ശിവദം: ഭാഗം 3

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

വീട്ടിലേക്ക് വന്നു കയറിയപ്പോൾ തന്നെ കണ്ടു അമ്മയും അനിയത്തിമാരും എല്ലാവരും കൂടി മത്സരിച്ചു വീടൊരുക്കലും പലഹാരം തയ്യാറാക്കലുമാണ്. നാളത്തെ കാര്യം അപ്പച്ചി വിളിച്ചു പറഞ്ഞിട്ടുണ്ടാകണം. "ആഹാ കല്യാണപ്പെണ്ണിങ്ങെത്തിയല്ലോ.." അവളെ കണ്ടപ്പോളേക്കും ദേവു ഓടി അരികിൽ എത്തി. പതിവ് വാങ്ങാൻ ഉള്ള നിൽപ്പാണ്. കോളേജിന്റെ അടുത്തുള്ള ഒരു വീട്ടിൽ പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കാറുണ്ട്. കൈപുണ്യത്തിന്റെ ഗുണം കാരണം ദേവുവിന് എന്നും അവിടെ നിന്നും എന്തെകിലും പലഹാരം കൂടിയേ തീരു. എപ്പോഴോ ഒരിക്കൽ വെറുതെ ഒന്ന് വാങ്ങിക്കൊണ്ട് വന്നപ്പോൾ മുതലുള്ള ശീലമാണ്. വേദ ബാഗിൽ നിന്നും ഉണ്ണിയപ്പത്തിന്റെ ഒരു ചെറിയ പൊതി എടുത്തു അവൾക്ക് കൊടുത്തു.

ദേവുവിന്റെ മുഖത്തെ ചിരി കൂടുതൽ വിടർന്നതായി തോന്നി അവൾക്ക്. പക്ഷേ പെട്ടെന്ന് തന്നെ അത് മാഞ്ഞു. "ചേച്ചീടെ കല്യാണം കഴിഞ്ഞു പോയാൽ പിന്നെ ഞാൻ എങ്ങനാ ഇതൊക്കെ കഴിക്കുക. കാർത്തിയേട്ടന് ഇതൊന്നും ഇഷ്ടമല്ലല്ലോ. ചേച്ചി പോകാതിരുന്ന ഒരു ദിവസം ഞാൻ പലഹാരം ചോദിച്ചതിന് എന്നേ കൊന്നില്ല എന്നേ ഉള്ളൂ." അവൾ വിഷമത്തോടെ പറഞ്ഞു. വേദക്കതൊരു പുതിയ അറിവായിരുന്നു. ദേവു വിളിച്ചു പറഞ്ഞതിനെക്കുറിച്ചു കാർത്തി അവളോട്‌ സംസാരിച്ചിട്ടേ ഇല്ല. അല്ലെങ്കിലും വീട്ടിലുള്ളവരെ പറ്റി ഏട്ടൻ അധികം സംസാരിക്കാറേ ഇല്ല. അങ്ങോട്ട്‌ പറയുന്നത് കേട്ടിരുന്നാലേ ഉള്ളൂ. വേദയുടെ മുഖം മങ്ങിയത് കണ്ടപ്പോൾ ദേവുവിനും വിഷമമായി.

കല്യാണക്കാര്യം പറഞ്ഞതിന്റെ ആയിരിക്കും എന്നവൾക്ക് തോന്നി. "ചേച്ചി വിഷമിക്കണ്ട. ഞാൻ ശിവേട്ടനോട് പറഞ്ഞോളാം. ഏട്ടന് വലിയ ഇഷ്ടമാ എന്നേ. പറയുന്നതൊക്കെ വാങ്ങി തരും. " ശിവയുടെ പേര് കേട്ടതും കുറച്ചു മുൻപ് നടന്നതാണവൾക്ക് ഓർമ വന്നത്. ദേവുവിനെ നോക്കി പേടിപ്പിച്ചിട്ട് അവൾ റൂമിലേക്ക് പോയി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാത്രി ആയപ്പോൾ മുതൽ എന്തെന്നില്ലാത്ത ടെൻഷൻ തോന്നി അവൾക്ക്. നാളെയാണ് പെണ്ണുകാണൽ എന്ന തോന്നലിൽ കൈയും കാലും വിറക്കുന്നത് പോലെ. ഊണുമേശയിലും മറ്റും പലതവണ ചർച്ചകൾ വന്നിട്ടും ഒന്നിൽ പോലും പങ്കെടുക്കാൻ സാധിക്കാത്ത വിധം അസ്വസ്ഥമായിരുന്നു മനസ്സ്. എന്താണെന്നറിയാത്ത ഒരു പേടി.

