ശിവാത്മിക: ഭാഗം 5

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

റോഡിലൂടെ കുതിച്ചു പായുകയായിരുന്നു ചുവന്ന നിറമുള്ള ജീപ്പ് കോമ്പസ്.. “നീ എന്നതാടാ ഉവ്വേ ഈ കാണിക്കുന്നേ.. സ്പീഡിൽ പോയെടാ കൊച്ചെ.. രാവിലെ എത്താനുള്ളതല്ലിയോ..” സാം ജോസഫ് മീശ പിരിച്ചുകൊണ്ടു വണ്ടി ഓടിക്കുന്ന പ്രിൻസിനെ നോക്കി.. “ആഹാ? എന്നാ പിന്നെ പപ്പ കയറി അങ്ങ് ഓടിച്ചാട്ടെ? എന്റെ പൊന്നു പപ്പാ.. മീശ പിരിച്ചാൽ വണ്ടിയുടെ സ്പീഡ് കൂടില്ല. ഇപ്പോൾ തന്നെ 110 ആണ്..തമിഴ്നാട് റോഡ് ഒക്കെ നല്ലതാ.. പക്ഷെ വല്ല പശുവോ ആടോ ചാടി വന്നാലുണ്ടല്ലോ മീശ പോലും കിട്ടില്ല..” അവൻ മറുപടി കൊടുത്തപ്പോൾ സാം ഒന്ന് കണ്ണാടിയിൽ നോക്കി. “ഹ്മ്മ് നിനക്ക് എന്റെ മീശയോട് പുച്ഛം ആയിരിക്കും.. എന്നാലെ.. പണ്ട് ഞാൻ കോട്ടയം ടൗണിൽ പോയപ്പോ നിന്റെ അമ്മച്ചി….” “പൊന്നു പപ്പ.. ഇത് ഒരുലക്ഷത്തി ഒന്നാമത്തെ തവണ അല്ലെ പറയുന്നത്? കോട്ടയം ടൗണിൽ ഒരുത്തന്റെ മുഖം അടിച്ചു പൊട്ടിക്കുന്ന അമ്മച്ചിയെ കണ്ടപ്പോ അപ്പന് പ്രേമം തോന്നി എന്നും പുറകെ പോയപ്പോൾ മീശ കൊള്ളാമെന്നും കെട്ടുന്നോ എന്നെ എന്ന് ചോദിച്ചെന്നും അങ്ങനെയാണ് കോട്ടയംകാരി സാറാമ്മ ഈ സാം ജോസെഫിന്റെ സാറാകൊച്ചു ആയതും അതിൽ ഉണ്ടായ പുത്രൻ ആണ് ഞാൻ എന്നും..

പിന്നെ തലകാണിച്ചതു ആലീസ് ആണെന്നും. മൂന്നാമത് ഒന്ന് വേണം എന്ന് പറഞ്ഞപ്പോ അമ്മച്ചി വീടിന് പുറത്തിട്ടു കതക് അടച്ചതും എല്ലാം നാട്ടിലെ വഴിയിൽ കിടക്കുന്ന പൂച്ചകൾക്ക് വരെ അറിയാം…” ആവേശത്തിൽ കഥ പറയാൻ വന്ന സാം അത് കേട്ടപ്പോൾ അവനെ ദേഷ്യത്തോടെ നോക്കി.. “ഓ.. നീ എന്നാ പൂച്ചയെ വിളിച്ചേച്ചും പോ ഇനി…” സാം മുഖം തിരിച്ചു ഇരുന്നപ്പോൾ പ്രിൻസ് പപ്പയെ നോക്കി. പ്രായം 55 ആയി എന്നാലും ഉറച്ച ശരീരം. നരച്ച കൊമ്പൻ മീശ. ആര് കണ്ടാലും ഒന്ന് ഞെട്ടും എന്നാൽ അടുത്താൽ ഒത്തിരി ഇഷ്ടമാകുകയും ചെയ്യും.. “ഹ പിണങ്ങിയോ പപ്പ..?” അവൻ ചിരിയോടെ ചോദിച്ചു.. “അഹ് പിണങ്ങി.. നിനക്ക് എന്നാ വേണം? ഞാൻ ഉറങ്ങാൻ പോകുന്നു. ഇനി വയനാട് എത്തുമ്പോ വിളിച്ചേച്ചാൽ മതി…” സാം സീറ്റ് നിവർത്തി ചാരി കിടന്നു.. “ഹ അതെന്നാ പണിയാ പപ്പ.. ഞാൻ ബോർ അടിച്ചു ചാകത്തില്ലയോ..?” “അതിന് ഞാൻ എന്നാ വേണം.. നീ മര്യാദക്ക് നേരെ നോക്കി വണ്ടി ഓടിച്ചെ..” സാം കണ്ണടച്ച് കിടന്നു.. പ്രിൻസ് ചിരിയോടെ കാലുകൾ ആക്സിലറേറ്റർ ഞെരിച്ചു.. വെടിയുണ്ട പോലെ വണ്ടി പാഞ്ഞു..

