ശിവാത്മിക: ഭാഗം 14

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

“ശിവ.. പോയി അച്ചായാ.. “ അവൾ അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞപ്പോൾ അവൻ അനക്കമില്ലാതെ ഇരുന്നുപോയി… “എവിടെ.. എവിടേക്ക് പോയെന്നു.. ?” അവൻ ആലീസിനെ പിടിച്ചു കുലുക്കി.. അവൾ ഒരു കടലാസ്സ് എടുത്തു കാണിച്ചു. “പോവ്വാ.. അമ്മച്ചിയും പപ്പയും ആലീസും പൊറുക്കണം..” അത് മാത്രമാണ് അതിൽ ഉണ്ടായിരുന്നത്.. അത് വായിച്ചപ്പോൾ പ്രിൻസിന് ഒരു സമാധാനം തോന്നി.. “കൊച്ചെ അവൾ ഡോക്ടർ അല്ലെ? ജോലി ഉണ്ട് പിന്നെ അവിശ്വസിച്ചു എങ്കിലും അവൾക്ക് വീടുണ്ട്.. അപ്പ ഉണ്ട് സഹോദരി ഉണ്ട്.. പിന്നെന്താ? എന്തായാലും പോകേണ്ടവൾ അല്ലെ..” അവൻ ചോദിച്ചപ്പോൾ ആലീസ് ഒന്നും മിണ്ടാതെ അവനെ ദേഷ്യത്തോടെ നോക്കി. അവൻ ഒന്നും മിണ്ടിയില്ല. “എങ്ങനെ കഴിയുന്നു അച്ചായന് ഇങ്ങനെ ആകാൻ..?” അവൾ നീരസത്തോടെ ചോദിച്ചപ്പോൾ പ്രിൻസ് തലതാഴ്ത്തി.. ആലീസ് ഒന്ന് നോക്കി...അതിന് ശേഷം മെല്ലെ റൂമിന് പുറത്തേക്ക് പോയി.. പ്രിൻസ് ചെന്ന് ബാൽക്കണിയിൽ നിന്നു.. ശിവയുടെ മുഖം അവന് ഓർമവന്നു.. നിസ്സഹായ ആയ ഒരു പെൺകുട്ടി.. അവളെ കൈവിട്ടത് അബദ്ധം ആയോ?

“എന്തിനാ ഇച്ചായ അവളെ വേദനിപ്പിച്ചത്..?” അന്നയുടെ സ്വരം മനസ്സിൽ.. “ഇല്ല.. അവൾ പോകേണ്ടവൾ ആണ്.. അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ..എന്നിൽ കുടുങ്ങി പോകേണ്ടവൾ അല്ല ശിവയെപോലെ ഒരു പെൺകുട്ടി..” അവൻ സ്വയം പറഞ്ഞു അകത്തേക്ക് ചെന്നു. സമയം ആയപ്പോൾ കുളിച്ചു വേഷം മാറി താഴേക്ക് വന്നപ്പോൾ അമ്മച്ചി ഭക്ഷണം വിളമ്പിയിരുന്നു.. അമ്മച്ചിയുടെ മുഖം വല്ലാത്ത സങ്കടത്തിൽ ആണ്.. അമ്മച്ചിയെ ചുറ്റിപറ്റി അവൾ ഉണ്ടാകുമായിരുന്നു.. മകൾ ആയിത്തന്നെ ആണ് കരുതിയത്. “അമ്മച്ചി.. “ അവൻ വിളിച്ചപ്പോൾ അവർ സങ്കടത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു.. ഒന്നും മിണ്ടിയില്ല.. കണ്ണ് തുടച്ചു അകത്തേക്ക് പോകുന്ന അവരെ കണ്ടപ്പോൾ പ്രിൻസും സങ്കടത്തോടെ ഇരുന്നു. സാം വന്നു അടുത്തിരുന്നു.. അയാളും ഗൗരവത്തിൽ ആയിരുന്നു.. “ആലീസ് എവിടെ അമ്മച്ചി..?” ചായ കൊണ്ടുവന്നപ്പോൾ പ്രിൻസ് ചോദിച്ചു..

