ശ്രീരാഗം 💌 : ഭാഗം 14 || അവസാനിച്ചു

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

"നേരം ഒരുപാടായി.. നീ വീട്ടിൽ പോണില്ല്യേ..." ആ ചോദ്യം പ്രതീക്ഷിച്ചതായിരുന്നു.. അങ്ങനെയൊരു ചോദ്യം വരുമ്പോൾ സമയം രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു.. "പോണോ.?" അത്രയേ മറുത്തു ചോദിച്ചിരുന്നുള്ളു... കേട്ടപ്പോ അവനൊന്നു വിയർത്തു.. "പോണ്ടേ..? പോണം..." അവൻ അവളെ നോക്കാതെ പറഞ്ഞു.. "എനിക്ക് പോണ്ടാ..." അവനൊന്നും മിണ്ടിയില്ല.. മറുപടി പറയാനറിയാതെ തല താഴ്ത്തി നിന്നു... അവന്റെ കൈകളിലൊന്നിൽ അവളുടെ കയ്യമർന്നു.. കണ്ണിലേക്ക് നോക്കിയപ്പോൾ കണ്ണു നിറഞ്ഞിരുന്നു.. "ഞാൻ പോണോ..?" "വേണ്ടാ..." അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. നിറഞ്ഞു വന്ന കണ്ണുകളെ മാനത്തേക്ക് നോക്കി കരയാൻ വിട്ടു. "കാണാതായാ അച്ഛയും അമ്മയും പേടിക്കില്ലേ?" "ഇങ്ങോട്ടാന്നവർക്കറിയാം.. മോളിപ്പോ ഏറ്റവും സുരക്ഷിതമായ സ്ഥലത്താന്നും അവർക്കറിയാം.." പറഞ്ഞുകൊണ്ട് അവന്റെ തോളിൽ തല ചായ്ച്ചു. "ആ പെണ്ണിനെ ഇതുവരെ കണ്ടില്ലല്ലോ..." അച്ഛ ഉറങ്ങാൻ കിടന്നിരുന്നു.

അമ്മ അടുത്ത് വന്നിരുന്നുകൊണ്ട് ചോദിച്ചു. "നീ ലൈറ്റ് അണച്ചു കിടക്കാൻ നോക്ക്.. അവളിന്ന് വരണ്‌ണ്ടാവില്ല്യ.." അച്ഛ തിരിഞ്ഞു കിടന്നുകൊണ്ട് തെല്ലും കൂസലില്ലാതെ പറഞ്ഞു. അമ്മയുടെ നെറ്റിയൊന്നു ചുളിഞ്ഞു.. "അയ്യേ.. ഇങ്ങോട്ട് വരാതെ പിന്നവൾ അവന്റെ വീട്ടിൽ തങ്ങാനോ..?" അച്ഛയതിന് മറുപടി പറഞ്ഞില്ല.. അദ്ദേഹം ഉറക്കത്തിന്റെ പടവുകൾ വഴുതി വീഴവെ ദേവമ്മ അദ്ദേഹത്തെ വീണ്ടും കുലുക്കി വിളിച്ചു.. "ദേ മനുഷ്യാ.. അവളെയിങ്ങോട്ട് വിളിച്ചോണ്ട് വന്നേ... വെറുതെ നാട്ടാരെക്കൊണ്ട് അതുമിതും പറയിപ്പിക്കാതെ..." ഭാര്യയുടെ ശല്യം കാരണം അദ്ദേഹം എഴുന്നേറ്റിരുന്നു. "നിന്റെ തുള്ളല് കണ്ടാ തോന്നും നാട്ടുകാർക്കൊന്നും അവനെ പറ്റിയും അവളെപ്പറ്റിയും ഒന്നും അറിഞ്ഞൂടാന്ന്.." "എന്നാലും...." "ഒരെന്നാലും ഇല്ല... എനിക്ക് നാട്ടുകാരല്ല, എന്റെ മോളാ വലുത്.." അതും പറഞ്ഞുകൊണ്ട് അദ്ദേഹം പിന്നെയും തിരിഞ്ഞു കിടന്നു. കുറച്ചു നേരത്തേക്ക് ദേവമ്മ നിശ്ശബ്ദയായി.. "ഇനി ഞാനൊന്നും പറയുന്നില്ല.. അവന് വയ്യാത്തതാ.. അതോർമ്മ വേണം.

