ശ്രീനന്ദനം: ഭാഗം 11

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"എന്താടാ നോക്കുന്നെ.. ശ്രീക്കുട്ടി എന്റെയ.. എന്റെ മാത്രം." കുഞ്ഞി പിള്ളേരെ പോലെ അത് പറഞ്ഞു എന്നെ കെട്ടിപിടിക്കുന്ന നന്ദേട്ടനെ കണ്ടപ്പോൾ അത്ഭുതം തോന്നി.മാഷ് ഇതൊക്കെ കണ്ടു അത്ഭുതപെട്ട് കണ്ണും തുറിച്ചു നോക്കുന്നത് കണ്ടു എനിക്ക് ആകെ നാണക്കേട് തോന്നി.. 'ഈ നന്ദേട്ടൻ നാറ്റിച്ചേ അടങ്ങു...' "എന്താടാ നീ തുറിച്ചു നോക്കണേ.." വീണ്ടും ഓരോന്ന് പറഞ്ഞു മാഷിന്റെ അടുത്തേക്ക് ചെല്ലുന്ന നന്ദേട്ടനെ കണ്ടപ്പോൾ സംഗതി കൈ വിട്ടു പോവുമെന്ന് തോന്നി. അവിടെ നിന്ന് വേഗം നന്ധേട്ടനെയും വലിച്ചു ഇങ്ങോട്ട് പോരുമ്പോഴും നന്ദേട്ടൻ മാഷിനെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. ***** "എന്ത് പണിയ ഈ കാണിക്കുന്നേ.അത്‌ നന്ദേട്ടന്റെ കസിൻ അല്ലെ.." "എന്ന് വെച്ചിട്ട്.അവൻ എന്തിനാ ശ്രീകുട്ടിയോട് മിണ്ടുന്നേ.." വീണ്ടും ചെറിയ കുട്ടികളെ പോലെ മുഖവും വീർപ്പിച്ചു കൈ നെഞ്ചോട് ചേർത്ത് കെട്ടി എങ്ങോട്ടോ നോക്കി നിൽക്കുന്ന നന്ദേട്ടനെ കാണെ ചിരി വരാൻ തുടങ്ങി.പിന്നെ വന്ന ചിരി അടക്കി നിർത്തി. "അല്ല.. എന്താ മോന്റെ ഉദ്ദേശം." "ഞാൻ കൈ കെട്ടി അൽപ്പം സീരിയസ് മട്ടിൽ ആണ് ചോദിച്ചത്." "വാ.. നമുക്ക് കളിക്കാം..ഞാൻ കളിക്കാൻ വിളിക്കാനാ വന്നേ.."

അതും പറഞ്ഞു സന്തോഷത്തോടെ എന്നെ വലിച്ചു കൊണ്ട് പോകുന്ന നന്ദേട്ടനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു. 'ഇനി ഞാൻ എങ്ങനെ ഇതിനെ നന്നാക്കുവോ എന്തോ..' അന്നത്തെ ദിവസം മുഴുവൻ നന്ദേട്ടന്റെ കൂടെ തന്നെ ആയിരുന്നു.ഇതിന് ഇടക്ക് പലവട്ടം ജീവേട്ടനും ആയി നന്ദേട്ടനെ അടുപ്പിക്കാൻ നോക്കിയിട്ട് പറ്റിയില്ല.ഒരുവിധം ജീവട്ടന്റെ അടുത്തേക്ക് കൊണ്ട് ചെന്നു എത്തിക്കുമ്പോഴേക്കും നന്ദേട്ടൻ ഓടി പോവും. കുറച്ചു ഉപദേശവും കൊടുത്തു നോക്കി.എവിടെ... ആള് അത് ശ്രദ്ധിച്ച കൂടി ഇല്ല.പിന്നെ എനിക്ക് വയ്യാത്തത് കൊണ്ട് ഞാനും അധികം സ്‌ട്രെസ് ചെയ്യാൻ പോയില്ല വീട്ടിലേക്ക് പോവാൻ നേരം ഞാൻ മാഷിനെ തപ്പി ഇറങ്ങി.മാഷ് അവിടെ സോഫയിൽ എന്തോ വിഷമത്തിൽ ഇരിക്കുന്നത് കണ്ടു.ഇടക്ക് ഫോണിലേക്ക് നോക്കും.പ്രതീക്ഷിച്ചത് ഇല്ലാത്ത പോലെ വീണ്ടും പഴയ പോലെ ഇരിക്കും. അത്‌ കൊണ്ട് ഞാൻ ശല്യപ്പെടുത്താതെ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം ഞാൻ നന്ദേട്ടന്റെ വീട്ടിലേക്ക് പോയപ്പോഴും ഇത് തന്നെ ആയിരുന്നു അവസ്ഥ.അങ്ങോട്ട് പോയി ചോദിക്കണം എന്നുണ്ടെങ്കിലും നന്ദേട്ടൻ സമ്മതിച്ചില്ല. പോവണ്ട എന്നും പറഞ്ഞു തടഞ്ഞു നിർത്തി. ഉച്ചക്ക് ശേഷം നന്ദേട്ടൻ ഉറങ്ങിയപ്പോൾ ഞാൻ മാഷിന്റെ അടുത്തേക്ക് പോയി. "എന്താണ് മാഷേ ഒരു മൂഡ് ഔട്ട്‌. ഇന്നലെ മുതൽ ശ്രദ്ധിക്കുന്നതാണല്ലോ.." "ഏയ്.. ഒന്നുല്ലടാ.." "പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി." വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാണ് "നമി എന്നോട് പിണങ്ങി."

