ശിവദം: ഭാഗം 9

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

കുറച്ചു നേരം കൂടി ശിവ പോയ വഴിയേ നോക്കി നിന്നു അവൾ. മനസ്സിൽ തോന്നിയതെല്ലാം മങ്ങുന്ന അവന്റെ രൂപത്തെ നോക്കി സ്മരിച്ചു. അകത്തേക്ക് കയറിയപ്പോൾ ആദ്യം കണ്ണിലുടക്കിയത് അച്ഛന്റെ പ്രതീക്ഷയോടെയുള്ള നോട്ടമാണ്. അറിയാതെ നെഞ്ച് പിടച്ചു പോയി... ഒന്നും മിണ്ടാതെ അകത്തേക്ക് ചെന്നു. അച്ഛന്റെ അടുത്തേക്ക് നടക്കുമ്പോൾ വല്ലാത്ത ഒരാശങ്ക മനസ്സിനെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു. സത്യങ്ങൾ അച്ഛനോട് തുറന്നു പറഞ്ഞാൽ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നറിയില്ല. സൈഡിലേക്ക് നോട്ടം പോയപ്പോൾ ദിയ മുഴുവൻ പല്ലും കാണിച്ചു ചിരിച്ചോണ്ട് നിൽപ്പുണ്ട്.

""കുട്ടിപ്പിശാശ്...... എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇരുന്നിളിക്കുന്ന കണ്ടില്ലേ.. ""അവൾ മനസ്സിൽ പറഞ്ഞു. മോൾക്ക് സമ്മതം അല്ലേ ശിവയെ കല്യാണം കഴിക്കാൻ. വിനോദിനി അവളുടെ മുടികളിൽ കൂടി വിരലോടിച്ചു ചോദിച്ചു. ""അമ്മേ..... ഞാൻ... എനിക്കയാളെ... "" ""നിന്റെ ഭാഗ്യാ കുട്ടി അവൻ. അവനെപ്പോലെ നിന്നെ വേറാരും സ്നേഹിക്കില്ല. പയ്യെ എന്റെ കുട്ടിക്കത് മനസ്സിലാകും. സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും വില നന്നായി അറിയാം അവനു. നിന്നെ ഒരിക്കലും അവൻ വിഷമിപ്പിക്കില്ല.... ""അവൾ പറഞ്ഞു തുടങ്ങിയപ്പോളേക്കും ശ്രീനി ഇടയിൽ കേറി പറഞ്ഞു. അച്ഛന്റെ വാക്കുകളിൽ തെളിഞ്ഞു കാണുന്ന സന്തോഷവും വിശ്വാസവും നെഞ്ച് നീറ്റി .

ഒന്നും മറുത്തു പറയാൻ തോന്നിയില്ല. അച്ഛനെ വിഷമിപ്പിക്കരുത് എന്നുള്ള ഡോക്ടറുടെ വാക്കുകൾ ആയിരുന്നു മനസ്സ് നിറയെ. പതിയെ തലയാട്ടിയപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്ത് വിരിഞ്ഞ ചിരി മാത്രം മതിയായിരുന്നു മനസ്സിലെ പുകച്ചിലിനു തെല്ലൊരു ആശ്വാസം പകരാൻ. ഒന്നും സംസാരിക്കാൻ തോന്നിയില്ല. അടുത്തുള്ള കസേരയിൽ ചാരി വെറുതെ കണ്ണുകൾ അടച്ചിരുന്നു . എടുത്ത തീരുമാനത്തിന്റെ ശെരിതെറ്റുകളിൽ കൂടി മാത്രം കറങ്ങുകയായിരുന്നു മനസ്സ്. ""അയാളെ അംഗീകരിക്കാൻ കഴിയുമോ...... ഈ ജന്മം ഇനി സ്നേഹിക്കാൻ കഴിയുമോ.... ഒന്നും അറിയില്ല... അച്ഛൻ മാത്രമാണ് ഇപ്പോൾ മനസ്സിൽ... ഇന്ന് വരെ കണ്ണൊന്നു നിറയാതെ ചേർത്തു നിർത്തിയിട്ടേ ഉള്ളൂ...

