ശിവദം: ഭാഗം 14

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

അവളും കണ്ടിരുന്നു അവനെ പരിഭ്രമത്തോടെ മിഴികൾ താഴ്ത്തി. കൈകൾ രണ്ടും പരസ്പരം കൂട്ടിത്തിരുമ്മി തന്നെ നോക്കാതെ കടന്നു പോകുന്ന അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു കണ്ണൻ. അല്പം മുൻപിൽ എത്തിയ ശേഷം അവൾ തിരിഞ്ഞു നോക്കുമെന്ന് അവനുറപ്പായിരുന്നു. അല്ലെങ്കിലും അവളെ തനിക്കല്ലാതെ ആർക്കാണ് മനസ്സിലാകുക... . ഊഹം തെറ്റിയില്ല... കുറച്ചു മുൻപോട്ട് നടന്ന ശേഷം ആ തല പതിയെ ചരിയുന്നത് കണ്ടു... ബൈക്കിൽ ചാരി നിന്ന് തന്നെ നോക്കി ചിരിക്കുന്ന കണ്ണനെ കണ്ടപ്പോൾ അവൾ പകപ്പോടെ ഞെട്ടി നോട്ടം മാറ്റി. ആരെങ്കിലും കണ്ടോ എന്ന് പേടിയോടെ ചുറ്റും നോക്കി....

ആരും കണ്ടില്ല എന്ന് കണ്ടു മുൻപോട്ട് നടക്കുമ്പോൾ അവളുടെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു. തോളിൽ ആരോ കൈ വെച്ചപ്പോഴാണ് കണ്ണൻ ഞെട്ടി അവളിൽ നിന്നും നോട്ടം പിൻവലിക്കുന്നത്. തിരിഞ്ഞുനോക്കിയപ്പോൾ ആക്കിയുള്ള ഒരു ചിരിയോടു കൂടി മാത്യു നിൽക്കുന്നത് കണ്ടു. ""എന്താണ് മോനെ...... ഇന്നും തിരിഞ്ഞുനോട്ടം കിട്ടിയോ....... കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കണ്ടല്ലോ....."" മറുപടി പറയാതെ ഉള്ള കണ്ണന്റെ ചിരി കണ്ടപ്പോളേ ഊഹം ശെരിയാണെന്ന് മാത്യുവിന് മനസ്സിലായി. """ഈ ഒളിച്ചുകളി എന്നാണോ എന്റെ കർത്താവേ എന്ന് അവസാനിക്കുന്നെ. രണ്ടെണ്ണവും മനസ്സിലുള്ളത് തുറന്നു പറയുകേല. ഒരുത്തൻ രാവിലെ പല്ലും തേച്ചു വെളുപ്പിച്ചു വന്നിട്ട് റോഡിൽ നിന്നേ ചിരി തുടങ്ങും.....

അടുത്തവൾ അത് കാണുന്ന ഉടനേ തലയും കുനിച്ചു പോയിട്ട് ഒരു കിലോമീറ്റർ നടന്നു കഴിഞ്ഞു തിരിഞ്ഞു നോക്കി ചിരിക്കും.....ചെയ്യുന്ന നിനക്കില്ലെങ്കിലും കാണുന്ന എനിക്ക് ബോറടിക്കുന്നുണ്ടെടാ.... """""അവൻ നെഞ്ചിൽ കൈ വച്ചു വല്ലാത്ത ഭാവത്തോടെ പറഞ്ഞു. അവന്റെ പറച്ചിൽ കേട്ട് കണ്ണൻ നിന്നു ചിരിച്ചു. അവന്റെ മനസ്സിൽ അപ്പോൾ അവളെ ആദ്യമായി കണ്ട ദിവസം ആയിരുന്നു. സെക്കൻഡ് ഇയർ ആയി പ്രമോഷൻ കിട്ടിയ സന്തോഷത്തിലായിരുന്നു കണ്ണനും കൂട്ടുകാരും.ഇനിയിപ്പോൾ റാഗ് ചെയ്യാം.....ഫസ്റ്റ് ഇയറിൽ ഇവിടെ വന്നപ്പോൾ കിട്ടിയ പണിയൊക്കെ തിരിച്ചു കൊടുക്കാമല്ലോ എന്നുള്ള ആത്മനിർവൃതിയിൽ രാവിലെ തന്നെ ഒരുങ്ങി കെട്ടി വന്ന ഗ്രൗണ്ടിന് താഴെയുള്ള പടികളിൽ ഇരിപ്പുറപ്പിച്ചു.

