ശിവാത്മിക: ഭാഗം 13

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

“ഒഴിവാക്കുകയാണോ എന്നെ അച്ചായാ…?” അവളുടെ ആ ചോദ്യത്തിന് പ്രിൻസിന് ഉത്തരം ഉണ്ടായിരുന്നില്ല.. വണ്ടിയിൽ കയറിയപ്പോൾ അവൾ പുറകിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.. ആലീസ് വേദനയോടെ അവളെ നോക്കി.. അവളുടെ അച്ചായൻ അവളോട് കരുണ കാണിച്ചേക്കും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നു.. വണ്ടി വയനാട് ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു. ** “മോളെ..? എന്നീക്ക്.. സമയം എത്രയായി അറിയുമോ..?” രാവിലെ അമ്മച്ചി വിളിച്ചപ്പോൾ ആണ് ശിവ കണ്ണ് തുറന്നത്.. സമയം 11 മണി ആയിരിക്കുന്നു.. അതി രാവിലെ വന്നു കിടന്നതാണ്.. “അയ്യോ സമയം ഇത്രക്ക് ആയോ..?” അവൾ അമ്മച്ചിയുടെ കവിളിൽ ഒരു ഉമ്മകൊടുത്തുകൊണ്ടു എഴുന്നേറ്റ് ഇരുന്നു.. “പോയി ഫ്രഷ് ആയിട്ട് വാ കൊച്ചെ.. അപ്പവും മുട്ടക്കറിയും ഉണ്ട്.., “ അവർ സ്നേഹത്തോടെ പറഞ്ഞു പുറത്തേക്ക് പോയപ്പോൾ ശിവയുടെ കണ്ണ് നനഞ്ഞു.. ഈ സ്നേഹം എന്നും അനുഭവിക്കാൻ യോഗം ഇല്ലേ..? അവൾ വേഗം എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോയി.. “അച്ചായൻ പോയോ..?” “അഹ് കൊച്ചെ.. അവർ കടയിലേക്ക് പോയി..

ആലീസ് ആരെയോ കാണാനും വേണ്ടി..” അവൾ ചോദിച്ചപ്പോൾ അമ്മച്ചി മറുപടി കൊടുത്തു.. അവൾ കഴിച്ചു കഴിഞ്ഞു ഒന്ന് പുറത്തേക്ക് ഇറങ്ങി.. സ്കോഡ ഒക്ടോവിയ കണ്ടപ്പോൾ ആണ് അവൾക്ക് എന്തോ ഓർമവന്നത്.. അവൾ മെല്ലെ മുകളിലേക്ക് കയറി.. പ്രിൻസിന്റെ റൂം ഒന്ന് തള്ളി നോക്കി. ലോക്ക് ഇല്ല. മെല്ലെ അകത്തു കയറിയതും അവൾ ഒന്ന് ഞെട്ടി.. ഭിത്തിയിൽ ഒരു പെൺകുട്ടിയുടെ ചിത്രം.. വിടർന്ന കണ്ണുകളും നുണകുഴികളും ഉള്ള ഒരു സുന്ദരി.. മുഖം മാത്രമേ ഉള്ളു.. അവൾ മെല്ലെ അടുത്തേക്ക് ചെന്നു.. “അപ്പോൾ നീയാണ് ആ കാറിന്റെ അവകാശി.. മ്മ്മ് അച്ചായനെ കുറ്റം പറയാൻ പറ്റില്ല.. ഈ മുഖം എങ്ങനെ മറക്കാൻ ആണ്..? സുന്ദരി…” അവൾ ആ ഫോട്ടോയോട് പറഞ്ഞു.. “അതെ..? നിന്റെ ഇച്ചായനെ എനിക്ക്‌ തരുമോ? പ്ലീസ്..? നീ സ്നേഹിച്ചതിൽ കൂടുതൽ എന്നൊന്നും പറയാൻ ആകില്ല.. അളക്കാൻ കഴിയാത്തതാണല്ലോ പ്രണയം.. എന്നാലും അച്ചായൻ സങ്കടപെടില്ല എന്ന് വാക്ക് തരുന്നു…” അവൾ മെല്ലെ ആ ഫോട്ടോയിൽ തൊട്ടുകൊണ്ടു പറഞ്ഞു.. മറുപടി ഇല്ലായിരുന്നു.. അവൾ ആ റൂം നോക്കി..

