ശ്രീനന്ദനം: ഭാഗം 17

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"പിന്നെ പ്രെഗ്നന്റ്സിയിൽ ഇതൊക്കെ സാധാരണ അല്ലെ.." ഞാൻ പെട്ടന്ന് കണ്ണടച്ചു.നെഞ്ചിടിപ്പ് വളരെ വേഗത്തിൽ ആയി.ജീവേട്ടന്റെ പ്രതികരണം എന്തായിരിക്കും എന്നോർത്തപ്പോൾ വീണ്ടും പേടി തോന്നി. കണ്ണ് ഒന്ന് തുറന്നപ്പോൾ ഞെട്ടി കൊണ്ട് എന്നെ നോക്കുന്ന ജീവേട്ടനെ ആണ് കണ്ടത്.ആ നോട്ടത്തിൽ ഞാൻ ഉരുകി ഇല്ലാതാകുന്ന പോലെ.എന്നോട് എന്തെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരം പറയും എന്നറിയാതെ ഞാൻ കുഴങ്ങി. കുറച് വിറ്റാമിൻ ടാബ്ലറ്റ്സ് എഴുതിയിട്ടുണ്ട്.ചെറിയ തലകറക്കം ഉണ്ടെങ്കിൽ വരേണ്ട കാര്യം ഇല്ല.ഇത് പോലെ ഉണ്ടാവുക ആണെങ്കിൽ മാത്രം വന്നാൽ മതി.ട്രിപ്പ്‌ കഴിഞ്ഞ സ്ഥിതിക്ക് നിങ്ങൾക്ക് പോവാം. "ഓക്കേ.താങ്ക് യു ഡോക്ടർ." അതും പറഞ്ഞു ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കാതെ പോകുന്ന ജീവേട്ടനെ കാണുമ്പോൾ പേടി അതിന്റെ മൂർദ്ധാവിൽ എത്തി.നേരെ നോക്കിയത് നമിയെ ആണ്.അവള് നിസഹായ ആയി ഇരിക്കുന്നത് കണ്ടു.പിന്നെ അവിടെ നിൽക്കാതെ ഞങ്ങളും എഴുന്നേറ്റു ജീവേട്ടന്റെ പിന്നാലെ പോയി.കാറിൽ കയറി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു.

മുഖം ഗൗരവത്തിൽ ആണ്.ഞങ്ങൾ കൂടി കയറി ഇരുന്നതും കാർ സ്റ്റാർട്ട് ചെയ്തു. വളരെ പതുക്കെ ആണ് കാർ ഓടുന്നത്.അതിനുള്ളിൽ നിശബ്ദത മാത്രം.അതെന്നെ കാർന്ന് തിന്നുന്നത് പോലെ തോന്നി.ജീവേട്ടന്റെ മുഖം ഇപ്പോഴും ഗൗരവത്തിൽ തന്നെ.ഒരു അഭയത്തിന് ആയി ഞാൻ നമിയെ നോക്കി. അവള് ആകെ പേടിച്ചു കരയാൻ നിൽക്കുന്നത് പോലെ തോന്നി.ഞാൻ ഒന്ന് വിളിച്ചാൽ ചിലപ്പോൾ അവള് പൊട്ടി കരയും എന്ന് ഉറപ്പുള്ളത് കൊണ്ട് അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞിരുന്നു. ഇനി ഉണ്ടാകാൻ പോകുന്ന അവസ്ഥയെ കുറിച്ച് ഏകദേശ ധാരണ കൈ വന്നിരുന്നു.നന്ദേട്ടന്റെ സഹോദരൻ തന്നെ അല്ലെ മാഷും.നന്ദേട്ടന്റെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നത് അയാൾക്ക് അംഗീകരിക്കൻ പറ്റില്ലായിരിക്കും. ഇനി രാധമ്മ അറിയും.വൈകാതെ നാട്ടുകാരും.അവസാനം നന്ധേട്ടനും.എല്ലാവരും എന്നെ വെറുക്കും.നന്ദേട്ടൻ ഈ അവസ്ഥയിൽ ആയതു കൊണ്ട് എന്നെ മാത്രം കുറ്റപെടുത്തും.ഞാൻ മാത്രം ഒറ്റപ്പെടും.ചിലപ്പോൾ അമ്മയും.. ഇതെല്ലാം ഞാൻ നേരത്തെ പ്രതീക്ഷിച്ചതാണ്.ഇന്ന് സംഭവിക്കും എന്ന് വിചാരിച്ചില്ല എങ്കിലും.. പേടി തോന്നിയത് നമിയുടെ കാര്യം ഓർത്താണ്.എന്റെ പേരിൽ അവളെ ജീവേട്ടൻ ഉപേക്ഷിച്ചാൽ സഹിക്കില്ല അവള്. ഒരു പാവം പെണ്ണിന്റെ ശാപം കൂടി ഞാൻ ഏറ്റെടുക്കേണ്ടി വരും.

