ശ്രീരാഗപല്ലവി: ഭാഗം 1

shreeragapallavi

എഴുത്തുകാരി: നിഹാരിക

"പവിക്കുട്ടാ.... എങ്ങടേലും ഓടി പൊയ്ക്കോളൂ അച്ഛമ്മേടെ കുട്ടി.... ഈയൊരു രാത്രി പുലർന്നാൽ ......." ഇറുകെ പിടിച്ച് പറയുന്ന അച്ഛമ്മയുടെ നരച്ച് ചുളിവ് വീണ കണ്ണിൽ നീർത്തുള്ളികൾ കാണായി..... "ഈയൊരു രാത്രി പുലർന്നാൽ " പല്ലവിക്കും അതിനെ കുറിച്ച് തിട്ടമില്ലായിരുന്നു ...... നാളെ സായന്തനത്തിലെ ശ്രീരാഗിൻ്റെ താലി ഏറ്റ് വാങ്ങണം... ഓർത്തപ്പോഴേ നെഞ്ചിൽ ഒരു നെരിപ്പോട് നിന്ന് കത്താൻ തുടങ്ങി... പുറത്ത് കാട്ടാൻ ഭയമായിരുന്നു ... പാടേ തളർന്ന അച്ഛമ്മയെ വീണ്ടും തളർത്താൻ .... "സാരല്യ അച്ഛമ്മേ... ഒന്നും ണ്ടാവില്യ...." എന്ന് അച്ഛമ്മക്കാശ്വാസമായി പറഞ്ഞു.. ഒപ്പം സ്വയവും, മിഴി അനുസരണക്കേട് കാട്ടിയപ്പോൾ അവൾ തിരിഞ്ഞ് കിടന്നു... മിഴിനീർ ചാലിട്ടൊഴുകി .. " പവിക്കുട്ടാ .... അച്ഛമ്മേടെ പൊന്ന് കരയാ?" എന്ന് ചോദിച്ചപ്പോൾ വെപ്രാളപ്പെട്ട് മിഴി തുടച്ചു അവൾ... "ഏയ് ... അച്ഛമ്മക്ക് തോന്നീ താ " എന്ന് പറഞ്ഞ് വീണ്ടും അവർക്ക് അഭിമുഖമായി കിടന്നു..... "ന്നോട് വേണോ കുട്ട്യേ.....??? അറീല്യേ അച്ഛമ്മക്ക് സ്വയം ആളാതെ ഉരുകാൻ നിനക്ക് അറിയാം ന്ന്.. നാളെ ൻ്റെ കുട്ടി ആ അസുരൻ്റെ ........"

ഏങ്ങി പോയിരുന്നു ശ്രീദേവി.... " അച്ഛമ്മ പറയാറില്ലേ ൻ്റെ വിധിയെ പറ്റി... ദൈവം നേരത്തെ വരച്ചിട്ടതാ... അപ്പോ അനുഭവിക്കണ്ടേ .... അച്ഛമ്മ വിഷമിക്കാതിരുന്നാൽ മതി നിക്ക് ..." മെല്ലെ അവളുടെ തണുത്ത കൈത്തലം ചുളിവ് വീണ ആ കവിളിൽ തഴുകി ... വിറയാർന്ന കൈകളാൽ അവളുടെ കൈ പൊതിഞ്ഞ് പിടിച്ച് ചുണ്ടോട് ചേർത്തൊന്ന് മുത്തി ശ്രീദേവി ..... "വിധി.... വല്ലാത്ത വിധി തന്യാ കുട്ടിയേ നിൻ്റെ ... ഇളയ മോനല്ലേ ന്ന് വച്ച് ഏറെ കൊഞ്ചിച്ചു രവിയെ ....നിൻ്റെ അച്ഛനെ , പാട്ട് പഠിക്കാൻ വല്യ ഉത്സാഹമായിരുന്നു, കർക്കശക്കാരനായ അവൻ്റെ അച്ഛനെ സമ്മതിപ്പിച്ച് പാട്ട് പഠിക്കാൻ പറഞ്ഞയച്ചു... മ്യൂസിക് കോളേജിൽ പഠിച്ച താഴ്ന്ന ജാതിക്കാരിയുമായി കയറി വന്നപ്പോ, അന്ന് ഇറക്കിവിട്ടു നിൻ്റച്ഛനെ അദ്ദേഹം .... സ്വത്ത് പോലും ഹരിക്ക് മാത്രായി നൽകി, രവിക്ക് ഒന്നും കൊടുക്കില്ലാന്ന് വാശിയായിരുന്നു, ഞാൻ കരഞ്ഞുപറഞ്ഞു, ഒന്നും കേട്ടില്യ.... നീയുണ്ടായപ്പോ കരുതി നിന്നോട് ദേഷ്യണ്ടാവില്ല എന്ന് പക്ഷെ അദ്ദേഹത്തിന് നിൻ്റെ അച്ഛൻ മരിക്കണവരെ ആ വാശി പോയില്ല;..

