... കല്യാണം ഒരു ദിവസം മുൻപ് നടത്തണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്"" അവളുടെ മനസ്സിൽ കുറ്റബോധത്തിന്റെ കാർമേഘങ്ങൾ വന്ന് മൂടി. """ മറന്നുപോയിരിക്കുന്നു.....അതും..... ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.""" അമ്പലത്തിൽ പോയിട്ട് പോലും അച്ഛന് വേണ്ടി ഒന്ന് പ്രാർത്ഥിച്ചില്ലല്ലോ....... എന്ന ചിന്ത കൂടി മനസ്സിലേക്ക് വന്നപ്പോഴേക്കും കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു.

ശിവ യുടെ വിരലുകൾ കവിളുകളിൽ തൊട്ടപ്പോളായിരുന്നു ബോധത്തിലേക്ക് വന്നത്. പെട്ടെന്ന് പിടഞ്ഞു പിറകിലേക്ക് മാറി നിന്നു. ആ നീക്കം അവൻ പ്രതീക്ഷിച്ചില്ല എന്ന് തോന്നി ഒരു നിമിഷം കൈകൾ അന്തരീക്ഷത്തിൽ തന്നെ നിൽക്കുന്നത് കണ്ടു. പക്ഷേ പതിവിനു വിപരീതമായി കൈകൾ പിൻവലിക്കുന്നതിന് പകരം അടുത്തേക്ക് ചേർന്ന് നിന്ന് കണ്ണുകൾ തുടച്ചു. വേദ നോക്കി നിന്നതേയുള്ളൂ താനവന് സ്വന്തമാണെന്ന് ഒരു ഭാവമായിരുന്നു ആ മുഖത്ത് ഉണ്ടായിരുന്നത് അത്രമേൽ അവനവകാശപ്പെട്ട ഒന്ന്. """"മാഷിന്റെ കാര്യം ആലോചിച്ചിട്ടാണ് കണ്ണുനിറഞ്ഞതെങ്കിൽ അത് വേണ്ടാട്ടോ. ഒരു കുറ്റബോധത്തിന്റെയും ആവശ്യമില്ല.

മാഷിന് വേണ്ടിയാണ് നീ ഈ കല്യാണത്തിനു സമ്മതിച്ചത് എന്നൊക്കെ എനിക്കറിയാം. അതുകൊണ്ട് നീ പ്രത്യേകിച്ച് പ്രാർത്ഥിച്ച് ഇല്ലെങ്കിലും ഭഗവാൻ കേട്ടോളും. അല്ലെങ്കിലേ നീ മീൻ കണ്ണിയാണ് ഇനി കരഞ്ഞു ഉള്ള വെള്ളം കൂടി ഒഴുക്കികളഞ്ഞാൽ മീനുകൾ ശ്വാസം മുട്ടി ചത്തുപോകും"" അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ഒരു കണ്ണിറുക്കി അവൻ പറഞ്ഞു വേദയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ഒറ്റതള്ളിനു അവനെ ദേഹത്തിൽ നിന്നും അടർത്തിമാറ്റി വേഗത്തിൽ അവൾ മുന്നോട്ട് നടന്നു ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ വീട്ടിൽ എത്തിയപ്പോഴും എല്ലാവരും കഴിക്കാൻ തുടങ്ങിയിരുന്നു. വേദയെ കണ്ടപ്പോൾ രാധ ഹൃദ്യമായി ചിരിച്ചു. ""കഴിക്കാൻ എടുക്കട്ടെ കുഞ്ഞേ """

. """"എടുത്തോ ചേച്ചി ഇത്രയും ദൂരം നടന്നിട്ടും നല്ല വിശപ്പുണ്ട് """". """അയ്യോ മോള് കഴിക്കാതെ ആയിരുന്നോ പോയത്. രാധയോട് പറയാരുന്നില്ലേ മോൾക്ക്. ശിവ പിന്നെ വീട്ടിൽ നിന്നും കഴിക്കുന്ന ശീലം ഒന്നുമില്ല. എല്ലാം പുറത്തുനിന്നാ.. മോള് കഴിച്ചു കാണും എന്നാണ് ഞാൻ വിചാരിച്ചത്.."""'മാധവിയമ്മ പരമാവധി സ്നേഹം വാക്കുകളിൽ വരുത്തി പറഞ്ഞു. അവളൊന്നു ചിരിച്ചതേയുള്ളൂ. അപ്പോഴേക്കും ശിവ ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന പോലെ മുറിയിലേക്ക് പോകാൻ തുടങ്ങി. കയ്യിൽ ഒരു പിടുത്തം വീണപ്പോഴാണ് തിരിഞ്ഞു നോക്കിയത്..... ആദ്യം വിശ്വാസം വന്നില്ല.... വേദയായിരുന്നു..... കുറച്ചു മുൻപ് പിണങ്ങിയപ്പോൾ ഉള്ള ദേഷ്യമില്ല മുഖത്ത്....

അമ്പരപ്പോടെ നിൽക്കുന്ന അവനെ വേദ ബലമായി പിടിച്ചു ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് നടത്തിച്ചു. വീണ്ടും മടിച്ചുനിന്ന അവനെ ബലമായി അവിടെയുള്ള കസേരയിലേക്ക് പിടിച്ചിരുത്തുമ്പോൾ അവളുടെ മനസ്സും എന്തുകൊണ്ടോ നിറഞ്ഞിരുന്നു. എന്തോ അവളുടെ മനസ്സിൽ അപ്പോൾ ചൂട് പോലും വകവെക്കാതെ കൊതിയോടെ കാപ്പി കുടിക്കുന്ന ശിവയുടെ മുഖവും രാധയുടെ വാക്കുകളും മാത്രമായിരുന്നു അവനതെല്ലാം പുതുമയുള്ളതായിരുന്നു അവളിൽ തന്നെ മിഴിയുറപ്പിച്ചിരുന്നു. എല്ലാവരുടെയും മുഖത്ത് അമ്പരപ്പായിരുന്നു വേദയിൽ നിന്നും അത്തരമൊരു നീക്കം മാധവിയമ്മ പ്രതീക്ഷിച്ചിരുന്നില്ല

ഇന്നലെ വന്നപ്പോൾ മുതൽ അവളുടെ മുഖത്തുനിന്നും വിവാഹത്തോട് ഉള്ള താൽപര്യക്കുറവ് മനസ്സിലാക്കിയിരുന്നു. മുൻപിലെ കാഴ്ച്ച ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ നിക്കി കഴിപ്പ് മതിയാക്കി എണീറ്റ് പോയി. കണ്ണന്റെ കണ്ണുകൾ മാത്രം സന്തോഷത്താൽ നിറഞ്ഞു. അന്ന് എത്ര കഴിച്ചിട്ടും വയറു നിറയാത്തത് പോലെ തോന്നി അവനു... വിളമ്പിയിട്ടും വിളമ്പിയിട്ടും കൊതി തീരാത്തത് പോലെ അവളും. ""ഞങ്ങൾ വേദയുടെ വീട്ടിലേക്ക് പോവാ. നാളെയാണ് മാഷിന്റെ സർജറി. നീ വരില്ലേ അങ്ങോട്ട്"""". മാധവിയമ്മയെ പൂർണ്ണമായി അവഗണിച്ചുകൊണ്ട് കണ്ണനോട് ശിവ ചോദിച്ചു. ""വരാം ഏട്ടാ...."" പറഞ്ഞു കഴിഞ്ഞ ഉടനെ എന്തോ ഓർത്ത പോലെ പെട്ടെന്നവൻ നാവ് കടിച്ചു.

""നാളെ ശനിയാഴ്ച അല്ലേ.... ഞാൻ ഉച്ച കഴിഞ്ഞേ വരൂ. ""ചമ്മിയ ഭാവത്തോടെ അവൻ പറഞ്ഞു. അവന്റെ കള്ളത്തരം നന്നായി അറിയാമായിരുന്നതിനാൽ ശിവയുടെ മുഖത്തും ഒരു കുസൃതി ചിരി വിടർന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കോളേജിന്റെ ഉള്ളിൽ ബൈക്ക് പാർക്ക്‌ ചെയ്തു കണ്ണൻ വാച്ചിൽ സമയം നോക്കി. """ഭാഗ്യം അഞ്ച് മിനിറ്റ് കൂടി ഉണ്ട്.... എത്തിയിട്ടില്ല "" അവന്റെ കണ്ണുകൾ ഗേറ്റിനു അടുത്തേക്ക് നീണ്ടു.... അകലെ നിന്നും ഒരു പൊട്ട് പോലെ നടന്നു വരുന്ന അവളെ കണ്ടപ്പോൾ മുഖത്തൊരു ചിരി വിടർന്നു. അവളും കണ്ടിരുന്നു അവനെ പരിഭ്രമത്തോടെ മിഴികൾ താഴ്ത്തി.

കൈകൾ രണ്ടും പരസ്പരം കൂട്ടിത്തിരുമ്മി തന്നെ നോക്കാതെ കടന്നു പോകുന്ന അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു കണ്ണൻ. അല്പം മുൻപിൽ എത്തിയ ശേഷം അവൾ തിരിഞ്ഞു നോക്കുമെന്ന് അവനുറപ്പായിരുന്നു. അല്ലെങ്കിലും അവളെ തനിക്കല്ലാതെ ആർക്കാണ് മനസ്സിലാകുക... ഊഹം തെറ്റിയില്ല... കുറച്ചു മുൻപോട്ട് നടന്ന ശേഷം ആ തല പതിയെ ചരിയുന്നത് കണ്ടു... ബൈക്കിൽ ചാരി നിന്ന് തന്നെ നോക്കി ചിരിക്കുന്ന കണ്ണനെ കണ്ടപ്പോൾ അവൾ പകപ്പോടെ ഞെട്ടി നോട്ടം മാറ്റി. ആരെങ്കിലും കണ്ടോ എന്ന് പേടിയോടെ ചുറ്റും നോക്കി.... ആരും കണ്ടില്ല എന്ന് കണ്ടു മുൻപോട്ട് നടക്കുമ്പോൾ അവളുടെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story