ശിവദം: ഭാഗം 16

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

നിമിഷങ്ങൾ കഴിഞ്ഞിട്ടും നിലത്തേക്ക് വീഴാതായപ്പോൾ പതിയെ ഒരു കണ്ണ് തുറന്നു നോക്കി.......ഇപ്പോഴും ശിവയുടെ കൈകൾക്കുള്ളിൽ തന്നെയാണ്.. പക്ഷേ മുൻപത്തേത് പോലെ നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുകയല്ല... തറയുമായി ഇത്തിരി അകലമേ ഉള്ളു... ചെറുതായി ആ കൈകൾ ഒന്ന് അയച്ചാൽ പോലും നിലത്തേക്ക് വീഴും. അവൾ അവനെ ദയനീയമായി നോക്കി.... """താഴെ ഇറങ്ങണോ..."" വീണ്ടും കുസൃതി കലർന്ന ചോദ്യം.. ഇത്തവണ വേണ്ട എന്ന് പതിയെ തലയാട്ടി അവൾ.... ഒരു പൊട്ടിച്ചിരിയോടെ അവൻ വീണ്ടും അവളെ എടുത്തുയർത്തി നെഞ്ചോടു ചേർത്ത് പിടിച്ചു.. മുഖം അവന്റെ നെഞ്ചോട് ചേർന്നു നിന്നപ്പോളാണ് തനിക്കൊപ്പം അല്ലെങ്കിൽ തന്നെക്കാൾ ഉച്ചത്തിൽ മിടിക്കുന്ന അവന്റെ നെഞ്ചിടിപ്പ് അവൾ കേൾക്കുന്നത്....

കണ്ണുകളടച്ചു വെറുതെ ആ ശബ്ദത്തിന് കാതോർത്തിരുന്നു.... മുറിയിലെത്തിയതോ അവൻ നിലത്തേക്ക് നിർത്തിയതോ ഒന്നും അറിഞ്ഞിരുന്നില്ല. കണ്ണുകളടച്ച് വെറുതെ ആ ഹൃദയമിടിപ്പിന് കാത്തിരിക്കുകയായിരുന്നു. ""ഹലോ.... ഇറങ്ങുന്നില്ലേ മുറിയിൽ എത്തി കേട്ടോ.... ""ചെവിയോട് ചേർന്ന് അവൻ പതിയെ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. നോക്കുമ്പോൾ കഴുത്തിൽ ചുറ്റിപ്പിടിച്ച കൈകളിൽ നോക്കി ചിരിയോടെ നിൽക്കുകയായിരുന്നു ശിവ. ദേഷ്യം ഭാവിച്ചു മാറിനിന്നു. ""എങ്ങോട്ടാ ഈ വരുന്ന ഇതെന്റെ മുറിയാ.. അപ്പുറത്ത് എങ്ങാനും പോയി കിടക്ക്. "" "" ഇല്ലെങ്കിൽ ""മീശപിരിച്ചു കൊണ്ട് ചിരിയോടെ ചോദിക്കുന്ന അവനെ ഒരു നിമിഷം അവൾ വായും തുറന്നു നോക്കി നിന്നു. ""ഇല്ലെങ്കിലെന്നോ ഇന്നലെ പറഞ്ഞതൊക്കെ മറന്നു പോയോ... ഇത് എന്റെ വീട് എന്റെ മുറി..

അപ്പുറത്തെങ്ങാനും പോയി കിടക്ക്."" അവൾ ഇത്തിരി ഗർവ്വോടെ പറഞ്ഞു. ""ഇന്നലെ എന്നിട്ട് നീ നിലത്താണോ കിടന്നത്... രാത്രി മുഴുവൻ എന്നെയും കെട്ടിപ്പിടിച്ചു കിടന്നിട്ട്..."" വീണ്ടും കുസൃതി കലർന്ന ചോദ്യം. വേദ ഒരു നിമിഷം ചൂളി നിന്നു.. രാവിലെ നടന്നതൊക്കെ വീണ്ടും ഓർമയിൽ തെളിഞ്ഞു വന്നു. ""ശ്ശേ... വേണ്ടായിരുന്നു. ഇന്നത്തെ ദിവസമേ ശരിയല്ല. ""അവൾ പിറുപിറുത്തു. അവനോട് പറയാൻ അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല. ഉത്തരം പറയാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ മുഖത്തെ ചിരി ഒന്നുകൂടി വിടർന്നു. ""നിങ്ങൾക്ക് തോന്നുന്നിടത്ത് കിടക്ക്‌... എന്റെ ദേഹത്തെങ്ങാനും തൊട്ടിട്ടുണ്ടെങ്കിൽ കസേര എടുത്തു ഞാൻ തല തല്ലിപ്പൊട്ടിക്കും. ""