ഇനി എല്ലാരും ഇങ്ങനെ ആയിരിക്കുമോ. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാൻ പറ്റാതെ ഇരുന്നപ്പോളാണ് ഒടുവിൽ സഹികെട്ട് കാർത്തിയേട്ടനെ വിളിക്കാം എന്ന് തീരുമാനിച്ചത്. "വേദു ഞാനിപ്പോ വന്നതേ ഉള്ളൂ. നല്ല തലവേദന. നമുക്ക് നാളെ സംസാരിക്കാം". ഫോൺ എടുത്ത ഉടനേ മറുവശത്തു നിന്നും മറുപടി കേട്ടു. തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ കാൾ കട്ട്‌ ചെയ്തിരുന്നു. ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ പകുതി ടെൻഷൻ കുറഞ്ഞേനേ എന്ന് തോന്നി അവൾക്ക്. പുലർച്ചെ എണീറ്റപ്പോളും വേദയുടെ മുറിയിൽ വെളിച്ചം കണ്ടിട്ടാണ് വിനോദിനി മുറിയിലേക്ക് ചെല്ലുന്നത്. നോക്കുമ്പോൾ ജനലിന്റെ അരികിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയാണ് വേദ.

"എന്താ മോളെ. ഉറങ്ങിയില്ലേ നീ." അവളുടെ അടുത്തേക്ക് ചെന്ന് മുടികളിലൂടെ വിരലോടിച്ചു ചോദിച്ചു. വേദ പെട്ടെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. "അറിയില്ല അമ്മ. എന്തോ ഒരു പേടി". "സുധയെ ഓർത്തിട്ടാണ് മോളുടെ പേടി എന്ന് അമ്മക്കറിയാം. അതോർത്തു എന്റെ കുട്ടി വിഷമിക്കണ്ട കേട്ടോ. അവളുടെ കാര്യം പണ്ടേ അങ്ങനെയാണ്. നമ്മളെക്കൊണ്ട് അത് തിരുത്താൻ പറ്റില്ല. നിനക്ക് ഈശ്വരൻ വിധിച്ചത് കാർത്തിയെ ആണെങ്കിൽ അതങ്ങനെ തന്നെ നടക്കും. അതാലോചിച്ചു ഈ കുഞ്ഞിതല കഷ്ടപ്പെടണ്ട കേട്ടോ." അമ്മയുടെ വാക്കുകൾക്കൊക്കെ മൂളി കൊടുക്കുമ്പോഴും മനസ്സിൽ പേടി നിറഞ്ഞു തന്നെ ഇരുന്നു. എപ്പോഴോ മടിയിൽ കിടന്നു അറിയാതെ മയങ്ങി പോയി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അമ്പലത്തിൽ തൊഴുതിട്ട് ഇറങ്ങിയതായിരുന്നു ശിവ. രാവിലെ മുതൽ എന്തോ ഒരു അസ്വസ്ഥത. പ്രിയപ്പെട്ടതെന്തോ തന്നിൽ നിന്നും അകലാൻ പോകുന്ന പോലെ ഒരു പേടി. ഒരാശ്വാസത്തിന് വേണ്ടിയാണ് രാവിലെ തന്നെ ഇങ്ങോട്ട് പോന്നത്. "ശിവേട്ടാ.... " കാറിലേക്ക് കേറാൻ തുടങ്ങിയപ്പോളാണ് ദേവുവിന്റെ വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു മൂന്നാളും ഉണ്ട്. ദേവുവും ദിയയും ശിവയുടെ അടുത്തേക്ക് ഓടി ചെന്നു. വേദയുടെ മുഖം മാത്രം കടന്നൽ കുത്തിയത് പോലെ വീർത്തിരിപ്പുണ്ട്.. തീരെ താല്പര്യം ഇല്ലാത്ത മട്ടിൽ അവൾ പതിയെ അവർ നിൽക്കുന്ന ഭാഗത്തേക്ക്‌ നടന്നു. "നല്ല ആളാട്ടോ ശിവേട്ടൻ. ഇന്നലെ ഞങ്ങൾ ഇല്ലാതിരുന്ന സമയം നോക്കി വന്നിട്ട് പോയല്ലേ."