അവളുടെ ജീവിതം ഞാൻ ആയി തകർക്ക പെടുമോ എന്ന ചിന്ത വന്നതും വീണ്ടും എന്നിൽ ഭയം നിറഞ്ഞു.അങ്ങനെ ഒന്നും ഉണ്ടാവരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. ചിന്തകൾ കാട് കയറാൻ തുടങ്ങിയപ്പോഴേക്കും വീട് എത്തിയിരുന്നു. "ഇറങ്" ആ ശബ്ദത്തിന് പോലും വല്ലാത്ത കാഠിന്യം.നമിയുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.അവളെ എന്തിനാ കാണാത്ത പോലെ പോകുന്നത്. കാറിന്റെ ശബ്ദം കേട്ടിട്ട് അകത്തു നിന്ന് നന്ധേട്ടൻ ഓടി വന്നു.പിന്നാലെ മോളെയും കൊണ്ട് ജനനിയും. "എന്തു പറ്റി ജീവ.. വന്നപ്പോൾ നന്ദൻ കരയുന്നത് കണ്ടു കാര്യം അനേഷിച്ചപ്പോൾ ലച്ചു വീണെന്ന് മാത്രം പറഞ്ഞുള്ളു.. എന്തു പറ്റി." ജനനിയുടെ ആധിയോടെ ഉള്ള ചോദ്യത്തിന് ഉത്തരം പറയാതെ ജീവേട്ടൻ അകത്തേക്ക് കയറി.ഞങ്ങളിൽ അപ്പോഴും പേടി ആയിരുന്നു.. "എന്തു പറ്റിയതാ ലച്ചു.. കുഴപ്പം ഒന്നും ഇല്ലല്ലോ നിനക്ക്." എന്റെ തലയിൽ തലോടി ചോദിക്കുന്നത് കേട്ടപ്പോൾ എന്തു പറയണം എന്നറിയാതെ ഞാൻ ജീവേട്ടനെ നോക്കി. "ജാനു,, നീ കുഞ്ഞിനെ നന്ദന്റെ കയ്യിൽ കൊടുത്തു എന്റെ കൂടെ വാ.." "നന്ദന്റെ...." സംശയത്തോടെ ആണ് ജനനി ചോദിച്ചത്. "അത് കുഴപ്പം ഇല്ല. നീ അവന്റെ കയ്യിൽ കൊടുക്ക്. അവൻ നോക്കിക്കോളും."

എപ്പോഴും ചിരിയോടെ സംസാരിക്കുന്ന ജീവേട്ടന്റെ ശൈലിയിൽ ഉള്ള വ്യത്യാസം കൊണ്ട് ആയിരിക്കും ജനനി കുഞ്ഞിനെ നന്ദേട്ടന്റെ കയ്യിൽ കൊടുത്തു ജീവേട്ടന്റെ പിന്നാലെ പോയി. "നിങ്ങളും അവിടെ നിൽക്കണ്ട.ഇങ്ങോട്ട് പോര്." ഞങ്ങളെ നോക്കി ജീവേട്ടൻ പറഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി.പിന്നെ നന്ദേട്ടന്റെ അരികിലേക്ക് നടന്നു. "എന്തു പറ്റിയതാ ശ്രീക്കുട്ടി.." "ഒന്നും ഇല്ല ഏട്ട.. ശിവയെ നന്നായി നോക്ക് ട്ടോ.. ഞങ്ങൾ ഇപ്പോൾ വരാം." ചെറുതായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞങ്ങൾ നടന്നു. *** ബാൽക്കണിയിൽ അവരുടെ മുമ്പിൽ ആയി തല കുനിച്ചു ഇരിക്കുമ്പോഴും മനസ് നന്ദേട്ടന്റെ അടുത്ത് ആയിരുന്നു.ഇനി ഞങ്ങൾ ഒന്നിച്ചുള്ള നിമിഷങ്ങളെ സ്വപ്നം കാണണമോ അതോ എന്നെന്നേക്കും ആയി പിരിയേണ്ടി വരുമോ എന്നായിരുന്നു ചിന്ത. "നിങ്ങൾക്ക് ഒന്നും പറയാൻ ഇല്ലേ.." എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ജനനി ചോദിച്ചു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. തല കുനിച്ചു മാത്രം ഇരുന്നു. "നമിക്ക് ഇത് ആദ്യമേ അറിയാമായിരുന്നോ.." "അറിയാമായിരുന്നു." "ഓഹോ.. രണ്ടാളും കൂടി എല്ലവരെയും പറ്റിക്കുക ആയിരുന്നല്ലേ.." അവളുടെ തല താഴുന്നത് ഞാൻ കണ്ടു. ശബ്ദം പുറത്തേക്ക് കേട്ടില്ല എങ്കിലും അവൾ കരയുക ആയിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. "ഞങ്ങൾ ആരെയും പറ്റിക്കാൻ നോക്കിയിട്ടില്ല. അവളോട് ഞാൻ ആണ് പറഞ്ഞത് ആരോടും ഒന്നും പറയണ്ട എന്ന്". "അതിന് കാരണം"

