ശിവാത്മിക: ഭാഗം 8

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

“ഡീൽ…” അയാൾ പെട്ടെന്ന് ജയന് കൈ കൊടുത്തു.. ജയൻ ചിരിച്ചു.. വല്ലാത്തൊരു ചിരി. ഗൗരിയും അപ്പയും ജയനും ഒരുമിച്ചു ഇരുന്നു കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്തു.. ചില തീരുമാനങ്ങൾ എടുത്തിട്ടാണ് ജയൻ പോയതും.. “അവനെ വിശ്വസിക്കാമോ..?” ജയൻ പോയപ്പോൾ ഗൗരി അപ്പയെ നോക്കി.. “തല്ക്കാലം ഒരു പോലീസുകാരൻ ഒപ്പം ഉണ്ടെങ്കിൽ കളികൾ ഈസി ആകും.. “ അയാൾ ആലോചനയോടെ പറഞ്ഞു… * വയനാട്.. റോഡിൽ നിന്നും ജീപ്പ് ഒരു പാലം കടന്നു ഒരു കല്ലിട്ട വഴിയിലേക്ക് കയറി. ഒരു കയറ്റം കയറി മുന്നൂറു മീറ്ററോളം പോയി പഴയൊരു വീട്ടിൽ എത്തി. അതിന്റെ മുൻപിൽ വണ്ടി നിർത്തി പ്രിൻസ് ഇറങ്ങി. ആലീസും ഇറങ്ങി. അവൻ ശിവയെ എടുത്തു ആ വീടിന്റെ ഉമ്മറത്ത് ഇരുത്തി. അവൾ അവിടെ ഇരുന്നു വീട്ടിലേക്ക് നോക്കി. “ഇതാരുടെ വീടാ..?” “പപ്പയുടെ അപ്പച്ചൻ പണ്ട് വയനാട്ടിൽ വന്നപ്പോൾ വാങ്ങിയതാണ് ഈ സ്ഥലം. പിന്നെ അതിൽ കാപ്പിയും കുരുമുളകും പിടിപ്പിച്ചു.. പിന്നെ ഞങ്ങൾ കോട്ടയത്തു നിന്നും വന്നപ്പോൾ ഇത് നോക്കാൻ തുടങ്ങി..” ആലീസ് ആണ് മറുപടി കൊടുത്തത്..

ശിവ ചുറ്റും നോക്കി. കാപ്പിയും കുരുമുളകും വിളഞ്ഞു നിൽക്കുന്ന മനോഹരമായ സ്ഥലം. ധാരാളം മരങ്ങൾ.. തെക്കും മഹാഗണിയും എല്ലാമുണ്ട്.. അല്പം മാറി ഒരു വലിയ മല കാണാം.. അതിൽ ഒരു വെള്ളച്ചാട്ടം.. വല്ലാത്ത ഭംഗി. “എന്തൊരു ഭംഗിയാണ്..” “ആ മലയുടെ അപ്പുറം ആണ് എടക്കൽ ഗുഹ.. സുഖമാകട്ടെ അവിടെ കൊണ്ടുപോകാം..” പ്രിൻസ് പെട്ടെന്ന് പറഞ്ഞപ്പോൾ ശിവ കണ്ണുവിടർത്തി അവനെ നോക്കി.. അവളുടെ നോട്ടം കണ്ടപ്പോൾ അവൻ പെട്ടെന്ന് ഒന്ന് വല്ലാതെ ആയി.. ആലീസ് ഒരു കല്ലെടുത്തു ശക്തിയിൽ ഒരു ഏറു കൊടുത്തപ്പോൾ ഒരു ഇടത്തരം തെങ്ങിൽ നിന്നും രണ്ടോ മൂന്നോ കരിക്ക് നിലത്തേക്ക് വീണു.. “വൗ.. നീ കൊള്ളാമല്ലോ… “ ശിവ അത് കണ്ടു കണ്ണ് മിഴിച്ചപ്പോൾ പ്രിൻസ് ചിരിച്ചു.. കരിക്ക് വെട്ടി കുടിച്ചു കുറെ നേരം ഇരുന്നിട്ടാണ് അവർ തിരികെ പോയത്.. * “ഇന്നെന്നതാ കറിക്ക് ഒരു രുചി വെത്യാസം..?”

