ശ്രീനന്ദനം: ഭാഗം 5

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

* മോളെ മാത്രം മതി അവന്.മോളെ കൊണ്ട് മാത്രമേ അവനെ നേരെയാക്കാൻ പറ്റു..* ആ വാക്കുകൾ വീണ്ടും വീണ്ടും എന്റെ ചെവിയിൽ വന്നു പതിച്ചു കൊണ്ടിരുന്നു "മോള് എന്താ ആലോചിക്കുന്നെ.." "ഏയ്.. ഒന്നുല്ല" "ഹാ.. എന്നാൽ ചായ കുടിച്ചിട്ട് ഒരു ഗ്ലാസും അവനും കൊണ്ട് പോയി കൊടുക്ക്. ഇന്നലെ നീ പറയാതെ പോയി എന്ന് പറഞ്ഞിട്ട് ഒന്നും കഴിച്ചിട്ടില്ല അവൻ.." "അയ്യോ.. അതെന്തേ.." "ആവോ.. ആർക്കറിയാം.ഇപ്പോൾ ഓരോ ശീലങ്ങൾ തുടങ്ങിയതല്ലെ.. ഞാൻ പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല.ഇനി എന്നാണാവോ എന്റെ കുട്ടി പഴയത് പോലെ ഒന്ന് ആവുന്നത്." ഞാൻ അപ്പോൾ ഒന്നും മിണ്ടാൻ പോയില്ല.ചായ എടുത്തു പതിയെ നന്ദേട്ടന്റെ മുറിയിലേക്ക് പോയി. മൂടി പുതച്ചു കിടന്നു ഉറങ്ങുകയായിരുന്നു ആള്. "നന്ദേട്ടാ.. എണീറ്റെ" ആദ്യം ഒന്നും എണീറ്റില്ല.

എന്റെ 5 മിനിറ്റിന്റെ പരിശ്രമം കൊണ്ടാണ് ആളൊന്നു കണ്ണ് തുറന്നത്. മുന്നിൽ ചായകപ്പും ആയി എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു വേഗം ഞെട്ടി എണീറ്റു. "ഗുഡ് മോർണിംഗ്" തിരിച്ചു ഒരു റിപ്ലൈയും ഇല്ല. ഞാൻ അത്‌ പ്രതീക്ഷിച്ചതും അല്ല. "ഹെലോയ്... ഗുഡ് മോർണിംഗ് എന്ന്" ഞാൻ കുറച്ചൂടെ അടുത്തോട്ടു പോയപ്പോൾ പിണങ്ങിയ മട്ടിൽ തിരിഞ്ഞു ഇരുന്നു പുള്ളി.അത് കണ്ടു എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. "നന്ദേട്ടാ.. ദേ ചായ.വേഗം കുളിക്ക്. എന്നിട്ട് നമുക്ക് കളിക്കാൻ ഉള്ളതല്ലേ.." "എനിക്ക് വേണ്ട ചായ.ഇന്നലെ എന്നെ ആ അമ്മ വഴക്ക് പറഞ്ഞില്ലേ.. എന്നിട്ടും ശ്രീക്കുട്ടി ഒന്നും പറഞ്ഞില്ലല്ലോ..

ഞാൻ കുറെ വിളിച്ചിട്ടും വന്നില്ല.ഇനി കൂട്ടില്ല ശ്രീകുട്ടിയോട്.പൊയ്ക്കോ.എങ്ങോട്ടെങ്കിലും പൊയ്ക്കോ." അതും പറഞ്ഞു തിരിഞ്ഞു ഇരിക്കുന്നവനെ കണ്ടു അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി. നന്ദേട്ടൻ എന്നെ തള്ളി പറയുകയാണോ എന്ന് തോന്നി. പെട്ടന്ന് ഞാൻ കരയുന്നത് കണ്ടിട്ടാവണം നന്ദേട്ടൻ വേഗത്തിൽ എന്റെ അടുത്തേക്ക് വന്നത്. "അയ്യോ.. ശ്രീക്കുട്ടി കരയണോ.. എന്തിനാ കരയണേ..ഞാൻ വഴക്ക് പറഞ്ഞതോണ്ട് ആണോ.." ഞാൻ ഒന്നും മിണ്ടിയില്ല. "സോറി.കരയല്ലേ... സോറി.ഞാൻ അറിയാതെ പറഞ്ഞതല്ലേ.. ഇനി പറയൂല." ഞാൻ അപ്പോഴും ഒന്നും മിണ്ടിയില്ല.അത് കണ്ടു നന്ദേട്ടൻ എന്റെ കയ്യിൽ പിടിച്ചു. "കരയല്ലേ.. ഇനി കരഞ്ഞാൽ ഞാനും കരയും." കൊച്ചു കുട്ടികളെ പോലെ ഉള്ള വർത്താനം കേട്ട് ഞാൻ ഒന്ന് ചിരിച്ചു.

