ശ്രുതിലയം: ഭാഗം 14

shruthilayam

എഴുത്തുകാരി: വാസുകി വസു

 "ജാനൂട്ടി...." ഒരു അലർച്ചയോടെ വിശ്വദത്ത് ചാടിയെഴുന്നേറ്റെങ്കിലും വിളിയൊച്ച തൊണ്ടക്കുഴിയിലുടക്കി നിന്നു... വശം ചരിഞ്ഞ് ജാനകിയെ നോക്കി..അവൾ നല്ല മയക്കത്തിലാണെന്ന് മുറിയിലെ മങ്ങിയ പ്രകാശത്തിൽ കണ്ടു... ശബ്ദം കേൾപ്പിക്കാതെ ദത്തനുണർന്ന് ഹാളിലേക്ക് പോയി..ഫ്രിഡ്ജിൽ നിന്നും തണുത്ത വെളളമെടുത്ത് മടുമടാന്ന് കുടിച്ചു തീർത്തു...ആൾ നല്ലോണം വിയർത്തിട്ടുണ്ട്.. ജാനിയോട് ദത്തനെ കൊന്നത് താനാണെന്ന് അറിയിക്കാൻ കഴിയാതെ ശ്വാസം മുട്ടി പിടയുകയാണ്..പറയാതിരിക്കാനും കഴിയില്ല.പക്ഷേ ജാനിയുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാൻ കഴിയില്ല.. പത്ത് വർഷക്കാലമായി ഒന്ന് കാണാഞ്ഞിട്ടും പ്രണയിച്ചവളുടെയുള്ളിൽ ചെറിയ ഒരു സ്പാർക്ക് വീണാൽ മാത്രം മതി എല്ലാം ആളിപ്പടർന്ന് അഗ്നിയിൽ ലയിച്ചു ചേരാനൊരു നിമിഷം മതി..എത്രയായാലും അവളുടെ ഉള്ളിന്റെയുള്ളിൽ ദത്തനൊരു സ്ഥാനം ഉറപ്പായും ഉണ്ടാകും...ഹാളിലുളള കുഷ്യനിലേക്ക് ദത്തൻ ഇരുന്നെങ്കിലും മനസ്സമാധാനം ലഭിച്ചില്ല...ഏ സി പി യിൽ നിന്ന് അയാൾ ഇപ്പോൾ ഒരു സാധാരണ മനുഷ്യനായി മാറിയിരുന്നു.

സമയം പതിയെ കടന്ന് പോയി..ഉറക്കത്തിലെന്തോ അസ്വസ്ഥത തോന്നിച്ചപ്പോൾ ജാനി മെല്ലെ കൈകളാൽ ദത്തനെ തിരഞ്ഞു.അയാൾ സമീപമില്ലെന്ന് മനസ്സിലായതോടെ കണ്ണുകൾ തുറന്നു...തെല്ലൊരു നിമിഷം കരുതി ബാത്ത് റൂമിൽ കയറിയതായിരിക്കുമെന്ന്..കുറച്ചു സമയം കൂടി കഴിഞ്ഞിട്ടും അയാളെ കാണാതെ ബാത്ത് റൂമിലും ഹാളിലും തിരഞ്ഞു.. "ഈ ദേവേട്ടൻ എവിടെ പോയിരിക്കാ" എന്ന് കരുതി ഓരോ മുറിയിലും നോക്കാമെന്ന് കരുതിയപ്പോഴാണു പാതി ചാരിയ ഹാളിന്റെ ഡോറ് ശ്രദ്ധയിൽ പെട്ടത്.ജാനിക്ക് തോന്നിയ സംശയത്തിന്റെ പുറത്തേക്ക് സൂക്ഷിച്ചു ഇരുട്ടിലേക്ക് നോക്കി.. നന്ദിനിക്കുട്ടിയുടെ പട്ടടയിൽ തിരി എരിയുന്നു...അതിനു മുന്നിലൊരു രൂപം നിൽക്കണത് വിശ്വദത്തിന്റേതാണെന്ന് അവൾ ഉറപ്പിച്ച ശേഷം അങ്ങോട്ട് നടന്നു.. ഇതേ സമയം ജാനി പിന്നിലെത്തിയെന്ന് അറിയാതെ വിശ്വദത്ത് നന്ദിനിക്കുട്ടിയോടായി സംസാരിക്കുക ആയിരുന്നു.. "ഞാൻ എങ്ങനാ നന്ദിനിക്കുട്ടി ജാനൂട്ടിയോട് പറയാ അവളുടെ ദത്തനെ ഞാനാ കൊന്നതെന്ന്"

