ശ്രീനന്ദനം: ഭാഗം 32

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

ഒരിക്കൽ കൂടെ ആ പൂന്തോട്ടത്തെ നോക്കി പുഞ്ചിരിച് അവൾ അകത്തേക്ക് കയറി. അറിയാതെ പോലും അവളുടെ നോട്ടം ആമ്പൽ കുളത്തിലേക്ക് എത്തി പെട്ടില്ല. അവരുടെ പ്രണയത്തിന് ഒരുപാട് സാക്ഷി നിന്ന ആമ്പൽ കുളത്തെ നേരിടാൻ അവൾക്ക് കഴിയുമായിരുന്നില്ല. **** "നീ ഇപ്പോൾ ആ നശിച്ച ശ്രീലക്ഷ്മിയെ തന്നെ ഓർത്തിരിക്കുകയാണോ നന്ദ.. " ഉറഞ്ഞു തുള്ളി പറയുന്ന രാതികയെ നന്ദൻ ദേഷ്യത്തോടെ നോക്കി അപ്പോൾ "അമ്മ എന്തിനാ ഇപ്പോഴും അവളെ തന്നെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നത്." "നീ എന്തിനാ അവളെ ഇപ്പോഴും ഓർത്തു കൊണ്ടിരിക്കുന്നത്" "ശ്രീലക്ഷ്മി ഞാൻ ഇഷ്ടപെടുന്ന പെൺകുട്ടി ആണ്.അമ്മ എത്ര പറഞ്ഞാലും ആ ഇഷ്ടം മാറാൻ പോകുന്നില്ല" "നീ ഈ പറയുന്ന ഇഷ്ടം നിനക്ക് മാത്രമേ ഉള്ളു നന്ദ.. അവൾക്കും ഇഷ്ടം ആയിരുന്നെങ്കിൽ നിനക്ക് അസുഖം വന്ന നേരത്ത് അവൾ നിന്റെ കൂടെ ഉണ്ടായേനെ.. ഇതിപ്പോൾ എന്താ ഉണ്ടായത് നിനക്ക് ഭ്രാന്ത് ആണെന്ന് അറിഞ്ഞപ്പോൾ അവൾ വേറെ ചെക്കനെയും കെട്ടി അതിൽ ഇപ്പോൾ അവൾക്കൊരു കൊച്ചും കൂടി ഉണ്ട്" രാധിക പുച്ഛത്തോടെ പറയുമ്പോൾ നന്തന് വീണ്ടും ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി. രണ്ടാഴ്ച ആയി രാധിക നന്ദനോട് ഇതേ സ്ഥിരം പല്ലവി തന്നെ ആവർത്തിക്കുകയായിരുന്നു.

കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് പോലും അറിയാതെ അവൾ പിഴച്ചു പെറ്റത് ആണെന്നു പോലും അവർ പറഞ്ഞിരുന്നു.നന്തന്റെ രൂക്ഷമായ നോട്ടത്തെ ഭയന്നു കൊണ്ടാണ് പിഴച്ചു പെറ്റത് എന്ന വാക്ക് വീണ്ടും ഉപയോഗിക്കാതിരുന്നത് അവൻ കുറച്ചു നേരം മൗനമായി തന്നെ ഇരിക്കുന്നത് കണ്ടു രാധികക്ക് സന്തോഷം തോന്നി.അവർ തഞ്ചത്തിൽ അവന്റെ അടുത്ത് പോയി അവന്റെ മുടിയിഴകളിൽ തലോടി "മോനെ.. അമ്മ പറയുന്നത് കേൾക്ക്. അവളെ ഒരുപാട് സ്നേഹിച്ചതല്ലേ എന്റെ മോൻ.