ശിവദം: ഭാഗം 18

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

അവളുടെ സാമീപ്യം അറിഞ്ഞിട്ടോ എന്തോ ശിവയും തിരിഞ്ഞു നോക്കി.. പക്ഷേ ശ്വാസമെടുക്കാൻ കിതച്ചു കൊണ്ട് തന്റെ മുൻപിൽ നിൽക്കുന്ന അവളെ നോക്കുന്ന അവന്റെ മുഖത്ത് നിർവികാരത മാത്രം നിറഞ്ഞു നിന്നു.. പോകരുതേ എന്നുള്ള യാചന മാത്രമേ ഉള്ളായിരുന്നു അവളുടേ കണ്ണുകളിൽ.... പക്ഷേ അവനത് കണ്ടില്ല എന്ന് തന്നെ നടിച്ചു... അവളെ ഗൗനിക്കുക പോലും ചെയ്യാതെ കാറെടുത്തു അവൻ പുറത്തേക്ക് പോയി... പ്രതികരിക്കാൻ പോലും കഴിയാതെ നിൽക്കുമ്പോൾ ചുറ്റും ശൂന്യത നിറയുന്നതായി തോന്നി അവൾക്ക്.. ""വേദേച്ചി ഇതെന്ത് നോക്കി നിൽക്കുവാ ഇവിടെ..."" ദിയ വന്ന് തട്ടി വിളിച്ചപ്പോഴാണ് അപ്പോഴും അവൻ പോയ വഴിയിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണെന്ന് മനസ്സിലായത്.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പരിസരം പോലും മറന്നു നിൽക്കുന്ന വേദയെ കണ്ടപ്പോൾ വിനോദിനിക്ക് ഭയം തോന്നി.. ""എന്താ മോളെ... എന്താ ഉണ്ടായേ... ന്തിനാ ഈ കരയുന്നെ.."". അവരോടി വന്ന് അവളുടെ കണ്ണുകൾ രണ്ടും തുടച്ചുകൊണ്ട് ചോദിച്ചു.. ദിയയുടെയും ദേവുവിന്റെയും മുഖത്തും അതേ ഭയം കാണാമായിരുന്നു... മറ്റൊന്നും ഓർക്കാതെ വേദ അമ്മയെ ഇറുക്കെ കെട്ടിപ്പിടിച്ചു കരഞ്ഞു... ""വേദു .. എന്താ മോളെ.. കാര്യം പറ.. വെറുതെ അമ്മയെ ഇങ്ങനെ പേടിപ്പിക്കാതെ... ""വിനോദിനി അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും വല്ലാത്ത ഒരു ഭയം അവരുടെ ഉള്ളിലും ഉണ്ടായിരുന്നു. അമ്മയുടെ വാക്കുകൾ കേട്ടപ്പോഴാണ് താൻ അവരെക്കൂടി പേടിപ്പിക്കുകയാണെന്ന് വേദക്ക് മനസ്സിലായത്.

മുഖമുയർത്തി നോക്കിയപ്പോൾ അവരുടെ എല്ലാവരുടെയും കണ്ണുകളിൽ നിഴലിച്ച ഭയം കണ്ടപ്പോൾ..മനസ്സിന്റെ നിയന്ത്രണം കൈവിട്ട നിമിഷത്തെ അവൾ ശപിച്ചു.. പെട്ടെന്ന് തന്നെ കണ്ണുകൾ രണ്ടും അമർത്തിത്തുടച്ചു... ""ഒന്നുമില്ലമ്മ.... ശിവേട്ടനോട് ഒന്ന് പിണങ്ങി...അതിന്റെ ഒരു ചെറിയ വിഷമം.."" അവൾ മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു. വിനോദിനി ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു.."". ഒരൊറ്റ എണ്ണം വച്ചു തന്നാലുണ്ടല്ലോ വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ... ""അവളുടെ നേരെ തല്ലാനായി കൈ ഓങ്ങിക്കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു. ""നീ എന്തെങ്കിലും പറഞ്ഞു എന്റെ കുഞ്ഞിന്റെ മനസ്സ് വിഷമിപ്പിച്ചു കാണും..