വിങ്ങിപ്പൊട്ടിയ വിശ്വദത്തിന്റെ സ്വരം ഒരു തീക്കാറ്റായി കാതിലേക്ക് വന്നലച്ചതും തളർന്നു വീഴാതിരിക്കാനായി ജാനി അടുത്ത് നിന്നിരുന്ന മരത്തിലേക്ക് ശരീരത്തിന്റെ ബലം താങ്ങി നിർത്തി... "ഈശ്വരാ താനെന്താ കേൾക്കണേ...ദത്തേട്ടൻ മരിച്ചൂന്നോ..തന്റെ ദേവേട്ടൻ കൊന്നൂന്നോ..ഇല്ല തന്നെ പറ്റിക്കാനായി ദേവേട്ടൻ കളവ് പറയണതാ" ആർത്തലച്ചവൾ കരഞ്ഞുവെങ്കിലും ശബ്ദം പുറത്തേക്ക് ഒഴുകാതെ ഒച്ചയടഞ്ഞ് പോയി...ഹൃദയം അസഹ്യമായ വേദനയാൽ പിടയുന്നതവളറിഞ്ഞു...ബാക്കി കേൾക്കാനുളള ശക്തിയില്ലാതെ തിരികെ മടങ്ങാനൊരുങ്ങിയതും ചിലമ്പിച്ച ദത്തന്റെ സ്വരം പിന്നെയും ഒഴുകിയെത്തി... "കൊല്ലാതിരിക്കാൻ കഴിഞ്ഞില്ല നന്ദിനിക്കുട്ടി നിന്നെ കൊന്നത് ദത്തനാണെന്ന് അറിഞ്ഞ നിമിഷം ഞാനെല്ലാം മറന്നു പോയി മൃഗമായി മാറി..എന്റെ നന്ദിനിക്കുട്ടിയെ കൊന്നവനെ ഇല്ലയ്മ ചെയ്യണമെന്നുളള പ്രതികാരം മാത്രമായിരുന്നു മനസ്സിൽ..നമ്മുടെ ജാനൂട്ടിയെ പോലും ഓർത്തില്ല" "നന്ദിനിക്കുട്ടിയെ കൊന്നത് ദത്തേട്ടനാണെന്ന്.... അടുത്ത തകർച്ചയിലേക്ക് ജാനകി കൂപ്പുകുത്തി വീണു... എങ്ങെനെ...എന്തിനു വേണ്ടി കൊല്ലണം...ദത്തേട്ടൻ എങ്ങനെ ഇവിടെയെത്തി..എല്ലാം അറിയണം..പക്ഷേ മുമ്പോട്ട് നടക്കാനുളള കരുത്ത് ജാനിക്കുട്ടിക്ക് ഇല്ലായിരുന്നു... സർവ്വ ശക്തിയും എടുത്തു ജാനൂട്ടി ഉറക്കെ വിളിച്ചു..

