ശ്രീനന്ദനം: ഭാഗം 31

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

വിടരാത്ത ആമ്പലിനെ മാത്രം അവൾ നോക്കി നിന്നു.സങ്കടം വെമ്പുന്നുണ്ടെങ്കിലും അവൾക്ക് കരയാൻ സാധിച്ചില്ല.ആമ്പലും അത് പോലെ ആയിരിക്കില്ലേ..നിലാവ് ഇല്ലാത്തപ്പോൾ ആമ്പലും വിരഹം അനുഭവിക്കുന്നുണ്ടാവില്ലേ.. "നിലാവ് മടങ്ങുമ്പോൾ നീയും മൃതിയടയുകയാണോ വെള്ളാമ്പൽ പൂവേ..." മനസ്സിൽ ഉരുവിട്ട ചോദ്യങ്ങൾ നേരിട്ട് ചോദിക്കാൻ ആവാതെ അവളുടെ ഉള്ളിൽ തെളിഞ്ഞു നിൽക്കുന്ന മുഖത്തെ വീണ്ടും ആവാഹിച് കൊണ്ടിരുന്നു ആ പെണ്ണ്! *** "എന്തെങ്കിലും കഴിക്ക് മോളെ.." " വിശപ്പില്ല അമ്മേ.." "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ. നീ കഴിച്ചിട്ട് വേണ്ടേ കുഞ്ഞിന് പാൽ കൊടുക്കാൻ. നീ കഴിച്ചില്ലെങ്കിൽ അതും വിശന്നിരിക്കേണ്ടി വരില്ലേ.." "അങ്ങനെ ഒന്നും ഇല്ല അമ്മേ." "എന്താ ഇവിടെ" "ജീവേട്ടനോ.. ഇന്ന് കോളേജിൽ പോയില്ലേ" "ഞാൻ രണ്ട് ദിവസം ലീവ് പറഞ്ഞിരിക്കുവാ" "അത് വേണ്ടായിരുന്നു മാഷേ.. ഇപ്പോൾ തന്നെ ഞങ്ങൾക്ക് വേണ്ടി കുറെ പൈസ ചിലവാക്കി, കുറെ ലീവ് എടുത്തു. ക്ലാസ്സ്‌ കഴിയാറായില്ലേ ഇപ്പോൾ. ഇനിയും ലീവ് എടുക്കുന്നത് ശരിയല്ല" "എന്റെ ലീവിന്റെ കാര്യം അല്ല ഇവിടെ വിഷയം. നീ എന്താണ് ഭക്ഷണം കഴിക്കാത്തത്" "വിശപ്പില്ല." അവൾ എവിടെയോ നോക്കി കൊണ്ട് പറഞ്ഞു "എന്തു കൊണ്ട് വിശപ്പില്ല.

നന്തന്റെ കാര്യം ആലോചിച്ചാണെങ്കിൽ നീ കഴിക്കാതെ ഇരിക്കേണ്ട. നന്ദൻ എന്തായാലും കൗൺസലിംങ് ന് വരുമല്ലോ.. അപ്പോൾ കാര്യം പറഞ്ഞു മനസ്സിലാക്കാം." "ഉം" "കഴിക്ക്" "എനിക്ക് വിശപ്പില്ല മാഷേ.." "ലച്ചു..നീ ഇങ്ങനെ ആയാൽ എന്താ ചെയ്യാ. ഇന്നലെ ആശുപത്രിയിൽ നിന്ന് വന്നതിന് ശേഷവും ഭക്ഷണം ഒന്നും കഴിച്ചില്ലെന്ന് പറയുന്നു." "മനസിന് ഒരു സുഖം ഇല്ല. ഈ അവസ്ഥയിൽ കഴിച്ചിട്ടും കാര്യം ഇല്ല. ഞാൻ.. ഞാനൊന്ന് ഒറ്റക്ക് ഇരിക്കട്ടെ" അവൾ അവിടെ നിന്ന് പതിയെ എഴുന്നേറ്റ് പോയി "മോളെ.." "അവളെ വിളിക്കണ്ട അമ്മേ.. അവളുടെ അവസ്ഥ നമുക്ക് മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ.. അവന് പെട്ടന്ന് ഇങ്ങനെ സംഭവിച്ചതിന്റെ ഷോക്ക് ആണ് അവൾക്ക്. പതിയെ മാറിക്കോളും. സമയം കൊടുത്താൽ മതി. അത് വരെ അവളെ കൂടുതൽ ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കണ്ട." "ഉം. ഒരുപാട് അനുഭവിച്ചതാ എന്റെ കുട്ടി.കുറച്ചു നാൾ മുമ്പേയ ഉള്ള് തുറന്നു സന്തോഷിച്ചു കണ്ടത്. വീണ്ടും അവൾ ദുഖത്തിലേക്ക് തന്നെ പോവുകയാണല്ലോ എന്നോർക്കുമ്പോഴാ.." "ഒരു കുഴപ്പവും ഇല്ല അമ്മേ.. എല്ലാം ശരിയാവും" അവൻ അത് പറഞ്ഞപ്പോൾ അവൾ ഒരു ദീർഘ നിശ്വാസം വിട്ടു ** ലച്ചു കുറച്ചു നേരം ബെഡിൽ കിടന്നു. അവളുടെ ഒപ്പം അവനും കിടക്കുന്നതായി അവൾക്ക് തോന്നി.

