ശിവദം: ഭാഗം 23

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

മുൻപിൽ എത്തിയപ്പോളേക്കും അണച്ചു പോയിരുന്നു... കിതപ്പോടെ അവന്റെ മുൻപിൽ നിൽക്കുമ്പോൾ ആ രൂപം മനസ്സിലേക്ക് ആവാഹിക്കുകയായിരുന്നു.... കാത്തിരിപ്പ് ദൈർഖ്യമേറിയതായിരുന്നു എന്ന് തോന്നിയത് അവനെ മുൻപിൽ കണ്ടപ്പോൾ ആയിരുന്നു.. ഒന്നും മിണ്ടാതെ വെറുതെ അവനെ നോക്കി നിന്നു.... പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ ഭാഷ മൗനമാണെന്ന് തോന്നി... ഉറക്കമില്ലായ്മയുടെ കറുപ്പ് തടങ്ങൾ വീണ ആ കണ്ണുകളിൽ നോക്കി നിൽക്കുമ്പോൾ ചുറ്റും ഉള്ള ലോകം മുഴുവൻ അവനിലേക്ക് ചുരുങ്ങുന്നതായി തോന്നി അവൾക്ക്.... ആ രണ്ടു മിഴികളിൽ താനും.. പരസ്പരം ഒരു വാക്ക് പോലും പറയാനില്ലാതെ വെറുതെ നോക്കി നിന്നു...

അവനൊരുപാട് ക്ഷീണിച്ചു എന്ന് തോന്നി... ഒരുപക്ഷേ മനസ്സിന്റെ വെറും തോന്നലാകാം.. പതിയെ അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി തന്നിലേക്കും വ്യാപിക്കുന്നതറിഞ്ഞു... റോഡിൽ കൂടി പോയ ഏതോ വാഹനത്തിന്റെ ഹോണടി ശബ്ദമാണ് ചിന്തകളെ മുറിച്ചത്.. എവിടെയാണ് നിൽക്കുന്നതെന്നുള്ള തിരിച്ചറിവുണ്ടായപ്പോൾ ചെറുതായി ചമ്മൽ തോന്നി... ചുറ്റിലും നോക്കിയപ്പോൾ കൗതുകത്തോടെ വീക്ഷിക്കുന്ന ഒരുപാട് കണ്ണുകൾ കണ്ടു. ശിവയെ നോക്കിയപ്പോൾ കുസൃതി നിറഞ്ഞ ഒരു ചിരി ആ മുഖത്ത് വിരിയുന്നത് കണ്ടു.. ഒന്നും സംസാരിക്കാതെ കാറിന്റെ ഡോർ തുറന്നു തന്നു.. അകത്തേക്ക് കയറി ഇരിക്കുമ്പോഴും തലയുയർത്താൻ തോന്നിയില്ല.

കണ്ടു മടുത്ത വഴികളിൽ കൂടിയുള്ള ആ യാത്രയ്ക്കും ഒരു പുതുമ ഉണ്ടായിരുന്നു... ഇടയ്ക്കിടെ വെറുതെ പാളി നോക്കിക്കൊണ്ടിരുന്നു... കണ്ണുകൾ പരസ്പരം ഇടയുമ്പോൾ ചിരിയോടെ നോട്ടം മാറ്റും.. എന്ത് പറയണമെന്നോ.... എവിടെ തുടങ്ങണമെന്നോ അറിയാത്ത അവസ്ഥ... ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് പോലും തോന്നിപ്പോയി... തന്റെ മനസ്സറിഞ്ഞെന്ന വണ്ണം ശിവ വീട്ടിലേക്ക് തിരിയുന്ന വഴി കഴിഞ്ഞിട്ടും കാർ മുന്നോട്ട് എടുത്തപ്പോൾ അതിശയം ഒന്നും തോന്നിയില്ല... അല്ലെങ്കിലും ഒരിക്കൽ പോലും ആ മനസ്സ് അറിയാതിരുന്നത് താൻ മാത്രമാണ്... അസ്തമനത്തോടടുത്തത് കൊണ്ടാകാം... കടൽത്തീരത്തു നല്ല തിരക്കുണ്ടായിരുന്നു...