അടുത്തെത്തിയപ്പോളേക്കും രണ്ടാളും പരിഭവത്തിന്റെ കെട്ടഴിക്കാൻ തുടങ്ങി. "ഇന്നലെ രാവിലെ നല്ല തിരക്കായിരുന്നു മോളെ അതല്ലേ. അല്ലെങ്കിൽ ഞാൻ നിങ്ങളെ കാണാതെ പോകും എന്ന് തോന്നുന്നുണ്ടോ. " . ഇതെല്ലാം കേട്ട് പുച്ഛത്തോടെ നിൽക്കുന്ന വേദയെ ശിവ അപ്പോഴാണ് ശ്രെദ്ധിക്കുന്നത്. "നിന്റെ ചേച്ചി ഇപ്പൊ ദിവസവും രാവിലെ പ്രതിഷ്ഠയെ പേടിപ്പിക്കാൻ വരുന്നുണ്ടല്ലോ. എന്താ കാര്യം. " അവന്റെ ചോദ്യം കേട്ട് വേദക്ക് ദേഷ്യം അരിച്ചു കേറി. "വരുന്നുണ്ടോ ദേവു നീ. കണ്ടവരോടൊക്കെ സംസാരിച്ചു നിൽക്കാതെ". അവൾ അവനെ ഒന്ന് നോക്കി ദഹിപ്പിച്ച ശേഷം വേഗം തിരിഞ്ഞു നടന്നു. "ഹോ ഈ ചേച്ചി". ദേവു തലയിൽ കൈ വച്ചു.

"പോട്ടെ ശിവേട്ടാ. ഇന്ന് ചേച്ചീടെ പെണ്ണുകാണലാ. കാർത്തിയേട്ടൻ വരുന്നതിന്റെ ടെൻഷനാ ചേച്ചിക്ക്. അതാ ഇങ്ങനെയൊക്കെ പറയുന്നേ. കാര്യാക്കണ്ട കേട്ടോ. "വേദയുടെ പിന്നാലെ പോകുന്നതിനിടയിൽ ദേവു വിളിച്ചു പറഞ്ഞു. കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞു നിൽക്കാനേ ശിവക്ക് കഴിഞ്ഞുള്ളൂ. അവൾക്കു തന്നോടുള്ള വെറുപ്പിന്റെ കാരണം ഇന്നും അജ്ഞാതമാണ്. സംസാരിക്കാൻ പോലും തയ്യാറല്ലാത്ത അവളെക്കൊണ്ട് എന്തെങ്കിലും മിണ്ടിക്കാനാണ് ഈ കളിയാക്കുന്നതൊക്കെ. അവൾ മറ്റൊരാളുടേതാകാൻ പോകുന്നു എന്ന ചിന്ത അവന്റെ കണ്ണുകളെ ഈറനണിയിച്ചു. ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണാണ്. ഇന്നും ജീവനെ പോലെ സ്നേഹിക്കുന്നവളാണ്.

കുറച്ചു ദൂരം നടന്ന വേദ തിരിഞ്ഞു നോക്കിയപ്പോൾ അവരെ തന്നെ നോക്കി നിൽക്കുന്ന ശിവയെയാണ് കണ്ടത്. അവന്റെ മിഴികളിൽ പെയ്യാനൊരുങ്ങി നിൽക്കുന്ന നീർമുത്തുകൾ വെയിലേറ്റ് തിളങ്ങുന്നത് പോലെ തോന്നി അവൾക്ക്. അവന്റെ നിറഞ്ഞ കണ്ണുകൾ ഹൃദയത്തെ വരിഞ്ഞു മുറുകുന്നത് പോലെ തോന്നിയപ്പോൾ പെട്ടെന്ന് മുഖം വെട്ടിച്ചു തിരിഞ്ഞു നടന്നു. വീട്ടിലെത്തും വരെ ശിവയുടെ നിറഞ്ഞ കണ്ണുകൾ തന്നെ ആയിരുന്നു മനസ്സിൽ. എന്തിന് വേണ്ടിയാണ് ആ കണ്ണുകൾ നിറഞ്ഞത് എന്നതിനേക്കാൾ അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ തനിക്കെന്തിനാണ് ശ്വാസം വിലക്കിയത് എന്ന ചിന്ത ആയിരുന്നു അവളെ അലട്ടിയത്.