അവൻ മെല്ലെ ചിരിക്കുന്നത് പോലെ..അറിയാം സ്വപ്നം ആണെന്ന്. പക്ഷെ ആ മുഖത്തിന് വേണ്ടി അവൾ അത്രയും ആർത്തി പിടിച്ചു തിരയുന്നത് കൊണ്ടാണെന്ന് തോന്നുന്നു അവൾ നോക്കുന്നിടത്ത് എല്ലാം അവൻ നിറയുന്നത്. പെട്ടന്ന് മറന്നു കളയാനോ വിട്ടു കളയാനോ പറ്റുന്ന ബന്ധം അല്ല അത്‌. വിട്ടു കളയാൻ ഒരിക്കലും അവൾക്ക് കഴിയുകയും ഇല്ല. മുമ്പ് നടന്ന കാര്യങ്ങൾ അവൾ ഓർത്തു.പണ്ട് മുതലേ പ്രണയിച്ചു നടന്നതും പിന്നെ എപ്പോഴോ പിരിഞ്ഞതും അതിൽ ഒരുപാട് വിഷമിച്ചതും പിന്നീട് വീണ്ടും അടുത്തതും നഷ്ടപ്പെടുമോ എന്ന് പേടിച്ചതും വിവാഹവും കുഞ്ഞും അവസാനം വീണ്ടും ഒരു വിരഹം കൂടി.. ഒരുപാട് അടുത്തത് കൊണ്ടാണെന്ന് തോന്നുന്നു ഓരോ നിമിഷവും അവളുടെ ഉള്ളിൽ അവൻ മാത്രം നിറയുന്നതും. പ്രണൻ ആയി മാറിയ പ്രണയം പെട്ടന്ന് തള്ളി പറയുന്നത് ആർക്കാണ് സഹിക്കാൻ കഴിയുക? നിലയുടെ കരച്ചിൽ ആണ് അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത്. കരച്ചിൽ മാറ്റി ബെഡിലേക്ക് കിടത്തുമ്പോഴും അവൾക്ക് കുഞ്ഞിന്റെ മുഖത്ത് നോക്കി ചിരിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഒന്നും അറിയാത്ത കുഞ്ഞു അവളെ നോക്കി ചിരിച്ചു. വെറുതെ നോക്കി കിടന്നു. പിന്നെ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു ലച്ചു അവളെ കുറച്ചു നേരം നോക്കി നിന്നു.