ആരേം അദ്ദേഹം അടുപ്പിച്ചില്യ... ൻ്റെ രവി പോയപ്പോ ആ മനസ് നീറി ... നിന്നെയും അവൻ്റെ ഭാര്യയേയും ഇങ്ങട് വിളിക്കാൻ എന്നോട് പറഞു... പക്ഷെ, ഹരി... അവൻ തടഞു.. സ്വത്ത് മാത്രം മതിയാരുന്നു അവന്ന് ... അച്ഛനെയും അമ്മയെയും വേണ്ട... ഒടുവിൽ നിൻ്റെ അമ്മയും ആക്സിഡൻ്റിൽ പോയപ്പഴാ അവനെ ധിക്കരിച്ചും ഞാൻ നിന്നെ ഇങ്ങട് കൊണ്ടന്നേ, അദ്ദേഹം ഉള്ളത് വരെ നിക്കും സമാധാനായിരുന്നു ... സ്വത്ത് മാറ്റി എഴുതിയാലോ എന്ന് കരുതി അവൻ അടങ്ങിയിരുന്നു ഇപ്പോ അദ്ദേഹം പോയി ഒരു വർഷം ആവണേന് മുമ്പ് നിന്നെ ... " നേര്യതിൻ്റെ തുമ്പാലെ പതം പറഞ്ഞവർ കണ്ണീരൊപ്പി.... "എത്ര തവണ പറഞ്ഞതാ അച്ഛമ്മ ഇതൊക്കെ ... ന്തിനാ ഇങ്ങനെ വിഷമിക്കണേ..... വയ്യാണ്ടാവും ട്ടോ ... ഞാനും കൂടി ണ്ടാവില്യ ഇനി " എന്ന് പറഞ്ഞതും പൊട്ടി പോയിരുന്നു അവൾ..... അച്ഛമ്മയെയും ഇറുകെ പിടിച്ച് ആരോരുമില്ലാത്ത ആ പാവം പെണ്ണ് ഒത്തിരി നേരം കരഞ്ഞു... 🎼🎼

പുലരും വരെയും ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല പല്ലവി ക്ക് ... അച്ഛമ്മ മാത്രം എപ്പഴോ തളർന്ന് ഉറങ്ങി.... അവളുടെ മനസ് മുഴുവൻ അയാളായിരുന്നു സായന്തനത്തിലെ, " ശ്രീരാഗ് വർമ്മ " നാടുവാഴി കുടുംബത്തിലെ അവസാന കണ്ണി ... പക്ഷെ ആ പേര് കേട്ടാൽ എല്ലാവരുടെയും മുഖത്ത് ഭയമാണ്, ദേവൻ്റെ രൂപവും അസുരൻ്റെ സ്വഭാവവുമാണ് എന്ന് പറയുന്നത് കേൾക്കാം.. കൂടുതലൊന്നുമറിയില്ല.... തനിക്കും അച്ഛമ്മക്കും ..... ദൂരെ നിന്നു മാത്രം ഒരു വട്ടം കണ്ടിട്ടുണ്ട്, അതും പേടിച്ച് നോക്കാൻ പോലും ഭയപ്പെട്ട്... വല്യച്ഛന് കാര്യായി എന്തോ ലാഭമുണ്ട്, അതാണ് അച്ഛഛൻ മരിച്ച് വെറും ആറു മാസം ആയപ്പോൾ ഈ കല്യാണക്കാര്യം കൊണ്ട് വന്നത്... വല്യച്ഛൻ.... അച്ഛൻ പോയപ്പോൾ ആ സ്ഥാനത്ത് കാണാൻ തുടങ്ങി.... പക്ഷെ തിരിച്ച് ഒരു ആത്മാർത്ഥതയും ഇല്ലായിരുന്നു ... അച്ഛഛന് വയ്യാതായപ്പോൾ വലിയമ്മയുടെ വാക്കും കേട്ട് വേറെ വീട് വച്ച് മാറിയ ഹൃദയമില്ലാത്തവൻ... സ്വത്തിനോട് മാത്രം ആർത്തി.... അച്ഛൻ്റെ ഛായയാണ് വല്യച്ഛനും ... അതു കൊണ്ട് മാത്രം എതിർത്തിട്ടില്ല ഇതുവരെ, ഇത് പക്ഷെ .....

