ശ്രീനന്ദനം: ഭാഗം 29

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"എന്നേയും കഷ്ടപ്പെട്ട് പ്രസവിച്ചു വലുതാക്കിയതല്ലേ രാധമ്മ. ആ അമ്മയോട് ഞാൻ തെറ്റ് ചെയ്തോ ശ്രീക്കുട്ടി..." അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു. പ്രസവിച്ചു എന്നല്ലാതെ ആ അമ്മ നിങ്ങൾക്ക് എന്നും ദുഃഖം മാത്രം ആണ് തന്നത് എന്ന് അവൾക്ക് ഉറക്കെ വിളിച്ചു പറയണം എന്ന് തോന്നി. പക്ഷെ എന്തു കൊണ്ടോ അവളുടെ നാവ് ചലിച്ചില്ല. അവളും ആകാശത്തേക്ക് വെറുതെ നോക്കി നിന്നു.. നീല നിറമുള്ള മേഘങ്ങൾക്ക് ഇടയിലേക്ക് ഒരു വെള്ള കീറുള്ള മേഘം വന്നു ചേരുന്നുണ്ടായിരുന്നു അപ്പോൾ ***** ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി.നന്ദൻ എപ്പോഴും കുഞ്ഞിന്റെ കൂടെ ഉണ്ടാവും.നിലയുടെ ചെറിയ കുസൃതികൾ ലച്ചുവിനെക്കാൾ കൂടുതൽ ആസ്വദിച്ചിരുന്നത് നന്തൻ തന്നെ ആയിരുന്നു.അവളുടെ ചെറിയ പുഞ്ചിരി പോലും അവന് വലിയ കാര്യം ആയിരുന്നു.ലച്ചുവിനെയും നിലയെയും അവൻ ചേർത്ത് പിടിക്കുമ്പോൾ അവനും ഇപ്പോൾ ലോകം വെട്ടിപിടിച്ച സന്തോഷം തോന്നി തുടങ്ങി. ലച്ചുവിനെയും നന്തനെയും വേറെ മുറികളിൽ താമസിപ്പിച്ചപ്പോൾ ആദ്യം അവനൊരു വിഷമം തോന്നിയെങ്കിലും ലച്ചു പറഞ്ഞപ്പോൾ ആ വാശി അവൻ മാറ്റി വെച്ചു.സമയം കിട്ടുമ്പോഴൊക്കെ നിലയെ കാണാൻ ജീവനും നമിയും വന്നിരുന്നു.

നില ജനിച്ചു കുറച് ദിവസം കഴിഞ്ഞപ്പോൾ തന്നെ നന്തൻ പതിയെ ചില ഓഫീസ് വർക്കുകൾ ഏറ്റെടുക്കാൻ തുടങ്ങിയിരുന്നു.ജീവൻ തന്നെ ആണ് അതിനും ചുക്കാൻ പിടിച്ചത്. ജീവന്റെയും നമിയുടെയും കല്യാണം ആറ് മാസത്തിന് ശേഷം ഉണ്ടാവും എന്ന് അറിയിച്ചു. രാധികക്ക് ജീവനോട് ഇപ്പോഴും ദേഷ്യം ആണെങ്കിലും അവൻ അതൊന്നും കാര്യം ആയി എടുത്തിരുന്നില്ല. നന്ദൻ ഒരിക്കൽ രാധികയെ കാണാൻ ചെന്നെങ്കിലും അവരെ ഉപേക്ഷിച്ചു അല്ലാതെ അങ്ങോട്ട് ചെല്ലരുത് എന്ന് പറഞ്ഞപ്പോൾ അവൻ പിന്നീട് അങ്ങോട്ട് പോവാൻ തയ്യാറായില്ല. പലപ്പോഴായി രാധിക അവനെ അനുനയിപ്പിക്കാൻ നോക്കി എങ്കിലും അവൻ അതിൽ നിന്നെല്ലാം വഴുതി മാറി ഇന്ന് നിലയുടെ പേരിടൽ ചടങ്ങ് ആണ്.അടുക്കള കൈകാര്യം ചെയ്യാൻ ശ്രീദേവിയോടൊപ്പം അന്ന് എല്ലാവരും അടുക്കളയിൽ കയറി അമ്പലത്തിൽ വെച്ചു പ്രാർത്ഥിച്ചു എങ്കിലും വീട്ടിൽ വെച്ചു തന്നെ ആയിരുന്നു പേരിടൽ ചടങ്ങ് നിശ്ചയിച്ചത്.നൂല് കെട്ടും അതോട് കൂടി തന്നെ നടത്താൻ ആണ് ഉദ്ദേശം നമിയും ജനനിയും ശിവാനിയും നേരത്തെ എത്തി ലച്ചുവിനെ ഒരുക്കാൻ ആയി കയറി