"കാരണം ഒന്നും ഇല്ല." നിങ്ങളെ കൂടാതെ വേറെ ആർക്കൊക്കെ അറിയാം. "എന്റെ അമ്മക്ക്." "നന്ദനോട് പറഞ്ഞോ.." "ഇല്ല." എന്റെ തല താഴ്ന്നു പോയിരുന്നു അപ്പോഴേക്കും. "എന്താ പറയാതിരുന്നത്. അവൻ ഒരു അച്ഛൻ ആകാൻ പോകുന്നെന്ന് ആദ്യം അറിയണ്ടത് അവൻ അല്ലെ.." അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. എന്താണ് പറയേണ്ടത്. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന പോലെ ഞാനും ഇത് എന്റെ കുഞ്ഞിന്റെ അച്ഛനോട് പറയാൻ ആഗ്രഹിച്ചു എന്നോ.. എന്നിട്ടും ആരോടും ഒരക്ഷരം പോലും പറയാതെ ഈ വലിയ രഹസ്യം ഉള്ളിൽ ഒതുക്കി ആരും കാണാതെ രാത്രി ഒറ്റക്ക് ഇരുന്നു കരയുകയും ഇടക്ക് വെറുതെ ചിരിക്കുകയും ചെയ്തു എന്നോ? അമ്മ പോലും അറിഞ്ഞത് എത്ര നാളുകൾക്കു ശേഷം ആണ്. അറിഞ്ഞപ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ പറഞ്ഞത് കുഞ്ഞിനെ കളയാൻ. മനസ്സിൽ എന്തോ വിങ്ങൽ അനുഭവപ്പെട്ടു. പക്ഷെ അത് പുറത്തേക്ക് കാണിച്ചില്ല. ഈ വിങ്ങൽ എനിക്ക് സാധാരണ ആണല്ലോ.. "ഇനി എന്താ നിന്റെ തീരുമാനം.." "എന്തെങ്കിലും പറ. ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ എങ്ങനെയാ.." "എനിക്കറിയില്ല." "ശരി, എങ്കിൽ ഇപ്പോൾ തന്നെ വല്യമ്മയോട് പറയട്ടെ." "വേണ്ട...പ്ലീസ്" "അതെന്താ വേണ്ടാത്തത്. എന്നായാലും എല്ലാവരും എല്ലാം അറിയേണ്ടതല്ലേ.."