"യോ... ശ്രീക്കുട്ടി ചിരിച്ചേ.." അതും പറഞ്ഞു തുള്ളിച്ചാടുന്ന നന്ദേട്ടനെ ഞാനും കണ്ണിമ വെട്ടാതെ നോക്കി. ഇനി എപ്പോഴായിരിക്കും നന്ദേട്ടൻ എന്നെ തള്ളി പറയുക,ഈ ഭാഗ്യം എന്നിൽ നിന്ന് അകന്നു പോകുന്നത്... "ശ്രീക്കുട്ടി.. എന്താ ആലോചിക്കുന്നെ.." "ഒന്നുല്ല." "എന്നാൽ നമുക്ക് അടിയിലേക്ക് പോവാം.ഭയങ്കര വിശപ്പ്" "ഇന്നലെ ഒന്നും കഴിക്കാതെ കിടന്നിട്ടല്ലേ.. എന്തെ കഴിക്കാഞ്ഞേ.." "നീ എന്റെ കൂടെ കളിക്കാൻ വന്നില്ലല്ലോ.." "ഇനി അങ്ങനെ ഒന്നും ചെയ്യരുത്ട്ടോ.. സമയം ആവുമ്പോൾ ഭക്ഷണം കഴിക്കണം.അത്‌ പോലെ രാത്രി ഒറ്റക്ക് രാതമ്മയോട് പറയാതെ പുറത്തിറങ്ങരുത്.കേട്ടല്ലോ.." "കേട്ടു. നീ വാ.. നമുക്ക് ഭക്ഷണം കഴിക്കാം." നന്ദേട്ടൻ എന്റെ കൈ സ്പീഡിൽ വലിച്ചു കൊണ്ട് പോയപ്പോൾ ഞാൻ പെട്ടന്ന് ആ കൈ വിടുവിച്ചു.

"പതിയെ നടന്നാൽ മതി." "അതെന്താ" "അതങ്ങനെ ആണ്.നടക്കങ്ങോട്ട്." ഇച്ചിരി ഒച്ചയിൽ പറഞ്ഞപ്പോൾ തിരിച്ചു ഒന്നും പറയാതെ അനുസരണയോടെ നടന്നു. നന്ദേട്ടൻ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും എന്നെ വിളിച്ചു.ആദ്യം ഇല്ല എന്ന് പറഞ്ഞെങ്കിലും പിന്നെ അമ്മ കൂടി നിർബന്ധിച്ചപ്പോൾ ഇരുന്നു. മനം പുരട്ടൽ പോലെ തോന്നിയിരുന്നു എനിക്ക്.അത്‌ കൊണ്ട് കുറച്ചു മാത്രം കഴിച്ചു അവസാനിപ്പിച്ചു. "നന്ദേട്ടന് ഈ വീടിന്റെ ഉള്ളിൽ തന്നെ ഇരുന്നു ബോറടിക്കുന്നില്ലേ.." "ഉണ്ടായിരുന്നു.ഇപ്പോൾ ഇല്ല." "അതെന്തേ ഇപ്പോൾ ഇല്ലാത്തെ." "ഇപ്പോൾ എന്റെ കൂടെ എന്റെ ശ്രീക്കുട്ടി ഇല്ലേ.." നിഷ്കളങ്കമായ ആ വാക്കുകൾ കേട്ട് പെട്ടന്ന് ഞാൻ പൊട്ടിച്ചിരിച്ചു.അത്‌ കണ്ടു ആള് ഒന്ന് പിണങ്ങി മാറി ഇരുന്നു. "അയ്യോ.. പിണങ്ങല്ലേ.. ആള് ഇങ്ങനെ ആണെങ്കിലും എന്താ ഒരു ഒലിപ്പീല്" "എന്ന് വെച്ച." "ഒന്നുല്ലേ.." ഞാൻ വീണ്ടും ഒരിക്കൽ കൂടി പൊട്ടിച്ചിരിച്ചു.