തിരയിലേക്കിറങ്ങി ആർത്തു ചിരിക്കുന്ന കുട്ടികളുടെയും... പരസ്പരം കൈകൾ കോർത്തു മണൽപ്പരപ്പിൽ ഇരിക്കുന്ന പ്രണയജോഡികളുടെയും ഇടയിലൂടെ അവനൊപ്പം മുന്നോട്ട് നടന്നു... തിരകൾ വന്നു കാലിൽ തൊടുമ്പോൾ ഓടി മാറുന്ന കുട്ടികളെയും കടലിലേക്ക് മെല്ലെ ഇറങ്ങിച്ചെല്ലുന്ന സൂര്യനെയും നോക്കി ആളൊഴിഞ്ഞ ഒരു ഭാഗത്തു വെറുതെ ഇരുന്നു... എത്ര വേഗമാണ് മനുഷ്യന്റെ കാഴ്ചപ്പാടുകളും അഭിരുചികളും മാറുന്നത്... മുൻപ് ഓരോ തവണയും ഇവിടേക്ക് വരാൻ ആവേശമായിരുന്നു.... ആകെ നനഞ്ഞു ദേഹത്തപ്പടി മണ്ണും ആയിട്ടായിരിക്കും വീട്ടിലേക്ക് പോകുക... മിക്കവാറും തണുപ്പും ഐസ് ക്രീമും എല്ലാം കൂടി പനിയും പിടിക്കും...

പക്ഷേ ഇന്നതൊന്നും ഭ്രമിപ്പിക്കുന്നില്ല....ദൂരെ നിന്ന് കടലിനെ കാണാൻ കൊതി തോന്നി... ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാതെ നിശബ്ദമായി ആസ്വദിക്കാൻ... ശിവയെ നോക്കിയപ്പോൾ കടലിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു.... എന്തൊക്കെയോ ഓർമ്മകൾ ആ മനസ്സിലൂടെ കടന്നു പോകുന്നുണ്ടെന്ന് തോന്നി....ദൃഷ്ടി ഉറയ്ക്കാതെ നിരന്തരം ചലിക്കുന്ന മിഴികൾ അത് വിളിച്ചു പറയുന്നുണ്ടായിരുന്നു... ""ഞാൻ ഇത് രണ്ടാമത്തെ തവണയാണ് ഇവിടേക്ക് വരുന്നത്.... "" അവന്റെ വാക്കുകൾ കേട്ടപ്പോൾ സംശയത്തോടെയാണ് നോക്കിയത്... ഇത്രയും അടുത്ത് ഉണ്ടായിട്ടും ഒരു തവണ പോലും വന്നില്ല എന്ന് പറഞ്ഞാൽ... ""അതെന്താ.... കടൽ നല്ല ഭംഗി അല്ലേ കാണാൻ... ""

കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.... ""കടലിന്റെ അടിത്തട്ടിൽ എവിടെയോ എന്റെ അമ്മ ഉണ്ട്... ""പറയുമ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു... ""എന്താ ഉണ്ടായതെന്നൊന്നും ഓർമയിൽ ഇല്ല... ഞങ്ങൾ പോയ boat മറിഞ്ഞതാണെന്ന് അച്ഛൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്... എന്നെയും അച്ഛനെയും മാത്രമേ രക്ഷാപ്രവർത്തകർക്ക് കിട്ടിയുള്ളൂ... അനിയനും ഉണ്ടായിരുന്നു അ... അമ്മേടെ വയറ്റിൽ "" കുറച്ചു നിമിഷത്തേക്ക് പിന്നെ ഒന്നും മിണ്ടിയില്ല... വാക്കുകൾ കോർത്തെടുക്കാൻ അവൻ പ്രയാസപ്പെടുന്നുണ്ട് എന്ന് തോന്നി... കാൽമുട്ടുകൾക്ക് മുകളിൽ വച്ച ആ കൈകളിൽ വിരലുകൾ കോർത്തു പിടിച്ചു... തോളിലേക്ക് മുഖമമർത്തി കിടന്നപ്പോൾ ശ്വാസം വലിച്ചെടുക്കുന്നത് കേട്ടു....

