ശിവദം: ഭാഗം 4

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്. അപ്പച്ചിയുടെ വാക്കുകൾക്ക് മറുപടി കൊടുക്കണമെന്നുമുണ്ട് പക്ഷേ കഴിയുന്നില്ല. ഉമിനീർ വറ്റിയത് പോലെ തോന്നുന്നു. നാവ് ചലിക്കുന്നില്ല. അവൾ നിസ്സംഗമായ മുഖത്തോടെ അവനെ തന്നെ ഉറ്റുനോക്കി നിന്നു. "ഏട്ടനൊന്നും പറഞ്ഞില്ല". ശ്രീനിവാസൻ ഒന്നും സംസാരിക്കാതെ മൗനമായ് ഇരിക്കുന്നത് കണ്ട് സുധ വീണ്ടും ചോദിച്ചു. "ഞാനെന്ത് പറയാനാ സുധേ. എല്ലാം നിനക്കറിയാവുന്നതല്ലേ. ഒരു ദിവസം പോലും മുടങ്ങാതെ ആ അസ്ഥി തറയിൽ വിളക്ക് വെക്കുന്നതാ ഞാൻ. എന്നിട്ടിപ്പോ ആ ഭൂമി റിസോർട്ടിന് തരണം എന്നൊക്കെ പറഞ്ഞാൽ. " "ഏട്ടനീ പഴയ വിശ്വാസങ്ങളും മുറുകെ പിടിച്ചോണ്ടിരുന്നോ.

അല്ലെങ്കിലും എല്ലാ കാലവും ഒന്നും ഇങ്ങനെ വിളക്ക് തെളിയിക്കാൻ ഒന്നും പറ്റില്ലല്ലോ. ഏട്ടന് മൂന്നു പെൺകുട്ട്യോളാ . ഏട്ടന്റെ കാലം കഴിഞ്ഞു ഇതൊക്കെ ആര് ചെയ്യും എന്നാ. ഇപ്പോഴാണെങ്കിൽ പൊന്നും വിലക്കെടുക്കാൻ ആളും ഉണ്ട്. " വേദ അത്ഭുതത്തോടെയാണ് അപ്പച്ചിയുടെ ആ മാറ്റം കണ്ട് നിന്നത്. എത്ര ലാഘവത്തോടെയാണ് സ്വന്തം അച്ഛനെയും അമ്മയെയും അടക്കിയ മണ്ണിനെക്കുറിച്ചും ഏട്ടന്റെ മരണത്തെക്കുറിച്ചും ഒക്കെ പറയുന്നത്. ശ്രീനിവാസൻ ചിരിച്ചതേ ഉള്ളൂ.

"അതപ്പോഴല്ലേ സുധേ. എന്തായാലും എന്നെയും എന്റെ ഭാര്യയെയും അവിടെ തന്നെ അടക്കണമെന്ന ഞങ്ങടെ ആഗ്രഹം. എന്റെ കാലശേഷം ഞങ്ങളുടെ അസ്ഥിത്തറയിലും വിളക്ക് കൊളുത്താൻ തയാറായിട്ടുള്ളവർക്ക് മാത്രേ ഞാനെന്റെ കുട്ട്യോളെ കൊടുക്കാൻ ഉദ്ദേശിച്ചിട്ടുള്ളു." പറയുമ്പോൾ ശബ്ദം ഉറച്ചതായിരുന്നു. അങ്ങനെ ഒരു മറുപടി സുധയോ കാർത്തിയോ പ്രതീക്ഷിച്ചിരുന്നില്ല എന്നത് അവരുടെ തരിച്ചു നിൽക്കുന്ന മുഖഭാവത്തിൽ നിന്നും വേദക്ക് മനസ്സിലായി. വന്നപ്പോൾ മുതൽ ഇത്രയും നേരം തല താഴ്ത്തി ഇരുന്നിട്ട് ഇപ്പോൾ മാത്രം ഞെട്ടലോടെ അച്ഛനെ നോക്കുന്ന കാർത്തിയുടെ രൂപം അവളുടെ മുഖത്ത് വെറുപ്പ് നിറച്ചു.