"ഇത്രയും ദിവസം ബോറടിക്കുമ്പോൾ നന്ദേട്ടൻ എന്താ ചെയ്തിരുന്നെ.." "കാർട്ടൂൺ കാണും" ഏത് നേരവും ലാപ്ടോപ് ൽ കുത്തി ഇരിക്കുന്ന നന്ദേട്ടനെ എനിക്ക് ഓർമ വന്നു.ഇന്നും അന്നും ലാപ്പിന് മുമ്പിൽ തന്നെ.പക്ഷെ അന്ന് ജോലിയുടെ ആവിശ്യത്തിന് ആണെന്ന് മാത്രം. "ഏത് കാർട്ടൂൺ ആണ് കാണുക.ഡോറ ബുജി ആണോ.." "അയ്യേ.. അതല്ല.വേറെ കുറെ ഉണ്ട്." "എന്തെ അതിന് മാത്രം ഒരു അയ്യേ.." ഞാൻ ഒറ്റപിരികം പൊക്കികൊണ്ട് ചോദിച്ചു. "ഡോറക്ക് കണ്ണ് കാണില്ല.അടുത്തുള്ള സാധനത്തിനെ പോലും കാണില്ല.മുഴുവൻ അഭിനയം ആണ് പെണ്ണ്." "ആഹാ.. അപ്പോൾ വിവരം ഉണ്ട്." "ഡോറ കഞ്ചാവ് ആണല്ലോ.." "കഞ്ചാവോ.." എന്റെ കണ്ണുകൾ വരെ വെളിയിലേക്ക് ചാടി "ആ.. ഡോറ കഞ്ചാവ്വാ.."

"ദൈവമേ.. ആരാ ഇതൊക്കെ പറഞ്ഞു തന്നത്." "കുഞ്ഞൂട്ടന.." "കുഞ്ഞൂട്ടനോ.. അതാരാ.." "ശ്രീക്കുട്ടി പോയപ്പോൾ കുഞ്ഞൂട്ടൻ വന്നിരുന്നല്ലോ കളിക്കാൻ." "ഓ.. അമ്മ പറഞ്ഞ മറ്റേ കുട്ടി.മനസ്സിലായി.എന്നിട്ട് വേറെ എന്തൊക്കെ പറഞ്ഞു തന്നു കുഞ്ഞൂട്ടൻ." "കുറെ വീഡിയോ ഗെയിംസ് ന്റെ പേര്.ബാക്കി പറയുന്നതിന് മുൻപ് ആണ് ഞാൻ ശ്രീകുട്ടിയെ നോക്കിയത്.കാണാതെ ആയപ്പോൾ എനിക്ക് ദേഷ്യം വന്നു." ഉം.... ആ കുട്ടി പേടിച്ചു ഓടി പോയത് നന്നായി.അല്ലെങ്കിൽ ഇനിയും കുറെ പറഞ്ഞു കൊടുത്തേനെ..

"വീഡിയോസ് കാണുന്നത് അത്ര നല്ലതല്ലാട്ടോ..ആരൊക്കെയോ എന്തൊക്കെയോ വീഡിയോ കാണിച്ചു കൊടുക്കും.എന്നിട്ട് അതിൽ കാണുന്ന ഓരോന്ന് ചെയ്തു വച്ചതിന്റെ ഫലം ഒന്ന് മാറിയിട്ടില്ല..." ഞാൻ വയറിൽ തലോടി കൊണ്ട് പറഞ്ഞു.എന്തോ.. വല്ലാത്ത ഒരു വിഷമം തോന്നിയിരുന്നു അപ്പോൾ.ഈ വീഡിയോസ് ഒന്നും കണ്ടില്ലായിരുന്നു എങ്കിൽ... "എന്തു പറ്റി..." "ഏയ്.. ഒന്നുല്ല." "എന്നാൽ വാ.. നമുക്ക് കളിക്കാം." "ഉം.." **** "നന്തനെയും കൊണ്ട് ഒന്ന് അമ്പലത്തിൽ പോണം മോളെ.. ഒരു പൂജ ഉണ്ട്.പിന്നെ ഒരു ചരട് മന്ത്രിച്ചു തരാം എന്നും പറഞ്ഞിട്ടുണ്ട്.അതും പോയി വാങ്ങണം." "നന്ധേട്ടനും വേണമെന്ന് നിർബന്ധം ആണോ.." "അവനെയും കൊണ്ട് ചെല്ലാൻ ആണ് പൂജാരി പറഞ്ഞത്.മോള് ഉണ്ടെങ്കിലേ അവൻ വരൂ..