"ഇപ്പോൾ വേണ്ട. അതിനുള്ള സമയം ആയിട്ടില്ല." പിന്നെയും ഞങ്ങൾ നാല് പേർക്കും ഇടയിൽ മൗനം ആയിരുന്നു.ആ മൗനം എന്നെ വല്ലാതെ മത്ത് പിടിപ്പിക്കും പോലെ.. "എത്ര മാസം ആയി." "3 കഴിയറായി" അവർ അപ്പോൾ പരസ്പരം നോക്കുന്നത് കണ്ടു.വീണുടയുന്ന മൗനങ്ങളെ ഞാൻ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.എവിടേക്കെങ്കിലും ഇറങ്ങി ഓടാൻ തോന്നി.അതിന് കാലുകൾക്ക് ബലം പോരെന്നു മനസ്സിലായി.ചിന്തകളെ കടിഞ്ഞാൺ ഇട്ട് പിടിച്ചു. "ലച്ചു..ഇത്രയും വലിയ ഒരു രഹസ്യം ഞങ്ങളോട് പറയാതിരുന്നെതിൽ ഞങ്ങൾക്ക് വിഷമം ഇല്ലെന്നൊന്നും പറയാൻ പറ്റില്ല.എങ്കിലും നിന്റെ കൂടെ ഞങ്ങൾ ഉണ്ടാവും.ഞങ്ങളുടെ നന്ദന്റെ പെണ്ണല്ലേ നീ.." അവർ പറയുന്നത് ഞാൻ അത്ഭുതത്തോടെ കേട്ട് നിന്നു.സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ടായിരുന്നു "അയ്യേ.. കരയുവാണോ നീ.. ഈ സമയത്ത് ഇങ്ങനെ കരയാൻ പാടില്ലെന്ന് അറിഞ്ഞു കൂടെ.ഞങ്ങളുടെ വാവക്ക് അല്ലെ അതിന്റെ കേട്." ജനനി വന്നു ചേർത്ത് പിടിച്ചു പറയുമ്പോൾ തിരിച്ചു എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. "കൂടെ ഉണ്ടാവും.ആരൊക്കെ എതിർത്താലും.അത് പോരെ.."

മാഷ് ചിരിച്ചു കൊണ്ട് പറയുമ്പോൾ ഞാനും സന്തോഷത്തോടെ തലയാട്ടി.ഏറ്റവും സന്തോഷം ഉള്ളത് അപ്പോൾ നമിക്ക് ആണെന്ന് തോന്നി. "എന്തായാലും ലച്ചു കുറച് കൂടി ബോൾഡ് ആവണം.ഉടനെ ചില തീരുമാനങ്ങൾ എടുക്കെണ്ടതുണ്ട്." അവര് ആ പറഞ്ഞത് മനസ്സിലായില്ല എങ്കിലും തലയാട്ടി കൊടുത്തു. "ഇന്ന് ഇപ്പോൾ രാത്രി ഈ നേരം ആയില്ലേ.. ഇവിടെ കിടന്നാൽ മതി" "അയ്യോ.. അപ്പോൾ അമ്മ ഒറ്റക്കാവില്ലേ.." അമ്മയോട് ഞാൻ വിളിച്ചു പറയാം . നന്ദൻ ഫുൾ അപ്പ്സെറ്റ് ആയിരുന്നു.നീ വരുന്നത് വരെ സമാധാനം ഉണ്ടായില്ല.അവന്റെ അടുത്ത് ഇരിക്ക്.നിനക്ക് ഇപ്പോൾ അമ്മയുടെ അല്ല,അവന്റെ സാന്നിധ്യം ആണ് ആവിശ്യം. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു. "ജീവ... നീ നമിയെ കൊണ്ട് വിട്ടിട്ട് വാ.." "അല്ലെങ്കിൽ അവളും ഇവിടെ നിന്നോട്ടെ." ഇളിച്ചു കൊണ്ട് ജീവേട്ടൻ പറഞ്ഞപ്പോൾ വാ പൊത്തി ചിരിക്കുകയായിരുന്നു ഞാൻ "അയ്യോ.. കൂടുതൽ ബുദ്ധിമുട്ടണം എന്നില്ല.മോൻ അവളെ ചെന്നു കൊണ്ട് ചെന്നാക്ക്." "അത് പിന്നെ ജാനു...." "ജീവ...." "കൊണ്ട് വിടാമല്ലേ.." "അതേ." "ഹും.ശരി" ജീവേട്ടൻ വലിയ താല്പര്യം ഇല്ലാത്ത പോലെ പുറത്തേക്ക് നടന്നു "മക്കളെ.. വീട്ടിലേക്ക് തന്നെ പൊയ്ക്കോളണെ.." ജാനു പിന്നാലെ പോയി പറഞ്ഞപ്പോൾ മാഷ് അവൾക്ക് നല്ല ഒരു ഇടി സമ്മാനിച്ചു വണ്ടി എടുത്തു പോയി.

