ശിവദം: ഭാഗം 20

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

മ്മ്ഹ്ഹ്ഹ്.... വെറുതെ ഒന്ന് മുരടനക്കി നോക്കി... എവിടുന്ന്.... ഓസ്കാർ വാങ്ങാനുള്ള അഭിനയം ആണെന്ന് തോന്നുന്നു... അവനിലെ കലാകാരനെ നശിപ്പിക്കണ്ട എന്ന് തോന്നി റൂമിലേക്ക് പോകാൻ തീരുമാനിച്ചു.. സ്റ്റെയർ കേസിന്റെ അടുത്തെത്തിയപ്പോൾ വീണ്ടും ഒരു നോട്ട് അതിൽ ഒട്ടിച്ചു വച്ചിരിക്കുന്നത് കണ്ടു.. ""വീണ്ടും സോറി.... ""ഇത്തവണ കരയുന്ന സ്മൈലി ഒന്നും ഉണ്ടായിരുന്നില്ല... പകരം താഴെയായി "ഒന്ന് ക്ഷമിച്ചൂടെ "എന്ന് ചെറുതായി എഴുതിയിരിക്കുന്നു... വല്ലാത്ത ഒരു ആകാംഷയും സന്തോഷവും ഒക്കെ തോന്നുന്നുണ്ടായിരുന്നു മനസ്സിൽ...

തികട്ടി വന്ന സന്തോഷം ഉള്ളിൽ തന്നെ അടക്കിപ്പിടിച്ചു അവൾ തനിക്കായി ഒരുക്കിയ സർപ്രൈസ് അറിയാനായി ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ വേഗത്തിൽ പടികൾ കയറി.... മുറിക്ക് പുറത്തൊന്നും ആരെയും കണ്ടില്ല... ഇന്നലെ കിടന്ന ഗസ്റ്റ് റൂമിലേക്ക് പോണോ അതോ ബെഡ്റൂമിലേക്ക് പോണോ എന്നൊരു നിമിഷം ആലോചിച്ചു നിന്നു. ""എന്തായാലും ഇപ്പൊ ഗസ്റ്റ് റൂമിലേക്ക് പോകാം... എന്നിട്ട് ഫ്രഷ് ആയിട്ട് മുറിയിലേക്ക് പോകാം"" എന്ന് വിചാരിച്ചു ഗസ്റ്റ് റൂമിന് നേരെ നടന്നു. ഹാന്റിലിൽ പിടിച്ചു തിരിച്ചപ്പോഴാണ് മുറി പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായത്... ഒരു നിമിഷം അന്തിച്ചു നിന്നു.. കണ്ണന്റെ ബുദ്ധി ആണെന്നറിയാൻ കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല.

ഈ മുറിയുടെ മറ്റൊരു താക്കോൽ അവന്റെ കൈയിലാണ് ഉള്ളത്.. ഒരു നെടുവീർപ്പിട്ടുകൊണ്ടു ബെഡ് റൂമിലേക്ക് നടന്നു.. വീണ്ടും ഒരു നോട്ട് വാതിലിൽ ഒട്ടിച്ചു വച്ചിരിക്കുന്നു.. ""എന്നോട് ക്ഷമിക്കാമെങ്കിൽ മാത്രം അകത്തേക്ക് വന്നാൽ മതി.. ""വായിച്ചിട്ടു ഒരു നിമിഷം കണ്ണും തള്ളി നിന്നു പോയി... ഇനി ശെരിയായിട്ടാണോ വായിച്ചത് എന്നറിയാൻ വീണ്ടും ഒരിക്കൽ കൂടി വായിച്ചു നോക്കി....അത് തന്നെയാണ്... ഇതിപ്പോൾ സത്യത്തിൽ പിണങ്ങിയത് താനാണോ...അതോ അവളാണോ എന്ന് തോന്നി അവന്...