ഒടുവിൽ ആദ്യമായി കാണുന്നതുകൊണ്ടാകാം എന്ന മിഥ്യയായ ഉത്തരത്തിൽ ഒടുവിൽ ആശ്വാസം കണ്ടെത്തി. "എന്താ വേദ ഇത്. സമയമെത്രയായി പോയിട്ട്. അവരിപ്പോൾ എത്തും എന്നറിയില്ലേ നിനക്ക്. പെട്ടെന്ന് പോയി ഒരുങ്ങാൻ നോക്ക്." അമ്മയാണ്. മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല. മനസ്സപ്പോഴും ശിവയുടെ ഓർമ്മകളിൽ ചുറ്റപ്പെട്ടു കിടക്കുകയായിരുന്നു. കുറെയേറെ സമയമെടുത്തു മനസ്സൊന്നു ശാന്തമാകാൻ. ദേവുവും ദിയയും കൂടിയാണ് ഒരുക്കിയത്. കാർത്തിയേട്ടന്റെ പെണ്ണാകാനുള്ള ആദ്യത്തെ ചുവടുവയ്പ്പ് . കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കുമ്പോൾ ശിവയുടെ ഓർമകൾക്ക് പകരം കാർത്തിയേട്ടനെ പ്രതിഷ്ഠിക്കാൻ വേണ്ടി ശ്രെമിക്കുകയായിരുന്നു മനസ്സ്.

ശിവ തന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായം മാത്രം ആണെന്ന് പലവുരു പറഞ്ഞു പഠിപ്പിച്ചു മനസ്സിനെ. സമയം വൈകുംതോറും വേദയുടെ ടെൻഷൻ കൂടി വന്നു. നേരം പുലർന്നു ഇത്രയും ആയിട്ടും കാർത്തിയേട്ടൻ ഒന്ന് വിളിച്ചിട്ടും കൂടിയില്ല. പത്തുമണിക്ക് എത്തും എന്നായിരുന്നു അറിയിച്ചത് ഇപ്പോൾ സമയം പതിനൊന്നിനോടടുക്കുന്നു . അക്ഷമയായി വീണ്ടും വീണ്ടും വാതിൽക്കൽ ചെന്ന് എത്തി നോക്കുന്ന വേദയുടെ ഭാവങ്ങൾ നോക്കി ചിരിക്കുകയായിരുന്നു ബാക്കി എല്ലാവരും. "എന്റെ വേദേച്ചി എവിടെങ്കിലും ഒന്നിരിക്ക്. അവരിങ്ങു വന്നോളും. കാർത്തിയേട്ടന് അറിയാത്ത വീടൊന്നും അല്ലല്ലോ. അപ്പച്ചി എങ്ങാനും മറന്നെങ്കിലെ ഉള്ളൂ".

ദിയ വേദയെ ബലമായി സോഫയിലേക്ക് ഇരുത്തിക്കൊണ്ട് പറഞ്ഞു. വീണ്ടും എണീക്കാൻ തോന്നിയെങ്കിലും അമ്മ കണ്ണുരുട്ടിയപ്പോൾ വേദ സംയമനം പാലിച്ചു അടങ്ങി ഇരുന്നു. കാർത്തിയുടെ കാർ അകത്തേക്ക് വരുന്ന സൗണ്ട് കേട്ടപ്പോൾ തന്നെ ഇരിക്കുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു അകത്തേക്ക് ഓടുകയായിരുന്നു. ഞെഞ്ചിടിപ്പ് കൂടി കൂടി ഹൃദയം ഇപ്പോൾ പൊട്ടും എന്ന് പോലും തോന്നി അവൾക്ക്. മുറിയിൽ ചെന്നിട്ടാണ് ഓട്ടം അവസാനിച്ചത്. അവൾ പെട്ടെന്ന് തന്നെ ജനലരികിൽ ചെന്ന് പുറത്തേക്ക് നോക്കി. ആദ്യം ഇറങ്ങിയത് കാർത്തിയായിരുന്നു. എന്തോ എപ്പോഴും കാണുന്ന തെളിച്ചം അവന്റെ മുഖത്തുണ്ടായിരുന്നില്ല. കാർത്തിയുടെ മങ്ങിയ ചിരി അവളിൽ വല്ലാത്ത ഉത്കണ്ഠ നിറച്ചു.