ദേഷ്യത്തോടെ പറഞ്ഞിട്ട് നേരെ ചെന്ന് കിടന്നു. .. അവളുടെ ഭാവങ്ങൾ കണ്ടപ്പോൾ അവന് ചിരി സഹിക്കാൻ കഴിഞ്ഞില്ല. ചിരിയുടെ സൗണ്ട് കൂടി കേട്ടതും പുതപ്പെടുത്ത് തലവഴി മൂടി കിടന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാത്രി കിടക്കാൻ കഴിക്കാൻ ഇരിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു ഗായത്രി. ""ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു... ഭാഗ്യം..."" അവൾക്ക് ഇത്തിരി ആശ്വാസം തോന്നി. പതിവ് ഗൗരവം തന്നെയാണ് രണ്ടാളുടെയും മുഖത്ത്. വേഗം എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റു. മുറിയിൽ എത്തുന്നതു വരെയും പേടിയായിരുന്നു. പ്രേമം എന്നൊക്കെ കേൾക്കുന്നതു തന്നെ അച്ഛന് ദേഷ്യമാണ്. അമ്മയും ആ കാര്യത്തിൽ പിറകിലല്ല.

പട്ടാളത്തിൽ ആയിരുന്നതുകൊണ്ട് തന്നെ അച്ഛനെ കണ്ടിട്ടേ ഇല്ല കുട്ടിക്കാലത്ത് അങ്ങനെ. വല്ലപ്പോഴും ലീവിന് വരുമ്പോളാകട്ടെ ദേഷ്യവും വഴക്കുകളും മാത്രമേ ഓർമ്മയുള്ളൂ. അച്ഛനും അമ്മയും തമ്മിൽ ഇതുവരെ സ്നേഹത്തോടെ ഒന്ന് സംസാരിച്ചു കണ്ടിട്ടില്ല. അച്ഛൻ എടുക്കുന്ന തീരുമാനങ്ങക്കപ്പുറമൊന്നും ഉണ്ടായിട്ടില്ല വീട്ടിൽ. മറുത്തൊന്നും പറയാനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ജീവിതത്തിലെ തീരുമാനങ്ങളെല്ലാം തന്നെ തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എടുത്തായിരുന്നു. ഓർമ്മകൾ വരിഞ്ഞുമുറുക്കും തോറും അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ കവിളിനെ നനച്ചുകൊണ്ട് താഴേക്കൊഴുകി. പെട്ടെന്നുതന്നെ അത് തുടച്ചുമാറ്റി മേശയുടെ അടുത്തേക്ക് നടന്നു.

ഏറ്റവും താഴത്തെ ഡ്രോയിലായി നിധി പോലെ സൂക്ഷിക്കുന്ന ഒരു കുഞ്ഞു ബോക്സിലേക്ക് നോട്ടം ചെന്നു. കൈനീട്ടി അത് എടുക്കുമ്പോൾ എല്ലാ ദിവസവും ഒരു നൂറുവട്ടം കാണുന്നതാണെങ്കിലും വല്ലാത്ത ഒരു ആകാംക്ഷ മിഴികളിൽ നിറഞ്ഞുനിന്നിരുന്നു. പതുക്കെ അതിനുള്ളിൽ നിന്നും ആ കറുത്ത ബട്ടൻസ് പുറത്തേക്കെടുത്തു വിരലുകൾക്ക് ഉള്ളിലായി പിടിച്ചു ച്ചു നോക്കുമ്പോൾ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. അന്ന് ബോധം മറഞ്ഞ് നിലത്തേക്ക് വീഴും മുൻപ് കണ്ണന്റെ ഷർട്ടിൽ കൈകൾ മുറുകിയപ്പോൾ എങ്ങനെയോ കൈകൾക്കുള്ളിൽ അകപ്പെട്ടതാണ്. പുറമേ നിന്നു നോക്കുന്നവർക്ക് ഭ്രാന്തായി തോന്നുമെങ്കിലും അവൾക്ക് അത് അവന്റെ സാമീപ്യമാണെന്ന് തോന്നി

