ശ്രീനന്ദനം: ഭാഗം 25

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

ഒരു വൈകുന്നേരം പൂന്തോട്ടത്തിൽ മൂന്നാളും നാട്ടു വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് പതിവില്ലാതെ ഒരു ഓട്ടോ വീടിന്റെ മുമ്പിലേക്ക് വന്നു നിന്നത്. അവർ സംശയത്തോടെ അതിൽ നിന്ന് ഇറങ്ങുന്ന ആളെ നോക്കി. ""ഉണ്ണിക്കുട്ടൻ """ ഓട്ടോയിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ശ്രീദേവി ഞെട്ടലോടെ പറഞ്ഞു ഞാനും ഞെട്ടി നിൽക്കുകയായിരുന്നു.പക്ഷെ നന്ദേട്ടന് മാത്രം വലിയ മാറ്റം ഒന്നും ഉണ്ടായില്ല. അവനെ അവിടെ ഇറക്കി ഓട്ടോ തിരിച്ചു പോയി.അവൻ ആകെ ക്ഷീണിച്ചിരുന്നു.കണ്ണുകളിൽ കുഴിയിലേക്ക് പോയിരിക്കുന്നു. അവന്റെ അവസ്ഥ കണ്ടു അപ്പോൾ വിഷമിക്കാതിരിക്കാൻ ആയില്ല. "അമ്മേ..." അവൻ താഴ്ന്ന സ്വരത്തിൽ വിളിച്ചു. പെട്ടന്ന് അമ്മയുടെ മുഖം മാറി. "അമ്മയോ.. ഏത് അമ്മ." "അമ്മേ.. ഞാൻ ഒന്നു പറഞ്ഞോട്ടെ" "നിന്നോട് ഞാൻ പറഞ്ഞു അമ്മ എന്ന് വിളിക്കരുത് എന്ന്. എനിക്ക് ഒരു മോളെ ഉള്ളു.. ഒരു മകൻ കൂടി ഉണ്ടായിരുന്നു. ശ്രീഹരി. ഞങ്ങളുടെ ഉണ്ണിക്കുട്ടൻ. അവൻ ഞങ്ങളിൽ നിന്ന് വിട പറഞ്ഞു പോയി.ഇനി ഇല്ല" "അമ്മ എന്തൊക്കെയാ ഈ പറയുന്നേ.." ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു. നന്ദേട്ടൻ ഒന്നും മനസ്സിലാവാതെ ഞങ്ങളെ അന്തം വിട്ടു നോക്കുന്നുണ്ടായിരുന്നു. "ഇനി ഇവളെ ഉള്ളു എനിക്ക്.

ഇവൾ മാത്രം. ഞങ്ങൾക്ക് ഒരു വിഷമം വന്നപ്പോൾ കൂടെ നിന്നവരും. അല്ലാതെ ഒരിക്കലും ഞങ്ങളെ വെറുത്ത് പോയവർ അല്ല" അമ്മയുടെ മൂക്കിൻ തുമ്പ് പോലും ദേഷ്യം കൊണ്ട് ചുവന്നിരുന്നു. "അമ്മേ.. ഒന്ന് അടങ്.അവൻ പറയട്ടെ" "ലച്ചു.. നീയെങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.എനിക്ക് അറിയാം.എല്ലാ തെറ്റും എന്റെ ഭാഗത്താണ്.അതിന് ക്ഷമ ചോദിക്കാൻ ആയി ആണ് ഞാൻ വന്നത്.നിങ്ങൾ എന്നേ കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ടും എനിക്ക് ആവിശ്യമുള്ള പണം അയച്ചു തന്നിട്ടും ഞാൻ നിങ്ങളോട് നന്ദി കാട്ടിയില്ല.സ്വന്തം വീട്ടുകാർ ആണെന്ന കാര്യം പോലും മറന്നു." അവൻ അത് പറയുമ്പോൾ അമ്മയിൽ പുച്ഛം മാത്രം ആയിരുന്നു.എന്നിലേക്കും അത് പകർന്നു വരുന്നുണ്ടായിരുന്നു. "അവൾക്ക് വേണ്ടിയാ ഞാൻ നിങ്ങളിൽ നിന്ന് അകന്നത്.അവളുടെ പണത്തിനു മുന്നിൽ നിങ്ങൾ തീരെ ചെറുതാണെന്ന് തോന്നി. ആ പൊട്ടി പൊളിഞ്ഞു കിടക്കുന്ന വീട്ടിലേക്ക് എങ്ങനെ ആണ് അവളെ കൊണ്ട് വരുന്നത് എന്നാണ് ഞാൻ ഓർത്തത്.അത് കൊണ്ടാണ് അവഗണിച്ചത് മുഴുവൻ." "ഓ.. അപ്പോൾ ഈ വീട് നല്ലത് ആയതു കൊണ്ട് വന്നതാണോ മോൻ." ചോദിച്ചത് ഞാൻ ആയിരുന്നു. "അല്ലേച്ചി...അവളുടെ കല്യാണം ഉറപ്പിച്ചു.ഒരു ജർമൻ കാരനും ആയിട്ട്.അവൾക്കും സമ്മതം ആയിരുന്നു.അവൾക്ക് എന്നെ വേണ്ടെന്ന് പറഞ്ഞു. എനിക്ക് ഇപ്പോൾ ആണ് എല്ലാം മനസ്സിലാവുന്നത്.എന്റെ തെറ്റും ശരിയും.പ്രണയത്തിന്റെ മേൽ അന്തനായി പോയി കഴിഞ്ഞിരുന്നു ഞാൻ.നന്നാവാൻ ഒരു അവസരം കൂടി തന്നൂടെ.."