ആ നോട്ടും ഭദ്രമായി മുമ്പുള്ളതിന്റെ കൂടെ വച്ചു. പതിയെ വാതിൽ തുറന്നു അകത്തേക്ക് ചെന്നപ്പോൾ മുൻപിലുള്ള കാഴ്ച കണ്ട് ഒരു നിമിഷം അങ്ങനെ തന്നെ നിന്നു.. ലൈറ്റ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്.. പകരം മുറിയിൽ പല ഭാഗങ്ങളിലായി അലങ്കാര ബൾബുകൾ കൊണ്ട് സോറി എന്നെഴുതി വച്ചിട്ടുണ്ട്... വെള്ള നിറത്തിലുള്ള ബലൂൺ മുറിയിലാകെ ചിതറികിടപ്പുണ്ട് അതിലും ചുവന്ന അക്ഷരത്തിൽ വലുതായി സോറി എന്ന് എഴുതി വച്ചിട്ടുണ്ട്.. പതിയെ കുനിഞ്ഞു ഒരു ബലൂൺ കൈയിലേക്കെടുത്തു ആ ചുവന്ന അക്ഷരങ്ങളിലൂടെ വെറുതെ വിരലോടിച്ചു.. മനസ്സ് വല്ലാതെ നിറയുന്നുണ്ടായിരുന്നു... എങ്കിലും പുറമേ പ്രകടമാക്കിയില്ല...

അടുത്തതായി അവളെന്താണ് ചെയ്യാൻ പോകുക എന്ന തികച്ചും ബാലിശമായ ഒരു കൗതുകം ഉള്ളിൽ നിറഞ്ഞിരുന്നു.. കൈകൾ നീട്ടി ലൈറ്റ് ഇട്ടപ്പോൾ മുറിയുടെ ഒരു മൂലക്കായി തല കുനിച്ചു നിൽക്കുന്നത് കണ്ടു... കൈയിൽ എന്തോ പിടിച്ചിട്ടും ഉണ്ട്.. ശിവ വന്നു മുൻപിൽ നിൽക്കുന്നതറിഞ്ഞിട്ടും മുഖമുയർത്തി നോക്കിയില്ല.... ഈ ചെയ്തു വച്ചതൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു... മുറിയൊക്കെ നല്ല വൃത്തിയായി സൂക്ഷിക്കുന്ന ആളാണ്... കണ്ണൻ നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് ഇന്ന് ഈ സാഹസത്തിന് മുതിർന്നത്... ""ഒന്നും അറിഞ്ഞോണ്ടല്ല.... സോറി..."" കൈയിൽ കരുതിയ പായസത്തിന്റെ ചെറിയ പാത്രം അവനു നേരെ നീട്ടി...

ഇപ്പോഴും ദേഷ്യമാണോ എന്നൊരു പേടി ഉള്ളിൽ നിറഞ്ഞു വന്നു.. എന്തൊക്കെയാണ് ഇപ്പോൾ അവളുടെ കുഞ്ഞിത്തലയിൽ ഓടുന്നതെന്ന് അവനു നന്നായി മനസ്സിലായിരുന്നു. ""എന്താ ഇത്.."". സ്വല്പം കനത്തിൽ തന്നെ ചോദിച്ചു.. ""ഇത്... പ.. പായസം.."". ഇഷ്ടമാണെന്ന് കണ്ണൻ പറഞ്ഞിരുന്നു ... കൈ ചെറുതായി വിറക്കുന്നുണ്ടോ എന്നവൾക്ക് തോന്നി.. ""അതിന്റെ കാര്യമല്ല... ഈ മുറിയെന്താ ഈ ചെയ്തു വച്ചേക്കുന്നേ എന്ന്... എന്റെ മുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നെനിക്ക് നിർബന്ധമാണെന്ന് അറിയില്ലേ... "" അവനെ നോക്കാതെ തല താഴ്ത്തി നിന്നതിനാൽ അവന്റെ മുഖത്ത് വിടർന്ന ചിരി അവൾ കാണാതെ പോയി..

""സോറി... അത്... ഞാൻ... ഇപ്പോൾ തന്നെ.. വൃത്തിയാക്കാം.."". വാടിയ മുഖവുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ പെട്ടെന്ന് തന്നെ കൈയിൽ പിടിച്ചു തടഞ്ഞു മുൻപിലേക്ക് വലിച്ചു നിർത്തി... ""ഹാ.... നിൽക്ക് പോകാൻ വരട്ടെ... ചേട്ടന് ചിലതൊക്കെ ചോദിക്കാനുണ്ട്..."" മീശ പിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചേർന്നു നിന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. അവന്റെ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞിട്ടാണ് അവിശ്വസനീയതയോടെ തലയുയർത്തി നോക്കുന്നത്.. കുസൃതി കലർന്ന ചിരിയുമായി തന്നോട് ചേർന്നു നിൽക്കുന്ന അവനെ കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു... കണ്മഷി കലർന്ന കണ്ണുനീർ തുള്ളികൾ കവിളിലേക്ക് പടരും മുൻപേ അവന്റെ കൈകൾ ഒപ്പിയെടുത്തു....

