ശിവദം: ഭാഗം 6

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

തലമുടിയിൽ കൂടി ആരോ വിരലുകൾ ഓടിക്കുന്ന പോലെ തോന്നിയപ്പോളാണ് ശിവ കണ്ണുകൾ തുറന്നത്. നേരെ നോക്കിയത് നിക്കിയുടെ മുഖത്തേക്കാണ്. അരികിൽ ഇരുന്നു പതുക്കെ മുടിയിൽ പിടിച്ചു കളിക്കുകയാണ് . അവൻ കണ്ണ് തുറന്നതൊന്നും അവൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല . ശിവ പെട്ടെന്ന് അവളുടെ കൈ പിടിച്ചു ദൂരേക്കെറിഞ്ഞിട്ട് നേരെ ഇരുന്നു. "നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുള്ളതാ രാവിലെ എന്നോട് കൊഞ്ചാൻ വരരുത് എന്ന്. ആരോട് ചോദിച്ചിട്ടാടി നീ ഈ റൂമിൽ കേറിയത്". അവൻ അലറി. ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തിൽ ആയിരുന്നു നിക്കി.

"അതിനിത്ര ചൂടാകുന്നതെന്തിനാ . എന്നായാലും ഞാൻ താമസിക്കേണ്ട മുറി തന്നെ അല്ലേ. "അതേ നാണയത്തിൽ അവൾ മറുപടി പറഞ്ഞു. "ഇതേ വിഷയം നമ്മൾ തമ്മിൽ പല തവണ സംസാരം ഉണ്ടായതാണ്. ഇനിയും എന്റെ ക്ഷമയെ നീ പരീക്ഷിക്കരുത്" . ശിവയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. അവന്റെ മൂഡ് ശെരിയല്ല എന്ന് കണ്ട നിക്കി പെട്ടെന്ന് തന്നെ വിഷയം മാറ്റി. "ഞാൻ വെറുതെ പറഞ്ഞതാ. എനിക്ക് കുറച്ചു പൈസ വേണം. അത് ചോദിക്കാൻ വേണ്ടി വന്നതാ." "നിനക്കെന്തിനാ ഇപ്പൊ പൈസ". ശിവയുടെ നെറ്റി ചുളിഞ്ഞു. "വൈകിട്ട് ഫ്രണ്ട്സ്ന്റെ കൂടെ ഒരു ഔട്ടിങ് ഉണ്ട്. അതിന് പൈസ വേണം. " "തരാൻ പറ്റില്ല". ശിവ ബെഡിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിൽ പറഞ്ഞു..

"എ....എന്താ...."ഉറപ്പ്‌ വരാൻ വേണ്ടി ഒന്നുകൂടി ചോദിച്ചു നിക്കി. ആദ്യമായിട്ടാണ് പണം ചോദിക്കുമ്പോൾ ശിവ ഇല്ലെന്ന് പറയുന്നത്. "തരാൻ പറ്റില്ല എന്ന് തന്നെയാ പറഞ്ഞത്. മാസാമാസം നിന്റെ ചിലവിനുള്ള പൈസ നിന്റെ അക്കൗണ്ടിൽ തന്നെയാണ് ഇട്ട് തരാറുള്ളത്. അതിൽ കൂടുതൽ ചിലവിന്റെ ആവശ്യം ഇല്ല". ശിവ അവളെ ശ്രെദ്ധിക്കാതെ അലസമായി പറഞ്ഞു. നിക്കിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. മുറിക്ക് പുറത്തു നിന്ന് ഉള്ളിലെ കാര്യങ്ങൾ കേട്ടുകൊണ്ടിരുന്ന മാധവിയമ്മക്ക് നിക്കി ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ കാര്യങ്ങൾ കൈ വിട്ട് പോകും എന്ന് തോന്നി. അവർ പെട്ടെന്ന് തന്നെ അകത്തേക്കു ചെന്നു.

