ശിവദം: ഭാഗം 7

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

""നിന്നോട് പ്രേമസല്ലാപത്തിനു വിളിച്ചതല്ല ഞാൻ."' മറുവശത്തു നിന്നും അവന്റെ ദേഷ്യത്തോടെ ഉള്ള ശബ്ദം കേട്ട് ഒരു നിമിഷം വേദ തറഞ്ഞു നിന്നു. ആദ്യമായിട്ടാണ് അവൻ ഒച്ച ഉയർത്തി സംസാരിക്കുന്നത് തന്നോട്. ""ശ്രീനിയങ്കിൾ ഇവിടെ YMS ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. ഞാൻ നിന്റെ കോളേജിന്റെ പുറത്തുണ്ട്. പത്തു മിനിറ്റിനകം വന്നു വണ്ടിയിൽ കേറിക്കോണം അല്ലെങ്കിൽ എന്റെ പാട് നോക്കി പോകും ഞാൻ. "" അവൾ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ കാൾ കട്ട്‌ ചെയ്തിരുന്നു. വേദയുടെ കണ്ണുകൾ നിറഞ്ഞു. ""അ... അച്ഛൻ... "" അച്ഛനെന്തെങ്കിലും സംഭവിച്ചു കാണുമോ എന്നുള്ള ആധി അവളിൽ നിറഞ്ഞു.

പെട്ടെന്ന് തന്നെ ബാഗും എടുത്തു അവൾ പുറത്തേക്ക് നടന്നു. ദൂരെ നിന്നും പരിഭ്രമത്തോടെ ഓടി വരുന്ന അവളെ കാറിൽ ചാരി നിന്ന ശിവ കണ്ടിരുന്നു. അവൻ ഒന്നും മിണ്ടാതെ ഡോർ ഓപ്പൺ ആക്കി സൈഡിലേക്ക് മാറി നിന്നു. ഡോറും തുറന്നു പിടിച്ചു നിൽക്കുന്ന ശിവയെ കണ്ടപ്പോൾ കയറണോ വേണ്ടയോ എന്നവൾ ഒരു നിമിഷം സംശയിച്ചു നിന്നു. വേദ വീണ്ടും ആലോചിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ശിവക്ക് പെരുവിരലിൽ നിന്നും ദേഷ്യം അരിച്ചു വന്നു. അവളെ ഒന്ന് ദഹിപ്പിച്ചു നോക്കിയിട്ട് അവൻ വാതിൽ അടക്കാൻ തുടങ്ങി. വേദ പിന്നെ ഒന്നും ആലോചിക്കാതെ ഓടി കയറി ഇരുന്നു കാറിൽ.

അവനെ നോക്കാതെ മുൻപിലേക്ക് നോക്കി ഇരിക്കുന്ന അവളെ കണ്ടു ഡോർ വലിച്ചടച്ച ശേഷം ശിവ ഡ്രൈവിംഗ് സീറ്റിലേക്ക് തിരികെ വന്നിരുന്നു. യാത്രയിലുടനീളം അവന്റെ മുഖം ഗൗരവത്തിൽ തന്നെ ആയിരുന്നു. വലിഞ്ഞു മുറുകിയ മുഖത്തോടെ ദേഷ്യം അടക്കി ഇരിക്കുന്ന അവനെ കണ്ടപ്പോൾ വേദക്ക് ചെറിയ പേടി തോന്നി. ""അ... അച്ഛനെന്താ പറ്റിയത്.. ""ഒടുവിൽ രണ്ടും കല്പ്പിച്ചു അവൾ ചോദിച്ചു. മറുപടി അറിയാൻ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഇരിക്കുമ്പോൾ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു. ശ്വാസം പോലും വിടാൻ കഴിഞ്ഞിരുന്നില്ല.