ഒന്നറിയുക പോലും ഇല്ല അയാളെ പറ്റി... പേരും ചില ഊഹങ്ങളും അല്ലാതെ... ഒരു ദിവസം വന്ന് അച്ഛമ്മയുമായി കയർക്കുമ്പോഴാ ഞാനും അറിഞ്ഞത് എൻ്റെ വിവാഹം ശ്രീരാഗുമായി ഉറപ്പിച്ചു എന്ന് ... അച്ഛമ്മ ആവുംപോലെ പറഞ്ഞതാ ഈ ബന്ധം വേണ്ട എന്ന് .. അപ്പോ ഈ വീട്ടിൽ നിന്ന് ഇറക്കി വിടും എന്നായിരുന്നു ഭീഷണി, അച്ഛമ്മയോട് വല്ലാതെ വഴക്കിന് വന്നപ്പഴാ ഞാൻ സമ്മതമാണ് എന്നറിയിച്ചത്... വല്ലാത്ത ഗൂഢമായ ചിരി ആമുഖത്ത് വിരിഞ്ഞത് കണ്ടു അപ്പോൾ .... "പല്ലവീ " എന്ന് കതകിൽ തട്ടി വിളിച്ചത് കേട്ട് ഏതോ ലോകത്ത് നിന്നു മടങ്ങിയെത്തി... വല്യമ്മയാണ്, എണീക്കാനും റെഡിയാവാനും ഒക്കെ പറഞ്ഞ് അവർ പോയി... വേഗം ചെന്ന് കുളിച്ച് വന്നപ്പോഴേക്ക് അച്ഛമ്മ എണീറ്റിരുന്നു.. കയ്യിൽ പഴയ ഒരു ആമാടപ്പെട്ടി, എന്നെ കണ്ടതും നോവുന്ന ഒരു ചിരി സമ്മാനിച്ചു... " ഇന്നെൻ്റെ കുട്ടി ടെ കല്യാണാ.... അച്ഛമ്മക്ക് തരാൻ ഇതേ ള്ളൂ" എന്ന് പറഞ്ഞ് നീട്ടി... "ഇതൊന്നും ....."