എന്നിട്ടും അവൾ നിന്നെ ചതിച്ചു പോയില്ലേ.. അവളെ മറന്നു കളഞ്ഞേക്ക്.സീത ആന്റിയുടെ മകൾ രശ്മി നല്ല കുട്ടി ആണെടാ.. അവൾക്ക് നിന്നെ പണ്ട് മുതലേ ഇഷ്ടം ആണ്.നമുക്ക് ഒന്നു ആലോചിച്ചാലോ.." "ഒന്നു നിർത്തുന്നുണ്ടോ അമ്മേ.. ഇനിയും എന്നെ ഭ്രാന്ത് പിടിപ്പിക്കരുത്" "ഓഹ്.. ഞാനാണ് അപ്പോൾ നിന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് അല്ലെ..ഇത്ര നാളും ഊണും ഉറക്കവും ഇല്ലാതെ നിന്നെ ശുശ്രുശിച്ച ഞാൻ അല്ലെ.. നിനക്ക് ഇപ്പോഴും വലുത് നിന്നെ കളഞ്ഞിട്ട് പോയ അവളെ തന്നെ അല്ലെ.. ആ നശിച്ചവൾ കാരണം എനിക്ക് അന്നും ഇന്നും എന്റെ മോനെ നഷ്ടപ്പെട്ടിട്ടെ ഉള്ളു.." അവന് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായില്ല. അവൻ രൂക്ഷമായി രാതികയെ നോക്കി മുറിയിലേക്ക് കയറി വലിയ ശബ്ദത്തോടെ വാതിൽ കൊട്ടി അടച്ചു ****

രാത്രി നിലയുടെ കരച്ചിൽ കേട്ടുകൊണ്ടാണ് ജീവൻ ഉണരുന്നത്. പാതി നഷ്ടപ്പെട്ട ഉറക്കത്തിന്റെ ചടവോടെ അവൻ ലച്ചുവിന്റെ മുറിയിലേക്ക് പോയി. അവിടെ ലച്ചു ഇല്ലായിരുന്നു!. ക്ലോക്കിൽ രണ്ട് മണിയുടെ ബെല്ലടിച്ചു. ലച്ചു കുളിമുറിയിൽ ഉണ്ടാകും എന്ന് വിചാരിച്ചു എങ്കിലും അവിടെയും അവൾ ഉണ്ടായിരുന്നില്ല. തൊട്ടിലിൽ കിടന്നിരുന്ന നിലയെ എടുത്തു തോളിലിട്ടവൻ മുറിയിലൂടെ ഉലാത്തി. കുറച്ചു കഴിഞ്ഞപ്പോഴേക്കും നില ഉറങ്ങി. അവളെ തിരികെ തൊട്ടിലിൽ തന്നെ കിടത്തി കൊണ്ട് അവൻ ലച്ചുവിനെ അനേഷിച്ചു ഇറങ്ങി. അനേഷണം ചെന്നവസാനിച്ചത് മുറ്റത്തെ ആമ്പൽ കുളത്തിനടുത്തായിരുന്നു. അവിടെ നിന്ന് കൊണ്ട് വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ലച്ചുവിനെ അവൻ കുറച്ചു നേരം നോക്കി നിന്നു. അടുത്ത് നിന്നിട്ടും അവന്റെ സാമിപ്യം അവൾ അറിഞ്ഞിരുന്നില്ല. "താനിത് വരെ ഉറങ്ങിയില്ലേ.." പെട്ടന്നുള്ള അവന്റെ ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി. അവനാണെന്ന് കണ്ടതും അവൾ ചിരിക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ അത്‌ പാഴായി പോയതേ ഉള്ളു.. "എന്താടോ ഇവിടെ ഒറ്റക്ക് നിൽക്കുന്നത്." "ഉറക്കം വരുന്നില്ല മാഷേ. മാഷ് ഉറങ്ങിയില്ലേ" "ഞാൻ ഉറങ്ങിയതാണ്.നില കരയുന്ന ശബ്ദം കേട്ടിട്ടാണ് എഴുന്നേറ്റത്" "ഞാനറിഞ്ഞില്ല.എന്നിട്ട് മോള് ഉറങ്ങിയോ"

"ഉറങ്ങി.തന്നെ പോലെ തന്നെയാണ് അവളും.കരയുന്നത് അധികമാരെയും അറിയിക്കില്ലെന്ന് തോന്നുന്നു." അവൾ അവനെ നോക്കി പുഞ്ചിരിച്ചു.പിന്നെ കൈകൾ കെട്ടി വീണ്ടും എങ്ങോട്ടോ നോക്കി നിന്നു കണ്ണുകൾ എപ്പോഴോ നിറഞ്ഞു വരുന്നുണ്ടായിരുന്നു. "നന്തനെ ഓർത്തിട്ടാണോ?" "ഉം" പിന്നെ അവനൊന്നും ചോദിച്ചില്ല.അവളൊന്നും പറഞ്ഞതും ഇല്ല. കുറച്ചു നേരം കൂടി ആ നിൽപ് തുടർന്നു പോന്നു.അതവളിൽ മടുപ്പുലവാക്കുന്നില്ലെന്ന് അവൻ അത്ഭുതത്തോടെയാണ് കണ്ടത്. "ഒരു നിലാവിന്റെ പോലും കൂട്ടില്ലാതെ താൻ എങ്ങനെ ആണ് ഈ ഇരുട്ടത്ത്... പേടിയായില്ലേ." "ഈ കുളത്തിൽ വിരിഞ്ഞിരുന്ന വെള്ളാമ്പൽ പൂക്കൾക്കും ഇന്ന് നിലാവ് കൂട്ടില്ലല്ലോ മാഷേ.. അത് കൊണ്ടായിരിക്കും അവ ഇന്ന് വിടരാത്തത്.നിലാവിന്റെ സാന്നിധ്യത്തിൽ മാത്രമേ ആമ്പൽ പൂക്കൾ വിടരുകയുള്ളു.." ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും പിന്നെയവൻ പുഞ്ചിരിച്ചു. "ഞാനും നന്ധേട്ടനും ഇടയ്ക്കിടെ ഇവിടെ വരും.നിലാവിന്റെയും ആമ്പലിന്റെയും പ്രണയം കാണാൻ" "എനിക്ക് ഈ സാഹിത്യം ഒന്നും അറിയില്ല.എങ്കിലും നമി പറഞ്ഞു കേട്ടിട്ടുണ്ട് നിലാവിന്റെയും ആമ്പലിന്റെയും പ്രണയത്തെ പറ്റി. ദൂരങ്ങൾ താണ്ടിയുള്ള പ്രണയം.നിലാവ് ആകാശത്തും ആമ്പൽ ഭൂമിയിലും.നിലാവ് ഇല്ലെങ്കിൽ ആമ്പൽ പൂക്കൾ വിടരാറില്ല.നിലാവിന്റെ ശക്തമായ പ്രണയത്താൽ ആണ് അത്.വിരഹത്തിൻ ആണെങ്കിലും രണ്ട് പേരുടെയും ഉള്ളിൽ പ്രണയം നിറഞ്ഞു നിൽക്കുന്നുണ്ടാകും."