"ഏട്ടനെന്താ പറഞ്ഞു വരുന്നത്. ഈ ആലോചനയോട് താല്പര്യം ഇല്ല എന്നാണോ." ഇത്തവണ സുധയുടെ സ്വരം മുറുകിയിരുന്നു. "നിങ്ങൾ പറയുന്ന അത്രയും സ്വർണ്ണവും തറവാടും തരാൻ എനിക്ക് പറ്റില്ല എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ സുധേ. നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട. ഞാനിപ്പോൾ ഇതെല്ലാം കൂടി വിറ്റു പെറുക്കി വേദക്ക് കൊടുത്താൽ അവളുടെ താഴെ വീണ്ടും രണ്ട് പെൺകുട്ടികൾ കൂടി ഉണ്ട്. അവരുടെ കാര്യം കൂടി നോക്കണ്ടേ. ഇത് തന്നെ ആയിരിക്കും എന്റെ കുട്ടിയുടെയും തീരുമാനം എന്നെനിക്ക് ഉറപ്പുണ്ട്. " ശ്രീനിവാസൻ വേദയെ നോക്കി പറഞ്ഞു. "അതെങ്ങനെയാ ഏട്ടാ....

" സുധ വീണ്ടും സംസാരിക്കാൻ തുടങ്ങിയപ്പോളേക്ക് കാർത്തി പെട്ടെന്ന് ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു. "അമ്മാവാ ഞാൻ വേദുവിനോട് ഒന്ന് സംസാരിച്ചോട്ടെ." . ശ്രീനിവാസൻ വേദയെ നോക്കിയപ്പോൾ അവൾ സമ്മതം പോലെ തല കുലുക്കി. ശേഷം കാർത്തിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്കിറങ്ങി. കാർത്തി നടന്നടുത്തെത്തുന്നത് അറിഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല. "എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്.. " "നിനക്കെന്റെ മുഖത്തേക്ക് നോക്കാൻ പോലും മടിയായോ. " അവന്റെ ചോദ്യം കേട്ട് തിരിഞ്ഞു നിന്ന വേദയെ അവനു പരിചയം ഉണ്ടായിരുന്നില്ല. അവളുടെ മുഖത്തു തെളിഞ്ഞു കാണുന്ന ഗൗരവം തീർത്തും പുതുമയുള്ളതായിരുന്നു.

ഒരു നിമിഷത്തേക്ക് കാർത്തി പതറിപ്പോയി. അവളുടെ കണ്ണുകളിൽ താനെന്ത് പറഞ്ഞാലും കേൾക്കുന്ന, സൂക്ഷിച്ചു നോക്കിയാൽ കണ്ണുകൾ താഴ്ത്തി നിൽക്കുന്ന വേദുവിനെ തിരഞ്ഞെങ്കിലും നിരാശ ആയിരുന്നു ഫലം. "വേദു നിനക്കറിയാല്ലോ അമ്മേടെ കാര്യം. ഞാൻ കുറേ പറഞ്ഞു നോക്കിയതാ പക്ഷേ കേൾക്കുന്നില്ല . അമ്മയെ മറികടന്നു ഒരു തീരുമാനം ഞാൻ ഇത് വരെ എടുത്തിട്ടില്ല. ലതയപ്പച്ചി പറഞ്ഞ സ്ത്രീധനത്തിൽ തന്നെയാണ് അമ്മയുടെ മനസ്സ്. മാറാൻ കുറച്ചു സമയം എടുക്കും.

