ശിവദം: ഭാഗം 2

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

അവനെ അവിടൊന്നും കാണാതെ അവൾ ആശ്വാസത്തോടെ ദീർഘനിശ്വാസം വിട്ടു. "ഹാവൂ.... പോയെന്ന് തോന്നുന്നു. ഇന്നിനി കാണാതിരുന്നാൽ മതി. ഒരു വഴക്കിനുള്ള മൂഡില്ല ഇന്ന്.. " യാത്രയിലുടനീളം കാർത്തിയേട്ടൻ പറഞ്ഞ വാക്കുകളിൽ കൂടി തന്നെ സഞ്ചരിക്കുകയായിരുന്നു മനസ്സ്. അപ്പച്ചി സമ്മതിച്ചതാണ് ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്. രവി മാമയുടെ ബിസ്സിനെസ്സ് പച്ച പിടിച്ചതിൽ പിന്നെ അപ്പച്ചി ആളാകെ മാറിയിരുന്നു. വീട്ടിലേക്ക് വന്നിട്ട് തന്നെ കാലങ്ങൾ കഴിഞ്ഞു.

എവിടെങ്കിലും വച്ചു കണ്ടാൽ തന്നെ ഒരു ചിരിയിൽ ഒതുക്കുമായിരുന്നു കുശലാന്വേഷണങ്ങൾ. കാർത്തിയേട്ടനെ സ്നേഹിക്കുന്നതിൽ നിന്നും മനസ്സിനെ തടഞ്ഞു നിർത്തിയത് അപ്പച്ചിയുടെ ഈ മാറ്റം തന്നെയാകാം. ഒരിക്കലും അപ്പച്ചി ഈ ബന്ധം അംഗീകരിക്കില്ല എന്ന തോന്നൽ ആയിരുന്നു മനസ്സ് നിറയെ. "ഡീ....എന്താലോചിച്ചു ഇരിക്കുവാ. വീടെത്തി.." കാർത്തിയേട്ടന്റെ ശബ്ദമാണ് ആലോചനകളിൽ നിന്നും ഉണർത്തിയത്. "ഞാൻ..... വെറുതെ..... ഒന്നുമില്ലേട്ടാ.." വാക്കുകളിൽ വല്ലാത്ത പതർച്ച.

"ഹ്മ്മ്... കൂടുതൽ ആലോചിച്ചു തല പുകയ്‌ക്കാൻ പോകണ്ട. പെട്ടെന്ന് ചെന്ന് റെഡി ആയി നിൽക്ക്. അല്ലെങ്കിൽ കോളേജിൽ എത്താൻ ലേറ്റ് ആകും." കാർത്തി ചിരിയോടെ പറഞ്ഞു. അവന്റെ വാക്കുകൾ കേട്ട് മുഖത്തൊരു ചിരി വരുത്തി കാറിൽ നിന്നും ഇറങ്ങിയതും വീടിന്റെ അകത്തു നിന്നും പുറത്തേക്ക് വരുന്ന ആളെ കണ്ട് അവളുടെ മുഖം ഇരുണ്ടു. ശിവയാണ്. അമ്മയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. അല്ലെങ്കിലും അമ്മക്ക് വലിയ കാര്യമാണ് അയാളെ. "നാശം പിടിക്കാൻ. ഇതിനെ ആരാ ഇങ്ങോട്ട് ക്ഷണിച്ചേ. ഇന്നത്തെ ദിവസവും പോയല്ലോ."

മനസ്സിൽ പറഞ്ഞുകൊണ്ടവൾ അവരെ നോക്കി. കാർത്തിയേട്ടനെ നോക്കിയപ്പോൾ തന്നേക്കാൾ ഇരുണ്ടിട്ടുണ്ട് മുഖം. ദേഷ്യം സഹിച്ചു ഇരിക്കുവാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. ഒരക്ഷരം മിണ്ടാതെ കാർത്തി വണ്ടി എടുത്തു പോയി. പണ്ടേ അങ്ങനെയാണ് ശിവയോട് സംസാരിക്കുന്നത് പോലും ഏട്ടനിഷ്ടമല്ല. വണ്ടി തിരിക്കുന്ന ശബ്ദം കേട്ടിട്ടാണ് ശിവയും വിനോദിനിയും ഗേറ്റിന്റെ അവിടേക്ക് നോക്കുന്നത്. ദേഷ്യത്തിൽ കാറും എടുത്തു പോകുന്ന കാർത്തിയെ കണ്ടപ്പോൾ ശിവയുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.