ശരീരമാകെ ഒരു വിറയൽ പടർന്നു കയറുന്നത് പോലെ. വിറയ്ക്കുന്ന കൈകൾ പരസ്പരം കൂട്ടിത്തിരുമ്മി ഇരിക്കുന്ന അവളെ കണ്ടപ്പോൾ ശിവക്ക് പാവം തോന്നി. അവളനുഭവിക്കുന്ന പിരിമുറുക്കത്തിന്റെയും ഭയത്തിന്റെയും ആഴം ഞെരിഞ്ഞമരുന്ന വിരലുകൾ സൂചിപ്പിക്കുന്നുണ്ടായിരുന്നു. "പേടിക്കാനൊന്നുമില്ല പെണ്ണേ. ഞാൻ രാവിലെ ബാങ്കിൽ ചെന്നപ്പോൾ മാഷിനെ ഒന്ന് കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു. അപ്പോഴാണ് മാഷിന് ഒരു ചെറിയ തലകറക്കം പോലെ തോന്നിയത്. ഞാൻ പിടിക്കുമ്പോളേക്കും മാഷുടെ ബോധം മറഞ്ഞിരുന്നു. പെട്ടെന്നെടുത്തു ഇങ്ങ് പോന്നു. ഇപ്പൊ ഒബ്സർവേഷനിൽ ആണ്. പേടിക്കാനൊന്നും ഇല്ല. പ്രഷർ വല്ലോം കൂടിയതായിരിക്കും

. "" എന്തോ അങ്ങനെ പറയാനാണ് തോന്നിയത്. ആശുപത്രിയിൽ എത്തുന്നത് വരെ എല്ലാ സത്യങ്ങളും അറിയിക്കാൻ തോന്നിയില്ല. ""അ..അമ്മയോട് പറഞ്ഞോ... ''" ""ഹ്മ്മ്.... അവരൊക്കെ ഹോസ്പിറ്റലിൽ ഉണ്ട്. ദേവൂനെയും ദിയയെയും ഞാൻ കൂട്ടിക്കൊണ്ട് വന്നിരുന്നു. നിന്നെയും അപ്പോൾ മുതൽ വിളിക്കുകയാണ്‌. കോളേജിന്റെ അകത്തു വന്നു വിളിച്ചാൽ ഭവതി എങ്ങനെയാ പ്രതികരിക്കുക എന്നറിയില്ലല്ലോ. അവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ എനിക്ക് താല്പര്യമില്ല. "" അവളെ നോക്കാതെ ആയിരുന്നു മറുപടി. വേദക്ക് മറുപടി ഉണ്ടായിരുന്നില്ല. അവൾക്ക് ഉള്ളിൽ വല്ലാത്ത ഭയം തോന്നി. ടെൻഷൻ ഒന്നും താങ്ങാൻ കഴിയാത്ത ആളാണ് അമ്മ. താൻ പോലും കൂടെ ഇല്ലാതെ....

എങ്ങനെ ആയിരിക്കും അവിടെ. ""കണ്ണനുണ്ട് അവിടെ.... കാര്യങ്ങൾ ഒക്കെ അവൻ നോക്കുന്നുണ്ട്... ""അവളുടെ മനസ്സിലെ ചോദ്യങ്ങൾ ഒക്കെ മനസ്സിലാക്കി എന്ന പോലെ അവൻ പറഞ്ഞു. വേദ അതിശയത്തോടെ നോക്കി ശിവയെ. എങ്ങനെയാണ് ഇയാൾക്കു ഒരു വാക്ക് പോലും പറയാതെ എന്റെ മനസ്സിലുള്ള ചോദ്യം വായിക്കാൻ കഴിഞ്ഞത്. മനസ്സ് ആ ചോദ്യം അവളോട്‌ തന്നെ പല തവണ ചോദിച്ചു എങ്കിലും ഉത്തരം അറിയില്ലായിരുന്നു. ശിവയുടെ കൂടെ ആശുപത്രിയുടെ അകത്തേക്ക് ചെന്നപ്പോഴേ കണ്ടു ICU ന്റെ വാതിലിനു അടുത്തുള്ള കസേരകളിൽ തളർന്നിരിക്കുന്നു