അല്ലാതെ ന്റെ കുട്ടി പിണങ്ങുകയൊന്നുമില്ല.... ""കണ്ണുകൾ കൂർപ്പിച്ചു സംശയത്തോടെ അമ്മ പറഞ്ഞ വാക്കുകൾ വീണ്ടും കുറച്ചു മുൻപ് നടന്നതൊക്കെ മനസ്സിലേക്കെത്തിച്ചു... ""ഞാൻ...ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം അമ്മേ..... എങ്ങോട്ടാ പോയേന്ന്.... ""അമ്മയുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു പറഞ്ഞുകൊണ്ട് അവൾ വേഗത്തിൽ ആശുപത്രിയുടെ പുറത്തേക്ക് ഓടിയിറങ്ങി.. ഏറെ നേരം കാത്തുനിന്നു കിട്ടിയ ഓട്ടോറിക്ഷയിൽ കയറി വീട്ടിലേക്ക് പോകുമ്പോൾ വീണ്ടും വീണ്ടും ശിവയുടെ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരുന്നു... ഒരു തവണ പോലും കാൾ എടുത്തില്ല.. അവൾക്ക് വല്ലാത്ത ഭയം തോന്നി...

കട്ട്‌ ചെയ്തിരുന്നു എങ്കിൽ ഇതിലും സമാധാനം ഉണ്ടായിരുന്നേനെ എന്ന് തോന്നി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വഴിയരികിൽ കാർ ഒതുക്കിയിട്ടു സ്റ്റിയറിങ്ലേക്ക് തല വച്ചു കിടക്കുമ്പോൾ വേദ പറഞ്ഞ ഓരോ വാക്കുകളും വീണ്ടും വീണ്ടും അവന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു... ഒരു പെൺകുട്ടിയെ ചതിച്ചു മറ്റൊരാളുടെ ഒപ്പം ജീവിക്കുന്ന തരം താഴ്ന്ന സ്ഥാനമാണ് അവൾ തനിക്ക് നൽകിയതെന്നുള്ളത് അംഗീകരിക്കാവുന്നതിലും അപ്പുറം ആയിരുന്നു. വീട്ടിലേക്ക് വന്ന് കയറുമ്പോൾ മാധവിയമ്മ ചിരിയോടെ അടുത്തേക്ക് വരുന്നത് കണ്ടു. എന്തോ ഇന്ന് അവരുടെ മുൻപിലും കൂടി ഒരു കോമാളിയായി നിൽക്കാൻ തോന്നിയില്ല....

തനിക്കായി മാത്രം സ്നേഹിക്കാനൊരാളെ കിട്ടിയപ്പോൾ വല്ലാതെ അഹങ്കരിച്ചിരുന്നു മനസ്സുകൊണ്ട്... പക്ഷേ ഇനിയിപ്പോൾ ഒന്നിന്റെയും ആവശ്യമില്ല എന്ന് തോന്നി... അത്രമേൽ മനസ്സ് തകർന്നിരുന്നു... താൻ സംസാരിച്ചു തുടങ്ങിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ മുകളിലെ മുറിയിലേക്ക് കയറിപ്പോകുന്ന ശിവയെക്കാൺകെ മാധവിയമ്മയുടെ നെറ്റി ചുളിഞ്ഞു... ആദ്യമായിട്ടാണ് പറയുന്നതെന്തെന്ന് കേൾക്കാൻ നിൽക്കാതെ അവൻ പോകുന്നത്. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി... പക്ഷേ ചോദിക്കാൻ ചെന്നാൽ ശെരിയാകില്ല എന്ന് തോന്നിയതുകൊണ്ട് എല്ലാം ഉള്ളിലൊതുക്കി നിന്നു. അവിടെ നിന്നും പോകാൻ തുടങ്ങുമ്പോളാണ് ഓടിക്കിതച്ചു വേദ വരുന്നത്...

മാധവിയമ്മ മുകളിലേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ശിവ മുറിയിലേക്ക് പോയിക്കാണും എന്നവൾക്ക് മനസ്സിലായി... പടികൾ ഓടിക്കയറുമ്പോൾ താഴെ നിന്നും മാധവിയമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നത് കേൾക്കാമായിരുന്നു. പക്ഷേ ശ്രദ്ധിക്കാൻ പറ്റിയ മാനസികാവസ്ഥ ആയിരുന്നില്ല.... എത്രയും പെട്ടെന്ന് ശിവയെ കാണണം എന്ന് തോന്നി... ഇതുവരെ അവനെ വേദനിപ്പിച്ചതിനെല്ലാം മാപ്പ് പറയണം എന്ന് തോന്നി... മുറിയുടെ വാതിൽ അടച്ചിട്ടില്ല എന്നത് ഒരാശ്വാസമായി തോന്നി അവൾക്ക്. പക്ഷേ മുറിയിലാകമാനം കണ്ണുകളോടിച്ചിട്ടും ശിവയെ കാണാൻ കഴിഞ്ഞില്ല...