അവന്റെ കാർ കണ്ണിൽ നിന്നും മറഞ്ഞപ്പോഴാണ് മുഖവും വീർപ്പിച്ചു മുറ്റത്തു നിൽക്കുന്ന വേദയെ കാണുന്നത്. അവനവളെ ഒരു കണ്ണിറുക്കി കാണിച്ചു. വേദയുടെ മുഖം ഒന്നുകൂടി വീർത്തു. അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് അവൾ അകത്തേക്ക് കയറിപ്പോയി. പോകും വഴി അമ്മ ചോദിച്ച ചോദ്യങ്ങൾ ഒക്കെ കേട്ടില്ല എന്ന് തന്നെ നടിച്ചു. ശിവയെ കണ്ടതും മുഖം വെട്ടിച്ചു അകത്തേക്ക് പോയ വേദയെ കണ്ട് വിനോദിനിയുടെ മുഖം മങ്ങി. "എന്റമ്മേ ആ പോയതിനെ ഓർത്താണ് ഈ മുഖം മങ്ങിയതെങ്കിൽ അത് വേണ്ടാട്ടോ.

ഞാൻ രാവിലെ അമ്പലത്തിൽ വച്ചൊന്ന് കളിയാക്കിയിരുന്നു. അതിന്റെ ദേഷ്യം കാണിച്ചതാ കക്ഷി". ശിവ വിനോദിനിയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. അവന്റെ വാക്കുകൾ കേട്ട് വിനോദിനിയുടെ മുഖം തെളിഞ്ഞെങ്കിലും വേദക്ക് ശിവയോടുള്ള ദേഷ്യത്തിന്റെ കാരണം എന്താണ് എന്നുള്ള ചിന്ത മനസ്സിൽ നിറഞ്ഞു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "നീ എന്താ വേദ രാവിലെ കാണിച്ചത്. അവനു വിഷമമായി കാണില്ലേ. നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുള്ളതാ".

കോളേജിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയപ്പോളേക്കും അമ്മയുടെ ചോദ്യമെത്തി. നോക്കിയപ്പോൾ ദേഷ്യത്തോടെ നിൽപ്പുണ്ട്. കൈയിൽ ഒരു ചട്ടുകവും പിടിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രം ഒന്നും പറയാൻ പോയില്ല. പണ്ടൊരിക്കൽ കിട്ടിയത് ഇത് വരെ മറന്നിട്ടില്ല. അന്ന് താൻ ആറാം ക്ലാസ്സിൽ ആയിരുന്നു. ശിവ തന്റെ അമ്മയെ അമ്മേ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ കുശുമ്പ് കേറി. "എന്റെ മാത്രം അമ്മയാ. നീ അങ്ങനെ വിളിക്കണ്ട" എന്ന് പറഞ്ഞു ഒരു തള്ള് വച്ചു കൊടുത്തു.

ഉരുണ്ടു വീഴുമെന്നോ നെറ്റി പൊട്ടുമെന്നോ ഒന്നും വിചാരിച്ചതല്ല. അതിനുള്ള മറുപടി പറഞ്ഞത് അമ്മയുടെ ചൂരൽ ആയിരുന്നു. അന്നാദ്യമായി അമ്മയുടെ കൈയിൽ നിന്നും അടി കിട്ടുമ്പോൾ ദേഷ്യമായിരുന്നു അയാളോട് തോന്നിയത്. "ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ വേദു " അമ്മയുടെ വിളിയാണ് ചിന്തകൾക്ക് വിരാമമിട്ടത്. "ഓഹ്..... രാവിലെ എന്നേ കളിയാക്കിയ ദേഷ്യത്തിൽ ഞാനതൊന്നും ശ്രെദ്ധിച്ചില്ലമ്മേ. എന്തിനാണാവോ അമ്മേടെ മോൻ വന്നത്. അടുത്തതെന്തെങ്കിലും പഠിക്കാൻ അനുഗ്രഹം ചോദിക്കാനാണോ."

