ശ്രീനന്ദനം: ഭാഗം 6

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"ശ്രീക്കുട്ടി... നമുക്ക് അങ്ങോട്ട് പോവാം." നന്ദേട്ടൻ വിരൽ ചൂണ്ടിയ സ്ഥലത്തേക്ക് ഞാൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. നടന്നു നീങ്ങുമ്പോൾ പിന്നിൽ നിന്ന് ഒരു നോട്ടക്കാരി വിളിച്ചു പറയുന്നത് അവ്യക്തമായി എങ്കിലും ഞെട്ടലോടെ കേട്ടു. *ശിവപാർവതി ദാമ്പതിമാർ * പെട്ടന്ന് ഞാൻ അവരെ തിരിഞ്ഞു നോക്കി. അകലെ നിന്നെങ്കിലും എന്നെ നോക്കി ചിരിക്കുന്ന അവരെ ഞാൻ കണ്ടു. "ഇങ്ങോട്ട് വാ.." നന്ദേട്ടൻ മുന്നോട്ട് വലിച് കൊണ്ട് പോയി. പോകുന്ന പോക്കിലും ഞാൻ ആ സ്ത്രീയെ തിരിഞ്ഞു നോക്കി. അവർ അപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരിന്നു!! **** പ്രസാദം വാങ്ങി തിരിഞ്ഞപ്പോൾ തൊട്ട് മുമ്പിൽ നന്ദേട്ടൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഒന്ന് നോക്കി ഞാൻ എന്റെ നെറ്റിയിൽ കുറി വരച്ചു. "എനിക്കും തൊട്ട് താ.." തല എന്റെ അരികിലേക്ക് കുനിച്ചു കണ്ണടച്ച് നന്ദേട്ടൻ നിന്നപ്പോൾ ഞാൻ പേടിയോടെ ചുറ്റിലും നോക്കി.ഭാഗ്യത്തിന് ആരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായില്ല.അമ്മ പൂജയുടെ എന്തോ ആവിശ്യത്തിന് ആയും പോയിരുന്നു. ആരും കാണില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നന്ദേട്ടന് ഒരു മഞ്ഞൾ കുറി തൊട്ട് കൊടുത്തു. നന്ദേട്ടൻ എന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ പ്രണയം ഒളിഞ്ഞു കിടക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി കണ്ടു. പെട്ടന്ന് ഞാൻ തല തിരിച്ചെങ്കിലും എന്നെ തന്നെ നോക്കി കൊണ്ടിരിക്കുന്ന നന്ദേട്ടനെ ഞാൻ ഒരിക്കൽ കൂടി നോക്കി.

നന്ദേട്ടനെ നോക്കും തോറും ആ കണ്ണുകളിലേക്ക് ഞാൻ ആണ്ടിറങ്ങുഞ്ഞത് പോലെ തോന്നി.. "ശ്രീലക്ഷ്മി..." രാധമ്മ വിളിക്കുന്നത് കേട്ടപ്പോൾ നന്ദേട്ടനെ ഒന്ന് ഞാൻ വേഗത്തിൽ നടന്നു.പിന്നാലെ നന്ധേട്ടനും വരുന്നുണ്ടായിരുന്നു. തുലാഭാരത്തിന് കേറ്റിയപ്പോൾ അതിൽ ആടി കളിക്കുന്ന നന്ദേട്ടനെ അതിലൂടെ പോകുന്നവർ എല്ലാം നോക്കി പോയി.അമ്മക്ക് അത് കണ്ടു വല്ലാത്ത നാണക്കേട് ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അടുത്തുള്ള തുലാസിൽ ഞാൻ കൂടി കയറി ഇരിക്കാത്തതിന് ആയിരുന്നു പിന്നെ ഉള്ള പുകിൽ. ഞാൻ അടുത്ത് തന്നെ ഉണ്ടെന്ന് ഉറപ്പ് കൊടുത്തതിനു ശേഷം ആണ് അതൊന്ന് മാറിയത്.അപ്പോഴും അതിലൂടെ പോകുന്നവർ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. ക്ഷേത്രം മുഴുവൻ വലം ചെയ്യണം എന്ന് പൂജാരി പറഞ്ഞപ്പോഴും നന്ദേട്ടൻ എന്നെയും കൂട്ട് ചോദിച്ചു വാശി പിടിച്ചു. അപ്പോഴേക്കും രാധമ്മക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു. ഞാൻ ഇല്ലെന്ന് പറഞ്ഞിട്ട് സമ്മതിക്കുന്നുണ്ടായില്ല. ഞാൻ ഇല്ലെന്ന് പറയാൻ രാധമയുടെ ദേഷ്യം മാത്രം അല്ല, എന്റെ ഇപ്പോഴത്തെ അവസ്ഥയും കാരണം ആയിരുന്നു. "നന്ദേട്ടൻ നടക്ക്. ഒറ്റക്കല്ലല്ലോ..രാതമ്മയും ഇല്ലേ കൂട്ടിന്." "ശ്രീകുട്ടിയും വേണം." "എനിക്ക് ഒട്ടും വയ്യ.അത്‌ കൊണ്ടല്ലേ.. പ്ലീസ്"