“പോയി…” “പോയോ എങ്ങോട്ട്..?” “ബാംഗ്ലൂർ….” “എന്നോട് പറഞ്ഞില്ല….” അവൻ നിരാശയോടെ തലകുനിച്ചു ഇരുന്നു. ആരും ഒന്നും മിണ്ടിയില്ല.. സാദാരണ കഴിക്കുന്ന സമയത്തു ശിവയും ആലീസും കൂടെ കാണിക്കുന്ന വികൃതികൾ ഒക്കെ അവന് ഓർമവന്നു.. അന്ന് അതൊക്കെ ശ്വാസം മുട്ടിച്ചിരുന്നു. ഇപ്പോൾ…? ഒരാൾ പോയാൽ ഇത്രക്ക് മാറ്റം വരുമോ..? അവൻ എഴുന്നേറ്റു.. കൈ കഴുകി പുറത്തേക്ക് നടന്നു.. റിപ്പയർ ചെയ്‌ത ജീപ്പ് കോമ്പസ് എത്തിച്ചിരുന്നു.. അവൻ അതിൽ കയറി വണ്ടി ടൗണിലേക്ക് വിട്ടു.. തുണിക്കടയിൽ എത്തിയപ്പോൾ പെൺപിള്ളേർ എല്ലാം വന്നിട്ടുണ്ട്.. മുൻപിലെ സ്റ്റാച്യുവിൽ ഒരു ചുവന്ന പട്ട്‌ ചുറ്റുന്ന പെൺകുട്ടിയെ കണ്ടു.. അവൻ അത് കണ്ടപ്പോൾ ആദ്യമായി ശിവയെ കണ്ടതാണ് ഓർത്തത്.. ചുവന്ന പട്ടിൽ ചോരയിൽ കുളിച്ചു കിടന്നവൾ. നേർത്ത പുഞ്ചിരിയുമായി വന്നു വീട്ടിൽ ഓടിച്ചാടി നടന്നവൾ.. അച്ചായാ എന്നും വിളിച്ചു പുറകെ നടന്നവൾ.. അവൻ തലകുടഞ്ഞു അകത്തേക്ക് ചെന്ന് ഓഫീസിൽ ഇരുന്നു.. പണികളിൽ മുഴുകി.. അന്ന് അവന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ ജോലിക്കാർ കേൾക്കേണ്ടി വന്നു..

കുറെ നാളായി അവൻ നല്ല ഫ്രണ്ട്ലി ആയിരുന്നു. പെട്ടെന്നുള്ള മാറ്റം കണ്ടപ്പോൾ അവർ അതിശയിച്ചു പോയി. പ്രിൻസ് ഉച്ചക്ക് വീട്ടിലേക്ക് ചെന്നു.. സാധാരണ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ ശിവ ഒരു വരവ് ഉണ്ട്.. നിറഞ്ഞ ചിരിയുമായി വന്നു ഉമ്മറത്തെ തൂണിൽ കൈചുറ്റി നിൽക്കും.. ഒന്നും മിണ്ടില്ല പക്ഷെ അവൾ അങ്ങനെ കാത്തുനിൽക്കാറുണ്ട്. ഇന്ന് അതില്ല.. അകെ എന്തോപോലെ ഒരു അവസ്ഥ.. അവൻ മെല്ലെ അകത്തേക്ക് കയറി.. ആരുമില്ല. അടുക്കളയിലേക്ക് ചെന്നു.. അമ്മച്ചി എന്തോ ആലോചിച്ചു നിൽക്കുന്നു.. “അഹ് നീയെത്തിയോ? ഇരുന്നോ ഞാൻ കഴിക്കാൻ എടുക്കാം..” അമ്മച്ചി പറഞ്ഞപ്പോൾ അവൻ അവിടെ ഇരുന്നു.. അവർ ചോറും മീൻകറിയും മീൻ പൊരിച്ചതും വിളമ്പി. “പപ്പ എന്തിയെ അമ്മച്ചി..?” അവൻ ചോദിച്ചു.. “കിടക്കുന്നു.. തലവേദന ആണ്..” അത് കേട്ടപ്പോൾ അവൻ ഒന്ന് ചിന്തിച്ചു. പപ്പ അങ്ങനെ പകൽ സമയം കിടക്കാറില്ല.. അവൾ പോയതിന്റെ വിഷമത്തിൽ ആയിരിക്കണം.. “ആലീസ് വിളിച്ചില്ലേ..?” “ഇല്ല..” ആ സംഭാഷണം അവിടെ തീർന്നു.. അവൻ ചെന്ന് ഉമ്മറത്തു ഇരുന്നു..