ഇത്തിരി പരിഹാസം കലർത്തി തന്നെ ചോദിച്ചു. "നീ കൂടുതൽ പുച്ഛിക്കുവൊന്നും വേണ്ട. അവനിനി പഠിക്കാൻ ഒന്നും പോകുന്നില്ല. അവന്റെ അച്ഛന്റെ ബിസ്സിനെസ്സ് ഒക്കെ ഏറ്റെടുത്തു നടത്താൻ പോവാ". അമ്മയുടെ ശബ്ദത്തിൽ അഭിമാനം ആയിരുന്നു നിറഞ്ഞു നിന്നത്. അതെന്തിനാണെന്ന് മാത്രം എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ക്ലാസുകൾ ഒക്കെ എടുത്തു തീർത്തു ഡിപ്പാർട്മെന്റിലേക്ക് വന്നതായിരുന്നു വേദ. കാർത്തിയേട്ടനും ഇരിപ്പുണ്ട്. എല്ലാവരും കൂടി എന്തോ കാര്യമായ കൂടിയാലോചനയിലാണ്. അവളെ കണ്ടതും ഒരു നിമിഷം നിശബ്ദം ആയി എല്ലാവരും. എന്തോ കാര്യമുണ്ട് എന്ന് വേദക്ക് തോന്നി.

അവൾ സംശയത്തോടെ കാർത്തിയെ നോക്കി. അവന്റെ മുഖത്തും ഒരു കള്ളച്ചിരി ഉണ്ട്. "എന്നാലും ടീച്ചറെ നാളെ പെണ്ണുകാണൽ ആയിട്ട് നമ്മളോടൊന്നും ഒരു വാക്ക് പറഞ്ഞില്ലല്ലോ". സുമ ടീച്ചർ പറഞ്ഞപ്പോളാണ് ചർച്ച നാളത്തെ പെണ്ണുകാണലിനെ കുറിച്ചാണെന്ന് അറിഞ്ഞത്. അവളൊന്ന് ചിരിച്ചെന്ന് വരുത്തി. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്. തന്റെ മനസ്സ് തന്നെ പൊരുത്തപ്പെട്ടു വരുന്നതേ ഉള്ളൂ. "ടീച്ചർക്കിപ്പോഴും വിശ്വാസം ആയില്ലെന്ന് തോന്നുന്നല്ലോ കാർത്തി സാറെ.

എന്താണേലും മറ്റെന്നാൾ വരുമ്പോൾ രണ്ടാളും ചിലവും കൊണ്ട് ഇങ്ങോട്ട് വന്നാൽ മതി. "മാത്യു സാറിന്റെ വാക്കുകൾക്ക് കാർത്തിയേട്ടൻ ചിരിയോടെ തലയാട്ടുന്നത് കണ്ടു. ഒന്നും പറയാൻ തോന്നിയില്ല. എന്തെന്നറിയാത്ത ഒരു പേടി ഉള്ളിൽ നിറയുന്നത് പോലെ. എന്തോ ഒരനിഷ്ഠം സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്നത് പോലെ. കാർത്തിയേട്ടനോട് പറഞ്ഞാൽ ആവശ്യമില്ലാത്തത് ഒക്കെ ചിന്തിച്ചു കൂട്ടിയിട്ടാണെന്ന് വഴക്ക് പറയും. ചിലപ്പോൾ തന്റെ മനസ്സിന്റെ വെറും തോന്നൽ മാത്രം ആയിരിക്കാം.

ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ചതൊക്കെ പെട്ടെന്ന് സംഭവിക്കുമ്പോൾ ഉൾക്കൊള്ളാൻ മടി കാണിക്കുന്നതാകാം മനസ്സ്. യാത്ര പറഞ്ഞിറങ്ങുവോളം കളിയാക്കലുകളും പരിഭവങ്ങളും തുടർന്നു. എല്ലാത്തിനും ചിരിയോടെ തന്നെ നിന്നുകൊടുത്തു . ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ പാടത്തിന്റെ വരമ്പിലൂടെ വേഗത്തിൽ നടക്കുകയായിരുന്നു വേദ. ജംഗ്ഷനിൽ എത്താറായപ്പോളാണ് കാർത്തിയുടെ സുഹൃത്തിന് അപകടം പറ്റി എന്ന് ഫോൺ വന്നത്. അതുകൊണ്ട് അവളെ ജംഗ്ഷനിൽ ഇറക്കി അവൻ വേഗം ആശുപത്രിയിലേക്ക് പോയി. പെയ്യാൻ പോകുന്ന മഴയുടെ സൂചന എന്നവണ്ണം മാനം ഇരുണ്ടു മൂടിയിരുന്നു . "ശോ മഴക്ക് മുൻപേ അങ്ങ് വീടെത്തിയാൽ മതിയായിരുന്നു.