നാളെ അവനെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഗീതുവിനെ നമ്മൾക്ക് പിടിച്ചുവെക്കാൻ കഴിയുമെന്ന് വരില്ല.." അച്ഛ കണ്ണുകൾ തുറന്നു.. അതിന് അച്ഛയ്ക്കും മറുപടി വന്നില്ല... കുറച്ചു നേരം അദ്ദേഹം മിണ്ടാതിരുന്നു.. "അതിനുള്ള വഴിയൊക്കെ അവൻ കണ്ടെത്തിക്കോളും.. നീ കിടക്കാൻ നോക്ക്..." ഇതും പറഞ്ഞ് വീണ്ടും അച്ഛ കണ്ണുകളടച്ചു. "ഞാനിവിടെ തല കത്തി നിക്കുവാ.. ഒരു പേടിയും ഇല്ലാതെ ഇങ്ങേര് കിടന്നുറങ്ങുന്നത് കണ്ടില്ലേ..." പിറുപിറുത്തുകൊണ്ട് ദേവമ്മ കട്ടിലിൽ കണ്ണുതുറന്നു കിടന്നു.. ദേവമ്മ കിടന്നതും അച്ഛയും കണ്ണുകൾ തുറന്നു വച്ചു.. "തനിക്ക് ഉറക്കം വരുന്നില്ലേ..." ഇടക്കെപ്പോഴോ ശ്രീയേട്ടൻ ചോദിച്ചപ്പോൾ ഇല്ലെന്ന് തലയാട്ടി. "പക്ഷെ എനിക്ക് നന്നായി ഉറക്കം വരുന്നു.. ഇന്ന് രാത്രി എനിക്ക് നന്നായി ഉറങ്ങണം.." ശ്രീയേട്ടൻ പറഞ്ഞു.. അവൻ ചുവരിലേക്ക് ചാരിക്കിടന്നു കണ്ണുകളടച്ചു.. അവന്റെ നെഞ്ചിലേക്കവളും ചാരി.. അവളെ മനോഹരമായി പൊതിഞ്ഞുപിടിച്ചുകൊണ്ടവൻ ചെവിക്കു പിന്നിലായി അമർത്തി മുത്തി. അതേ കിടപ്പിൽ പിന്നീടെപ്പോഴോ ഉറങ്ങിപ്പോയി..

ചെവിക്കുപിന്നിലെ ചുണ്ടുകളപ്പോഴും അടർന്നു മാറിയിരുന്നില്ല... ✨️✨️✨️✨️✨️✨️✨️✨️✨️✨️ "എന്തായീ പറയണേ.. പോവേ...?" കാലത്താണ് ഗീതുവിനോപ്പം വീട്ടിൽ ചെന്നിട്ട് അച്ഛയോട് കാര്യം അവതരിപ്പിച്ചത്. വീട്ടിലേക്ക് നടന്നെത്തുന്നതിന്റെ തൊട്ടു മുന്നേയും പെണ്ണൊന്നു തടഞ്ഞു നിർത്തിയിട്ട് ചോദിച്ചു.. "പോണോ ശ്രീയേട്ടാ..." ആ കണ്ണുകളപ്പോൾ കലങ്ങിയിരുന്നു. കണ്ണുകളെ അവളിൽ ഉടക്കാൻ സമ്മതിക്കാതെ മുന്നോട്ട് തന്നെ നടന്നു നീങ്ങി. പിന്നാലെയാവൾ തല താഴ്ത്തി നടന്നു വന്നു. അച്ഛയോട് പറഞ്ഞപ്പോൾ ഒരു ഞെട്ടലായിരുന്നു.. പിന്നീട് ബാക്കിയുള്ള കാര്യങ്ങള് വിശദീകരിച്ചപ്പോഴാണ് അച്ഛയുടെ ഞെട്ടല് പാതി തണുത്തത്.. "എന്നിട്ട് എപ്പോ പോവാനാ തീരുമാനം..?" "പത്ത് മണിക്കൊരു ട്രെയിൻ ഉണ്ട്...." "എന്നിട്ട്.. എന്നിട്ടെപ്പഴാ മടക്കം...." മടിച്ചുകൊണ്ട് അച്ഛ ചോദിച്ചു.