സാം ചോദിച്ചപ്പോൾ സാറാമ്മ ചിരിച്ചു.. “ശിവ മോൾ ആണ് ഉണ്ടാക്കിയത്.. അതിന് വണ്ടി കിട്ടിയതിൽ പിന്നെ അടങ്ങി ഇരിക്കാൻ മേലായെന്നു…” അപ്പോഴാണ് ശിവ ഒരു പത്രവും പിടിച്ചു ചെയറിൽ അവിടേക്ക് വന്നത്. ചിക്കൻ വരട്ടിയത് ആയിരുന്നു അതിൽ. അവൾ അത് പപ്പക്കും പ്രിൻസിനും കൊടുത്തു.. “ആഹാ കൊള്ളാമല്ലോ..? അല്ല ഈ അയ്യര് പിള്ളേരൊക്കെ ചിക്കൻ കൂട്ടുമോ..?” പപ്പയുടെ ചോദ്യം കേട്ടപ്പോൾ അവൾ ചിരിച്ചു. “പൊന്നു പപ്പ.. ഞാൻ എല്ലാം കഴിക്കും. വീട്ടിൽ അപ്പ പക്കാ വെജിറ്റേറിയൻ ആണ്. കോഴി എന്നുപോലും പറയാൻ കഴിയില്ല. വൈഷ്ണവിയും ഞാനും പണ്ട് ഒളിച്ചു പോയി തിന്നു ശീലിച്ചതാണ്..” അവൾ നിറചിരിയോടെ പറഞ്ഞു.. എന്നാൽ പെട്ടെന്ന് അനിയത്തിയുടെ കാര്യം ഓർത്തപ്പോൾ അവളുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞു.. “കൊച്ചെ.. വിഷമിക്കണ്ടന്നെ.. എല്ലാം ശരിയാകട്ടെ.. എന്തായാലും കറി കൊള്ളാം അല്ലിയോഡീ സാറാകൊച്ചെ..?” സാം ചോദിച്ചപ്പോൾ അവർ ചിരിയോടെ തലകുലുക്കി.. പ്രിൻസ് കഴിച്ചിട്ട് എഴുന്നേറ്റ് പോയപ്പോൾ ശിവ അവനെയൊന്ന് പാളി നോക്കി..

“ഒരു നല്ല വാക്ക് പോലും പറയില്ല. എന്തിനാ ആവൊ ഇങ്ങനെ വീർപ്പിച്ചു നടക്കുന്നത്…” അവൾ പറഞ്ഞത് കേട്ട് ആലീസ് ചിരിച്ചു.. ദിവസങ്ങൾ കടന്നു പോയി. ശിവക്ക് ഇപ്പോൾ നടക്കാൻ കഴിയുന്ന അവസ്ഥ ആയി. മെല്ലെ മെല്ലെ ആണെന്ന് മാത്രം. പ്ലാസ്റ്റർ അഴിച്ചിട്ടും ഇല്ല. ഒരു ദിവസം രാവിലെ, ശിവയും ആലീസും ഉമ്മറത്ത് ഇരിക്കുകയായിരുന്നു.. അപ്പോഴാണ് ഒരു ജീപ്പ് കയറി വന്നത്.. അതിൽ നിന്നും ജയൻ ഇറങ്ങിയത് കണ്ടപ്പോൾ ശിവയുടെ മുഖം മങ്ങി.. “ശിവ… ഞാൻ നിന്നെ കൊണ്ടുപോകാൻ ആണ് വന്നത്…” അവൻ മുൻപോട്ട് വന്നു അവളുടെ മുൻപിൽ നിന്നു.. ആലീസ് അവിടെ ഇരുന്നു അവനെ നോക്കി.. “എവിടെ പോകണം എവിടെ ജീവിക്കണം എന്ന് ഞാൻ തീരുമാനിക്കും ജയാ.. “ ശിവ ശാന്തമായി മറുപടി കൊടുത്തു.. അവൻ ദേഷ്യം കടിച്ചമർത്തി നിന്നു.. “അവസാനമായി വിളിക്കുകയാണ്. ഇപ്പോൾ വാ എന്റെ ഒപ്പം. നേരെ ഒരു അമ്പലത്തിൽ പോയി താലി കെട്ടുന്നു. നിന്നെ നന്നായി നോക്കാൻ എനിക്കറിയാം..” അവൻ പറഞ്ഞത് കേട്ടപ്പോൾ ശിവ അവനെ പകച്ചു നോക്കി.. “താലി കെട്ടുകയോ ആരെ..?”