നിരാശയോടെ മറ്റു മുറികളിൽ അന്വേഷിക്കാനായി തിരിയുമ്പോളാണ് ബാൽക്കണിയുടെ അരികിലായി ചാരു കസേരയിൽ കിടക്കുന്ന ശിവയെ കാണുന്നത്. ആദ്യമായി അവന്റെ അടുത്തേക്ക് പോകാൻ അവൾക്ക് ഭയം തോന്നി.... എന്താണ് അവനോടു പറയേണ്ടതെന്ന് ഒരൂഹവും ഇല്ലാത്തത് പോലെ... പറയാനായി കരുതി വച്ച വാക്കുകൾ അത്രയും തൊണ്ടക്കുഴിയിൽ തന്നെ തടഞ്ഞിരിക്കുന്നത് പോലെ... . കുറച്ചേറെ നേരം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അവനെ തന്നെ നോക്കി നിന്നു. ഒടുവിൽ ധൈര്യം സംഭരിച്ചു അവന്റെ അടുത്തേക്ക് നടക്കുമ്പോൾ കാലുകൾ വിറക്കുന്നുണ്ടായിരുന്നു... അരികിലായി ചെന്നു നിന്നപ്പോൾ അവന്റെ നെറ്റി ചെറുതായി ചുളിയുന്നത് കണ്ടു...

താൻ വന്നതറിഞ്ഞിട്ടും അറിയാത്ത ഭാവത്തിലുള്ള അവന്റെ ആ കിടപ്പ് അവളിൽ വല്ലാത്ത വേദന നിറച്ചു... ""ശി... ശിവേട്ടാ... ""പതിഞ്ഞ ശബ്ദത്തിൽ വിളിക്കുമ്പോൾ വാക്കുകൾ ഇടറിപ്പോയിരുന്നു.. അവന്റെ ചുണ്ടിൽ പുച്ഛം കലർന്ന ഒരു ചിരി വിടരുന്നത് കണ്ടു. കണ്ണുകൾക്ക് മുകളിലായി വച്ച കൈ മാറ്റി നോക്കുമ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞ ഭാവം അവൾക്ക് അന്യമായിരുന്നു... .. ""പതിവില്ലാത്ത ശീലങ്ങൾ ഒന്നും തുടങ്ങേണ്ട ആവശ്യമില്ല... ഇതുവരെ എങ്ങനെയായിരുന്നോ അതുപോലെ തന്നെ മതി. ""കടുത്ത ഭാഷയിൽ മറുപടി പറയുമ്പോൾ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു നിന്നു... കണ്ണുനീർ കവിളിനെ നനച്ചപ്പോഴാണ് ഇപ്പോഴും കരയുകയാണെന്നവൾക്ക് തോന്നിയത്...

ഇത്രയും കാലവും വെറുത്തപ്പോൾ പോലും ചിരിയോടെ... സ്നേഹത്തോടെ മാത്രമേ ശിവ സംസാരിച്ചിട്ടുള്ളു... തനിക്കായി അവന്റെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന വെറുപ്പ് ശരീരത്തെയാകെ തളർത്തിക്കളയും പോലെ അവൾക്ക് തോന്നി... ""ഞാ.... ഞാൻ ഒന്നും മന...മനപ്പൂർവം അല്ല...അ.. അന്ന് അങ്ങനെ ക... കണ്ടപ്പോൾ... കാർത്തിയേട്ടൻ പറഞ്ഞപ്പോ.... അ.... അറിയാതെ വി... വിശ്വസിച്ചു പോയി..'".. മുഖം പൊത്തി വിമ്മി കരയുന്നതിനിടയിൽ മുറിഞ്ഞു പോയ വാക്കുകളാൽ പറഞ്ഞൊപ്പിച്ചു... ശിവ കൈകളിൽ പിടിച്ചു മുഖമുയർത്തിയപ്പോളാണ് കരച്ചിൽ നിർത്തുന്നത്..... തനിക്ക് നേരെ നീണ്ടു വരുന്ന അവന്റെ കൈകൾ കവിളിൽ അവശേഷിച്ചിരുന്ന കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റുന്നത് കണ്ടു....

അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി... പക്ഷേ നിർവികാരത മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്... ""ഇപ്പോൾ നിന്റെ ഈ കണ്ണുനീർ എന്നേ വേദനിപ്പിക്കുന്നില്ല ...... വേദ.... എനിക്ക് കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം... പ്ലീസ്..."" തന്നെ പ്രതീക്ഷയോടെ നോക്കുന്ന അവളുടെ കണ്ണുകളിൽ നോക്കി ഗൗരവത്തിൽ അവൻ പറഞ്ഞു... പുറത്തേക്കുള്ള വാതിലിലേക്ക് കണ്ണുകൾ കൊണ്ട് ചൂണ്ടി കാട്ടി അവൻ പറഞ്ഞ വാക്കുകൾ ഓരോന്നും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി... തന്റെ വാക്കുകൾ അവനിലേൽപ്പിച്ച ആഘാതം അത്രയും വലുതായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. മറുത്തൊന്നും പറയാതെ തല കുനിച്ചു മുറിക്ക് പുറത്തേക്കിറങ്ങുമ്പോൾ പിന്നിൽ വാതിൽ ശക്തിയായി അടയുന്നത് കേട്ടു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കോളേജിന്റെ ഗേറ്റ് കടന്നപ്പോൾ എത്രയൊക്കെ വേണ്ട എന്ന് വിചാരിച്ചെങ്കിലും വീണ്ടും അവളുടെ കണ്ണുകൾ അവനെ സ്ഥിരമായി കാണുന്ന സ്ഥലത്തേക്ക് പോയി... അവിടെ കാണാതെ ചുറ്റും നോക്കിയപ്പോളാണ് തൊട്ടരികിൽ ആരോ വന്നു നിൽക്കുന്നതായി തോന്നിയത്.. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടരികിൽ ചിരിയോടെ നിൽക്കുന്ന കണ്ണനെ കണ്ടു അവൾക്ക് പെട്ടെന്ന് പേടി തോന്നി. അവിടെ നിന്നും വേഗം നടക്കാൻ തുടങ്ങിയെങ്കിലും കണ്ണൻ പെട്ടെന്ന് കൈയിൽ കേറി പിടിച്ചതിനാൽ അവിടെത്തന്നെ നിൽക്കേണ്ടി വന്നു. ""ഹാ... എങ്ങോട്ടാ...ഈ ഓടുന്നെ... പറ എന്നെയാണോ നോക്കിയത്... ""കുസൃതി കലർന്ന ചിരിയോടെ അവളെ വലിച്ചു അടുത്തേക്ക് നിർത്തി അവൻ ചോദിച്ചു..

""എനിക്ക് പോണം.... കൈയിൽ നിന്നും വിട്...""അവന്റെ ചോദ്യം കേട്ടില്ല എന്ന് നടിച്ചു കൈ വലിച്ചെടുക്കാൻ അവൾ ശ്രമിച്ചുകൊണ്ടേ ഇരുന്നു... അവൾക്കാകെ പേടി തോന്നി.... ഇതെങ്ങാനും കിഷോർ അറിഞ്ഞാൽ അപ്പോൾ തന്നെ അച്ഛനെ വിളിച്ചു പറഞ്ഞു കൊടുക്കും.... രണ്ടു ദിവസമേ ആയിട്ടുള്ളു ആ വടിയുടെ ചൂടറിഞ്ഞിട്ട്... കൂടെ പഠിക്കുന്ന കുട്ടിയുടെ വീട്ടിൽ പോയപ്പോളായിരുന്നു കിഷോർ വിളിച്ചത്...അടുത്തിരുന്ന ക്ലാസ്സിലെ ചെക്കൻമാരാരോ ഫോൺ തട്ടിപ്പറിച്ചു കിഷോറിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു... അപ്പോഴേ തോന്നിയിരുന്നു വീട്ടിൽ ചെല്ലുമ്പോൾ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചു...

പൊടിപ്പും തൊങ്ങലും ചേർത്ത് അച്ഛന്റെ ചെവിയിൽ എത്തിയപ്പോൾ മറുപടി പറഞ്ഞത് കാൽമുട്ടിന് മുകളിലായി തിണിർത്തു കിടക്കുന്ന രണ്ടു ചൂരൽ പാടുകളായിരുന്നു.. ചുറ്റിലും പോകുന്ന ഓരോ മുഖങ്ങളെയും അവൾ ഭയത്തോടെ വീക്ഷിച്ചു...കിഷോറിന്റെ പരിചയക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ.... എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു.. ഗായത്രിയുടെ പേടിയും വെപ്രാളവും കണ്ടപ്പോൾ അത് തന്നോട് ചേർന്നു നിൽക്കുന്നതിനാലാണ് എന്നാണ് കണ്ണന് തോന്നിയത്... അതുകൊണ്ട് തന്നെ അതവനിൽ കൗതുകമാണ് നിറച്ചത്.... ""ഡോ...മറുപടി പറഞ്ഞിട്ട് പോടോ...എന്നെയാണോ തിരക്കിയത്...."".