അമ്മയെയും അനിയത്തിമാരെയും. പായുകയായിരുന്നു കാലുകൾ മനസ്സിന്റെ അനുവാദം പോലും ചോദിക്കാതെ. ""വേദേച്ചി...... അച്ഛൻ....."" വേദയെ കണ്ട ഉടനേ ദിയ ഓടി ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. വേദ ശിവയെ ഭയത്തോടെ നോക്കി. ""പേടിക്കാനൊന്നുമില്ലെടോ.... ഡോക്ടർ നോക്കിക്കൊണ്ടിരിക്കുവാ.... അതിനാണ് ഈ കാന്താരി ഇങ്ങനെ ബഹളം വെക്കുന്നത്."" ശിവ ദിയയുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു. അവന്റെ മറുപടി അവളിൽ ചെറിയ ഒരു ആശ്വാസം നിറച്ചു. ദിയയെയും ചേർത്ത് പിടിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് നടന്നു. താലി കൈകളിൽ മുറുക്കെപ്പിടിച്ചു കണ്ണുകളടച്ചു പ്രാർത്ഥനയോടെ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. ഏറെ നേരമായി ആ ഇരിപ്പെന്നു കരഞ്ഞു വീർത്ത കൺപോളകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.

""അമ്മേ.... "" അടുത്ത് ചെന്നിരുന്നു തോളിൽ തല ചായ്ച്ചു കെട്ടിപ്പിടിച്ചപ്പോളാണ് വിനോദിനി കണ്ണുകൾ തുറക്കുന്നത്. വേദയെ കാൺകെ ആ കണ്ണുകൾ വീണ്ടും നിറഞ്ഞു. ഒന്നും മിണ്ടാതെ അമ്മയെ ചേർത്ത് പിടിച്ചിരുന്നു അവൾ. കണ്ണൻ അപ്പോഴാണ് രണ്ടു ഗ്ലാസിൽ ചായയും കൊണ്ട് അങ്ങോട്ടേക്ക് വന്നത്. അവൻ ദേവുവിന്റെയും ദിയയുടെയും നേരെ ഗ്ലാസ്‌ നീട്ടി എങ്കിലും രണ്ടാളും വാങ്ങിയില്ല. ""വേണ്ട... കണ്ണേട്ടാ... ""ദേവു ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു. ""വേണം... ""ശിവ കണ്ണന്റെ കൈയിൽ നിന്നും ഗ്ലാസ്‌ വാങ്ങി രണ്ടാളുടെയും അടുത്തേക്ക് ചെന്നു. ""ദാ നോക്ക്... രണ്ടാളും ഇവിടെ വന്നപ്പോൾ മുതൽ തുടങ്ങിയതല്ലേ ഈ പട്ടിണി സമരം.

ഉച്ചക്കും ഒന്നും കഴിച്ചിട്ടില്ല.....ഇനിയും അത് നടക്കില്ലാട്ടോ...മാഷറിഞ്ഞാൽ എന്താ വിചാരിക്കുക.... ഏട്ടനല്ലേ പറയണേ... മാഷിന് ഒരു കുഴപ്പവുമില്ല... പഴയതിലും ഉത്സാഹത്തോടെ ആളിങ്ങെത്തില്ലേ...ഇപ്പൊ മക്കള് രണ്ടാളും ഈ ചായ കുടിച്ചേ.. "" മറുത്തൊന്നും പറയാതെ രണ്ടാളും ചായ വാങ്ങി കുടിക്കുന്നത് കാൺകെ ശിവ സമാധാനത്തോടെ ചിരിച്ചു. ശിവ പറഞ്ഞതത്രയും കേട്ടു കൊണ്ട് കിടക്കുകയായിരുന്നു വേദ. യാതൊരു രക്ത ബന്ധവും ഇല്ലാതിരുന്നിട്ടും തന്റെ അനിയത്തിമാരെ ഒരേട്ടനെ പോലെ സ്നേഹിക്കുന്ന ശിവക്ക് എങ്ങനെയാണ് ഒരു പെൺകുട്ടിയെ ചതിക്കാനും സ്വന്തം ചോരയിൽ ഉള്ള കുഞ്ഞിനെ വേണ്ട എന്ന് വെക്കാനും കഴിയുന്നതെന്ന് അവൾക്ക് മനസ്സിലായില്ല. എവിടെയെങ്കിലും പിഴച്ചോ തനിക്ക്.....പക്ഷേ താൻ നേരിട്ട് കണ്ടതല്ലേ എല്ലാം.... സ്വന്തം കണ്ണുകളേക്കാൾ വലുതായി എന്ത് തെളിവാണ് വേണ്ടത്....