മൂപ്പരുടെ ആ പറച്ചിൽ കേട്ട് പരിസരം നോക്കാതെ ഞാൻ പൊട്ടിച്ചിരിച്ചു. "ഇത് ഇപ്പോൾ നന്ദേട്ടനെകാളും മേലെ ആണല്ലോ.." അതും പറഞ്ഞു ഞാൻ എന്റെ ചിരി തുടർന്നു.ആളുടെ കോർപ്പിച്ചുള്ള നോട്ടം കണ്ടപ്പോൾ ഞാൻ ചിരി നിർത്തി. "നിർത്തണ്ട. കിണിച്ചോ.." അതും പറഞ്ഞു മാഷ് ചെറിയ പരിഭവത്തോട് കൂടി മുഖം തിരിച്ചപ്പോൾ ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. "ഹ.. കളയ് മാഷേ.. ഒരു റിലേഷൻ ആവുമ്പോൾ ഇതൊക്കെ സാധാരണ അല്ലെ.." "അത് എനിക്കും അറിയാം. ഞങ്ങൾ ഇത് ആദ്യത്തെ തല്ല് കൂട്ടം ഒന്നും അല്ല. അവൾക്ക് ദേഷ്യം പിടിക്കുമ്പോൾ അവൾ എന്നെ ബ്ലോക്ക്‌ ആക്കി ഇട്ട് പോവും.പിന്നെ ഞാൻ വിളിച്ചു സോറി പറയുമ്പോൾ അൺബ്ലോക്ക് ആക്കും. അവളുടെ മനസ് അറിയാവുന്നത് കൊണ്ട് അത് അങ്ങനെ പോവും." "ഇതിപ്പോൾ എന്താ പ്രശ്നം." "ഇന്നലെ തല്ല് കൂടിയപ്പോൾ അവൾ എന്നെ ബ്ലോക്ക്‌ ആക്കി ഇട്ടു.2 ദിവസം ആയി ഓപ്പൺ ആക്കുന്നെ ഇല്ല. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല." "അപ്പോൾ പ്രശ്നം എന്തോ സീരിയസ് ആണല്ലോ.." "ഏയ്.. അങ്ങനെ ഒന്നും ഇല്ലെടോ.. ഏതോ ഒരു പെണ്ണ് എന്നെ പ്രൊപ്പോസ് ചെയ്തു അവളെ ഞാൻ കെട്ടിയാലോ എന്ന് പറഞ്ഞപ്പോൾ തുടങ്ങിയതാ.. വെറുതെ അവളെ ഒന്ന് കുശുമ്പിപ്പിക്കാൻ. പക്ഷെ പെണ്ണ് സീരിയസ് ആയി. അവളെ അങ്ങ് കെട്ടിക്കോളാൻ പറഞ്ഞു ബ്ലോക്ക്‌ ചെയ്തു പോയി." പെട്ടന്ന് എനിക്ക് നന്ദേട്ടനെ ഓർമ വന്നു.ഞങ്ങളുടെ പ്രണയ നിമിഷങ്ങളും... ഞങ്ങളും ഇത് പോലെ തന്നെ ആയിരുന്നില്ലേ..

