ശിവദം: ഭാഗം 22

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

രണ്ടു തവണ അവൻ മുൻപിൽ വന്നു നിന്നിട്ടും ശ്രദ്ധിക്കാതെ അവൾ വഴിയൊഴിഞ്ഞു നിന്നപ്പോൾ മനപ്പൂർവം തന്നെ ഒഴിവാക്കുകയാണെന്ന് അവനു മനസ്സിലായി... കാര്യം എന്താ എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല.. ""ഡീ... നീ എന്താ കണ്ടിട്ടും കാണാതെ പോകുന്നെ..."" വീണ്ടും അവൾ മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ തടസ്സമായി മുൻപിൽ നിന്നു .. ""വഴിയിൽ നിന്നും മാറ്... എനിക്ക് പോണം..."" അവന്റെ മുഖത്ത് നോക്കാതെ സൈഡിലേക്ക് നോക്കി അവൾ പറഞ്ഞു ... ""അതിന്റെ കാരണമാണ് ചോദിച്ചത്.... നിനക്കെന്താ എന്റെ മുഖത്തേക്ക് നോക്കിയാൽ..."" ഇത്തവണ അവനും ദേഷ്യം വന്നു തുടങ്ങിയിരുന്നു....

""നിങ്ങൾക്കെന്താ.... പറഞ്ഞാൽ മനസ്സിലാകില്ലേ.... നമ്മൾ തമ്മിൽ അതിന് എന്ത് ബന്ധമാ ഉള്ളത്.... എന്റെ ആരാ നിങ്ങള്... ""ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന അവളുടെ ആ രൂപം അവനന്യമായിരുന്നു.. ""എ... എന്താ നീ പറയുന്നേ... അതിനും വേണ്ടി ഇപ്പൊ എന്താ ഉണ്ടായത്..."" ഒരു നിമിഷം തറഞ്ഞു നിന്നെങ്കിലും പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്ത് അവൻ ചോദിച്ചു. ""ഒന്നും ഉണ്ടായില്ല.... എനിക്ക് ക്ലാസ്സിലേക്ക് പോണം... ""വീണ്ടും അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവൾ മുന്നോട്ട് നടന്നു.. ""കാര്യം പറഞ്ഞിട്ട് പോയാൽ മതി നീ...കൈയിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു നിർത്തി..."" ""ആഹ്.... ""

അവളിൽ നിന്നും വേദന കലർന്ന ഒരു നിലവിളി പുറത്തേക്ക് വന്നു.. ഇറുക്കിയടച്ച കൺപീലികൾക്കിടയിൽ കൂടിപ്പോലും കണ്ണുനീർ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു.. അവളുടെ വേദന കലർന്ന മുഖം അവനിൽ വല്ലാത്ത പരിഭ്രാന്തി നിറച്ചു.. അവളിൽ നിന്നും ഉയർന്ന എതിർപ്പുകളെ വകവെക്കാതെ ബലമായി ഉടുപ്പിന്റെ കൈ മുകളിലേക്കാക്കി നോക്കി.. എന്ത് വികാരമാണ് അവളുടെ കൈയിലേക്ക് നോക്കിയപ്പോൾ ഉള്ളിൽ നിറഞ്ഞതെന്ന് വ്യക്തമല്ല....അവളുടെ ഒപ്പം അവന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു.. പെരുവിരലിന്റെ വീതിയിൽ കൈകളിൽ നിറയെ ചൂരൽ കൊണ്ട് അടിച്ച പാടുകൾ ഉണ്ടായിരുന്നു..