ശിവ ഒരു സമസ്യ ആണെന്നവൾക്ക് തോന്നി... ഒരിക്കലും ഉത്തരം കണ്ടു പിടിക്കാൻ കഴിയാത്ത ഒരു സമസ്യ. ""ഏട്ടാ.... നിങ്ങൾ എത്തുമ്പോൾ ഡോക്ടറെ കാണാൻ ചെല്ലാൻ പറഞ്ഞിരുന്നു"". കണ്ണൻ ശിവയുടെ അടുത്തേക്ക് ചെന്നു പതുക്കെ പറഞ്ഞു. ""ഹ്മ്മ്... ""ശിവ ഒന്ന് മൂളിയിട്ട്... വേദയുടെയും അമ്മയുടെയും അടുത്തേക്ക് നടന്നു. ശിവയെ കണ്ട വിനോദിനിയുടെ കണ്ണുകൾ നിറഞ്ഞു. ഇവിടെ വന്നപ്പോൾ മുതൽ എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുകയാണ് അവൻ. ഒന്നിരിക്കുന്നത് പോലും കണ്ടില്ല... ശ്രീനിയേട്ടന്റെ വിവരം അറിഞ്ഞു തളർന്നു പോയപ്പോൾ തന്നെ താങ്ങി.... ഒരു മകനെ പോലെ ആശ്വസിപ്പിച്ചു..... കൂട്ടിരുന്നു...

ദേവുവിന്റെയും ദിയയുടെയും സങ്കടം തീരും വരെ ക്ഷമയോടെ അവരെ കേട്ടിരുന്നു.... ""അമ്മേ.... ഡോക്ടർ വിളിക്കുന്നുണ്ട്... "" ""എനിക്ക്.... എനിക്ക്.. വല്ലാത്ത പേടി തോന്നുന്നു ശിവ. ന്റെ ശ്രീനിയേട്ടന് എന്തെങ്കിലും പറ്റി കാണുമോ... ഒന്ന് കാണാൻ പോലും സമ്മതിച്ചില്ലല്ലോ ഇത് വരെ.... ""വിനോദിനി വിതുമ്പി കരഞ്ഞു. ശിവ പെട്ടെന്ന് തന്നെ അടുത്ത് ചെന്നു മുട്ട് കുത്തി ഇരുന്നു. ""എന്താ അമ്മേ ഇത്.... അമ്മ ഈ കുട്ടികളെ കൂടി കരയിക്കുമല്ലോ.... "" കരയുന്ന അമ്മയെ നോക്കി ഭയത്തോടെ നിൽക്കുന്ന ദേവുവിനെയും ദിയയെയും ചൂണ്ടി ശിവ പറഞ്ഞു. ""ഞാൻ പറഞ്ഞില്ലേ.... ഒന്നും ഉണ്ടാകില്ല എന്ന്. എന്നേ വിശ്വാസമില്ലേ അമ്മക്ക്.

നമുക്ക് ഡോക്ടറെ പോയി കണ്ടിട്ട് വരാം. ""വിനോദിനിയുടെ കണ്ണുകൾ തുടച്ചു കൊണ്ട് ശിവ പറഞ്ഞു. പുറമേ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും വല്ലാത്ത ഒരാശങ്ക അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ""ഇസിജി എടുത്തപ്പോൾ ചെറിയ വേരിയേഷൻ ഉണ്ട്. ബ്ലഡ്‌ റിസൾട്ട്‌ ഉം കാണിക്കുന്നത് അറ്റാക്ക്ന്റെ ലക്ഷണങ്ങളാണ് . സിവിയർ അല്ലാത്തത് കൊണ്ടും കൃത്യ സമയത്തു ഇവിടെ എത്തിക്കാൻ സാധിച്ചത് കൊണ്ടും ആള് സ്റ്റേബിൾ ആണ്. "" ഡോക്ടറുടെ വാക്കുകൾ ഞെട്ടലോടെയാണ് വേദയും അമ്മയും കേട്ടത്.