ഈറോഡ് വരെ പോയതായിരുന്നു അവർ. അവരുടെ തുണിക്കടയിലേക്ക് കുറച്ചു ഓർഡർ കൊടുക്കാൻ.. വണ്ടി കോയമ്പത്തൂർ അടുത്തിരുന്നു.. പെട്ടെന്നാണ് പ്രിൻസ് ഗിയർ ഡൌൺ ചെയ്തു ഹാൻഡ്ബ്രേക്ക് വലിച്ചു ബ്രേക്ക് പെടലിൽ കൂടെ കാൽ അമർത്തിയത്.. സ്പീഡിൽ പോയ വണ്ടി ഒന്ന് പാളി ടയറുകൾ റോഡിൽ ഉരഞ്ഞു അലർച്ചയോടെ കുലുങ്ങി നിന്നു.. അകെ മൊത്തം ടയർ കരിഞ്ഞ പുകമണം. “ഹാ..! എന്നതാഡാ ഇത്..?? എന്നാ പണിയ ആ കാണിച്ചേ..?” ഉറങ്ങാൻ തയാറെടുത്ത സാം ദേഷ്യപ്പെട്ട് മകനെ നോക്കി.. പ്രിൻസ് അത് ശ്രദ്ധിക്കാതെ ഹാൻഡ്ബ്രേക്ക് റിലീസ് ചെയ്തു വണ്ടി റിവേഴ്‌സ് ഇട്ടു പുറകോട്ട് കൊണ്ടുപോയി റോഡിൽ നിന്നും അല്പം മണ്ണിലേക്ക് കയറ്റി… അല്പം വണ്ടി ചെരിച്ചു നിർത്തി. “എന്നതാടാ..?” പ്രിൻസ് മുൻപോട്ട് നോക്കിയത് കണ്ടപ്പോൾ സാം മുൻപോട്ട് നോക്കി.. “എന്റെ ഈശോ മിശിഹായെ…” അതും പറഞ്ഞു സാം ഡോർ തുറന്നു ചാടി ഇറങ്ങി. പ്രിൻസും ഇറങ്ങി. ഓടി മുൻപിൽ എത്തി.. ചോരയിൽ കുളിച്ചു സാരി ഉടുത്ത ഒരു രൂപം.. “എന്റീശോയെ.. ഒരു പെൺകൊച്ചു ആണല്ലിയോടാ.. ആരോ ഇടിച്ചേച്ചും പോയതാ…”

അയാൾ ഇരുന്നു അവളുടെ കഴുത്തിൽ തൊട്ടു നോക്കി.. “ജീവൻ ഉണ്ടെടാ.. നീ വണ്ടി എടുക്ക്…” പ്രിൻസ് ഓടി ബാക് ഡോർ തുറന്ന് സീറ്റ് നിവർത്തി ഇട്ടു.. അതിന് ശേഷം പുറകിൽ നിന്നും ക്യാമ്പ് ചെയ്യുമ്പോൾ നിവർത്തി വെക്കുന്ന നീളമുള്ള ഒരു ഹാർഡ് വൂഡിന്റെ പീസ് എടുത്തു.. അതുമായി അവിടേക്ക് ഓടി.. ചെരിഞ്ഞു കിടന്ന അവളെ അവർ വുഡ് പീസ് വച്ച് അതിലേക്ക് നിവർത്തി കിടത്തി പൊക്കി എടുത്തു വണ്ടിയിൽ കയറ്റി… ചോര ഉറ്റുന്നുണ്ടായിരുന്നു.. സാം പുറകിൽ ഇരുന്നു അവളുടെ കാലുകൾ മടിയിൽ വച്ചു.. പ്രിൻസ് വണ്ടി വിട്ടു.. കോയമ്പത്തൂർ വളരെ അടുത്താണ്. വണ്ടി മിന്നൽ പോലെ പാഞ്ഞു.. ആദ്യം കണ്ട ഒരു ഹോസ്പിറ്റലിലേക്ക് വണ്ടി കയറി.. എമെർജൻസി സെക്ഷനിലേക്ക് കയറിയ വണ്ടി കണ്ടപ്പോൾ അറ്റൻഡർമാർ ഓടിവന്നു.. സ്‌ട്രെച്ചറിൽ കിടത്തി അവർ അകത്തേക്ക് അവളെ കൊണ്ടുപോകുന്നതും നോക്കി പ്രിൻസും സാമും നിന്നു.. അവർ റിസപ്ഷനിൽ എല്ലാ ഡീറ്റൈൽസും പറഞ്ഞു.. ഉടനെ പോലീസ് എത്തി. അവരോടു കാര്യം പറഞ്ഞു.. അപ്പോഴേക്കും അവളെ എമെർജൻസി സെക്ഷനിൽ കയറ്റിയിരുന്നു.