അവളെ നോക്കുമ്പോൾ തന്റെ വിഷമം എവിടെയോ ഓടി ഒളിക്കുന്നത് പോലെ.. കുറച്ചു നേരം ഉണ്ടായുള്ളൂ എങ്കിലും അത് അവൾക്ക് സന്തോഷം നൽകി. രണ്ടാഴ്ച കഴിഞ്ഞു പോയിട്ടും അവളുടെ അവസ്ഥക്ക് വലിയ മാറ്റം ഒന്നും ഉണ്ടായില്ല.ഇടയ്ക്കിടെ ജീവനും അവന്റെ അച്ഛനും അമ്മയും ഒപ്പം നമിയും അവളെ കാണാൻ വന്നു.പാത്തും പതുങ്ങിയും നമിയുടെ അമ്മയും ഒരിക്കൽ കുഞ്ഞിനെ കാണാൻ ആയി വന്നിരുന്നു.അവരോടെല്ലാം അവൾ പുഞ്ചിരിചതെ ഉള്ളു..ജനനി ഇടയ്ക്കിടെ വിളിക്കുമ്പോൾ പലപ്പോഴും അവളോടൊന്നും മിണ്ടാൻ ആകാതെ സംഭാഷണം നിർത്തും അവൾ.ഒരുപാട് സന്തോഷിക്കേണ്ട സമയങ്ങളിലും അവൾ ദുഖിച്ചിരിക്കുന്നത് അവർക്കും വിഷമം നൽകിയിരുന്നു നന്തനെ ഓർക്കാത്ത ഒരു നിമിഷം പോലും അവൾ കടന്ന് പോയില്ല.എങ്ങനെ നന്തനെ എല്ലാം അറിയിച്ചു അവളുടെ പഴയ നന്ദേട്ടൻ ആക്കും എന്നും അവൾ ചിന്തിക്കാതിരുന്നില്ല "മോളെ..." ലച്ചു നിലയെ ഉടുപ്പ് ഇടീക്കുന്നതിനിടക്ക് വാതിലിന് അടുത്ത് വന്നു നിന്ന് കൊണ്ട് ശ്രീദേവി ചോദിച്ചു "ആഹ്.. എന്താ അമ്മേ" "കുഞ്ഞിന്റെ കാര്യം നോക്കുന്നുണ്ട് എന്നല്ലാതെ നീ ഇപ്പോഴും പഴയ ലച്ചു ആയിട്ടില്ല.ദിവസം ഇത്രയും കടന്നു പോയില്ലേ.. നന്ദൻ കൗൺസിലിംഗ് ന് വന്നാൽ എല്ലാം ശരിയാവും എന്നല്ലേ ജീവൻ പറഞ്ഞത്.നന്ദൻ എല്ലാം മനസ്സിലാക്കി തിരിച്ചു വരും മോളെ.. നീ ഇനിയും വിഷമിക്കുന്നത് കണ്ടു നിൽക്കാൻ എനിക്ക് വയ്യ മോളെ"

"എനിക്ക് വിഷമം ഒന്നും ഇല്ല അമ്മേ.." "കള്ളം പറയണ്ട.നീ ശരിക്കും ഭക്ഷണം കഴിച്ചിട്ട് നാൾ എത്ര ആയി എന്ന് അറിയോ.." "ഉം.വിഷമം ഉണ്ട്. വിഷമിക്കരുത് എന്ന് ആത്മാർത്ഥമായി പറയാൻ അമ്മക്ക് പറ്റോ..പറ" "മോളെ ഞാൻ..." "അമ്മ സങ്കടപ്പെടേണ്ട.കുറച്ചു നാൾ കൂടി.. അത് കഴിഞ്ഞാൽ ഞാൻ പഴയ പോലെ ആവും.ഉറപ്പ്" "ഉം" "അമ്മ നിലയെ കണ്ടോ..അവൾക്ക് നന്ദേട്ടന്റെ അതേ ഛായ ആണ്.അവളെ കാണുമ്പോൾ എനിക്ക് നന്ദേട്ടനെ ആണ് ഓർമ വരുന്നത്.അതൊക്കെ മതി അമ്മേ.. പെട്ടന്ന് എല്ലാം കൂടി നന്ധേട്ടനോട് പറഞ്ഞാൽ അദ്ദേഹത്തിന് വീണ്ടും ഷോക്ക് ആവുകയെ ഉള്ളു.. എന്നെകിലും അറിയും എന്ന് എനിക്ക് വിശ്വാസം ഉണ്ട്.അത് വരെ ഇങ്ങനെ അങ്ങ് പോട്ടെ.." "ഉം." "അമ്മയുടെ മനസ് എനിക്ക് കാണാം.ഒരുപാട് സന്തോഷം അനുഭവിച്ചിട്ടുണ്ട് പെട്ടന്ന് അത് ഇല്ലാതായപ്പോൾ ഞാൻ വല്ല കടും കയ്‌ക്കും ശ്രമിക്കുമോ എന്നല്ലേ.." ലച്ചു അത് പറഞ്ഞപ്പോൾ ശ്രീദേവി ഞെട്ടി അവളെ നോക്കി.