"എന്തിനാ നിക്കി നിനക്കിപ്പോ കാശ്. എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാകില്ലേ. " അമ്മ കളം മാറ്റി ചവിട്ടുന്നത് കണ്ട് ദേഷ്യം വന്നെങ്കിലും മാധവിയമ്മ കൂർപ്പിച്ചു നോക്കിയപ്പോൾ നിക്കി ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. "അവള് പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട കേട്ടോ. നീ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിൽ പറഞ്ഞു പോയതാ. നീയെന്നു വെച്ചാൽ അവൾക്കു ജീവനാ". തിരിച്ചൊന്നും പറഞ്ഞില്ല ശിവ. പറയുമ്പോൾ തന്നെ വല്ലാത്ത അസ്വസ്ഥതയാണ്. അച്ഛൻ പോയതിനു ശേഷം തുടങ്ങിയതാണ് അപ്പച്ചി. ഒരുപക്ഷേ അച്ഛൻ പറഞ്ഞ വാക്കുകൾ താൻ മറന്നിട്ടുണ്ടാകും എന്ന് കരുതിയിട്ടാകാം.

പക്ഷേ മരിച്ചു മണ്ണടിയുവോളം ആ ദിവസം മറക്കാൻ കഴിയില്ല എന്നവർക്ക് അറിയില്ലല്ലോ. ജീവിതത്തിൽ അവസാനമായി സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും സുഖമറിഞ്ഞ ദിവസം. ശിവ ശ്രെദ്ധിക്കാതെ ഫോണിൽ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ മാധവിയമ്മക്ക് ദേഷ്യം വന്നെങ്കിലും പ്രകടമാക്കിയില്ല. ശിവയെ പിണക്കിയാൽ പിന്നെ ഒന്നും ഇല്ലാതെ ഇവിടം വിട്ട് ഇറങ്ങേണ്ടി വരും എന്ന് അവർക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ബസ് സ്റ്റോപ്പിൽ എത്താൻ വേണ്ടി വേഗം നടക്കുകയായിരുന്നു വേദ. എന്നും കാർത്തി അവൾക്കായി കാത്തു നിൽക്കുന്ന കവല എത്തിയപ്പോൾ കാലുകളുടെ വേഗം കുറഞ്ഞു.

പൂർവാധികം ശക്തിയോടെ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചെത്താൻ തുടങ്ങി. അവൾ കണ്ണുകൾ അടച്ചു പിടിച്ചു ഒരു നിമിഷം. പാടില്ല. ഇപ്പോൾ തളർന്നാൽ പിന്നെ ഒരിക്കലും എഴുന്നേൽക്കാൻ കഴിഞ്ഞു എന്ന് വരില്ല. അവൾ സ്വയം പറഞ്ഞു. മുൻപോട്ടു നടക്കുമ്പോൾ പലരുടെയും നോട്ടങ്ങളും ശബ്ദങ്ങളും പിന്നാലെ വരുന്നുണ്ടായിരുന്നു. ചില മുഖങ്ങളിൽ സഹതാപം ആയിരുന്നു എങ്കിൽ മറ്റു ചില മുഖങ്ങളിൽ പുച്ഛം ആയിരുന്നു. ഏതൊക്കെ രീതിയിൽ ഉള്ള കഥകളാണ് നാട്ടിൽ പ്രചരിച്ചു തുടങ്ങിയതെന്നറിയാൻ കൂടുതൽ ഗവേഷണങ്ങളുടെ ഒന്നും ആവശ്യം ഇല്ലായിരുന്നു..