താൻ കാരണം ആ മനസ്സ് നീറാൻ പാടില്ല... "" ശിവ അകത്തേക്ക് വരുമ്പോൾ കസേരയിൽ ചാരി കണ്ണുകൾ അടച്ചിരിക്കുന്ന വേദയെയാണ് കണ്ടത്. അവളുടെ തീരുമാനം എന്തായിരിക്കും എന്നൊരു പേടി അവന്റെ ഉള്ളിൽ നിറഞ്ഞു. ഇഷ്ടമാണ് എന്നവൾ ഒരിക്കലും പറയില്ല എന്നറിയാം. കരണമറിയാത്ത എന്തോ ഒരു വെറുപ്പുണ്ട് തന്നോട്.... അതുകൊണ്ട് മാത്രമാണ് വർഷങ്ങളായിട്ട് നെഞ്ചിൽ കൊണ്ട് നടന്നെങ്കിലും ഒരു വാക്ക് കൊണ്ട് പോലും ഇഷ്ടം തുറന്നു പറയാതിരുന്നത്. ഭയമായിരുന്നു മനസ്സിൽ.... വെറുപ്പാണ് എന്നവൾ മുഖത്തേക്ക് നോക്കി പറഞ്ഞാൽ അവിടെ അവസാനിക്കും..... പിന്നീട് ഒരിക്കലും അവളിലേക്ക് തിരിച്ചു ചെല്ലാൻ കഴിയുമായിരുന്നില്ല .

.ആ കണ്ണുകളിലും പ്രവൃത്തിയിലും കാട്ടുന്ന വെറുപ്പിനെ ഏറ്റുവാങ്ങാൻ ഒരുപക്ഷെ ഹൃദയത്തിനു കഴിഞ്ഞില്ല എന്ന് വരും. ""മാഷേ...... ഡോക്ടർ ഇപ്പോഴും പറയുന്നത് രണ്ടാഴ്ചയിൽ കൂടുതൽ വൈകരുതെന്ന...... മാഷ് വെറുതെ വാശി പിടിക്കാതെ സമ്മതിച്ചേ... ""അവൻ അടുത്തേക്ക് ചെന്നു പറഞ്ഞു. ""ഹാ.... അതിനെനിക്ക് സമ്മതം അല്ലെന്നാരാടോ പറഞ്ഞേ.... ഓപ്പറേഷന് കേറുന്നതിന് ഒരു ദിവസം എങ്കിൽ ഒരു ദിവസം മുൻപ് എനിക്കെന്റെ കുട്ടിയുടെ കല്യാണം കാണണം....അത്രേ ഉള്ളൂ.... ആർഭാടങ്ങളും... വലിയ സ്ത്രീധനവും ഇല്ലാതെ ന്റെ കുട്ട്യേ വിവാഹം കഴിക്കാൻ തനിക്ക് സമ്മതം ആണോ എന്നറിഞ്ഞാൽ മാത്രം മതി....

""ശ്രീനി ശിവയുടെ ഭാവങ്ങൾ എല്ലാം ഒപ്പിയെടുത്തുകൊണ്ട് ഒരു ചിരിയോടെ പറഞ്ഞു. ഒരു നിമിഷം ചലനമറ്റു നിന്ന് പോയി ശിവ..... ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയ സ്വപ്നം...... ജീവന് തുല്യം സ്നേഹിച്ച പെണ്ണ്.... തനിക്ക് സ്വന്തമാക്കാൻ പോകുന്നു.... അറിയാതെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...... ഹൃദയം ഇപ്പോൾ വാരിയെല്ലുകൾ ഭേദിച്ചു പുറത്തു ചാടും എന്ന് തോന്നി... ശ്വാസം പോലും ആരോ വലിഞ്ഞു മുറുക്കും പോലെ.... മുൻപിൽ ഉള്ള കാഴ്ചകൾ മിഴിനീർ ഉറഞ്ഞുകൂടി മങ്ങിയപ്പോൾ കണ്ണുകൾ അമർത്തിത്തുടച്ചവൻ.... മാഷിന്റെയും അമ്മയുടെയും മുഖത്തു നിറഞ്ഞ ചിരി ഉണ്ട്.... ഇപ്പോൾ നടക്കുന്നത് സ്വപ്നം അല്ലെന്നുറപ്പിക്കും പോലെ....