അവളെ നോക്കിയപ്പോൾ അപ്പോഴും കണ്ണുകളടച്ചു നിൽക്കുകയാണ്.. അവന്റെ നേരെ ഒന്ന് നോക്കാൻ പോലും അവൾക്ക് ജാള്യത ഉള്ളത് പോലെ.. ""ഇതെന്താ.... ആരാ നിന്നെ.... "" പതിയെ ആ മുറിവിൽ ഒന്ന് തൊട്ടപ്പോഴേക്കും എരിവ് വലിച്ചുകൊണ്ടവൾ കൈ പിൻവലിച്ചു... ""നിങ്ങൾക്കെന്താ പറഞ്ഞാൽ മനസ്സിലാകാത്തെ .. ആരോട് ചോദിച്ചിട്ട എന്റെ ദേഹത്തു തൊട്ടത്‌ ... എനിക്ക് നിങ്ങളെ ഇഷ്ടമല്ല എന്ന് എത്ര തവണ പറയണം.. ദൈവത്തെ ഓർത്ത് ഇനി എന്റെ മുൻപിൽ വരരുത്..."" കൈകൾ കൂപ്പി അവന്റെ മുൻപിൽ നിൽക്കുമ്പോഴേക്കും കരഞ്ഞു പോയിരുന്നു... പ്രതികരിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു കണ്ണൻ...

നിസ്സഹായതയോടെ തനിക്ക് മുൻപിൽ കൈകൾ കൂപ്പി നിൽക്കുന്ന അവളുടെ ആ രൂപം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.. അവളുടെ കണ്ണുകളിൽ തനിക്കായി വിരിയുന്ന പ്രണയം നേരിട്ടറിഞ്ഞതാണ്.... അവൾ ഇപ്പോൾ പറഞ്ഞതിൽ ഒരു വരി പോലും സത്യമല്ല എന്ന് നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ തന്നെ അവനോട് പറയുന്നുണ്ടായിരുന്നു.. ""കരയണ്ട.... ഇ.. ഇനി.. ഞാൻ വരില്ല.."". ഇടറുന്ന ശബ്ദത്തിൽ പറഞ്ഞിട്ട് തിരികെ നടക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും അറിഞ്ഞ ശേഷം മാത്രമേ ഇനി അവളുടെ മുൻപിലേക്ക് പോകൂ എന്ന് മനസ്സ് പ്രതിജ്ഞ എടുത്തിരുന്നു.. ഇനി അവനിലേക്ക് ഒരു തിരിച്ചുപോക്ക് ഇല്ല എന്നറിഞ്ഞിട്ടും മുന്നിൽ നിന്നും മറയുവോളം അവൾ നോക്കി നിന്നു...

അത്രമേൽ പ്രിയപ്പെട്ടതെന്തോ പ്രാണനിൽ നിന്നും വിട്ടകലുന്നത് പോലെ... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കോളേജിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറിയപ്പോൾ മുൻപ് ഉണ്ടായിരുന്നതിലും അധികം ആത്മവിശ്വാസം ഉണ്ടായിരുന്നു വേദയുടെ മുഖത്ത്... ശിവയോടൊത്തുള്ള ഓരോ നിമിഷങ്ങളും വീണ്ടും മനസ്സിലേക്ക് ഓടി വന്നു... ചുണ്ടിലൂറിയ ചിരിയോടെ മുൻപോട്ട് നടന്നു.. ഒരാഴ്ച പിന്നിട്ടിരിക്കുന്നു എല്ലാം ഒന്ന് ശാന്തമായിട്ട്.. സ്റ്റാഫ്‌ റൂമിൽ എത്തിയപ്പോൾ ആരും വന്നിട്ടുണ്ടായിരുന്നില്ല... അകത്തേക്ക് കയറി ബാഗ് ടേബിളിലേക്ക് വച്ചു. കുറച്ചു വെള്ളമെടുത്തു കുടിച്ചപ്പോളാണ് ചോറ്പാത്രം കണ്ടത്... അതൊന്ന് കൈയിൽ എടുത്തു നോക്കി... ശിവയുടേതാണ്...