നല്ല രീതിയിൽ റാഗിംഗ് പുരോഗമിച്ചുകൊണ്ടിരുന്നപ്പോളാണ് ആ മുഖം ആദ്യമായി കണ്ണിൽ പതിയുന്നത്. പട്ടുപാവാടയും ഉടുപ്പും ഇട്ടു മുടി രണ്ടു വശത്തായി പിന്നിയിട്ട ഒരു പെൺകുട്ടി.കണ്ണൊക്കെ നല്ല കറുപ്പിച്ചു എഴുതിയിട്ടുണ്ട്. പേടിച്ചു പേടിച്ചാണ് നടക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. വല്ലാത്ത ഒരു കൗതുകം തോന്നി അവളെ കണ്ടപ്പോൾ. """ഡീ...... അവിടെ നിന്നേ...... """" ഉറക്കെ വിളിച്ചു മുൻപിൽ കൂടി പോയ കുറച്ചു പെൺകുട്ടികൾ തിരിഞ്ഞു നോക്കി അവൻ വിളിച്ചത് കേട്ട്. എല്ലാ മുഖങ്ങളിലും ഒരുതരം ഭയമുണ്ടായിരുന്നു. """" ചുവന്ന പാവാടയിട്ടവൾ ഇങ്ങു വാ.... ബാക്കിയുള്ളവരൊക്കെ പൊക്കോ...."""

അവൾക്ക് നേരെ വിരൽ ചൂണ്ടി അവൻ പറഞ്ഞു കേട്ട് ആശ്വാസത്തിൽ ബാക്കിയുള്ളവർ നടന്നു അവൻ തന്നെയാണ് നോക്കുന്നത് എന്ന് കണ്ടപ്പോൾ അവളെ ചെറുതായി വിറയ്ക്കാൻ തുടങ്ങിയിരുന്നു. ചുണ്ടിന് മുകളിൽ പറ്റിപ്പിടിച്ച വിയർപ്പ്കണങ്ങൾ തൂവാല വെച്ച് തുടച്ചിട്ട് അവൾ പതിയെ അവന്റെ അരികിലേക്ക് നടന്നു. ഇടതു കവിളിൽ ഉള്ള മറുകിലായിരുന്നു അവൾ അടുത്തു നിന്നപ്പോൾ കണ്ണന്റെ നോട്ടം. ആ മറുക് അവളുടെ ഭംഗി വർദ്ധിപ്പിക്കുന്നതായി തോന്നി അവന്. ""നിന്റെ പേരെന്താ"". അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു. എല്ലാവരുടെയും തുറിച്ചു നോട്ടം കണ്ട് അവൾ ആകെ ഭയന്നിരുന്നു. ""ഗാ......ഗായത്രി ""വിക്കി വിക്കി ഒടുവിൽ പറഞ്ഞൊപ്പിച്ചു. ""നിനക്ക് വിക്കുണ്ടോ..""