" ദേവേട്ടാ...." ജാനൂട്ടിയുടെ സ്വരം നാഡീവ്യൂഹത്തിലൂടെയൊരു വിറയലായി പടർന്നു കയറി.... "ജാനൂട്ടി എല്ലാം കേട്ടിരിക്കണൂ... ഞെട്ടലോടെ പിന്തിരിഞ്ഞ് നോക്കിയ വിശ്വദത്ത് കണ്ടു ഞെട്ടറ്റ് വീഴുന്നൊരു ഇലത്തുമ്പിനെ...ഓടിച്ചെന്ന് അവളെ കോരിയെടുത്ത് നെഞ്ചിലക്ക് ചേർത്ത് പിടിച്ചു ചൂട് പകർന്ന് നൽകാൻ ശ്രമിച്ചു... " എനിക്ക് എനിക്ക് നന്ദിനിക്കുട്ടിക്ക് സമീപം പോണം" വിറയാർന്ന സ്വരത്തിൽ നന്ദിനിക്കുട്ടിയുടെ പട്ടടയുടെ മുന്നിലേക്കായി അവൾ വിരൽ ചൂണ്ടി... പ്രാണനെയും എടുത്ത് അയാൾ അങ്ങോട്ടേക്ക് നീങ്ങി.. "എനിക്ക് ദേവേട്ടന്റെ മടിയിൽ തല ചായിച്ചു കിടക്കണം" വിശ്വദത്ത് എതിർക്കാതെ നിലത്തേക്കിരുന്നു പട്ടടയുടെ മുന്നിലായി..പ്രിയപ്പെട്ടവളുടെ തലയെടുത്ത് മടിയിലേക്ക് വെച്ചു..അയാളിൽ നിന്ന് പശ്ചാത്താപമായി മിഴിനീര് ഒലിച്ചിറങ്ങി അവളുടെ മുഖത്തേക്ക് പതിച്ചു... "ജാനൂട്ടി...ഞാൻ.." വിശ്വദത്തിന്റെ സ്വരം വിറച്ചു...വിറയാർന്ന കൈകളെടുത്ത് ജാനിക്കുട്ടി വിശ്വദത്തിന്റെ മിഴിനീരൊപ്പി.. "എനിക്ക് മനസ്സിലാകും എന്റെ ദേവേട്ടനെ...പോലീസ് ആണെങ്കിലും സത്യത്തിന് നിരക്കാത്തതൊന്നും ചെയ്യാത്ത മനസ്സിൽ നന്മ സൂക്ഷിക്കുന്ന സാധാരണക്കാരൻ..ആരെക്കാളും എനിക്ക് അറിയാം എന്റെ ദേവേട്ടനെ..എന്നോട് മാപ്പൊന്നും പറയരുതേ ദേവേട്ടാ..

ശ്വാസം മുട്ടി ചത്ത് പോവുമീ പാവം പെണ്ണ്" അയാളെ ആലിംഗനം ചെയ്തു മാറോട് മുഖമർത്തി ജാനിക്കുട്ടി തേങ്ങിക്കരഞ്ഞു... "ജാനൂട്ടിക്ക് തന്നെ വിശ്വാസമാണത്രേ ..." വിശ്വദത്തിന്റെ കണ്ണുകൾ നിറഞ്ഞു വന്നു..ഹൃദയത്തിലേക്ക് തണുപ്പുള്ളൊരു കാറ്റ് ആഞ്ഞ് വീശുന്നത് അയാളറിഞ്ഞു...മടിയിൽ കിടക്കുന്ന ജാനിയുടെ മുഖം കൈകളിലെടുത്ത് മുഖമാകെ മാറി മാറി ചുംബിച്ചു... ഹൃദയത്തിന്റെ ഭാഷ മൗനത്താൽ സംസാരിച്ച് തുടങ്ങിയപ്പോൾ എല്ലാം കണ്ടും കേട്ടും നിന്നിരുന്ന നന്ദിനിക്കുട്ടിയുടെ ആത്മാവിന്റെ മിഴികൾ സന്തോഷത്താൽ തിളങ്ങി... ജാനൂട്ടിയുടെ ദത്തനാണ് തന്നെ കൊന്നതെന്ന് ദേവനോടും ജാനിയോടും പറയാൻ കഴിയാതെ നന്ദിനിക്കുട്ടി ശ്വാസം മുട്ടി പിടയുകയായിരുന്നു കുറച്ചു മുമ്പ് വരേക്കും..ഇരുവരും സത്യങ്ങൾ പരസ്പരം മനസിലാക്കിയതോടെ അവളുടെ ആത്മാവ് സന്തോഷിച്ചു.. "പറയ് ദേവേട്ടാ ഒന്നും വിട്ടൊഴിയാതെ എല്ലാ സത്യങ്ങളും...എനിക്കും നന്ദിനിക്കുട്ടിക്കും എല്ലാം അറിയണം...അവളുടെ ആത്മാവിന് അങ്ങനെയെങ്കിലും ശാപമോക്ഷം ലഭിക്കട്ടെ" നിമിഷങ്ങൾ ഇതളടർന്ന് വീണു തുടങ്ങി....

