ശ്രീനന്ദനം: ഭാഗം 4

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

അവസാന പടികൾ എത്തിയപ്പോഴേക്കും തലക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു.ചുറ്റും ഭൂമി കറങ്ങുന്നത് പോലെ തോന്നി.വീഴാനായി എന്ന് തോന്നിയപ്പോൾ എവിടെയെങ്കിലും പിടിക്കണം എന്ന് വിചാരിച്ചെങ്കിലും നടന്നില്ല.കുഞ്ഞിനെ മാത്രം ആയിരുന്നു അപ്പോഴത്തെ ചിന്ത.മനസറിഞ്ഞു ദൈവത്തെ വിളിച്ചു. പക്ഷെ വീഴുന്നതിന് മുൻപ് ആരോ എന്നെ താങ്ങി നിർത്തിയിരുന്നു. **** കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ കണ്ടു അടുത്ത് വേവലാതിയോടെ നിൽക്കുന്ന രാധമ്മയെ. ഞാൻ കണ്ണ് തുറക്കുന്നത് കണ്ടു അൽപ്പം ആശ്വാസം തോന്നിയെന്ന് ആ മുഖം കണ്ടു മനസ്സിലായി. "അമ്മ പറഞ്ഞിരുന്നു വയ്യെന്ന്. എന്നാലും തല കറങ്ങി വീഴുമെന്ന് ഞാൻ വിചാരിച്ചില്ല. ശ്യാമയ മോള് തലകറങ്ങി വീണു എന്ന് വന്നു പറഞ്ഞത്. എന്തായാലും ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.." ഭീതി കലർന്ന രാധമ്മയുടെ ചോദ്യം കേട്ട് ഞാൻ ഇല്ല എന്ന് തലയാട്ടി എഴുനേൽക്കാൻ നോക്കി. "എഴുന്നേൽക്കണ്ട. കുറച്ചു നേരം കൂടി ഇവിടെ ഇരുന്നോളു.. കുടിക്കാൻ എന്തെങ്കിലും എടുക്കണോ.." "ഒന്നും വേണ്ട. എനിക്ക് കുഴപ്പം ഒന്നും ഇല്ല." "വേഗം തിരിച്ചു വരാം എന്ന് അമ്മയോട് പറഞ്ഞതല്ലേ..കുറച്ചു നേരം റസ്റ്റ്‌ എടുത്തിട്ട് മോള് പൊയ്ക്കോ.. നന്ദൻ ഉറങ്ങുവല്ലേ.. ഉറങ്ങി എഴുന്നേൽക്കുമ്പോ കണ്ടില്ലെങ്കിൽ ചിലപ്പോൾ അനേഷിക്കും.

അത് ഞാൻ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിക്കാം. പക്ഷെ നാളെ എന്തായാലും വരില്ലേ.." ആ അമ്മയുടെ പ്രതീക്ഷയോടെ ഉള്ള നോട്ടം കണ്ടപ്പോൾ വരില്ലെന്ന് പറയാൻ തോന്നിയില്ല. വരാം എന്ന് തന്നെ പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞു ഞാൻ വീട്ടിലേക്ക് പോയി. വൈകീട്ട് ചായ കുടിക്കാൻ തുടങ്ങുമ്പോൾ ആണ് വല്ലാത്ത മനം പുരട്ടൽ പോലെ തോന്നിയത്. അധികം ഒന്നും ചിന്തിക്കേണ്ടി വന്നില്ല. അതിന് മുൻപ് ഇരുന്നിടത്ത് നിന്ന് തന്നെ ഛർദിച്ചിരുന്നു. പുറം ഉഴിയാൻ അമ്മ വന്നു. ആകെ തളർന്നു പോയി ഞാൻ. ഛർദിച്ചത് തുടക്കാൻ ആയി എഴുന്നേറ്റതും വീണ്ടും തല കറങ്ങിയതും ഒരുമിച്ചു ആയിരുന്നു. എഴുന്നേറ്റ അതേ പോലെ തന്നെ ഇരുന്നു പോയി. "എന്തിനാ എണീക്കാൻ പോയത്.ഡോക്ടർ ഇന്ന് പ്രത്യേകം പറഞ്ഞതാ നിനക്ക് നല്ല ക്ഷീണം ഉണ്ടെന്ന്. ആപ്പിളും ഓറഞ്ച്ഉം ഒന്നും വാങ്ങാൻ ഇവിടെ പൈസ ഇല്ലെന്ന് മോൾക്ക് അറിയില്ലേ.. അത് കൊണ്ട് ഉള്ളത് ചൊവ്വിന് കഴികാണട്ടോ.. പണി ഒന്നും എടുക്കാൻ നിൽക്കണ്ട. അതൊക്ക ഞാൻ ചെയ്തോളാം." അമ്മ ഞാൻ ഛർദിച്ചത് ഒക്കെ തുടക്കുന്നത് കണ്ടപ്പോൾ പാവം തോന്നി. ഒട്ടും വയ്യായിരുന്നു. എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ തല കറങ്ങുന്നു. എന്റെ അവസ്ഥ കണ്ടു അമ്മ തന്നെ ആണ് എന്നെ താങ്ങി കട്ടിലിലേക്ക് കിടത്തിയത്.