വിനോദിനിയുടെ കൈകൾ ശിവയെ മുറുക്കെ പിടിച്ചു. സംഭരിച്ച ധൈര്യം ഒക്കെ നഷ്ടപ്പെടുന്ന പോലെ തോന്നി വേദക്ക്. ബിപി കൂടിയത് കാരണമാണ് തല കറങ്ങി വീണത് എന്നായിരുന്നു വിചാരിച്ചിരുന്നത്. പ്രതികരിക്കാൻ കഴിയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി തരിച്ചിരിക്കുന്ന അവളെ കാൺകെ ശിവക്ക് നെഞ്ചിൽ വല്ലാത്ത ഒരു നോവ് തോന്നി. """പേടിക്കുവൊന്നും വേണ്ട ആൾക്കിപ്പോൾ കുഴപ്പമില്ല. ഇതിനു മുൻപും ചെറിയ രീതിയിൽ വന്നിട്ടുണ്ട്. ഒരുപക്ഷേ diabetic രോഗി ആയിരുന്നത് കൊണ്ടാകാം അറിയാതിരുന്നത്. ഇനി ഒരിക്കൽ കൂടി വന്നാൽ ശരീരം താങ്ങണം എന്നില്ല. അത്കൊണ്ട് എത്രയും പെട്ടെന്ന് bypass സർജറി നടത്തുന്നതായിരിക്കും നല്ലത്. """

""എത്രയും പെട്ടെന്ന് നടത്താൻ ഉള്ള arrangements ചെയ്തോളു ഡോക്ടർ . എന്ത് ട്രീറ്റ്മെന്റ് എടുത്തായാലും മാഷിനെ പഴയത് പോലെ തിരിച്ചു തന്നാൽ മതി."" വേദയും അമ്മയും മറുപടി പറയാൻ ഉള്ള അവസ്ഥയിൽ അല്ലെന്ന് കണ്ടു ശിവ ഡോക്ടറോട് പറഞ്ഞു. ""ഇപ്പോൾ പെട്ടെന്ന് ഒരു സർജറി ബോഡി താങ്ങില്ല. ആളിത്തിരി വീക്ക്‌ ആണ്. നമുക്ക് ഒരു two weeks കഴിഞ്ഞു ചെയ്യാം. എന്തായാലും രണ്ടു ദിവസം കൂടി ഇവിടെ ഒബ്സർവേഷനിൽ കിടക്കട്ടെ. അത് കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാം. രാത്രി ഉള്ള വിസിറ്റിംഗ് ടൈമിൽ ഓരോരുത്തരായി കേറി കണ്ടോളു. ഒരുപാട് നേരം നിൽക്കാൻ പറ്റില്ല.... വേറെയും രോഗികൾ ഉള്ളതാണ്.. ഇൻഫെക്ഷനുള്ള സാധ്യത ഉണ്ട്."" 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അമ്മയെ നിർബന്ധിച്ചു കട്ടിലിലേക്ക് കിടത്തുകയായിരുന്നു വേദ. ഡോക്ടറെ കണ്ടു വന്നപ്പോൾ മുതൽ തുടങ്ങിയ കരച്ചിലും പ്രാർത്ഥനയുമാണ്. അപ്പോഴാണ് ഡോർ തുറന്നു കാർത്തിയും സുധയും അകത്തേക്ക് വന്നത്. അവരെ കണ്ടപ്പോൾ വിനോദിനി കിടക്കാതെ എഴുന്നേറ്റിരുന്നു. ""എന്തായാലും കൊള്ളാം ഏട്ടത്തി. ഞങ്ങൾ ഇത്രത്തോളം അന്യരായെന്നറിഞ്ഞില്ല. സ്വന്തം ആങ്ങള നെഞ്ച് വേദന വന്നു ആശുപത്രിയിൽ ആയത് നാട്ടുകാര് പറഞ്ഞു വേണമായിരുന്നല്ലേ ഞാൻ അറിയാൻ. എന്തായാലും നന്നായിട്ടുണ്ട്"". സുധ ദേഷ്യം കൊണ്ട് വിറച്ചു. ""എന്റെ സുധേ..... ഒരു വഴക്കിനു എനിക്കിപ്പോ വയ്യ.