“നിന്നെത്തന്നെ ശിവ. നമ്മുക്ക് വിവാഹം ചെയ്യാം…” “ഫ്ഫ്ഫ്…..!” അത് കേട്ട് ജയൻ നോക്കി. ആലീസ് വാ പൊത്തി ചിരിച്ച ശബ്ദം ആണ് കേട്ടത്.. അവൻ പല്ലു ഞെരിച്ചു.. “ജയാ.. അതിന് നീ മാത്രം വിചാരിച്ചാൽ മതിയോ? എനിക്ക് നിന്നെ ഇഷ്ടമല്ല. പിന്നെയല്ലേ വിവാഹം.. തല്ക്കാലം മോൻ ചെല്ല്…കെട്ടാൻ നടക്കുന്നു.. നീയാരാ എന്റെ സമ്മതംപോലും ചോദിക്കാതെ എന്നോട് ഇതൊക്കെ പറയാൻ..?” ആ ചോദ്യം കേട്ടപ്പോൾ അവന് അടി കിട്ടിയത് പോലെ ആയി.. “പിന്നെ ആരെയാടീ കോപ്പേ നിനക്ക് ഇഷ്ട്ടം…? ആ നസ്രാണി പ്രിൻസിനെയോ..?” അവൻ പല്ലു ഞെരിച്ചുകൊണ്ടു ചോദിച്ചു.. “അതെ.. , പിന്നെ ഈ എടീ പോടീ വിളിയൊക്കെ നിന്റെ വീട്ടിൽ മതി. ഇവിടെ വേണ്ട…” അവളുടെ ശാന്തമായ മറുപടി കേട്ട് അവൻ ഞെട്ടി വിറച്ചുപോയി.. ആലീസും അവളെ നോക്കി കണ്ണ് മിഴിച്ചു.. “യെസ് ഐ ലവ് ഹിം.. അപ്പോൾ എന്റെ പുറകെ മെനക്കെട്ട്‌ നടക്കേണ്ട.. കേട്ടല്ലോ..?” അത് കേട്ടപ്പോൾ അവൻ തലതാഴ്ത്തി നിന്നു. പിന്നെ മുഖം ഉയർത്തി. ചുവന്ന കണ്ണുകൾ. “ഡീ.. നിന്നെ ആരെങ്കിലും കെട്ടുകയാണ് എങ്കിൽ അത് ഈ ഞാൻ ആയിരിക്കും.. കേട്ടല്ലോ…

