ശ്രുതിലയം: ഭാഗം 16

shruthilayam

എഴുത്തുകാരി: വാസുകി വസു

"എന്റെ ദേവേട്ടനാ ശരി..എന്റെ ദേവേട്ടൻ ചെയ്തതാ ശരി" വിശ്വദത്തിനെ കെട്ടിപ്പിടിച്ചു ഉള്ളു നീറുന്ന സങ്കടത്താൽ ജാനിക്കുട്ടി അലറിക്കരഞ്ഞു "കുറ്റപ്പെടുത്തൂല്ലാ ഒരിക്കലും എന്റെ ദേവേട്ടനെ..പശ്ചാത്താപ ചിന്തയുണ്ടെങ്കിൽ വേണ്ടാട്ടൊ..ഇങ്ങനെയുളളവനൊക്കെ കൊന്നുകളയുക തന്നെ വേണം" അയാളുടെ കവിളിൽ,നെറ്റിയിൽ,ചുണ്ടുകളിൽ മുത്തങ്ങൾ തീർത്തു ജാനി...ഒരു ഉന്മാദിയെ പോലെ... വിശ്വദത്തിന്റെ ഹൃദയത്തിലൊരു മഞ്ഞുതുള്ളി വീണു..അതുവരെ വിങ്ങിപ്പൊട്ടിയ ഇടനെഞ്ചിനൊരു ആശ്വാസമായി പ്രിയപ്പെട്ടവളുടെ വാക്കുകൾ മാറി.അതിലൂടെയൊരു പുത്തനുണർവ് ലഭിൽകുകയായിരുന്നു ദത്തന്.. ചെയ്തു പോയ തെറ്റിനെയോർത്ത്...പ്രിയപ്പെട്ടവൾ എങ്ങനെ ഉൾക്കൊള്ളുമെന്ന് അറിയാതെയാ ഹൃദയം പിടഞ്ഞു തീർന്നിരുന്നു. "വാ ദേവേട്ടാ പോകാം..തണുത്ത കാറ്റ് വീശണുണ്ട്" വീശിയ കാറ്റിൽ തണുപ്പിന്റെ അംശം കലർന്നതോടെ ദത്തിന്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റു.. അയാളോട് കൂടുതൽ ഇഴുകി ചേർന്ന് നടന്നവൾ..ഒരു കൈ എടുത്ത് അയാളെ ചുറ്റി.. വിശ്വദത്തിന് ഇപ്പോൾ ആവശ്യം സ്നേഹപൂർണ്ണമായ പരിചരണമാണ്..തന്നെയോർത്താ ഹൃദയം ഒരുപാട് പ്രാവശ്യം പിടഞ്ഞെന്ന് അയാൾ പറയാതെ തന്നെ അവൾ മനസ്സിലാക്കി...

"ദത്തേട്ടൻ കിടന്നോളൂ" മുറിയിലെത്തിയ ശേഷം ജാനിക്കുട്ടി പറഞ്ഞതും വിശ്വദത്ത് മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു. "കുറച്ചു സമയം എന്റെ അടുത്ത് ഇരിക്കെടോ" കതക് ചാരാനായി പിന്തിരിഞ്ഞ അവളുടെ കയ്യിൽ അയാൾ പിടിച്ചു.. നനുത്ത പുഞ്ചിരിയോടെ ജാനി ദത്തന് സമീപമിരുന്നു.. പോലീസുകാരൻ ആണെങ്കിലും സാധാരണ മനുഷ്യന്റെ വികാരങ്ങളാണ് ദേവേട്ടനെന്ന് അവൾ മനസ്സിലാക്കിയിരുന്നു.. താൻ തകർന്നാൽ ഏട്ടനും തകരുമെന്ന് അറിയാം..അതിനാൽ ജാനി സ്വയം കരുത്താർജ്ജിച്ചു.. "ദേ പിന്നേ കെട്ടിയോനെ കുറ്റബോധമൊന്നും വേണ്ട കേട്ടോ..എന്റെ ഭർത്താവ് ഒരു പോലീസ് ഓഫീസറാണ്.സത്യത്തിനും നീതിക്കും നിലകൊള്ളുന്ന പോലീസുകാരൻ‌..അയാളെ തീർത്തത് നന്നായി ഇവനെ പോലെയുള്ളവൻ ജീവിച്ചിരിക്കരുത്" ഉള്ളിലെ കടലിരമ്പം മറച്ചു പിടിച്ചവൾ വിശ്വദത്തിന് ആത്മധൈര്യം നൽകാൻ ശ്രമിച്ചു.. ദത്തനെ കുറിച്ച് കൂടുതൽ അറിയാനും എങ്ങനെ കൊന്നൂന്ന് അറിയാനും ഉള്ളിൽ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതടക്കിപ്പിടിച്ചു... വിശ്വദത്തിനെ പൊതിഞ്ഞ് പിടിച്ചു കിടന്നു...