പിന്നാലെ ഇറങ്ങിയത് അപ്പച്ചിയാണ്. യാതൊരു ദേഷ്യവും ആ മുഖത്തില്ല. ചിരിയോടു കൂടി തന്നെ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് ചെല്ലുന്നത് കണ്ടു. അവസാനം ഇറങ്ങിയ രവി മാമയുടെ മുഖത്തു മാത്രം ഒരു തരം നിസ്സംഗ ഭാവം ആയിരുന്നു. എല്ലാവരും അകത്തേക്ക് കയറുന്നത് കണ്ടു. ഒരിക്കൽ പോലും കാർത്തിയേട്ടൻ തന്റെ മുറിയുടെ ഭാഗത്തേക്ക്‌ നോക്കാത്തത് അവളിൽ വല്ലാത്ത വേദന നിറച്ചു. എന്തൊക്കെയോ ഒരു ടെൻഷൻ ആ മുഖത്തുള്ളത് പോലെ. "വേദ ...". അമ്മയുടെ വിളി കേട്ട് ഉമ്മറത്തെത്തുമ്പോളേക്ക് കൈയിലേക്ക് ചായക്കപ്പുകൾ നിറച്ച ട്രേ തന്നിരുന്നു. ഹാളിൽ എല്ലാവരുടെയും അടുത്തേക്ക് നടക്കുമ്പോൾ വിറച്ചിട്ട് ചായ മുഴുവൻ താഴെ പോകുമോ എന്ന് തോന്നി അവൾക്ക്.

തല ഉയർത്തി നോക്കിയതേയില്ല . ചായക്കപ്പിൽ മാത്രം ദൃഷ്ടി പതിപ്പിച്ചു കൊണ്ട് കൊടുത്തു. എല്ലാവർക്കും കൊടുത്തു കഴിഞ്ഞു അമ്മയുടെ അരികിലായി മാറി നിന്ന ശേഷമാണ് മുഖമുയർത്തി നോക്കുന്നത്. കാർത്തിയേട്ടന്റെ മുഖത്ത് വല്ലാത്ത പരവേശം പോലെ തോന്നി. "രണ്ടാൾക്കും പരസ്പരം ഇഷ്ടമായോ എന്ന് ചോദിക്കണ്ട ആവശ്യം ഇല്ലല്ലോ. അല്ലേ ഏട്ടാ". സുധ വേദയുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.. "നമുക്കിനി ബാക്കി കാര്യങ്ങളിലേക്ക് കടക്കാം. മോൾക്ക് ആവശ്യമുള്ളതൊക്കെ ഏട്ടൻ കരുതി വച്ചിട്ടുണ്ടാകും എന്നറിയാം. എന്നിരുന്നാലും അവന്റെ ജോലിയും ശമ്പളവും ഒക്കെ ഒക്കെ നോക്കണ്ടേ . കൂടുതലൊന്നും ഞങ്ങൾ ചോദിക്കുന്നില്ല ഒരെഴുപത്തി അഞ്ചു പവൻ. അത്രയെങ്കിലും വേണ്ടേ. "