ഇടക്ക് ആരെങ്കിലും കയറിയാൽ.. അവനെ എന്തുവേണം എന്ന് എനിക്കറിയാം..” അവൻ ശിവക്ക് നേരെ കൈ ചൂണ്ടി മുരണ്ടു.. “ഹാ കൊച്ചനെ.. അതിന് നീ വിചാരിച്ചാൽ പോരല്ലോ…” ശബ്ദം കേട്ടപ്പോൾ അവർ അവിടേക്ക് നോക്കി.. സാം അവിടെ നിൽക്കുന്നുണ്ടായിരുന്നു.. “ഞാൻ വിചാരിക്കുന്നത് പോലെയേ ഇവിടെ കാര്യങ്ങൾ നടക്കു..” അവൻ സാമിന് നേരെ തിരിഞ്ഞു.. സാം മീശ പിരിച്ചു അവന്റെ മുൻപിൽ വന്നു നിന്നു.. “അതിന് ഇത് നിന്റെ വീടല്ല കൊച്ചനെ.. തല്ക്കാലം ചെല്ലാൻ നോക്ക്.. വെറുതെ കൈക്ക് പണി ഉണ്ടാക്കരുത്.. “ “ഇല്ലെങ്കിൽ…?” സാമിന് ദേഷ്യം വന്നു.. മിന്നൽ പോലെ ആണ് സാമിന്റെ കരുത്തുറ്റ കൈ അവന്റെ കഴുത്തിൽ അമർന്നത്‌… അവൻ ആ കയ്യിൽ പിടിച്ചു. പക്ഷെ ഇരുമ്പിന്റെ കരുത്തായിരുന്നു ആ കൈക്ക്.. അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു.. “ഡാ കൊച്ചനെ.. വയനാട്ടിൽ കയറിയപ്പോൾ കുത്തി കൊല്ലാൻ വന്ന ഒറ്റ കാട്ടു പന്നിയെ പിടിച്ചു നിലത്തു കുത്തിച്ച കൈ ആണെന്നെ.. ഹാ നിനക്ക് അത് മനസിലാവത്തില്ലെഡാ..” സാം അവനെ ആഞ്ഞൊരു തള്ളു കൊടുത്തു. അവൻ മലർന്നടിച്ചു വീണു..

ശിവ അത് കണ്ടു ചിരിച്ചതോടെ അവന്റെ രോഷം ഇരട്ടിയായി.. അവൻ എഴുന്നേറ്റ് എല്ലാവരെയും ഒന്ന് സൂക്ഷിച്ചു നോക്കി.. അവസാനം കണ്ണുകൾ ഉടക്കിയത് അലിസിൽ ആണ്.. അവൾ വേഗം പേടിയോടെ എഴുന്നേറ്റ് ശിവയുടെ ചെയർ തള്ളി അകത്തേക്ക് കൊണ്ടുപോയി.. അവന്റെ കണ്ണുകൾ ആലീസിന്റെ ശരീരത്തിൽ ആയിരുന്നു.. പെട്ടെന്ന് അവൻ തിരിഞ്ഞു നടന്നു.. ജീപ്പ് അകന്നുപോയപ്പോൾ സാം അത് നോക്കി നിന്നു.. ചിരിയോടെ.. * പ്രിൻസ് ടൗണിൽ ഒന്ന് പോയത് ആയിരുന്നു. അവൻ മാർക്കറ്റിലേക്ക് തിരിയുന്ന വഴിയേ ജീപ്പ് തിരിച്ചപ്പോൾ ആണ് ഒരു ഫോർച്ചുണർ വന്നു അവന്റെ വണ്ടിക്ക് ക്രോസ്സ് ചെയ്തത്.. അവൻ പെട്ടെന്ന് ബ്രേക്ക് ചെയ്തു വണ്ടി നിർത്തി.. അതൊരു കുറുക്ക് വഴി ആയതുകൊണ്ട് അധികം വണ്ടികൾ അതിലെ വരാറില്ല.. വണ്ടിയിൽ നിന്നും ഇറങ്ങിയത് ജയൻ ആണ്. ഒപ്പം വേറെ ഒരു ചെറുപ്പക്കാരൻ കൂടെ. “ഒന്ന് സംസാരിക്കണം..” ജയൻ വന്നു പ്രിൻസിനോട് പറഞ്ഞു.. അവന് ദേഷ്യം വന്നു എങ്കിലും വണ്ടിയിൽ നിന്നും ഇറങ്ങി ബോണറ്റിൽ ചാരി നിന്നു. അതിന് ശേഷം ചോദ്യഭാവത്തിൽ അവരെ നോക്കി..