സ്ത്രീധനം ചോദിച്ചതുകൊണ്ടാണ് മകന്റെ വിവാഹം മുടങ്ങിയത് എന്ന് ലോകത്തിൽ ഒരമ്മയും പറയില്ലല്ലോ. അവിടെ ചോദ്യം പെണ്ണിന്റെ സ്വഭാവ ശുദ്ധിയുടേതാകും. കഴിഞ്ഞ രണ്ടു ദിവസവും ജോലി കഴിഞ്ഞു വരുന്ന അച്ഛന്റെ മുഖം മങ്ങി ഇരുന്നതും ഗേറ്റിന്റെ അടുത്തെത്തുമ്പോൾ എല്ലാവർക്കും വേണ്ടി ഒരു പുഞ്ചിരിയണിയുന്നതും മുറിക്കുള്ളിലിരുന്ന് ജനലിൽ കൂടി കാണുന്ന കാര്യം ഇപ്പോഴും അച്ഛനറിയില്ലല്ലോ. നടന്നു അമ്പലം എത്താറായപ്പോളാണ് ശിവ പുറത്തേക്കിറങ്ങുന്നത് കണ്ടത്. മുഖത്തേക്ക് നോക്കാൻ തോന്നിയില്ല. അവന്റെ മുഖത്തെ വിജയച്ചിരി കാണാൻ കഴിയില്ല. വേണ്ട... അവൾ മുഖം കുനിച്ചു വേഗം നടന്നു.

തന്നെ കാണാതിരിക്കാൻ വേണ്ടി മുഖം താഴ്ത്തി വേഗത്തിൽ നടന്നു പോകുന്ന വേദയെ കാൺകെ ശിവയുടെ നെഞ്ച് പിടഞ്ഞു. കറുപ്പുരാശി പടർന്ന കൺപോളകൾ അവളുടെ ഉറക്കമില്ലായ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു. തൊട്ടരികിൽ എത്തിയിട്ടും അവൾ ഒരിക്കൽ പോലും മുഖമുയർത്താതെ തന്നെ നടന്നു. "ഡി മീങ്കണ്ണി ...... " കുറച്ചു ദൂരം നടന്നപ്പോളാണ് വിളി കേട്ടത്. ഒരു നിമിഷം വിശ്വസിക്കാൻ ആകാതെ നിന്നു. ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക് പോയത് പോലെ. പരസ്പരം ഏറ്റവും കൂടുതൽ വഴക്കുണ്ടായിട്ടുള്ള ഇരട്ടപ്പേര്. കുഞ്ഞിലേ മീൻ മാത്രം മതിയായിരുന്നു. ഒപ്പം ഇരുന്നു ഉണ്ണുന്നവരുടെ എല്ലാം പാത്രത്തിലെ മീൻ അടിയുണ്ടാക്കി എടുക്കുമായിരുന്നു.

അങ്ങനെ വന്ന പേരാണ്. മീൻ മാത്രമേ കണ്ണിൽ കാണുകയുള്ളായിരുന്നു അന്ന്. പക്ഷേ ശിവ മാത്രേ ആ പേര് വിളിക്കുമായിരുന്നുള്ളു...തന്നെ മനപ്പൂർവം ദേഷ്യം പിടിപ്പിക്കാൻ വേണ്ടി . തിരിഞ്ഞു നോക്കിയ അവളുടെ മുഖത്തു കാണുന്ന അമ്പരപ്പ് കാൺകെ അവനിൽ ഒരു കുസൃതിചിരി വിരിഞ്ഞു. പതിയെ പതിയെ ആദ്യം കണ്ട ആ ഞെട്ടൽ മാറി മുഖം കൂർത്തു വരുന്നത് നോക്കി നിന്നു അവൻ. "എന്താടി നോക്കി പേടിപ്പിക്കുന്നെ.... മീങ്കണ്ണി . നേരെ നോക്കി നടക്കാൻ നോക്ക്. അതോ മീനിനെ മാത്രമേ നിന്റെ മത്തക്കണ്ണു കൊണ്ട് കാണുള്ളോ. " അവന്റെ ചോദ്യം കേട്ട് കല്ലു പെറുക്കി എറിയാനാണ് തോന്നിയത്.