മോള് വാ.. നമുക്ക് കാറിൽ പോയി വേഗം തിരിച്ചു വരാം." "ഉം.." അമ്മയോട് പറഞ്ഞപ്പോൾ ആദ്യം അമ്മ സമ്മതിച്ചില്ല.പിന്നെ രാധമ്മയും ഒക്കെ ഉണ്ടന്ന് പറഞ്ഞു എങ്ങനെ ഒക്കെയോ സമ്മതിച്ചു. ഒരു കറുത്ത കര ഉള്ള സെറ്റ് സാരി ആയിരുന്നു ഞാൻ ഉടുത്തിരുന്നത്.മുടി കുളിപ്പിന്നൽ ഇട്ട് അഴിച്ചിട്ടു.കഴുത്തിൽ ചെറിയ ഒരു മാല.ഒരു കയ്യിൽ കറുത്ത ഒരു ചരട്.പുരികങ്ങൾക്കിടയിൽ ഒരു കുഞ്ഞി പൊട്ട്.അത്രയും ആയപ്പോൾ തന്നെ ഒരുക്കം കൂടുതൽ ആയി. രാധമ്മ പുറത്തു നന്ധേട്ടനെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.അടുത്ത് പോയി ഞാനും നിന്നു.കുറച്ചു നേരത്തിനു ശേഷം ജോലിക്കാരന്റെ കൂടെ ഇറങ്ങി വരുന്ന നന്ദേട്ടനെ കണ്ടു ശരിക്കും ഞെട്ടി.

ഗോൾഡൻ കളർ കുർത്തിയും അതേ കര ഉള്ള മുണ്ടും ഇട്ട് ഇറങ്ങി വരുമ്പോൾ പഴയ നന്ദേട്ടനെ ഓർമിപ്പിച്ചു. അടുത്ത് വന്ന നന്ദേട്ടനെ നോക്കി രാധമ്മ കണ്ണ് നിറച്ചു.നീറുന്നുണ്ടാവും ഇപ്പോൾ ആ മനസ്. യാത്രയിൽ ഉടനീളം ഇടക്കണ് കൊണ്ടുള്ള നന്ദേട്ടന്റെ നോട്ടം പേടിയോടെ എങ്കിലും ഞാൻ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. നടക്ക് മുമ്പിൽ നന്ദേട്ടന്റെ തൊട്ട് മുമ്പിലായി നിന്ന് കൊണ്ട് പ്രാർത്ഥിക്കുമ്പോൾ മനസ് മുഴുവൻ നന്ദേട്ടനും കുഞ്ഞും ആയിരുന്നു.നന്ദേട്ടന്റെ അസുഖം മാറണോ മാറാതിരിക്കാനോ ഞാൻ പ്രാർത്ഥിച്ചില്ല.എന്തു പ്രാർത്ഥിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു.രണ്ടിൽ ഒന്നിനെ ഞാൻ ഒട്ടും ആഗ്രഹിച്ചിട്ടും ഇല്ല. "ശ്രീക്കുട്ടി... നമുക്ക് അങ്ങോട്ട് പോവാം." നന്ദേട്ടൻ വിരൽ ചൂണ്ടിയ സ്ഥലത്തേക്ക് ഞാൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. നടന്നു നീങ്ങുമ്പോൾ പിന്നിൽ നിന്ന് ഒരു നോട്ടക്കാരി വിളിച്ചു പറയുന്നത് അവ്യക്തമായി എങ്കിലും ഞെട്ടാലോടെ കേട്ടു. *ശിവപാർവതി ദാമ്പതിമാർ *  ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story