ഞാൻ അപ്പോൾ മുകളിലേക്കുള്ള പടി കേറി.നന്ദേട്ടന്റെ മുഖം മാത്രം ആയിരുന്നു ലക്ഷ്യം. "ലച്ചു.. അവന് ഒരു സൂചന നീ കൊടുത്തോളു ട്ടോ.." ചിരിച്ചു കൊണ്ട് അതും പറഞ്ഞു പോകുന്ന ജനനിയെ നോക്കി ഞാൻ കുറച് നേരം നിന്നു. പിന്നെ പയ്യെ മുകളിലേക്ക് പോയി. വാതിൽ തുറന്നു മുറിയിലേക്ക് പോകുമ്പോൾ നന്ദേട്ടൻ കമഴ്ന്നു കിടക്കുകയായിരുന്നു.ഒപ്പം എന്തൊക്കെയോ പിറു പിറുക്കുന്നും ഉണ്ട്. "ഹെലോ..." ഞാൻ പിന്നിൽ ചെന്നു നിന്നു. "വേണ്ട. മിണ്ടണ്ട. ആശുപത്രിയിൽ നിന്ന് വന്നിട്ട് എന്നെ കാണാത്തത് പോലെ പോയില്ലേ..എനിക്ക് അത് വിഷമം ആയി." "അച്ചോടാ.. വിഷമിക്കല്ലേ.. എനിക്ക് വയ്യാത്തോണ്ട് അല്ലെ.." "ശ്രീക്കുട്ടി തല കറങ്ങി വീണപ്പോൾ ഞാനാ പിടിച്ചത്.ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ പോയപ്പോൾ ഞാനും കൂടി വന്നോട്ടെന്ന് കുറെ പറഞ്ഞു.അവര് കേട്ടില്ല.മോളെ എന്റെ കയ്യിൽ തന്ന് അവര് പോയി.ശ്രീകുട്ടിയെ കാണാൻ പോകണം എന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ തല്ലി.അറിയാമോ.." തിരിച്ചു ഒരു മറുപടി കൊടുക്കാൻ ഒന്നും ഉണ്ടായില്ല.

"അത് പോട്ടെ,എല്ലാം കളയു.. എങ്ങനെ ഉണ്ടായിരുന്നു ഇന്ന് മോളുടെ ഒപ്പം." "ശിവ പാവം ആണ്.എന്നെ ഭയങ്കര ഇഷ്ടം ആണ്.എനിക്കും ഭയങ്കര ഇഷ്ടം ആണ്.ഞങ്ങൾ ഫ്രണ്ട്സ് ആണല്ലോ.. എന്നെ മാമ എന്നാണ് വിളിക്കുന്നത്." "ഓഹ്.. അപ്പോൾ ഒരുപാട് ഇഷ്ടം ആയോ.." "ആ.. കുറെ കുറെ ഇഷ്ടം ആയി." ഞാൻ ചെറുതായി പുഞ്ചിരിച്ചു.നന്ദേട്ടൻ എന്റെ മടിയിൽ തലവെച്ചു കിടന്നു. ഞാൻ ആ മുടിയിഴകളിൽ തലോടി. കുറച് കഴിഞ്ഞപ്പോൾ നന്ധേട്ടൻ വളരെ സന്തോഷത്തോടെ എന്റെ കൈകളെ പൊതിഞ്ഞു പിടിച്ചു. "ശ്രീകുട്ടി.. നമുക്കും വേണ്ടേ ഇത് പോലോത്ത വാവ." നന്ദേട്ടന്റെ ചോദ്യം എന്റെ ഉമി നീരിനെ വരെ വറ്റിച്ചു. "എന്താ ഇപ്പോൾ അങ്ങനെ തോന്നാൻ". "കുറെ നാളായി തോന്നിയിട്ട്.ശിവായെ കണ്ടപ്പോൾ ആഗ്രഹം കുറെ കുറെ കൂടി.എനിക്കും വേണം വാവയെ.വാവയുടെ കൂടെ കളിക്കണം,ഉറങ്ങണം,ഭക്ഷണം കഴിക്കണം.." ഓരോ കാര്യങ്ങളും ആവേശത്തോടെ പറയുന്ന നന്ദേട്ടനെ ഞാൻ കണ്ണിമ ചിമ്മാതെ നോക്കി. "സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ.. പെണ്ണുങ്ങൾ ആണ് വാവയെ കൊടുക്ക..ശ്രീക്കുട്ടി എനിക്കും തരോ വാവയെ..എനിക്ക് മാത്രം."....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story