തേങ്ങലിന്റെ ചീളുകൾ നേർത്ത് വന്നതും ജാനിക്കുട്ടി ആവശ്യപ്പെട്ടതോടെ വിശ്വദത്ത് സത്യത്തിന്റെ മുഖം മൂടി തുറന്നു...ജാനിയുടെ ജീവിത സാമ്യതയുളള നന്ദിനിക്കുട്ടിയുടെ ജീവിതത്തിന്റെ കഥ വിശ്വദത്ത് പറഞ്ഞു തുടങ്ങി... നാട്ടിലെ അറിയപ്പെടുന്ന പണക്കാരനും പ്രതാപശാലിയുമായ ശങ്കുണ്ണി നായരുടെ ഒരേയൊരു മകളായിരുന്നു നന്ദിനിക്കുട്ടി.. നിതബം മറഞ്ഞ് കിടക്കുന്ന മുട്ടോളം മുടിയുളളതും വിടർന്ന വലിയ കണ്ണുകളോടും കൂടിയ ഗ്രാമീണ വിശുദ്ധി നിറഞ്ഞൊരു പെൺകുട്ടി... ആ ഗ്രാമത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി ആയിരുന്നു നന്ദിനിക്കുട്ടിയുടെ മനസ്സ് കീഴടക്കിയത് സ്വന്തം തറവാട്ടിലെ ആശ്രിതന്റെ മകനായിരുന്നു.. ബാല്യം മുതലേ കളിക്കൂട്ടുകാരനായ വിശ്വദത്ത് ആയിരുന്നു വളർന്ന് തുടങ്ങിയപ്പോൾ അവളുടെ മനസ്സിൽ പ്രണയത്തിന്റെ നിറക്കൂട്ട് ചാർത്തിയത്...ഓരോന്നും പറഞ്ഞു പിന്നാലെ കൂടിയപ്പോഴൊക്കെ തിരുത്തി കൊടുക്കാനേ ശ്രമിച്ചിരുന്നുള്ളൂ വിശ്വദത്ത്.. അപ്പോഴും തന്റെ പ്രണയം മുറുകെ പിടിച്ചവൾ പ്രാണവായുവായി മാറ്റി..