"ജാനു ചേച്ചിയെ... കല്യാണത്തിന് പോലും നേരെ ചൊവ്വേ ഒരുങ്ങാൻ പറ്റാത്തതാ എന്റെ ലച്ചുവിന്. ഇന്ന് രാജകുമാരി പോലെ വേണം ഒരുങ്ങാൻ" "അത്‌ പിന്നെ പറയാൻ ഉണ്ടോ.. ലച്ചുവിനെ ശരിക്കും ഒരുക്കിയിട്ട് മാത്രമേ ഇവിടെ നിന്ന് വിടുള്ളൂ.." "ദേ ദേ.. ഇതിനിടയിൽ എന്റെ കൊചിന്റെ കാര്യം മറന്നു കളയരുത് ട്ടോ.." 'ഞങ്ങളുടെ നില കൊച്ചിനെ ഞങ്ങൾ ആദ്യമേ ഒരുക്കിയിട്ടുണ്ട്.അല്ലെ പോന്നുസേ.." നിലയുടെ കയ്യിൽ കുലുക്കി ജനനി പറയുമ്പോൾ നില പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. ഒരുങ്ങി കഴിഞ്ഞപ്പോൾ ലച്ചു സ്വയം കണ്ണാടിയിൽ നോക്കി ചിരിച്ചു "ഐഷ്... എന്താ ചിരി. സുന്ദരി ആയിട്ടുണ്ടല്ലോ ലച്ചൂട്ടി..." "താങ്ക് യു താങ്ക് യു" "വേഗം വാ.. നന്ദൻ അവിടെ കാത്ത് നിന്ന് മുഷിഞ്ഞിട്ടുണ്ടാകും" അത് കേട്ടപ്പോൾ ലച്ചു ഒന്നു ഇളിച്ചു കാട്ടി. പിന്നെ കുഞ്ഞിനേയും എടുത്തു പുറത്തേക്ക് ഇറങ്ങി ലച്ചു മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടു തിരക്കിനിടയിൽ ആയിരുന്ന നന്ദൻ അവളെ തന്നെ നോക്കി നിന്നു "നീയിപ്പോ നിന്റെ കുട്ടിനെ ആണോ അതോ കെട്ടിയോളെ ആണോ നോക്കുന്നത്" ജീവൻ ആക്കി ചിരിച്ചു കൊണ്ട് അവന്റെ ചെവിയോരം വന്നു ചോദിച്ചു

"ഞാൻ രണ്ട് പേരെയും നോക്കും. അതിന് നിനക്ക് എന്താ.." "ഏയ്.. എനിക്ക് ഒന്നും ഇല്ലേ..ഞാൻ പൊയ്ക്കോളാമേ..." അവൻ ചിരിയോടെ പോയപ്പോൾ നന്തന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നിരുന്നു "അച്ഛനും അമ്മയും കുഞ്ഞുമായി ഇരുന്നോളു.." പൂജാരി പറയുന്നത് കേട്ട് നന്ദനും ശ്രീലക്ഷ്മിയും അടുത്തായി ഇരുന്നു. ശേഷം നിലയെ എടുത്തു മടിയിൽ വെച്ചു. അവരുടെ അപ്പുറം ആയി ശ്രീദേവിയും ജീവനും ഇരുന്നു. അച്ഛനാണോ മാമൻ ആണോ പേര് വിളിക്കുന്നത് "നന്ദൻ വിളിച്ചോളൂ.." ജീവൻ അത് പറഞ്ഞപ്പോൾ നന്ദൻ പുഞ്ചിരിയോടെ എല്ലാവരെയും നോക്കി. ശേഷം പൂജാരി പറഞ്ഞത് അനുസരിച്ചു ഇടതു ചെവിയിൽ വെത്തില വെച്ചു വലതു ചെവിയിൽ മൂന്ന് പ്രാവശ്യം പേര് വിളിച്ചു "നില.. നില.. നില" പേര് വിളി കഴിഞ്ഞതും നില കുറുകി നന്ദനോട് പറ്റി ചേർത്ത്കിടന്നു അവൻ അവൾക്ക് ഒരു ഉമ്മ കൊടുത്തതിനു ശേഷം ആ പേര് ഉറക്കെ വിളിച്ചു പറഞ്ഞു "നില...." എല്ലാവരും സന്തോഷത്തോടെ കയ്യടിച്ചു.