അവൻ അടുത്തുള്ളത് പോലെ ഒരു തോന്നൽ. കുറേയേറെ നേരം അതിലേക്ക് തന്നെ നോക്കി നിന്നു. കണ്ണന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ. """എനിക്കറിയാം എന്നേ ഇഷ്ടമാണെന്ന് പക്ഷേ ഒരിക്കലും എനിക്ക് തിരിച്ച് സ്നേഹിക്കാൻ കഴിയില്ല. ""പറയുമ്പോൾ കണ്ണുകൾ കലങ്ങിയിരുന്നു. മെല്ലെ ചുണ്ടോഡ് ചേർക്കാൻ ഒരുങ്ങുമ്പോഴാണ് വാതിൽക്കൽ മുട്ടു കേട്ടത്. . പരിഭ്രമത്തോടെ എല്ലാം തിരികെ വെച്ചിട്ട് കണ്ണുകൾ തുടച്ചു കൊണ്ട് ഓടി ചെന്ന് വാതിൽ തുറന്നു. അച്ഛനായിരുന്നു വാതിൽ തുറക്കാൻ താമസിച്ചത് കൊണ്ടോ എന്തോ മുഖത്ത് ഗൗരവം ഇത്തിരികൂടി കൂടിയതുപോലെ. ""എന്താ ഇത്ര താമസം തുറക്കാൻ"". മുറിക്കുള്ളിലേക്ക് നോക്കിക്കൊണ്ട് ഗിരീഷ് ചോദിച്ചു ""പ..... പഠിക്കുകയായിരുന്നു""

മുഖത്തേക്ക് നോക്കാനുള്ള ധൈര്യം ഇല്ലാതിരുന്നതുകൊണ്ട് നിലത്തേക്ക് നോക്കി പറഞ്ഞു. ""ഹ്മ്മ്.. ""ഒന്നമർത്തി മൂളി ""കിഷോറിന്റെ അമ്മ നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു. അങ്ങോട്ട് വിളിക്ക്. നാളെ വീട്ടിലേക്ക് ചെന്നു കയറേണ്ടതാ. വെറുതെ അവർക്കൊരു മുഷിച്ചിൽ ഉണ്ടാക്കാൻ നിൽക്കണ്ട"". കനത്ത സ്വരത്തിൽ പറഞ്ഞു കൊണ്ട് ഗിരീഷ് പുറത്തേക്ക് നടന്നു. ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കി ശരിയാണ് കുറെയേറെ തവണ വിളിച്ചിരിക്കുന്നു. മരവിപ്പ് മാത്രമാണ് അവർക്ക് തോന്നിയത്. നമ്പർ ഡയൽ ചെയ്തു ചെവിയിലേക്ക് വെക്കുമ്പോൾ കൈകൾ വിറച്ചിരുന്നോ എന്ന് തോന്നി. ""ഹ...... ഹലോ"" ഫോൺ എടുത്തു എങ്കിലും മറുവശത്തു നിന്നും മറുപടി ഒന്നും കേൾക്കാതെ ഇരുന്നപ്പോൾ അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ""എവിടെയായിരുന്നു ""ഗൗരവം ശബ്ദത്തിൽ പ്രകടമായിരുന്നു. ""പ....പഠിക്കാനുണ്ടായിരുന്നു""

പറയുമ്പോൾ വാക്കുകൾ നേർത്തു പോയിരുന്നു. കുറച്ചു നേരത്തേക്ക് ഒന്നും കേട്ടില്ല. ""ഹ്മ്മ്.. ഇനി മേലാൽ ആവർത്തിക്കരുത്.ലീവ് കിട്ടിയ കാര്യം പറയാനാ വിളിച്ചത് അടുത്ത മാസം വരാം നാട്ടിലേക്ക്."" പിന്നീട് അവൻ പറഞ്ഞതും കോൾ കട്ടായതും ഒന്നും അവൾ കേട്ടില്ല അടുത്തമാസം നാട്ടിലേക്ക് വരുന്നുണ്ടെന്ന അവന്റെ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ. കൂടെ ജോലി ചെയ്യുന്ന മുതിർന്ന ഉദ്യോഗസ്ഥന്റെ കുടുംബമായി അച്ഛൻ ഒരു ദിവസം വീട്ടിലേക്ക് വന്നത് വിവാഹം ഉറപ്പിച്ചു എന്ന് പറയാനാണ്. ലണ്ടനിൽ ആയതിനാൽ ചെറുക്കന് വരാൻ കഴിഞ്ഞിരുന്നില്ല. ഫോൺ വഴിയായിരുന്നു പരിചയപ്പെട്ടത്. പക്ഷേ ഭയം എന്നൊരു വികാരം അല്ലാതെ മറ്റൊന്നും തോന്നിയിട്ടില്ല ഇതുവരെ.