തോന്നൽ മാത്രം ആയിരുന്നില്ല ചുറ്റിനും കല്ലിനു വേണ്ടി പരതുന്നുമുണ്ടായിരുന്നു കണ്ണുകൾ. അവൾ കല്ല് തപ്പുന്ന സമയത്തിന് ശിവ പെട്ടെന്ന് ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു." പോട്ടെടി മീങ്കണ്ണി .. നീ മീനിനെ ഒക്കെ തപ്പി പതുക്കെ അങ്ങ് ചെല്ല്. "അവൻ ഒരു കണ്ണിറുക്കി കാണിച്ചു ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പെട്ടെന്ന് വണ്ടി എടുത്തു പോയി. വേദ കൈയിൽ കിട്ടിയ കല്ല് അവൻ പോയ വഴിയേ വലിച്ചെറിഞ്ഞു. "കാലാ .....നിന്നെ എന്റെ കൈയിൽ കിട്ടും നോക്കിക്കോ." അവളുടെ ദേഷ്യം അടങ്ങിയിരുന്നില്ല. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇന്റർവെൽ ആയപ്പോൾ തിരികെ ഡിപ്പാർട്മെന്റ് ലേക്ക് നടക്കുകയായിരുന്നു വേദ.

കാര്യങ്ങൾ ഒക്കെ എല്ലാവരും നേരത്തേ അറിഞ്ഞത് കാരണം കൂടുതൽ ചോദ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഒരു കണക്കിന് അതൊരു ആശ്വാസം ആയിട്ടാണ് തോന്നിയത്. കുറച്ചു പേര് മാത്രം ഇത്രയും നല്ല ബന്ധം നഷ്ടപ്പെടുത്തിയതിൻ്റെ മണ്ടത്തരത്തെ കുറിച്ച് പറഞ്ഞു. മറുപടി പറഞ്ഞു തിരുത്താൻ തോന്നിയില്ല. എത്ര തിരുത്താൻ ശ്രെമിച്ചാലും ചില കാഴ്ചപ്പാടുകൾ ഒരിക്കലും മാറില്ലല്ലോ. ഓരോന്നോർത്തു വരുന്നതിനിടയിലാണ് കുറച്ചകലെ കാത്തു നിൽക്കുന്ന കാർത്തിയേട്ടനെ കണ്ടത്. നല്ല ദേഷ്യം ഉണ്ട് മുഖത്തെന്നു ഒറ്റ നോട്ടത്തിൽ അറിയാം. ആദ്യം ഒന്ന് പകച്ചു പോയി എങ്കിലും പതറാതെ അവൾ മുന്നോട്ട് നടന്നു.

കാർത്തിയുടെ അടുത്തെത്തിയപ്പോൾ ഒരു ചെറിയ പുഞ്ചിരി നൽകി മുൻപോട്ടു നടക്കാൻ തുടങ്ങിയ അവളെ അവൻ കൈ നീട്ടി തടഞ്ഞു. "നീയെന്തിനാ.. രാവിലെ ഞാൻ വരുന്നതിനു മുൻപേ പോയത്. എന്നും എന്റെ കൂടെയല്ലേ വരുന്നത്. " കേട്ടപ്പോൾ ഒരു നിമിഷം ഒന്ന് ഞെട്ടി. കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചതൊക്കെ മറന്നതാണോ അതോ മനഃപൂർവം മറന്നതായി അനുഭവിക്കുന്നതോ. "ശീലങ്ങൾ ഒക്കെ മാറി തുടങ്ങുന്നതാണ് നല്ലതെന്ന് തോന്നി. സാറിന് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പെട്ടെന്ന് പറഞ്ഞാൽ നന്നായിരുന്നു. എനിക്ക് ക്ലാസ്സുണ്ട് ഇപ്പോൾ." ആദ്യമായി അവളുടെ നാവിൽ നിന്നും സർ എന്ന് കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു കാർത്തി.

"സാറോ..... അപ്പൊ ഞാൻ നിനക്ക് വേറെ ആരും അല്ലേ... സർ മാത്രം ആണോ..". അവന്റെ ശബ്ദം ഉയർന്നു. പുച്ഛമാണ് വേദക്ക് തോന്നിയത്. "അല്ലായിരുന്നു.... എന്റെ ആരൊക്കെയോ ആയിരുന്നു... ഏറ്റവും നല്ല സുഹൃത്തായിരുന്നു... പക്ഷേ.....നിങ്ങൾ എന്നാണോ എനിക്ക് എഴുപത് പവൻ വിലയിട്ടത് അന്നവസാനിച്ചു എല്ലാം. ഇപ്പോൾ എനിക്ക് കാർത്തിക് രവീന്ദ്രൻ ഈ കോളേജിലെ അദ്ധ്യാപകൻ മാത്രമാണ്. "പറയുമ്പോൾ കണ്ണുകൾ ചെറുതായി നിറഞ്ഞെങ്കിലും ശബ്ദം ഉറച്ചതായിരുന്നു. അത്തരമൊരു മറുപടി കാർത്തി പ്രതീക്ഷിച്ചിരുന്നില്ല. മനസ്സിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു.