നല്ല അടുക്കും ചിട്ടയും ഉള്ള ഒരു മുറി.. ശിവ മെല്ലെ താഴേക്ക് ഇറങ്ങി അമ്മച്ചിയുടെ ഒപ്പം ഉച്ചക്കത്തെക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കാൻ കൂടി.. അവൾ നോൺ വെജ് ഒക്കെ കൂടുതൽ കഴിക്കാൻ തുടങ്ങിയത് ഇവിടെ വന്നതിന് ശേഷം ആണ്.. “എന്നാ പോകേണ്ടത് നിനക്ക്.. “ ഉച്ചക്ക് കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് പ്രിൻസ് പെട്ടെന്ന് അത് ചോദിച്ചത്.. ശിവ ഒന്ന് ഞെട്ടി.. അവൾക്ക് ചോറ് വിക്കി.. പ്രിൻസ് ഇന്നലെ കാര്യമായിട്ട് പറഞ്ഞതായിരുന്നു എന്ന് അവൾ ഓർത്തു.. “എന്താ മിണ്ടാത്തത്?” അവൻ വീണ്ടും ചോദിച്ചു. “അച്ചായനെന്താ അവളെ പറഞ്ഞു വിടാൻ ഇത്രക്ക് തിടുക്കം..? എന്നതാ അച്ചായാ ഇത്..?” ആലീസ് ചാടി എഴുന്നേറ്റ് നിന്നു ശബ്ദം ഉയർത്തിയാണ് ചോദിച്ചത്.. അവൾ പ്രിൻസിനോട് ഒച്ചയിടുന്നത്‌ സാമോ സാറാമ്മയോ കണ്ടിട്ടില്ല. പ്രിൻസ് ഒന്നും മിണ്ടിയില്ല.. ശിവ തലകുനിച്ചു ഇരുന്നു.. “എന്താ പ്രിൻസെ ഇത്..?” സാം ചോദിച്ചപ്പോൾ അവൻ എഴുന്നേറ്റ് പോയി.. ശിവയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അവൾ മെല്ലെ അമ്മച്ചിയുടെ തോളിലേക്ക് ചാരി. “മോൾ ഇവിടെ നിന്നോളൂ.. സാരമില്ല..”

അമ്മച്ചി പറഞ്ഞപ്പോൾ അവൾ സങ്കടത്തോടെ ഇരുന്നു.. അവൾ റൂമിൽ പോയി കിടന്നു.. ആരും ഇല്ലാത്ത ഒരു അവസ്ഥ.. അത് കാണുന്നത് പോലെ അല്ല എന്നവൾ മനസിലാക്കി.. അല്പ നേരം അവിടെ കിടന്നു. “ശിവ..?” വിളി കേട്ടപ്പോൾ അവൾ ചാടി എഴുന്നേറ്റു. പ്രിൻസ് ആണ്.. “വാ ഒരിടം വരെ പോകാം…” അവൻ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ മുഖം തുടച്ചു.. ഉമ്മറത്ത് ആലീസ് ഉണ്ടായിരുന്നു. അവൾ പ്രിൻസിനെ കണ്ടപ്പോൾ ദേഷ്യത്തോടെ തലവെട്ടിച്ചു.. ശിവ അവളെ നോക്കി.. ഒരു വയറ്റിൽ പിറന്നത് അല്ല.. എന്നാലും അവൾ കാണിക്കുന്ന സ്നേഹം… “വരുന്നുണ്ടോ?” പ്രിൻസിന്റെ ഒച്ച കേട്ടപ്പോൾ അവൾ ചെന്ന് ജീപ്പിൽ കയറി. അവൻ ജീപ്പ്‌ മുൻപോട്ട് എടുത്തു.. വണ്ടി ഓടി അവസാനം എത്തി നിന്നത് കവുങ്ങ് നിറഞ്ഞു നിൽക്കുന്ന അതിനിടക്ക് ഇടത്തരം പാറകൾ നിരന്നു നിൽക്കുന്ന ഒരിടത്തു ആണ്.. അതിന്റെ ഇടയിലൂടെ ഒഴുകുന്ന കൊച്ചു അരുവി.. നല്ല തണുപ്പുള്ള ഒരു സ്ഥലം. “വൗ…” ശിവ ആ സ്ഥലം കണ്ടു കണ്ണ് മിഴിച്ചു.. “അമ്പുകുത്തി മലയുടെ മുകളിൽ നിന്നും വരുന്ന വെള്ളം ആണ്.. ഒന്ന് തൊട്ടു നോക്ക്..”