അവന്റെ നെഞ്ചിൽ തല ചായിച്ചു... ജാനിയുടെ മനസ്സിൽ അവളായിരുന്നു നന്ദിനിക്കുട്ടി.. ഒരായുസ്സിന്റെ പ്രണയത്തിന്റെ മധുരം നുകർന്ന് ഒന്നിച്ചു ജീവിക്കാനായി കൊതിച്ചവളുടെ.. " മരണ സമയത്ത് ദേവേട്ടൻ വന്നു രക്ഷിച്ചിരുന്നെങ്കിലെന്ന് പാവം ആഗ്രഹിച്ചിട്ടുണ്ടാകും...എത്രമാത്രം വേദന തിന്നാകും നന്ദിനിക്കുട്ടി പിടഞ്ഞ് മരിച്ചത്." ഓർക്കുന്തോറും അവളുടെ കണ്ണുകൾ നിറഞ്ഞു.. തനിക്കിത്രയും സങ്കടമുണ്ടെങ്കിൽ പാവം ദേവേട്ടനെത്ര നീറണുണ്ടാകും... വിശ്വദത്തിന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി അയാളെ നോക്കി...കറങ്ങുന്ന സീലിംഗ് ഫാനിലാണ് ആ കണ്ണുകൾ.. ജാനി പതിയെ അയാൾക്ക് സമീപം മുഖം അടുപ്പിച്ചതും നോട്ടം അവളിലായി.. ജാനിക്കുട്ടി മെല്ലെ ദത്തന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. പതിയെ അയാളുടെ കീഴ്ചുണ്ടിനെ സ്വന്തമാക്കി ദത്തനെ ഇറുകെ പുണർന്ന് അവനിലേക്ക് പടർന്നു കയറി.. ദീർഘമേറിയ ചുംബനത്തിനൊടുവിൽ അധരങ്ങളെ വേർപ്പെടുത്താൻ ശ്രമിച്ചതും അയാളുടെ കരങ്ങൾ അവളെ ആലിംഗനം ചെയ്തു.. "എന്റെ ദേവേട്ടാ നമ്മുടെ നന്ദിനിക്കുട്ടിയെ ഇല്ലായ്മ ചെയ്ത ഒരു ദുഷ്ടനെ കൊന്നെന്ന് കരുതി ഇത്രയേറെ തളരരുത്..

എനിക്ക് ഇഷ്ടമല്ല അത്" "എനിക്ക് അതൊന്നും ഓർത്ത് അത്രയും ടെൻഷനില്ല ജാനൂട്ടി.. ദത്തനെ കൊന്നൂന്ന് നീ അറിയുമ്പോൾ എങ്ങനെ ഉൾക്കൊള്ളുമെന്ന് ആയിരുന്നു ടെൻഷൻ മുഴുവനും.. എങ്ങനെ തന്നോട് ഇതൊക്കെ പറയുമെന്നായിരുന്നു സങ്കടം മുഴുവനും..ഇട്ടെറിഞ്ഞ് പോകുമോന്ന് വരെ ഭയന്നു..." അവനിൽ ശ്വാസം മുട്ടി പിടഞ്ഞ സങ്കടങ്ങളെ അവൾക്ക് ഉൾക്കൊളളാൻ കഴിഞ്ഞിരുന്നു...അതായിരുന്നു സംഭവിച്ചത്... "ഞാൻ ഏട്ടനെ അറിഞ്ഞില്ലെങ്കിൽ പിന്നെ ആരറിയാനാ...അവൻ ചാകണം..നന്ദിനിക്കുട്ടിയെ ക്രൂരമായി കൊന്ന നിശ്ചലമായ ശരീരത്തെ പോലും വെറുതെ വിടാത്തവൻ ഈ ഭൂമിക്ക് മുകളിൽ വേണ്ട ദേവേട്ടാം.അതാ ദൈവ നിശ്ചയം" ദത്തൻ ചെയ്ത പ്രവൃത്തികളെ ഓർത്തവൾ പല്ല് ഞെരിച്ചു..ജാനിയുടെ വാക്കുകൾ വിശ്വദത്തിലൊരു കുളിർമഴ പെയ്യിച്ചു..വറ്റി വരണ്ടുണങ്ങിയ ഭൂമിക്ക് വേനൽമഴ ലഭിച്ചത് പോലെ... "പിന്നെ ഇങ്ങനെ കിടന്നാൽ മതിയോ..എനിക്ക് ഉറക്കം വരണുണ്ട്" അവൾ കോട്ടുവായിട്ടോണ്ട് പറഞ്ഞു... അതിന്റെ അർത്ഥം മനസ്സിലാക്കിയ പോലെ അയാൾ പുഞ്ചിരിച്ചു ജാനിയെ വരിഞ്ഞു മുറുക്കി..