"ശ്രീലക്ഷ്മി എന്താ ആലോചിക്കുന്നെ.." "ഏയ്.. ഒന്നുല്ല മാഷേ.. അവളുടെ പിണക്കം മാറ്റണം.അത്ര അല്ലെ ഉള്ളു.. അത് നമുക്ക് മാറ്റമെന്നേ.." "എങ്ങനെ.ഇനി അവളെ നേരിട്ട് കാണാലല്ലാതെ രക്ഷ ഇല്ല.അവൾ നല്ല ദേഷ്യത്തിൽ ആണ്." "എങ്കിൽ നമുക്ക് നേരിട്ട് പോവാം." "ഞാൻ വിളിച്ചാൽ അവൾ വരില്ല." "എങ്കിൽ ഞാൻ വിളിച്ചാൽ അവൾ വരും." ജീവേട്ടൻ എന്നെ സൂക്ഷിച്ചു നോക്കി.ഞാൻ ഒന്ന് കണ്ണടച്ച് കാണിച്ചു. വൈകുന്നേരം ചായ കുടിക്ക് ശേഷം പോകാം എന്ന് തീരുമാനിച്ചു.ജീവേട്ടന്റെ കാര്യം പറഞ്ഞില്ല.എനിക്കൊന്ന് കാണണം എന്നെ പറഞ്ഞുള്ളു.. അത് കൊണ്ട് ജീവേട്ടന്റെ കൂടെ എനിക്കും പോകണമായിരുന്നു. പോകുമ്പോൾ നന്ധേട്ടനെയും കൂടെ കൂട്ടിക്കോളാൻ ജീവേട്ടൻ പറഞ്ഞു.നന്ദേട്ടന് അത് വലിയ ഒരു റിലാക്സ് ആവും എന്ന് ഓർത്തപ്പോൾ അത് നല്ലതാണെന്നു തോന്നി. രാധമ്മ സമ്മതിക്കുമോ എന്നതായിരുന്നു അടുത്ത പ്രശ്നം.ജീവേട്ടൻ എന്തോ ട്രിക്ക് ഉപയോഗിച്ച് സമ്മതിപ്പിച്ചതോടെ അതും സെറ്റ്. എല്ലാം ശരിയായപ്പോൾ നന്ദേട്ടൻ സമ്മതിക്കുന്നില്ല.കുറെ നിർബന്ധിച് നോക്കി.പക്ഷെ പുള്ളി ബെഡിൽ അള്ളി പിടിച്ചു വരൂലന്ന് പറഞ്ഞു.ജീവട്ടന്റെ കൂടെ പോവും എന്നൊക്കെ കുശുമ്പ് കേറ്റാൻ പറഞ്ഞെങ്കിലും ആള് അങ്ങനെ തന്നെ.പോരാത്തതിന് കടന്നല് കുത്തിയ പോലെ മുഖവും.വൈകീട്ട് ചായ കുടിക്കാൻ ഞാൻ ജീവേട്ടന്റെ അടുത്ത് ഇരുന്നപ്പോൾ തൊട്ട് ആ മുഖം അങ്ങനെ തന്നെ ആണ്.