നിഷേധിക്കാൻ സമ്മതിക്കാതെ കയ്യിൽ വച്ച് തന്നു... അപ്പഴേക്ക് വല്യമ്മയും വല്യച്ഛനും എത്തിയിരുന്നു, വലിയമ്മയുടെ കണ്ണ് ആമാടപ്പെട്ടിയിലേക്ക് നീണ്ടു ... അത് വാങ്ങിച്ച് തുറന്ന് നോക്കി... പണ്ടത്തെ ഒരു കാശിമാലയും ..ഗള മിന്നിയും ... കുറച്ച് വളകളും " ഹരിയേട്ടാ... ഇതൊക്കെ?? " എന്ന് അവർ വല്യച്ഛനെ നോക്കി ചോദിച്ചു, "ഹാ അതങ്ങ് കൊടുത്തേക്ക് ഇന്ദിരേ...," എന്ന് പറഞ്ഞപ്പോൾ എനിക്കും അച്ഛമ്മക്കു് അത്ഭുതമായിരുന്നു ... അവർ ദേഷ്യത്തോടെ തിരിച്ച് നൽകി :.... എൻ്റെ അമ്മയുടെ കുറച്ച് ആഭരണങ്ങളും കൂടി ഉണ്ടായിരുന്നു ... അമ്പലത്തിൽ വച്ചായിരുന്നു വിവാഹം, വേഗം ഒരുക്കിത്തന്നു വല്യമ്മ.... അവരുടെ മക്കൾ അശ്വതി ചേച്ചിയും ആഭിരാമിയും ഒന്ന് വന്ന് എത്തിച്ച് നോക്കി... ഇരുവരും പഠിക്കാണ് .... അശ്വതി ചേച്ചി എന്നെക്കാൾ മൂത്തതാണ് എന്നിട്ടും..... എനിക്ക് വിവാഹം, എന്തോ പന്തികേട് ഉണ്ടെന്ന് ആദ്യമേ മനസിലായിരുന്നു ... 🎼🎼

വല്യച്ചന്റെ കാറിൽ ആണ് അമ്പലത്തിലേക്ക് പോയത് .... അച്ഛമ്മ വരുന്നില്ലെന്ന് പറഞ്ഞു... ഞാൻ പോണത് സഹിക്കില്യ എന്ന്, ആകെ ഉള്ള അച്ഛമ്മ കൂടി വരാതിരുന്നപ്പോ ശരിക്കും അനാഥയായ പോലെ.... ഉള്ളിൽ മുള്ളുകൾ കുത്തും പോലെ, പക്ഷെ പുറത്ത് കാട്ടിയില്ല, അച്ചമ്മക്ക് ദക്ഷിണ നൽകി അമ്പലത്തിലേക്ക് തിരിച്ചു... അമ്പലത്തിൽ എത്തിയതും ദേവിയെ ഉള്ളുരുകി വിളിച്ചു, ഇനി ആ ശരണം മാത്രമേ ഉള്ളൂ, നേരമടുക്കുന്തോറും ഉള്ളിൽ ഭയം വന്ന് മൂടി ... ഒടുവിൽ ദൂരേ നിന്നേ കണ്ടു അയാളെ ... ശ്രീരാഗ് വർമ്മ ''"" ശരിക്കും സുന്ദരൻ..... അശ്വതി ചേച്ചിയും ആഭിരാമിയും മത്സരിച്ച് നോക്കുന്നത് കണ്ടു... സുന്ദരനാണെങ്കിലും, ആ മുഖത്ത് അസുര ഭാവമായിരുന്നു .... ഒരു തരം ഭയം നിറക്കുന്ന അസുര ഭാവം, അതിൻ്റെ ആക്കം കൂട്ടാൻ വെട്ടിയൊതുക്കാത്ത മുടിയും, താടിയും, വെളുത്ത ജുബ്ബയിട്ട് കൈതെറുത്ത് വച്ച് നടന്നു വരുന്നു ......

ഒറ്റത്തവണയേ നോക്കിയുള്ളു അയാളെ കണ്ടപ്പഴേ ഉള്ളിൽ മിന്നൽ പിണരുകൾ പാഞ്ഞ് പോയി.... തന്റെ നേരെ ഒന്ന് നോക്കുക കൂടി ചെയ്യാതെ നടക്കൽ വന്ന് നിന്നു... ആകെ കൂടെ വീർപ്പ് മുട്ടുന്ന അവസ്ഥയിലായിരുന്നു ഞാൻ... പേടിച്ച് കൈ ഐസ് പോലെ ആയി... വിറക്കാനും തുടങ്ങി... കണ്ണടച്ച് പ്രാർത്ഥിച്ചു.. ദേവിയോട് കൂടെ ണ്ടാവണേ എന്ന് .. അപ്പഴേക്കും കഴുത്തിൽ താലിയേറിയിരുന്നു ... കൊല്ലാനോ വളർത്താനോ എന്നറിയാത്ത താലി ...... അപ്പഴും ഉരുവിട്ടു മനസിൽ നല്ലത് വരുത്തണേ എന്ന്.... (തുടരും )

Share this story