“ശിവാത്മിക.. അവൾ നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞത് കേട്ടത് മുതൽ ഇനി എനിക്ക് ഉറക്കം ഇല്ല..” അത് കേട്ട് പ്രിൻസ് ഒന്ന് ഞെട്ടി.. ശിവക്ക് അവനെ ഇഷ്ടമാണ് എന്നോ? “തുറന്നു പറയാം.. അവളെ എനിക്ക് വേണം.. തരില്ല ഞാൻ.. ഒഴിഞ്ഞു തരണം.., അവൻ ഭീഷണി പോലെ പറഞ്ഞു നിർത്തി.. “അല്ലെങ്കിൽ ഒരു കേസ് ഉണ്ടാക്കി നിന്നെ പൊക്കി അകത്തിടും.. അവളെയും.. പിന്നെ എഴുന്നേറ്റ് നടക്കാൻ പോലും ആകാത്ത വിധം ആക്കിക്കളയും…” അവൻ പറഞ്ഞു നിർത്തി. “കഴിഞ്ഞോ..?” പ്രിൻസ് അവനെ നോക്കി.. ശാന്തമായിട്ടാണ് ചോദിച്ചത്.. അവൻ ഒന്നും മിണ്ടിയില്ല. അതോടെ പ്രിൻസ് തിരിച്ചു വണ്ടിയിൽ കയറി.. അവനെ നോക്കി തലകൊണ്ട് വണ്ടി മാറ്റാൻ കാണിച്ചപ്പോൾ ഡ്രൈവർ വണ്ടി മാറ്റി.. അവൻ ജീപ്പ് മുൻപോട്ട് എടുത്തു ഓടിച്ചു പോയി. പ്രിൻസ് പോകുന്നത് കണ്ടപ്പോൾ ജയൻ ഗൗരിയെ നോക്കി.. “അവനെ പേടിപ്പിച്ചിട്ട് കാര്യം ഇല്ല ജയാ.. പേടിക്കില്ല. കൂടിയ ഇനമാണ്. വീട്ടിൽ പോയപ്പോൾ അങ്ങേരു നിന്നെ കൊല്ലാതിരുന്നത് ഭാഗ്യം..അതുകൊണ്ടു നേരിട്ടുള്ള കളി വേണ്ട.. പ്ലാൻ ബി തന്നെ.. “ അവൻ പറഞ്ഞപ്പോൾ ജയൻ ചിരിച്ചു.. കഴുത്തിൽ ഒന്ന് തടവി.. “അങ്ങനെ എങ്കിൽ അങ്ങനെ..” അവർ വണ്ടിയിൽ കയറി.. അത് മെല്ലെ തിരിച്ചു മുൻപോട്ട് പോയി.. *

“അല്ല..? നീ അതിനിടക്ക് അച്ചായനെ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞല്ലോ എന്താ അത്..?” ആലീസ് ശിവയോടു ചോദിച്ചപ്പോൾ അവൾ ചിരിച്ചു.. “എന്താ ഇഷ്ടപ്പെട്ടാൽ..?” ആ ചോദ്യം കേട്ടപ്പോൾ ആലീസ് ചിരി നിർത്തി.. മുഖം ഗൗരവത്തിൽ ആയി.. “എന്നാൽ ഞങ്ങൾക്ക് ഒക്കെ സന്തോഷം ആകും.. പക്ഷെ അച്ചായൻ.. ശിവ അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ട്.. അച്ചായൻ ഒരു പെണ്ണിനെ ഇനി സ്നേഹിക്കുമോ എന്ന് അറിയില്ല…” അവൾ പറഞ്ഞത് കേട്ടപ്പോൾ ശിവ ആകാംഷയോടെ അവളെ നോക്കി.. “നീ ആ പുറത്തു കിടക്കുന്ന കാറ് കണ്ടില്ലേ..? അത് ആരുടെയാണ് എന്നറിയുമോ..?” ആലീസ് ചോദിച്ചപ്പോൾ ശിവ ഇല്ല എന്ന് തല കുലുക്കി കാണിച്ചു.. “അത് അച്ചായന്റെ…..” അവൾ പറഞ്ഞു പൂർത്തി ആക്കിയില്ല.. അതിന് മുൻപേ പ്രിൻസിന്റെ ജീപ്പിന്റെ ശബ്ദം കേട്ടു.. അവൻ ഇറങ്ങി അകത്തേക്ക് വന്നു.. അവൻ നേരെ വന്നു ശിവയുടെ മുൻപിൽ നിന്നു.. “നിന്നോട് എനിക്ക് സ്നേഹം ഉണ്ട്.. എന്ന് കരുതി അത് പ്രേമം അല്ല.. ഒരിക്കലും ആവുകയും ഇല്ല..” പ്രിൻസ് അവളോട് പെട്ടെന്ന് പറഞ്ഞപ്പോൾ ഇരുവരും ഞെട്ടി. “അച്ചായാ.. അവൾ.. ആ ജയൻ വന്നപ്പോൾ.. അറിയാതെ… പ്ലീസ് അച്ചായാ…” ആലീസ് വേഗം ഇടക്ക് കയറി.. അതോടെ പ്രിൻസ് ഒന്ന് ഒതുങ്ങി. അവൻ ആലീസിനെ പിടിച്ചു മാറ്റി… ശിവ ഒന്ന് ഭയന്നു..

