ശ്രീരാഗപല്ലവി: ഭാഗം 12

shreeragapallavi

എഴുത്തുകാരി: നിഹാരിക

കല്ലറയുടെ അടുത്തേക്ക് നോക്കി നിൽക്കുന്നവനെ കണ്ടു .. മരിച്ചെങ്കിലും ആ മനസ്സിൽ മുഴുവൻ ഇപ്പോൾ ചൈത്രയാവും എന്ന ബോധം വെറുതേ മനസിനെ അലട്ടി.... """" പ്രണയം അങ്ങനാണ് വിട്ട് പോയാലും ഓർമ്മയുടെ വേരുകൾ ഉള്ളിൽ പാകിയിട്ടേ അത് വിട്ടൊഴിയൂ ... ആ വേരുകൾ തളിർക്കും ചിലപ്പോൾ മുള്ളുകൾ ഉള്ള ഒരു ചെടിയായി മാറും.... തൊട്ടിടത്തെല്ലാം നോവ് തരും... ചോര പൊടിക്കും.... " പെട്ടെന്നാണ് ശ്രീയേട്ടൻ തിരിഞ്ഞ് നോക്കിയത് :... അപ്പോഴും ഞാൻ തറഞ്ഞ് അങ്ങോട്ട് തന്നെ നോക്കി നിൽക്കുകയായിരുന്നു, ഒന്നും മിണ്ടാതെ ജനലടച്ച് കട്ടിലിൽ ചെന്നിരുന്നു ശ്രീയേട്ടൻ, അസ്വസ്ഥമായ മനസിൻ്റെതാവാം കണ്ണിലെ കറുത്ത ഗോളങ്ങൾ ഓളം വെട്ടുന്നത്, മിണ്ടാതെ സോഫയിൽ ചെന്നിരുന്നു.... ആ മനസിൽ ഇപ്പോഴും ചൈത്രമാത്രമാകും.. അവളെ നഷ്ടമായതിൻ്റെ വേദനയാവും.. അവിടെ മറ്റാർക്കും സ്ഥാനം കാണില്ല, എന്തോ ഉള്ളിലൊരു നോവ് വന്ന് പൊതിയുന്ന പോലെ..... എപ്പഴോ അഗാധമായ ചിന്തകളിൽ നിന്നുണർന്ന് നോക്കിയപ്പോഴേക്ക് ആൾ ഉറക്കം പിടിച്ചിരുന്നു..

എങ്കിലും പെട്ടെന്നുള്ള ഈ മാറ്റം മാത്രം ഉള്ളിൽ ഒരു ചോദ്യമായി അവശേഷിച്ചു ... 🎼🎼 രാവിലെ എഴുന്നേറ്റപ്പോഴും എന്തോ മനസിൽ ഒരു ഭാരം പോലെ ... ശ്രീയേട്ടനെ പറ്റി ചിന്തിക്കുമ്പോഴൊക്കെയും ഉള്ളിൽ വല്ലാത്ത ഒരു ആവലാതി ... സാമ്പാറിനുള്ള കഷ്ണങ്ങൾ അരിയുമ്പോഴും മനസ് മറ്റെങ്ങോ ആയിരുന്നു അതു തന്നെയാണ് അടുത്ത കഷ്ണം മുറിച്ചത് വിരലിൽ ആയി പോയത്, സംഗതി ഇച്ചിരി കൂടുതൽ ആഴമുണ്ട്... ചോര എന്നോടെന്തോ വാശി തീർക്കും പോലെ പടർന്ന് ഒഴുകി .. അപ്പോഴാ ഗീതേച്ചി അങ്ങോട്ട് വന്നത്, ഉറക്കെ കരഞ്ഞു അത് കണ്ട് ഗീതേച്ചി... വേഗം കൈ സിങ്കിലേക്ക് നീട്ടി ടാപ് തുറന്നു.. "ഒന്നൂല്ല!" എന്ന് ഗീതേച്ചിയോട് പറയുന്നുണ്ടെങ്കിലും തല ചുറ്റും പോലെ .. വീഴാനാഞതും ആരോ വന്ന് താങ്ങിയിരുന്നു ... ചെറിയൊരു മങ്ങലോടെ മുന്നിൽ തെളിഞ്ഞു ശ്രീയേട്ടൻ്റെ മുഖം ... വെള്ളം കുടിക്കാൻ തന്നപ്പോഴും മുറിവ് മരുന്നു വച്ചു കെട്ടി തന്നപ്പോഴും ചീത്ത പറയുന്നുണ്ടായിരുന്നു .. ശ്രദ്ധയില്ലാത്തതിന് ... മുറിവായതിന് .. നമുക്ക് പ്രിയപ്പെട്ടൊരാൾക്ക് പറ്റിയത് പോലെ ...