ഇരുളിൽ ചുടുനിശ്വാസങ്ങൾ ഉയർന്നു..ഒടുവിൽ വിശ്വദത്തിന്റെ വിയർപ്പൊട്ടിയ മാറിൽ മുഖം പൂഴ്ത്തി വെച്ചവളുറങ്ങി...അവളെ പൊതിഞ്ഞ് പിടിച്ചു അയാളും... ജലകണങ്ങൾ മുഖത്ത് ചിതറി വീണപ്പോഴാണ് വിശ്വദത്ത് മിഴികൾ തുറന്നത്..നോക്കുമ്പോൾ വിടർത്തിയിട്ട മുടിയിഴകളാൽ വെളളത്തുള്ളികൾ ചിതറിക്കുന്ന ജാനിക്കുട്ടിയെ ആയിരുന്നു.. ഇന്നലത്തെ ജാനിക്കുട്ടി ആയിരുന്നില്ല അവൾ..കുളി കഴിഞ്ഞു മഞ്ഞ ബോർഡർ സാരിയുടുത്ത് സുന്ദരിയായി നിൽക്കുന്നു.. ചുണ്ടിലൊരു പുഞ്ചിരിയുണ്ട്.. "എഴുന്നേൽക്ക് ദേവേട്ടാ..സമയം ഒരുപാടായി..ഇന്നലെ ലേറ്റായി ഉറങ്ങിയോണ്ട് എഴുന്നേൽക്കാൻ ഞാനും താമസിച്ചു" പുറത്ത് അരുണൻ മിഴികൾ പകുതിയിലധികം തുറന്നു പിടിച്ചിരിക്കുന്നത് ജനാലയിലൂടെ കണ്ടു.. "സമയമെത്രായി ജാനൂട്ടി" "ഒമ്പത് മണി കഴിഞ്ഞു ട്ടൊ" "അത്രയേ ആയൂള്ളോ...എന്നാൽ ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ" ആലസ്യം വിട്ടൊഴിയാത്ത മിഴികളടച്ചു പുതപ്പിനടിയിലേക്ക് വിശ്വദത്ത് നുഴഞ്ഞു കയറി.. "അയ്യെടാ അങ്ങനെയിപ്പോൾ ഉറങ്ങണ്ടാ" കുസൃതിയോടെ പുതപ്പ് വലിച്ചെടുക്കാൻ ശ്രമിച്ച ജാനിയെ രണ്ടു കൈകളാലും വലിച്ചു കിടക്കയിലേക്കിട്ട് പുതപ്പിനാൽ മൂടി..