പകുതി കളിയായിട്ടായിരുന്നു ചോദ്യം. ""ഇ..... ഇല്ല...പേ....പേടിച്ചിട്ടാ"" വീണ്ടും പെറുക്കി പെറുക്കി ഉള്ള വാക്കുകൾ. ""ഏതാ ഡിപ്പാർട്ട്മെന്റ് ""അടുത്തിരുന്ന വിവേക് ചോദിച്ചു. """ മലയാളം ""ഇത്തവണ വിക്കില്ലാതെ പറഞ്ഞെങ്കിലും ശബ്ദം നന്നേ നേർത്തിരുന്നു. ""ഓഹ്... നമ്മുടെ ജൂനിയർ അല്ലല്ലോടാ '"വിവേക് നിരാശയോടെ പറഞ്ഞു. ""മലയാളം ആയതുകൊണ്ടാണോ നീ ഈ കഥകളി വേഷത്തിൽ ഇങ്ങു പോന്നത്... അതോ പാവമാണെന്ന് എല്ലാവരെയും കാണിക്കാനോ...."" മാത്യുവിന്റെ ചോദ്യം കേട്ട് അവളുടെ കണ്ണ് നിറഞ്ഞു. നിറഞ്ഞ കണ്ണുകൾ അവരിൽ നിന്നും മറച്ചു നിലത്തേക്ക് നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ കണ്ണന് പാവം തോന്നി.

ചുമന്ന മൂക്ക് ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ""എടാ മതി നിർത്തിയേരെ... "" മാത്യുവിന്റെ തോളിൽ പിടിച്ചു കണ്ണൻ പറഞ്ഞു. ""നിനക്ക് പാടാൻ അറിയാമോ"" അവൾ ഇല്ലെന്ന് തലയാട്ടി ""ഡാൻസോ"" അതിനും ഇല്ലെന്നു തലയാട്ടി ""എന്നാൽ നീ ഒരു മുറൈ വന്ത് പാർത്തായ എന്ന പാട്ട് പാടി ഒരു ബ്രേക്ക്‌ ഡാൻസ് കളിക്ക്"". മാത്യു പറഞ്ഞു. അവൾക്ക് വല്ലാത്ത പേടി തോന്നി...... ചുറ്റും നോക്കിയപ്പോൾ പലരും കാഴ്ച കാണാനായി നിൽക്കുകയാണ്.... കൈയും കാലും ഒക്കെ വിറക്കും പോലെ തോന്നി അവൾക്ക്.... എത്രയൊക്കെ ശ്രമിച്ചിട്ടും ഒരു വരി പോലും പാടാൻ നാവ് വഴങ്ങുന്നില്ല... അവൾ ദയനീയമായി അവരെ നോക്കി. ""അത് പാടാതെ നീ ഇവിടുന്ന് പോകില്ല.....

സ്ഥിരം നമ്പർ ഒക്കെ കൈയിൽ വച്ചാൽ മതി....മര്യാദക്ക് പാടിക്കോ..."". ഇത്തവണ വിവേകിന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു. നാവിൽ നിന്നും ഉമിനീർ വരെ വറ്റിയപോലെ തോന്നി അവൾക്ക്.... ഒരു വരി പോലും പറയാൻ കഴിയുന്നില്ല.... കൈയും കാലും ഒക്കെ കിലുകിലാ വിറക്കുന്നു.... അവളുടെ അവസ്ഥ കണ്ട് സംഗതി കുഴപ്പം ആകുമെന്ന് കണ്ണൻ തോന്നി. അവരെ തടയാനായി അവൻ വാ തുറക്കുമ്പോഴേക്ക് ബോധം മറഞ്ഞു അവൾ താഴേക്ക് വീഴാൻ തുടങ്ങിയിരുന്നു. ഓടിച്ചെന്ന് തല നിലത്തടിക്കാതെ പിടിച്ചു നിർത്തുമ്പോൾ നെഞ്ചിടിപ്പ് വല്ലാതെ കൂടിയതായി തോന്നി അവന്.... ശരീരമാകെ ഒരു വിറയൽ കടന്നു പോയത് പോലെ..