വേദയുടെ നേരെ നോക്കിയപ്പോൾ ഇപ്പോഴും കണ്ണുകളടച്ചു ചാരി ഇരിക്കുകയാണ്.... ഒരു പക്ഷേ തന്നെ കാണാതിരിക്കാനാകും..... ഉള്ളിൽ ഒരു നോവ് തോന്നി... പക്ഷേ ആരും കാണാതെ പെട്ടെന്ന് തന്നെ ഒരു ചിരിയണിഞ്ഞു മുഖത്ത്... അതേ ചിരിയോടെ മാഷിന്റെ കൈകളിൽ അമർത്തിപ്പിടിച്ചു ഉറപ്പ് നൽകുമ്പോൾ ആ മിഴികളും നിറഞ്ഞിട്ടുണ്ടായിരുന്നു. ""ഹലോ..... ഇവിടെന്താ ഭയങ്കര സൈലെൻസ് ആണല്ലോ...."". വാതിൽ തുറന്നു അകത്തേക്ക് വരുന്നതിനിടക്ക് കണ്ണൻ ചോദിച്ചു... കണ്ണന്റെ ശബ്ദം കേട്ട് വേദ കണ്ണുകൾ വലിച്ചു തുറന്നു..... ശിവയും അപ്പോഴേക്കും മാഷിന്റെ കൈ വിട്ട് മാറിയിരുന്നു.. ""ആഹാ... ഏട്ടൻ ഇപ്പോഴും ഇവിടുണ്ടോ.....

ഓഹ് ഞാനത് മറന്നു ഏട്ടന് അത്രക്ക് വേണ്ടപ്പെട്ടവരാണല്ലോ... ""കണ്ണൻ അതുംപറഞ്ഞു വേദയെ നോക്കി ചിരിച്ചപ്പോളാണ് തന്നെ നോക്കി ദേഷ്യത്തിൽ പല്ലിറുമ്മി നിൽക്കുന്ന അവളെ കാണുന്നത്. കാര്യമൊന്നും മനസ്സിലായില്ല എങ്കിലും ശിവേടെ പേര് പറഞ്ഞതിന്റെ ദേഷ്യം ആണെന്ന് വിചാരിച്ചു അവൻ നല്ലോണം ഒന്ന് ചിരിച്ചു കാണിച്ചു.. ""തെറ്റിദ്ധരിക്കല്ലേ മാഷേ......ഏട്ടന് ടീച്ചറമ്മയോടും മാഷിനോടും ഭയങ്കര സ്നേഹമാ....എപ്പോഴും നിങ്ങടെ കാര്യം പറയും... സ്വന്തം അച്ഛനേം അമ്മേം പോല...."" ശിവക്ക് അവരുടെ മനസ്സിൽ ഒരു മതിപ്പുണ്ടാകട്ടെ എന്നുവിചാരിച്ചു കണ്ണൻ പറഞ്ഞുകൊണ്ടേ ഇരുന്നു.. ശിവ പെട്ടെന്ന് തന്നെ അവന്റെ അടുത്തെത്തി.. ""നീ വാ നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാം.."".

ശിവ അവന്റെ തോളിൽ അമർത്തിപ്പിടിച്ചു പറഞ്ഞു.. ""ആഹ്.... എന്തിനാ ഏട്ടാ... ഈ ബലം കൊടുക്കുന്നെ... അവൻ ശിവയുടെ കൈ എടുത്തു മാറ്റി തോൾ തടവി.. ചായ ഞാൻ വരുന്ന വഴിക്ക് കുടിച്ചു... കേട്ടോ വേദേച്ചി ... ഈ ഏട്ടന് ഭയങ്കര സ്നേഹമാ ... പുറമെ കാണുന്ന ഈ മസിൽ ഒക്കെയേ ഉള്ളൂ... അകത്തു ഭയങ്കര സോഫ്റ്റ... എപ്പോഴും ഇങ്ങനെ ആവശ്യമുള്ളതൊക്കെ വാങ്ങി തരും..""" കിട്ടിയ അവസരത്തിൽ ശിവയെ ഒന്ന് പൊക്കിപ്പറഞ്ഞിട്ട് അവൻ എങ്ങനുണ്ട് എന്ന ഭാവത്തിൽ ദിയയെ നോക്കി.. സഹതാപം നിറഞ്ഞ ഒരു നോട്ടമാണ് തിരിച്ചു കിട്ടിയത്.. ""മാഷേ... ഞങ്ങൾ ഇപ്പോൾ വരാം കേട്ടോ.... ഇവനെന്തെങ്കിലും വാങ്ങി കൊടുക്കട്ടെ..""

