ശ്രുതിലയം: ഭാഗം 13

shruthilayam

എഴുത്തുകാരി: വാസുകി വസു

"എന്ത് പറ്റി ദേവേട്ടാ... എന്താ മുഖം വല്ലാതിരിക്കണത്" "ഹേയ് ഒന്നൂല്ലെടീ നിനക്ക് തോന്നണതാ" മ്ലാനമായിരിക്കുന്ന ദത്തന്റെ മുഖം കണ്ടതും ജാനിക്കുട്ടി ചോദിച്ചു.. രാവിലെ ഉണർന്ന് ജാനി ചായയിട്ടതുമായി വരുമ്പോൾ എന്തോ ഗൗരവമായ ആലോചനയിൽ ആയിരുന്നു വിശ്വദത്ത്... "ഞാൻ ദേവേട്ടനെ ആദ്യമായല്ലോ കാണണത്...ഈ മുഖമൊന്ന് വാടിയാൽ എനിക്ക് പെട്ടെന്ന് മനസ്സിലാകും" ഇടറിയ സ്വരത്തിൽ പറഞ്ഞിട്ട് ചായ ടേബിളിൽ വെച്ച ശേഷം അയാളുടെ നെഞ്ചിലക്ക് മുഖം അമർത്തി.. ജാനിയിൽ നിന്നും വമിക്കുന്ന ചൂട് ദത്തന്റെ ശരീരമാകെ പടരുന്നത് പോലെ തോന്നി.. "പറയ് ദേവേട്ടാ...എന്നോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ...പ്ലീസ്..ഏട്ടൻ ഇങ്ങനെ ഉരുകണത് എനിക്ക് കാണാൻ വയ്യാഞ്ഞിട്ടാ" പൊടുന്നനെ ജാനിയുടെ ഭാവം മാറി..മുഖത്ത് വിഷാദം പടർന്നു...കണ്ണുകളിൽ നനവും... ഇന്നലെ മുതൽ ജാനിക്കുട്ടി ആവശ്യപ്പെടുന്നതാണ് ഒരിക്കൽ അവളുടെ എല്ലാമെല്ലാം ആയിരുന്ന ദത്തനെ മുന്നിൽ കൊണ്ട് വന്ന് നിർത്തി കൊടുക്കാൻ.. അവൾക്ക് അയാളോട് ചോദിക്കാനുണ്ടത്രേ അവളെ വിഡ്ഡിയാക്കിയത് എന്തിനാണെന്ന്..

ജാനൂട്ടിക്ക് അറിയില്ലല്ലോ ദത്തനെ കൊന്നു കളഞ്ഞൂന്ന്.. ദത്തന്റെ കൊലപാതകി കഴുത്തിൽ താലി ചാർത്തിയവനാണെന്ന് അറിയുമ്പോൾ അവൾ എങ്ങനെ ആയിരിക്കാം പ്രതികരിക്കുക എന്നത് വിശ്വദത്തിനു അറിയില്ലായിരുന്നു. അതാണ് അയാളെ ശരിക്കും അലട്ടിയത്.. "ശരി ദേവേട്ടനു ഇഷ്ടം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി" ഒന്ന് നിർത്തിയിട്ട് ജാനിക്കുട്ടി വീണ്ടും തുടർന്നു.. "ഞാൻ ഇന്നലെ ആവശ്യപ്പെട്ടത് നടത്തി തരുവോ ദേവേട്ടാ" ജാനിയുടെ സ്വരം തീക്കാാറ്റായി കാതിൽ വന്നലച്ചതും ദത്തനിലൊരു നടുക്കമുണ്ടായി...പാദം മുതൽ ഉച്ചിവരെ ശരീരമാസകലം അഗ്നി പടരുന്നത് പോലെ... ദത്തനെ താനാണ് കൊന്നതെന്ന് അറിയുമ്പോൾ ജാനിക്കുട്ടിയെ നഷ്ടമാകുമോന്നൊരു സന്ദേശം വിശ്വദത്തിൽ ഉടലെടുത്തിരുന്നു.. ചെറുപ്രായത്തിൽ ഹൃദയം തുറന്ന് സ്നേഹിച്ചവൾ...പത്ത് വർഷക്കാലം അവനായി കാത്തിരുന്നവൾ..തന്റെ പ്രണയം നഷ്ടപ്പെടാതിരിക്കാനായി വീട് വിട്ട് ഇറങ്ങി വന്നവളെ ശരിക്കും ഭയക്കണം...അയാളോട് ചെറിയൊരു സോഫ്റ്റ് കോർണർ അവളുടെ ഹൃദയത്തിലുണ്ടാകും...