അപ്പോഴത്തെ മാനസികാവസ്ഥയിൽ എനിക്കാരെയും വിളിക്കാൻ തോന്നിയില്ല. ശിവയും കണ്ണനും കൂടിയ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ചെയ്തത്."" വിനോദിനി തളർന്ന സ്വരത്തിൽ പറഞ്ഞു. ""അപ്പച്ചി പ്ലീസ്.... ഇതൊരു ഹോസ്പിറ്റലാണ്.. ഇവിടെ നിന്ന് പറയുന്നതൊക്കെ റൂമിന് പുറത്തു നിൽക്കുന്നവർക്ക് കേൾക്കാം. അമ്മ രാവിലെ മുതൽ കരഞ്ഞു തളർന്നിരിക്കുവാ. ഇനിയും ഓരോന്ന് പറഞ്ഞു വീണ്ടും വിഷമിപ്പിക്കല്ലേ."" വീണ്ടും സുധ സംസാരിക്കാൻ തുടങ്ങിയപ്പോളേക്കും വേദ പറഞ്ഞു. ""ഓഹ്..... പുതിയ ആളുകളെ ഒക്കെ കിട്ടിയപ്പോൾ നീ ഇതുപോലൊക്കെ സംസാരിക്കാൻ പഠിച്ചു അല്ലേ.""

വേദ തന്നെ എതിർത്തു സംസാരിച്ചത് അംഗീകരിക്കാൻ കഴിഞ്ഞില്ല സുധക്ക്. ഡോർ തുറക്കുന്ന ശബ്ദം കേട്ട് എല്ലാവരുടെയും ശ്രെദ്ധ അങ്ങോട്ട്‌ പോയി. ശിവയുടെ ഇരുവശത്തുമായി നടന്നു വരുന്ന ദേവുവിനെയും ദിയയെയും കണ്ടപ്പോൾ കാർത്തിയുടെ മുഖം മാറി. ഒരാളുടെ കൈയിൽ ഫ്ലാസ്കും മറ്റേ ആളുടെ കൈയിൽ ഭക്ഷണപ്പൊതിയും ഉണ്ടായിരുന്നു. കൂട്ടം തെറ്റി പോകാതിരിക്കാൻ നോക്കുന്ന കുട്ടിയെ പോലെ ശിവയുടെ കൈയിൽ തൂങ്ങി വരുന്ന അവരെ കാൺകെ അവന്റെ മനസ്സിൽ അസൂയ നിറഞ്ഞു. കാർത്തിയെ നോക്കി ഒരു പുച്ഛ ചിരി ചിരിച്ചിട്ട് ശിവ അകത്തേക്ക് നടന്നു. ""അമ്മേ നിങ്ങൾക്കുള്ള ഭക്ഷണം വാങ്ങിയിട്ടുണ്ട്. ഫ്ലാസ്കിൽ കഞ്ഞി ആണ്.

അമ്മയ്‌ക്കെന്താ ഇഷ്ടം എന്ന് വെച്ചാൽ കഴിക്കാല്ലോ. ദേവുവും ദിയയും കഴിച്ചു. അമ്മയ്ക്കും വേദക്കും ഉള്ളതാണ് ഇത്. ഞാൻ കണ്ണനെ ഒന്ന് വീട്ടിൽ ആക്കിയിട്ടു വരാം"". ശിവ വിനോദിനിയുടെ കൈകൾ ചേർത്തു പിടിച്ചു പറഞ്ഞു. അവർ നിറകണ്ണുകളോടെ തലയാട്ടിക്കൊണ്ട് അവന്റെ നെറുകയിൽ ചുംബിച്ചു. ""സൂക്ഷിച്ചു പോണം ട്ടോ."" ശിവ നിറഞ്ഞ ചിരിയോടെ തല കുലുക്കി. പുറത്തേക്ക് എത്തുന്നത് വരെ ശിവയെത്തന്നെ നോക്കി നിന്ന വേദയെ കാണുംതോറും കാർത്തിക്ക് അവന്റെ സമനില നഷ്ടപ്പെടും പോലെ തോന്നി. സുധയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. """ഓഹ്... അപ്പൊ... ഈ പുളിങ്കൊമ്പ് കണ്ടിട്ടായിരുന്നു അല്ലേ ഇവളുടെ സാമർത്ഥ്യം. ഇവളേം നോക്കി ഇരുന്ന എന്റെ ചെക്കൻ വെറും മണ്ടൻ. "" സുധയുടെ വാക്കുകൾ കേട്ട് വേദ കാർത്തിയെ ദഹിപ്പിക്കുന്ന നോട്ടം നോക്കി. അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന പുച്ഛവും അവജ്ഞയും കാർത്തിയുടെ ശിരസ്സ് കുനിപ്പിച്ചിരുന്നു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story