ആദ്യമായി സംസാരിക്കുമ്പോൾ ഒരു അപരിചിതത്വം ഉണ്ടായിരുന്നു എന്നല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല. ഇഷ്ടപ്പെടാൻ ശ്രമിക്കുകയായിരുന്നു മനസ്സ്. പക്ഷേ പിന്നീടെപ്പോഴായിരുന്നു എല്ലാം മാറിയത്. വീണ്ടും വീണ്ടും നിയന്ത്രണങ്ങൾ മാത്രം ജീവിതത്തിലേക്ക് കടന്നുവന്നു. മറുത്തെന്തെങ്കിലും പറഞ്ഞാൽ ഫോൺ വെച്ച ശേഷം നിമിഷങ്ങൾ കഴിഞ്ഞ് മുറിയിലേക്ക് വരുന്ന അച്ഛന്റെ കയ്യിലെ ചൂരൽ ആയിരിക്കും മറുപടി പറയുക. പതിയെപ്പതിയെ എന്തുപറഞ്ഞാലും അനുസരണയോടെ നിൽക്കുന്ന നിശബ്ദതയെ അവളും പ്രണയിച്ചു തുടങ്ങിയിരുന്നു. വെറുതെ കാൽമുട്ടിൽ മുഖം ചേർത്ത് അങ്ങനെ ഇരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അവൾ രാവിലെ ഉറക്കമുണർന്നപ്പോൾ ശിവയേ അടുത്ത് ഒന്നും കണ്ടില്ല. അവൾ നിരാശയോടെ കണ്ണുകൾ കൊണ്ടു പരതി. ""ഇതെവിടെ പോയി സമയം ഒത്തിരി ഒന്നും ആയില്ലല്ലോ"". അവൾ ചുറ്റിലും നോക്കി എങ്കിലും കാണാൻ കഴിഞ്ഞില്ല. പുറത്തേക്ക് വന്നപ്പോഴാണ് അടുക്കളയിൽ ബഹളം കേട്ടത്. ദിയയുടെയും ദേവുവിന്റെയും ചിരിയായിരുന്നു കൂടുതൽ. നെറ്റി ചുളിച്ചു കൊണ്ട് നേരെ അങ്ങോട്ട് നടന്നു. ഒന്നേ നോക്കിയുള്ളൂ.... അവസ്ഥകണ്ട് അവൾക്ക് കരച്ചിൽ വന്നു. ശിവയെ ചപ്പാത്തി ഉണ്ടാക്കാൻ പഠിപ്പിക്കുകയാണ് ദേവു. ഗോതമ്പുപൊടി അവിടെ ആകെ ചിതറി കിടപ്പുണ്ട്. ഓരോ രാജ്യങ്ങളുടെ ഭൂപടത്തിന്റെ ആകൃതിയിൽ പരത്തിയ ചപ്പാത്തികൾ നിരത്തി വെച്ചിട്ടുണ്ട്.

ഓസ്ട്രേലിയ ആണെന്ന് തോന്നുന്നു ഇപ്പോൾ പരത്തുന്നത്.... കരിഞ്ഞുപോയ ചപ്പാത്തികൾ മറ്റൊരു പാത്രത്തിലും ഇട്ടു വച്ചിട്ടുണ്ട്. ""എന്താ ഈ ചെയ്യുന്നേ"" ഇത്തിരി ഉറക്കെ തന്നെ ചോദിച്ചു. തിരിഞ്ഞുനോക്കിയ ശിവയും ദേവുവും കാണുന്നത് കലിപ്പ് ഇട്ടു നിൽക്കുന്ന വേദയേയാണ്. ദിയയും ദേവുവും അവളെ നോക്കി ചിരിച്ചു കാണിച്ചെങ്കിലും ദേഷ്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ""അത് ചേച്ചി ഞങ്ങളെ"" ദേവു വിക്കി വിക്കി പറയാൻ തുടങ്ങി. ""അമ്മ ആശുപത്രിയിൽ അല്ലേ അപ്പോൾ ബ്രേക്ക്ഫാസ്റ്റ് ഒന്നിച്ച് ഉണ്ടാക്കാം എന്ന് വിചാരിച്ചു."" ദേവുവിന്റെ പേടി കണ്ട് ശിവ തന്നെ മറുപടി കൊടുത്തു. . . ""അതിന് ഇങ്ങനെയാണോ ചെയ്യുന്നേ.. അടുക്കളയുടെ കോലം നോക്ക്. ഇതൊക്കെ വൃത്തിയാക്കി ഇനി എപ്പോ പോകാനാ ആശുപത്രിയിലേക്ക്"". അവൾക്ക്ദേഷ്യവും സങ്കടവും ഒക്കെ കൂടി വരുന്നുണ്ടായിരുന്നു ചെയ്യേണ്ട ജോലി നോക്കിയപ്പോൾ.

