ശ്രീനന്ദനം: ഭാഗം 16

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

ലോകം മുഴുവൻ വെട്ടി പിടിച്ച പോലെ തോന്നി എനിക്ക്.വല്ലാത്ത സന്തോഷം.അമ്മ മാത്രം എന്ന് വിചാരിച്ച ഇടത്ത് നിന്ന് എനിക്ക് വേറെയും ഒരുപാട് പേരുള്ള പോലെ.. എല്ലാവരും എന്റെ സ്വന്തം പോലെ.ഇനി എനിക്ക് കൂട്ടായ് എന്റെ കുഞ് കൂടി മതിയെന്ന് തോന്നി.ഒന്നും ഇല്ലായ്മയിൽ നിന്ന് എല്ലാം നേടുമ്പോൾ ഉള്ള അവസ്ഥ അനുഭവിച്ചു അറിയുകയായിരുന്നു ഞാൻ അപ്പോൾ. കുറച്ചു നേരം അങ്ങനേ തന്നെ ആയിരുന്നു.ആ മായ ലോകത്തു ആയിരുന്നു ചിന്ത. ആ അവസ്ഥയിൽ നിന്ന് ഒരു മോചനം ഞാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് വേണം പറയാൻ. പെട്ടന്ന് നന്ദേട്ടൻ എന്നിലേക്ക് ഒന്ന് കൂടി ചേർന്നു ഇരുന്നത് പോലെ തോന്നി. അത് കണ്ടപ്പോൾ ശിവയും ചേർന്നിരുന്നു.നന്ദേട്ടൻ വീണ്ടും ചേർന്ന് നിന്ന് എന്നെ മുറുക്കെ പുണരാൻ തുടങ്ങി.അത് കണ്ടു ശിവാനിയും.അവർ തമ്മിൽ ഒരു മത്സരിക്കുകയാണോ എന്ന് വരെ എനിക്ക് തോന്നിപോയി. "എന്റെ ശ്രീക്കുട്ടിയ.." നന്ദേട്ടൻ എന്നെ ഇറുക്കെ പിടിച്ചു കൊണ്ട് പറയുന്നത് കേട്ട് ഞാൻ അന്തം വിട്ടു. "എന്റെയ.." "അല്ല എന്റെ'" "എന്റെ...." അതും പറഞ്ഞു ശിവാനി കള്ള കരച്ചിൽ തുടങ്ങി. ഞാൻ നന്ദേട്ടനെ കൂർപ്പിച്ചു നോക്കി. "എന്താ നന്ദേട്ടാ ഇത്. അവള് കുഞ്ഞല്ലേ.. വിട്ട് കൊടുത്തൂടെ" ഞാൻ അവളെ സപ്പോർട്ട് ചെയ്തപ്പോൾ അവള് വീണ്ടും ഉച്ചത്തിൽ കരയാൻ തുടങ്ങി.