അതിന് മറുപടി പറയാൻ കഴിയാതെ പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ അവളവന്റെ കാലിൽ അമർത്തിച്ചവിട്ടി... ""ആഹ്..."" കണ്ണൻ വേദന കൊണ്ട് കാലിൽ പിടിച്ചപ്പോളേക്കും വേഗത്തിൽ ഓടി മുന്നോട്ട് പോയിരുന്നു.. ഇടയ്ക്കിടെ തിരിഞ്ഞു നോക്കി വേഗത്തിൽ ഓടിപ്പോകുന്ന അവളെ നോക്കിയപ്പോൾ കാലിന്റെ വേദനക്കിടയിലും അവന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാത്രി മറ്റുള്ളവർ ഒക്കെ കഴിച്ചിട്ട് പോയെങ്കിലും ശിവക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു വേദ. ഇപ്പോഴും അവൻ ഊണ് കഴിക്കാൻ വന്നിരുന്നില്ല.. കണ്ണൻ ചെന്നു വിളിച്ചപ്പോൾ ജോലി ഉണ്ട് അത് കഴിഞ്ഞു കഴിച്ചോളാം എന്ന് പറഞ്ഞു മടക്കി അയക്കുകയായിരുന്നു....

ശിവയുടെ മുഖത്തെ പതിവില്ലാത്ത ഗൗരവം കണ്ടപ്പോൾ കാര്യ ഗൗരവം മനസ്സിലായിട്ടാണോ അതോ താൻ കൂട്ടിരുന്നോളാം എന്നുള്ള വാക്ക് വിശ്വസിച്ചിട്ടാണോ എന്തോ അധികം നിർബന്ധിക്കാൻ നിന്നില്ല അവൻ. കണ്ണുകളിൽ ചെറുതായി മയക്കം വന്നു തുടങ്ങിയിരുന്നു... ആശുപത്രിയിലെ അലച്ചിലും മനസ്സിന്റെ തളർച്ചയുമെല്ലാം ശരീരത്തെ അത്രത്തോളം ക്ഷീണിപ്പിച്ചിരുന്നു... പാതിരാത്രിയോടടുത്താണ് ശിവ ഊണ് മുറിയിലേക്ക് വരുന്നത്. പാതി മയങ്ങിയ കണ്ണുകളുമായി തന്നെയും പ്രതീക്ഷിച്ചു വേദ ഇരിക്കുന്നത് കണ്ടെങ്കിലും ശ്രദ്ധിക്കാതെ കൈയിലുള്ള കുപ്പിയിലേക്ക് വെള്ളം പകരാൻ തുടങ്ങി.. ശിവ വന്നത് കണ്ട് അവൾ ഞെട്ടിപ്പിടഞ്ഞു എണീറ്റു...

""കഴിക്കാൻ എടുക്കട്ടെ.... "" അവൻ മറുപടി ഒന്നും പറയാതെ ഇരുന്നപ്പോൾ പെട്ടെന്ന് മുൻപിൽ ഇരുന്ന പ്ലേറ്റ് എടുത്തു തിരിച്ചു വച്ചിട്ട് ചപ്പാത്തി അതിലേക്ക് വിളമ്പാൻ തുടങ്ങി.. ""മൂന്നെണ്ണം വെക്കട്ടെ... "" കൈയിലെടുത്തുകൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ സ്റ്റെപ് കയറി മുകളിലേക്ക് പോകുന്ന ശിവയെയാണ് കണ്ടത്... എടുത്ത ചപ്പാത്തി വിരലുകൾക്കിടയിലൂടെ ആ പാത്രത്തിലേക്ക് തന്നെ ഊർന്നു വീണു.... കൂട്ടായി കണ്ണിൽ നിന്നും ഇറ്റ് വീണ നീർതുള്ളികളും... അവന്റെ മനസ്സിലേക്കുള്ള തിരിച്ചു പോക്ക് ഇനിയും അകലെയാണെന്ന് തോന്നി അവൾക്ക്...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story