""" ഡാ നീ ഇതെന്താ ആലോചിച്ച് നിൽക്കുവാ.... അവന്മാരൊക്കെ കാന്റീൻ ഇരിപ്പുണ്ട്...നിന്റെ മിണ്ടാ പൂച്ചയൊക്കെ അവളുടെ പാട്ടിനു പോയി..നടക്കിങ്ങോട്ട്.. """ മാത്യു സ്വല്പം കലിപ്പിട്ടു പറഞ്ഞപ്പോഴാണ് പഴയ ഓർമ്മകളിൽ നിന്നും തിരിച്ചു വരുന്നത്. ചമ്മിയ ഒരു ചിരിയും ചിരിച്ച് അവന്റെ പിന്നാലെ കാന്റീൻലേക്ക് നടന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കാർ വേദയുടെ വീടിന്റെ ഉമ്മറത്തു എത്തിയപ്പോളേ കണ്ടു അവരെയും പ്രതീക്ഷിച്ചു എല്ലാവരും പുറത്തേക്ക് ഇറങ്ങി നിൽക്കുന്നത്. ശിവയെ കണ്ടപ്പോളേക്കും ദേവുവും ദിയയും ഓടി അവന്റെ അടുത്തെത്തി..... ""ശിവേട്ടാ ""എന്ന് വിളിച്ചു അവനോടു ചേർന്നു നിൽക്കുന്ന അവരെ കണ്ടപ്പോൾ വേദക്ക് ചെറിയ അസൂയ തോന്നി.

""ആഹാ എങ്കിൽ നിന്റെ ശിവേട്ടനോട് ചോദിച്ചാൽ മതി എല്ലാം. ഇതിൽ നിന്നും ഒരു കഷണം പോലും ഞാൻ തരില്ല. ""കയ്യിലിരുന്ന ബേക്കറി കവർ ഉയർത്തിക്കാട്ടി അവരെ നോക്കി കെറുവോടെ പറഞ്ഞിട്ട് അവൾ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് നടന്നു. പറഞ്ഞത് അബദ്ധം ആയോ എന്ന മട്ടിൽ ദേവുവും ദിയയും ശിവയെ നോക്കി. ""അതൊന്നും കാര്യമാക്കണ്ട..... മക്കൾക്ക് എന്ത് വേണമെങ്കിലും എന്നോട് പറഞ്ഞാൽ മതി.... ആ കുശുമ്പി പെണ്ണിനോട് പോകാൻ പറ."" ശിവ രണ്ടാളെയും ചേർത്തു നിർത്തി പറഞ്ഞു. അവന്റെ സംസാരവും അവളെ നോക്കിയുള്ള കളിയാക്കി ചിരിയും കണ്ടപ്പോൾ വേദയുടെ മുഖം ഒന്നുകൂടി ചുമന്നു. അവരെ മൂന്ന് പേരെയും പൂർണമായി അവഗണിച്ചു

അവൾ അച്ഛന്റെയും അമ്മയുടെയും നേരെ തിരിഞ്ഞു. """ദാ ഇത് നമുക്ക് മൂന്നാൾക്കും മാത്രം വാങ്ങിയതാ അവർക്കു കൊടുക്കണ്ട....""" അവൾ കൈയ്യിലിരുന്ന കവർ അമ്മയുടെ നേരെ നീട്ടി. വിനോദിനി ചിരിയോടെ അത് വാങ്ങി... അവളുടെ കുശുമ്പ് നന്നായി അറിയാവുന്നത് കൊണ്ട് ശിവയെ സപ്പോർട്ട് ചെയ്തു പറഞ്ഞാൽ പിന്നെ എല്ലാവരോടും പിണങ്ങും എന്ന് അവർക്ക് നല്ല ഉറപ്പായിരുന്നു. """ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ മാഷേ. ഇന്ന് രാത്രി പോകണ്ടേ ആശുപത്രിയിലേക്ക്.""" അവൻ ശ്രീനിവാസൻ അടുത്തേക്ക് വന്ന് ചോദിച്ചു. """നിന്നോട് ഈ മാഷ് വിളി നിർത്താൻ ഞാൻ ഒരാഴ്ചയായി പറയുന്നു. ഇനിയും നീ മാഷേ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ..."""ശ്രീനി അവന്റെ ചെവിയിൽ പിടിച്ചു