അത് വരെ ഒന്ന് ക്ഷമിക്ക് നീ." എന്നും സംസാരിക്കുമ്പോളുള്ള ഉറപ്പ് അന്ന് കാർത്തിയുടെ സ്വരത്തിന് ഇല്ലായിരുന്നു. "ഞാനിപ്പോൾ എന്ത് ചെയ്യണം എന്നാ കാർത്തിയേട്ടൻ പറഞ്ഞു വരുന്നത്. " യാതൊരു വികാരങ്ങളും ആ ചോദ്യത്തിൽ കാർത്തിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അവളുടെ ആ നിസ്സംഗമായ നിൽപ്പും ചോദ്യവും ഇനി പറയാൻ പോകുന്ന കാര്യം പറയാൻ കാർത്തിയെ ഒന്നറപ്പിച്ചു. "നീ.... നീ... എങ്ങനെ എങ്കിലും അമ്മാവനെ ഒന്ന് സമ്മതിപ്പിക്ക്. ഒത്തിരി നാൾ ഒന്നും വേണ്ട. കല്യാണം കഴിഞ്ഞു അമ്മയെ പതുക്കെ പറഞ്ഞു മനസിലാക്കാം ഞാൻ. അത് വരെ ഒന്ന് ക്ഷമിക്ക്. എല്ലാം തൽക്കാലത്തേക്ക് മതി. അത് കഴിഞ്ഞു തിരിച്ചെഴുതാല്ലോ".

"അപ്പച്ചി അപ്പോഴും സമ്മതിച്ചില്ലെങ്കിലോ." വേദയുടെ ആ ചോദ്യത്തിന് കാർത്തിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. മൗനമായുള്ള അവന്റെ നിൽപ്പ് അവളുടെ മനസ്സിലെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ആയിരുന്നു. "മറുപടി ഇല്ല അല്ലേ. അപ്പച്ചിയെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയില്ല എങ്കിൽ ഇപ്പോൾ കാർത്തിയേട്ടൻ നിൽക്കുന്നത് പോലെ ഒരു ചോദ്യചിഹ്നമായി ഞാൻ നിൽക്കേണ്ടി വരും. അപ്പൂപ്പനെയും അച്ഛമ്മയെയും അടക്കിയ മണ്ണ് അച്ഛൻ തരില്ല എന്ന് പറഞ്ഞല്ലോ.

പിന്നെ അപ്പച്ചി ചോദിച്ച എഴുപത് പവൻ. അത്രയും തരണമെങ്കിൽ ഈ വീടും സ്ഥലവും വിൽക്കുകയോ പണയം വെക്കുകയോ വേണം. എനിക്ക് താഴെ ഇനിയും രണ്ടു പെൺകുട്ടികൾ ഉണ്ട്. അവരുടെ ജീവിതം കൂടി നോക്കണം എനിക്ക്. " "അപ്പൊ ഞാനോ...... നമ്മുടെ ജീവിതമോ.... അതെന്താ വേദു നീ ആലോചിക്കാത്തത്." കാർത്തിയുടെ ശബ്ദം ഉയർന്നു. "ഞാനാണോ ആലോചിക്കാത്തത് കാർത്തിയെട്ടാ....."പറയുമ്പോൾ ചെറുതായി ശബ്ദം ചിലമ്പിച്ചിരുന്നു. " കാർത്തിക് രവീന്ദ്രൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അത് എന്നെയല്ല എന്റെ അച്ഛന്റെ പേരിലുള്ള തറവാടിനെ ആണെന്നറിയാൻ വൈകി പോയി." നിറയാൻ തുടങ്ങിയ കണ്ണുകളെ അവൾ ശാസനയോടെ പിടിച്ചു നിർത്തി.

ഇപ്പോൾ കണ്ണ് നിറഞ്ഞാൽ തോറ്റു പോകുന്നത് തന്റെ അഭിമാനം ആയിരിക്കും എന്ന് തോന്നി അവൾക്ക്. കാർത്തി ചലനമറ്റു നിന്നു. അവളിൽ നിന്നും അത്തരം ഒരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല. വേദ തന്നെയാണോ മുൻപിൽ നിൽക്കുന്നതെന്ന് തോന്നി അവന്. "നമുക്ക് അകത്തേക്ക് പോകാം. അച്ഛൻ പറഞ്ഞതിൽ കൂടുതലായി എനിക്കൊന്നും പറയാനില്ല." കാർത്തിയുടെ മറുപടിക്ക് പോലും കാക്കാതെ അവൾ അകത്തേക്ക് നടന്നു.. വേദയുടെ പിന്നാലെ വരുന്ന കാർത്തിയുടെ വലിഞ്ഞു മുറുകിയ മുഖത്തു നിന്നും തന്നെ എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്ന് സുധക്ക് മനസ്സിലായിരുന്നു. "ഞങ്ങളിറങ്ങട്ടെ എന്നാൽ. കൂടുതലൊന്നും ഇനി സംസാരിക്കാനില്ല."