അവളുടെ കള്ള കരച്ചിൽ മനസ്സിലാവുന്നില്ലെന്നാണ് വിചാരം. "അപ്പോൾ ശ്രീക്കുട്ടി എന്റെ അല്ലെ.." ആ സ്വരം ഇടരുന്നുണ്ടായിരുന്നു. "എന്റെ പൊന്നോ.. ഇയാളുടെ തന്നെ ആണ്. തല്ല് പിടിക്കണ്ട എന്നല്ലേ പറഞ്ഞുള്ളു.." ഞാൻ പറയുന്നത് കേട്ട് നന്ദേട്ടൻ എഴുന്നേറ്റു കുറച് മാറി പുറം തിരിഞ്ഞു ഇരുന്നു. സത്യം പറഞ്ഞാൽ അപ്പോൾ സങ്കടം അല്ല, സന്തോഷം ആണ് വന്നത്. എനിക്ക് വേണ്ടി തല്ല് പിടിച്ചു കരയാൻ വരെ ആളുകൾ ആയിരിക്കുന്നു. ഓർത്തപ്പോൾ സന്തോഷം കൊണ്ട് എണീറ്റ് തുള്ളി ചാടാൻ വരെ തോന്നി. അപ്പോഴാണ് ഞാൻ ശിവയെ നോക്കിയത്. അവളുടെ കരച്ചിൽ ജയിച്ചതിന്റെ സന്തോഷത്തിൽ ഞെളിഞ്ഞിരിക്കുകയാണ് പുള്ളി.ആ ഇരിപ്പ് കണ്ടാൽ പറയോ എല്ലാ കുരുത്ത ക്കേടും ഒപ്പിച്ചു വെച്ചത് ഈ കുരിപ്പ് ആണെന്ന്. "കണ്ടോ അങ്കിൾ പിണങ്ങി." "മാമ" "എന്ന മാമ പിണങ്ങി.നീയെന്തിനാ ആ ടാബ് പൊട്ടിക്കാൻ പോയത്.മാമക്ക് ഒരുപാട് ഇഷ്ടം ഉള്ളതല്ലേ അത്.അത് കൊണ്ടല്ലേ മാമ കരഞ്ഞത്". ഞാൻ ആ പറഞ്ഞത് കെട്ടിട്ടാന്നെന്ന് തോന്നുന്നു.പുള്ളി കാരിക്ക് ചെറുതായി വിഷമം ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്.

"സോറി" "എന്നോടല്ല.മാമയോട് പോയി പറ." "മ്മ്ഹും." ശിവ ഇല്ല എന്ന് തലയാട്ടിയതും അവളെ ചേർത്ത് പിടിച്ച കൈ ഞാൻ വിട്ടു.മടിയിൽ നിന്ന് എഴുന്നേൽപ്പിച്ചു അൽപ്പം മാറി നിന്നു. "എന്നാൽ എന്നോടും മിണ്ടണ്ട.മാമയോട് സോറി പറഞ്ഞിട്ട് എന്നോടും മിണ്ടിയാൽ മതി." ഞാൻ പിണങ്ങിയ പോലെ പറഞ്ഞു. അവളുടെ ആ കുഞ്ഞി ചുണ്ട് ചുളുങ്ങി വരുന്നത് ഞാൻ കണ്ടെങ്കിലും കണ്ടതായി നടിക്കാൻ നിന്നില്ല. തിരിഞ്ഞു ഇരിക്കുകയാണെങ്കിലും അവള് കുറച് നേരം എന്നെ തന്നെ നോക്കി നിൽക്കുന്നതും പിന്നെ നന്ദേട്ടന്റെ അടുത്തേക്ക് പോകുന്നതും ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. വീണ്ടും കുറെ നേരം കഴിഞ്ഞാണ് ഞാൻ അവരെ നോക്കിയത്.അത് വരെ എന്റെ മനസ് പലതരം ചിന്തകളാൽ ബന്ധിക്കപ്പെട്ട് എവിടെയോ ആയിരുന്നു. അങ്ങോട്ട് നോക്കിയ ഞാൻ ശരിക്കും അത്ഭുതപെട്ടു. പിണങ്ങി ഇരുന്ന ആൾക്കാർ ഇപ്പോൾ അടയും ചക്കരയും പോലെ.നന്ദേട്ടൻ ശിവയെ മടിയിൽ വെച്ചു എന്തൊക്കെയോ പറഞ് കൊടുക്കുന്നുണ്ട്.അവളും അതിനനുസരിച്ചു കുഞ്ഞി തല ആട്ടി വലിയ ആളുകൾ പറയുന്നത് പോലെ പറയുന്നുണ്ട്.അവൾ പറയുമ്പോൾ നന്ദേട്ടൻ വെറുതെ കേട്ടിരിക്കുകയാണ്.നന്ദേട്ടന് അവളെ ഇഷ്ടപ്പെട്ടു എന്ന് വാത്സല്യ പൂർവ്വം ഉള്ള നോട്ടത്തിൽ നിന്ന് മനസ്സിലായി