എല്ലാത്തിനും ഒടുവിലായി കറതീർന്ന നന്ദിനിക്കുട്ടിയുടെ സ്നേഹത്തിന് പച്ചക്കൊടി കാട്ടിയതും വീട്ടിലെ എതിർപ്പുകളെ മറികടന്നവർ പ്രണയിച്ചു കൊണ്ടിരുന്നു... മകളുടെ പ്രണയം ആശ്രിതന്റെ മകനുമായാണെന്ന് അറിഞ്ഞ നിമിഷം വിശ്വദത്തിന്റെ അച്ഛനെ ആക്ഷേപിച്ചു ജോലിയിൽ നിന്നും പറഞ്ഞയച്ചു...തോൽക്കാൻ വാശിയില്ലാത്ത ആ അച്ഛൻ പഠിക്കാൻ സമർത്ഥനായ മകനു കിടപ്പാടം വിറ്റും നല്ല വിദ്യാഭ്യാസമൊരുക്കി.. "ആക്ഷേപിച്ചവർക്കും തോല്പിക്കാൻ ശ്രമിച്ചവർക്കും മുമ്പിൽ പോലീസ് കുപ്പായമണിഞ്ഞ് നീ തലയുയർത്തി നടക്കണം... നിന്റെ ഇടത് കരത്തിൽ നന്ദിനിക്കുട്ടിയുടെ വലത് കൈ സുരക്ഷിതമായിരിക്കണമെന്നും..പാവമാണ് നന്ദിനിക്കുട്ടി" മരണക്കിടക്കിയിലും മകനു ജിവശ്വാസം ഊതി നൽകിയെങ്കിലും പോലീസ് ഓഫീസറായി മകൻ തിരികെ വരുന്നത് കാത്ത് നിൽക്കാതെ ആ പിതാവ് യാത്രയായി..ഒരിക്കലും തിരികെ മടങ്ങി വരാൻ കഴിയാത്ത ലോകത്തിലേക്കായിട്ട്.... അച്ഛന്റെ മരണം തളർത്തിയെങ്കിലും അദ്ദേഹം നൽകിയ ജിവശ്വാസം മുറുക്കി പിടിച്ച മകൻ പോലീസ് ഓഫീസറായി തൃശൂരിൽ ആദ്യ പോസ്റ്റിങ്ങ് നേടി...

പഴയ തറവാട് ജീർണ്ണിച്ചതോടെ പുതിയ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുളള തീവ്ര ശ്രമത്തിലായി...നഷ്ടപ്പെട്ട തറവാട് വീണ്ടും വിലക്ക് വാങ്ങി പുതിയ വീടിന്റെ പണി ആരംഭിച്ചു... ഇതിനിടയിലും നന്ദിനിക്കുട്ടിയും വിശ്വദത്തും തമ്മിലുള്ള പ്രണയം ഗാഢമായൊഴുകി.. വരുന്ന വിവാഹാലോചനകൾ ഓരോ കാരണം പറഞ്ഞു നന്ദിനിക്കുട്ടി മുടക്കിയതോടെ ശങ്കുണ്ണി നായർ വാശിയിലായി...പിന്നീട് വന്നൊരു ആലോചന മകളുടെ സമ്മതമില്ലാതെയങ്ങ് ഉറപ്പിച്ചു... അവൾ വീട്ടു തടങ്കലിലുമായി.. ശങ്കുണ്ണി നായർ വീട്ടിലില്ലാത്ത ഒരുദിവസം അമ്മയോട് ക്ഷേത്രത്തിലേക്കെന്നും പറഞ്ഞു നന്ദിനിക്കുട്ടി ഇറങ്ങി... "മോളേ വഴിയിൽ ദത്തനെ കണ്ടാൽ മിണ്ടാൻ നിൽക്കണ്ടാ..നിന്റെ അച്ഛനെ അറിയാലൊ..നിന്നെ പുറത്തേക്ക് വിട്ടൂന്നറിഞ്ഞാൽ എന്നെ കൊല്ലാനും മടിക്കില്ല നിന്റെ അച്ചൻ" "ഇല്ലമ്മേ ഞാൻ വേഗം വരാം" അമ്മയെ സമാധാനിപ്പിച്ച് നന്ദിനിക്കുട്ടി ഇറങ്ങി നേരെ വിശ്വദത്തിന്റെ അടുത്ത് വന്നു... "ദേവേട്ടാ നിക്കിനി വയ്യാ പിടിച്ചു നിൽക്കാൻ" "എന്റെ പെണ്ണേ വീടിന്റെ പണി തീർന്നിട്ട് നീ വലതുകാൽ വെച്ച് കയറണമെന്നാ എന്റെ ആഗ്രഹം.. നിലവിളക്കൊക്കെ കൊളുത്തി ഒരു ദേവതയെ പോലെ" ദത്തൻ നന്ദിനിക്കുട്ടിയെ വർണ്ണിക്കാൻ തുടങ്ങിയതും അവൾക്ക് ശുണ്ഠി വന്നു..