പ്രിൻസ് ചിരിയോടെ പറഞ്ഞപ്പോൾ അവൾ വെള്ളം കൈകുമ്പിളിൽ എടുത്തു.. “അഹ് എന്തൊരു തണുപ്പാണ്…!” അവൾ അത്ഭുതത്തോടെ വെള്ളം കോരി മുഖത്തു തളിച്ചു.. അല്പം കുടിച്ചു.. “മധുരം ആണെന്ന് തോന്നുന്നു.. അല്ല എന്താ ഈ അമ്പുകുത്തി മല എന്ന് പേര്..?” അവൾ സംശയത്തോടെ ചോദിച്ചു. “രാമായണവുമായി ബന്ധം ഉള്ള നാടാണ് വയനാട്.. രാമൻ എയ്തുവിട്ട ഒരു അസ്ത്രം ഈ മലയുടെ മുകളിൽ ആണ് തറച്ചത് എന്നുള്ള വിശ്വാസപ്രകാരം ആണ് ഇതിനെ അമ്പുകുത്തി മല എന്ന് വിളിക്കുന്നത്, അതുപോലെ സീത ദേവീ ക്ഷേത്രം ഇവിടെയുണ്ട്.. സീതാദേവിയുടെ കണ്ണുനീർ വീണുണ്ടായ കുളം എന്നറിയപ്പെടുന്ന കൊച്ചു കുളം അവിടെ ഉണ്ട്.. സീത മൌണ്ട് എന്നറിയപ്പെടുന്ന സ്ഥലം വരെ ഉണ്ട്.. ഹിസ്റ്ററി ഐദീഹം ഒക്കെ നോക്കിയാൽ വയനാട്ടിൽ ഒത്തിരി അത്ഭുതങ്ങൾ ഉണ്ട് ശിവ…” അവൻ പറഞ്ഞത് കേട്ടപ്പോൾ അവൻ ആ മലയിലേക്ക് നോക്കി.. ഒരു പെണ്ണിന്റെ രൂപമുള്ള മല.. സീതാ ദേവി നടന്ന ഇടങ്ങൾ എന്ന് കേട്ടപ്പോൾ അവൾക്ക് വല്ലാത്തൊരു കൊതി തോന്നി.. “എന്നെ അവിടെ ഒന്ന് കൊണ്ടുപോകുമോ..?”

അവൾ അവനോടു ചോദിച്ചു.. “കൊണ്ടുപോകാം.. പക്ഷെ.. എനിക്ക് ഇപ്പോൾ ഒരു കാര്യം പറയാൻ ഉണ്ട്…” അവൻ അവളെ കൈ പിടിച്ചു ഒരു ഇടത്തരം പാറയുടെ മുകളിലേക്ക് കയറ്റി.. അവർ അവിടെ ഇരുന്നു.. “അന്ന എയ്ഞ്ചൽ മെറിൻ.. അതായിരുന്നു അവളുടെ പേര്…എന്റെ അന്നകൊച്ചു...” അവൻ ഈറൻ അണിഞ്ഞ കണ്ണുകളോടെ പറഞ്ഞപ്പോൾ ശിവ കാതുകൾ ഓർത്തിരുന്നു.. അവൻ മനസ് തുറക്കുകയാണ് എന്നവൾ മനസിലാക്കി.. “കോട്ടയം പള്ളം ആയിരുന്നു വീട്.. വീടിന്റെ അടുത്ത് താമസം ആക്കിയ കൊച്ചു സുന്ദരി.. ആദ്യം കൂട്ടുകാർ ആയി.. പിന്നെ പ്രണയത്തിലേക്ക്.. വീട്ടുകാർക്കും സമ്മതം ആയിരുന്നു.. പ്രണയിച്ചു.. പ്ലസ് വൺ കാലം മുതൽ വർഷങ്ങൾ നീണ്ട പ്രണയം..” അവന്റെ ഓർമകൾ ഒന്ന് പുറകോട്ട് പോയി.. വിടർന്ന കണ്ണുകൾ ഉള്ള അന്ന.. കാർ പ്രാന്തി.. ഓടിച്ചാടി നടക്കുന്ന ഒരുത്തി.. എന്നാൽ അവൾ അവളുടെ ഇച്ചായന്റെ മുൻപിൽ മാത്രം നാണക്കാരി ആണ്.. പ്രിൻസ് കുറച്ചു ഷർട്ടുകൾ എടുത്തുവെക്കുകയായിരുന്നു.. “ഇച്ചായോ… ?” വിളി കേട്ടപ്പോൾ അവൻ പുഞ്ചിരിയോടെ തിരിഞ്ഞു..