അവരുടെ മനസിനെ ഇത്ര ദിവസം അലട്ടി കൊണ്ടിരുന്ന വിഷമം അവൾ വായിച്ചെടുത്തിരിക്കുന്നു!! ശ്രീദേവിയുടെ ഞെട്ടൽ കണ്ടു ലച്ചു പതിയെ പുഞ്ചിരിച്ചു.ശേഷം ചിരിച്ചു കിടക്കുന്ന നില മോൾക്ക് ഒരു ഉമ്മ കൊടുത്തു. "ഇവളുടെ ചിരി ആണ് എന്നെ ഇന്നും പിടിച്ചു നിർത്തുന്നത്.ഇവൾ ഇല്ലായിരുന്നു

എങ്കിൽ ഞാൻ ചിലപ്പോൾ അമ്മ വിചാരിച്ച പോലെ ആത്മഹത്യക്ക് ശ്രമിച്ചേനെ.." പുഞ്ചിരിയോടെ പറയുമ്പോൾ ശ്രീദേവിക്ക് തിരിച്ചു എന്തു പറയണം എന്നുണ്ടായിരുന്നില്ല "എന്റെ അമ്മ കുട്ടി പേടിക്കണ്ടാട്ടൊ.. എന്റെ കുഞ്ഞു സുന്ദരിയും നിഴൽ പോലെ കൂടെ നടക്കുന്ന ഈ അമ്മയും സ്വന്തം സഹോദരിയെ പോലെ എന്നെ നോക്കുന്ന മാഷും ജനനിയും നമിയും ഒക്കെ ഉള്ളിടത്തോളം കാലം ഞാൻ ഇവിടെ ഒക്കെ തന്നെ കാണുമെന്നേ.." അവരുടെ തോളിൽ കൈ ഇട്ട് കൊണ്ട് പറയുന്ന ശ്രീലക്ഷ്മിയെ നോക്കി അവരും പുഞ്ചിരിച്ചു.സമാധാനത്തിന്റെ പുഞ്ചിരി. **** പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു. ജീവൻ എത്തി നിലയെ കളിപ്പിച്ചു കൊണ്ടിരുന്നു. ശ്രീദേവി അവനുള്ള ചായയും കൊണ്ട് വരുമ്പോൾ ആണ് ലച്ചു അങ്ങോട്ടേക്ക് കയറി വന്നത്. അവൾക്ക് എന്തോ പറയാൻ ഉണ്ടെന്ന് അവന് മനസ്സിലായിരുന്നു. അവൾക്ക് എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയാതെ നിന്നു "ലച്ചുവിന് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ?" "ഉം" "എന്താ" "ജീവേട്ടൻ എനിക്ക് ഒരു ഉപകാരം കൂടി ചെയ്യോ.." "എന്താടാ.." "ഞങ്ങളെ ആ പഴയ വീട്ടിലേക്ക് തന്നെ കൊണ്ട് പോവോ.. ഇവിടെ എനിക്ക് പറ്റുന്നില്ല" അത് പറയുമ്പോൾ ചുണ്ടുകൾ വിതുമ്പുന്നുണ്ടെങ്കിലും അവളുടെ കണ്ണിൽ നിന്നൊരു തുള്ളി പോലും കണ്ണുനീർ പുറത്തേക്ക് ഒഴുകിയില്ല

"എന്തിനാടാ പോവുന്നെ ഇത് നിന്റെ വീട് അല്ലെ.. നിന്റെയും നന്ദന്റെയും പേരിൽ ആണ് ഈ വീട് എഴുതിയിരിക്കുന്നത്" "അറിയാം. പക്ഷെ നന്ദേട്ടൻ ഇല്ലാത്ത എനിക്ക് ഇവിടെ വേണ്ട. ഇവിടെ നിങ്ങളുടെ പ്രണയങ്ങളും സന്തോഷവും മാത്രം ആണ് നിറഞ്ഞു നിൽക്കുന്നത്.ഇനി വിരഹം കൂടി വീഴ്ത്തണ്ട.ഇത് എന്നും ഇങ്ങനെ തന്നെ നിൽക്കട്ടെ.ഇടക്കൊക്കെ വരാലോ.. അപ്പോൾ എനിക്ക് എന്റെ പ്രണയനിമിഷങ്ങൾ തിരികെ കിട്ടും.