ആദ്യമായി അവനാ പത്രത്തിൽ ചോറ് പൊതിഞ്ഞു കൊടുത്തതാണ് ഓർമയിലേക്ക് വന്നത്.... ആദ്യം പാത്രം വാങ്ങാതെ തന്നെ തന്നെ നോക്കി നിന്നു..... പിന്നീട് ശ്വാസം മുട്ടും പോലെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു ചെവിയിൽ ചുണ്ടുകൾ ചേർത്തു ചുംബിച്ചു... ഇപ്പോഴും അവന്റെ ചുംബനത്തിന്റെ ചൂട് ചെവിയിൽ തന്നെ ഉള്ളതായി അവൾക്ക് തോന്നി... കവിളുകളിൽ ചുവപ്പു രാശി പടരാൻ തുടങ്ങിയപ്പോൾ പാത്രം തിരികെ ബാഗിലേക്ക് തന്നെ വച്ചു. വെറുതെ കസേരയിൽ ചാരി കണ്ണുകളടച്ചു കിടന്നു.... ശിവയോടൊപ്പമുള്ള ഓർമകളിൽ തന്നെയായിരുന്നു മനസ്സ്.... അഞ്ച് ദിവസം കഴിഞ്ഞിരിക്കുന്നു നേരിൽ കണ്ടിട്ട്.....

അച്ഛനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിന്റെ അന്നാണ് ചെന്നൈയിൽ വച്ചു നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ ഉള്ള വിളി വന്നത്.. ഫോൺ വച്ചു കഴിഞ്ഞുള്ള മൂകത കണ്ടിട്ടാണ് കാര്യം തിരക്കിയത്.. ഒരു കൊച്ചു കുട്ടിയുടെ പരിഭവത്തോടെ ചെന്നൈയിലേക്ക് പോകേണ്ടി വരുന്ന കാര്യം പറയുന്ന അവനോട് അവൾക്ക് അതിയായ വാത്സല്യം തോന്നി... ഏറ്റവും ഇഷ്ടമുള്ള കളിപ്പാട്ടം കൈവിട്ടു കളയാൻ മടി കാണിച്ചു നിൽക്കുന്ന കുട്ടിയെപ്പോലെ പിണങ്ങി ഇരിക്കുന്ന അവനെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കുമ്പോൾ അറിഞ്ഞിരുന്നില്ല വിരഹം അത്രമേൽ വേദനിപ്പിക്കുന്ന ഒന്നാണെന്ന്... എയർപോർട്ട്‌ വരെ കൂടെ വരാൻ അനുവദിക്കാതെ തന്നെ സ്വന്തം വീട്ടിൽ ആക്കി പോകുകയായിരുന്നു....

ഗേറ്റ് കടന്നു കണ്ണിൽ നിന്നും മറയുവോളം തല വെളിയിലേക്കിട്ട് തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും ആ കണ്ണുകൾ അനുസരണക്കേട് കാട്ടുന്നുണ്ടായിരുന്നു..... വീട്ടിൽ എല്ലാവരുടെയും കൂടെ ഇരിക്കുമ്പോഴും ഇടയ്ക്കിടെ ഫോണിൽ സമയവും റേഞ്ച് കിട്ടുന്നുണ്ടോ എന്നും മാറി മാറി നോക്കി ഇരിക്കുന്ന തന്നെ അമ്മയും അനിയത്തിമാരും എല്ലാം കളിയാക്കുന്നുണ്ടായിരുന്നു... പക്ഷേ അതൊന്നും തടയാൻ തോന്നിയില്ല... വല്ലാത്ത ഒരു സുഖമുണ്ടായിരുന്നു ആ തമാശകൾക്ക്... മനസ്സിനെ മത്തു പിടിപ്പിക്കുന്ന സുഖം... അവിടെ എത്തിയിട്ട് വിളിക്കാൻ വൈകുന്ന ഓരോ നിമിഷവും മനസ്സിലെ ക്ഷമ നശിച്ചു കൊണ്ടിരുന്നു...

ഒടുവിൽ വെപ്രാളം സഹിക്കാൻ കഴിയാതെ അങ്ങോട്ട് വിളിക്കാൻ തുടങ്ങുമ്പോഴായിരുന്നു ഫോൺ ബെല്ലടിച്ചത്.... ചെവിയോട് ചേർത്തു വച്ചു കുറേ നേരം ഇരുന്നു ... ശ്വാസത്തിന് പോലും പരസ്പരം ഒരുപാട് കഥകൾ പറയാനുള്ളത് പോലെ... ""കഴിച്ചോടി...."" ആ ചോദ്യം കേട്ടപ്പോൾ ചിരിയാണോ കരച്ചിൽ ആണോ ആദ്യം വന്നതെന്ന് വ്യക്തമല്ല.... ആദ്യത്തെ ചോദ്യം... മറുപടി ഒരു മൂളലിൽ ഒതുക്കുകയായിരുന്നു... അവനെ കേൾക്കാനായിരുന്നു ഇഷ്ടം... അത് മനസ്സിലാക്കിയെന്നവണ്ണം അവൻ പറയുന്ന ഓരോ വിശേഷങ്ങൾക്കും കാതോർത്തിരുന്നു.. മറുപടി പലപ്പോഴും മൂളലുകളും അടക്കിപ്പിടിച്ച ചിരിയും മാത്രമായിരുന്നു...