അവൻ ഞങ്ങളെ നോക്കി ദയനീയം ആയി കൈ കൂപ്പി.ഞാൻ അമ്മയെ ആണ് നോക്കിയത്.ഇതിന് തീരുമാനം എടുക്കേണ്ടത് അമ്മയാണെന്ന് തോന്നി.ഞാൻ നന്ദേട്ടന്റെ അടുത്തേക്ക് പോയി കയ്യിൽ മുറുകെ പിടിച്ചു.നെഞ്ചിലേക്ക് ചാരി നിന്ന് അവരെ നോക്കി. "ശ്രീഹരി..." അമ്മയുടെ ആ വിളി കേട്ടപ്പോൾ തന്നെ പ്രതീക്ഷയോടെ നിൽക്കുന്ന അവന്റെ മുഖം കുനിയുന്നത് കണ്ടു. "നിനക്ക് പശ്ചാതപിക്കണം എങ്കിൽ ആവാം. പക്ഷെ ഞങ്ങളുടെ മനസ്സിലെ ആ പഴയ ഉണ്ണിക്കുട്ടൻ ആയിരിക്കില്ല നീ. ഞങ്ങൾ പൊറുക്കുന്നതും പൊറുക്കാത്തതും കാര്യം ആക്കേണ്ടതില്ല.പിന്നെ നിന്റെ പശ്ചാതാപവും കുമ്പസാരവും ഒന്നും ഇവിടെ വേണ്ട. ഇത് നന്തന്റെ വീടാണ്. നിനക്ക് പോകാം ശ്രീഹരി." വേണ്ടെന്ന് പറയാൻ തോന്നിയില്ല.ഇവിടെ നിന്നോട്ടെന്നോ പൊയ്ക്കോളാനോ എന്താണ് പറയേണ്ടത്... ഒന്നും മിണ്ടിയില്ല.പുഞ്ചിരിയോ പുച്ഛമോ സഹതാപമൊ വിഷമമൊ ഒന്നും അല്ലായിരുന്നു.നിർവികാരത മാത്രം ആണ് അപ്പോൾ ഉണ്ടായിരുന്നത്. പോകുന്നതിനു മുമ്പ് അവൻ എന്നെ നോക്കി.എന്റെ വയറിലേക്കും നോക്കി പുഞ്ചിരിച്ചു മാപ്പ് പറഞ്ഞിട്ടൊക്കെ ആണ് പോയത്.അപ്പോഴും ഇവിടെ നിൽക്കാൻ ഞാൻ പറഞ്ഞില്ല.നാവിൻ തുമ്പിൽ വന്നു നിന്നിട്ടും പറയാൻ സാധിച്ചില്ല എന്നതാണ് സത്യം.