അത് മതി" "പക്ഷെ ലച്ചു.. അവൻ നിങ്ങളെ ഇവിടെ നിർത്താൻ ആണ് ആഗ്രഹിക്കുന്നത്" "ഇവിടെ നിന്ന് എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു.എവിടെ നോക്കിയാലും നന്ദേട്ടൻ ആണ്.ഇനിയും നിന്നാൽ ശരിക്കും ഞാൻ ഭ്രാന്തി ആയി പോവും.അതാ പറഞ്ഞെ ഞങ്ങളെ അവിടെ തന്നെ ആക്കിയേക്ക്.ഒന്നില്ലെങ്കിൽ അകലെ നിന്നെകിലും എനിക്ക് നന്ദേട്ടനെ കാണാമല്ലോ.." അവളുടെ കണ്ടം ഇടറിയിരുന്നു അപ്പോൾ.കേട്ട് നിന്നിരുന്ന അമ്മയ്ക്കും ജീവനും അത് മനസ്സിലായപ്പോൾ പിന്നെ ഒന്നും പറഞ്ഞില്ല.കുറച്ചു നേരം അവിടെ നിശബ്ദത പടർന്നു. "കുഞ്ഞുമായി പോകുന്നതല്ലേ ലച്ചു.. അവിടെ എല്ലാ സൗകര്യവും ഉണ്ടാവില്ലല്ലോ.." "ഞങ്ങൾ ഈ കല്യാണവും വീട് മാറലും ഒന്നും പ്രതീക്ഷച്ചതല്ലല്ലോ ഏട്ട.. ഇതൊന്നും ഇല്ലായിരുന്നു എങ്കിലും എന്റെ കുഞ്ഞു ആ പഴയ വീട്ടിൽ വളരേണ്ടത് അല്ലെ.. പിന്നെ വൃത്തിയുടെ കാര്യത്തിൽ ആണെങ്കിൽ പേടിക്കണ്ട. കുറച്ചു നാൾ മുന്ന് അനേഷിച്ചപ്പോൾ ഉണ്ണിക്കുട്ടൻ അവിടെ ആണ് താമസിക്കുന്നത് എന്നറിഞ്ഞില്ലേ..

അവനെന്തായാലും വീട് വൃത്തി ആയി ഇടും എന്നെനിക്ക് ഉറപ്പാണ്." അവൾ അതെല്ലാം പറഞ്ഞിട്ടും ശ്രീദേവിയുടെയും ജീവന്റെയും മുഖം തെളിഞ്ഞിരുന്നില്ല. അവൾക്ക് ദുഃഖം ആയിരിക്കും എന്നവൾക്ക് അറിയാമായിരുന്നു. അവരെ കാണിക്കാണെങ്കിലും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. എങ്കിലും അതിന് ഒരു സങ്കടത്തിന്റെ ചുവയുണ്ടായിരുന്നു "നിങ്ങൾ ഇങ്ങനെ വിഷമിക്കല്ലേ..ഞാൻ ഒറ്റക്ക് അല്ലല്ലോ ജീവേട്ട..എന്റെ കൂടെ അമ്മയും നിലയും ഇല്ലേ.. അത് മതി പെട്ടന്ന് ഒരു ദിവസം പ്രതീക്ഷിക്കാതെ ദൈവം എല്ലാം എനിക്ക് തന്നു.അത് പോലെ പെട്ടന്ന് ഒരു ദിവസം എല്ലാം തിരിച്ചെടുക്കുകയും ചെയ്തു.അത്രയേ ഉള്ളു.. എങ്കിലും എന്റെ സന്തോഷ നാളുകളിൽ ഞാൻ സങ്കടത്താൽ കരഞ്ഞത് ഞാൻ ഓർക്കുന്നില്ല.എന്നും ഒരുപാട് സന്തോഷം ഉണ്ടായിരുന്നു.ഇവിടെ എന്റെ പ്രണയം നിറഞ്ഞു നിൽക്കുന്നുണ്ട്.ആരെയും പേടിക്കാതെ എല്ലാവരുടെയും അനുഗ്രഹത്തോട് കൂടി ഞങ്ങൾ കുറച്ചു മാസം എങ്കിലും പ്രണയിക്കാൻ കഴിഞ്ഞില്ലേ.. അത് മതി.അത് മതി അമ്മേ.. നമുക്ക് പോവാം." പറഞ്ഞു കഴിയുമ്പോൾ അത്ര നേരം പിടിച്ചു വെച്ച കണ്ണുനീരാൽ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.ശ്രീദേവി കരഞ്ഞു കൊണ്ട് തലയാട്ടിയപ്പോൾ അവൾ ജീവനെ നോക്കാതെ വേഗം പുറത്തേക്ക് പോയി.