ഒടുവിൽ മയക്കം കണ്ണുകളെ പൂർണ്ണമായി കീഴ്പ്പെടുത്തുമ്പോഴും പറഞ്ഞു പൂർത്തിയാക്കാത്ത വിശേഷങ്ങൾ അവൻ പറയുന്നുണ്ടായിരുന്നു. ""എന്താ ടീച്ചറെ കണ്ണടച്ചിരുന്നു സ്വപ്നം കാണുവാണോ .."" രേഖ ടീച്ചറുടെ ശബ്ദമാണ് ഓർമകളിൽ നിന്നും ഉണർത്തിയത്.. കണ്ണുകൾ തുറന്നു നോക്കിയപ്പോൾ മിക്കവാറും എല്ലാവരും വന്നിട്ടുണ്ടായിരുന്നു...പലരുടെയും നോട്ടം തനിക്ക് നേരെ തന്നെ ആയിരുന്നു....ചില മുഖങ്ങളിൽ നിസ്സംഗതയായിരുന്നു എങ്കിൽ മറ്റു ചിലതിൽ പരിഹാസമായിരുന്നു... അവരുടെ ഒക്കെ മനസ്സിലെ ചിന്ത അറിയാൻ വലിയ കഷ്ടപ്പാടൊന്നും ഉണ്ടായിരുന്നില്ല....

എല്ലാവർക്കും പ്രിയങ്കരനായ കാർത്തി സാറിനെ ഉപേക്ഷിച്ചു പണക്കാരനായ ശിവറാം മഹേന്ദ്രനെ വിവാഹം കഴിച്ച പെണ്ണായിട്ടാണ് അവരെല്ലാവരും കാണുന്നതെന്ന് നന്നായി അറിയാമായിരുന്നു.. അല്ലെങ്കിലും അയാളൊരു മികച്ച നടനാണ്... എത്ര വിദഗ്ധമായിട്ടാണ് നാല് വർഷങ്ങൾക്ക് മുൻപ് തന്നെ എളുപ്പത്തിൽ വിഡ്ഢി ആക്കിയത്.... ശിവേട്ടനെക്കുറിച്ചുള്ള ഓരോ പൊയ്ക്കഥകളും എത്ര തന്മയത്വത്തോടെയാണ് തന്നെ പറഞ്ഞു വിശ്വസിപ്പിച്ചത്... ""ടീച്ചർ ഇന്ന് രാവിലെ വീടിന്റെ അടുത്തുള്ള സ്റ്റോപ്പിൽ നിന്നും ബസിൽ കയറുന്നത് കണ്ടല്ലോ.... ഇപ്പോൾ വീട്ടിലാണോ നിൽക്കുന്നത്..."" മാലതി ടീച്ചറാണ്... ശിവയുമായി പിണക്കത്തിലാണോ അല്ലയോ എന്നതാണ് ചോദ്യത്തിലെ മറഞ്ഞിരിക്കുന്ന അർത്ഥം എന്ന് മനസ്സിലായിരുന്നു.. ""ഒരാഴ്ചത്തേക്ക് നിൽക്കാൻ വന്നതാ ടീച്ചറെ... ശിവേട്ടൻ ചെന്നൈ വരെ പോയേക്കുവാ... ഇന്ന് വൈകിട്ട് വരും...