“ഡീ കൊച്ചെ..? നീ എപ്പോൾ എത്തി? പ്രൊജക്റ്റ് എന്നും പറഞ്ഞു നാല് മാസമാണ് കൊച്ചെ നീ കളഞ്ഞത്…” പ്രിൻസ് ഓടിച്ചെന്നു അന്നയെ എടുത്തു പൊക്കി.. അവൾ അവന്റെ നിറുകയിൽ ചുണ്ടുകൾ അമർത്തി.. “ഐ ലവ് യു ഇച്ചാ…. “ അവൾ പ്രണയത്തോടെ അവനോടു പറഞ്ഞു.. അവൻ തിരിച്ചും.. “അഹ് എന്റെ ഒരു പറയാത്ത ആഗ്രഹം പറഞ്ഞില്ലയോ ഇച്ചായ..? അതും നടന്നു. പിന്നെ വേറെ ഒരു കാര്യം കൂടെയുണ്ട്.. “ “എന്നതാടീ..?” “എന്റീശോയെ ഇതെന്താ പ്രണയനാടകമോ..? പ്രായപൂർത്തി ആകാത്ത ഒരു കൊച്ചു പെണ്ണ് ഈ വീട്ടിൽ ഉള്ള കാര്യം മറന്നോ..?” ശബ്ദം കേട്ടപ്പോൾ അവർ അകന്നുമാറി.. ആലീസ് കട്ടിളയിൽ ചാരി നിൽക്കുന്നു.. “അല്ല..? ആരാ ഈ പ്രായപൂർത്തി ആകാത്ത കൊച്ചു പെണ്ണ്..?” അന്ന അവളുടെ അടുത്ത് ചെന്ന് ചോദിച്ചു.. “ഏട്ടത്തി.. അത് ഞാൻ തന്നെയാണ്.. കണ്ടില്ലേ..?” “ഉവ്വ ഉവ്വ.. നിനക്ക് ഞാൻ കുറച്ചു സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്…” അന്ന അവളോട് പറഞ്ഞു.. “അതൊക്കെ പിന്നെ.. വന്നേ.. അവർ കാത്തിരിക്കുന്നു..” അവൾ അവരുടെ കൈ പിടിച്ചു ഹാളിലേക്ക് കൊണ്ടുവന്നു.. അവളുടെ അന്നയുടെ അപ്പനും അമ്മയും ഉണ്ടായിരുന്നു അവിടെ. സാമും സാറയും അരികിൽ.. ആലീസ് ഭിത്തിയിൽ ചാരി നിന്നു. “പ്രിൻസെ.. അപ്പോൾ ഇനി അവളെ ഇങ്ങു വിടാൻ ആണ് തീരുമാനം..