നന്ദേട്ടൻ ഇല്ലെന്ന് അറിഞ്ഞ പോവാൻ ഒരു മടി തോന്നി. പക്ഷെ മാഷിന്റെ മുഖത്ത് കണ്ട സന്തോഷം കെടുത്താൻ തോന്നിയില്ല. നടന്നാണ് പോയത്. അതിനുള്ള വഴി ദൂരമേ വീട്ടിൽ നിന്ന് ഉണ്ടായുള്ളൂ.. "നമി എങ്ങോട്ടാ വരാമെന്ന് പറഞ്ഞത്." നടക്കുന്നതിനിടയിലായിരുന്നു മാഷിന്റെ ചോദ്യം. "പാടത്തിന് അടുത്തുള്ള മാവിന്റെ ചുവട്ടിലേക്ക്. അവിടെ ആവുമ്പോൾ ആരും ഉണ്ടാവില്ല.അൽപ്പം റൊമാൻറിക് മൂഡ് ഉണ്ടാവുകയും ചെയ്യും." "ഓഹ്.. അതൊക്കെ അറിയാലേ.." മാഷ് അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചമ്മി. "ശ്രീലക്ഷ്മിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്." "അമ്മ, അനിയൻ. അച്ഛൻ ഒരു തോണി അപകടത്തിൽ ഞങ്ങളെ വിട്ടു പോയി." "ഓഹ്.. സോറി." "ഏയ്യ്.. അതൊന്നും കുഴപ്പം ഇല്ല. അമ്മ ശ്രീദേവി,അനിയൻ ശ്രീഹരി.ഞങ്ങൾ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കും. എന്നേക്കാൾ ഒന്നര വയസ് ഇളയത് ആണ് അവൻ." "ശ്രീദേവി, ശ്രീലക്ഷ്മി, ശ്രീഹരി മൊത്തം ഒരു 'ശ്രീ' മയം ആണല്ലോ.." ഞാൻ അതിന് ഒന്ന് ഇളിച്ചു കൊടുത്തു. "അനിയൻ എന്തു ചെയ്യുന്നു. അവനെ കാണാറേ ഇല്ലല്ലോ.." അവൻ ഒരു പ്രൈവറ്റ് ബാങ്കിൽ ട്രെയിനിങ് ന് ആയി കേറി.അവിടെ അടുത്ത് ഹോസ്റ്റലിൽ ആണ് താമസം. "എവിടെ." "മുകന്തപുരം" "അത് ഇവിടെ അടുത്തല്ലേ.. ഒരു ബസ് കേറി പോവാവുന്നതല്ലേ ഉള്ളു.. പിന്നെ എന്തിനാ ഹോസ്റ്റലിൽ നില്കുന്നെ.." "അത്.. പിന്നെ.. ട്രെയിനിങ് ആയതു കൊണ്ട് ചിലപ്പോൾ നൈറ്റ്‌ തിയറി ക്ലാസ്സ്‌ ഉണ്ടാവുമല്ലോ.." "ഉം...നീയും നമിയും നന്ദനും ഒക്കെ ചൈൽഡ് ഹൂഡ് ഫ്രൻസ് ആയിരുന്നല്ലേ.."

"ഉണ്ണികുട്ടനും ഉണ്ടായിരുന്നു.ഞങ്ങൾ നല്ല കൂട്ട് ആയിരുന്നു" "നിങ്ങൾ നാലാളും തമ്മിൽ പ്രായവ്യത്യാസം ഒത്തിരി ഇല്ലേ..എന്നിട്ടും.." "ഏയ്.. ഒത്തിരി ഒന്നും ഇല്ല.എനിക്ക് ഇപ്പോൾ 23 നന്ദേട്ടന് 27 ഉണ്ണികുട്ടന് 21 നമിക്ക് ആണെങ്കിൽ 19 കഴിഞ്ഞു." "എല്ലാം കൃത്യം ആയിട്ട് അറിയാമല്ലേ.." ആക്കിയ മട്ടിൽ ആയിരുന്നു ആ ചോദ്യം.ഞാൻ അപ്പോൾ ഒന്ന് കണ്ണിറുക്കി. പെട്ടന്ന് ആയിരുന്നു ഒരു ഉരുളൻ കല്ല് വന്ന് മാഷിന്റെ നെറ്റിയിൽ പതിച്ചത്.ഞാൻ പെട്ടന്ന് പേടിച്ചു പോയി.മാഷും... ആരാ ഇത് ചെയ്തത് എന്ന് ചുറ്റും നോക്കിയപ്പോൾ കയ്യിൽ ചവണയും കല്ലുമായി നിൽക്കുന്നു നന്ദേട്ടൻ!!! ഒന്ന് കൂടി എറിയാൻ ഉള്ള നിൽപ്പ് ആണെന്ന് മനസ്സിലായി.ഞാൻ ആകെ ഞെട്ടി തരിച്ചു.ഞാൻ കണ്ടു എന്ന് മനസ്സിലായപ്പോൾ ആണെന്ന് തോന്നുന്നു എന്നെ കണ്ടു പേടിച്ചു ഓടി പോയി. ഞാൻ വേഗം മാഷിന്റെ നേരെ തിരിഞ്ഞു.നെറ്റിയിൽ നിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു.മാഷ് നെറ്റിയിൽ നിന്ന് കൈ ഒന്ന് നീക്കിയപ്പോൾ ആണ് കണ്ടത് കയ്യും മുഖവും നിറയെ ചോര!!! ഞങ്ങളെ ദൂരെ നിന്ന് കണ്ടു നമി ഓടി വന്നു.കയ്യിലും തലയിലും ചോര കണ്ടു അവൾ വെപ്ലാളപ്പെട്ടു. ഞാൻ ഒരു പൈപ്പ് അനേഷിച്ചിട്ട് കിട്ടിയില്ല.അവസാനം ഇട്ടിരുന്ന ഷാൾ എങ്ങനെയോ കീറി തലയിൽ കെട്ടി വെച്ചു.അപ്പോഴേക്കും നമി കരച്ചിൽ ആരംഭിച്ചിരുന്നു.