മറുപടി പറയാൻ അവനൊന്നു കുഴങ്ങി. പെണ്ണിനും അതറിയണമെന്ന് അവളുടെ മുഖം കണ്ടാലറിയാം. "അറിയില്ല..." അത്രമാത്രം.. അത് മാത്രമേ പറയാനായുള്ളൂ. ആ വാക്കിനപ്പുറം മറ്റെന്തു ചേർത്ത് പറഞ്ഞാലും കള്ളമായേക്കും.. അച്ഛ നടുവകത്തെ ക്ലോക്കിൽ വന്നു നോക്കിയപ്പോൾ സമയം ഒൻപത് കഴിഞ്ഞിരുന്നു. ദിറുതിയോടെ അദ്ദേഹം വീണ്ടും പുറത്തേക്കെത്തി. "സമയം ഒൻപത് കഴിഞ്ഞു.. കേറിയിരിക്ക്.. കഴിച്ചിട്ട് ഇവിടുന്നിറങ്ങാം.." അച്ഛ അകത്തേക്ക് വിളിച്ചിരുത്തി.. ടേബിളിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോഴെല്ലാം പെണ്ണിന്റെ കണ്ണുകൾ ക്ലോക്കിലെ സമയത്തിൽ തറഞ്ഞു കിടക്കുന്നതവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. "കഴിക്ക് മക്കളെ..." രണ്ട് ലോകങ്ങളിൽ വിറകൊണ്ടുകിടക്കുന്നവരെ ഉണർത്തുവാനായി അമ്മ ഇടക്കിടക്ക് പറഞ്ഞുകൊണ്ടേയിരുന്നു.. ഇറങ്ങാറായപ്പോൾ യാത്രയാക്കുവാൻ അച്ഛയും അമ്മയും കൂടെ റെയിൽവേ സ്റ്റേഷനിലേക്ക് വരാമെന്ന് പറഞ്ഞു.. ഇറങ്ങാൻ നേരം മനസ്സാകെ ശൂന്യമായിരുന്നു.. പെണ്ണിന്റെ തല താണിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തും വരെ അവർക്കിടയിൽ നിശബ്ദത തളം കെട്ടി കിടന്നു.

അവിടെയെത്തും വരെ അവനവളോട് ഒന്നും മിണ്ടാനായില്ല.. അവിടെയെത്തും വരെ അവളവനെ ഒളിക്കണ്ണിട്ടു നോക്കിക്കൊണ്ടിരുന്നു.. അവൻ പോകാതിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. പോകണ്ടായെന്നവൾ വാശിപിടിക്കണമെന്ന് അവനുമാഗ്രഹിച്ചു. പോകാതിരുന്നാൽ അവന് ആപത്താണെന്ന് അറിഞ്ഞുകൊണ്ടവൾ ഒന്നും മിണ്ടിയില്ല. പോകണ്ടായെന്നവൾ കരഞ്ഞാൽ യാത്രയുപെക്ഷിച്ചെക്കുമെന്ന് ഭയന്ന് അവനവളെ നോക്കാൻ കൂട്ടാക്കിയതുമില്ല.. മനസിന്റെ ഓളങ്ങളിൽ നോവ് വീർപ്പുമുട്ടി കിടന്നു. ഞരമ്പുകൾ പൊട്ടി നോവ് ചീറ്റിത്തുടങ്ങി. പൊട്ടിയൊലിച്ച ചോരയും നീരും ഹൃദയത്തെ മൂടിപ്പുതപ്പിച്ചു.. പ്ലാറ്റ്ഫോമിൽ ട്രെയിൻ ഉടനെ എത്തുമെന്ന് അന്നൗൺസ്‌മെന്റ് കേട്ട് അവളവനെ വെപ്രാളത്തോടെ നോക്കി.. "എനിക്ക് ഒരാളെ വിളിക്കാനുണ്ട്.." അത്ര മാത്രം പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ പ്രതികരണത്തിന് കാക്കാതെ അവൻ എസ്ടിടി ബൂത്ത് ലക്ഷ്യമാക്കി നടന്നു.