കുറച്ചു നേരം കണ്ണടച്ച് കിടന്നു. അറിയാതെ ഉറങ്ങി പോയി. ആരോ പിടിച്ചു കുലുക്കുന്ന പോലെ തോന്നിയാണ് കണ്ണ് തുറന്നത്. മുമ്പിൽ നന്ദേട്ടനെ കണ്ടു ഒരു നിമിഷം ഞാൻ ഞെട്ടി പോയി. "ശ്രീക്കുട്ടി...എന്തൊരു ഉറക്കാ ഇത്. എണീക്ക്." എന്നെ വീണ്ടും കുലുക്കി വിളിച്ചപ്പോൾ ഞാൻ എഴുന്നേറ്റു ചുമർ ചാരി ഇരുന്നു. "നന്ദേട്ടൻ ഇത് എപ്പോൾ വന്നു. അമ്മ ഇല്ലേ.." ഞാൻ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു. "ശ്രീക്കുട്ടി എന്തെ എന്നോട് പറയാതെ പോയത്.ഞാൻ എണീറ്റപ്പോൾ ശ്രീകുട്ടിയെ കാണാനില്ല. എവിടെ ഒക്കെ നിന്നെ അനേഷിച്ചു എന്ന് അറിയോ.." നന്ദേട്ടൻ അപ്പോൾ രാധമ്മ അറിയാതെ ആണോ വന്നത്. "രാധമ്മയോട് ചോദിച്ചപ്പോൾ വിട്ടില്ല.രാധമ്മ അടുക്കളയിലോട്ട് പോയപ്പോൾ ഞാൻ ഇങ്ങോട്ട് ഓടി വന്നതാ.." "ഈശ്വരാ.." ഞാൻ അറിയാതെ തലയിൽ കൈ വെച്ചു. "എന്ത് പറ്റി ശ്രീക്കുട്ടി.. തല വേദനിക്കുന്നുണ്ടോ.." തലയിൽ ഉള്ള എന്റെ കയ്യിലേക്ക് നോക്കി കൊണ്ട് ചോദിക്കുന്ന നന്ദ്ട്ടനെ കണ്ടപ്പോൾ ഞാൻ ചിരിക്കണോ കരയണോ എന്ന് അറിയാതെ നിന്നു. "ശ്രീക്കുട്ടി വേം വാ.. നമുക്ക് കളിക്കണ്ടേ. നമുക്ക് ഓടി പോവാം. ഞാൻ അങ്ങനെയാ വന്നത്. ചുറ്റും നല്ല ഇരുട്ട.." നന്ദേട്ടൻ പറയുന്നത് ഞാൻ ഞെട്ടി പോയി. "ദൈവമേ രാത്രി ആയോ.. എന്നിട്ടാണോ രാദമ്മയോട് പോലും പറയാതെ എന്നെ കാണാൻ വന്നത്."