അത് കേട്ട് അവൾ പുഞ്ചിരിച്ചു "വെറുപ്പാണെന്നും ശല്യം ആണെന്നും പറഞ്ഞു വിട്ടാലും നന്തന് ഇപ്പോഴും നിന്നോട് പ്രണയം ആണ് ലച്ചു.. അവന് നിന്നെ ഓർമ ഇല്ലെന്ന് പറയരുത്.നീ ആഗ്രഹിച്ച പോലെ അവൻ ഇപ്പോൾ പഴയ നന്തന് ആണ്.അവന്റെ ഓർമകളിൽ നിന്ന് നീങ്ങിയത് അവന് ഭ്രാന്തു വന്നപ്പോൾ ഉള്ള ഒരു വർഷ കാലയളവ് ആണ്.ആ ഒരു വർഷ കാലയളവിൽ അവന് എന്തൊക്കെ സംഭവിച്ചു എന്ന് ഈ ആഴ്ചത്തെ കൗൺസിലിംഗ് ൽ ഞാൻ പറഞ്ഞു കൊടുക്കും അത് വരെ ഉള്ളു.. അത് വരെ നീ ഈ വിരഹം പേറി നടന്നാൽ മതി.അവന്റെ ശ്രീകുട്ടിയെയും നിലയെയും കൂട്ടി കൊണ്ട് പോവാൻ നന്ദൻ തീർച്ചയായും വരും" ജീവന്റെ മറുപടി അവൾക്ക് അൽപ്പം എങ്കിലും സമാധാനം നൽകി. "ആകാശം കണ്ടില്ലേ ലച്ചു.. അർദ്ധ ചന്ദ്രൻ ആയിട്ടുണ്ട്.അത് പൂർണ്ണനാകാൻ അധിക കാലതാമസം വേണ്ട.അവൻ പൂർണനായാൽ ഈ കുളം നിറയെ വിടർന്ന ആമ്പലുകൾ ആയിരിക്കും.അവർ വീണ്ടും പ്രണയിക്കും പ്രണയം അങ്ങനെ തീരുന്നില്ലല്ലോ." ഇപ്രാവശ്യം ലച്ചു മനോഹരം ആയി തന്നെ ചിരിച്ചു.ജീവനോട് യാത്ര പറഞ്ഞു മുറിയിലേക്ക് പോകുമ്പോൾ അവളിൽ നന്ദനും മോളും മാത്രം ആയിരുന്നു നിറഞ്ഞു നിന്നിരുന്നത് രാവിലെ ഭക്ഷണ ശേഷം തന്നെ അവർ വീട് വിട്ടു ഇറങ്ങി.

വീട് പൂട്ടി കാറിലേക്ക് കയറുന്നതിനു മുൻപ് ആയി അവൾ ഒന്നു കൂടി അവിടെ മുഴുവൻ കണ്ണോടിച്ചു. നന്ദേട്ടന്റെ ഭാര്യ ആയി ആദ്യം ഇങ്ങോട്ട് വന്നപ്പോൾ തോന്നിയ അമ്പരപ്പും സന്തോഷവും വലത് കാല് വെച്ചു കയറിയതും എല്ലാം ഓർത്തു പോയി. പിന്നെ നിലക്ക് ആയുള്ള കാത്തിരിപ്പും ആരെയും പേടിക്കാതെ ഉള്ള പ്രണയവും എല്ലാം.. "ലച്ചു..." "ആഹ്" "കേറുന്നില്ലേ." "ഉം" അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൊണ്ട് അവൾ കാറിൽ കയറി. കാറ് ദൂരേക്ക് സഞ്ചരിക്കുമ്പോഴും ഒരു പൊട്ടായി കാണുന്ന വീട് നെ അവൾ നോക്കി കൊണ്ടേ ഇരുന്നു. അവസാനം ആ പൊട്ട് പോലും മാഞ്ഞപ്പോൾ ഒരു തളർച്ചയോടെ എന്ന പോൽ അവൾ സീറ്റിലേക്ക് ചാഞ്ഞിരുന്നു *** പഴയ പൊട്ടി പൊളിഞ്ഞ കൂരയിലേക്ക് മാസങ്ങൾക്കു ശേഷം വന്നപ്പോൾ അവൾ ഒരു ദീർഘ നിശ്വാസം വിട്ടു.പിന്നെ മെല്ലെ കണ്ണടച്ച് എന്തോ ഓർത്തു പുഞ്ചിരിച്ചു.നില ശ്രീദേവിയുടെ തോളിൽ കിടന്നു ഉറങ്ങുകയായിരുന്നു.വെളിയിൽ അവരെ കാത്ത് എന്ന പോലെ ഉണ്ണിക്കുട്ടൻ നിൽപ്പുണ്ടായിരുന്നു.അവനെ കണ്ടിട്ടും കാണാത്ത പോലെ കുഞ്ഞിനേയും എടുത്തു ശ്രീദേവി അകത്തേക്ക് പോയി അത് കണ്ടപ്പോൾ ഉണ്ണികുട്ടന് വല്ലാത്ത വിഷമം തോന്നി.അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിചതെ ഉള്ളു.