ബൂത്തിൽ കയറിയതും നിറഞ്ഞു തുളുമ്പിയ കണ്ണുകളെ ഒഴുകനനുവദിച്ചു. നെഞ്ച് കീറുന്ന വേദന തോന്നി. ആ വേദനയിൽ ഈ നിമിഷം താൻ മരിച്ചു വീണേക്കുമെന്ന് തോന്നി.. നെഞ്ചില് നിന്നും ഒരു വേദന പൊട്ടിയുയർന്നപ്പോൾ നെഞ്ചില് കയ്യമർത്തിക്കൊണ്ടവൻ ബാംഗ്ലൂരിലെ അവനെ ചികിൽസിച്ചിരുന്ന ഹോസ്പിറ്റലിലേക്ക് ഫോൺ ചെയ്തു. കുറച്ചു നേരത്തേ റിങ്ങിനു ശേഷം കാൾ അറ്റൻഡ് ആയി.. "ഹലോ.. ഡോക്ടർ ഹരിശങ്കർ സ്പീക്കിങ്.." "ഹലോ.. ഡോക്ടർ ഇത് ഞാനാ.. ശ്രീരാഗ്.." "ഓഹ്.. ശ്രീരാഗ്.. എത്തിയാലുടൻ വിളിക്കണമെന്ന് പറഞ്ഞിട്ട് ഇപ്പഴാണോ വിളിക്കുന്നത്..?" "അത്.. ഡോക്ടർ.. ഇവിടെ വന്നപ്പോൾ ഡോക്ടറെ വിളിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല..." ടെലിഫോണിന്റെ സ്ട്രിങ് കയ്യില് പിടിച്ചു കറക്കിക്കൊണ്ട് സംസാരിക്കുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു. "എന്തു പറ്റി ശ്രീരാഗ്..?

അവിടെയെല്ലാം ഓക്കേ അല്ലെ..?" "ഡോക്ടർ ഞാൻ തിരിച്ചു വരുകയാണ്..." "വൈ..? കുറച്ചു നാള് അവിടെ ചെന്ന് അടിച്ചുപൊളിച്ചിട്ട് തിരിച്ചു വരാമെന്ന് പറഞ്ഞിട്ടല്ലേ നീയിവിടുന്നു പോയത്...? ഇപ്പൊ എന്ത് പറ്റി..." "അത്... എനിക്ക് ഇനിയും കുറേ കാലം ജീവിക്കണമെന്നുണ്ട് ഡോക്ടർ...." അത് പറയുമ്പോൾ കണ്ണുകളുടെ ഒഴുക്കിനെ ചുണ്ടുകൊണ്ട് കടിച്ചമർത്തി. "ഹേയ്.. വാട്ട് ഹാപ്പെൻഡ് ശ്രീരാഗ്.." ഡോക്ടർ അമ്പരപ്പോടെ അയാളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് തിരിക്കുമ്പോൾ അവൻ പ്രതീക്ഷയറ്റ ഒരു മനുഷ്യനായിരുന്നു. അവസാനമായി വേണ്ടപ്പെട്ടവരെയെല്ലാം കണ്ടു വന്നിട്ട് മരണത്തിന് കീഴടങ്ങാം എന്നായിരുന്നു നാട്ടിലേക്ക് തിരിക്കുമ്പോൾ അവൻ ഡോക്ടറോട് പറഞ്ഞിരുന്നത്.. ആ അവനിൽ വന്ന മാറ്റത്തിന്റെ കാരണമറിയാൻ ഡോക്ടർക്ക് കൗതുകമേറി.. "എനിക്ക് ഇനിയും കുറേ കാലം ജീവിക്കണം ഡോക്ടർ.. ഞാനുടനെ തിരിച്ചെത്തിയാൽ നമുക്ക് ട്രീറ്റ്മെന്റ് ആരംഭിച്ചൂടെ ഡോക്ടർ...?" വാക്കുകൾക്ക് വല്ലാത്ത തിടുക്കമായിരുന്നു..