കുറച്ചു നേരം ഞാൻ അത് നോക്കി നിന്നു.വീണ്ടും എന്തൊക്കെയോ ചിന്തകൾ എന്നിൽ വന്നു നിറഞ്ഞു.അവിടെ ഞങ്ങളുടെ ബാല്യം ആയിരുന്നു കൂടുതൽ തെളിഞ്ഞു വന്നത്.നിഷ്കളങ്കമായ ആ ബാല്യം.വലുതാവേണ്ടി ഇരുന്നില്ല എന്ന് തോന്നി പോയി. തോളിൽ ആരോ തട്ടുന്നത് പോലെ തോന്നിയാണ് ചിന്തയിൽ നിന്നും ഉണർന്നത്.നന്ദേട്ടൻ ആയിരുന്നു.കയ്യിൽ ശിവാനിയും ഉണ്ട്. "വാ.. നമുക്ക് പുറത്തോട്ട് പോവാം." നന്ദേട്ടൻ ചിരിയോടെ പറഞ്ഞപ്പോൾ ഞാനും സന്തോഷത്തോടെ തലയാട്ടി. കോളേജിൽ പോയ മാഷ് ഇത് വരെ മടങ്ങി എത്തിയിട്ടുണ്ടായില്ല.ജനനി വൈകും എന്ന് ആദ്യമേ പറഞ്ഞിരുന്നു.അത് കൊണ്ട് ഒരുപാട് അകലേക്ക്‌ പോകണ്ട എന്ന് വെച് പറമ്പിലേക്ക് തന്നെ ആണ് പോയത്. നന്ദേട്ടൻ ആദ്യം നടന്നു.നന്ദേട്ടന്റെ കയ്യിൽ ശിവാനി ഉണ്ടായിരുന്നു.പിന്നാലെ ഞാനും.. ആദ്യം പോയത് മാവിന്റെ ചുവട്ടിലേക്കാണ്.അവിടെ ഒരുപാട് മാങ്ങകൾ വീണു കിടക്കുന്നുണ്ടായിരുന്നു.മുകളിലും ഉണ്ടായിരുന്നു അതിനെക്കൾ ഏറെ.എന്റെ കണ്ണ് ഒരു മാങ്ങയിൽ മാത്രം തങ്ങി നിന്നു.കുറെ നേരം അതിനെ തന്നെ നോക്കി നിന്നു.പതിയെ അതിന് അടുത്തായി ഒരു കിളി വന്നു ഇരിക്കുന്നതും അത്‌ ശബ്ദം എടുത്തു മറ്റു കിളികളെ വരുത്തുന്നതും മാങ്ങയെ കിളി ഒറ്റക്ക് കൊത്തി നിലത്തേക്ക് ഇടുന്നതും തെല്ലൊരു കൗതുകത്തോടെ കണ്ടു.