“അവൻ ഇവിടെ വീണ്ടും വന്നോ..? “വന്നു.. എന്നെ കൊണ്ടുപോകും എന്ന് പറഞ്ഞു…” “നിനക്ക് പോണോ..?” “വേണ്ട…” “എന്നാൽ നിന്നെ ആരും കൊണ്ടുപോകില്ല…” പ്രിൻസ് അതും പറഞ്ഞു മുകളിലേക്ക് നടന്നപ്പോൾ രണ്ടുപേരും നെഞ്ചിൽ കൈ വച്ചു.. “അഹ് പിന്നെ.. പ്രേമം മണ്ണക്കട്ട എന്നും പറഞ്ഞു പുറകെ വന്നേക്കരുത്.. കാലേൽ പിടിച്ചു ഞാൻ നിലത്തടിക്കും…പ്രിൻസിനെ നിനക്കറിയില്ല..” അതും പറഞ്ഞു അവൻ മുകളിലേക്ക് കയറി പോയപ്പോൾ ശിവ അവൻ പോകുന്നത് നോക്കി ഇരുന്നു.. “എന്നാൽ എനിക്കൊന്നു കാണണം.. നോക്കിക്കോ എന്റെ കുട്ടികളെക്കൊണ്ട് ഞാൻ ഈ അച്ചായനെ അപ്പ എന്ന് വിളിപ്പിക്കും… ഹ്മ്മ്മ്..” അവൾ അവനെ നോക്കി വാശിയോടെ പറഞ്ഞത് കേട്ട് ആലീസ് കണ്ണ് മിഴിച്ചു നിന്നു.. “എന്റീശോയെ ഈ പെണ്ണ് മറ്റേ കാലുകൂടെ ഒടിക്കും ഇങ്ങനെ പോയാൽ…” ശിവ അത് കേട്ട് ചിരിക്കുകയാണ് ചെയ്തത്. * രണ്ട് ആഴ്ച കൂടെ കടന്നു പോയി.. വൈഷ്ണവി അക്കയെ കാണാൻ വന്നിരുന്നു. എന്നാൽ ശിവ അവളോട് അധികം സംസാരിച്ചില്ല. അവൾ സങ്കടത്തോടെ ആണ് പോയത്.. പിറ്റേ ദിവസം രാവിലെ.. ഇന്ന് ശിവയുടെ കാലിലെ പ്ലാസ്റ്റർ അഴിക്കുന്ന ദിവസം ആണ്.. പ്രിൻസിനും സാമിനും ഒരിടം വരെ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു.. കുറച്ചു ദൂരെയാണ്. അവർ രാവിലെ തന്നെ പോയി..