അതിന്റെയൊരു ചെറിയ സ്പാർക്ക് മതി എല്ലാം കത്തിയമരാൻ.... വിശ്വദത്തിനെ സംബന്ധിച്ച് നന്ദിനിക്കുട്ടി മരണമില്ലാത്തവളാണ്...പിരിയാൻ കഴിയാത്ത വിധം ഒരേ മനസ്സായി കഴിഞ്ഞവർ..തന്റെ പ്രാണനെ ഇല്ലാതാക്കിയവരോട് ഒരിക്കലും അയാൾ ക്ഷമിക്കില്ല.... നന്ദിനിക്കുട്ടിയോളം പ്രിയങ്കരിയാണ് ജാനൂട്ടി ഇപ്പോൾ വിശ്വദത്തിന്..ജാനിയിലൂടെ നന്ദിനിക്കുട്ടി കൂടെയുണ്ടെന്ന് അയാൾ വിശ്വസിക്കുന്നു... അവളെ നഷ്ടമാവുകയെന്നാൽ അതവന്റെ മരണത്തിനു തുല്യമാണ്.. "എന്തെങ്കിലും ഒന്ന് പറയ് ദേവേട്ടാ" ജാനിക്കുട്ടിക്ക് ദേഷ്യം വരണുണ്ട് വിശ്വദത്തിന്റെ മൗനം കാണുമ്പോൾ.. ആ മൗനത്തിനു പിന്നിലെ വലിയൊരു തിരയിളക്കം അവൾ കണ്ടിരുന്നില്ല.. "ഹൊ.. പോലീസിന് ഇപ്പോൾ വല്യ ഗമയാണ്..ചോദിച്ചാൽ ഒരു ഉത്തരവും തരില്ല..ഇനി എന്റെ അടുത്ത് വാ ട്ടാ കാണിച്ചു തരാം" അവൾ ശുണ്ഠിയെടുത്ത് മുഖം വീർപ്പിച്ചു പോയി...സത്യം തുറന്ന് പറയാനും പറയാതിരിക്കാനും കഴിയാത്തൊരു അവസ്ഥയിൽ ആയിരുന്നു വിശ്വദത്ത്.. കിടന്നിട്ട് പ്രാന്ത് പിടിക്കണത് പോലെ തോന്നിയപ്പോൾ എഴുന്നേറ്റു കുളിച്ചു ബുളളറ്റും എടുത്തു പുറത്തേക്കിറങ്ങി.. ബുളളറ്റ് സ്റ്റാർട്ടാകുന്ന ശബ്ദം കേട്ട് വന്ന ജാനിക്കുട്ടി കാണുന്നത് അകന്ന് പോകുന്നു ബുളളയും അതിലിരിക്കുന്ന ദേവനും ആയിരുന്നു..

പതിയെ ജാനിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി...കരച്ചിൽ വന്നത് കടിച്ചമർത്താൻ ശ്രമിച്ചെങ്കിലും ഒരു വിങ്ങിപ്പൊട്ടലായി ഉയർന്നു...വിശ്വദത്ത് കാണിക്കുന്ന അവഗണ മാത്രം സഹിക്കാൻ അവൾക്ക് കഴിഞ്ഞില്ല... ദത്തന്റെ ബുളളറ്റ് ചെന്ന് നിന്നത് ഒരു ബാറിനു മുമ്പിലായിരുന്നു.. ചിന്തകൾക്ക് തീ പിടിച്ചതും ഒരു പ്രാന്തനെ പോലെ ബാറിൽ കയറി മദ്യപിച്ചു....സിഗരറ്റ് തുരുതുരാ വലിച്ചു കൊണ്ടിരുന്നു.. എന്നിട്ടും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. ബാറിൽ നിന്ന് ഇറങ്ങുമ്പോൾ ചെറുതായി മദ്യം തലക്ക് പിടിച്ചു തുടങ്ങിയിരുന്നു.. ഒരുവിധം ബുള്ളറ്റ് ഓടിച്ച് തിരികെ വീട്ടിലെത്തി.. വിശ്വദത്ത് പോയത് മുതൽ നെഞ്ചിലാളുന്ന തീയിൽ വെന്തുരുകി തീർന്നിരുന്നു ജാനിക്കുട്ടി.. ദേവേട്ടനൊരാപത്തും വരരുതെയെന്ന് ചുണ്ടുകളിൽ പ്രാർത്ഥന ആയിരുന്നു... ബുള്ളറ്റിന്റെ ശബ്ദം കേട്ട് പുറത്തേക്കൊരു ഓട്ടമായിരുന്നു ജാനിക്കുട്ടി പുറത്തേക്ക്..ബുളളറ്റിൽ നിന്നും ആടിയാടി ഇറങ്ങി വരുന്ന വിശ്വദത്തിനെ കണ്ടതും അടിവയറ്റിലൂടെയൊരു ആളലുണ്ടായി...