"അതും നോക്കിയിരുന്നോ..അനുഭവിക്കണത് ഞാനാണല്ലോ" നന്ദിനിക്കുട്ടി പതിയെ ഏങ്ങലടിച്ചു കരഞ്ഞതും വിശ്വദത്തിന്റെ ഉള്ളൊന്ന് പാളി..മെല്ലെയവളെ നെഞ്ചിലക്കങ്ങ് ചേർത്ത് പിടിച്ചു. "അതിനും മാത്രം ഇപ്പോൾ എന്തുണ്ടായി നന്ദിനിക്കുട്ടിയേ" "പഴയത് പോലെയല്ല ദേവേട്ടാ..വന്നൊരു ആലോചന അച്ഛനങ്ങ് ഉറപ്പിച്ചു..ഇനിവയ്യ എനിക്ക് പിടിച്ചു നിൽക്കാൻ" അവളുടെ മിഴികളിൽ നിറഞ്ഞ് നിൽക്കുന്ന വേദനയുടെ ആഴം അയാളുടെ നെഞ്ചിൽ തറച്ചു.. അറിയാം തനിക്കായി എന്തോരം പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന്...നന്ദിനിക്കുട്ടി തങ്ങളുടെ വീടിന്റെ പടിയാദ്യം ചവിട്ടി കയറുകാന്നെത് ഒരു സ്വപ്നം മാത്രമല്ല..മോഹം കൂടിയാണ്.. വളരെയേറെ നാളത്തെ മോഹം... "എന്നെ കൂടി കൂട്ടോ ദേവേട്ടാ..നിക്കിനി വയ്യാ" വാനോളം പ്രതീക്ഷയോടെ നോക്കി നിൽക്കണവളെ നിരാശപ്പെടുത്തി മടക്കിയയക്കാൻ തോന്നിയില്ല..കൂടെയങ്ങ് കൂട്ടി..ചിലപ്പോൾ നഷ്ടപ്പെട്ടാലോന്ന് ഭയന്നു.. "പാതിയിലെറിഞ്ഞ് പോകാനല്ല പ്രണയിച്ചത് മരണം പിരിക്കും വരെയും കൂടെ കൂട്ടാൻ തന്നെയാണ്" നന്ദിനിക്കുട്ടിയെ ആലിംഗനം ചെയ്തു നിറുകയിൽ ചുംബിച്ചു..

നിറഞ്ഞ മനസ്സോടെ അവനെ ഇറുകെ പുണർന്നവൾ... "രണ്ടു ദിവസം എനിക്ക് അർജന്റായി ഡ്യൂട്ടിക്ക് തൃശൂരിൽ പോണം നന്ദിനിക്കുട്ടി.. ഒരു അർജന്റ് മാറ്റർ അറ്റൻഡ് ചെയ്യനുണ്ട്" "പോലീസുകാരന്റെ ഭാര്യയല്ലേ...ഞാൻ അഡ്ജസ്റ്റ് ചെയ്തോളം.." നിറഞ്ഞ മനസ്സോടെ വിടർന്ന് പുഞ്ചിരിച്ചവൾ കാതരമായി അവനെ നോക്കി... "ഞാനൊരു വീട് വാങ്ങിയട്ടുണ്ട് നന്ദിനിക്കുട്ടി തറവാടിന്റെ പണി തീരും വരെ നമുക്ക് അവിടെ താമസിക്കാം..ഞാൻ തൃശൂരിൽ നിന്ന് വന്നിട്ട് ഭഗവതി നടയിൽ വെച്ചൊരു താലികെട്ട്... അതുകഴിഞ്ഞ് ഒരുമിച്ചൊരു ജീവിതം" "മരണത്തിലേക്ക് ആയാലും ഞാൻ കൂടെയുണ്ടാകും" ആർദ്രമായി പറഞ്ഞവളുടെ ചുണ്ടുകൾ അവൻ പൊത്തിപ്പിടിച്ചു.. "ഇങ്ങനെയൊന്നും പുലമ്പാതെ...പന്ത്രണ്ട് വർഷം കാത്തിരുന്നത് ഒരുമിച്ച് ജീവിക്കാൻ തന്നാ" രൂക്ഷമായി നോക്കിയട്ട് അയാൾ മുരണ്ടു... "ഒരു ഉപമ പറയാൻ പാടില്ലാന്നുണ്ടോ" കുസൃതിയോടെ നോക്കി ചിരിച്ചവൾ... "ഇങ്ങനത്തെ ഉപമയൊന്നും വേണ്ടാ..മനസ്സ് പൊളളണുണ്ട്" "സോറി ദേവാട്ടാ" നിറഞ്ഞ കണ്ണുകളെ ചുണ്ടുകളാൽ അവൻ ആശ്വസിപ്പിച്ചു.. "സാരമില്ല.. ഇങ്ങനെ ഇനി പറയാണ്ടിരുന്നാൽ മതി" "ഹ്മ്മ്ം ...ഹ്മ്മ്ം" നന്ദിനിക്കുട്ടിയേയും കൂട്ടി വിശ്വദത്ത് വീട്ടിലേക്ക് പോയി... "നിൽക്ക്...ഞാനിപ്പോൾ വരാം"