ആശ്വസിപ്പിക്കണം എന്നുണ്ട്.... ചേർത്ത് പിടിക്കണം എന്നുണ്ട് പക്ഷേ ഒന്നിനും കഴിയുന്നില്ല... അവന്റെ വേദന അതിനിരട്ടിയായി തന്റെ ഹൃദയം മുറിവേൽപ്പിക്കുമ്പോൾ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്.. ""ഒരു പ്രാവശ്യമേ ഞാനിവിടെ വന്നിട്ടുള്ളൂ.... ഒറ്റക്ക്..... അന്ന് കണ്ട മുഖങ്ങൾ എല്ലാം ഇന്നും മനസ്സിലുണ്ട്... അന്ന് ഇവിടെ ഇരുന്നപ്പോൾ ഞാൻ അമ്മയോട് പറഞ്ഞതാണ് ഇനി വരുമ്പോൾ ശിവക്ക് മാത്രമായി സ്നേഹിക്കാനും ആരെങ്കിലും കൂടെ കാണുമെന്ന്.... ""ശബ്ദം ഇടറിയിരുന്നു എങ്കിലും ആ കണ്ണുകളിൽ വല്ലാത്ത സന്തോഷം ഉണ്ടായിരുന്നു... ലോകം കീഴടക്കിയവന്റെ സന്തോഷം... ""കണ്ണൻ എന്നോട് എല്ലാം പറഞ്ഞിരുന്നു.... എന്തിനാ ഏട്ടാ ഇങ്ങനെ...

എല്ലാ സത്യങ്ങളും അറിഞ്ഞിട്ട്... ഇപ്പോഴും ആ അഭിനയത്തിന് മുൻപിൽ വിഡ്ഢിവേഷം കെട്ടി നിൽക്കുന്നത്... "" അവന്റെ വിഷമം കണ്ടപ്പോൾ അറിയാതെ ചോദിച്ചതാണെങ്കിലും ആ മുഖത്തെ തെളിച്ചം മങ്ങുന്നത് കണ്ടപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി... ""ഉപേക്ഷിച്ചിട്ട്...."" ഇത്തവണ മുഖത്തൊരു ചിരി ഉണ്ടായിരുന്നു പക്ഷേ അതൊരിക്കലും ജീവിതത്തിൽ വിജയിച്ചവന്റെ ചിരി ആയിരുന്നില്ല... ""അപ്പച്ചിയുമായുള്ള ബന്ധം ഞാൻ അവസാനിപ്പിച്ചാൽ കണ്ണന് അവന്റെ അമ്മയെയോ എന്നെയേയോ തിരഞ്ഞെടുക്കേണ്ടി വരും... അവൻ എന്നേ ആയിരിക്കും തിരഞ്ഞെടുക്കുക എന്നും അറിയാം... അതിന് ഞാൻ ഒരിക്കലും ഇടവരുത്തില്ല.... അപ്പച്ചി ഒരുപാട് സ്നേഹിച്ചു വളർത്തിയതാണ് അവനെ..

ആ ബന്ധം കൂടി അറ്റാൽ പിന്നെ അനാഥൻ എന്നൊരു പേരായിരിക്കും ബാക്കി ഉണ്ടാകുക... ആ വിളി അത്രയ്ക്ക് സുഖമില്ലെടോ... ""ചിരിയോടെ പറയാൻ ശ്രമിച്ചു എങ്കിലും കണ്ണുകൾ ചതിച്ചിരുന്നു.. എത്ര നേരം അവിടെ ഇരുന്നു എന്നറിയില്ല... ശിവ മൗനം കൊണ്ട് അമ്മയോട് ഒരായിരം കഥകൾ പറയുകയാണെന്ന് തോന്നി... ഇടയ്ക്കിടെ കൈ വിരലുകളിൽ മുറുക്കം കൂടി വന്നു... അപ്പോഴൊക്കെ അതിലും കൂടുതൽ ശക്തിയോടെ ആ വിരലുകൾ ചേർത്തു പിടിച്ചിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാത്രി ആയിരുന്നു തിരികെ വീട്ടിൽ എത്തിയപ്പോൾ... വാതിൽ തുറക്കാനും അകത്തേക്ക് കയറിയപ്പോഴും ഒന്നും കണ്ണനെ കാണാതെ ശിവ സംശയത്തോടെ ചുറ്റും നോക്കി...