വീഴാൻ പോയ ദത്തനെ ഓടിച്ചെന്ന് താങ്ങിപ്പിടിച്ചതും അതുവരെ അടിച്ചമർത്തി വെച്ചിരുന്ന തേങ്ങലുകൾ പുറത്തേക്കൊഴുകി.. "എന്തിനാണ് ദേവേട്ടാ വീണ്ടും കുടിച്ചത്...കുടിക്കില്ലാന്ന് എനിക്ക് വാക്ക് തന്നതല്ലേ" കണ്ണുനീരോടെ വിങ്ങിപ്പൊട്ടുന്ന ജാനിയെ കണ്ടതും വിശ്വദത്ത് അവളെ ഇറുകെ പുണർന്നു... "ഒരു ധൈര്യത്തിനാടോ...തന്നോട് സംസാരിക്കാൻ" "ങേ..." ഒന്നും മനസ്സിലാകാതെ നിന്നിരുന്ന ജാനിയെ ചേർത്ത് പിടിച്ചു ദത്തൻ അകത്തേക്ക് നടന്നു...കിടപ്പ് മുറിയിലെത്തിയതും കിടക്കയിലേക്ക് വീണു... ",കുറച്ചു സമയം എന്റെ അടുത്തിരിക്ക് ജാനൂട്ടി" അവളെ വലിച്ചു നെഞ്ചിലേക്കിട്ട് കവിളുകളിൽ തുരുതുരാ ചുംബിച്ചു കൊണ്ടിരുന്നു... ദത്തന്റെ പ്രവൃത്തികൾ ജാനിയെ അമ്പരപ്പിക്കാതിരുന്നില്ല... "പറ ദേവേട്ടാ എന്റെ ഏട്ടനെ ഇത്രയേറെ വിഷമിപ്പിക്കുന്ന സങ്കടമെന്താ...കുറച്ചു മനസ്സ് തുറന്നാൽ ആശ്വാസം കിട്ടും" "ജാനിക്കുട്ടിക്ക് എന്റെ കൂടെ ഒരു സ്ഥലം വരെ വരാവോ? ജാനിക്ക് മറുപടിയായി മറ്റൊരു ചോദ്യമായിരുന്നു ദത്തന്റേത്.. " വരാം" "പേടിയുണ്ടോ ഈ അവസ്ഥയിൽ എന്റെ കൂടെ വരുന്നതിന്" "എനിക്കോ.. ഇല്ലേ ദേവേട്ടാ...എന്റെ ഭർത്താവ് ഒരു പോലീസ് ഉദ്ദ്യോഗസ്ഥനാണ്..അപ്പോൾ ഞാനെന്തിനു ഭയക്കണം.. മരണത്തിലേക്കായാലും ദേവേട്ടനൊപ്പം ഞാനുണ്ടായിരിക്കും"