"ശ്രീക്കുട്ടി വാ.. നമുക്ക് വേഗം പോവാം. എനിക്ക് ഇരുട്ട് പേടിയാ.." "ആഹാ.. നല്ല പേടി ഉള്ള ആള്. ഈ ആളാണോ ഇരുട്ടത്ത് ഒരു ടോർച് പോലും ഇല്ലാതെ എന്നെ കാണാൻ വന്നത്." "എന്റെ ശ്രീകുട്ടിയെ കാണാനല്ലേ.." അതും പറഞ്ഞു ചിണുങ്ങിയപ്പോൾ പ്രണയത്തെക്കാൾ ഉപരി വാത്സല്യം തോന്നിയിരുന്നു. "നന്ദനോ.. ഇതെപ്പോ വന്നു." അടുക്കളയിൽ നിന്ന് വന്ന എന്റെ അമ്മ അത്ഭുതത്തോടെ ചോദിക്കുന്നത് കേട്ട് ഞാൻ പെട്ടന്ന് നന്ദേട്ടനെ നോക്കി. അപ്പോൾ എന്റെ അമ്മയും അറിഞ്ഞില്ലേ ഈശ്വരാ.. "ഞാൻ ശ്രീകുട്ടിയെ വിളിക്കാൻ വന്നതാ.." "ശ്രീക്കുട്ടി ഇന്ന് വരുന്നില്ല. അവൾക്ക് വയ്യ" "അയ്യോ.. അത് പറ്റില്ല.നന്ദേട്ടന് കളിക്കാൻ ഉള്ളതല്ലേ.. ശ്രീക്കുട്ടി വാ.." അതും പറഞ്ഞു എന്റെ കൈ പിടിച്ചു വലിക്കുമ്പോൾ ഞാൻ മനഃപൂർവം ആ കൈ വിടുവിക്കാൻ നോക്കി. "ഞാൻ ഇല്ല നന്ദേട്ടാ.. എനിക്ക് ഒട്ടും വയ്യ." "അപ്പോൾ ഞാൻ ആരുടെ കൂടെ കളിക്കും. വാവു ഞാൻ മാറ്റി തരാം. എന്റെ അടുത്ത് മരുന്നുണ്ട്. ശ്രീക്കുട്ടി വാ.." "കണ്ട മരുന്ന് ഒക്കെ എന്റെ കുട്ടിക്ക് കൊടുക്കാൻ പോവണോ നന്ദ നീ.." വീണ്ടും എന്റെ കയ്യിൽ പിടിച്ചു വലിക്കുന്ന നന്ധേട്ടനോട് അമ്മ ദേഷ്യത്തിൽ ചോദിച്ചു.നന്ദേട്ടൻ പേടിച്ചത് പോലെ തോന്നിയെനിക്ക്. "ലച്ചുന് വയ്യ.. വരുന്നില്ലെന്ന് പറഞ്ഞതല്ലേ നിന്നോട്. പോ.. നാളെ വരും അവൾ."