കാർത്തി അടുത്തെത്തുമ്പോളേക്കും സുധ എഴുന്നേറ്റിരുന്നു. കാർത്തിയുടെ കാർ വീടിന്റെ മതിൽ കെട്ട് കടന്നു പുറത്തേക്കിറങ്ങിയപ്പോൾ അതുവരെ തടഞ്ഞു നിർത്തിയ മിഴിനീർ കവിളിനെ നനച്ചു താഴേക്ക് ഊർന്നിറങ്ങി. മുൻപിലുള്ള കാഴ്ചയെ പൂർണമായും മറച്ചപ്പോൾ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു വേദ. മുറിയിലേക്ക് ഓടി കയറിയ അവളുടെ പിന്നാലെ പോകാൻ തുടങ്ങിയ വിനോദിനിയെ ശ്രീനിവാസൻ തടഞ്ഞു. "ഇത്തിരി നേരം അവൾ തനിയെ ഇരിക്കട്ടെടോ.

എന്തായാലും എന്റെ മോൾ ബുദ്ധിമോശം ഒന്നും കാണിക്കില്ല. എല്ലാം ഉൾക്കൊള്ളാൻ അവൾക്കിത്തിരി സമയം കൊടുക്ക്. " ഭാര്യയെ സമാധാനിപ്പിക്കാൻ പറയുമ്പോളും മകളുടെ വിഷമം ഓർത്തു ആ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മുൻപിൽ ഇരിക്കുന്ന അവസാനത്തെ ഫയലും നോക്കിയിട്ട് ശിവ കസേരയിലേക്ക് ചാഞ്ഞിരുന്നു. രാവിലെ മുതൽ തുടങ്ങിയതാണ്. ഒരു തരം രക്ഷപെടൽ. വെറുതെ ഇരിക്കുന്ന ഓരോ നിമിഷവും വേദയുടെ ഓർമ്മകൾ വരിഞ്ഞു മുറുക്കുകയാണ്.

ഭ്രാന്ത് പിടിക്കുന്നു എന്ന് തോന്നിയപ്പോളാണ് ഫയലുകൾ നോക്കാൻ തുടങ്ങിയത്. നോക്കിയതിൽ തന്നെ പകുതിയും വീണ്ടും വീണ്ടും നോക്കേണ്ടി വന്നു. നൂല് പൊട്ടിയ പട്ടം പോലെ സ്ഥിരത ഇല്ലാതെ പായുകയായിരുന്നു മനസ്സ്. ആദ്യമായി കണ്ട അന്ന് മുതൽ മനസ്സിൽ പ്രതിഷ്ഠിച്ച മുഖമാണ്. ആദ്യം സൗഹൃദത്തിന്റെ മുഖം ആയിരുന്നു എങ്കിൽ പിന്നീടെപ്പോഴോ അറിയാതെ പ്രണയത്തിന്റെ നിറം കലർന്നു. കാർത്തിയുടെ പെണ്ണാണ് അവൾ എന്ന് ഓരോ വട്ടവും അവൻ പറയുമ്പോൾ അറിയാത്ത നെഞ്ച് നീറുമായിരുന്നു.