"നമുക്ക് പതിയെ നടക്കാം.പ്ലീസ്" എന്റെ മുഖത്ത് നോക്കി കെഞ്ചുന്നത് കണ്ടപ്പോൾ എതിർക്കാൻ തോന്നിയില്ല.പക്ഷെ അപ്പോഴും എന്റെ അവസ്ഥ ചോദ്യ ചിന്ഹം ആയി തന്നെ നിന്നു. എന്റെ കയ്യിൽ പിടിച്ചു ഒന്ന് കൂടി വലിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാൻ കൂടെ പോയി.ദേഷ്യം കാരണം ആണോ അതോ നടക്കാൻ വയ്യാത്തത് കൊണ്ടാണോ എന്ന് അറിയില്ല., രാധമ്മ അവിടെ ഇരുന്നതെ ഉള്ളു.. എന്റെ കൈ പിടിച്ചു പതിയെ നടക്കുന്ന നന്ധേട്ടനോട് അപ്പോൾ എന്തെന്നില്ലാത്ത പ്രണയം തോന്നി.ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇത് പോലെ ഒന്ന് നടക്കാൻ.ഇങ്ങനെ എങ്കിലും ആ ആഗ്രഹം സാധിച്ചു.ആരോ സൂക്ഷിച്ചു നോക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ തന്നെ നന്ദേട്ടന്റെ കൈ വിടുവിപ്പിച് കൈ കൂപ്പി കൊടുത്തു.പിന്നെ ആ കൂപ്പു കയ്യും കൊണ്ട് അമ്പലത്തെ മുഴുവൻ ആയും വലം വെച്ചു. നന്ദേട്ടൻ നല്ല സന്തോഷത്തിൽ ആയിരുന്നു. ഇങ്ങനെ ആയതിനു ശേഷം ആദ്യം ആയിട്ടാണ് നന്ദേട്ടൻ പുറത്തേക്ക് ഒക്കെ ഇറങ്ങുന്നത്. ഒന്നില്ലെങ്കിൽ ഹോസ്റ്റലിൽ അല്ലെങ്കിൽ വീട്ടിൽ തന്നെ ആയിരിക്കും നന്ദേട്ടൻ എപ്പോഴും.. ഒരു പ്രാവശ്യം വലം വെച്ചപ്പോഴേക്കും തലക്കകത്തു എന്തോ ഒരു ഭാരം പോലെ തോന്നിയെനിക്ക്. പതിയെ കണ്ണുകൾ അടഞ്ഞു നിലത്തേക്ക് എത്തുമ്പോഴേക്കും നന്ദേട്ടൻ പിടിച്ചു.

കണ്ണ് തുറക്കാൻ പറ്റുന്നുണ്ടായില്ല എനിക്ക്. ശരീരത്തിന് ഭരക്കുറവ് അനുഭവപ്പെട്ടു. തളർന്നു പോയി എന്ന് തോന്നി. അപ്പോഴേക്കും ആരൊക്കെയോ ഓടി കൂടി. അവരെല്ലാം ചേർന്ന് എന്നെ എവിടെയോ കൊണ്ട് പോയി ഇരുത്തി. നന്ദേട്ടന്റെ തോളിൽ തലചായ്ച് ആയിരുന്നു ഇരുന്നത്.ആരോ നീട്ടിയ വെള്ളം കുപ്പി വാങ്ങാൻ ഉള്ള ശക്തി പോലും എനിക്ക് ഉണ്ടായിരുന്നില്ല. ഛർദിക്കാൻ വരുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും പുറത്തേക്ക് വരുന്നില്ലെന്ന് മാത്രം. ആരോ എന്റെ കവിളിൽ ഇടക്കിടക്ക് തട്ടുന്നുണ്ടായിരുന്നു. നന്ദേട്ടൻ ആണെന്ന് ഊഹിച്ചു. ചുറ്റും ഉള്ള ശബ്ദങ്ങൾ അവ്യക്തം ആയെങ്കിലും കേട്ടു. "എന്തു പറ്റിയത് ആവോ.. പെട്ടന്ന് തലകറങ്ങാൻ. എന്തായാലും കുട്ടി കുറച്ചു നേരം വിശ്രമിക്കട്ടെ.. ഭർത്താവ് ഉണ്ടല്ലോ കൂടെ. നമുക്ക് അങ്ങോട്ട് നീങ്ങാം." അൽപ്പം ഒന്ന് സമാധാനം ആയപ്പോൾ തലഉയർത്തി ചുറ്റും ഒന്ന് നോക്കി. ആലിന്റെ താഴെ ആണ് ഇരിക്കുന്നത് എന്ന് മനസ്സിലായി. "കിടന്നോ.." എന്റെ തല ആ തോളിലേക്ക് ചേർത്ത് വെച്ചപ്പോൾ ക്ഷീണം കൊണ്ടോ എന്തോ ഞാൻ ഉറങ്ങി പോയി. ആരൊ ദേഷ്യപ്പെടുന്ന ശബ്ദം തൊട്ടടുത്തു നിന്ന് കേട്ടിട്ടാണ് കണ്ണ് തുറന്നത്.വല്ലാത്ത തലവേദന തോന്നി. ക്ഷീണം വിട്ട് മാറിയില്ലെങ്കിലും എഴുന്നേറ്റു. കടുത്ത ദേഷ്യത്തിൽ നിൽക്കുന്ന രാധമ്മയെ ആണ് ആദ്യം കണ്ടത്.