പ്ലാറ്റഫോമിൽ ട്രെയിൻ വന്നു നിൽക്കുന്നത് കണ്ടപ്പോൾ തിടുക്കമേറി. വെപ്രാളത്തോടെ ആൾതിരക്കിനിടയിലൂടെ കണ്ണുകൾ ഗീതുവിലും ചെന്നെത്തി. യാത്ര പറയാനുള്ള കാത്തിരിപ്പിലാനവൾ, മുഖമാകെ വാടി വിളറിക്കിടക്കുന്നുണ്ട്.. "ശ്രീരാഗ്.. താങ്കൾ തിരിച്ചു വരൂ.. ഞാനെപ്പോഴും താങ്കളോട് പറഞ്ഞിരിക്കുന്നത് പോലെ.. ലെറ്റസ് ഹോപ്‌ ഫോർ ദി ബെസ്റ്റ്... എല്ലാം നന്നായി വരട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.." "ഞാൻ മരിച്ചു പോയാലോ ഡോക്ടർ...?" "ജീവിക്കണമെന്ന് താങ്കളാഗ്രഹിക്കുന്നുണ്ടെങ്കിൽ മരണത്തിന് തോറ്റു തന്നല്ലേ പറ്റൂ ഡിയർ.." "ഡോക്ടർ... എനിക്കുത്തരം വേണം.." "ധൈര്യമായി ഇവിടേക്ക് വന്നോളൂ ശ്രീരാഗ്. നമുക്ക് നല്ലത് സംഭവിക്കാൻ പ്രാർത്ഥിക്കാം...." അത്ര മാത്രം ഡോക്ടർ പറഞ്ഞവസാനിപ്പിച്ചു. ഫോൺ വച്ചുകൊണ്ടവൻ ബൂത്തിൽ നിന്നുമിറങ്ങി.. ഇറങ്ങാൻ കാത്തുനിന്നത് പോലെ അവൾ അവനരികിലേക്ക് നീങ്ങി.. കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. "അയ്യേ.. കരയാതെ....." അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തുകൊണ്ടാശ്വസിപ്പിച്ചു.

അവളപ്പോൾ അവന്റെ കൈക്കുളിൽ ചിപ്പിക്കുള്ളിൽ മുത്തെന്ന പോലെ കാണപ്പെട്ടു. "ശ്രീയേട്ടൻ... ശ്രീയേട്ടൻ വരില്ല്യേ....?" "വരാതെ പിന്നെ...." അവൻ പുഞ്ചിരിച്ചുകൊണ്ടവളുടെ കവിളിൽ തട്ടി. ട്രെയിൻ പുറപ്പെടാനുള്ള സിഗ്നൽ കിട്ടിയപ്പോൾ അവൻ ട്രെയിനരികിലേക്ക് നീങ്ങി.. "വരില്ല്യേ..?" "വരും ന്ന്...." "പറ്റിക്കുവോ....?" "ഇല്ല്യാടീ....." പറയുന്നതിനൊപ്പം തന്നെ അച്ഛയോടും അമ്മയോടും കൈകാണിച്ചു യാത്ര പറയുന്നുണ്ടായിരുന്നു. ട്രെയിൻ പതിയെ നീങ്ങിതുടങ്ങിയപ്പോൾ അവൻ ബോഗിക്കുള്ളിലേക്ക് എടുത്തു ചാടി.. അവളവന്റെ കയ്യില് മുറുകെ പിടിച്ചു... "വരില്ലേ....?" ഇത്തവണ കരഞ്ഞുകൊണ്ടായിരുന്നു.. "മ്മ്..." ഒന്ന് മൂളി.. കൈകളിൽ നിന്നും കൈ വിടുവിച്ചു. അവസാനമായി അവളുടെ മുഖത്തേക്കൊന്ന് നോക്കി.. സ്നേഹപൂർവ്വം.. ശേഷം അച്ഛയും അമ്മയും അവളെ മുന്നോട്ട് നടക്കാനനുവദിക്കാതെ ചേർത്ത് പിടിക്കുന്നത് കണ്ട് ഉള്ളിലേക്കൽപ്പം നീങ്ങി നിന്നു..