“ഉങ്കളുടെ വണ്ടി താനേ തട്ടിയത്…?” എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പോലീസ് ചോദിച്ചത് കേട്ടപ്പോൾ പ്രിൻസിന് ദേഷ്യം വന്നു. “എന്റെ വണ്ടി അങ്ങനെ ആരുടെയും നെഞ്ചത്തു കയറില്ല.. ഡാഷ് കാം ഉണ്ട്.. അതിൽ കാണിച്ചു തരാം.. വേണോ..?” അവൻ ചോദിച്ചപ്പോൾ പോലീസുകാരൻ അവനെ ഒന്ന് നോക്കി.. “തേവായില്ല.. അഡ്രെസ്സ് ഐഡി ഫോൺ നമ്പർ എല്ലാമേ എനക്ക് വേണം.. ജസ്റ്റ് ഫോർ പേപ്പർസ്‌.. ഓക്കേ?” “ഓക്കേ…” പ്രിൻസ് അവർക്ക് വേണ്ട ഡീറ്റെയിൽസ് എല്ലാം കൊടുത്തു.. തിരിച്ചു വന്നു പപ്പയുടെ ഒപ്പം നിന്നു. “ഡാ പ്രിൻസെ…” സാം വിളിച്ചപ്പോൾ അവൻ നോക്കി.. “എന്നതാ പപ്പ..?” “ഇട്ടിട്ടു പോകണ്ടടാ.. നമ്മുടെ ആലീസ് ആയിരുന്നെങ്കിലോ? നമുക്ക് ആ കൊച്ചിന്റെ കാര്യം അറിഞ്ഞിട്ട്, വീട്ടുകാരും കൂടെ വന്നേച്ചു പോയാൽ മതി…നീ അമ്മച്ചിയെ വിളിച്ചു കാര്യം പറ..” അയാൾ അത് പറഞ്ഞപ്പോൾ പ്രിൻസ് പപ്പയെ ചേർത്ത് പിടിച്ചു.. അവർ വേഷം മാറി അവിടെ കാത്തിരുന്നു.. * ശിവ ഏതോ സ്വപ്നത്തിൽ ആയിരുന്നു. അതിന്റെ ഇടക്ക് ആരോ ദേഹം മുറിക്കുകയും തുന്നുകയും ഒക്കെ ചെയ്തു.. വേദന അറിഞ്ഞില്ല.. മരിച്ചു പോയോ എന്നവൾ ചിന്തിച്ചു..