. ശിവ അവന്റെ തോളിൽ കൈ ഇട്ട് പുറത്തേക്ക് കൊണ്ട് പോകുന്നതിനിടയിൽ പറഞ്ഞു.. എല്ലാവരെയും നോക്കി ഒന്നുകൂടി ചിരിച്ചിട്ട് ശിവയുടെ കൂടെ പോകുന്ന കണ്ണനെ കണ്ടപ്പോൾ അറിയാതെ എല്ലാരും ചിരിച്ചു പോയി.... വേദയുടെ ചുണ്ടിലും ആ ചിരി ഉണ്ടായിരുന്നു.. കുറച്ചു സമയം കഴിഞ്ഞു ആദ്യം വന്നത് ശിവയാണ്... അവന്റെ പിന്നാലെ രണ്ടു ചെവിയും തിരുമ്മി വരുന്ന കണ്ണനെ കണ്ടപ്പോൾ വേദക്ക് പാവം തോന്നി... അവന്റെ ചെവികൾ ചുമന്ന നിറത്തിലേക്ക് മാറിയിരുന്നു.. തിരുമ്മുന്നതിനിടയിൽ ഇടക്കിടക്ക് ശിവയെ ദേഷ്യത്തോടെ നോക്കുന്നുണ്ട്.. ""മാഷേ ഞങ്ങളൊന്ന് വീട്ടിലേക്ക് പോവാ.....രാത്രി വരാം ഇനി... രണ്ടു ദിവസം ആയില്ലേ അങ്ങോട്ടൊന്നു പോയിട്ട്..

"" കല്യാണത്തിന്റെ കാര്യം മാധവിയമ്മയെ അറിയിക്കാൻ വേണ്ടിയാകും ശിവ പോകുന്നതെന്ന് വിനോദിനിക്ക് മനസ്സിലായി.. ""സൂക്ഷിച്ചു പോണം കേട്ടോ... നല്ല മഴ വരുന്നുണ്ട്.. "" 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാത്രിയിൽ പതിവില്ലാതെ നേരത്തെ ചെന്നു ഭക്ഷണം കഴിക്കുന്ന ശിവയെ കണ്ടിട്ടാണ് മാധവിയമ്മ ഡൈനിങ്ങ് റൂമിലേക്ക് വരുന്നത്. കാർത്തി കൂട്ടുകാരന്റെ വീട്ടിലേക്ക് പോയിട്ട് തിരികെ എത്തിയിട്ടുണ്ടായിരുന്നില്ല.. രാധ അടുത്തു നിന്ന് വിളമ്പി കൊടുക്കുന്നുണ്ട്. എട്ടുമണി വരെയാണ് ജോലിക്കുള്ളത്... ശിവ വരുമ്പോൾ പലപ്പോഴും ജോലി കഴിഞ്ഞു പോയിട്ടുണ്ടാകും അതിനാൽ കഴിക്കാതെ മുറിയിലേക്ക് പോകാറാണ് പതിവ്.