നിനക്ക് എന്തേലും പറയാൻ ഉണ്ടോടാ..?” അവളുടെ അപ്പൻ ചോദിച്ചപ്പോൾ പ്രിൻസ് അല്പം നാണത്തോടെ അന്നയെ നോക്കി.. കണ്ണുകളിൽ പ്രണയവും ആയി അവനെ നോക്കി നിൽക്കുകയാണ് പെണ്ണ്.. “എനിക്കെന്ന തടസ്സം പപ്പ..? ഓക്കേ ആണ്…” അവൻ മെല്ലെ പറഞ്ഞപ്പോൾ എല്ലാവരും അത് കേട്ട് പുഞ്ചിരിച്ചു.. “എന്നാൽ പിന്നെ അടുത്ത ആഴ്ച മനസമ്മതം.. അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞു കെട്ട്..? പോരെ..?” എല്ലാവരും സമ്മതം മൂളി.. അന്ന പ്രിൻസിന്റെ കൈ പിടിച്ചു.. “അന്ന എയ്ഞ്ചൽ മെറിൻ, ഈ നിൽക്കുന്ന പ്രിൻസ് ജോസഫ് പാലത്തിങ്കൽ എന്നയാളെ വിവാഹം ചെയ്യാൻ സമ്മതമാണോ..?” പള്ളിയിൽ അച്ചൻ ചോദിച്ചപ്പോൾ അവൾ നാണത്തോടെ തല താഴ്ത്തി.. “ദൈവ നാമത്തിൽ സമ്മതം..” മെല്ലെ പറഞ്ഞു.. “പ്രിൻസ് ജോസഫ് പാലത്തിങ്കൽ.. ഈ നിൽക്കുന്ന അന്ന എയ്ഞ്ചൽ മെറിൻ എന്നയാളെ വിവാഹം ചെയ്യാൻ സമ്മതമാണോ..?” ദൈവ നാമത്തിൽ സമ്മതം.. “ഇനി മോതിരം മാറിക്കോളു..” അച്ചൻ അനുവാദം കൊടുത്തതും പ്രിൻസ് അവളുടെ മോതിര വിരലിൽ അവന്റെ പേര് കൊത്തിയ മോതിരം അണിയിച്ചു.. അവൾ തിരിച്ചും.. മനസമ്മതം കഴിഞ്ഞപ്പോൾ അവർ പുറത്തേക്ക് വന്നു.. “പറഞ്ഞില്ലേ എന്റെ രണ്ടാമത്തെ വലിയ അഗ്രഹം? ലുക്ക്..?” അന്ന കാണിച്ചു കൊടുത്തപ്പോൾ പ്രിൻസ് നോക്കി.

ചുവന്ന നിറത്തിൽ തിളങ്ങുന്ന സ്കോഡ ഒക്ടോവിയ.. “സ്വന്തം പൈസക്ക് വാങ്ങിയ മുതൽ.. ആദ്യം കയറുന്നത് ഈ വേഷത്തിൽ നമ്മൾ ആയിരിക്കണം… “ അവൾ അവന്റെ കൈ പിടിച്ചു വണ്ടിയുടെ അടുത്തേക്ക് ചെന്നു.. “ഞാൻ ഓടിക്കാം..” അവൾ ഓടി ഡ്രൈവിങ് സീറ്റിൽ കയറിയപ്പോൾ അവൻ ചിരിച്ചുകൊണ്ട് മുൻപിൽ കയറി ഇരുന്നു.. അവൾ ആവേശത്തോടെ വണ്ടി മുൻപോട്ട് വിട്ടു.. “കൊച്ചെ..? സ്പീഡ് കുറച്ചേ…” അവൻ അവളോട് പറഞ്ഞപ്പോൾ അവൾ ചിരിച്ചു “അങ്ങനെ ഒന്നും അന്നയുടെ കൈകൊണ്ടു ആക്സിഡന്റ് പറ്റില്ല ഇച്ചായാ.. ഇനി ഉണ്ടായാലും ഞാനേ പോകു.. ഇച്ചായൻ വേറെ ഒരുത്തിയെ കണ്ടുപിടിച്ചു എന്നെക്കാളും വേണ്ട എന്നാലും സ്നേഹിക്കണം.. അവളെക്കൊണ്ട് ഈ കാർ ഓടിപ്പിക്കണം.. കേട്ടോ..?” അന്ന പൊട്ടിചിരിച്ചുകൊണ്ടു അത് പറഞ്ഞപ്പോൾ പ്രിൻസ് ദേഷ്യത്തോടെ അവളെ നോക്കി.. അവളുടെ ചിരി കണ്ടപ്പോൾ അവനും ചിരിച്ചു.. അവൾ സ്പീഡ് കൂട്ടി കാർ വീശി ഒരു വളവു തിരിച്ചു.. “കൊച്ചെ……!!!!!” അവന്റെ അലർച്ച മുഴങ്ങിയപ്പോഴേക്കും വല്ലാത്തൊരു സ്പീഡിൽ വന്ന ടാങ്കർ ലോറി സ്കോഡ ഒക്ടോവിയ ഇടിച്ചു തകർത്തിരുന്നു… ആളുകൾ ഓടിക്കൂടി.. ദേഹം മുഴുവൻ പരിക്കുകളും ആയി കിടന്ന പ്രിൻസ് പതിനഞ്ചു ദിവസം കഴിഞ്ഞിട്ടാണ് കണ്ണ് തുറന്നത്.. “എന്റെ കൊച്ചെവിടെ…?”