ചെന്നൈയിൽ എത്തിയപ്പോൾ മുതൽ ഇങ്ങനെയാണ്.... കുറഞ്ഞ വാക്കുകളിൽ സംസാരം അവസാനിപ്പിക്കുകയായിരുന്നു കണ്ണൻ ഓരോ തവണ വിളിക്കുമ്പോഴും .. മുറിയിൽ ചെന്നു നോക്കിയപ്പോഴേക്കും അവൻ ഉറക്കം പിടിച്ചിരുന്നു.. ഉണർത്താൻ തോന്നിയില്ല. പുറത്തേക്കിറങ്ങിയപ്പോൾ കണ്ടു കഷ്ടപ്പെട്ട് വരുത്താൻ ശ്രമിക്കുന്ന സന്തോഷത്തോടെ മാധവിയമ്മ അടുത്തേക്ക് വരുന്നത്... ""നിനക്കൊന്ന് പറഞ്ഞൂടെ ശിവ ഇന്ന് വരുന്നുണ്ടെന്ന്.... ഇതിപ്പോ ഇവിടെ ഒന്നും ബാക്കി വച്ചിട്ടില്ലല്ലോ... രാധയാണെങ്കിൽ വീട്ടിലേക്ക് പോകുകയും ചെയ്തു.."". മുഖത്ത് പരമാവധി വിഷമം വരുത്താൻ ശ്രമിച്ചു കൊണ്ട് മാധവിയമ്മ പറഞ്ഞു... ""നീ നേരെ വേദ മോളുടെ വീട്ടിലേക്ക് പോകുമെന്ന ഞാൻ വിചാരിച്ചത്...

ഈയിടെയായി അവിടെയാണല്ലോ എപ്പോഴും.... അയൽക്കാർ വരെ ചോദിച്ചു തുടങ്ങി മരുമോൾ ഇവിടല്ലേ താമസം എന്ന്...""".വേദയെ ഒന്ന് നോക്കിക്കൊണ്ട് മാധവിയമ്മ പറഞ്ഞു. വേദയുടെ മുഖം അത് കേട്ടപ്പോൾ മങ്ങി... എത്രയൊക്കെ തടയാൻ ശ്രമിച്ചിട്ടും അത് പ്രകടമാവുകയും ചെയ്തു... ""അച്ഛന്റെ കാര്യം അപ്പച്ചിക്ക് അറിയാവുന്നതല്ലേ.... അമ്മയെക്കൊണ്ട് ഒറ്റക്ക് പറ്റില്ല എല്ലാം കൂടി... ഞാനാണ് അവളോട് അവിടെ നിൽക്കാൻ പറഞ്ഞത്.... അത് നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല..."" ഉറച്ച ശബ്ദത്തിൽ പറയുമ്പോൾ ശബ്ദത്തോടൊപ്പം മുഖവും കടുത്തിരുന്നു.

ഇത്രയും നാളായിട്ടും തന്നെ അമ്മ എന്ന് വിളിക്കാതെ വേദയുടെ അമ്മയെ അമ്മ എന്ന് വിളിച്ചത് കേട്ടപ്പോൾ മാധവിയമ്മയുടെ മുഖം ഇരുണ്ടു... പക്ഷേ തിരുത്തി പറയാനുള്ള അവകാശം തനിക്കില്ല എന്ന് നന്നായി അറിയാമായിരുന്നതിനാൽ മറുപടി ഒന്നും പറയാൻ നിന്നില്ല... ""ഞാൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കിയിട്ട് വരാം... ഏട്ടൻ പോയി കുളിച്ചിട്ടു വാ അപ്പോഴേക്കും...."" ഇനിയും വെറുതെ രംഗം വഷളാകും എന്ന് തോന്നിയപ്പോൾ വേദ ശിവയോട് പറഞ്ഞു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ജോലികൾ ഒക്കെ തീർത്തു മുറിയിലേക്ക് പോകാൻ പതിവിലും അധികം ഉത്സാഹം ആയിരുന്നു ഇന്ന്...

പെട്ടെന്ന് തട്ടിക്കൂട്ടിയ ഗോതമ്പു ദോശയും ചട്ണിയും കൂട്ടി കഴിക്കുമ്പോൾ പലവട്ടം ആ മുഖത്ത് കുസൃതി കലർന്ന ചിരി വിടരുന്നത് കണ്ടിരുന്നു.. ഒറ്റക്കുള്ള ഓരോ നിമിഷവും ആസ്വദിക്കും പോലെ... ഇടയ്ക്കിടെ താൻ വാരിക്കൊടുക്കാനായി വെറുതെ വാ തുറന്നു കാണിക്കും... ദിയക്ക് ചെറുപ്പത്തിൽ വാരി കൊടുത്തതാണ് അപ്പോൾ ഓർമ്മ വരിക.. കിട്ടാതെ പോയ ബാല്യത്തിലേക്കും കൂടി അവൻ തിരികെ പോകുകയാണെന്ന് തോന്നി... ഉള്ളിൽ സന്തോഷം നിറയുന്നുണ്ടായിരുന്നു... അവന്റെ ബാല്യവും കൗമാരവും യൗവനവും വാർദ്ധക്യവുമെല്ലാം തന്നിലൂടെയാണെന്ന തിരിച്ചറിവിൽ മനസ്സ് വല്ലാത്ത ഉന്മാദ അവസ്ഥയിൽ എത്തി എന്ന് പോലും തോന്നി.