കണ്ണുകൾ മെല്ലെ തുറന്നു.. ആദ്യം കണ്ണുകൾ ഉടക്കിയത് മുകളിൽ ആണ്.. വല്ലാത്ത വേദന.. എവിടെയാണെന്നു അറിയുന്നില്ല. മെല്ലെ തല ചെരിച്ചു നോക്കി.. അവൾ ഒന്ന് ഞെട്ടി. അവളെ നോക്കി ഇരിക്കുന്ന ഒരു കൊമ്പൻ മീശക്കാരൻ.. അയാൾ അവളെ നോക്കി ഗൗരവത്തോടെ മീശ പിരിച്ചു.. “ഒന്നും ചെയ്യരുത്… എന്നെ…” അവൾ ബുദ്ധിമുട്ടി പറഞ്ഞപ്പോൾ അയാൾ പെട്ടെന്ന് പൊട്ടി ചിരിച്ചു.. “എന്നതാ പപ്പ ഇത്? എന്നാത്തിനാ ചിരിക്കുന്നെ..?” അതും ചോദിച്ചു കതക് തുറന്നു ഒരു ചെറുപ്പക്കാരൻ കയറി വന്നു.. അവന്റെ കണ്ണുകൾ ഉടക്കിയത് അവളിൽ ആണ്. കണ്ണുകൾ വിടർന്നു.. “ആഹാ എഴുന്നേറ്റോ..? “ അവൻ അവളോട്‌ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല. അവൾക്ക് താടി വല്ലാതെ വേദനിക്കുനുണ്ടായിരുന്നു. “പപ്പ അവളെ മീശ കാണിച്ചു പേടിപ്പിച്ചോ? എന്നാ പപ്പ ഇത്? അല്ല ഇത് ഒന്നും മിണ്ടുന്നില്ലല്ലോ..? ഇനി മലയാളി അല്ലെ..?” പ്രിൻസ് അവളെ നോക്കി.. അവൾ അവനെ നോക്കി കിടക്കുകയാണ്. മുഖത്ത് പേടിയാണ്. “നെയിം..? നെയിം എന്നാ?” അവൻ മുറി തമിഴിൽ ചോദിച്ചപ്പോൾ അവൾക്ക് ആ അവസരത്തിലും ചിരിയാണ് വന്നത്..

“ഡാ ആ കൊച്ചു മലയാളി തന്നെയാണ്.. ഇപ്പോൾ മലയാളത്തിൽ എന്നോട് സംസാരിച്ചു.. ഇനി നീയായിട്ട് പുതിയ ഭാഷ ഉണ്ടാക്കേണ്ട..” സാം മകനെ നോക്കി പറഞ്ഞപ്പോൾ അവനൊന്ന് ചമ്മി.. “മോളെ.. ഞാൻ സാം ജോസഫ്.. ഇതെന്റെ മകൻ പ്രിൻസ്.. ഞങ്ങൾ ആണ് മോളെ ഇവിടെ കൊണ്ടുവന്നത്.. പിന്നെ മോളുടെ ഇടത്തെ കാലു പൊട്ടിയിട്ടുണ്ട്. രണ്ടു വാരിയെല്ലും ചെറുതായി പൊട്ടി. കാൽ മുട്ടിലും കൈ മുട്ടിലും തൊലി പോയിട്ടുണ്ട്.. താടി ഒരു മൂന്ന് സ്റ്റിചും ഉണ്ട്.. വേറെ ഒന്നും ഇല്ല.. പേടിക്കണ്ട കേട്ടോ…” സാം കണ്ണ് ചിമ്മി അവളോട് പറഞ്ഞപ്പോൾ അവൾ ദേഹത്തേക്ക് നോക്കി.. കുറെ കെട്ടുകൾ ഉണ്ട്.. കാലിൽ പ്ലാസ്റ്റർ.. കൈ അനക്കാൻ വയ്യ.. “അഹ് കൈ ചതഞ്ഞിട്ടും ഉണ്ട്. വേറെ ഒരു കുഴപ്പവും ഇല്ല…” പ്രിൻസ് ചിരി അടക്കി നിന്നു.. അവൾ നിസ്സംഗതയോടെ അവരെ നോക്കി.. “ഹാ കൊച്ചെ. ഇതൊക്കെ എന്ത്.? പണ്ട് ഞാൻ വയനാട്ടിൽ കാട് വെട്ടികൊണ്ടിരുന്നപ്പോൾ ഒരു ഒറ്റ പന്നി നേരെ അങ്ങ് വന്നു.. ഞാൻ അന്ന് ചെറുപ്പം ആന്നെ.. ഞാൻ അതിന്റെ തെറ്റ രണ്ടെണ്ണം പിടിച്ചു നിലത്തേക്ക് കുത്തി പിടിച്ചു അരയിലെ കത്തി എടുത്തു അതിന്റെ നെഞ്ചിൽ കുത്തി കയറ്റി..