അവരുടെ സന്തോഷം ലച്ചുവിന്റെ മനസ്സിനെ തികഞ്ഞ ആനന്ദത്താൽ നിറക്കാൻ പാകമുള്ളവ ആയിരുന്നു "ഇനി കുഞ്ഞിനെ മാമന്റെ കയ്യിൽ കൊടുത്തോളു.." അത് കേട്ടപ്പോൾ ലച്ചുവും ശ്രീദേവിയും പരസ്പരം നോക്കി. അൽപ്പം നേരം കൂടി കഴിഞ്ഞാൽ അമ്മയിൽ നിന്ന് കണ്ണുനീർ ഇറ്റി വീഴും എന്ന് തോന്നിയപ്പോൾ ലച്ചു വേഗം തല തിരിച്ചു അപ്പോഴേക്കും കുഞ്ഞിനെ ജീവൻ മടിയിൽ എടുത്തു വെച്ചിരുന്നു.പിന്നെ കയ്യിൽ കരുതിയ സ്വർണത്തിന്റെ ഒരു കുഞ്ഞാരഞ്ഞാൺ എടുത്തു നിലയുടെ അരയിൽ കേട്ടി. ജനനിക്ക് ഒഴിച്ച് ബാക്കി ഉള്ളവർക്ക് എല്ലാം അത് അത്ഭുതം ആയിരുന്നു "ജീവ... എന്താ ഇത്" "ഒരേ വയറ്റിൽ പിറന്നത് അല്ലെങ്കിലും ലച്ചു എന്റെ പെങ്ങൾ അല്ലേടാ..അപ്പോൾ നിലയുടെ മാമൻ ഞാൻ തന്നെ അല്ലെ." ശ്രീദേവി ജീവന്റെ അടുത്ത് ചെന്നു തലയിൽ തലോടി.കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോൾ .അവൾ വാത്സല്യത്തോടെ അവന്റെ നെറുകയിൽ മുത്തി. "നീയും എന്റെ മകൻ തന്നെയാ.." "അപ്പോൾ ഞങ്ങളോ" ജനനി ചുണ്ട് പിളർക്കി ചോദിച്ചു.നമിയും അവളുടെ അടുത്ത് അതേ ഭാവത്തോടെ ശ്രീദേവിയെ നോക്കി നിൽപ്പൂണ്ടായിരുന്നു. "നിങ്ങൾ എല്ലാം എന്റെ മക്കൾ തന്നെ ആണ് ട്ടോ.." അത് കേട്ടപ്പോൾ നമി ഓടി പോയി ശ്രീദേവിയെ കെട്ടിപിടിച്ചു.

"അല്ലെങ്കിലും എന്റെ അമ്മായി മുത്താണ്" പൂജാരിക്കുള്ള ഭക്ഷണവും പണവും കൊടുത്തു അവർ എല്ലാം ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ടേബിളിന് ചുറ്റും ഇരുന്നു കഴിക്കുന്ന ഓരോ നിമിഷവും അവർ ഒത്തിരി സന്തോഷത്തിൽ ആയിരുന്നു. അവരുടെതായ നല്ല നിമിഷങ്ങളിൽ ചേർത്ത് വെക്കാൻ ക്യാമറ കണ്ണുകളിൽ ഓരോ കാര്യങ്ങളും ഒപ്പിയെടുത്തു. നിലക്ക് ജനനി ഒരു കുഞ്ഞു വള ഇട്ടു. മറ്റേ കയ്യിൽ നിറയെ കരിവള ആയിരുന്നു. ഇക്കിളി ഇടുമ്പോൾ മോണ കാട്ടി ചിരി നിലയോട് എല്ലാവർക്കും വാത്സല്യം തോന്നി. ശിവാനി ഏത് നേരവും നിലയോട് ഒപ്പം ആയിരുന്നു. അവളെ ആരെങ്കിലും എടുത്തു നടക്കുമ്പോൾ അവളും പിന്നാലെ നടക്കും. ഇടക്ക് കുശുമ്പ് കേറി എടുത്തു കൊണ്ട് നടക്കുന്ന ആൾക്കാരെ കടിക്കുന്നത് കൂടിയപ്പോൾ നന്ദൻ ശിവാനിയെയും എടുത്തു കൊണ്ട് മുറ്റത്തേക്ക് പോയി.പിന്നെ മുറ്റത്ത് വെച്ചു ആയിരുന്നു പരിപാടി. പാട്ട് കച്ചേരിയും ചെറിയ രീതിയിൽ നമിയുടെ നൃത്തവും ചെമ്പക പൂ പറിക്കലും ഒക്കെ ആയി അന്നത്തെ പകൽ അവസാനിച്ചു