മാഷ് കുഴപ്പം ഒന്നും ഇല്ലന്ന് പറഞ്ഞു ചിരിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾക്ക് ആശ്വസിക്കാൻ ഉള്ള വക ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ കാര്യം പോലും വക വെക്കാതെ ജീവേട്ടനെയും കൊണ്ട് വീട്ടിലേക്ക് വേഗത്തിൽ ഞാൻ നടക്കുമ്പോഴും ഉള്ളിൽ തീ ആളുന്നുണ്ടായിരുന്നു. നന്ദേട്ടൻ അക്രമകാരി ആവുന്നത് ഞാൻ വേദനയോടെ അറിഞ്ഞു. വീട്ടിലേക്ക് എത്തിയപ്പോഴേക്കും ഷർട് മുഴുവൻ ചോര പറ്റിയിരുന്നു.അത് കണ്ടു രാധമ്മ നിലവിളിച്ചു കൊണ്ട് ഓടി വന്നു.ഞാൻ വേഗം പോയി ഫസ്റ്റ് അയ്ഡ് എടുത്തു കൊണ്ട് ചോര എല്ലാം തുടച്ചു മരുന്ന് കെട്ടിവെച്ചു.ആകെ വെപ്ലാളം ആയിരുന്നു എനിക്ക്.നമി അപ്പോഴും മാഷിനെ നോക്കി കരയുകയായിരുന്നു.ഒപ്പം രാതമ്മയും അലറുന്നുണ്ടായിരുന്നു.കെട്ടി കൊടുക്കുന്നതിനു ഇടക്ക് നന്ദേട്ടനെ പേടിയോടെ ചുറ്റും നോക്കിയെങ്കിലും കണ്ടില്ല. ഞാൻ കുറച്ചു വെള്ളം എടുത്തു മാഷിന് കൊണ്ട് കൊടുത്തു.

മാഷ് അത് വാങ്ങുന്നതിന് മുന്പായി രാധമ്മ അത് തട്ടി കളഞ്ഞു. "ഇവളുടെ കൂടെ നീ പോയപ്പോഴേ ഞാൻ വിചാരിച്ചതാ ഇങ്ങനെ വല്ലതും നടക്കുമെന്ന്.കൊല്ലാൻ നോക്കിയതാണോടി ജീവനെ...ഇതിൽ വിഷം ഇല്ലെന്ന് ആര് കണ്ടു." രാധമ്മയുടെ ദേഷ്യത്തിൽ ഉള്ള വാക്കുകൾ കേട്ട് ഞെട്ടി തരിച്ചു പോയി ഞാൻ. "അങ്ങനെ ഒന്നും അല്ല വല്യമ്മേ.. ശ്രീലക്ഷ്മി ഒന്നും ചെയ്തില്ല.ആരോ മാവിൽ കല്ലെറിഞ്ഞപ്പോൾ തട്ടിയതാ.." "ഇത്രയും ചോര വരാൻ പാകത്തിന് ആരാ ആ കല്ല് എറിഞ്ഞത്." ആ ചോദ്യത്തിന് ഞങ്ങൾ മൗനി ആയി. "ഇവൾ തന്നെ ആണ് എല്ലാത്തിനും കാരണം.ഇവൾ കാല് വെച്ച ഇടത്തു മുഴുവൻ നാശം ആണ്.ഇവളുടെ കൂടെ നടന്നാൽ ചിലപ്പോൾ മരിച്ചു പോയെന്ന് വരെ വരാം.. അത്രക്ക് വിഷം ആണ്." രാധമ്മ പറയുന്നതിന് ഒക്കെയും വാ പൊത്തി കരഞ്ഞു നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story