അമ്മ നിന്നിടത്തു തന്നെ നിൽക്കുന്നത് കണ്ടിട്ടാണ് നിക്കി അങ്ങോട്ടേക്ക് വരുന്നത്. കഴിച്ചുകൊണ്ടിരിക്കുന്ന ശിവയെക്കണ്ടു അവളും ഒരു നിമിഷം നിന്നു. ""എന്താ മോനെ.....നിനക്ക് കഴിക്കണമെങ്കിൽ ഒന്ന് വിളിച്ചാൽ പോരായിരുന്നോ..."" ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ മാധവിയമ്മ പെട്ടെന്ന് അവന്റെ അടുത്തേക്ക് ചെന്നു... പുച്ഛം കലർന്ന ഒരു ചിരി മാത്രം ആയിരുന്നു ശിവയുടെ മറുപടി.. ""വരുന്ന ഞായറാഴ്ച ഇവിടുത്തെ അമ്പലത്തിൽ വച്ചു എന്റെയും വേദയുടെയും വിവാഹമാണ്... വലിയ ചടങ്ങുകൾ ഒന്നും ഇല്ല ചെറിയ ഒരു താലികെട്ട് മാത്രം... "" ശിവയുടെ വാക്കുകൾ കേട്ട് മാധവിയമ്മയും നിക്കിയും തറഞ്ഞു നിന്നു പോയി....

""എന്താ.... ശിവാ നീ ഈ പറയുന്നേ.... നിന്റെ കല്യാണം നീ മാത്രം തീരുമാനിച്ചാൽ മതിയോ... ഞങ്ങൾ ഒക്കെ പിന്നെ എന്തിനാ... ""മാധവിയമ്മ ദേഷ്യം കൊണ്ട് വിറച്ചു... ""തല്ക്കാലം ഇത് ഞാൻ മാത്രം തീരുമാനിച്ചാൽ മതി... ""ശിവ എഴുന്നേൽക്കുന്നതിനിടയിൽ പറഞ്ഞു... """അപ്പൊ ഇവളോ...... കുഞ്ഞിലേ മുതൽ നിന്നെ സ്നേഹിച്ചിട്ടല്ല ഉള്ളൂ എന്റെ കുഞ്ഞു...""" മാധവിയമ്മ വിടാൻ ഒരുക്കമല്ലായിരുന്നു... """പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല അമ്മേ.... സ്വന്തം അച്ഛൻ ആശുപത്രിയിൽ കിടന്ന സമയത്തിന് അവൾ വശീകരിച്ചെടുത്തതാകും.... ഇനി അങ്ങേരുടെ അസുഖവും നാടകമാണോ എന്നാർക്കറിയാം..

ആ തള്ള എങ്ങനെ എങ്കിലും മോളെ ഇവിടുത്തെ മഹാറാണി ആക്കാൻ നടക്കുവല്ലേ . """നിക്കി അവനെ നോക്കി വീറോടെ പറഞ്ഞു... ശിവ ഇനി മറ്റൊരാളുടെ സ്വന്തമാണെന്നത് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല മനസ്സിന്... കാറ്റ് പോലെ പാഞ്ഞവൻ അവളുടെ മുൻപിലെത്തി.... ശിവയുടെ അപ്പോഴത്തെ മുഖഭാവം കണ്ടു നിക്കിക്ക് പേടി തോന്നി തുടങ്ങിയിരുന്നു.... അവന്റെ കണ്ണുകളിൽ ചുവപ്പു രാശി കലരുന്നതും കവിളിലെ പേശികൾ വിറക്കുന്നതും അവൾ ഭയത്തോടെ നോക്കി നിന്നു. ""ഇനി ഒരിക്കൽ കൂടി ഇങ്ങനെ പറയാൻ നിന്റെ നാവ് പൊങ്ങിയാൽ..... പിന്നൊന്നും ഞാൻ ചിന്തിച്ചു എന്ന് വരില്ല.... എപ്പോഴൊക്കെയോ നിന്നെ ഒരു കൂടപ്പിറപ്പായി കണ്ടു പോയി....