. """ആഹ്.... ശീലമായി പോയതുകൊണ്ടാ.... മാഷേ അല്ലാ....അച്ഛാ..... ""ശിവ ചെവിയിൽ നിന്നും കൈ എടുപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. ""എന്നാലെ ശീലങ്ങൾ ഒക്കെ അങ്ങ് മാറ്റിയാൽ മതി. മര്യാദയ്ക്ക് അമ്മേ എന്നും അച്ഛാ എന്നും വിളിച്ചോണം.... അല്ലെങ്കിൽ വേദയെ ഞാൻ ഇവിടെ നിർത്തും. എന്നിട്ട് എന്ന് നീ മര്യാദയ്ക്ക് അച്ഛാ എന്ന് വിളിക്കുന്നോ അന്ന് വന്നു കൂട്ടിയാൽ മതി. ""ശ്രീനി കൃത്രിമ ഗൗരവം കലർന്ന മുഖത്തോടെ പറഞ്ഞു. ""ചതിക്കല്ലേ.... അച്ഛാ.."" ശിവ നെഞ്ചിൽ കൈവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു. അവന്റെ ആ ഭാവം കണ്ടപ്പോൾ ദേവുവും ദിയയും കളിയാക്കുന്ന മുഖത്തോടെ വേദയെ നോക്കി. അതവളിൽ ചെറുതായി നാണം ജനിപ്പിച്ചു.

"വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് കയറ് പിള്ളേരെ.... അതിനി പ്രത്യേകിച്ച് പറയണോ...."" വിനോദിന് ശാസനയുടെ സ്വരത്തിൽ പറഞ്ഞതും ആദ്യംവേദ ഓടി അകത്തേക്ക് ചെന്നു. ഒരു ദിവസം ഇവരെയൊക്കെ കാണാതിരുന്നപ്പോൾ താനിത്രത്തോളം അവരെ മിസ്സ്‌ ചെയ്തോ എന്ന് തോന്നി വേദയ്ക്ക്... പറഞ്ഞിട്ടും പറഞ്ഞിട്ടും വിശേഷം ചോദിക്കലുകൾ തീരുന്നില്ലായിരുന്നു. ശിവ എല്ലാം നോക്കി കൊണ്ട് ചിരിയോടെ ശ്രീനിയുടെ അടുത്തേക്ക് ഇരിക്കുന്നതേയുള്ളൂ. അച്ഛനും അമ്മയ്ക്കും മകളോടുള്ള വാത്സല്യം നോക്കി കാണുകയായിരുന്നു അവൻ... ശ്രീനി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ട് എങ്കിലും കണ്ണുകൾ പലപ്പോഴും വേദയിൽ മാത്രമായിരുന്നു.

അമ്മയും മകളും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുകയായിരുന്നു അവൻ. അമ്മയുടെ കൈപിടിച്ചിരുന്നാണ് സംസാരം മുഴുവൻ. പറയുന്ന ഓരോ വാക്കും അമ്മ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. അതു കാൺകെ അവന്റെ മനസ്സിലേക്ക് പെട്ടെന്ന് അമ്മയുടെ മുഖമാണ് കടന്നുവന്നത്.... തന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ വിശേഷങ്ങൾ ചോദിക്കില്ലായിരുന്നോ.... അടുത്തിരുത്തി സംസാരിക്കില്ലായിരുന്നോ.... ഓർമ്മകളിൽ ഭ്രാന്തമായി അമ്മയുടെ മുഖം തിരിയാൻ തുടങ്ങി. ഒന്നും മിഴിവോടെ തെളിഞ്ഞു വന്നില്ല. അല്ലെങ്കിലും ഒരു നാലുവയസുകാരനെ ഓർമ്മയ്ക്ക് എത്രത്തോളം തെളിച്ചം ഉണ്ടാക്കാനാണ്.. മങ്ങിയ ഒരു പുഞ്ചിരി മാത്രമായിരുന്നു ഓർമ്മകളിൽ ഉണ്ടായിരുന്നത്....