കുറ്റം ചെയ്ത കുട്ടികളെപ്പോലെ മൂന്നാളും തലതാഴ്ത്തി നിന്നു. "" എന്താ ഇങ്ങനെ എന്നൊന്നും എനിക്കറിയേണ്ട. അടുക്കള എനിക്ക് പഴയപോലെ കിട്ടണം. മൂന്ന് പേരോടും കൂടിയ പറയുന്നേ ചപ്പാത്തി കുളിച്ചിട്ട് വന്നിട്ട് ഞാൻ ഉണ്ടാക്കി കൊള്ളാം"". ദേഷ്യത്തോടെ മൂന്നുപേരെയും നോക്കിയിട്ട് മുറിയിലേക്ക് നടന്നു. ഒന്നും വേണ്ടായിരുന്നു എന്ന ഭാവത്തിൽ ശിവയും ദേവുവും ദിയയും മുഖത്തോടുമുഖം നോക്കി നിന്നു. ആശുപത്രിയിൽ എത്തിയിട്ടും ഇടയ്ക്കിടെ തന്നെ ദേഷ്യത്തോടെ നോക്കുന്ന വേദയെ കണ്ട് അവന് ചിരി വന്നു. ഓരോ തവണ അവൾ ദേഷ്യപ്പെടുമ്പോഴും അവൻ മീശപിരിച്ചു കണ്ണിറുക്കി കാണിച്ചു കൊണ്ടിരുന്നു. അച്ഛൻ സർജറി കഴിഞ്ഞ് മയക്കത്തിലായിരുന്നു ഐസിയുവിൽ.

ഇപ്പോഴാണെന്ന് തോന്നുന്നു അമ്മയ്ക്ക് സമാധാനമായത് ഇത്രയും ദിവസം എത്രയൊക്കെ മുഖത്ത് ചിരി വരുത്തി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിൽ ഒരു കടൽ ഇരമ്പുന്നത് അവന് മനസ്സിലായിരുന്നു. ശിവ ദേവുവിനെ നോക്കി കണ്ണു കാണിച്ചു. അവൾ മനസ്സിലായത് പോലെ തലയാട്ടി. രാവിലെ മുതലുള്ള വേദയുടെ ദേഷ്യം അവളും കാണുന്നതായിരുന്നു.. ""അമ്മേ വാ നമുക്ക് കാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം. എനിക്കും ദിയക്കും നല്ല വിശപ്പ്.. അമ്മയും രാവിലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ...""വിനോദിനിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. ഇതെന്താ എന്ന കഥ എന്ന മട്ടിൽ ഒന്നും മനസ്സിലാകാതെ നിന്നെങ്കിലും ദേവു ആംഗ്യം കാണിച്ചപ്പോൾ ദിയക്കും കാര്യം മനസ്സിലായി. ""വാ അമ്മേ... ""ദിയയും കൂടി നിർബന്ധിച്ചപ്പോൾ ഗത്യന്തരമില്ലാതെ വിനോദിനെ എണീറ്റു. അവരുടെ പ്ലാനുകൾ ഒന്നും അറിയാതിരുന്നതിനാൽ വലിയ രീതിയിൽ വേദ ശ്രദ്ധിക്കാൻ പോയില്ല.