എങ്ങനെ എങ്കിലും അവളുടെ മനസ്സൊന്നു മാറ്റി എടുക്കാം എന്ന്. മറുപടി പറയാതെയുള്ള കാർത്തിയുടെ നിൽപ്പിൽ നിന്നും താൻ പറഞ്ഞ വാക്കുകൾ അവന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്ന് വേദക്ക് മനസ്സിലായി. പക്ഷേ എന്തോ തിരുത്തിപ്പറയാൻ തോന്നിയില്ല. ഇവിടെയെങ്കിലും ജയിക്കണമെന്ന് തോന്നി. ആളുകൾ ശ്രെദ്ധിക്കുന്നു എന്ന് തോന്നിയപ്പോൾ അവൾ അവന്റെ അടുത്തു നിന്നും ഡിപ്പാർട്മെന്റിലേക്ക് നടന്നു. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ബാങ്കിലേക്ക് വന്നതായിരുന്നു ശിവ. ഇറങ്ങും വഴി ശ്രീനി അങ്കിളിനെ ഒന്ന് കാണണം എന്ന് തോന്നി. അക്കൗണ്ടിങ് സെക്ഷനിൽ എത്തിയപ്പോൾ കണ്ടു കസേരയിലേക്ക് ചാഞ്ഞിരുന്നു കണ്ണുകൾ അടച്ചു കിടക്കുന്ന ആ മനുഷ്യനെ.

"എന്താണിത്..... ഉറക്കം ഇപ്പോൾ ഇങ്ങോട്ട് മാറ്റിയോ മാഷേ.". മുൻപിൽ ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നുകൊണ്ട് അവൻ ചോദിച്ചു. ശിവയുടെ ശബ്ദം കേട്ടപ്പോളാണ് ശ്രീനി കണ്ണുകൾ തുറക്കുന്നത്. തളർച്ച ബാധിച്ച ആ കണ്ണുകൾ ശിവയെ നോക്കി സൗമ്യമായി പുഞ്ചിരിച്ചു. "ഒന്നുമില്ലെടോ... വേദ മോളുടെ കാര്യം ആലോചിച്ചങ് ഇരുന്നു പോയി..... ആകെ കൂടി ഒരു തളർച്ച". ശിവ അപ്പോഴാണ് ശ്രീനിവാസന്റെ മുഖം ശെരിക്കും ശ്രെദ്ധിക്കുന്നത്. വല്ലാത്ത തളർച്ചയുണ്ട് ആ മുഖത്ത്. AC ഇട്ടിട്ടും വല്ലാതെ വിയർക്കുന്ന ശ്രീനിയെ കാൺകെ ശിവക്ക് എന്തോ ഒരു പ്രശ്നം തോന്നി. സംസാരിക്കുമ്പോൾ പല തവണ നിർത്തിയിട്ടു ശ്വാസം എടുത്തിരുന്നു. "ഷുഗറിന്റെ പ്രശ്നം ഉണ്ടോ മാഷേ. "ഉള്ളിൽ ഉറഞ്ഞു കൂടിയ ഭയം മറച്ചു വെച്ച് അവൻ ചോദിച്ചു. ശ്രീനി ഒന്ന് ചിരിച്ചു...