""തന്റെ മറുപടി ആ മുഖത്തെ പുഞ്ചിരി മായ്ക്കുന്നതായി തോന്നി. ബെല്ലടിച്ചപ്പോൾ പുസ്തകവുമായി ക്ലാസ്സിലേക്കിറങ്ങി... വരാന്തയിലൂടെ നടക്കുമ്പോഴാണ് കാർത്തിയേട്ടൻ എതിരെ വരുന്നത് കാണുന്നത്... സഹതാപമായിരുന്നു തോന്നിയത്.... ഒരു പെണ്ണിനെ സ്വന്തമാക്കാൻ ഇത്രയും അധഃപ്പതിക്കുമോ എന്നുള്ള സഹതാപം.. അങ്ങനെ ചതിയിലൂടെ നേടുന്ന പ്രണയത്തിന് എന്ത് മഹിമയാണ് പറയാൻ ഉള്ളത്.. തനിക്ക് നേരെ നടന്നു വരുന്ന വേദയെ കണ്ടപ്പോൾ കാർത്തി ഒരു നിമിഷം നോക്കി നിന്നു. അവൾ മുമ്പുള്ളതിനേക്കാൾ സുന്ദരി ആയെന്നവന് തോന്നി....

അവളുടെ കണ്ണുകളിലെ തെളിച്ചവും മുഖത്ത് തെളിഞ്ഞു കാണുന്ന സന്തോഷവുമെല്ലാം ശിവയോടൊപ്പമുള്ള ജീവിതത്തിൽ അവൾ സന്തോഷവതിയാണെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു... അവൾ സത്യങ്ങളെല്ലാം അറിഞ്ഞു കാണുമോ എന്ന് ഒരുവേള അവന് ഭയം തോന്നി.... അവളുടെ കണ്ണുകളിൽ വെറുപ്പ് മാത്രം കാണാൻ കഴിയില്ല... ജീവന് തുല്യം സ്നേഹിച്ചവളായിരുന്നു... അമ്മക്ക് വേണ്ടി മാത്രമാണ് വിട്ടു കളഞ്ഞത്... നടന്നു നേരെ മുൻപിൽ എത്തിയപ്പോൾ അവളെ അഭിമുഖീകരിക്കാൻ അവന് ബുദ്ധിമുട്ട് തോന്നി... മറ്റെങ്ങോട്ടോ നോക്കി നടക്കാൻ തുടങ്ങിയെങ്കിലും അവൾ വിളിച്ചപ്പോൾ നിൽക്കേണ്ടി വന്നു. തിരിഞ്ഞു നോക്കിയപ്പോൾ കൈകൾ രണ്ടും മാറിൽ പിണച്ചുകെട്ടി തന്നെ നോക്കി നിൽക്കുന്ന വേദയെയാണ് കാണുന്നത്.. മുഖത്ത് പുച്ഛമാണോ... ദേഷ്യമാണോ എന്ന് വ്യക്തമല്ല.. ""ശിവേട്ടൻ ഗർഭിണിയാക്കിയ ആ കാമുകിയുടെ പേരെന്തായിരുന്നു..

. "" അവന്റെ ഓരോ ഭാവങ്ങളും വീക്ഷിച്ചുകൊണ്ട് ഗൗരവത്തിൽ തന്നെ ചോദിച്ചു.. അവളുടെ ചോദ്യം.. അവൾ സത്യങ്ങൾ എല്ലാം അറിഞ്ഞു എന്ന് അവന് മനസ്സിലാക്കിക്കൊടുത്തു... തന്നെ തീഷ്ണമായി നോക്കുന്ന... തന്നോടുള്ള വെറുപ്പ് മാത്രം നിറഞ്ഞ ആ കണ്ണുകളിൽ നോക്കാൻ ശക്തി ഇല്ലാതെ അവന്റെ തല താഴ്ന്നു.. ""എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നുവാ കാർത്തിയെട്ടാ.... കുട്ടിക്കാലം മുതൽ നിങ്ങളെ അന്ധമായി വിശ്വസിച്ചതിന്.... നിങ്ങളുടെ വാക്ക് കേട്ട് ശിവേട്ടനെ വേദനിപ്പിച്ചതിന്.... എത്ര മാപ്പ് പറഞ്ഞാലും ക്ഷമിക്കാൻ കഴിയാത്ത വാക്കുകൾ ഞാൻ ആ മനുഷ്യനോട് പറഞ്ഞിട്ടുണ്ട് അറിയുമോ....