മുറിക്ക് പുറത്തേക്ക് പോകുന്നതിനുമുമ്പ് ദിയ ശിവയെ നോക്കി ഓൾ ദി ബെസ്റ്റ് കാണിക്കുന്നത് കണ്ടാണ് വേദ സംശയത്തോടെ മൂന്നാളെയും നോക്കുന്നത്. അപ്പോഴേക്കും വിനോദിനെയും കൊണ്ട് അവർ പുറത്തേക്ക് നടന്നിരുന്നു. ശിവയുടെ ഇരിപ്പും ചിരിയും കണ്ടപ്പോഴേ കാര്യം അത്ര ശരിയല്ലെന്ന് അവൾക്ക് തോന്നിയിരുന്നു. """ഈശ്വരാ... ഇനി ഉമ്മ തിരിച്ചുതരാൻ എങ്ങാനും വരുമോ.. ""അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് അവനെ ഒളികണ്ണിട്ട് നോക്കി. തന്നിൽ തന്നെ മിഴിനട്ടിരിക്കുന്ന അവനെ കണ്ട് തുടങ്ങുമ്പോഴേക്കും കയ്യിൽ പിടിത്തം വീണിരുന്നു. എന്തിനാണെന്ന് മനസ്സിലാക്കും മുൻപേ അവൻ അവളുടെ മടിയിൽ തലവച്ചു കിടന്നിരുന്നു.

ഒരു നിമിഷം വേദ തറഞ്ഞു നിന്നു. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു നീക്കം. എന്തുവേണമെന്ന് അവർക്ക് ഒരൂഹവും കിട്ടിയില്ല. എങ്കിലും കണ്ണുകൾ അടച്ചു നിഷ്കളങ്കമായ മുഖത്തോടെ തന്റെ മടിയിൽ തലവെച്ചു കിടക്കുന്ന അവനോടു അവൾക്ക് എന്തെന്നില്ലാത്ത വാത്സല്യം തോന്നി. പതിയെ അവന്റെ നെറ്റിയിൽ വീണ മുടിയിഴകൾ പിന്നിലേക്ക് മാടിയൊതുക്കി. അവളുടെ വിരലുകളുടെ സ്പർശനമേറ്റെന്നോണം ശിവയിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു. കുറച്ചുനേരം കൂടി അവളുടെ മുടിയിൽ കൂടി വെറുതെ വിരലോടിച്ചിരുന്നു. ശിവ മയക്കത്തിലേക്ക് വീഴുന്നതറിഞ്ഞഞ്ഞപ്പോൾ അവളിലും ചിരി ഉണ്ടായിരുന്നു.

പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത് പ്രിൻസിപ്പാളിന്റെ നമ്പർ ആയതുകൊണ്ട് എടുത്തേ നിർവാഹം ഉണ്ടായിരുന്നുള്ളൂ. അവൾ വേഗം തന്നെ ഫോൺ എടുത്തു സൈലന്റ് ആക്കി. എന്നിട്ട് ശിവയുടെ തല പതിയെ മടിയിൽ നിന്നും പൊക്കി സൂക്ഷ്മതയോടെ ഒരു തലയണ എടുത്തു വെച്ചിട്ട് അതിനു മുകളിലേക്ക് വച്ചു. ലീവിന്റെ കാര്യങ്ങളും അച്ഛന്റെ വിവരവും പറഞ്ഞു ഫോൺ വിളി കുറേയേറെ നീണ്ടു പോയി. തിരികെ റൂമിലേക്ക് വരുമ്പോൾ ശിവ വാതിൽക്കൽ ചാരിനിന്ന് ഏതോ ഒരു പെൺകുട്ടിയോട് സംസാരിക്കുന്നത് കണ്ടു. തിരിഞ്ഞു നിന്നതിനാൽ മുഖം വ്യക്തമായില്ല.

ആരാണെന്ന ജിജ്ഞാസയോടെ അവൾ മുന്നോട്ടു നടന്നു. അരികിലെത്താറായപ്പോളാണ് ശിവയുടെ നോട്ടം പിന്തുടർന്ന് ആ കുട്ടിയും പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നത്. ഒരു നിമിഷത്തേക്ക് ചലനം പോലും നഷ്ടപ്പെട്ട അവസ്ഥയിലായി വേദ. നാല് വർഷങ്ങൾക്ക് മുൻപ് കണ്ട ആ മുഖം വീണ്ടും അതേ തെളിമയോടെ മുന്നിൽ നിറഞ്ഞു നിൽക്കുന്നു. കണ്ണുകളിൽ ഇരുട്ട് നിറയും പോലെ തോന്നി അവൾക്ക്. മനപ്പൂർവം മറക്കാൻ ശ്രമിച്ചതൊക്കെ ആർത്തലച്ചു മനസ്സിലേക്ക് കടന്നു വരുന്നത് പോലെ............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story