" അതൊക്കെ.....വേണ്ടുവോളം ഉണ്ടെടോ..... അതിന്റെ ആണെന്ന് തോന്നുന്നു.... ചെറിയ ഒരു തല ചുറ്റൽ.... ഞാനിപ്പോ മധുരം കൂട്ടിയിട്ടു ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിച്ചിട്ട് ഒന്ന് കിടന്നതാ...." പറയുമ്പോൾ പലപ്പോഴും വാക്കുകൾ ഇടക്ക് വെച്ച് നിർത്തി ശ്വാസം എടുക്കുന്നുണ്ടായിരുന്നു ശ്രീനി. "മാഷെണീറ്റെ .....നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കിയിട്ട് വരാം." അവൻ പെട്ടെന്നെഴുന്നേറ്റ് ചെന്നു ശ്രീനിയുടെ കൈ പിടിച്ചു. "അതൊന്നും വേണ്ടെടോ... ഞാനൊന്ന് ഉറങ്ങട്ടെ.. അപ്പോൾ മാറും.. " "നമുക്കൊന്ന് പോയി നോക്കിയിട്ട് പോകാം മാഷേ...". മനസ്സിലെ തോന്നൽ ശെരിയായിരിക്കരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൻ പറഞ്ഞു.

വീണ്ടും എഴുന്നേൽക്കാൻ മടി കാണിച്ച ശ്രീനിയെ അവൻ നിർബന്ധപൂർവ്വം പിടിച്ചെഴുന്നേല്പിച്ചു. തളർച്ച കാരണം ശ്രീനി ഒന്ന് വെച്ചു പോയിരുന്നു. അപ്പോഴേക്കും ചുറ്റിനും ഇരുന്നവർ എല്ലാവരും കൂടി അടുത്തേക്ക് വന്നു ശ്രീനിയെ താങ്ങി. ബോധം മറയാൻ തുടങ്ങിയ ശ്രീനിയെ എല്ലാവരും കൂടി പെട്ടെന്നെടുത്തു ശിവയുടെ കാറിലേക്ക് കേറ്റി. ക്ലാസ്സൊക്കെ കഴിഞ്ഞു വന്നു ഫോൺ എടുത്തപ്പോളാണ് കുറേയധികം മിസ്സ്ഡ് കാൾ വേദ കണ്ടത്. എല്ലാം ഒരു നമ്പറിൽ നിന്നും ആണ്. തിരികെ വിളിക്കാൻ തുടങ്ങുമ്പോളെക്ക് വീണ്ടും ബെല്ലടിച്ചു.

"ഹലോ..... ഞാൻ ശിവയാണ്....." കാൾ എടുത്തപ്പോഴേക്കും മറുവശത്തു നിന്നും അവന്റെ ശബ്ദം കേട്ട വേദക്ക് ദേഷ്യം വന്നു. അവൾ ബാക്കി കേൾക്കാൻ നിൽക്കാതെ കാൾ കട്ട്‌ ചെയ്തു. വീണ്ടും വീണ്ടും അവൻ വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ സഹികെട്ട് അവൾ ഫോൺ എടുത്തു. "തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ. എനിക്ക് തന്നോട് സംസാരിക്കാൻ താല്പര്യമില്ല." അവൾ കയർത്തു. "നിന്നോട് പ്രേമസല്ലാപത്തിനു വിളിച്ചതല്ല ഞാൻ." മറുവശത്തു നിന്നും അവന്റെ ദേഷ്യത്തോടെ ഉള്ള ശബ്ദം കേട്ട് ഒരു നിമിഷം വേദ തറഞ്ഞു നിന്നു.

ആദ്യമായിട്ടാണ് അവൻ ഒച്ച ഉയർത്തി സംസാരിക്കുന്നത് തന്നോട്. "ശ്രീനിയങ്കിൾ ഇവിടെ YMS ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. ഞാൻ നിന്റെ കോളേജിന്റെ പുറത്തുണ്ട്. പത്തു മിനിറ്റിനകം വന്നു വണ്ടിയിൽ കേറിക്കോണം അല്ലെങ്കിൽ എന്റെ പാട് നോക്കി പോകും ഞാൻ. " അവൾ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ കാൾ കട്ട്‌ ചെയ്തിരുന്നു. വേദയുടെ കണ്ണുകൾ നിറഞ്ഞു. "അ... അച്ഛൻ... ".............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story