ആലീസ് അവളുടെ കാറിൽ ശിവയെ കയറ്റി.. അവിടെ നിന്നും നേരെ ഹോസ്പിറ്റലിൽ.. കാലിലെ പ്ലാസ്റ്റർ നീക്കം ചെയ്തു. മൈനർ ഫ്രാക്ച്ചർ ആയതുകൊണ്ട് എല്ലുകൾ വളരെ വേഗം കൂടിയിരുന്നു. തലയിലെ സ്റ്റിചു കൂടെ അവർ അഴിച്ചു.. സ്റ്റിച്ചു ചെയ്യാൻ വേണ്ടി അവളുടെ മുടി അല്പം ഷേവ് ചെയ്തു കളഞ്ഞിരുന്നു.. അവിടെയും മുടി വളർന്നു തുടങ്ങി. ആലീസും ശിവയും അല്പം പർച്ചേസ് ചെയ്യാൻ ഒരു കടയിൽ കയറി. * പ്രിൻസ് ജീപ്പ് കോമ്പസ് ഓടിക്കുകയായിരുന്നു.. “ശിവയെ പറ്റി എന്നതാടാ നിന്റെ അഭിപ്രായം..?” “എന്നതാ പപ്പ ഇങ്ങനെ ഒരു ചോദ്യം..? നല്ല അഭിപ്രായം ആണ്..” അവൻ മറുപടി കൊടുത്തു.. “അവളെ വിട്ടു കളയാൻ മനസ് വരുന്നില്ല…” അയാൾ മെല്ലെ പറഞ്ഞത് എന്ത് അർത്ഥത്തിൽ ആണെന്ന് പ്രിൻസിന് ബോധ്യം ആയി.. “പപ്പ.. ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടാകില്ല.. എല്ലാം അറിഞ്ഞിട്ടും..?” അവന്റെ കണ്ണുകൾ ഒന്ന് നനഞ്ഞു. “ഹ അറിയാമെടാ.. ഒരു ആഗ്രഹം പറഞ്ഞതാ.. നീ വിട്ടേരെ.. എന്നാലും പോയവർ പോയില്ലിയോടാ.. അവൾ അതും പറഞ്ഞിട്ടല്ലേ പോയതും…?” അത്രക്ക് പറഞ്ഞപ്പോഴേക്കും സാമിന്റെ തൊണ്ട ഇടറി…

പ്രിൻസ് കണ്ണുകൾ തുടച്ചു.. പെട്ടെന്നാണ് ഒരു ലോറി വളവ് തിരിഞ്ഞു ചീറി പാഞ്ഞു വന്നത്.. അതിന്റെ വരവ് കണ്ടപ്പോൾ സാമിന് എന്തോ മോശക്കെട് തോന്നി. “പ്രിൻസെ…..!!” സാം ഉച്ചത്തിൽ വിളിച്ചു.. അത് കേട്ട് അവൻ നേരെ നോക്കി.. അത് വണ്ടിക്ക് നേരെയാണ് വരുന്നത്.. ഡ്രൈവർ മുഖം മറച്ചിരിക്കുന്നു.. അവൻ പെട്ടെന്ന് ജീപ്പ് കോമ്പസ് ചവുട്ടി കഴിവിന്റെ പരമാവധി വേഗതയിൽ ലോറിക്ക് നേരെ വിട്ടു.. സാം പിടിച്ചിരുന്നു.. അടുത്തെത്തുന്നതിലും മുൻപേ അവൻ ഹാൻഡ് ബ്രേക്ക് വലിച്ചു വണ്ടിയെ ഒന്ന് എടുത്തുവച്ചതുപോലെ വെട്ടിച്ചു ചെരിച്ചു.. ലോറിക്കാരന് ലക്ഷ്യം തെറ്റി.. എങ്കിലും വണ്ടിയുടെ പുറകിൽ ലോറിയുടെ മുൻഭാഗം തട്ടി വണ്ടി പമ്പരംപോലെ ഒന്ന് കറങ്ങി അടുത്തുള്ള മണ്ണിന്റെ തിട്ടയിൽ വലിയ ശബ്ദത്തോടെ ഇടിച്ചു നിന്നു.. ലോറി ഒരു കുഴിയിൽ ചാടി അവിടെ കുടുങ്ങി. “പപ്പ…?” പ്രിൻസ് പപ്പയെ നോക്കി.. അപ്പോഴേക്കും ലോറി റിവേഴ്‌സ് എടുത്തു.. രണ്ടു ജീപ്പുകൾ ഇരുവശത്തു നിന്നും പാഞ്ഞു വന്നു ബ്രേക്ക്‌ ചെയ്തു നിന്നു.. അതിൽ നിന്നും കുറച്ചുപേർ ചാടി ഇറങ്ങി.. അവർ വണ്ടിക്ക് നേരെ കുതിച്ചു വന്നു..