എനിക്ക് ഒന്നും മനസ്സിലായില്ല. ചിലപ്പോൾ നന്ദേട്ടന്റെ തോളിൽ തല വെച്ച് കിടന്നതിന് ആവും. "പോവാം" എന്റെ മുഖത്ത് നോക്കാതെ അൽപ്പം കടുപ്പിച് തന്നെ ആയിരുന്നു പറഞ്ഞത്.ഞാൻ പതിയെ എഴുന്നേറ്റു. താങ്ങാൻ ആയി നന്ധേട്ടനും കൂടെ ഉണ്ടായിരുന്നു. അപ്പോഴൊക്കെയും ദേഷ്യത്തോടെ നോക്കുന്ന രാധമ്മയെ ഞാൻ പേടിയോടെ കണ്ടു. കാറിൽ ഇരിക്കുമ്പോഴും രാധമ്മ മൗനം ആയിരുന്നു. നന്ദേട്ടൻ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. ചൂണ്ട്‌ വിരൽ ചുണ്ടോടാടുപ്പിച്ചു മിണ്ടാതെ ഇരിക്കാൻ മാത്രം പറഞ്ഞു. പേടിയാവുന്നുണ്ടായിരുന്നു എനിക്ക്. കാർ വീട്ടിൽ എത്തിയപ്പോൾ ഞാൻ പതിയെ ഇറങ്ങി. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ രാധമ്മ ഒന്നും പറഞ്ഞില്ല. രാത്രി ആവാനായിരുന്നു അപ്പോൾ. പോവണ്ടെന്ന് പറയുന്ന നന്ദേട്ടനെ രാധമ്മ എന്റെ മുന്നിലൂടെ വലിച്ചിഴച് കൊണ്ട് പോയി. മുമ്പിലെ വാതിൽ വലിച്ചടച്ചു. രാധമ്മക്ക് എന്നോട് ദേഷ്യം തന്നെ ആണെന്ന് എനിക്ക് മനസ്സിലായി.പിന്നെ അത് കാര്യമാക്കാതെ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയപ്പോൾ നേരെ ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു. കുറെ നേരം ഉറങ്ങി. രാത്രി പാതിരക്കു അമ്മ കഞ്ഞി കുടിക്കാൻ വിളിച്ചു. വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച് കുടിപ്പിച്ചു.