എത്ര നേരം കണ്ണുകളടച്ചു വെറുതെ കിടന്നു എന്നറിയില്ല. നിരഞ്ജന്റെ ഫോൺ വന്നപ്പോളാണ് ഒടുവിൽ കണ്ണ് തുറക്കുന്നത്. മുൻപിൽ ഉള്ള ക്ലോക്കിലേക്കാണ് ആദ്യം കണ്ണുകൾ പോയത്. പത്തുമണി കഴിഞ്ഞിരിക്കുന്നു. സമയം അത്രത്തോളം വൈകിയോ. "എവിടെയാ ഏട്ടാ. സമയം എത്ര ആയെന്നറിയോ." കാൾ എടുത്തപ്പോഴേ പരാതിയുടെ സ്വരം കേട്ടു. അവന്റെ പരിഭവം ശിവയുടെ കണ്ണുകളെ ഈറനണിയിച്ചു. ഈ ലോകത്തിൽ ശിവറാം മഹേന്ദ്രൻ എന്ന ബിസ്സിനെസ്സ്കാരനെ അല്ലാതെ ശിവ എന്ന വ്യക്തിയെ സ്നേഹിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ. എത്ര വൈകിയാലും താൻ ചെല്ലും വരെ ഉറങ്ങാതെ തനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരേയൊരാൾ.

"വരുവാ കണ്ണാ. ഏട്ടന് ഇത്തിരി തിരക്കിൽ ആയിപ്പോയി. നീ കിടന്നോ. നാളെ ക്ലാസ്സുള്ളതല്ലേ. സേം എക്സാം ആ വരുന്നേ. അത് മറക്കണ്ട. " "അതൊക്കെ ഞാൻ തീരുമാനിച്ചോളാം. പെട്ടെന്ന് ഇങ്ങോട്ട് വരാൻ നോക്ക്. അത്രയൊക്കെ ചെയ്താൽ മതി ജോലി. "നിരഞ്ജൻ ദേഷ്യത്തോടെ പറഞ്ഞു.. ശിവ ചിരിച്ചതേ ഉള്ളൂ. "അഞ്ചു മിനിറ്റ് കഴിഞ്ഞു ഞാൻ വീണ്ടും വിളിക്കും. അപ്പോഴും ഇറങ്ങിയില്ല എങ്കിൽ അവിടെ വന്നു വിളിച്ചോണ്ട് വരാൻ എനിക്കറിയാം കേട്ടോ." അവസാനമായി ഒരിക്കൽ കൂടി ഭീഷണിപ്പെടുത്തി അവൻ ഫോൺ വെച്ചു. കുറച്ചു നേരം കൂടി ആ ഫോൺ ചെവിയിൽ തന്നെ വച്ചു ശിവ. എപ്പോഴും അങ്ങനെയാണ്.

ആരുമില്ല എന്നുള്ള ഏകാന്തത വേട്ടയാടി തുടങ്ങുമ്പോൾ മനസ്സിനെ തിരികെ കൊണ്ട് വരുന്നത് അവനാണ്. എപ്പോഴത്തെയും പോലെ ഇന്നും അവന് തന്റെ കലങ്ങി മറിയുന്ന മനസ്സിന് അൽപ നേരത്തേക്കെങ്കിലും ആശ്വാസം തരാൻ കഴിഞ്ഞിരിക്കുന്നു. ശിവ വീട്ടിൽ എത്തിയപ്പോളേക്കും സമയം പതിനൊന്നിനോടടുത്തിരുന്നു. ഏറെ നേരം ബെല്ലടിച്ചിട്ടാണ് വാതിൽ തുറന്നത്. കണ്ണൻ പിണങ്ങി ഇരിക്കുകയാണെന്ന് വ്യക്തം. അല്ലെങ്കിൽ എന്നും ആദ്യത്തെ ബെല്ലിൽ തന്നെ വാതിലിന്റെ മറുവശത്തു അവൻ ഉണ്ടായിരിക്കും.