അവൻ ചോദിച്ചപ്പോൾ ആർക്കും ഉത്തരം ഇല്ലായിരുന്നു.. “ആലീസെ..? എനിക്ക് കാണണം എന്റെ കൊച്ചിനെ.. എന്നോട് സ്നേഹം ഉണ്ടെങ്കിൽ.. നിന്റെ അച്ചായൻ അല്ലെടീ ഞാൻ..?” അവൻ കെഞ്ചിയപ്പോൾ അവൾ അവരുടെ രണ്ടു ബന്ധുക്കൾ ചെക്കന്മാരെയും വിളിച്ചു ആരെയും വകവെക്കാതെ അവനെ വീൽചെയറിൽ ഇരുത്തി പുറത്തേക്ക് കൊണ്ടുവന്നു കാറിൽ കയറ്റി.. വണ്ടി മുൻപോട്ട് പോയി.. “സിഎസ്ഐ ചർച്ച്‌ സെമിട്രി പള്ളം…” ആ ബോർഡ് കണ്ടപ്പോൾ പ്രിൻസ് ഒന്നും മിണ്ടിയില്ല.. അവൻ തല താഴ്ത്തി ഇരുന്നു. ആലീസും അവളുടെ രണ്ടു ആൺസുഹൃത്തുക്കളും അവനെ എടുത്തു പൊക്കി ഒരു പുതിയ കല്ലറക്ക് സമീപം കൊണ്ടുപോയി നിർത്തി. നനുത്ത പുഞ്ചിരിയുമായി നിൽക്കുന്ന അന്നയുടെ കല്ലറയിലെ ഫോട്ടോയിലേക്ക് അവൻ നോക്കി.. “അച്ചായാ.. ഏട്ടത്തി.. സ്പോട്ടിൽ തന്നെ…” ആലീസ് മെല്ലെ പറഞ്ഞപ്പോൾ അവൻ അവിടെ ഇരുന്നു.. ഒരു തുള്ളി കണ്ണുനീർ പോലും അവന്റെ കണ്ണിൽ നിന്നും വന്നില്ല.. “എന്നാത്തിനാടീ കൊച്ചെ നീ ഒറ്റക്ക് പോയെ.? വരത്തില്ലായിരുന്നോ ഞാനും..?” അവന്റെ ചോദ്യം കേട്ട് ആലീസ് അലറികരഞ്ഞു..