കഴിച്ചു കഴിഞ്ഞു വീണ്ടും സഹായിക്കാൻ എന്ന വ്യാജേന അടുക്കളയിൽ ചുറ്റിപ്പറ്റി നിന്ന ആളെ നിർബന്ധിച്ചു പറഞ്ഞു വിടുകയായിരുന്നു മുറിയിലേക്ക്... ഓർത്തപ്പോൾ അവൾക്ക് ചിരിപൊട്ടി.. മുറിയിലേക്ക് ചെന്നപ്പോൾ കണ്ടു വലിയ ഗൗരവത്തിൽ കട്ടിട്ടിൽ കിടക്കുന്നത്... അടുക്കളയിൽ നിൽക്കാൻ സമ്മതിക്കാതെ പറഞ്ഞു വിട്ടതിന്റെ പരിഭവം ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.. കുറച്ചു നേരെ വെറുതെ കൈ കെട്ടി നോക്കി നിന്നു... കണ്ട ഭാവം പോലും കാണിക്കുന്നില്ല... പതിയെ അടുത്ത് ചെന്ന് ഇരുന്നപ്പോഴും അതേ ഗൗരവം തന്നെ..

പിന്നെ ഒന്നും നോക്കാൻ നിന്നില്ല... ആ മീശയിൽ പിടിച്ചു ശക്തിയായി വലിച്ചു... ""ആഹ്... ""ഒരു നിലവിളിയോടെ അവൻ മുഖം പൊത്തി എണീറ്റു... മീശ അവിടെ തന്നെ ഉണ്ടോ എന്ന് പോലും ഒരു നിമിഷം തോന്നിപ്പോയി... ദേഷ്യത്തോടെ നോക്കിയപ്പോൾ തിരിച്ചും നോക്കി പേടിപ്പിക്കുന്നുണ്ട്.... ""എന്താ നോക്കുന്നെ... ഒന്നൂടെ പിണങ്ങി കിടക്ക്‌...ഇത്രയും ദിവസം കാണാതിരുന്നിട്ട് ഇപ്പൊ പിണങ്ങി കിടക്കുന്നോ.."" ഇടുപ്പിൽ കൈ കുത്തി നിന്ന് കണ്ണ് കൂർപ്പിച്ചു കൊണ്ടവൾ പറഞ്ഞു. അവൻ ഒന്നും മിണ്ടിയില്ല... നന്നായി വേദനിച്ചിട്ടുണ്ടാകുമോ എന്നവൾക്ക് തോന്നി... ""ഒത്തിരി വേദനിച്ചോ.."". അടുത്തേക്ക് ചെന്നിരുന്നു പതിയെ കവിളിൽ തൊട്ട് ചോദിച്ചു... ""വേദനിച്ചെങ്കിൽ.."".

ഇത്തവണ പഴയ കുസൃതി മുഖത്തു തിരികെ വന്നിരുന്നു... ""വേദനിച്ചെങ്കിൽ......."". ഒന്ന് നിർത്തി.... ആകാംഷയോടെ നോക്കി ഇരിക്കുന്നത് കണ്ടു... ""ഒരെണ്ണം കൂടി തരാൻ ആയിരുന്നു..."" ചിരിയടക്കി പറഞ്ഞു... മുഖത്ത് വീണ്ടും പരിഭവം നിറയുന്നത് കണ്ടു... വീണ്ടും കിടന്നപ്പോൾ അടുത്തേക്ക് ചെന്ന് പതിയെ നെഞ്ചിൽ തല വച്ചു കിടന്നു... ആ കൈകൾ ചേർത്തു പിടിക്കുമ്പോൾ ഒന്ന് കൂടി ചേർന്നു കിടന്നു.... ""എന്നോടെപ്പോഴാ ഇഷ്ടം തോന്നിയെ..."". പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.. കഴിഞ്ഞ ഒരാഴ്ചയായി മനസ്സിൽ നിറഞ്ഞ ചോദ്യം ചോദിക്കുമ്പോൾ അറിയാനുള്ള ആകാംഷ കാരണം നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.... ചിരിക്കുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു...