ചുണ്ടുകളാലും കൈകളാലും ദേവൻ കുസൃതി കാണിച്ചതോടെ അവൾ കിടന്നു പിടിച്ചു ഇക്കിളി സ്വരം പുറപ്പെടിവിച്ചു.. "പ്ലീസ് ദേവേട്ടാ വേണ്ടാ എനിക്കെന്തെക്കയോ തോന്നണൂ" "എന്തൊക്കെ തോന്നണൂന്ന് ഒന്ന് പറയ് കേൾക്കട്ടെ" അവളുടെ ഇടത് ചെവിയിൽ മൃദുവായി കടിച്ചോണ്ട് ദേവൻ ചോദിച്ചു.. "അയ്യെടാ ഒന്നും അറിയാത്തൊരു പാവം" കുറച്ചു സമയം കൂടി വിശ്വദത്തിനെ പുണർന്നു കിടന്നിട്ട് ജാനിക്കുട്ടി എഴുന്നേറ്റു.. മടി പിടിച്ചു കിടന്ന അവനെയും എഴുന്നേൽപ്പിച്ചു.. "ഹലോ സർ മടിപിടിച്ചു കിടക്കാതെ എഴുന്നേൽക്കണം..ഡ്യൂട്ടിക്ക് പോകണ്ടേ" ദത്തൻ ജാനിക്കുട്ടിയെ അടിമുടി വീക്ഷിച്ചു..ഇന്നലത്തെ സംഭവങ്ങളുടെ യാതൊരു പതർച്ചയും അവളിലെന്ന് മനസ്സിലായതും അവൻ അത്ഭുതപ്പെട്ടു. ദത്തനു മുമ്പിൽ തകർന്ന് നിൽക്കരുതെന്ന് ജാനി രാത്രിയിലെ മനസ്സിൽ ഉറപ്പിച്ചിരുന്നു.അയാൾക്ക് ഉള്ളിൽ വിഷമം വരുന്നതൊന്നും തന്നിൽ നിന്നും ഉണ്ടാകാൻ പാടില്ല..അതായത് കുറച്ചു സംശയങ്ങൾ ബാക്കി നിന്നിട്ടും ചോദിക്കാത്തത്..എന്നെങ്കിലും ദേവേട്ടൻ പറയട്ടെന്ന് കരുതി.. "ഇങ്ങനെ നോക്കി കിടക്കാതെ എഴുന്നേൽക്ക് ദേവേട്ടാ" സ്നേഹം കലർന്ന ശാസനയോടെ ദത്തന്റെ കയ്യിൽ പിടിച്ചു വലിച്ചതും അവൻ എഴുന്നേറ്റു.. "ഞാൻ ചായ എടുക്കാം" "വേണ്ടാ..ഞാൻ ഫ്രഷായി വന്നിട്ട് മതി"

അയാൾ ബാത്ത് റൂമിൽ കയറിയതും ജാനി കിച്ചണിലേക്ക് പോയി.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 "ജാന്യൂട്ടി ഞാൻ കുറച്ചു ദിവസം ഡ്യൂട്ടിക്ക് പോണില്ലാ..ചില തീരുമാനങ്ങൾ എടുക്കാൻ ഉണ്ട്" ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ദത്തൻ പറഞ്ഞു... ജാനി പുരികക്കൊടി മെല്ലെ മുകളിലേക്ക് ഉയർത്തി ചോദ്യഭാവത്തിൽ നോക്കി.. "കഴിച്ചിട്ട് വാ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്" ബ്രേക്ക് ഫാസ്റ്റ് കഴിച്ചു തീരണത് വരെ ഇരുവരും സംസാരിച്ചതേയില്ല...ജാനിക്ക് മനസ്സിലായി ഇന്നലത്തെ ബാക്കി കൂടി പറയാനാണെന്ന്... എല്ലാം ഒതുക്കിയ ശേഷം ജാനിക്കുട്ടി വിശ്വദത്തിനു അരികിലെത്തി... "എന്താ ദേവേട്ടാ" "വാ നമുക്ക് പുറത്തേക്കിറങ്ങാം" "ഹ്മ്മ്ം ഹ്മ്മ്ം" ജാനിയുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു വിശ്വദത്ത് പുറത്തേക്കിറങ്ങി..നന്ദിനിക്കുട്ടിയുടെ പട്ടടക്ക് മുമ്പിലേക്കാണ് വന്നത്.. "ഇവിടാകുമ്പോൾ കുറച്ചു തണലും കാറ്റും കിട്ടും ഇല്ലേ ജാനൂട്ടി" "ഹ്മ്മ്ം ഹ്മ്മ്ം" ചോപ്പ് നിറത്തിൽ പൂവിട്ട് വിടർന്ന ചെമ്പരത്തി ഒരെണ്ണം ഇറുത്തെടുത്ത് ജാനിയുടെ തലയിൽ ചൂടി കൊടുത്തു.. പതിയെ അവളെ തന്നിലേക്ക് ചേർത്ത് ആലിംഗനം ചെയ്തു നിറുകയിൽ ചുണ്ടുകൾ അമർത്തി..അയാൾക്ക് വിധേയമായി അവൾ നിന്നു. "എന്റെ ഭാഗ്യമാണ് ജാനൂട്ടി...എന്നെ മനസ്സിലാക്കാൻ കഴിഞ്ഞ ഒരാളെ കൂട്ടുകിട്ടി"