ശിവേട്ടൻ ക്ഷമിച്ചു എന്ന് പറഞ്ഞാലും ഞാൻ മരിക്കും വരെ എന്റെ മനസ്സാക്ഷി എന്നോട് ക്ഷമിക്കാത്ത വാക്കുകൾ... "" കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു പറയുമ്പോൾ... തലയുയർത്തി നോക്കാൻ കാർത്തി ധൈര്യപ്പെട്ടില്ല... ""പക്ഷേ ഒരു കാര്യത്തിൽ മാത്രം എനിക്ക് നിങ്ങളോട് നന്ദി ഉണ്ട്.... അന്ന് സ്ത്രീധനം ചോദിച്ചതിൽ... അല്ലായിരുന്നുവെങ്കിൽ ഇന്നും നിങ്ങൾ നുണകൾ കൊണ്ട് പടുത്തുയർത്തിയ അറക്കുള്ളിൽ ഞാൻ കഴിയേണ്ടി വന്നേനെ...."" അവനോടുള്ള പുച്ഛം നിറഞ്ഞ ഒരു ചിരി മാത്രമായിരുന്നു ചുണ്ടിൽ.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞു പുറത്തേക്കിറങ്ങാൻ വല്ലാത്ത ഉത്സാഹം ആയിരുന്നു... ശിവ വിളിക്കാൻ വരും എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു... വീഡിയോ കാൾ വിളിക്കാൻ സൗകര്യം ഉണ്ടായിരുന്നെങ്കിലും വിളിച്ചിരുന്നില്ല...കാണാതിരിക്കുമ്പോൾ അവനോടുള്ള സ്നേഹത്തിന്റെ ആഴം അറിയുകയായിരുന്നു മനസ്സ്... രാത്രിയിൽ ഉറങ്ങും വരെ ഒരു വാക്ക് പോലും പരസ്പരം സംസാരിക്കാതെ ഫോണിന്റെ ഇരു വശത്തുമായി ശ്വാസത്തിന് കാതോർത്തു കിടക്കുമ്പോൾ അവനായുള്ള കാത്തിരിപ്പാണ് ഇതുവരെ അറിഞ്ഞതിലും ഏറ്റവും മധുരമുള്ള അനുഭൂതി എന്ന് തോന്നി... ഗേറ്റിനടുത്തു എത്താറായപ്പോളെ കണ്ടു തന്നെയും പ്രതീക്ഷിച്ചു കാറിൽ ചാരി കൈകൾ കെട്ടി നിൽക്കുന്നത്... ഇത് കോളേജ് ആണെന്നോ താനൊരു അദ്ധ്യാപിക ആണെന്നോ ചിന്തിക്കാതെ അവന്റെ അരികിലേക്ക് ഓടുകയായിരുന്നു കാലുകൾ..

മുൻപിൽ എത്തിയപ്പോളേക്കും അണച്ചു പോയിരുന്നു... കിതപ്പോടെ അവന്റെ മുൻപിൽ നിൽക്കുമ്പോൾ ആ രൂപം മനസ്സിലേക്ക് ആവാഹിക്കുകയായിരുന്നു.... കാത്തിരിപ്പ് ദൈർഖ്യമേറിയതായിരുന്നു എന്ന് തോന്നിയത് അവനെ മുൻപിൽ കണ്ടപ്പോൾ ആയിരുന്നു.. ഒന്നും മിണ്ടാതെ വെറുതെ അവനെ നോക്കി നിന്നു.... പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ ഭാഷ മൗനമാണെന്ന് തോന്നി... ഉറക്കമില്ലായ്മയുടെ കറുപ്പ് തടങ്ങൾ വീണ ആ കണ്ണുകളിൽ നോക്കി നിൽക്കുമ്പോൾ ചുറ്റും ഉള്ള ലോകം മുഴുവൻ അവനിലേക്ക് ചുരുങ്ങുന്നതായി തോന്നി അവൾക്ക്.... ആ രണ്ടു മിഴികളിൽ താനും..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story