അവന്റെ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം നൽകാൻ അവൾക്ക് കഴിയുമായിരുന്നില്ല.അവൻ നിരത്തുന്ന ചോദ്യങ്ങൾക്ക് മുമ്പിൽ അവൾ തോറ്റു പോയേക്കാം.മറുപടി പറയാൻ ആകാതെ അവൾ വീണ്ടും ഇവിടെ തന്നെ നിന്നാൽ അവൾക്ക് അവളെ തന്നെ നഷ്ടമാകും എന്ന ബോധം അവൾക്ക് ഉണ്ടായിരുന്നു അവൾ ആദ്യം പോയത് ചെമ്പക ചുവട്ടിലേക്കാണ്. 'എനിക്കും നിലക്കും വേണ്ടി എത്രയെത്ര ചെമ്പക പൂക്കൾ ഇതിൽ നിന്ന് പൊട്ടിച്ചു കൊണ്ട് വന്നിട്ടുണ്ട്. ചെമ്പക പൂ എടുത്തു നിലയുടെ കുഞ്ഞു മൂക്കിൽ നന്ദേട്ടൻ വെക്കുമ്പോൾ ഞാൻ നന്ദേട്ടനെ വഴക്ക് പറഞ്ഞു തല്ല് വെച്ചു കൊടുത്തിട്ടുണ്ട്. പക്ഷെ നിലക്ക് ഇഷ്ടം ആയിരുന്നു ആ ചെമ്പക പൂവിന്റെ മണം. ചെമ്പകം മണക്കുമ്പോൾ അവൾ മോണ കാട്ടി ചിരിക്കുമായിരുന്നു. സന്തോഷത്താൽ കൈ കാലുകൾ ഇട്ട് അടിക്കുമായിരുന്നു. അത് കാണെ നന്ദേട്ടനിൽ ഒരു വിജയ ചിരി വരും. ഞെളിഞ്ഞിരുന്നു ചോദിക്കും' "ഇപ്പോൾ എങ്ങനെ ഉണ്ട്" അത്‌ കാണെ ഞാൻ പിണങ്ങിയ പോലെ തിരിഞ്ഞു നടക്കും "അല്ലെങ്കിലും അച്ഛനും മോളും കണക്കാ.." നന്ദേട്ടൻ ഓടി വന്നു എന്നെ നന്ദേട്ടന്റെ മുന്നിൽ നിർത്തും "ഇത് പോലെ ഒരു കുശുമ്പി അമ്മ" നന്ദേട്ടൻ തലയിൽ കൈ വെച്ച് പറയുമ്പോൾ ഞാൻ ചുണ്ട് പിളർക്കി കാണിക്കും. നന്ദേട്ടൻ അപ്പോൾ എന്റെ മൂക്കിൽ ചെറുതായി കടിക്കും

"നീ കഴിഞ്ഞല്ലേ ഉള്ളു എനിക്കും നിലക്കും വേറെ ആരും. ഇങ്ങനെ കുശുമ്പിക്കാതെ എന്റെ പെണ്ണെ..." ഓർമ്മകൾ അയവിറക്കുമ്പോൾ അവളുടെ ചുണ്ടിൽ അവൾ പോലും അറിയാതെ പുഞ്ചിരി വിടർന്നു. പെട്ടന്ന് അത് വിഷാദത്തിലേക്ക് തിരിഞ്ഞു. ഇപ്പോഴുള്ള ചെമ്പക മരം അവൾ അപ്പോൾ കൈ കെട്ടി നിർവികാരതയോടെ നോക്കി നിന്നു. 'ചെമ്പകത്തിന്റെ ഇലകളും പൂക്കളും കൊഴിഞ്ഞു ഇല്ലാതായി ഇരിക്കുന്നു.