എന്തൊക്കെയോ പറയണമെന്നുണ്ട്... എന്താ ഉണ്ടായതെന്ന് വിശദീകരിക്കണമെന്നുണ്ട്.... അവനെ ഇറുക്കെ കെട്ടിപ്പിടിക്കണമെന്നുണ്ട്... ആ നെഞ്ചിൽ തല ചായ്ച്ചു നിൽക്കണമെന്നുണ്ട്.. പക്ഷേ ഒന്നിനും കഴിയുന്നില്ല...നിന്ന നിൽപ്പിൽ ശരീരം മരവിച്ചു പോയോ എന്ന് പോലും തോന്നിപ്പോയി.. ""അപ്പോഴേക്കും നാവൊക്കെ എവിടെപ്പോയി ജാൻസി റാണിയുടെ.... ഹ്മ്മ്....''" അവളുടെ കൈകൾ വിറക്കുന്നത് കണ്ട് അവൻ വീണ്ടും ചിരിയോടെ ചോദിച്ചു.. കണ്ണുകൾ കൂർപ്പിച്ചൊരു നോട്ടമാണ് മറുപടിയായി കിട്ടിയത്... ""എന്താടി ഉണ്ടക്കണ്ണി നീ നോക്കിപ്പേടിപ്പിക്കുന്നെ.... ഇന്നലേ ഇതൊന്നും അല്ലായിരുന്നല്ലോ... അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ ചിരിയോടെ പറഞ്ഞു...

"" പരിഭവത്തോടെ മൂക്ക് തിരുമ്മുമ്പോഴും മനസ്സിൽ സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു... സംസാരിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ... കൈയിലെ പായസം വീണ്ടും അവന്റെ നേരെ നീട്ടി... ഇത്തവണയും അത് വാങ്ങാതെയിരുന്നപ്പോൾ ഉള്ളിൽ വീണ്ടും സംശയവും ഭയവും നിറഞ്ഞു.... ദേഷ്യത്തിന്റെയും പരിഹാസത്തിന്റെയും എന്തെങ്കിലും ഭാവങ്ങൾ അവന്റെ മുഖത്താകെ തിരഞ്ഞു കൊണ്ടിരുന്നു... ""കഴിഞ്ഞോ സ്കാനിങ്..."". അവന്റെ ചോദ്യം കേട്ടപ്പോഴാണ് വീണ്ടും ഞെട്ടി നോട്ടം മാറ്റുന്നത്... ""പായസം കഴിപ്പിക്കേണ്ടതും അത് ഉണ്ടാക്കിയ ആളിന്റെ തന്നെ ചുമതലയാണ്..."" രണ്ടു കൈകളും ഇടുപ്പിലൂടെ ചുറ്റി അവളെ അടുത്തേക്ക് പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു...

ശരീരമാകമാനം ഒരു വിറയൽ പോകുന്നത് പോലെ തോന്നി വേദക്ക്.. ശ്വാസം മുട്ടും പോലെ തോന്നിയപ്പോൾ ഇത്തിരി ദൂരേക്ക് മാറി നിൽക്കാൻ തോന്നിയെങ്കിലും ശിവ കൈ അയക്കാഞ്ഞതിനാൽ അനങ്ങാൻ പോലും കഴിഞ്ഞില്ല... അവൾ ദയനീയമായി അവനെ നോക്കി.. ""നിന്ന് കഥകളി കളിക്കാതെ തരുന്നുണ്ടെങ്കിൽ താ പെണ്ണെ.."". അവളുടെ നോട്ടം ഗൗനിക്കാതെ ചിരിയോടെ അതും പറഞ്ഞു വാ തുറന്നു നിൽക്കുന്ന അവനെ കാൺകെ അവൾക്ക് ഉള്ളിൽ വാത്സല്യം തോന്നി.. പിന്നെ മറ്റൊന്നും ഓർക്കാതെ സ്പൂണിൽ കോരിയെടുത്തു വായിലേക്ക് വച്ചു കൊടുത്തു....