ജനനിയും ശിവാനിയും അന്നത്തെ ഫ്ലൈറ്റ് ന് തന്നെ തിരിച്ചു പോയി. ജീവനും നമിക്കും കോളേജ് അവധി അല്ലാത്തത് കൊണ്ട് അവരും അന്നത്തെ ദിവസം അവിടെ തങ്ങിയില്ല. ആളും ആരവും ഒതുങ്ങി രാത്രി ഏറെ വൈകി നിലയും അമ്മയും ഉറങ്ങിയതിന് ശേഷം പതിവ് പോലെ അന്നും അവർ ആമ്പൽ പൂ വിടരുന്നത് കാണാൻ പോയി. കൈ കോർത്തു പിടിച്ചു ആമ്പൽ കുളത്തിന്റെ അരികെ നിൽക്കുമ്പോൾ രാത്രിയുടെ നിശബ്ദതയെ മെല്ലെ ആവാഹിച്ചു കഴിഞ്ഞിരുന്നു. നിലാവിന്റെ ഒരു കുഞ്ഞു പൊട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആമ്പൽ വിടർന്നു നിൽപ്പുണ്ടെങ്കിലും എവിടെയോ ഒരു വിഷാദം ഏറ്റത് പോലെ പല ആമ്പൽ പൂക്കളും സ്വയം വാടി നിൽപ്പുണ്ടായിരുന്നു. ആമ്പലിന്റെ പ്രകാശ ഭംഗി എവിടെയോ നഷ്ടപ്പെട്ടു പോകുന്നുവോ..? "നന്ദേട്ടാ... ഈ ആമ്പൽ പൂക്കൾക്ക് എന്തു പറ്റിയതാവും. എല്ലാം വാടി നിൽക്കുന്നു" "അവർ വിരഹത്തിന്റെ വരവ് അറിയിക്കുന്നതാണ് ശ്രീ..ചന്ദ്ര കല പൂർണമായും മായുന്ന ദിവസങ്ങൾ ആണ് ഇനി.അതിന്റെ വേദന അവർക്ക് അത്ര മേൽ ദുഃഖം ഉണ്ടാകുന്നുണ്ട്. എങ്കിൽ കൂടി ചന്ദ്രൻ ഉള്ള ആ സമയം അത്രയും അവർ സന്തോഷത്താൽ തന്നെ ഇരിക്കുന്നില്ലേ.. വിരഹ വേദന മറച്ചു വെച്ചു ആണെങ്കിലും.