അവൻ പോയതിന് ശേഷം അമ്മ വെറും നിലത്തേയ്ക്ക് ഊർന്ന് പോകുന്നത് കണ്ടു.ഞാൻ എത്തുമ്പോഴേക്കും നന്ദേട്ടൻ ഓടി പോയിരുന്നു.നന്ദേട്ടൻ അമ്മയെ പിടിച്ചു എഴുന്നേൽപ്പിക്കുമ്പോൾ അമ്മ നിറഞ്ഞ കണ്ണുകളോടെ നന്ദേട്ടന്റെ തലയിൽ തലോടി.കുറച്ചു നേരം നന്ദേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നിട്ട് അമ്മ അകത്തേക്ക് കയറി പോയി. കൂടെ പോവാനോ സമാധാനിപ്പിക്കാനോ നിന്നില്ല. അമ്മ കുറച്ചു നേരം ഒറ്റക്ക് ഇരിക്കട്ടെ.. ചില വിഷമങ്ങളിൽ സമാധാനിപ്പിക്കുന്നതിനേക്കാൾ നല്ലത് ഒറ്റക്കിരിക്കൽ തന്നെ ആണ്.അമ്മയുടെ വിഷമങ്ങൾ ഒലിച്ചു പോയി ഇല്ലാതെ ആവുമ്പോൾ അമ്മ തിരികെ വരും.. നന്ദേട്ടൻ എന്നേ നോക്കി കണ്ണ് ചിമ്മി കാണിച്ചു. "ഒന്നും ല്ലാട്ടോ എന്റെ ശ്രീക്കുട്ടിക്ക്" നന്ദേട്ടന്റെ ആ വാക്കും പിന്നീട് ഉണ്ടായ ചേർത്ത് പിടിക്കലും മതിയായിരുന്നു അത് വരെ ഉണ്ടായ വിഷമങ്ങൾ എല്ലാം മാറാൻ. ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.അദ്ദേഹം എന്റെയും... *** "ശ്രീക്കുട്ടി..." നീട്ടി ഉള്ള വിളി കേട്ടു കൊണ്ടാണ് ഹാളിലേക്ക് ചെന്നത്.നോക്കിയപ്പോൾ ടീവിയിലേക്ക് നോക്കി ചിരിച്ചു കൊണ്ട് കയ്യടിക്കുന്ന നന്ദേട്ടൻ. "എന്താ... എന്തു പറ്റി ഇത്രയും സന്തോഷിക്കാൻ" "കുഞ് .." "എവിടെ .." "നോക്ക്.പടം" വീണ്ടും അങ്ങോട്ടേക്ക് ആവേശത്തോടെ നോക്കുന്നത് കണ്ടു.

ഞാനും കാര്യം അറിയാൻ ആയി ടീവിയിലേക്ക് നോക്കി. അവിടെ വിക്രമിന്റെ 'ദൈവതിറുമകൾ' മൂവി പ്ലേ ചെയ്തിട്ടുണ്ടായിരുന്നു. വിക്രം ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ വാങ്ങുന്നതാണ് രംഗം. അപ്പോൾ അതാണ് സന്തോഷത്തിന്റെ കാരണം. അതിൽ വിക്രം ചെയ്യുന്നത് എല്ലാം നന്ധേട്ടനും ചെയ്യാൻ ശ്രമിച്ചു. പഴയത് പോലെ വീണ്ടും ആകുമോ എന്ന് ചെറിയൊരു പേടി ഉണ്ടായിരുന്നു എങ്കിലും നന്ദേട്ടന്റെ സന്തോഷത്തിന് മുമ്പിൽ ആ പേടി ഇല്ലാതായി. "നില..." "എന്താ" ഞാൻ ടീവിയിലേക്ക് നോക്കി.വിക്രം നിലാവിനെ നോക്കി മകൾക്ക് പേര് ഇടുന്നത് കണ്ടു.എന്റെ ഉള്ളിലും അപ്പോൾ ഒരു നിലാവ് ഉണ്ടാവുകയിരുന്നു.പ്രതീക്ഷയുടെ,സന്തോഷത്തിന്റെ,ജീവിതത്തിന്റെ... "നമ്മുടെ മോൾക്ക് നില ന്ന് പേര് ഇടണം." രാത്രി ഇറയത്ത് ചന്ദ്രനെ നോക്കി ഇരിക്കുമ്പോൾ ആയിരുന്നു നന്ദേട്ടന്റെ ആ പറച്ചിൽ.മൂവി സീൻ നന്ദേട്ടനെ അത്ര സ്വാധിനിച്ചിട്ടുണ്ടെന്ന് അപ്പോൾ ആണ് മനസ്സിലായത്. "ആഹാ.. അപ്പോൾ പെൺകുട്ടി ആണെന്ന് ഉറപ്പിച്ചോ.." "ഉം.പെൺകുട്ടി തന്നെ ആവും." "അല്ലെങ്കിലോ.". "ആവും." "നന്ദേട്ടാ.. പെൺകുട്ടി ആവും എന്നൊന്നും ഇല്ല.ആൺകുട്ടിയും ആവാം. ആൺകുട്ടി ആയാൽ നന്ദേട്ടന് ഇഷ്ടം ആവില്ലേ.." "എനിക്ക് ഇഷ്ടം ആണ്.പക്ഷെ അതിനെക്കാൾ കുറെ കുറെ ഇഷ്ടം പെൺകുട്ടിയെ ആണ്.