കുറച്ചു നേരം ദേഷ്യത്തിൽ ഉള്ള അമ്മയെ നോക്കി നന്ദേട്ടൻ ഓടി പോയി. അത് കണ്ടപ്പോൾ എനിക്ക് എന്തോ ഒരു നോവ് തോന്നി. ഞാൻ വയറ്റിലേക്ക് ഒന്ന് നോക്കി. പഴയ നന്ദേട്ടനെ ഒന്ന് ഓർത്തു. പഴയ നന്ദേട്ടൻ ആയിരുന്നു എങ്കിൽ ഇപ്പോൾ എന്റെ അമ്മയുടെ പൊടി പോലും കാണില്ലായിരുന്നു. 'പാവം. ഇനി അവിടെ പോയി എന്തെല്ലാം ചെയ്തു കൂട്ടുമോ എന്തോ..' എന്റെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വിടർന്നു. അമ്മയോട് നന്ദേട്ടനെ ചീത്ത പറഞ്ഞത് എന്തിനെന്ന് ചോദിക്കാൻ നിന്നില്ല. എനിക്കറിയാമായിരുന്നു എന്റെ കാര്യത്തിൽ ഉള്ള അമ്മയുടെ പേടി. അമ്മ ഉണ്ടാക്കിയ ചൂട് കഞ്ഞി കുടിച്ചു കുറച്ചു നേരം ഓരോ വിശേഷം പറഞ്ഞു ഇരുന്നു. കുറെ കഴിഞ്ഞു അമ്മ ഉറങ്ങി കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വരുന്നുണ്ടായില്ല. നേരത്തെ ഉറങ്ങിയത് കൊണ്ട് ആവും. ഒട്ടും ഉറക്കം വരാതെ ആയപ്പോൾ എഴുന്നേറ്റു ജനലക്ക് അരികിലേക്ക് പോയി. ആദ്യം ഒക്കെ ഈ ജനലക്ക് അരികിലേക്ക് രാത്രി പോവാൻ എനിക്ക് പേടി ആയിരുന്നു. ഇപ്പോൾ ആ പേടി എല്ലാം എവിടെയോ പോയി ഒളിച്ചിരിക്കുന്നു. പുറത്ത് നല്ല നിലാവ് ഉണ്ടായിരുന്നു.നല്ല തണുത്ത കാറ്റും. പുറത്തേക്ക് ഇറങ്ങി പോകണം എന്നുണ്ടെങ്കിലും ആ ജനലക്ക് അരികിൽ തന്നെ നിന്നു. അടുത്തുള്ള കുളത്തിൽ ആമ്പൽ വിരിഞ്ഞിട്ടുണ്ടായിരുന്നു.

ശോഭയാർന്ന പൂർണ്ണ ചന്ദ്രനെയും ആമ്പൽ പൂക്കളെയും കാണെ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. രാത്രിയിൽ ആമ്പലും ചന്ദ്രനും പ്രണയിക്കുകയായിരിക്കും അത്രേ.. ചന്ദ്രനെ കാണുമ്പോൾ ആമ്പൽ വിടന്ന് പൂക്കും. നാണിച്ചു നിൽക്കുന്ന ആമ്പലിന്റെ കവിളുകൾ ചുവക്കുന്നത് അത്ഭുതത്തോടെ കണ്ടു. അപ്പോൾ ഞാൻ നന്ദേട്ടനെ ഓർത്തു. ഇനി എന്ന് ആയിരിക്കും ഇത് പോലെ ആമ്പലിന്റെയും നിലവിന്റെയും പ്രണയം കാണാൻ ഞാൻ നന്ദേട്ടന്റെ ഒപ്പം ഉണ്ടാവുക...? **** പിറ്റേ ദിവസം കുറച്ചു നേരത്തെ എഴുന്നേറ്റു കുളിച്ചു കുളിപ്പിന്നൻ ഇട്ട് നന്ദേട്ടന്റെ വീട്ടിലേക്ക് പോയി. ആദ്യം തന്നെ പോയത് അടുക്കളയിലേക്ക് ആണ്.രാധമ്മ അവിടെ ഉണ്ടാവും എന്ന് എനിക്ക് അറിയാമായിരുന്നു. "രാധമ്മേ.." "ഓ.. മോള് എത്തിയോ. അവൻ എഴുന്നേറ്റിട്ടില്ല." "തോന്നി. ചായ വെച്ചോ.." "ഇല്ല. വെക്കാൻ പോകുന്നതേ ഉള്ളു." "എങ്കിൽ ഞാൻ വെക്കാം." "അതൊന്നും വേണ്ട മോളെ.. ഒരു ചായ അല്ലെ ഞാൻ വെച്ചോളാം. അടുക്കള പണിക്ക് മിനിഞ്ഞാന്ന് മുതൽ ശ്യാമ വന്നു തുടങ്ങി. അവൾ കുറച്ചു കഴിഞ്ഞപ്പോഴേക്കും വരും." പറയുന്നതിനോടൊപ്പം രാധമ്മ ചായക്ക് വെള്ളം വെക്കുന്നുമുണ്ടായിരുന്നു. "പിന്നെ..." "എന്താ രാധമ്മേ.." എന്നോട് എന്തോ രാധമ്മക്ക് പറയാൻ ഉള്ളത് പോലെ തോന്നി.