വാതിൽ തുറന്നു തന്ന മാധവിയമ്മയെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി ശിവ അകത്തേക്ക് നടന്നു. "എവിടെയായിരുന്നു ശിവ നീ. സമയം എത്രയായെന്നറിയോ. മനുഷ്യൻ ടെൻഷനടിച്ചു ഇരിക്കുകയായിരുന്നു ഇത് വരെ. നിനക്കൊന്ന് വിളിച്ചു പറഞ്ഞൂടെ. നിക്കി മോളു ധാ ഇത്രയും നേരം നിന്നെ നോക്കി ഇരിക്കുകയായിരുന്നു. ഒടുവിൽ ടെൻഷൻ കാരണം അവൾക്ക് തലകറക്കം വന്നപ്പോൾ ഞാനാണ് പറഞ്ഞത് പോയി കുറച്ചു നേരം കിടന്നോ ഞാൻ നോക്കി ഇരുന്നോളാം എന്ന്. " ശിവ മാധവിയമ്മയെ നോക്കി. ഗാഢമായ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്നത് പോലെ മുഖം വീർത്തിരുന്നു. കണ്ണുകളിൽ അപ്പോഴും മയക്കം തെളിഞ്ഞു കാണാം.

സംസാരത്തിനിടയിൽ തന്നെ പല തവണ അടഞ്ഞു പോകുന്നു. ഫോണിലേക്ക് ഒരു തവണയെങ്കിലും വിളിച്ചു ചോദിക്കാമായിരുന്നല്ലോ എന്ന് പറയാൻ നാവ് തരിച്ചതാണ്. പക്ഷേ വേണ്ട എന്ന് വച്ചു. വീണ്ടും വീണ്ടും ആവർത്തിക്കുന്ന നുണകൾ മനസ്സിലെ സ്നേഹത്തിന്റെ അവസാന കണികയെയും മായ്ച്ചു കളഞ്ഞാലോ. "നല്ല തിരക്കായിരുന്നു. ഇനി ശ്രെദ്ധിച്ചോളാം." മറുപടി പ്രതീക്ഷിച്ചല്ല ചോദ്യം എന്ന് അറിയാമെങ്കിലും അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"നീ കഴിച്ചു കാണുമല്ലോ അല്ലേ. ഇനി വിളമ്പണ്ടല്ലോ." മുറിയിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ അടുത്ത ചോദ്യവും എത്തി. പ്രതീക്ഷിക്കുന്ന ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ടായിരുന്നു. "വേണ്ട. "ഒറ്റ വാക്കിൽ മറുപടി ഒതുക്കി മുറിയിലേക്ക് നടന്നു. രാവിലെ മുതൽ ഒരു വറ്റ് പോലും അകത്തേക്ക് ചെന്നില്ലെങ്കിലും അങ്ങനെ പറയാനാണ് തോന്നിയത്. അകത്തേക്ക് കയറിയപ്പോൾ പ്രതീക്ഷിച്ച പോലെ കണ്ണൻ മുറിയിൽ തന്നെ ഉണ്ടായിരുന്നു. അടുത്തായി ഒരു പാത്രത്തിൽ ചപ്പാത്തിയും കറിയും ഇരിപ്പുണ്ട്.

കൈകൾ മാറിൽ പിണച്ചു കെട്ടി സൈഡിലേക്ക് മുഖം തിരിച്ചാണ് ഇരിക്കുന്നത്. കക്ഷി കാര്യമായ പിണക്കത്തിലാണെന്ന് മനസ്സിലായി. ശിവ വേഗം തന്നെ കൈകൾ കഴുകി വന്നിരുന്നു. ചപ്പാത്തിയുടെ ആദ്യത്തെ കഷ്ണം മുറിച്ചപ്പോളേ കണ്ണൻ വാ തുറന്നു വച്ചു. തന്നെ നോക്കാതെ കൈയും കെട്ടി വായും തുറന്നുള്ള അവന്റെ ഇരിപ്പ് ശിവയിൽ ചിരിയുണർത്തി. പതിവ് തെറ്റിക്കാൻ തോന്നിയില്ല. വായിൽ വച്ചു കൊടുക്കുമ്പോൾ മുഖത്തെ പരിഭവം ചെറുതായി അലിയുന്നത് കണ്ടു. ........തുടരും………

ശിവദം : ഭാഗം 3

Share this story