എന്തോ മിഴികൾ നിറഞ്ഞു, സങ്കടം കൊണ്ടല്ല, മനസ് നിറഞ്ഞ്, ഈ ഒരു പരിഗണന..... ഇത് ശരിക്കും ഇഷ്ടത്തോടെയാണോ എന്ന് സംശയിച്ച്.... വെറുതേ തോന്നുന്നതാവും എന്ന് സ്വയം പറഞ്ഞ് നോക്കി... " കരയാൻ വേണ്ടി പറഞ്ഞതല്ല ... മുറിവ് നല്ല ആഴമുണ്ട് ഇത്രം മുറിക്കണമെങ്കിൽ ഒട്ടും ശ്രദ്ധിക്കാഞ്ഞല്ലേ??" എന്ന് കണ്ണിലേക്ക് മാത്രം നോക്കി ചോദിക്കുന്നവനെ ശ്വാസമടക്കി നോക്കി, ഇത്തവണ ശബ്ദത്തിൽ വല്ലാത്ത ആർദ്രത, സ്നേഹത്തിൻ്റെ അംശം തേടി അവയിൽ ഒരു നിമിഷം ... " ഞാൻ.... ഞാനെന്തോ ഓർത്ത്" മറുപടി പറയാൻ വിക്കിയപ്പോൾ " ഉo " എന്ന് കനപ്പിച്ചൊന്നു മൂളി പുറത്തേക്ക് നടന്നു.. "എങ്ങും പോണ്ട അവിടെ കിടന്ന് റെസ്റ്റ് എടുക്ക് " എന്നും ദൂരേന്ന് വിളിച്ചു പറഞ്ഞു .. "ആരുമില്ലാത്തവൾക്ക് ആരൊക്കെയോ ഉള്ളത് പോലെ, വെറുതേ.... വെറുതേ ആശിക്കാണോ ഞാൻ ... ൻ്റ കൃഷ്ണാ..... ഒരു വേള കണ്ണടച്ചപ്പോൾ കള്ള കണ്ണൻ കൂടെ ഉള്ളത് പോലെ തോന്നി... 🎼🎼 ഭാമമ്മയും ഗീതേച്ചിയും ഇളകാൻ പോലും വിട്ടില്ല ... കാവല് പോലെ രാമേട്ടനും... മനസ് സന്തോഷം കൊണ്ട് നിറയുകയായിരുന്നു, ഒപ്പം കാരണമില്ലാണ്ട് മിഴിയും ... എന്തോ അച്ഛമ്മയെ ഓർമ്മ വന്നു... "തനിക്കീ കരച്ചിൽ മാത്രമേ ഉള്ളോ??" എന്ന് കേട്ട് തിരിഞ്ഞപ്പോൾ കണ്ടു എവിടേയോ പോയി കേറി വന്ന ശ്രീയേട്ടനെ,

"എനിക്ക് അച്ഛമ്മയെ ഒന്ന് കാണാൻ തോന്നാ ....." എന്ന് ഒന്ന് മടിച്ചാണ് പറഞ്ഞത് ... "അത് പറഞ്ഞാൽ പോരെ?? ഇരുന്ന് കരയാണോ വേണ്ടേ ?? ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ? റബ്ബർ പന്ത് പോലാരുന്നല്ലോ ഇത് വരെ !!" എന്ന് കുറുമ്പോടെ മറുപടി തന്നവനെ സ്നേഹത്തിൽ പൊതിഞ്ഞ കുറുമ്പോടെ ചുണ്ടു പിളർത്തി നോക്കി.. "രാമേട്ടൻ..... അല്ലേ വേണ്ട ഞാൻ തന്നെ കൊണ്ട് പോവാം ..... റെഡിയാവ്" എന്ന് പറഞ്ഞപ്പോൾ മിഴിച്ചിരുന്നു പോയി..... സ്വയം പിച്ചി നോക്കി.. അത് ചെയ്ത് നേരെ തിരിഞ്ഞപ്പോൾ ചുണ്ടിലൂറിയ ചിരി മറച്ച് ഒരാൾ നടന്നു നീങ്ങിയിരുന്നു .. 🎼🎼 കാറിൽ മുന്നിൽ ഒപ്പം കയറിയപ്പോഴും മറ്റേതോ ലോകത്തായിരുന്നു ... ഇവിടെ മേടിച്ച് വച്ചതിൽ ഏറ്റവും നല്ല ഡ്രസ് എടുത്തിട്ടു.... അച്ഛമ്മ കാണുമ്പോൾ സന്തോഷാവണം, എനിക്കിവിടെ സുഖാന്ന് അറിയണം... ഇത് അസുരനല്ല പകരം നില്ലാത്ത ദേവനാന്ന് പറയണം... ഇപ്പഴും സ്നേഹത്തിന് വേണ്ടി ഉരുകി തീരുന്ന ഒരു പാവം ദേവൻ .. അത് പറയുമ്പോൾ ആ മുഖത്തേ സന്തോഷം എന്താവും... അച്ഛമ്മക്ക് സമാധാനമാവും ... മെല്ലെ ശ്രീയേട്ടനെ നോക്കി... കാറ്റ് ഇടക്ക് കയറി വന്ന് ചെമ്പൻ കളറിലുള്ള ആ മുടിയെ പറത്തിയിരുന്നു, കുറച്ച് നീണ്ട താടിയിലും തട്ടി പുറത്തേയ്ക്ക് പോകുന്ന ആ കാറ്റിനോട് എന്തോ അസൂയ തോന്നി,