മണ്ണിൽ കൊഴിഞ്ഞു കിടക്കുന്ന ചെമ്പക പൂക്കളുടെ ഇതളുകളെയും അവൾ കുറച്ചു നേരം നോക്കി നിന്നു. ഒരു പൂവ് പോലും ഇതളുകളോട് കൂടി ഒന്നിച്ചു കൊഴിഞ്ഞിട്ടില്ല. എല്ലാത്തിൻടെയും ഇതളുകൾ വേർ പെട്ടിരിക്കുന്നു. കൊഴിഞ്ഞു കിടക്കുമ്പോൾ അവർ ഒറ്റക്കാണ്.മനുഷ്യനെ പോലെ..എന്നെ പോലെ.. എങ്കിലും മരത്തിൽ ഉള്ളപ്പോൾ അവർ ഒന്നിച്ചു ആയിരുന്നില്ലേ.. ഇതളുകളോടും ഇലകളോടും കൂടി അവർ പൂർണരായിരുന്നില്ലേ..കൊഴിഞ്ഞു കിടക്കുമ്പോൾ പ്രണയ നിമിഷങ്ങൾ ഓർത്തു വെക്കാൻ അവർക്ക് അത് മതിയായിരിക്കും' അവിടെ ഉള്ള മാവിനോടും ചാമ്പക്കയോടും ചെമ്പരത്തിയോടും എല്ലാം അവൾ കിന്നാരം പറഞ്ഞു. പോവുന്ന കാര്യം പറയുമ്പോൾ അവർ പിണങ്ങി നിൽക്കുന്നത് ആയി അവൾക്ക് തോന്നി. അവൾ ഓരോന്നിനെയും മെല്ലെ തലോടി..

മുല്ലപ്പൂക്കൾ പോലും വാടി നിൽക്കുന്നു. നന്ദേട്ടന് മുല്ലപ്പൂവും ഒത്തിരി ഇഷ്ടം ആയിരുന്നു. എന്നേക്കാൾ കൂടുതൽ നന്ദേട്ടന്റെ ഈ മുല്ലപ്പൂ സ്നേഹിച്ചത് കൊണ്ടായിരിക്കാം അവൾ ആദ്യമേ കൊഴിഞ്ഞത്. കുറച്ചു നാൾ മുമ്പ് വരെ നന്ദേട്ടന് എന്നേക്കാൾ ഇഷ്ടം മുല്ലപ്പൂവിനോദ് ആണെന്ന് പറഞ് അവൾ പിണങ്ങി നിൽക്കുമായിരുന്നു. അവളുടെ തലയിൽ മുല്ലപൂ ചൂടി കൊണ്ടായിരുന്നു നന്ദൻ ആ പരിഭവം മാറ്റി എടുക്കാറ് "നന്ദേട്ടൻ ഉടനെ തിരികെ വരും ട്ടോ.. നന്ദേട്ടൻ വരുമ്പോൾ ഞാനും വരും. അത് വരെ ആരും കൊഴിഞ്ഞു പോവാതെ വിടർന്നു തന്നെ നിൽക്കണെ..." ഒരിക്കൽ കൂടെ ആ പൂന്തോട്ടത്തെ നോക്കി പുഞ്ചിരിച് അവൾ അകത്തേക്ക് കയറി. അറിയാതെ പോലും അവളുടെ നോട്ടം ആമ്പൽ കുളത്തിലേക്ക് എത്തി പെട്ടില്ല. അവരുടെ പ്രണയത്തിന് ഒരുപാട് സാക്ഷി നിന്ന ആമ്പൽ കുളത്തെ നേരിടാൻ അവൾക്ക് കഴിയുമായിരുന്നില്ല. **** "നീ ഇപ്പോൾ ആ നശിച്ച ശ്രീലക്ഷ്മിയെ തന്നെ ഓർത്തിരിക്കുകയാണോ നന്ദ.. " ഉറഞ്ഞു തുള്ളി പറയുന്ന രാതികയെ നന്ദൻ ദേഷ്യത്തോടെ നോക്കി അപ്പോൾ ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story