അവൻ രുചിച്ചിറക്കുന്നതും നോക്കി പ്രതീക്ഷയോടെ നിൽക്കുമ്പോൾ ഉത്തരക്കടലാസ് നോക്കുന്ന ടീച്ചറിന്റെ അരികിൽ നിൽക്കുന്ന കുട്ടിയുടെ ഭാവമായിരുന്നു അവളിൽ... കഴിച്ചിറക്കിയപ്പോൾ അവന്റെ കണ്ണുകൾ ചെറുതായി തിളങ്ങി എന്ന് തോന്നി... ""ഞാനിതു വരെ കഴിച്ചതിൽ ഏറ്റവും രുചികരമായ പായസം...."" അവളുടെ നെറ്റിമേൽ നെറ്റി മുട്ടിച്ചു കൊണ്ടവൻ പറഞ്ഞു... മനസ്സ് നിറക്കുന്നതായിരുന്നു ആ വാക്കുകൾ... അടുത്ത സ്പൂൺ നിറയെ എടുത്തു അവൾക്കായി നീട്ടാൻ തുടങ്ങിയെങ്കിലും താൻ കഴിച്ചതിന്റെ ബാക്കി ഇഷ്ടമായില്ലെങ്കിലോ എന്ന് വിചാരിച്ചു അവൻ സ്പൂണിൽ നിന്നും കൈ പിൻവലിച്ചു.

പക്ഷേ പ്രതീക്ഷകളെല്ലാം തെറ്റിച്ചു കൊണ്ട് അവൾ സ്വയം ആ പായസം കഴിക്കുന്നത് നോക്കി നിന്നു അവൻ.. ""അങ്ങനിപ്പോ ഒറ്റക്ക് എല്ലാം കൂടി കഴിക്കണ്ട... ഞാനെ കഷ്ടപ്പെട്ടു വച്ചതാ... എനിക്കും വേണം..."" കഴിച്ചിറക്കുന്നതിനിടയിൽ അവൾ പറഞ്ഞ വാക്കുകളുടെ പിന്നിലുള്ള ഉദ്ദേശം നന്നായി അറിയാമായിരുന്നതിനാൽ ഒന്നും പറയാൻ പോയില്ല... പായസം കുടിച്ചു തീർത്തതും വീണ്ടും അവന്റെ മുൻപിൽ നിൽക്കാനുള്ള ചമ്മൽ കാരണം വേഗത്തിൽ മുറി വിട്ടു പോകാൻ തുടങ്ങി... പക്ഷേ അതിനിടവരുത്താതെ അവളെ രണ്ടു കൈയിലും കോരിയെടുത്തു കട്ടിലിലേക്ക് ഇരുന്നുകൊണ്ട് മടിയിൽ ഇരുത്തിയിരുന്നു അവൻ...

""എങ്ങോട്ടാ ഈ ഓടുന്നെ... ചേട്ടൻ ചോദിച്ചു തീർന്നില്ല.."". അവനെ നോക്കാൻ തന്നെ അവൾക്ക് നാണവും ചമ്മലും തോന്നി... കൈയിലിരുന്ന ഒഴിഞ്ഞ പാത്രം ബലമായി വാങ്ങി സൈഡിലുള്ള മേശയിലേക്ക് വച്ചപ്പോൾ വെറുതെ വിരലുകൾ കൂട്ടിപ്പിടിച്ചു ഇരുന്നു... ""ഇന്നലെ ആരോ എന്നോട് നാല് വർഷം മുൻപ് ഇഷ്ടം പറയാൻ വന്ന കാര്യം പറഞ്ഞിരുന്നു.... അത് പറഞ്ഞിട്ട് മോള്‌ പോയാൽ മതി..."" അവന്റെ വാക്കുകൾ വീണ്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ദിവസത്തിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ട് പോയി.... ഒപ്പം ഇന്നലെ പറഞ്ഞ വാക്കുകളും മനസ്സിലേക്ക് ഇരമ്പി വന്നു... ""അത്.... ഞാൻ... അന്ന് വന്നപ്പോൾ.... അശ്വതി...."" പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു വന്നു..