"ഇന്നലെ നന്ദൻ അങ്ങോട്ട് വന്നിരുന്നു അല്ലെ.." ഒരു നിമിഷം ഞാൻ ഞെട്ടി. പിന്നെ തല താഴ്ത്തി കൊണ്ട് അതേ എന്ന് പറഞ്ഞു. "മോൾക്ക് അറിയാലോ ഒന്നും അവൻ മനഃപൂർവം അല്ല. കൊച്ചു കുട്ടിയെ പോലെയാ അവൻ ഇപ്പോൾ. അതിന്റെ ബുദ്ധിയെ ഉള്ളു.. അവനോട് മോള് ക്ഷമിക്കണം". "ഏയ്.. അതൊന്നും കുഴപ്പം ഇല്ല രാധമ്മേ..എനിക്ക് മനസ്സിലാവും." എന്റെ കയ്യിൽ പിടിച്ചു ക്ഷമാപണം നടത്തുന്ന രാധമ്മയെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു "മോൾക്ക് വയ്യെന്ന് അറിഞ്ഞപ്പോൾ തൊട്ട് ഞാൻ വേറെ ഒരു കുട്ടിയെ നോക്കുന്നതാ.. അവന് നല്ല വാശി ആയിരുന്നു അപ്പോൾ. കാണുന്നതെല്ലാം എറിഞ്ഞു ഉടക്കും, ഇടക്കിടക്ക് ശ്രീക്കുട്ടി എന്നും പറഞ്ഞു ഉറക്കെ നിലവിളിക്കും. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആണ് ഞാൻ വേറെ ഒരു കുട്ടിയെ നോക്കിയത്." "എന്നിട്ട്?" എന്നിൽ ആകാംഷ ഉളവായി. "കുറെ അനേഷിച്ചു ഞാൻ. മോൾക്ക് അറിയാലോ അവന്റെ കാര്യം അറിഞ്ഞാൽ ആരും വരില്ല. അവസാനം എവിടെ നിന്നോ ഒരു നാലാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടിയെ കിട്ടി. കുറച്ചു നേരം അവനുമായി കളിച്ചു.

പിന്നെയും പറയാ ശ്രീക്കുട്ടി വേണമെന്ന്. മൂന്ന് പേർക്കും ഒന്നിച്ചു ഇരുന്നു കളിക്കാമെന്ന്. എനിക്ക് നല്ല ദേഷ്യം വന്നു. ഞാൻ രണ്ടെണ്ണം കൊടുത്തു. അപ്പോൾ അവന് ഭ്രാന്തു പിടിച്ച പോലെ വീട്ടിലുണ്ടായ എല്ലാ സാധങ്ങളും എറിഞ്ഞു ഉടച്ചു. എന്നിട്ട് റൂമിലേക്ക് ഓടി പോയി ഒരു മൂലയിൽ ഒളിച്ചു. അവന്റെ ആ പരാക്രമം കണ്ടു ആ കുട്ടി അപ്പോൾ തന്നെ ഓടി പോയി.നന്ദൻ അവിടെ നിന്ന് ഒട്ടും എഴുന്നേൽക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ ആണ് ഞാൻ മോളെ വിളിച്ചത്. വയ്യാത്ത അവസ്ഥയിൽ മോളെ ഇങ്ങോട്ട് വരുത്തുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷെ മോളെ മാത്രം മതി അവന്.മോളെ കൊണ്ട് മാത്രമേ അവനെ നേരെയാക്കാൻ പറ്റു.." കയ്യിലേക്ക് ഒരു കപ്പ് ചായ തന്ന് കൊണ്ട് രാധമ്മ പറയുന്ന കാര്യങ്ങൾ ഒരു കഥ പോലെ ഞാൻ കേട്ടു. * മോളെ മാത്രം മതി അവന്.മോളെ കൊണ്ട് മാത്രമേ അവനെ നേരെയാക്കാൻ പറ്റു..* ആ വാക്കുകൾ വീണ്ടും വീണ്ടും എന്റെ ചെവിയിൽ വന്നു പതിച്ചു കൊണ്ടിരുന്നു ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story