മഴയെങ്ങാനും നനഞ്ഞു എന്നറിഞ്ഞാൽ പിന്നേ അത് മതി കാർത്തിയേട്ടന് . ഇന്ന് മുഴുവൻ അതിന്റെ വഴക്ക് കേൾക്കാം." കറുത്തിരുണ്ട മാനത്തേക്ക് നോക്കി പരിഭവത്തോടെ പറഞ്ഞുകൊണ്ട് അവൾ നടത്തത്തിന്റെ വേഗം കൂട്ടി. "കൈയിൽ ആണെങ്കിൽ കുടയും ഇല്ലല്ലോ ഭഗവാനേ". വീശിയടിക്കുന്ന കാറ്റിൽ വരമ്പിലൂടെ നടക്കാൻ അവൾ നന്നേ പ്രയാസപ്പെട്ടു . ഒരു വിധം പാടം കടന്നു മുൻപോട്ട് നടന്നപ്പോളാണ് ഏതൊക്കെയോ കുട്ടികൾ കളിക്കുന്ന ശബ്ദം കേട്ടത്. ഉച്ചത്തിൽ ഉള്ള ആർപ്പ് വിളികൾ ആയിരുന്നു കൂടുതൽ. ശ്രെദ്ധിക്കാതെ തന്നെ മുൻപോട്ട് നടന്നു.

എന്നാൽ ഏറെ പരിചിതമായതും തീരെ പ്രിയപ്പെട്ടതുമല്ലാത്ത ഒരു ശബ്ദം കാതുകളിൽ വീണപ്പോൾ തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല. കണ്ണുകൾ കൊണ്ട് ചുറ്റും പരതിയപ്പോൾ കണ്ടു കുട്ടികളുടെ നടുക്കായി നിന്ന് ബാറ്റ് ചെയ്യുന്നത്. കുട്ടിപ്പട്ടാളം ചുറ്റും നിന്ന് ആർത്തു വിളിക്കുന്നുണ്ട്. അതനുസരിച്ചു ശിവ ബോളൊക്കെ അടിച്ചു പറത്തുന്നുണ്ട്. "ഹ്മ്മ്.... എന്ത് കണ്ടിട്ടാണാവോ ഈ പീക്കിരികളെല്ലാം കൂടി കിടന്നു ബഹളം വെക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ ആണെന്നാ വിചാരം. കണ്ടേച്ചാലും മതി. "അവൾ പുച്ഛത്തോടെ മുഖം കോട്ടി. ശിവയുടെ നോട്ടം അവൾ നിൽക്കുന്നിടത്തേക്ക് വീഴുന്നത് കണ്ട വേദ അവൻ കാണാതിരിക്കാൻ വേണ്ടി മുഖം സൈഡിലേക്ക് തിരിച്ചു വേഗത്തിൽ നടന്നു.

ഏറെ ദൂരം ചെന്നില്ല അതിനു മുൻപേ ഒരു നിലവിളി കേട്ടു. "ചേച്ചി.... മാറിക്കോ ബോള്" എന്നൊരു വിളി കേട്ടത് മാത്രം ഓർമയുണ്ട്. തിരിഞ്ഞു നോക്കുമ്പോളേക്ക് കൈമുട്ടിൽ എന്തോ ശക്തിയായി വന്നിടിച്ചു. ഒരു മരവിപ്പാണ് ആദ്യം തോന്നിയത്. അത് മാറുമ്പോളേക്ക് അതിശക്തമായ വേദന കൈമുട്ടിലേക്ക് പടരുന്നതറിഞ്ഞു. വേദന കാരണം കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അറിയാതെ നിലത്തേക്ക് ഊർന്നിരുന്നു പോയി. കുറച്ചു നേരം കൈമുട്ടിൽ മുറുകെ പിടിച്ചു കണ്ണുകൾ അടച്ചു തന്നെ ഇരുന്നു. അടുത്തേക്ക് വരുന്ന കാലടി ശബ്ദം കേട്ടാണ് കണ്ണുകൾ തുറന്നത്. നേരെ നോക്കിയപ്പോൾ കൈയിൽ ബാറ്റും പിടിച്ചു കൊണ്ട് തനിക്ക് നേരെ ഓടി വരുന്ന ശിവയെയാണ് കണ്ടത്.