ഇത്ര നാളും ഉച്ചക്ക് ഉള്ള ഭക്ഷണ സമയം ആഘോഷം അയിരുന്നു.. അതൊക്കെ എന്ജോയ് ചെയ്തിരുന്നു എന്നവന് ബോധ്യം വന്നു.. ഫോൺ എടുത്തു.. ആലീസിനെ വിളിച്ചു. അവൾ ഫോൺ എടുത്തില്ല. “ശിവ എത്തിയോ ആവൊ..” അപ്പോഴാണ് അവൻ വേറെ ഒരു കാര്യം ആലോചിച്ചത്.. ശിവക്ക് ഫോൺ ഇല്ലായിരുന്നു.. വിളിക്കാം എന്ന് വിചാരിച്ചാൽ പോലും കഴിയില്ല.. ഒന്നും അറിയില്ല. അവൻ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. ജീപ്പ് അകന്നു പോയി.. ** ശിവ ഇല്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു വീണു.. പാലത്തിങ്കൽ തറവാട്ടിൽ ഒച്ചയും അനക്കവും കുറഞ്ഞു കുറഞ്ഞുവന്നു.. പ്രിൻസ് മുഴുവൻ സമയവും കടയിൽ പോയി ഇരിക്കാൻ തുടങ്ങി.. അവൻ പഴയത് പോലെ ആരോടും മിണ്ടാതെ ആയി.. സാം കടയിലേക്ക് പോകാറില്ല.. പകരം എസ്റ്ററ്റിലെക്ക്‌ പോകും.. അമ്മച്ചി വീടും പള്ളിയും ആയി പോകുന്നു.. രാത്രി ഭക്ഷണം കഴിക്കുമ്പോഴും ഒരു വർത്തമാനവും ഇല്ല.. പേരിന് മാത്രം സംസാരം. ആലീസ് അവനെ വിളിക്കാറും ഇല്ല.. അവൾക്ക് ഒത്തിരി പ്രതീക്ഷ ഉണ്ടായിരുന്നു.. പ്രിൻസ് അവളെ വല്ലാതെ മിസ് ചെയ്യാൻ തുടങ്ങി..

അവൻ ഒരു സത്യം മനസിലാക്കി.. ആലീസിനെപ്പോലെ തന്നെ ശിവയേയും അവൻ മിസ് ചെയ്യുന്നുണ്ട്.. അവളെ കാണുമ്പോൾ ഉണ്ടായിരുന്ന വീർപ്പുമുട്ടൽ.. മനസിലെ പൊള്ളൽ.. അത് അവൾ മനസ്സിൽ കയറിയതുകൊണ്ടെണെന്നോ..? അവൻ അന്നയുടെ ഫോട്ടോയിൽ നോക്കി.. “പോയി കൊണ്ടുവാ ഇച്ചായ അവളെ…” അവൾ പറയുന്നത് പോലെ പ്രിൻസിന് തോന്നി.. അവൻ അന്ന് രാത്രി ആലീസിനെ വിളിച്ചു. “എന്താ അച്ചായ..?” അവൾ വേഗം ഫോൺ എടുത്തു. രാത്രി ആയതുകൊണ്ട് ആണ്. “നാളെ രാവിലെ നീ ഈ വീട്ടിൽ ഉണ്ടായിരിക്കണം…” “അച്ചായാ എനിക്ക് നാളെ വരാൻ കഴിയില്ല..” അവൾ മറുപടി പറഞ്ഞു.. “ആലിസെ.. നിന്നോട് വരാൻ പറ്റുമോ എന്നല്ല ഞാൻ ചോദിച്ചത്.. വരാൻ ആണ് പറഞ്ഞത്.. കൂടുതൽ പറയണ്ടല്ലോ..? ഇറങ്ങിക്കോ ഇപ്പോൾ..” അവന്റെ സ്വരം മാറി.. അതോടെ ആലീസ് ഒന്നും മിണ്ടിയില്ല.. അവൻ ഫോൺ വച്ചു.. പിറ്റേന്ന് രാവിലെ.. ബാംഗ്ലൂരിൽ നിന്നും ആലീസ് നേരത്തെ എത്തിയിരുന്നു.. പ്രിൻസ് താഴേക്ക് ഇറങ്ങി ചെന്നു.. നീല ടി ഷർട്ടും ജീൻസും വെളുത്ത ഷൂസും ഇട്ടു വന്നവനെ കണ്ടപ്പോൾ ആലീസ് വിശ്വസിക്കാൻ ആകാതെ അമ്മച്ചിയെ നോക്കി. അവർ വാ പൊളിച്ചു ഇരുന്നുപോയി..