നിലത്തു വീണു കഴിഞ്ഞ മാങ്ങായെ കിളി വേണ്ടെന്ന് വെച്ചു.എന്ത് കൊണ്ടായിരിക്കും അത്? കിളി കൊത്ത് ഏറ്റതിനാൽ മനുഷ്യനും അത് വേണ്ടെന്ന് വെക്കും.കുറച് ഭാഗം മാത്രം കിളികളാൽ കൊത്തി കടിക്കപ്പെട്ട ആ മാമ്പഴം ആരാലും നോട്ടം എത്താതെ പതിയെ മണ്ണോടലിഞ്ഞു ചേരും. മനുഷ്യന്റെ അവസ്ഥയും ഞാൻ ഇത് താരതമ്യം ചെയ്ത് നോക്കി.ഓർക്കാൻ കൂടി പേടി തോന്നുന്നു.എന്നാൽ പലരുടെയും അവസ്ഥ... നന്ദേട്ടന്റെ ഉറക്കെ ഉള്ള ചിരി കേട്ടപ്പോൾ മാങ്ങയുടെ കാര്യം വിട്ടു.നന്ദേട്ടൻ ശിവാനിയുടെ കൂടെ സന്തോഷവാൻ ആണെന്ന് തോന്നി.അല്ലെങ്കിലും പണ്ടേ എനിക്ക് നന്ദേട്ടന്റെ സന്തോഷം തന്നെ ആയിരുന്നല്ലോ വലുത്. "ശ്രീക്കുട്ടി.. വാവയെ പിടിക്ക്.ഞാൻ ഉപ്പും മുകളും എടുത്തു കൊണ്ട് വരാം." "യ്യോ.. അതെന്തിനാ." "മാങ്ങ കിട്ടിയത് അറിഞ്ഞില്ലേ.. വാവക്ക് വേണമെന്ന്.എനിക്കും വേണം.ശ്രീക്കുട്ടിക്ക് വേണ്ടേ.." "ആഹ്.." സീരിയലിലും സിനിമയിലും ഉള്ള പോലെ പച്ചമാങ്ങയോടുള്ള ആർത്തി മൂത്ത് ഭ്രാന്തു ആയ പോലെ ഒന്നും ഇല്ലെങ്കിലും മാങ്ങ കണ്ടപ്പോൾ തിന്നണം എന്ന ആഗ്രഹം എനിക്കും വന്നിരുന്നു. മോളെ എടുക്കാൻ അവള് സമ്മതിച്ചില്ല.പുല്ല് ഒക്കെ ഉള്ള സ്ഥലം ആയതു കൊണ്ട് നിലത്തു വെക്കാൻ പേടി ആയിരുന്നു.

പക്ഷെ എങ്ങോട്ടും പോകില്ല എന്ന് ഒക്കെ പറഞ്ഞു വാശി പിടിച്ചപ്പോൾ താഴെ നിർത്താതെ വേറെ വഴി ഉണ്ടായിരുന്നില്ല. അപ്പോഴേക്കും നന്ദേട്ടൻ അടുക്കളയിൽ പോയി ഉപ്പും മുളകും കത്തിയും കൊണ്ട് വന്നു. ഒരു മാങ്ങ കൂടി കയറി പൊട്ടിച്ചു ഗാർഡനിൽ ഉള്ള സിമെന്റ് ബെഞ്ചിൽ പോയി ഇരുന്നു. നന്ദേട്ടൻ പറഞ്ഞിട്ട് ഉണ്ടാക്കിയതായിരുന്നു ഈ സിമെന്റ് ബെഞ്ച് ഒക്കെ. ഇടക്ക് ഇവിടെ ഒക്കെ വന്നു ഇരിക്കാറുണ്ട് പുള്ളി. ഇപ്പോൾ എല്ലാം മറന്നു കാണും. ഞാൻ അദ്ദേഹത്തെ ഒന്ന് നോക്കി. ആള് മാങ്ങ അറിയുന്ന തിരക്കിൽ ആയിരുന്നു. "മോൾക്ക് കൊടുക്കണ്ടാട്ടോ മാങ്ങ.." "അതെന്താ". "അവൾക്ക് ഇതൊന്നും തിന്ന് ശീലമില്ലാത്തതാണ്. ഛർദിക്കും. പോരാത്തതിന് ചെറിയ കുട്ടിയല്ലേ.. വേണമെങ്കിൽ ഇരുമ്പാൻ പുളി പൊട്ടിച്ചു കൊടുക്ക്." ഞാൻ പറഞ്ഞത് മനസ്സിലായിട്ടാണെന്ന് തോന്നുന്നു, ശിവാനി അവളുടെ കള്ള കരച്ചിൽ വീണ്ടും തുടങ്ങി. അതിന്റെ വോളിയം കൂടി വന്നപ്പോൾ ഒരു ചെറിയ മാങ്ങ കഷ്ണം ഉപ്പും മുളകും ഒന്നും കൂട്ടാതെ അവളുടെ വായിലേക്ക് വെച്ചു കൊടുത്തു. കടിച്ചു തുടങ്ങിയപ്പോൾ ഉള്ള അവളുടെ ഭാവം കണ്ടു ചിരി വരുന്നുണ്ടായിരുന്നു. വായിലേക്ക് വെച്ചു കൊടുത്തതിനേക്കാൾ സ്പീഡിൽ അത് പുറത്തേക്ക് തുപ്പി. ആള് അപ്പോഴും ഒരുമാതിരി പ്ലിങ്ങിയ മുഖഭാവത്തിൽ ഇരിക്കുകയായിരുന്നു.