""ശ്ശ്......""ചുണ്ടിലേക്ക് വിരൽ വച്ചു അവൻ തടഞ്ഞു... ""അന്ന് എന്തായിരിക്കും നടന്നത് എന്ന് എനിക്കറിയാം.... ആരാണ് നിന്നോട് ഇതൊക്കെ പറഞ്ഞു തന്നതെന്നും ഊഹിക്കാവുന്നതേ ഉള്ളു.... എനിക്കറിയേണ്ടത് ഇഷ്ടം പറയാൻ വന്നതിനെക്കുറിച്ച.... എപ്പോൾ തുടങ്ങി ഈ ഇഷ്ടം.... മ്മ്ഹ്ഹ്...."" അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു... അവന്റെ വാക്കുകൾ നേരത്തെ മനസ്സിൽ നിന്നും ഇറങ്ങി പോയ നാണത്തെയും ചമ്മലിനെയും ഒക്കെ ഇരട്ടിയായി തിരികെ കൊണ്ട് വന്നു... ""അത്..... ഞാൻ... അറിയില്ല.. എപ്പോഴാണെന്ന്...."" നിലത്തേക്ക് നോക്കി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു... ""അറിയാതെ ഇഷ്ടം തോന്നുമോ.."". വീണ്ടും കുസൃതി നിറഞ്ഞ ചോദ്യം....

""എ... എനിക്ക് ഓർമ്മയില്ല..... ഞ.. ഞാൻ പൊക്കോട്ടെ..."" എങ്ങനെയെങ്കിലും ഒന്ന് മുറിക്ക് പുറത്തു കടന്നാൽ മതി എന്ന് തോന്നി അവൾക്ക്... ശ്വാസം ഒക്കെ വിലങ്ങും പോലെ... ശരീരമാകെ ചൂട് പിടിക്കും പോലെ.. ""പറഞ്ഞിട്ട് പോയാൽ മതി...."" വീണ്ടും കുറച്ചു നേരം കൂടി കഴിഞ്ഞിട്ടും അവളൊന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ അവൻ കൈകൾ അയച്ചു."". മ്മ്ഹ്ഹ്.. പൊക്കോ... ഇനിയും ഇവിടെ ഇരുന്നു വിറയൽ പനി ഒന്നും പിടിക്കേണ്ട.."" . പറഞ്ഞതും പെട്ടെന്ന് തന്നെ എഴുന്നേറ്റു അവൾ... മുറിക്ക് പുറത്തേക്ക് വേഗത്തിൽ ഓടാൻ തുടങ്ങുമ്പോളാണ് നിലത്തു കിടക്കുന്ന ബലൂണുകളും എന്തിനായിരുന്നു ഇതൊക്കെ ചെയ്തത് എന്നും ഓർമ്മ വന്നത്.... ""എന്നോട് ക്ഷമിച്ചോ....""

തിരിഞ്ഞു നിന്ന് അവനേ നോക്കി ചോദിക്കുമ്പോൾ ചോദ്യത്തിൽ സംശയവും ആകാംഷയും ഒരുപോലെ നിറഞ്ഞിരുന്നു... . ""ഇല്ലെങ്കിലോ.... ""ചിരിയോടെ പറയുന്ന അവനെ കണ്ടപ്പോൾ എന്ത് പറയണം എന്നറിയാതെ നിന്നു.. ""ഇനിയിങ്ങനെ നീ കഷ്ടപ്പെട്ട് ബലൂൺ വീർപ്പിക്കുകയും മുറി ഒരുക്കുകയും ഒന്നും വേണ്ട.... ഇപ്പോൾ തന്നത് പോലെ ഈ പായസം ഉണ്ടാക്കി തന്നാൽ മതി..."" ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് ശിവ പറഞ്ഞു. . ഇനിയുമേറെ അവനോടു പറയാനും കേൾക്കാനും ഉണ്ടെന്ന് അറിയാമായിരുന്നു എങ്കിലും അവന്റെ വാക്കുകൾ വല്ലാത്ത പ്രതീക്ഷ നൽകുന്നുണ്ടായിരുന്നു എല്ലാം ശെരിയാകും എന്നൊരു ഊർജ്ജം ഉള്ളിൽ നിറയും പോലെ....