അവളും അകത്തേക്ക് കയറാൻ നിന്നപ്പോൾ നിന്നപ്പോൾ അവൻ പുറകിൽ നിന്ന് വിളിച്ചു "ചേച്ചി..." "പറയ്" "എന്നോട് ഇപ്പോഴും ദേഷ്യം ആണോ..സോറി" അവന്റെ കുനിഞ്ഞ മുഖം കണ്ടപ്പോൾ അവൾക്ക് അവനോട് വാത്സല്യം തോന്നി.തന്നെക്കാൾ ഒന്നര വയസ് മാത്രം ഇളയ അവൻ തെറ്റ് ചെയ്ത് മുമ്പിൽ നിൽക്കുമ്പോൾ മാത്രം വിളിക്കുന്ന ചേച്ചി എന്ന വിളിയും തല കുമ്പിട്ടുള്ള നിൽപ്പും അവളെ വീണ്ടും തെറ്റ് ചെയ്യുന്ന അനിയനെ ഉപദേശിക്കുന്ന ആ പഴയ 10 വയസ് കാരി ആക്കുന്ന പോലെ തോന്നി. "എനിക്ക് കുഴപ്പം ഒന്നും ഇല്ലടാ.. നീ നിന്റെ തെറ്റ് എല്ലാം മനസ്സിലാക്കി എന്ന് എനിക്ക് അറിയാം. അമ്മയുടെ കാര്യം ഓർത്താണെങ്കിൽ പേടിക്കണ്ട. നമ്മുടെ അമ്മയെ നമുക്ക് അറിയാലോ.. കുറച്ചു കഴിഞ്ഞാൽ അമ്മ ഓക്കേ ആവും." അവൾ സമാധാനത്തോടെ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിലും വിടർന്നു സമാധാനത്തിന്റെ പുഞ്ചിരി. "ജീവേട്ടൻ പൊയ്ക്കോളു.. ഇവിടെ ഇപ്പോൾ ഇവനും കൂടി ഉണ്ടാലോ..പിന്നെ ഇവിടുത്തെ നാട്ടുകാരെ അറിയാലോ.ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ ജീവട്ടന് നമിയെ നഷ്ടം ആവും." "എനിക്ക് മനസ്സിലായി. പക്ഷെ എനിക്കതിൽ പേടി ഇല്ല" "എനിക്ക് ഉണ്ട്. നല്ല പോലെ. എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് വിളിക്കാമല്ലോ.." "ഉം. ശരി. അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കരുത് ട്ടോ.."

"തീർച്ചയായും." പോകുന്നതിന് മുൻപ് ജീവൻ ഉണ്ണികുട്ടനെയും വിളിച്ചു മാറി നിന്നു "ശ്രീഹരി അല്ലെ.." "അതേ.ജീവേട്ടനെ എനിക്ക് അറിയാം" "ഉം. ഇനിയും അവരെ വേദനിപ്പിക്കരുത് ശ്രീഹരി.നന്തൻ എല്ലാം അറിയുന്നത് വരെ എങ്കിലും അവർക്ക് തുണയായി ഇനി നീയേ ഉള്ളു.." "അറിയാം. അവരെ പോറ്റാൻ എനിക്ക് ഒരു നല്ല ജോലി ഉണ്ട് ഇപ്പോൾ. മനസ് കൊണ്ടും ഞാൻ അവരുടെ കൂടെ ആണ്. ഒരുപാട് തെറ്റ് ചെയ്തു. അതിനുള്ളത് അനുഭവിച്ചു. ഇനി വിട്ടു പോവില്ല." അവർ പരസ്പരം കൈ കൊടുത്തു കൊണ്ട് പുഞ്ചിരി കൈമാറി. വിശ്വാസത്തിന്റെ കെട്ടുറപ്പ് ഉണ്ടായിരുന്നു ആ കൈകളിൽ.. **** "നീ ഇതിന്റെ ഉള്ളിൽ അട വെച്ചു ഇരിക്കുകയാണോ നന്ദ.." വാതിൽ തള്ളി തുറന്നു വന്നു കൊണ്ട് രാധിക ദേഷ്യത്തോടെ ചോദിച്ചു "അമ്മക്ക് ഇപ്പോൾ എന്താ വേണ്ടത്. എന്നെ സമാധാനത്തോടെ ഇരിക്കാൻ സമ്മതിക്കില്ലേ.." "നീ ഇവിടെ എന്തു ചെയ്യുകയാ.." "ഞാൻ കുറച്ചു വർക്ക്‌ നോക്കുകയാണ്.