അവളുടെ സ്വരം കല്ലിച്ചിരുന്നു...മുഖം അഭിമാനത്താൽ തിളങ്ങിയിരുന്നു... "എങ്കിൽ വാ ജാനൂട്ടി പോകാം" "ഒരുനിമിഷം ഞാനൊന്ന് വേഷം മാറീട്ട് വരാം" ജാനിക്കുട്ടി ഷെല്ഫിൽ നിന്നും ഏറ്റവും വില കൂടിയതും മനോഹരവുമായൊരു സാരി എടുത്ത് ഉടുത്തു..മെറൂൺ കളറിൽ ഒരുപാട് വർക്കുകൾ ചെയ്ത സാരി ആയിരുന്നു.. വിശ്വദത്ത് വാങ്ങി നൽകിയത്... ജാനിക്കുട്ടി ഒരുങ്ങി വന്നപ്പോൾ വിശ്വദത്ത് ഇമകൾ ചിമ്മാതെ നോക്കി നിന്നു...അത്രയേറെ സുന്ദരിയായിരുന്നു ആ വേഷത്തിലവൾ.. "സ്വന്തം ഭാര്യയെ വായി നോക്കുന്നൊരു ഭർത്താവ്" തമാശ ഉൾക്കൊളളാനുളള മാനസികാവസ്ഥയിൽ ആയിരുന്നില്ലെങ്കിലും ചുണ്ടിലൊരു ചിരി വരുത്തി....ജാനിക്കത് മനസ്സിലാവുകയും ചെയ്തതിനാൽ പിന്നെയൊന്നും മിണ്ടിയില്ല... വിശ്വദത്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും പിന്നിൽ കയറി.... നല്ല വേഗതയിലാണു അയാൾ വണ്ടി ഓടിച്ചത്...എന്നെത്തേയും പോലെ ജാനി അയാളുടെ വയറിലൂടെ കയ്യിട്ട് പുറത്തേക്ക് തല ചായിച്ചു... വിശ്വത്തിന്റെ തറവാട്ട് മുറ്റത്താണു ബുളളറ്റ് നിന്നത്...പണി പൂർത്തിയാകാറായ വീടാണെങ്കിലും ഇടയ്ക്കവ നിലച്ചതിനാൽ വീടിനു മങ്ങലേറ്റിട്ടുണ്ട്..

. "ഇതാ ജാനിക്കുട്ടി എന്റെ അച്ഛൻ ഉറങ്ങുന്ന സ്ഥലം" വീടിന്റെ തെക്ക് ഭാഗത്തായി പുല്ല് കയറാതെ വൃത്തിയായി സൂക്ഷിച്ചു വെച്ചിരുന്ന പട്ടട ചൂണ്ടി അയാൾ പറഞ്ഞു... "എനിക്ക് സങ്കടങ്ങൾ വരുമ്പോൾ ഞാൻ ഇവിടെയാകും ഓടിയെത്തുക.അച്ഛനോട് സംസാരിക്കുമ്പോൾ മനസ്സിലൊരു മഞ്ഞുതുള്ളി വീഴും" ജാനിക്കുട്ടി മനോഹരമായൊന്ന് പുഞ്ചിരിച്ചു.. "ദേവേട്ടനെ ഇപ്പോൾ അലട്ടുന്ന സങ്കടം അച്ഛനോട് പറയ്" "എനിക്ക് ജാനൂട്ടിയോടാ സംസാരിക്കേണ്ടത്...എല്ലാം അറിഞ്ഞ് കഴിഞ്ഞു നീയെന്നെ വെറുക്കരുത് ജാനൂട്ടി... ആം സ്റ്റിൽ ലവ്വ് യൂ" "ദേവേട്ടൻ കാര്യം പറയൂ" ജാനിക്കുട്ടി ധൃതികൂട്ടി.... എങ്ങനെ പറഞ്ഞു തുടങ്ങണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു... ഒപ്പം ജാനൊയുടെ പ്രതികരണവും...ഒടുവിൽ അച്ഛനെ പ്രാർത്ഥിച്ചു കൊണ്ട് ദത്തനെ കൊന്നത് എങ്ങനെയെന്ന് പറഞ്ഞൊപ്പിച്ചു...വെപ്രാളത്തിൽ മറ്റൊന്ന് അയാൾ മറന്നു...നന്ദിനിക്കുട്ടിയുടെ കൊലപാതകി അവളുടെ ദത്തേട്ടനായിരുന്നെന്ന്... "യൂ...ചീറ്റ്...മനപ്പൂർവ്വം നിങ്ങൾ എന്റെ ദത്തേട്ടനെ കൊന്നതാണല്ലേ" ജാനൂട്ടിയുടെ അപ്രതീക്ഷിതമായ പെരുമാറ്റത്തിൽ വിശ്വദത്ത് ഞെട്ടിപ്പോയി...ഇങ്ങനെ ജാനി പെരുമാറുമെന്ന് പത്ത് ശതമാനമേ അയാൾ പ്രതീക്ഷിച്ചുള്ളൂ... "ജാനൂട്ടി.. ഞാൻ" ദത്തൻ പറയാൻ ശ്രമിച്ചതിനെ കൈ ഉയർത്തി അവൾ തടഞ്ഞു...