""ഇപ്പോൾ തന്നെ അറിയണോ അതോ നാളെ മതിയോ..."" പതിയെ നെഞ്ചിൽ നിന്നും ഒരു കൈ കൊണ്ട് മുഖമുയർത്തി ചോദിച്ചു... ""ഇപ്പൊ...."" പറയുമ്പോൾ മറുപടിയിൽ കുറുമ്പ് നിറഞ്ഞു...അറിയാനുള്ള ആകാംഷ ഒരാഴ്ച എങ്ങനെയാണ് സഹിച്ചതെന്ന് ഇപ്പോഴും അറിയില്ല... നേരിട്ട് ചോദിക്കാനുള്ള കാത്തിരിപ്പായിരുന്നു... ഒന്നും പറയാതെ നെഞ്ചിൽ നിന്നും മാറ്റി കിടത്തി അലമാരയുടെ അടുത്തേക്ക് നടന്നു.. തിരികെ വന്നത് ഒരു കൊച്ചു ഡയറിയും കൊണ്ടാണ്... എന്റെ മുഖത്തെ ആകാംഷ കണ്ടിട്ടോ എന്തോ കൈയിലേക്ക് വച്ചു തന്നു...

""നീ തന്നെ നോക്കിക്കോ... " ഹൃദയം ഇപ്പോൾ പൊട്ടും എന്ന് തോന്നി... തുറക്കാൻ തുടങ്ങുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു.... ആദ്യത്തെ പേജിൽ വടിവൊത്ത അക്ഷരങ്ങളിൽ എന്റെ പാവാടക്കാരിക്ക് എന്ന് എഴുതിയിരിക്കുന്നു... ഒപ്പം ഒരു കൊച്ചു പെൺ രൂപം പാവാടയും ഇട്ട് ഇരിക്കുന്നു... താനുമായി എന്നല്ല ഒരു മനുഷ്യനുമായിപ്പോലും വിദൂര സാദൃശ്യം പോലും ഇല്ല. അത് കണ്ടപ്പോൾ നെറ്റി ചുളിച്ചു പിരികം ഉയർത്തി നോക്കി... ശിവയുടെ മുഖത്ത് ചമ്മൽ നിറഞ്ഞു... ""എനിക്ക് വരയ്ക്കാൻ അറിയില്ല... അപ്പൊ പിന്നെ..."" ചെറുതായി തലയുടെ പിറകിൽ ചൊറിഞ്ഞു കൊണ്ട് ചമ്മിയ ഭാവത്തോടെ പറയുന്ന അവനെക്കണ്ടപ്പോൾ ചിരി വന്നു... അതേ ചിരിയോടെ ബാക്കി തുറന്നു നോക്കി....

ആദ്യമായി ട്യൂഷൻ പഠിക്കാൻ വന്നപ്പോൾ കണ്ടത് മുതൽ എഴുതി വച്ചിരിക്കുന്നു... അമ്മക്ക് തന്നെ പരിചയപ്പെടുത്തികൊടുക്കുന്ന രീതിയിലാണ് ഓരോ വരിയും എഴുതിയിരിക്കുന്നത്... വായിക്കുംതോറും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... ശിവയെ നോക്കിയപ്പോൾ മറ്റെവിടേക്കോ നോട്ടം മാറ്റി നിൽക്കുകയായിരുന്നു... വീണ്ടും ആ ദിവസങ്ങളിലെ ഓർമകളിലേക്ക് മടങ്ങിച്ചെല്ലാൻ ആഗ്രഹിക്കാത്തത് പോലെ... പൂർത്തിയാക്കാൻ കഴിഞ്ഞില്ല... അതിന് മുൻപ് തന്നെ കാറ്റു പോലെ അവനെ ഇറുകെ പുണർന്നിരുന്നു... മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ ശ്വാസം പോലും എടുക്കാൻ മറന്നിരുന്നു... അവനെഴുതിയ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ... ഒടുവിൽ അതേ കിതപ്പോടെ അവനിലേക്ക് ചുണ്ടുകൾ ചേർക്കുമ്പോൾ ആ കൈകളും അരക്കെട്ടിൽ മുറുകിയിരുന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story