കൂടെ അകത്തേക്ക് കയറാൻ തുടങ്ങിയ അവളെ തടഞ്ഞിട്ട് ദത്തൻ അകത്തേക്ക് കയറി... അവളുടെ മിഴികളിൽ അമ്പരപ്പ് നിറഞ്ഞു... അകത്ത് നിന്ന് കത്തിച്ച നിലവിളക്കുമായി ഇറങ്ങി വന്ന അയാളെ അത്ഭുതത്തോടെ നോക്കി കണ്ണ് മിഴിച്ചു.. "ആരും ഇവിടെ ഇല്ലാന്ന് കരുതി പതിവ് തെറ്റിക്കേണ്ടാ" പുഞ്ചിരിയോടെ പറഞ്ഞിട്ട് നിലവിളക്ക് നന്ദിനിക്കുട്ടിക്ക് നേരെ നീട്ടി..മനസ്സിൽ പ്രാർത്ഥനയോടെ നിലവിളക്കുമേന്തി ആ വീട്ടിലേക്കവൾ വലത് കാൽ ചവുട്ടി കയറി.. "ദാ...അവിടെ വെച്ചേക്ക്" പൂഞ്ചാമുറിയിൽ കൃഷ്ണന്റെ രൂപത്തിനു മുമ്പിൽ വിളക്ക് സമർപ്പിച്ചു നിറപ്രാർത്ഥനയുമായി നിന്നു... "ദേവേട്ടാ ഞാൻ ഇപ്പോഴാ ഓർത്തത്...പുതിയ ഒരാളെ അച്ഛൻ പണിക്ക് വെച്ചു" "അതിന്" "അതിനൊന്നും ഇല്ല..അയാളുടെ പേര് ദത്തനെന്നാ...ഇടുക്കിയിൽ എവിടെയോ ആണ് വീട്..എനിക്ക് ആ പേര് കേട്ടപ്പോൾ എന്റെ ദേവേട്ടനെയാ ഓർമ്മ വന്നത്" "എങ്ങനെയുണ്ട് പുതിയ അവതാരം" "കണ്ടിട്ട് പാവമാണെന്ന് തോന്നുന്നു" "അതങ്ങനാ നന്ദിനിക്കുട്ടി ചിലരെ കണ്ടാൽ പാവമാണെന്ന് തോന്നാമെങ്കിലും അവരായിരിക്കും ശരിക്കും ക്രൂരന്മാർ" അറിയാതെ പറഞ്ഞ വാചകം പിന്നീട് തങ്ങളുടെ ജീവിതത്തിന്റെ വാളായി മാറുമെന്ന് അപ്പോൾ വിശ്വദത്തും നന്ദിനിക്കുട്ടിയും അറിഞ്ഞിരുന്നില്ല......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story