വളരെ അടുത്തുനിന്നു കണ്ട തെളിച്ചമേറിയ ഒരു പുഞ്ചിരി. ""ഹലോ എന്താ ഈ ആലോചിക്കുന്നേ... ഈ ചേച്ചി അവിടെയും ഇങ്ങനെയാണോ. എന്റെ ചെവിക്കൊരു റസ്റ്റ്‌ ഇല്ലെന്നേ.... ""ദിയ ചിണുങ്ങിക്കൊണ്ട് ചെവിയും തിരുമ്മി അവന്റെ അടുത്തേക്ക് വന്നിരുന്നു. ശിവ വേദയെ നോക്കിയപ്പോൾ അവൾ മുഖം കുനിച്ചിരിക്കുകയായിരുന്നു. ഇങ്ങനെയൊന്നും ഒരിക്കലും താൻ സംസാരിച്ചിട്ടില്ല ശിവയോട് എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ മുറിയിൽ എത്തിയപ്പോൾ അവൻ വെറുതെ കണ്ണാടിയിൽ ഒന്ന് നോക്കി.... ചെവി ചുമന്നു കിടപ്പുണ്ട്....പക്ഷേ വേദനക്ക് പകരം അതവനിൽ പുഞ്ചിരി ആണ് സമ്മാനിച്ചത്.... വെറുതെ ചെവിയിൽ ഒന്ന് തൊട്ടു...

ആ വേദനക്കും വല്ലാത്ത ഒരു സുഖമുണ്ടെന്ന് തോന്നി... ശിവ ചെവിയിൽ പിടിച്ചു കൊണ്ട് കണ്ണാടിയിൽ നോക്കി നിൽക്കുന്നത് കണ്ടാണ് വേദ മുറിയിലേക്ക് വരുന്നത്. ചുമന്നു കിടക്കുന്ന അവന്റെ ചെവി കാൺകെ അവൾക്ക് ഉള്ളിൽ ഒരു നോവ് തോന്നി. അവന് മുൻപിലായി വന്നു നിന്ന് കൈയിൽ കരുതിയ ഓയിന്മെന്റ് മുൻപിലേക്ക് നീട്ടി."" ഇങ്ങനെ ചുമക്കും എന്ന് അച്ഛൻ വിചാരിച്ചു കാണില്ല. "" ശിവ ചിരിച്ചതേ ഉള്ളു. ""വേണ്ടെടോ.... അതങ്ങനെ തന്നെ കിടക്കട്ടെ... മരുന്നൊന്നും വേണ്ട...... ആദ്യമായിട്ടാണ് എന്നേ ഒരാൾ സ്നേഹം കാരണം ശിക്ഷിക്കുന്നത്..... ഈ വേദനക്ക് വല്ലാത്തൊരു സുഖമുണ്ട്... അതങ്ങനെ തന്നെ കിടക്കട്ടെ..

പറ്റുന്നിടത്തോളം അതനുഭവിക്കണം എനിക്ക്....""ഇടറുന്ന സ്വരത്തിൽ പറയുമ്പോൾ കണ്ണുകൾ ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു. അവന്റെ വാക്കുകൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങും പോലെ തോന്നി വേദക്ക്... അത്രമേൽ വേദനയുണ്ടായിരുന്നു.... അവൻ നെയ്തുകൂട്ടിയ ഓരോ അക്ഷരങ്ങളിലും... ഒരക്ഷരം പോലും ഉരിയാടാതെ... അവളൊന്നു ഉയർന്നു നിന്നു... പതിയെ ഒട്ടും താമസം ഇല്ലാതെ എല്ലാ വാത്സല്യത്തോടെയും അവന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്തു. അവന്റെ വേദനകളിലേക്ക് ഇറങ്ങി ചെല്ലുന്ന ആഴമുള്ള ഒരു ചുംബനം.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story