എന്താണ് കാര്യം" "എനിക്കറിയാം നീ ആ ശ്രീലക്ഷ്മിയുടെ ഫോട്ടോയും നോക്കി ഇരിക്കുകയാവും. എന്നിട്ടു പേര് വർക്ക്‌ എന്നും. നീ ഇനിയും അവളെ കാത്തിരിക്കണ്ട. അവൾ ദ വന്നിട്ടുണ്ട്. കെട്ടിയ ചെറുക്കന് അവളെ വേണ്ടാതെ ഉപേക്ഷിച്ചു പോയി. ആ കുഞ്ഞിനേയും അവളുടെ തള്ളയേയും കൊണ്ടാണ് വന്നിരിക്കുന്നത്. ഇനി പഴയ വീട്ടു വേല ചോദിക്കാൻ ഇങ്ങോട്ടേങ്ങാനും വലിഞ്ഞു കേറി വരുമോ ആവോ" "അമ്മ സത്യം ആണോ പറയുന്നേ"

"അല്ലെങ്കിൽ നിന്റെ അമ്മയെ നിനക്ക് പണ്ടേ വിശ്വാസം ഇല്ലല്ലോ.. ചെന്നു നോക്ക്. ഉണ്ടായിരുന്ന സ്ഥലത്തു തന്നെ അവൾ ഇപ്പോഴും ഉണ്ട്" രാധിക അത് പറഞ്ഞു പോയപ്പോൾ അവൻ ചെവിയെ ഇറുക്കെ പൊത്തി.ചെറുപ്പം മുതൽ ഉള്ള ഓരോ കാര്യങ്ങൾ ആയി അവന്റെ മനസ്സിൽ വരാൻ തുടങ്ങി. പിന്നീട് എപ്പോഴാണ് ഞാൻ അവളെ തള്ളി പറഞ്ഞത്.. ഓർക്കും തോറും അവന് വീണ്ടും ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.സ്വയം മുടിയെ പിടിച്ചു വലിക്കാൻ തുടങ്ങി 'ഇല്ല... അമ്മ പറഞ്ഞത് സത്യം ആണെങ്കിൽ പോയി കാണണം. അന്ന് അവളുടെ നെറ്റിയിൽ ഞാനും കണ്ടതാണ് സിന്ദൂര പൊട്ട്. അവൾ മറ്റൊരാൾക്ക് സ്വന്തം ആയിട്ടുണ്ടെങ്കിലും മനസറിഞ്ഞു അനുഗ്രഹിക്കണം. അവളുടെ കുഞ്ഞിനെ കാണണം. വാത്സല്യത്തോടെ നെറുകയിൽ മുത്തണം.എല്ലാത്തിനും കാരണം ഞാൻ മാത്രം ആണ്. ഞാൻ മാത്രം....' കുറച്ചു നേരം കൂടി അവൻ അവിടെ തന്നെ ഇരുന്നു. തല വേദനിച് തുടങ്ങിയപ്പോൾ പേരറിയാത്ത ഏതോ മരുന്ന് എടുത്തു കഴിച്ചു. മനസ്സിൽ ഒന്നു കൂടി പറഞ്ഞു ഉറപ്പിച്ചു വെളിയിലേക്ക് ഇറങ്ങി പുറത്തുള്ളതെല്ലാം അവന് ആദ്യമായി കാണുന്നത് പോലെ തോന്നി. ചിലതെല്ലാം എവിടെയോ കണ്ട മറന്ന പൊലെയും.അവളുടെ വീട്ടിലേക്ക് നടക്കുന്ന വഴിയിൽ വെച്ചു ചില രംഗങ്ങൾ അവന്റെ മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങി.