അമ്പിളി പോലെ തിളങ്ങുന്ന പെൺകുട്ടി. ശ്രീക്കുട്ടിയെ പോലെ തന്നെ വേണം." "ആഹാ.. അതൊക്കെ തീരുമാനിച്ചോ.. അപ്പോൾ കുഞ് നന്ദേട്ടനെ പോലെ ആണെങ്കിലോ.." "ശ്രീക്കുട്ടിയെ പോലെ പാവം ആയാൽ മതി" "അതായത് നന്ദേട്ടൻ പാവം അല്ലെന്ന്." "യ്യോ.. ഞാനാണ് ഏറ്റവും പാവം." നന്ദേട്ടന്റെ കുസൃതിയോടെ ഉള്ള പറച്ചിൽ കേട്ട് പൊട്ടി ചിരിച്ചു പോയിരുന്നു ഞാൻ. "മതി മതി.ഇനി നാളെ.എനിക്ക് കൃത്യ സമയത്ത് ഉറങ്ങണം.അല്ലെങ്കിൽ കുഞ്ഞിനാണ് കേട്." "യ്യോ.. എന്റെ നില" നന്ദേട്ടൻ വയറിൽ കൈ വെച്ചു.അപ്പോൾ തന്നെ കുഞ് ചവിട്ടി.എന്റെ സന്തോഷത്തിനും പൊട്ടി ചിരിക്കും അതിർ ഉണ്ടായിരുന്നില്ല.ഞാൻ നന്ദേട്ടനെ ചേർത്ത് പിടിച്ചു. ശേഷം ഒരുമിച്ചു ആയിരുന്നു കിടക്കാൻ പോയത് *** "ശ്രീക്കുട്ടി..." "ഉം..." ഉറക്കത്തിന് ഇടയിൽ നന്ദേട്ടൻ തോണ്ടി വിളിച്ചു. "ശ്രീക്കുട്ടി..." "എന്താ നന്ദേട്ടാ..വല്ല അസ്വസ്ഥയും ഉണ്ടോ.." കണ്ണ് തുരുമ്മി എഴുനേറ്റു കൊണ്ട് ഞാൻ ചോദിച്ചു. "അതേയ്...ആൺകുട്ടി ആണെങ്കിൽ നമ്മൾ എന്താ പേരിടുന്നത്" ചോദ്യം കേട്ട് ഞാൻ നടുങ്ങി പോയി. നേരെ നോക്കിയത് ക്ലോക്കിലേക്ക് ആണ്.

സമയം 2.30!! ഞാൻ ദയനീയം ആയി ആ മുഖത്തേക്ക് നോക്കി "പറ... ആൺകുട്ടി ആണെങ്കിൽ നമ്മൾ എന്തു പേരാണ് ഇടുന്നത്." "എന്റെ പൊന്ന് നന്ദേട്ട..നേരം വെളുത്തിട്ട് തീരുമാനിച്ചാൽ പോരെ.. ഈ നട്ടപാതിരക്ക് തന്നെ വേണോ.." നിസഹായം ആയാണ് ചോദിച്ചത്. "എന്നാലും..." "എന്തു എന്നാലും.? നന്ദേട്ടൻ ഉറങ്ങിയാട്ടെ.." ഞാൻ അതും പറഞ്ഞു തലയിലൂടെ പുതപ്പിട്ട് മൂടി അഞ്ചു മിനിറ്റ് കഴിഞ്ഞു കാണില്ല. വീണ്ടും വന്നു തോണ്ടൽ "ഇനി എന്താ.." "കുഞ് എപ്പോഴാ വരാ.." നമിച് പോയിരുന്നു ഞാൻ. "എന്തായാലും ഇന്ന് വരില്ല. നമുക്ക് നാളെ വരോന്നു നല്ല വിശദമായിട്ട് നോക്കാം. ഇപ്പോൾ തത്കാലം ഉറങ്ങാം." ഞാൻ വീണ്ടും തല വഴി പുതപ്പ് കമഴ്ത്തി "അതുണ്ടല്ലോ ശ്രീക്കുട്ടി.. പിന്നെ കുഞ്" ഞാൻ വേഗം നന്ദേട്ടന്റെ നേരെ കൈ കൂപ്പി. എന്നിട്ട് ബെഡിലേക്ക് ചൂണ്ടി. എന്തോ പറയാൻ വേണ്ടി ആള് തയ്യാറെടുക്കുകയാണ് അപ്പോഴും. "പോയി കിടന്ന് ഉറങ് ചെക്കാ.." അതും പറഞ്ഞു ഞാൻ മൂടി പുതച്ചു കിടന്നു. അറിയാതെ വയറിലേക്ക് കൈ പോയിരുന്നു. "നിന്റെ അച്ഛന് നിന്നെ കാണാൻ കൊതിയായിട്ട് ആണുട്ടോ.." മെല്ലെ ഞാൻ വയറിലേക്ക് തലോടി കൊണ്ട് പറഞ്ഞു. ഒരു പുഞ്ചിരി അപ്പോഴേക്കും മൊട്ടിട്ടിരുന്നു ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story