"എനിക്കും" നിറഞ്ഞ മനസ്സോടെ അവളും പറഞ്ഞു... "ഇന്നിനി താനിരിക്ക്...ഞാൻ മടിയിൽ തല വെച്ചു കിടക്കാം" "അതിനെന്താ ദേവേട്ടാ എനിക്ക് സമ്മതം" ചെറിയ ഒരു പുഞ്ചിരിയോടെ ജാനി നിലത്തേക്കിരുന്നു...ദത്തൻ അവളുടെ മടിയിൽ തല വെച്ചു കിടന്ന് ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി.. "ഞാൻ സംസാരിക്കാൻ പോണത് ദത്തന്റെ ബാഡ് ഹിസ്റ്ററി ആണ്...പോലീസ് അൻവേഷണത്തിൽ തെളിഞ്ഞത്" പൊടുന്നനെ ജാനിക്കുട്ടിയുടെ ഉടലൊന്ന് വിറച്ചു മിഴികളിൽ കോപമിരച്ചു കയറി മുഖം ചെമ്പരത്തി പൂവിന്റെ നിറമായി. കുറച്ചു നാൾ മുമ്പേ വരെ അയാൾക്കായി നോമ്പ് നോറ്റി ശുഭപ്രതീക്ഷയോടെ ഇരുന്നവളാണ്..എന്നെങ്കിലും ഒരിക്കൽ തിരികിയെത്തി തന്നെയാ പ്രണയത്തോടെ മിടിക്കുന്ന അയാളുടെ ഹൃദയത്തിലേക്ക് ചേർത്ത് പിടിക്കുമെന്ന്.. ഇപ്പോൾ ഒരുതരം വെറുപ്പാണ് അയാളോട്..നന്ദിനിക്കുട്ടിയെ നീചയമായി കൊലപ്പെടുത്തിയെന്ന് അറിഞ്ഞ നിമിഷം മുതൽ.. "ഒരുവർഷം കഴിഞ്ഞു നന്ദിനിക്കുട്ടി കൊല്ലപ്പെട്ടിട്ട്...അതിന്റെ പിറകെ ആയിരുന്നു ഞങ്ങൾ ഡിപ്പാർട്ട്മെന്റിലെ കുറച്ചു സമർത്ഥരായ ഉദ്ധ്യോഗസ്ഥരുമായി.. ദത്തനിലേക്ക് ഒരിക്കലും എത്തുമെന്ന് കരുതിയില്ല.രണ്ടു ദിവസം മുമ്പാണ് അയാളാണ് കൊലപാതകിയെന്ന് കൺഫോം ചെയ്തത്..