അതല്ലേ ശരിക്കും ഉള്ള പ്രണയം" ലച്ചു നന്തന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവൻ ഇപ്പോൾ പഴയ നന്ദൻ ആയി മാറിയിരിക്കുന്നു. പ്രണയത്തെ കുറിച്ച് വാചല ആയിരിക്കുന്നു. ശ്രീക്കുട്ടിയിൽ നിന്ന് പണ്ട് അവൻ പ്രണയത്തോടെ വിളിച്ചിരുന്ന ശ്രീ എന്ന പേരിലേക്ക് വരെ എത്തി നിന്നിരിക്കുന്നു. അവന്റെ അസുഖം പൂർണ്ണമായും മാറി എന്ന് തന്നെ അവൾ വിശ്വസിച്ചു. അത് അവളിൽ കൂടുതൽ കൂടുതൽ സന്തോഷത്തെ നിറച്ചു കുറച് നേരം കൂടി ആമ്പലിനെ മറന്നു പരസ്പരം കണ്ണിൽ നോക്കി നിന്ന ശേഷം മുറിയിലേക്ക് മടങ്ങുമ്പോൾ സന്തോഷം മാത്രം നില നിന്നു. "നന്ദേട്ടാ..." "ഓ." "നന്ദേട്ടാ.." "ഓ....." "നന്ദേട്ടാ.." "എന്താടി.." "മോൾടെ ചോറൂണ് നമുക്ക് ഗുരുവായൂർ വെച്ചു നടത്തണം ട്ടോ.." "അതെന്താ അങ്ങനെ ഒരു ആശ" "അങ്ങനെ വേണം. എന്റെ ഒരു ആഗ്രഹം ആണ്. അത് പോലെ അയൽക്കാരെയും നന്ദേട്ടന്റെ ബന്ധുക്കളെയും വിളിച്ചു ഇവിടെ ചെറിയ സദ്യ ഒരുക്കണം" "ഉം. എല്ലാം നടത്താം. ഇനിയും മൂന്ന് മാസം കൂടി ഇല്ലേ.." "പക്ഷെ വിളിച്ചാൽ നന്ദേട്ടന്റെ ബന്ധുക്കൾ വരുമോ എന്നാണ് എന്റെ പേടി." "എന്റെ ബന്ധുക്കളെ മാത്രം അല്ല. ഉണ്ണികുട്ടനെയും വിളിക്കണം. വരുന്നവർ വന്നാൽ മതിയടി.. നിനക്ക് ഞാനില്ലേ..

നമ്മളെ അറിയുന്ന ചിലരും.ആര് ഇല്ലെങ്കിലും അത് മതി.നിന്റെ ആഗ്രഹം പോലെ നിലയുടെ ചോറൂണ് നമുക്ക് ഗംഭീരം ആയി നടത്തണം." അവളുടെ കവിളിൽ തട്ടി അത് പറയുമ്പോൾ അവൻ പുഞ്ചിരിച്ചു കൊണ്ട് അവനോട് പറ്റി ചേർന്ന് കിടന്നു **** "ആആആആ...." ആരുടെയോ നില വിളി കേട്ട് അവൾ ഞെട്ടി ഉണർന്നു. അടുത്ത് നന്ദൻ ഉണ്ടായിരുന്നില്ല. "ആാാാാ..." വീണ്ടും അലർച്ച കേട്ടപ്പോൾ അവൾ ചാടി എഴുന്നേറ്റു പുറത്തേക്ക് ഓടി. അവിടെ നന്ദൻ സ്വന്തം മുടിയെ പിച്ചി വലിച്ചു അലറി കരയുന്നത് അവൾ ഞെട്ടാലോടെ നോക്കി നിന്നു. ഉടനെ സ്വബോധം വീണ്ടെടുത്ത് അവൾ അവനനരികിലേക്ക് ഓടി "നന്ദേട്ടാ... എന്താ പറ്റിയെ.." "ആാാ......." അവൻ ഒരിക്കൽ കൂടി അലറി കരഞ്ഞു അവളെ ഊക്കിൽ തള്ളി. അവൾ കുറച് മാറി മണ്ണിൽ ചെന്നു വീണു. അവൻ ഉടനെ തളർന്നു വീഴുകയും ചെയ്തു. അവൾ വീണ്ടും ഓടി അവനരികിലേക്ക് ചെന്നു അവന്റെ തല എടുത്തു മടിയിൽ വെച്ചു. അവൻ ബോധം നഷ്ടപ്പെട്ടു കിടക്കുകയായിരുന്നു അപ്പോൾ "നന്ദേട്ടാ... എന്താ പറ്റിയെ.. കണ്ണ് തുറക്ക്" ലച്ചു ഒരുപാട് വിളിച്ചിട്ടും അവൻ എഴുന്നേൽക്കാതെ ആയപ്പോൾ ശ്രീദേവി ഫോൺ എടുത്തു ജീവനെ വിളിച്ചു വരുത്തി.ജീവൻ ഉടനെ വന്നു അവനെ എടുത്തു കാറിൽ കയറ്റി.കാറിൽ അവരുടെ ഒപ്പം കയറുമ്പോൾ ശ്രീലക്ഷ്മിയുടെ നെഞ്ചു വല്ലാതെ പിടക്കുന്നുണ്ടായിരുന്നു. ആമ്പൽ പൂവിന്റെ വിരഹ വേദന അവളും അറിഞ്ഞു തുടങ്ങിയിരുന്നുവോ...? ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story