അതുകൊണ്ട്... അതുകൊണ്ട് മാത്രമാ ഈ കൈ നിന്റെ കവിളിൽ പതിയാത്തത്.... ഇനിയൊരിക്കൽ കൂടി നീ പറഞ്ഞാൽ ബന്ധങ്ങളൊക്കെ ഞാനങ്ങു മറക്കും... കേട്ടോടി..."" അവൻ പല്ലുകടിച്ചു ചോദിച്ചു.. നിക്കി ഒന്നും മിണ്ടാതെ തല താഴ്ത്തി... ശിവയെ നോക്കാൻ തന്നെ അവൾക്ക് പേടി തോന്നി.. ""കേട്ടോടി..."". അവൻ അലറിക്കൊണ്ട് ചോദിച്ചു... ""കേ.... കേട്ടു...."" നിക്കി വിക്കിവിക്കി പറഞ്ഞു.. അവളെ ഒന്നുകൂടി തറപ്പിച്ചു നോക്കിയിട്ട് അവനവിടെ നിന്നും പോയി... വിങ്ങി കരയുന്ന മകളെ ചേർത്തു നിർത്തി ആശ്വസിപ്പിക്കുമ്പോൾ മാധവിയുടെ ഉള്ളിൽ കനലെരിയുകയായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഉറങ്ങാൻ സമയമായപ്പോളായിരുന്നു പ്രധാന പ്രശ്നം മനസ്സിലായത്.

രണ്ടു വലിയ ബെഡ്ഡുകൾ ഇട്ടിരിക്കുന്നതിൽ ഒന്നിലാണ് അച്ഛൻ കിടക്കുന്നത്. മറ്റൊന്നിൽ അമ്മയെ കൂടാതെ ഒരാൾക്ക് കൂടി കിടക്കാം. അച്ഛനെ ഇവിടെ വിട്ടിട്ട് തിരികെ വീട്ടിൽ പോയി നിൽക്കണോ എന്നുള്ള വിഷമം ദേവുവിന്റെയും ദിയയുടെയും മുഖത്തു തെളിഞ്ഞു. വേദയും അപ്പോഴാണ് അതിനെക്കുറിച്ചു ആലോചിക്കുന്നത്. അമ്മയ്ക്ക് കൂട്ടായി ആരെങ്കിലും ഒരാൾക്കല്ല നിൽക്കാൻ പറ്റു. പലവിധ ചിന്തകളിൽ മുഴുകി നിൽക്കുന്നതിനിടക്കാണ് ശിവ വരുന്നത്. വന്ന വഴിയേ നേരെ അമ്മയുടെ അടുത്തേക്ക് പോകുന്നത് കണ്ടു. ""അമ്മേ ഈ ഫ്ലോറിൽ തന്നെ ഒരു മുറി കൂടി കിട്ടി. ഇവിടുത്തെ ഒരു ഡോക്ടർ എന്റെ സുഹൃത്താണ്.... അങ്ങനെ ഒപ്പിച്ചു...

വേദയും കുട്ടികളും തല്ക്കാലം അവിടെ കിടക്കട്ടെ. എല്ലാവരും കൂടി ഈ മുറിയിൽ തിങ്ങി കിടക്കുന്നത് മാഷിന് ബുദ്ധിമുട്ടുണ്ടാക്കും. ""അവൻ താക്കോൽ വിനോദിനിയുടെ കൈയിൽ കൊടുത്തു പറഞ്ഞു. ദേവുവിന്റെയും ദിയയുടെയും മുഖത്ത് സന്തോഷം നിറഞ്ഞു...."" താങ്ക്സ് ശിവേട്ടാ."".. രണ്ടാളും ഓടി ശിവയുടെ അടുത്തെത്തി.. ""ഓഹ്... പിന്നേ... താങ്ക്‌സിനു വേണ്ടിയല്ലേ ഞാനിതൊക്കെ ചെയ്യുന്നേ....ഇനി മേലിൽ താങ്ക്സ് പറഞ്ഞാൽ ഒന്നും ചെയ്തു തരില്ല... ""രണ്ടാളുടെയും ചെവിയിൽ വേദനിപ്പിക്കാതെ പിടിച്ചുകൊണ്ടാവൻ പറഞ്ഞു... വേദ മാത്രം ശിവയെത്തന്നെ നോക്കി നിൽക്കുകയായിരുന്നു....അവനൊരു കടലാണെന്നവൾക്ക് തോന്നി.... അറിയുംതോറും ആഴമേറുന്ന കടൽ...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story