ചാരിനിന്നു തലതാഴ്ത്തിയപ്പോൾ നിലത്തേക്ക് കണ്ണീരിറ്റി. കണ്ണുകളിറുക്കിയടച്ചുകൊണ്ട് വേദനയെ ഉരുക്കി വീഴ്ത്തി. ശേഷം മുഖം തുടച്ചുകൊണ്ട് വീണ്ടും പുറത്തേക്ക് തലയിട്ടപ്പോൾ ട്രെയിൻ ആ പെണ്ണിനേ പിന്നിട്ട് കുറച്ചക്കലേക്ക് നീങ്ങിയിരുന്നു.. ഒരു കുഞ്ഞു പൊട്ടെന്ന പോലെ കാണപ്പെട്ട ആ പെണ്ണിനെ നോക്കി കൈ വീശി വീണ്ടും യാത്ര പറഞ്ഞു.. "ഞാൻ വരും...." ഉറക്കെ അവരെ നോക്കി അലറി.. കണ്ണെത്താ ദൂരത്ത് ആ പെണ്ണ് മറയുന്നത് വരെയും അവൻ കൂവിപ്പറഞ്ഞു.... "ഞാൻ വരും........." അന്തരീക്ഷത്തിൽ അവന്റെ വാക്കുകൾ അലയടിച്ചു.. ആ വാക്കുകൾ കാതിൽ മുറുകെ പതിപ്പിച്ച് ട്രെയിൻ കണ്ണുകളിൽ നിന്നും മാഞ്ഞു തീരുന്നത് വരെ നോവടക്കി ആ പെണ്ണും പ്ലാറ്റ്ഫോമിൽ തന്നെ അവശേഷിച്ചു.

ശരിയാണ്, ഒരുമിച്ചുപോയാൽ മനോഹരമാകുന്നതിനെ മാത്രമേ കാലമെന്നും വേർപ്പെടുത്തിയിട്ടുള്ളു.. ഒരുപക്ഷെ പ്രതീക്ഷയുടെ കോണുകളാൽ സംരക്ഷിക്കപ്പെട്ട് മരണത്തെയും തോൽപ്പിച്ച് അവനവൾക്ക് വേണ്ടി തിരിച്ചെത്തിയെന്നിരിക്കാം.. ഒരുപക്ഷെ വിധിയോട് കലഹിച്ചു തോറ്റു ചത്തുമച്ചെന്നുമിരിക്കാം.. വിഷയമതല്ല, ഇന്നീ നിമിഷം മുതൽ മരണം അവളെ പുൽകുന്ന നിമിഷം വരെയും അവളവനുവേണ്ടി കാത്തിരിക്കുക തന്നെ ചെയ്യും, ഇതിലും മനോഹരമായി.. നിശബ്ദമായി... (അവസാനിച്ചു..)

രചന : ആദിത്യൻ മേനോൻ© "ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെക്കുറിച്ചോർക്കുന്നു.. അല്ലെങ്കിൽ നിന്നെക്കുറിച്ചോർക്കുന്ന സമയങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത്.." -മാധവിക്കുട്ടി ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story