ഹ്മ്മ്… ജീവിതം അങ്ങനെയാ കൊച്ചെ.. നമ്മൾ സ്ട്രോങ്ങ് ആയി നിൽക്കണം..“ സാം അതും പറഞ്ഞു മീശ പിരിച്ചു.. “ഉവ്വ എന്നിട്ട് പന്നി ചത്ത് എന്ന് കരുതി അപ്പൻ പിടി വിട്ടപ്പോൾ അത് ചാടി എഴുന്നേറ്റ് അപ്പനെ കുത്തി. ഒന്നല്ല പല തവണ… 2 മാസമേ ബെഡിൽ കിടന്നുള്ളു…” പ്രിൻസ് ഇടക്ക് കയറി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ സാം ഒന്ന് ചമ്മി.. ശിവക്ക് ചിരി വന്നു.. അപ്പനും മോനും കൊള്ളാം. “അത് പിന്നെ.. ഒരു അബദ്ധം.. ഹാ അതൊക്കെ പോട്ടെ… മോളുടെ വീട്ടിലേ നമ്പർ പറ.. ഞാൻ വിളിക്കാം. ഒന്നര ദിവസം ആയില്ലിയോ.....” സാം പെട്ടെന്ന് അത് ചോദിച്ചപ്പോൾ അവളുടെ മുഖം മങ്ങി.. കണ്ണുകൾ നിറഞ്ഞു.. ഒന്നര ദിവസം ഹോസ്പിറ്റലിൽ കിടന്നോ എന്ന് അവൾ ആലോചിച്ചു. ഇടക്ക് കണ്ണ് തുറന്നപ്പോൾ കുറെ വയറുകൾ ഒക്കെ കണ്ടിരുന്നു.. അപ്പോഴാണ് ഡോക്ടർ വന്നത്.. ഡോക്ടർ അവളെ ഒന്ന് നോക്കി. മലയാളി ആണ്. “മ്മ്മ്.. ഇഞ്ചുറി കൂടുതൽ ഉണ്ട്.. എന്നാലും ഹോസ്പിറ്റലിൽ കിടക്കണം എന്നില്ല.. വീട്ടിൽ പോകുന്നതാണ് നല്ലത്.. മലയാളി അല്ലെ..? അവിടെ ആകും സൗകര്യം.. ഞാൻ ഡിസ്ചാർജ് എഴുതാം.. മരുന്നുകൾ ഉണ്ട്.. കാൽ അനക്കാൻ പാടില്ല…തലയും..,

9 സ്റ്റിച്‌ ഉണ്ട് തലയിൽ..വീണപ്പോൾ തല എവിടെയോ അടിച്ചതാണ്..” അത് കേട്ടപ്പോൾ ശിവ സാമിനെ നോക്കി. “തലയിലെ മുറിവ്..അത് പറയാൻ വിട്ടുപോയി. “ അയാൾ മറുപടി കൊടുത്തപ്പോൾ അവൾ പുഞ്ചിരിച്ചു.. അത് പറഞ്ഞു ഡോക്ടർ തിരിഞ്ഞു പ്രിൻസിനെ നോക്കി.. “അപകടം നടന്നവരെ ഹോസ്പിറ്റലിൽ എത്തിക്കുന്നത് ഒരു പുണ്യം ആണ് പ്രിൻസ്.. ഗുഡ് ജോബ്.. അവരുടെ വീട്ടിൽ വിളിച്ചു വരാൻ പറയു.. എന്നാൽ ശരി..” ഡോക്ടർ പോയപ്പോൾ അവൻ അവളെ നോക്കി.. “എന്ത് പറ്റി എന്ന് ചോദിക്കുന്നില്ല. എന്തായാലും മോശമായത് ഒന്നും നടന്നിട്ടില്ല. ഏതോ വണ്ടി ഇടിച്ചു ഇട്ടു. മരിക്കാൻ ടൈം ആയിട്ടില്ല.. വീട്ടിൽ ആരൊക്കെ ഉണ്ട്..?” അവൻ ചോദിച്ചു.. “എന്റെ ഫ്രണ്ട് ഉണ്ട്.. മുംബയിൽ ആണ്.. അവൾ വരും.. അറിയിച്ചാൽ മതി…പക്ഷെ എനിക്ക് നമ്പർ ഒന്നും ഓർമ ഇല്ല.., നിങ്ങൾ പൊയ്ക്കോളൂ.. പൈസ ഒക്കെ ഞാൻ എത്തിച്ചോളാം…” അവൾ നിസ്സംഗതയോടെ പറഞ്ഞു.. അത് കേട്ടപ്പോൾ സാമും പ്രിൻസും കണ്ണിൽ കണ്ണിൽ നോക്കി. “എനിക്ക് വീട്ടിലെക്ക് പൊകണ്ട.. പ്ലീസ്.. ഒന്നും ചോദിക്കരുത്..” അത് കേട്ടപ്പോൾ സാം മനസിലായി എന്ന രീതിയിൽ തല കുലുക്കി..