അവന്റെ മുഖത്തു കണ്ട പേടിയും പരിഭ്രമവും എന്തിനായിരുന്നു എന്നവൾക്ക് മനസ്സിലായില്ല. അവനെ കണ്ടില്ല എന്ന് തന്നെ നടിച്ചു. അരികിൽ വന്നു മുട്ട് കുത്തി ഇരുന്നപ്പോൾ ഉള്ളിൽ ദേഷ്യം കുമിഞ്ഞു കൂടുകയാണ് ചെയ്തത്. നാല് വർഷം മുൻപത്തെ ആ ദിവസത്തേക്ക് അവളുടെ ഓർമ്മകൾ ചെന്നെത്തി. ചെവിയിൽ ഇപ്പോഴും ആ വാക്കുകൾ മുഴങ്ങുന്നു എന്ന് തോന്നി. " എന്റെ കുഞ്ഞിനെ എനിക്ക് വേണം ശിവ. പറ്റില്ല എന്ന് പറയല്ലേ നീ. ഞാൻ എങ്ങനെയെങ്കിലും വളർത്തിക്കോളാം. സ്വത്തിൽ ഒരവകാശവും വേണ്ട എനിക്ക്. "

ശിവയുടെ തോളിൽ മുഖമമർത്തി കരയുന്ന ഒരു പെൺകുട്ടിയുടെ രൂപത്തിലാണ് ആ ഓർമ്മകൾ ചെന്നവസാനിച്ചത്. മനസ്സിലെ പ്രണയം തുറന്നു പറയാൻ ചെന്നപ്പോൾ കണ്ട ആ കാഴ്ചക്ക് പ്രണയത്തിന്റെ അവസാന കണികയെയും മനസ്സിൽ നിന്നും തുടച്ചു നീക്കാനുള്ള ശക്തി ഉണ്ടായിരുന്നു. ഓർമ്മകൾ ശ്വാസം മുട്ടിക്കും എന്ന് തോന്നിയപ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ചു. കൺകോണുകളിൽ തങ്ങി നിന്ന കണ്ണുനീർത്തുള്ളി കവിളിനെ തഴുകി താഴേക്ക് ഇറങ്ങുമ്പോൾ എന്തിനെന്നറിയാതെ ശിവയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു. "നിനക്കൊന്ന് നോക്കി നടന്നൂടെ . നല്ലോണം ചതഞ്ഞിട്ടുണ്ടെന്ന് തോന്നുന്നല്ലോ. കൈ ഇങ്ങ് താ നോക്കട്ടെ. "

അവൻ കൈയിൽ പിടിച്ചു നോക്കാൻ തുടങ്ങിയപ്പോളേക്ക് " ഛെ"...... എന്നും പറഞ്ഞു കൈകൾ പിന്നിലേക്ക് ആക്കി അവൾ. ഒരു നിമിഷം അവന്റെ കൈകൾ അന്തരീക്ഷത്തിൽ തന്നെ നിന്നു. അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന വെറുപ്പും അവജ്ഞയും അവനെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു. അതിന്റെ കാരണം ഇന്നും അജ്ഞാതമാണ്. കുട്ടിപ്പട്ടാളം ഇതൊന്നും അറിയാതെ രണ്ടാളെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. "ചേച്ചീടെ കൈ നോക്ക് ശിവേട്ടാ. നല്ലോണം ചതഞ്ഞു എന്ന് തോന്നുന്നു. ധാ ചുമന്ന നിറത്തിലായി. നമുക്ക് ഐസ് വാങ്ങിക്കൊണ്ട് വന്നു വച്ചാലോ. "കൂട്ടത്തിലൊരു കുറുമ്പൻ അവളുടെ കൈയിലേക്ക് നോക്കി വിഷമത്തോടെ ശിവയോട് പറഞ്ഞു.

ആ കുഞ്ഞിന്റെ സ്നേഹവും ആകുലതയും അവളിൽ ഒരു ചിരി വിടർത്തി. "വേണ്ട മോനു. ചേച്ചീടെ വീട് ഇവിടെ അടുത്താ. ചേച്ചി വീട്ടിൽ ചെന്നിട്ട് വച്ചോളാം കേട്ടോ. "അവന്റെ തലയിൽ ഒന്ന് തലോടി സ്നേഹത്തോടെ പറയുന്ന അവളെ കണ്ടപ്പോൾ ശിവക്ക് ചെറിയ സമാധാനം തോന്നി. എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ അവൻ കൈ നീട്ടി എങ്കിലും അത് ഗൗനിക്കാതെ സ്വന്തമായി തന്നെ എഴുന്നേറ്റു. ഒരു തിരിഞ്ഞുനോട്ടം പോലും ലഭിക്കില്ല എന്ന് ഉറപ്പായിരുന്നിട്ടും തന്നിൽ നിന്നും അകന്നു പോകുന്ന അവളെ കാഴ്ച്ചയിൽ നിന്നും മറയുവോളം അവൻ നോക്കി നിന്നു........തുടരും………

ശിവദം : ഭാഗം 1

Share this story