പക്ഷെ ആ കഞ്ഞിക്കു എന്റെ വയറ്റിൽ കിടക്കാൻ ഭാഗ്യം ഉണ്ടായില്ല. കഴിച്ചത് മുഴുവൻ ഛർദിച്ചു. ഒരു ഗ്ലാസ്‌ വെള്ളം മാത്രം കുടിച് അന്നത്തെ രാത്രി തളർന്നു ഉറങ്ങി. ഛർദിച്ചത് എല്ലാം വൃത്തി ആക്കി പിന്നാലെ അമ്മയും വന്നു. രാവിലെയും ഇത് തന്നെ ആയിരുന്നു അവസ്ഥ. അതിരാവിലെ കുടിച്ച കട്ടനും പിന്നാലെ കഴിച്ച പുട്ടും കടലയും എല്ലാം ഛർദിച്ചു തന്നെ പോയി. ഒന്നും വയറ്റിൽ പിടിക്കുന്നുണ്ടായില്ല. കട്ടൻ പോയത് ഞാൻ സഹിച്ചു. വെളുപ്പിന് എഴുന്നേറ്റ് അമ്മ എനിക്ക് ഇഷ്ടപ്പെട്ട പുട്ടും കടലയും ഉണ്ടാക്കിയിട്ട് അത് പോലും കഴിക്കാൻ പറ്റിയില്ലെന്ന് ഓർത്തപ്പോൾ ആണ് വിഷമം തോന്നിയത്. എല്ലാം ഒന്ന് ശരിയായി വന്നപ്പോഴേക്കും നേരം 11 മണി കഴിഞ്ഞിരുന്നു. നേരെ നന്ദേട്ടന്റെ വീട്ടിലേക്ക് പോയി. ഇനി അവിടെ പുള്ളി എന്തൊക്കെ കാണിച്ചു കൂട്ടിയോ എന്തോ.. ഉള്ളിലേക്ക് കയറാൻ നിന്നപ്പോൾ ആണ് അകത്തു നിന്ന് ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടത്. "ശ്രീക്കുട്ടി... ശ്രീക്കുട്ടി... ശ്രീക്കുട്ടി. ഏതു നേരവും ആ പേരെ ഉള്ളു വായിൽ. ഞങ്ങൾ ഒന്നും എന്തെ മനുഷ്യർ അല്ലെ.. നിന്റെ ആരാടാ ശ്രീക്കുട്ടി. ശ്രീക്കുട്ടി എന്നല്ലേ വിളിച്ചിരുന്നത് ഇപ്പോൾ എങ്ങനെ ശ്രീക്കുട്ടി ആയി. പറയടാ.. പറയാൻ." ചോദിക്കുന്നതിനോടൊപ്പം വടി കൊണ്ട് തല്ലുന്ന ശബ്ദവും കേട്ടു.

പിന്നാലെ നന്ദേട്ടന്റെ ഉച്ചത്തിൽ ഉള്ള കരച്ചിലും. എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഞാൻ കാരണം നന്ദേട്ടൻ... "പറയടാ നീ.. അവന്റെ ഒരു ശ്രീക്കുട്ടി. ഇന്നലെ മുതൽ മുഴുവൻ ഫോൺ കോളുകൾ ആണ്. ഞങ്ങൾ അറിയാതെ മകനെ കെട്ടിച്ചോ, പൊട്ടൻ ആയത് കൊണ്ടാണോ വേലക്കാരിയെ കൊണ്ട് കെട്ടിച്ചത് എന്നൊക്കെ ചോദിക്കുന്നവരോട് ഞാൻ എന്താ പറയാ.. അമ്പലത്തിൽ വെച്ചും ഫോൺ കാൾ ആയും ചോദിക്കുന്നവരോട് പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു. അവരെ പറഞ്ഞിട്ടും കാര്യം ഇല്ല. അങ്ങനെ ആയിരുന്നില്ലേ അമ്പലത്തിൽ വെച്ചു രണ്ടാളുടെയും പെർഫോമൻസ്. അവൾ വീഴുന്നു.. അവൻ വാരി എടുക്കുന്നു, കരയുന്നു, വെള്ളം കൊടുക്കുന്നു, ആൾക്കാരെ വിളിച്ചു കൂട്ടുന്നു... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്. ഇനി നീ ശ്രീക്കുട്ടി എന്ന് പറഞ്ഞു നടന്നാൽ ആൾക്കാർ പറയുന്നത് പോലെ നിന്നെ ചങ്ങലക്ക് ഇടും ഞാൻ. മര്യാദക്ക് അടങ്ങി ചുരുങ്ങി ഇരുന്നോളണം ഇവിടെ. ശ്രീകുട്ടിയും ഇല്ല. ഒന്നും ഇല്ല. കേട്ടല്ലോ.." രാധമ്മ ദേഷ്യത്തിൽ പറയുന്നത് കേട്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി.

കണ്ണുകൾ ആവിശ്യം ഇല്ലാതെ നിറഞ്ഞൊഴുകി.. വേഗത്തിൽ തിരികെ വീട്ടിലേക്ക് നടന്നു. "ആഹാ.. ഇത്ര വേഗം തിരിച്ചു വന്നോ.. എന്തു പറ്റി.." അമ്മയുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ വേഗം കട്ടിലിലേക്ക് തല ചായ്ച്ചു. കണ്ണുകൾ വീണ്ടും അനുസരണ ഇല്ലാതെ ഒഴുകി. ഓർമയിൽ അപ്പോൾ നന്ദേട്ടൻ മാത്രം ആയിരുന്നു. 'അങ്ങനെ അവസാന പ്രതീക്ഷയും പോയി. പാവം ഒരുപാട് അടിയും വഴക്കും ഞാൻ കാരണം കിട്ടി.ഇനി പഴയത് പോലെ ഞാൻ ഇവിടെയും നന്ദേട്ടൻ അവിടെയും.പക്ഷെ ഞങ്ങളുടെ കുഞ്...' കൈ വയറിൽ തഴുകി. കുഞ്ഞിന്റെ കാര്യം ഇനി എന്താകും എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല എനിക്കപ്പോൾ......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story