അയാളുടെ ഫോൺ അടിച്ചു.. അയാൾ ഫോൺ എടുത്തു മുഖത്തിന് നേരെ പിടിച്ചു. വീഡിയോ കാൾ ആണ്.. “അച്ചായാ.. എവിടെയെന്നെ നിങ്ങൾ..? ഇനിയും പൊന്നില്ലേ? ആ കൊച്ചിനു ബോധം വീണില്ലയോ..?” ഒരു പെണ്ണിന്റെ സ്വരം.. “ഹാ സാറ കൊച്ചെ.. ഞങ്ങൾ ഹോസ്പിറ്റലിൽ തന്നെ ആടി.. കൊച്ചിന് കാര്യമായിട്ട് തന്നെയാ ആക്സിഡന്റ് പറ്റിയത്.. ഇന്ന് റൂമിലേക്ക് മാറ്റി. ഹാ നമ്മുടെ ആലീസിന്റെ അത്രയേ ഉള്ളു.. അതിനാണെൽ വീടും ഇല്ല…. ഇതൊന്നു തീർപ്പാക്കി വരാമെടീ…” അയാൾ പറഞ്ഞപ്പോൾ അപ്പുറത്തു നിന്നും ഒന്നും കേട്ടില്ല.. “അവളെ ഒന്ന് കാണിച്ചേ അച്ചായാ…” ഉടനെ സാം ഫോൺ അവൾക്ക് നേരെ തിരിച്ചു.. ശിവയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. സുന്ദരി ആയ ഒരു അമ്മച്ചി. ആൻപതു വയസ് ഉണ്ടാകും. “എന്റീശോയെ ആലീസിന്റെ അതെ പ്രായമാണല്ലോ അച്ചായാ..” “ഹ അതല്ലെടീ ഞാൻ പറഞ്ഞത്..” ആലീസ് എന്ന് കുറെ കേട്ടെങ്കിലും അതാരാണ് എന്ന് ചോദിയ്ക്കാൻ ശിവക്ക് തോന്നിയില്ല. “മോളെ…?” ഒരു വിളി കേട്ടപ്പോൾ ശിവ കണ്ണുകൾ ഉയർത്തി..

“മോൾ ഇങ്ങു പോരെ.. അമ്മച്ചി നോക്കിക്കോളാം.. എന്റെ ആലീസിനെ പോലെ തന്നെ നോക്കിക്കോളാം.. സ്വന്തം അമ്മച്ചിയാണ് വിളിക്കുന്നത് എന്നങ്ങു കരുതിയാൽ മതി.. അല്ലിയോ അച്ചായാ..?” അത് കേട്ടപ്പോൾ ശിവയുടെ കണ്ണ് നനഞ്ഞു.. അമ്മയുടെ ഓർമ അവളിൽ വന്നു. “ഹ ഞാൻ ഇത് പറയാൻ ഒരുങ്ങിയതാണ് കൊച്ചെ.. എന്നാൽ ശരി.. ഞാൻ വിളിക്കാം…” സാം കാൾ കട്ട്‌ ആക്കി… അതിന് ശേഷം ശിവയെ നോക്കി.. “സമ്മതം ഒന്നും ചോദിക്കുന്നില്ല കൊച്ചെ.. കൊച്ചിനെ അങ്ങ് കൊണ്ടുപോകുകയാണ്.. വയനാട്ടിലേക്ക്.. അപ്പൊ എങ്ങനാ കാര്യങ്ങൾ? പോകുവല്ലിയോ…??” സാം അവളോട് പറഞ്ഞപ്പോൾ ശിവ പുഞ്ചിരിച്ചു. കുറഞ്ഞ സമയം കൊണ്ട് തന്നെ സാം അവളെ ഇമ്പ്രെസ് ചെയ്തിരുന്നു.. അവളുടെ അപ്പയെ ഗൗരവക്കാരൻ ആണെങ്കിൽ സാം വളരെ ഫ്രീ ആണ്. “മ്മ്മ്..” അവൾ ഒന്നും ആലോചിക്കുക പോലും ചെയ്യാതെ സമ്മതം മൂളി… അതവളുടെ ജീവിതം മാറ്റി മറിക്കുന്ന സമ്മതം ആയിരുന്നു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story