അന്ന പോയതിൽ പിന്നെ അവൻ മുണ്ട് മാത്രമേ ഉടുക്കാറുള്ളായിരുന്നു.. വെളുത്ത ഷർട്ടും.. ഇതിപ്പോൾ പണ്ടത്തെ പ്രിൻസ്.. സാം അവനെ അതിശയത്തോടെ നോക്കി. “ശിവ പോയത് ഞാൻ കാരണം ആണെന്ന് അല്ലെ നിങ്ങളുടെ ഒക്കെ ചിന്ത..? ശരിയാണ്.. ഞാൻ കാരണം തന്നെയാണ്.. അവളെ കൊണ്ടുവന്നാൽ നിങ്ങൾ ഒക്കെ പഴയതുപോലെ ആവുമോ..? കൊണ്ടുവരാൻ ആണ് പോകുന്നത്.. എല്ലാം മാറണം.. മാറ്റും.. ഇന്നുമുതൽ ഞാനും മാറി.. ഇനിയെങ്കിലും എന്നോട് പിണക്കം മാറ്റിക്കൂടെ..?” അവൻ പറഞ്ഞത് ആർക്കും വിശ്വസിക്കാൻ ആയില്ല.. അമ്മച്ചി കണ്ണ് തുടച്ചു.. “അച്ചായാ…” ആലീസ് ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു നിന്നു.. അവൻ അവളെയും കെട്ടിപിടിച്ചു നിറുകയിൽ ചുംബിച്ചു.. “അപ്പൊ മോന് ബുദ്ധി തെളിഞ്ഞു അല്ലിയോടീ..” സാം നിറഞ്ഞ കണ്ണുകളോടെ ചോദിച്ചപ്പോൾ അവർ തലകുലുക്കി.. “അവളുടെ അഡ്രസ് എനിക്ക് കിട്ടി.. വീട്ടിൽ പോയാൽ അറിയാം.. അവിടേക്ക് ആണ് പോകുന്നത്..അവളെ ഞാൻ കൊണ്ടുവരാം. ഞാൻ വിളിച്ചാൽ വരും ശിവ..” പ്രിൻസ് അത് പറഞ്ഞപ്പോൾ മൂവർക്കും സന്തോഷം ആയി.. “ഞാനും വരുന്നു അച്ചായാ.. ഒരുമിച്ചു പോകാം..” “ എന്നാൽ റെഡി ആയി വാ..” ആലീസ് പറഞ്ഞപ്പോൾ അവൻ മറുപടി കൊടുത്തു.. അവൾ വേഗംതന്നെ ഒരുങ്ങി വന്നു.

“പോയേച്ചു വരാം പപ്പ.. അമ്മച്ചി…” അവൻ അവരോടു യാത്ര പറഞ്ഞു വണ്ടിയിൽ കയറാൻ നേരത്താണ് ഒരു ഇന്നോവ ഗേറ്റ് കടന്നു വന്നത്.. അതിൽ നിന്നും ഇറങ്ങിയത് വൈഷ്ണവി ആണ്. ഒപ്പം അവളുടെ അപ്പയും. പ്രിൻസ് വണ്ടിയിലേക്ക് നോക്കി.. വേറെ ആരും ഇല്ല.. ഡ്രൈവർ മാത്രമേ ഉള്ളു. ആലീസ് പരിഭ്രമത്തോടെ അവരെ നോക്കി.. എന്തോ ഒരു വശക്കേട്‌.. വൈഷ്ണവി മുൻപോട്ട് വന്നു പ്രിൻസിന്റെ മുൻപിൽ നിന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “ഇനിയേലും ഒന്ന് ഞങ്ങളോട് സംസാരിക്കാൻ പറ ചേട്ടായി അക്കയോട്.. പ്ലീസ്..? കാലു പിടിക്കാം ഞാൻ.. ഒന്ന് വിളിക്കു ചേട്ടായി അവളെ.., ഇനി എന്നെ കാണണ്ട എങ്കിൽ ഹോസ്പിറ്റലിൽ ഒന്ന് വിളിച്ചു പറയാൻ എങ്കിലും പറ.. അവർ എല്ലാ ദിവസവും വിളിക്കുന്നുണ്ട്.. പ്ലീസ് ചേട്ടായി… ഒന്ന് കണ്ടോട്ടെ ഞാൻ..?” തൊഴുകൈ ആയി നിന്ന് പറയുന്നവളെ കണ്ടു പ്രിൻസ് വിറയലോടെ നിന്നു.. വൈഷ്ണവി കരയുകയായിരുന്നു.. ആലീസിന്റെ അവസ്ഥയും മോശം അല്ലായിരുന്നു.. “പ്ലീസ്.. ഒന്ന് വിളിക്കുമോ ശിവയെ..?” അവളുടെ അപ്പ കൂടെ മുൻപോട്ട് വന്നു.. സാമും സാറാമ്മയും എന്താ പറയേണ്ടത് എന്നുപോലും അറിയാൻ ആകാതെ നിന്നുപോയി.. ശിവ വീട്ടിൽ പോയിട്ടില്ലേ..? അപ്പോൾ അവൾ എവിടേക്ക് പോയി..? “അച്ചായാ…?” ആലീസ് അവനെ വിളിച്ചു.. ആകുലതയോടെ.. പ്രിൻസ് നിസ്സഹായതയോടെ അവളെ നോക്കി.. ഉത്തരം ഇല്ലാതെ..…........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story