പാവം.. നന്ദേട്ടന്റെ സന്തോഷം കണ്ടപ്പോൾ വിചാരിച്ചിട്ടുണ്ടാവും മാങ്ങ എന്തോ മധുരം ഉള്ള സാധനം ആണെന്ന്. "അളിയാ..." ദൂരെ നിന്ന് മാഷ് വരുന്നുണ്ടായിരുന്നു.നന്ദേട്ടനെ ഇപ്പോൾ അളിയാ എന്നാണ് വിളിക്കുന്നത്. വിളിക്കുന്നതിനോടൊപ്പം എനിക്കിട്ട് ഒരു ആക്കി ചിരിയും ഉണ്ട്. "ആഹാ.. അളിയനും പെങ്ങളും കൂടി മാങ്ങ തിന്നുവാണോ.." "കൂടെ മോളും ഉണ്ട്." ഞാൻ ആണ് മറുപടി പറഞ്ഞത് "മാമന്റെ മോള് വായോട.. എന്തിനാ ഇവരുടെ ഇടയിൽ കട്ടുറുമ്പ് ആവുന്നത്." ആള് എനിക്ക് ഇട്ട് തന്നെ ആക്കുകയാണ്. നന്ധേട്ടനും മോൾക്കും ഒന്നും മനസ്സിലാവാത്തത് കൊണ്ട് കുഴപ്പം ഇല്ല. "നമി വരാമെന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ.." ആദ്യം ആ കണ്ണുകൾ വിടരുന്നതും പിന്നെ ഞാൻ കണ്ടു എന്നറിഞ്ഞപ്പോൾ ആള് ചമ്മുന്നതും ഞാൻ അറിഞ്ഞു. ഞാനും അത് കണ്ടു ആക്കി ഒന്ന് ചുമച്ചു. "ശ്യേ..പറ്റിച്ചതാണല്ലേ.." "ചിലപ്പോൾ വരും. വരാൻ പറഞ്ഞിട്ടുണ്ട്." "എപ്പോൾ.?" വീണ്ടും ആ കണ്ണുകളിൽ ആകാംഷ. "ഹ.ഒന്ന് അടങ് മാഷേ..വരും.അപ്പോഴേക്കും നമുക്ക് ഈ മാങ്ങ കഴിക്കാം.. അവള് വന്നാൽ പിന്നെ ഒരു കഷ്ണം പോലും കിട്ടും എന്ന് വിചാരിക്കണ്ട."

അതും പറഞ്ഞു ഞാൻ ഒരു കഷ്ണം കഴിച്ചു. മാഷും. പിന്നെ ഞങ്ങൾ നാലാളും കൂടി ഓരോ കാര്യങ്ങൾ പറഞ്ഞു ഇരുന്നു. പ്രത്യേകിച്ചു ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും മുഴുവൻ കളി ചിരികൾ ആയിരുന്നു.നന്ദേട്ടന്റെ ഒരു കൈ കൊണ്ട് എന്റെ കയ്യിൽ കോർത്തു പിടിച്ചിരുന്നു. മറു കയ് കൊണ്ട് മോളെയും ചേർത്ത് പിടിച്ചിരുന്നു. എനിക്ക് നഷ്ടപ്പെട്ടത് ഓരോന്നായി തിരിച്ചു കിട്ടുകയാണ് എന്ന് ഓർത്തപ്പോൾ ഒരുപാട് സന്തോഷം തോന്നി. അപ്പോഴാണ് നമി വന്നത്. "ആഹാ.. അങ്ങനെ മാഷ് കാത്തിരുന്ന ആളും എത്തി." നമിയെ ചൂണ്ടി കാണിച്ചു പറഞ്ഞപ്പോൾ പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുകയാണ് മാഷിന്റെ മുഖത്തു എന്ന് തോന്നി പോയി. എനിക്ക് അത് കണ്ടു ചിരിയും സന്തോഷവും വരുന്നുണ്ടായിരുന്നു. കൂടുതൽ ആയി വന്നത് ചിരി ആണ്. അത് പൊട്ടിച്ചിരിയിലേക്ക് വഴി മാറിയപ്പോൾ മാഷിന്റെ മുഖത്തു ഒരു ജാള്യത കണ്ടു. ഞാൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റപ്പോൾ ആണ് തല ചുറ്റുന്നത് പോലെ തോന്നിയത്.എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് കണ്ണുകളിൽ മുഴുവൻ ഇരുട്ട് മൂടിയിരുന്നു. ****

കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആണ്. ഈ കുട്ടി എഴുന്നേറ്റു എന്ന് ഏതോ സിസ്റ്റർ വിളിച്ചു പറഞ്ഞതും ഡോക്ടർ എന്റെ അടുത്തേക്ക് വന്നു കണ്ണ് ഒക്കെ പിടിച്ചു നോക്കി. അത് കഴിഞ്ഞതും ഞാൻ ആദ്യം നോക്കിയതും എന്റെ കൂടെ ആരാ വന്നത് എന്നാണ്.നമിയെ കണ്ടപ്പോൾ ആശ്വാസം തോന്നി.കൂടെ മാഷിനെ കൂടി കണ്ടതും വന്ന ആശ്വാസം പേടിയിലേക്ക് വഴി മാറി. ഞാൻ വയറ്റിൽ കൈ വെച്ചു.തലകറങ്ങാൻ കണ്ട നേരം.ഇങ്ങനെ ആവുമ്പോൾ അമ്മക്ക് നേരത്തെ ഒരു സിഗ്നൽ തരേണ്ടതല്ലേ.. താഴേക്ക് നോക്കി ആണ് പറഞ്ഞത്.പിന്നെ തല ഉയർത്താൻ തോന്നിയില്ല. "ശ്രീലക്ഷ്മിക്ക് എങ്ങനെ ഉണ്ട്." "കുഴപ്പം ഒന്നും ഇല്ല.വിറ്റാമിന്റെ കുറവ് ഉണ്ട്. കൗണ്ടും കുറവ് തന്നെ ആണ്.അതാണ് ഇങ്ങനെ തല കറങ്ങുന്നത്." "ഓഹ്" എന്റെ നെഞ്ചു വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു.

ഞാൻ നമിയുടെ മുഖത്തേക്ക് നോക്കി.അവളും ആകെ പരിഭ്രമിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ കണ്ണ് കൊണ്ട് പേടിക്കണ്ട എന്ന് ആഗ്യം കാണിച്ചു.എങ്കിലും എന്റെ പേടിയിൽ യാതൊരു കുറവും വന്നില്ല. "പിന്നെ പ്രെഗ്നന്റ്സിയിൽ ഇതൊക്കെ സാധാരണ അല്ലെ.." എന്റെ പെട്ടന്ന് കണ്ണടച്ചു.ഹാർട്ട്‌ നിലച്ചത് പോലെ തോന്നി.നെഞ്ചിടിപ്പ് വളരെ വേഗത്തിൽ ആയി.ജീവേട്ടന്റെ പ്രതികരണം എന്തായിരിക്കും എന്നോർത്തപ്പോൾ വീണ്ടും പേടി തോന്നി. കണ്ണ് ഒന്ന് തുറന്നപ്പോൾ ഞെട്ടി കൊണ്ട് എന്നെ നോക്കുന്ന ജീവേട്ടനെ ആണ് കണ്ടത്.ആ നോട്ടത്തിൽ ഞാൻ ഉരുകി ഇല്ലാതാകുന്ന പോലെ.എന്നോട് എന്തെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരം പറയും എന്നറിയാതെ ഞാൻ കുഴങ്ങി.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story