"നിങ്ങൾ ഒന്നും പറയേണ്ടാ എല്ലാം എനിക്ക് മനസ്സിലായി...എന്നെ സ്വന്തമാക്കാൻ നിങ്ങൾ മനപ്പൂർവ്വം എന്റെ ദത്തേട്ടനെ കൊന്നതാ..ആൾ വന്നാൽ കൂടെ ഞാൻ പോകുമെന്ന് അറിയാം" "ജാനിക്കുട്ടി ഇങ്ങനെയൊന്നും പറയരുത്.. നീ വിധിക്കുന്ന എന്ത് ശിക്ഷയും ഞാനേറ്റ് വാങ്ങാം...അത്രയേറെ നിന്നെ ഞാൻ സ്നേഹിച്ചു പോയിട്ടുണ്ട്" നെഞ്ചിടറി വിശ്വദത്ത് പറഞ്ഞു.. കണ്ണിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങി... "സ്നേഹം.... നിങ്ങൾക്ക് ആ വാക്ക് ഉച്ചരിക്കാനുള്ള അർഹതയില്ല" പുച്ഛത്താൽ ജാനി ചുണ്ടുകൾ കോട്ടി... ഇരുവർക്കും ഇടയിൽ നിമിഷങ്ങൾ വളർന്നു..... വിശ്വദത്ത് എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ഇടുപ്പിൽ നിന്ന് സർവീസ് റിവോൾവർ എടുത്തു... "ഞാൻ സ്വയം വേണമെങ്കിൽ മരിക്കാം...അല്ലെങ്കിൽ നിനക്ക് എന്നെ കൊല്ലാം..അങ്ങനെ എങ്കിലും ഈ ധർമ്മസങ്കടത്തിൽ നിന്ന് രക്ഷപ്പെടട്ടെ" മനസ്സാൽ അയാൾ നീറി നീറിപ്പിടഞ്ഞു... ഒരുനിമിഷം ...ജാനികിയുടെ കണ്ണുകൾ വൈഡ്യൂര്യം പോലെ തിളങ്ങി... ദത്തനിൽ നിന്ന് തോക്ക് തട്ടിപ്പറിച്ച് കുറച്ചകലേക്കായി മാറി നിന്നു...

അപ്രതീക്ഷിതമായതിനാൽ ദത്തനു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... "അങ്ങനെ മരണത്തിലൂടെ നിങ്ങൾ രക്ഷപ്പെടരുത്...പകരം .ഞാൻ എന്റെ ദത്തേട്ടനൊപ്പം പോകുവാ...എല്ലാം ഓർത്ത് നിങ്ങൾ നീറി നീറി മരിക്കണം" "ജാനൂട്ടി അരുത്" നിലവിളിച്ചോണ്ട് വിശ്വദത്ത് ജാനിക്ക് അരികിലേക്ക് ഓടിയെത്തും മുമ്പേ വലത് ചെവിയോട് ചേർത്തവൾ ട്രിഗർ വലിച്ചു.... "ജാനൂട്ടി...." ദത്തൻ അലറിക്കൊണ്ട് ആടിയുലഞ്ഞവളെ കൈകളിൽ താങ്ങിപ്പിടിച്ചു...ജാനിയുടെ ചെവിയിൽ നിന്ന് രക്തം പുറത്തേക്ക് വർഷിച്ചു... "നിങ്ങൾ നിങ്ങൾ രക്ഷപ്പെടരുത്...." അവസാന ശ്വാസത്തിലും അവളുടെ ചുണ്ടുകൾ ഉരുവിട്ടു....കണ്ണുകൾ പുഞ്ചിരിയിൽ തിളങ്ങി... ഉടലൊന്ന് ഞെട്ടി വിറച്ചു ജാനിയുടെ ശരീരം നിശ്ചലമായി... "ജാനൂട്ടി...." ഹൃദയം തകർന്നൊരു മനുഷ്യന്റെ നിലവിളി പരിസരമാകെ മുഴങ്ങി........ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story