പ്രിൻസ് സാമിനെ നോക്കി. അനക്കം ഇല്ല.. * “അച്ചായൻ എപ്പോഴാ വരുന്നേ..?” “അച്ചായന്റെ കയ്യിൽ നിന്നും വാങ്ങിച്ചു കൂട്ടുമോ അയ്യരുകുട്ടി..?” പോകുന്ന വഴി ശിവയുടെ ചോദ്യം കേട്ടപ്പോൾ ആലീസ് ശിവയെ നോക്കി.. അവൾ ചിരിച്ചു.. “മിക്കവാറും എന്റെ കാലിൽ പിടിച്ചു ഭിത്തിയിൽ അടിക്കും..” അത് പറഞ്ഞു രണ്ടുപേരും പൊട്ടി ചിരിച്ചു.. ആലീസ് വണ്ടി വീട്ടിലേക്ക് എളുപ്പത്തിൽ എത്തുന്ന വഴിയേ തിരിച്ചു.. “ആ കാർ..? ആരുടേയാ ആലീസ് അത്..?” ശിവ ചോദിച്ചു.. “ഏട്ടത്തിയുടെ..” അവൾ വേദനയോടെ പറഞ്ഞു.. “ങേ അച്ചായന്റെ കല്യാണം കഴിഞ്ഞത് ആയിരുന്നോ..?” ശിവ ഞെട്ടലോടെ ചോദിച്ചുകൊണ്ട് അവളെ നോക്കി.. പെട്ടെന്നാണ് ആലീസ് ബ്രേക്ക് പെടലിൽ ആഞ്ഞു ചവുട്ടിയത്.. വണ്ടി ഉലച്ചിലോടെ റോഡിൽ ഉരഞ്ഞു നിന്നു.. ശിവ ഒരു ആന്തലോടെ മുൻപിലേക്ക് നോക്കി.. ഒരു ഫോർച്യുണർ മുൻപിൽ ചെരിച്ചു നിർത്തിയിരിക്കുന്നു.. ആലീസ് വിറച്ചു പോയിരുന്നു.. പെട്ടെന്ന് ഡോർ തുറന്ന് ഫോർച്യുണറിൽ നിന്നും ജയൻ ഓടി ഇറങ്ങി ആലീസ് ഇരുന്ന ഭാഗത്തെ ഡോർ വലിച്ചു തുറന്നു.. അവൾ പകച്ചു നോക്കി..

എതിർക്കാൻ ആയില്ല.. അതിന് മുൻപേ സീറ്റ് ബെൽറ്റ് ഊരിയ ശേഷം ജയൻ അവളെ വലിച്ചിറക്കി മുൻപോട്ട് തള്ളി വിട്ടു.. മുൻപോട്ട് അലച്ചുവീണ അവളെ രണ്ടുപേർ അവളുടെ രണ്ടുകയ്യും പിടിച്ചു വച്ചു.. ഇതൊക്കെ അൽപ നിമിഷങ്ങൾ കൊണ്ടാണ് കഴിഞ്ഞത്.. അപ്പോഴേക്കും ശിവയുടെ ഭാഗത്തെ ഡോർ തുറന്ന് ഒരാൾ അവളെ നൊക്കി ചിരിച്ചു.. “ഗൗ.. ഗൗരി…?” “അതേടീ.. ഗൗരി തന്നെ.. രണ്ടിനെയും അങ്ങ് പോകുകയാണ്.. അച്ചായത്തിയും അയ്യരുകുട്ടിയും നല്ല കോമ്പിനേഷൻ ആണെടീ….” അതും പറഞ്ഞു ഗൗരി അവളെ വലിച്ചിറക്കി.. ശിവ അവന്റെ മുഖം നോക്കി കൈ വീശി ഒരു അടി അടിച്ചു.. അവൻ ആ കൈ പിടിച്ചു അവളെ തിരിച്ചു ഒരു തല്ല് തള്ളി.. അവൾ അലർച്ചയോടെ ബോണറ്റിലേക്ക് വീണു.. “എടുത്തു വണ്ടിയിൽ ഇടെടാ രണ്ടിനെയും….” ഗൗരി അലറിക്കൊണ്ട് ശിവയെ കൊതിയോടെ നോക്കി.. .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story