പോലീസിന്റെ സംശയം തന്നിലേക്ക് നീളുന്നുവെന്ന് മനസ്സിലാക്കിയ ദത്തൻ നാട് വിട്ടു...വയനാട്ടിലെ വനവാസ മേഖലയിൽ നിന്നും പോലീസ് പിടികൂടി" അത്രയും പറഞ്ഞു നിർത്തിയ ശേഷം വിശ്വദത്ത് ജാനിയുടെ ഭാവം ശ്രദ്ധിച്ചു..അവളിലൊരു മാറ്റവും ഉണ്ടായിരുന്നില്ല..ഒരു തരം വെറുപ്പ് മാത്രം അവളുടെ മിഴികളിൽ അവശേഷിച്ചത് അയാൾ കണ്ടു.... "ജാനിക്കുട്ടിയുടെ തറവാട്ടിൽ നിന്ന് പണം മോഷ്ടിക്കാൻ കാരണം ദത്തൻ ചില മോശമായ കൂട്ടുകെട്ടിൽ അകപ്പെട്ടുപോയി..അതൊന്നും ജാനി അറിഞ്ഞിരുന്നില്ല.. പിടിക്കപ്പെടുമെന്ന് ഉറപ്പായതും നാട് വിടാൻ തീരുമാനിച്ചു. അതിനിടയിലാണ് ജാനിയോടുളള ഇഷ്ടം മുതലെടുക്കാൻ തീരുമാനിക്കുന്നതും കാണാൻ വരുന്നതും..എന്നെങ്കിലും തിരികെ എത്തുമ്പോൾ ഇവിടത്തെ സ്വത്ത് ജാനിക്കുട്ടി വഴി നേടാമെന്ന് കരുതി" വിശ്വദത്തിന്റെ ഓരോ വാക്കുകളും ജാനിയുടെ കാതിലേക്ക് വീണതും നൊമ്പരത്താൽ പിടഞ്ഞവൾ... "നാട് വിട്ട ദത്തൻ പല പല സ്ഥലങ്ങളിലായി ജോലിക്ക് നിന്നിടത്തു നിന്നും ചെറിയ ചെറിയ മോഷണങ്ങൾ നടത്തി...പുതിയ പുതിയ കൂട്ടുകെട്ടുകൾ ലഭിച്ചതോടെ തട്ടിപ്പ് വികസിപ്പിച്ചു..

യാതൊരു തെളിവുകളും ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു...അതിനിടയിൽ മദ്യവും കഞ്ചാവും മയക്കുമരുന്നിനും അടിമയായി..വലിയൊരു ഗ്യാങ്ങ് ഇതിനു പിന്നിലുണ്ട്..ഏറ്റവും ഒടുവിലാണ് പാലക്കാട് വരണതും നന്ദിനിക്കുട്ടിയുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നതും ഇവിടെ വന്ന് അവളെ കൊലപ്പെടുത്തിയതും... അവസാന വാചകം പറയുമ്പോൾ വിശ്വദത്തിന്റെ സ്വരം ഇടറിപ്പോയി..നന്ദിനിക്കുട്ടിയുടെ ഓർമ്മച്ചൂടിൽ... " മോഷ്ടിച്ച പണം ഉപയോഗിച്ച് ആർഭാട ജീവിതം ആയിരുന്നു.. പണം തീരുമ്പോൾ അടുത്ത വേട്ടക്കിറങ്ങും..കേരളത്തിലെ വിവിധ ജില്ലകളിലായി ദത്തന്റെ പേരിൽ കേസുകൾ നിലവിൽ ഉണ്ടെങ്കിലും തെളിവിന്റെ അഭാവത്തിൽ രക്ഷപ്പെട്ടു പോന്നു...പോലീസ് പിടിയിൽ നിന്നും പുറം ലോകം ഇനി കാണില്ലാന്നുള്ള എന്റെ ഭീക്ഷണിയിൽ അയാൾ എല്ലാം സമ്മതിച്ചു.. യാതൊരു കുറ്റബോധവുമില്ലാതെ... ജാനിക്കുട്ടി വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു... ചെവികൾ കൊട്ടിയടക്കപ്പെട്ടു..ശരിക്കും വെറുത്ത് പോയവൾ ഒരിക്കൽ പ്രാണനായി കരുതിയവനെ.... വിശ്വദത്ത് എഴുന്നേറ്റതും ജാനിക്കുട്ടി അവനെ കെട്ടിപ്പിടിച്ചു ആർത്തലച്ചു കരഞ്ഞു...മനസ്സിലെ വിഗ്രഹം തകർന്നു ഉടഞ്ഞതിന്റെ വേദനയിൽ.... അയാൾ അവളെ മാറോട് ചേർത്ത് പൊതിഞ്ഞ് പിടിച്ചു.. മെല്ലെ കരങ്ങളാൽ ജാനിയുടെ പുറത്ത് തട്ടി കൊണ്ടിരുന്നു... "പെയ്യട്ടെ അവൾ...മതി തീരുവോളം കൊതി തീരും വരെ പെയ്ത് തീരട്ടെ...ഉരുകുന്ന വേനലിന് അങ്ങനെയെങ്കിലും ആശ്വാസമാകട്ടെ............ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story