എല്ലാം തന്റെ തോന്നൽ ആകും എന്ന ചിന്തയിൽ അവൻ തല കുടഞ്ഞു അവളുടെ വീട്ടിലേക്ക് എത്താൻ അധികം സമയം വേണ്ടി വന്നില്ല. വീട് അടച്ചിട്ടിരിക്കുകയായിരുന്നു. പിന്തിരിഞ്ഞു പോവാൻ തോന്നിയില്ല. ആ വീടും ആദ്യമായി കാണുന്നത് പോലെ അവൻ നോക്കി നിന്നു. കൗമാരത്തിൽ നടന്ന പല സംഭവങ്ങളും അവന്റെ കൺ മുന്നിൽ എന്ന പോലെ കടന്നു പോയി. ഇപ്പോൾ അവൾ എങ്ങനെ ആയിരിക്കും ഉണ്ടാവുക. ജീവൻ പോലെ സ്നേഹിച്ച അവളെ മറ്റൊരുവന്റെ താലിയും ഇട്ട് നിൽക്കുന്നത് കാണാൻ എനിക്ക് കഴിയുമോ... കഴിയണം. എല്ലാം എന്റെ തെറ്റാണ്. അവളെ അകറ്റിയതും ചീത്ത പറഞ്ഞതും ശല്യം എന്ന് പറഞ്ഞു ഒഴിവാക്കിയതും എല്ലാം ഞാനാണ്. പെട്ടന്ന് അവൻ പ്രതീക്ഷിക്കാതെ ആ വാതിലുകൾ തുറക്കപ്പെട്ടു. അതിൽ നിന്ന് ഇറങ്ങി വന്ന ശ്രീയെ അവൻ ഞെട്ടലോടെ കണ്ടു. അവളും ഞെട്ടി നിൽക്കുകയായിരുന്നു.

അവന്റെ നോട്ടം ആദ്യം പോയത് സീമന്തയിലെ സിന്ദൂരത്തിലേക്കാണ്. പിന്നെ ഒളിപ്പിച്ചു വെക്കാതെ സാരിക്ക് വെളിയിൽ ആയി കിടക്കുന്ന താലിയിലേക്കും. അവനെ കണ്ട അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.അത് അവനെ കാണിക്കാതിരിക്കാൻ അവൾ കണ്ണുകൾ ഇറുക്കി അടച്ചു കണ്ണുകൾ തുറന്നപ്പോൾ ആദ്യം നോട്ടം എത്തി ചേർന്നത് അവന്റെ കണ്ണുകളിലേക്ക് ആണ്.അവൾ ഏറെ പ്രണയത്തോടെ നോക്കിയിരുന്ന കണ്ണുകളിലേക്ക്.. അവനും അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു. അത്ര നേരം പിടിച്ചു വെച്ചിരുന്ന ഏതോ വികാരം അവനറിയാതെ അവന്റെ കണ്ണുകൾ പുറത്തു കൊണ്ട് വന്നു. "നന്ദേട്ടാ..." ഒട്ടും പരിചയം ഇല്ലാത്ത പെൺ ശബ്ദം അവന്റെ പുറകിൽ നിന്ന് നിന്ന് കേട്ടപ്പോൾ ആണ് രണ്ടു പേരും ബോധമണ്ഡലത്തിലേക്ക് തിരികെ വന്നത്.ഞെട്ടി കൊണ്ട് പുറകിലേക്ക് നോക്കിയപ്പോൾ അവിടെ ഉള്ള ആളെ കണ്ടു നെറ്റി ചുളിച്ചു സ്വാതി.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story