അച്ഛന്റെയും അമ്മയുടെയും മുഖം മങ്ങുന്നത് കാൺകെ വേദ കാർത്തിയെ നോക്കി. അവൻ തലയും കുനിച്ചു ഇരിക്കുകയായിരുന്നു. "എഴുപത്തിയഞ്ച് പവൻ എന്നൊക്കെ പറയുമ്പോൾ....". ശ്രീനിവാസൻ പറഞ്ഞു തീർക്കുമ്പോളേക്കും സുധ വീണ്ടും പറയാൻ തുടങ്ങി. "രവിയേട്ടന്റെ പെങ്ങടെ മോൾ ലാവണ്യയെ ഇവനാലോചിച്ച കാര്യം ഏട്ടൻ അറിഞ്ഞു കാണുമല്ലോ. അപ്പോഴാ ഇവൻ എന്നോട് ഈ ഇഷ്ടത്തെക്കുറിച്ചു പറയുന്നത്. നൂറു പവനും പത്തു ലക്ഷം രൂപയുമാണ് സ്ത്രീധനം പറഞ്ഞത് അവർ. പോരാത്തതിന് പെണ്ണ് ഡോക്ടറും . അപ്പോൾ പിന്നെ എന്റെ ഏട്ടന്റെ മോളെ കൊണ്ട് കെട്ടിക്കുമ്പോ അതിന്റെ പകുതി എങ്കിലും തന്നില്ലെങ്കിൽ എങ്ങനാ ഏട്ടാ. "

"വേദക്ക് താഴെ ഇനിയും രണ്ടു പെൺകുട്ടികൾ ഉള്ളതല്ലേ ചേച്ചി. അവൾക്കിത്രയും സ്ത്രീധനം തന്നാൽ പിന്നെ അവരുടെ കാര്യമോ". അമ്മയുടെ വാക്കുകൾ കേട്ട് മിണ്ടാതെ ഇരിക്കുന്ന കാർത്തിയോട് അന്നാദ്യമായി അവൾക്ക് പുച്ഛം തോന്നി. "എന്നാൽ പിന്നെ തറവാട് കാർത്തിയുടെ പേരിലേക്ക് മാറ്റാം. അതാകുമ്പോൾ നിങ്ങൾക്ക് ഇത്രയും ബുദ്ധിമുട്ട് ഇല്ലല്ലോ. അവിടാണെങ്കിൽ ഇപ്പോൾ ആരും താമസവും ഇല്ല. രവിയേട്ടന്റെ സുഹൃത്ത്‌ ആ വസ്തു ചോദിച്ചിരുന്നു. അയാൾക്കെന്തോ റിസോർട്ടോ മറ്റോ പണിയാൻ താല്പര്യം ഉണ്ടെന്ന്." സുധ കൗശലം നിറഞ്ഞ ചിരിയോടെ പറഞ്ഞു. കേട്ട ഉടനേ അപ്പച്ചി സമ്മതിച്ചു എന്ന് കാർത്തിയേട്ടൻ പറഞ്ഞതിന്റെ കാരണം ഇപ്പോളാണ് വേദക്ക് മനസ്സിലായത്.

ഇപ്പോൾ താമസിക്കുന്ന വീടിന്റെ അടുത്തു തന്നെയാണ് തറവാട്. അപ്പൂപ്പനെയും അച്ഛമ്മയെയും അടക്കിയ മണ്ണാണ്. ഇപ്പോൾ അവിടെ താമസിക്കുന്നില്ലെങ്കിലും അച്ഛൻ എന്നും മുടങ്ങാതെ അസ്ഥിത്തറയിൽ ചെന്നു വിളക്ക് കൊളുത്താറുണ്ട്. ആ ഭൂമിയാണ് റിസോർട്ട് പണിയാൻ വേണം എന്ന് പറയുന്നത്. അവൾ വിശ്വാസം വരാതെ കാർത്തിയെ നോക്കി ഇരുന്നു. ഒരിക്കൽ പോലും അവൻ തലയുയർത്തി നോക്കിയില്ല. ഇതായിരുന്നോ അപ്പോൾ തന്നോടുള്ള പ്രണയം. ഇതിന് വേണ്ടി ആയിരുന്നോ ഇത്രയും നാൾ കൂടെ നിന്നത്. ഉത്തരമില്ലാത്ത ചോദ്യങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു മനസ്സ്. എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്. അപ്പച്ചിയുടെ വാക്കുകൾക്ക് മറുപടി കൊടുക്കണമെന്നുമുണ്ട് പക്ഷേ കഴിയുന്നില്ല. ഉമിനീർ വറ്റിയത് പോലെ തോന്നുന്നു. നാവ് ചലിക്കുന്നില്ല. അവൾ നിസ്സംഗമായ മുഖത്തോടെ അവനെ തന്നെ ഉറ്റുനോക്കി നിന്നു.........തുടരും………

ശിവദം : ഭാഗം 2

Share this story