അവൻ നിശ്ശബ്ദം ആയി കരഞ്ഞു.. അവിടെ ഇരുന്നു മണിക്കൂറുകളോളം.. പ്രിൻസ് പിന്നെ ഹോസ്പിറ്റലിലേക്ക് പോയില്ല.. എല്ലാ ദിവസവും കല്ലറയുടെ അടുത്ത് പോയി ഇരിക്കും. അവന്റെ സ്വപ്‌നങ്ങൾ എല്ലാം അവൻ ഉപേക്ഷിച്ചു.. ആരോടും മിണ്ടാതെ ആയി.. അവസാനം അമ്മച്ചി കരഞ്ഞു കാലുപിടിച്ചു പറഞ്ഞപ്പോൾ അവൻ വയനാട്ടിലേക്ക് പോകാമെന്നു സമ്മതിച്ചു.. ആ കാർ നന്നാക്കി എടുത്തിരുന്നു.. അന്ന് മുതൽ പ്രിൻസ് ഗൗരവക്കാരൻ ആയിരുന്നു. എസ്റ്റേറ്റ് നോക്കി പിന്നെ ഒരു തുണിക്കട ഇട്ടു. ഉടക്കാൻ വരുന്നവരോട് അവൻ ഒരു ദയയും കാണിക്കാറില്ലായിരുന്നു.. മെല്ലെ മെല്ലെ സാധാരണ ജീവിതത്തിലേക്ക് വന്നു.. പലരും വന്നെങ്കിലും അവൻ ആരോടും അടുത്തില്ല.. അങ്ങനെ തുണിക്കടയിലേക്ക് വേണ്ട തുണികൾ ഓർഡർ ചെയ്തു വരുമ്പോൾ ആണ് ശിവയെ കണ്ടത്… * എല്ലാം കേട്ടപ്പോൾ ശിവ കരയുകയായിരുന്നു… അവന്റെ കണ്ണും നനഞ്ഞിരുന്നു.. “ഇതൊക്കെ നീയറിയണം എന്ന് തോന്നി., ശരിയാണ് അവൾ അവസാനം പറഞ്ഞത് വേറെ ഒരാളെ കെട്ടണം എന്നാണ്.. പക്ഷെ എനിക്ക് കഴിയില്ല ശിവ.. എങ്ങനെയാ ഞാൻ..? നീ ഇവിടെ നിൽക്കുമ്പോൾ വീർപ്പു മുട്ടുകയാണ് എനിക്ക്… നിന്നെ കാണുമ്പോൾ എനിക്ക് ചിരിക്കാൻ പോലും പറ്റുന്നില്ല. നിന്റെ ഈ കണ്ണുകൾ കാണുമ്പോൾ പൊള്ളുന്ന അവസ്ഥയാണ്…കഴിയുന്നില്ല എനിക്ക്..”

അവൻ പറഞ്ഞപ്പോൾ അവൾ വേദനയോടെ പുഞ്ചിരിച്ചു.. “പോകാം അച്ചായാ…” അവൾ പറഞ്ഞപ്പോൾ അവൻ എഴുന്നേറ്റു.. പിന്നെ രണ്ടുപേരും സംസാരിച്ചില്ല.. വീട്ടിൽ എത്തി അവൾ നേരെ റൂമിലേക്ക് പോയി.. ആലീസ് ചെന്നപ്പോൾ അവൾ കണ്ണടച്ച് കിടക്കുകയായിരുന്നു.. അന്ന് രാത്രി അവൾ കാര്യമായി ഒന്നും മിണ്ടിയില്ല.. ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞു.. പ്രിൻസ് കിടക്കാൻ നേരം കതകിൽ ഒരു തട്ടു കേട്ടപ്പോൾ അവൻ നോക്കി.. ശിവയാണ്.. “അച്ചായാ.. ശരിയാണ്.. ഞാൻ ശല്യം ചെയ്തു അല്ലെ? സോറി പറയില്ല.. എനിക്ക് അവകാശം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.. പിന്നെ… എന്റെ ജീവിതത്തിൽ ഒരാൾ ഉണ്ടെങ്കിൽ അത് ഈ പ്രിൻസ് ജോസഫ് തന്നെ ആയിരിക്കും.. ആർക്കും ശല്യം ആകില്ല.. കാത്തിരിക്കും.. ആദ്യമായ് ആണ് ഒരാളെ ഇഷ്ടപ്പെടുന്നത്.. അത് മറക്കാൻ കഴിയില്ല.. എന്റെ പേര് ശിവാത്മിക എന്നാണ്…” അതും പറഞ്ഞു അവൾ താഴേക്ക് ഓടുന്നതും നോക്കി പ്രിൻസ് നിന്നു.. അവൻ പോയി കിടന്നു.. ഉറക്കം വന്നില്ല.. എപ്പോഴോ ഉറങ്ങി.. “അച്ചായാ…?” ആലിസിന്റെ വിളി കേട്ടാണ് അവൻ കണ്ണ് തുറന്നത്… കരഞ്ഞു കലങ്ങിയ കണ്ണുകൾ.. “എന്നാടി?” അവൻ ആശങ്കയോടെ ചോദിച്ചു.. “ശിവ.. പോയി അച്ചായാ.. “ അവൾ അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞപ്പോൾ അവൻ അനക്കമില്ലാതെ ഇരുന്നുപോയി…........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story