പുതിയ സ്വപ്‌നങ്ങൾ കാണാൻ മനസ്സിനെ പ്രേരിപ്പിക്കുന്ന പ്രതീക്ഷ... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വേദ താഴേക്ക് വന്നപ്പോൾ അവളെയും കാത്തു സ്റ്റെയർ ന്റെ താഴെ കണ്ണൻ നിൽക്കുന്നത് കണ്ടു... വേദയെ കണ്ടപ്പോളേക്കും അവനോടി അരികിൽ വന്നു... ""എന്തായി ഏട്ടത്തി..... സംഗതി success ആയോ..."".വേദയുടെ മുഖത്തെ തെളിച്ചത്തിൽ നിന്നും അവന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയിരുന്നു എങ്കിലും അവളിൽ നിന്നും കേട്ടറിയാനുള്ള ആകാംഷയോടെ ചോദിച്ചു.. ""പ്ലാൻ ഹിറ്റായി...."" വേദ അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു... ""Yeyyy..... ""സന്തോഷം കാരണം കണ്ണന്റെ ശബ്ദവും അല്പം ഉയർന്നിരുന്നു..

""എന്ത് ഹിറ്റായ കാര്യമാണോ എന്തോ ചേച്ചിയും അനിയനും കൂടി പറയുന്നത്... "" സ്റ്റെപ്പിറങ്ങി താഴേക്ക് വരുന്ന ശിവയെ അപ്പോഴാണ് രണ്ടാളും കാണുന്നത്.. """അത്.... ഞങ്ങൾ പ്രിത്വിരാജിന്റെ പുതിയ സിനിമയുടെ കാര്യം പറയുവായിരുന്നു... അല്ലേ ഏട്ടത്തി... """വേദയെ നോക്കി കണ്ണ് കാണിച്ചു കൊണ്ട് കണ്ണൻ പെട്ടെന്ന് പറഞ്ഞു... ആണെന്നോ അല്ലെന്നോ പറയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു വേദ... അതുകൊണ്ട് മുഖം കുനിച്ചു നിന്നു... അതെന്ന് പറഞ്ഞാൽ വീണ്ടും കള്ളം പറഞ്ഞു എന്ന് ശിവ വിചാരിക്കുമോ എന്നവൾക്ക് തോന്നി.. """ഏട്ടനെപ്പോഴാ വന്നേ.... ഞാൻ കണ്ടതേ ഇല്ലല്ലോ... ""വീണ്ടും അവാർഡ് വാങ്ങാൻ എന്ന പോലെ മുഖത്ത് ഭാവങ്ങൾ വാരി വിതറി കണ്ണൻ പറഞ്ഞു. ""നീ കണ്ടില്ല എന്ന് എനിക്കറിയാല്ലോ..... ഞാൻ ധാ ഇപ്പൊ വന്നതേ ഉള്ളു.... ""

കണ്ണന്റെ തോളിൽ അമർത്തിപ്പിടിച്ചു കൊണ്ട് ശിവ പറഞ്ഞു.. തോളിൽ അനുഭവപ്പെട്ട വേദനയിൽ നിന്നും കാര്യങ്ങൾ ഒക്കെ ശിവക്ക് പിടികിട്ടി എന്ന് കണ്ണന് മനസ്സിലായി... . അവൻ പതുക്കെ ആ കൈ എടുത്തു മാറ്റി... ""ഈ ഏട്ടന്റെ ഒരു കാര്യം.... ഈയിടെയായി ആരോഗ്യം ഇത്തിരി കൂടുന്നുണ്ട് കേട്ടോ....എനിക്കേ അത്യാവശ്യമായി ഒരു ഫോൺ ചെയ്യാനുണ്ട് അത് കഴിഞ്ഞു വരാം... ""ഇനിയും നിന്നാൽ പെട്ടു പോകും എന്ന് മനസ്സിലാക്കി അവൻ പെട്ടെന്ന് മുറിയിലേക്ക് നടന്നു... കണ്ണന്റെ ഓട്ടം നോക്കി ചിരിയോടെ നിൽക്കുമ്പോഴാണ് ശിവയുടെ നോട്ടം വീണ്ടും തന്നിലേക്ക് വീഴുന്നതായി വേദക്ക് മനസ്സിലായത്... പിന്നെ ഒന്നും നോക്കാൻ നിന്നില്ല വേഗം അടുക്കളയിലേക്ക് നടന്നു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story