പെട്ടെന്ന് തിരിഞ്ഞ് എന്താ എന്ന് ചോദിച്ചപ്പോൾ ... "മ്ചൂം" എന്ന് പറഞ്ഞ് ചുമൽ കൂച്ചി.... മെല്ലെ വല്യച്ഛൻ്റെ വീട്ടിലെത്തിയതും ഡോർ തുറന്ന് പുറത്തേക്കിറങ്ങി ... വല്യമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു ആരാണ് വന്നത് എന്ന് നോക്കി, "ഓ കെട്ടിലമ്മയായിരുന്നോ ??" എന്ന് പതുക്കെ എന്നാൽ കേൾക്കാൻ വിധത്തിൽ പറഞ്ഞു, "അച്ഛമ്മ ???" എന്ന് ചോദിച്ചതും, പുച്ഛത്തിൽ മുഖം തിരിച്ച് അവിടെ എവിടേലും കാണും എന്ന് പറഞ്ഞു..... എന്തോ മനസ് വല്ലാതെയായി അത് കേട്ട് ... കല്യാണം കഴിഞ്ഞ് ആദ്യമായി വന്നതാ, എന്നിട്ടും ഇങ്ങനെ ..... " കേറി ഇരുന്നോളൂ" എന്ന് ശ്രീയേട്ടനോട് താൻ തന്നെ പറയേണ്ടി വന്നു.. " ഞാൻ വന്നോളാം താൻ ചെല്ല് " എന്ന് പറഞ്ഞു ശ്രീയേട്ടൻ ... അച്ഛമ്മയെ തിരഞ്ഞ് ചെന്നപ്പോൾ കണ്ടു അലക്ക് കല്ലിൽ കുറേ തുണികളുമായി മല്ലിടുന്ന പാവത്തെ, ചങ്കുപൊടിഞ്ഞു പോയി .... ഓടി ചെന്ന് കെട്ടി പിടിക്കുമ്പോൾ പറഞ്ഞിരുന്നു.. "നല്ല കുപ്പായം ചീത്തയാക്കണ്ട കുട്ടിയേ " എന്ന് .. " കോലം കെട്ടു ൻ്റെ അച്ഛമ്മ!! " എന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടിയപ്പോൾ, "ൻ്റെ കുഞ്ഞിനവിടെ സുഖല്ലേ???" എന്ന് മാത്രമായിരുന്നു അച്ഛമ്മക്കറിയേണ്ടത്... " സുഖാ... ൻ്റെ ഭാഗ്യാ.... " ന്ന് പറഞ്ഞപ്പോ കെട്ടിപ്പിടിച്ച് എങ്ങിപ്പോയിരുന്നു ആ വൃദ്ധ: ... 🎼🎼 അശ്വതി കോളേജിൽ നിന്നും വന്നപ്പഴായിരുന്നു ഉമ്മറത്ത് ഒരാൾ ഇരിക്കുന്നത് കണ്ടത്.. ദൂരേന്നേ ആളെ മനസിലായി തൻ്റെ ഉറക്കം കെടുത്തുന്നവൻ.. മിഴികൾ വിടർത്തി അവൾ നടത്തത്തിന് വേഗം കൂട്ടി........................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story