ശ്രുതിലയം: ഭാഗം 2

shruthilayam

എഴുത്തുകാരി: വാസുകി വസു

തിരക്കൊഴിഞ്ഞ സ്ഥലം കഴിഞ്ഞതും ബസ് വേഗതയിലോടി..പുലർ മഞ്ഞിന്റെ തണുപ്പ് അകത്തേക്ക് ഇരച്ചു കയറിയതും മുഖമൊന്ന് കിടുകിടുത്തു.കാറ്റേറ്റ് മുടിയിഴൾ നെറ്റിയിലേക്ക് പാറി വീണത് വലത് കയ്യാൽ ഒതുക്കാൻ ശ്രമിച്ചു.. കൂടെ ഇരിക്കുന്ന ചെറുപ്പക്കാരന്റെ ശ്രദ്ധ മൊബൈലിൽ ആണ്.. മുട്ടിയുരുമ്മിയുളള യാത്ര ചെറുതായി മനസ്സിൽ അസ്വസ്ഥതത സൃഷ്ടിച്ചു.. പിന്നെയും പുറത്തെ കാഴ്ചകളിൽ മുഖം അർപ്പിച്ചു.. "ദത്തേട്ടാ "" എന്ന് വിളിച്ചു പിന്നാലെ നടക്കുന്നയൊരു ബാലികയുടെ ചിത്രം മനസ്സിൽ തെളിഞ്ഞു..കൂടെ പൊടിമീശ മുളച്ചു തുടങ്ങിയ ഒരു മെല്ലിച്ച പയ്യനും.. "ദത്തേട്ടാ എനിക്കാ കണ്ണിമാങ്ങാ പറിച്ചു തര്യൊ"

മാവിന്മേൽ നിറഞ്ഞ് നിൽക്കണ കണ്ണിമാങ്ങായിലേക്ക് നോക്കി കൊതിയിട്ടു ജാനിക്കുട്ടി. "എന്റെ ജാനിക്കുട്ടിക്ക് തന്നില്ലെങ്കിൽ ദത്തേട്ടൻ പിന്നെ ആർക്കാ കൊടുക്കാ" കുനിഞ്ഞ് താഴെ നിന്ന് ചെറിയൊരു കല്ലെടുത്ത് കുലയായി നിൽക്കുന്ന കണ്ണിമാങ്ങായിലേക്ക് എറിഞ്ഞു.. ഞെട്ടറ്റ് കുലയോടെ താഴേക്ക് വീണതും സന്തോഷത്തോടെ ഓടി നടന്ന് പെറുക്കിയെടുത്തു... "കുറച്ചു ഉപ്പും മുളകുപൊടിയും താൾ ദത്തേട്ടാ" "തരാ ലോ" ജാനിക്കുട്ടിയിൽ നിന്ന് കണ്ണിമാങ്ങാ വാങ്ങി രണ്ടായി പിളർന്ന് ഉപ്പുപൊടിയും മുളുകുപൊടിയിലും കൂടിയിട്ടിളക്ക് അവളുടെ നാവിലേക്ക് വെച്ചു കൊടുത്തു.. "ഹായ് എന്തുരസാ ഇങ്ങനെ കഴിക്കാൻ..നല്ല എരിവും പുളിയും"

"ആഹാ..ജാനിക്കുട്ടിക്ക് ഇഷ്ടം ആയെങ്കിൽ ദിവസവും ഇങ്ങോട്ട് പോന്നേക്ക്.വയറ് നിറയെ തരാം" "സത്യം" വിടർന്ന വലിയ കണ്ണുകളിൽ ആഹ്ലാദം നിറച്ചു ചോദിച്ചു.. "സത്യം" ദത്തൻ വാക്ക് നൽകിയപ്പോൾ വല്യ സന്തോഷമായി.. പറമ്പിലെ വടക്ക് ഭാഗത്തുള്ള മൂവാണ്ടൻ മാവിൻ ചുവട്ടിലായിരുന്നു ഇരുവരും..ബാല്യം മുതലേയുളള കളിക്കൂട്ടുകാർ...ജാനിയും ദത്തനും തമ്മിലുള്ള സൗഹൃദം വളർന്നു.. വയസ് അറിയിച്ചപ്പോൾ ആരൊക്കെയൊ പറഞ്ഞു കൊടുത്തു. "വല്യ കുട്ടിയായി ആൺകുട്ടികളോട് ചങ്ങാത്തം പാടില്ലാത്രേ.." പക്ഷേ ജാനിക്ക് ദത്തനുമായുളള സൗഹൃദം ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല.. അവൻ എപ്പോഴോ അവളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു.

. "ജാനിക്കുട്ടി ഇതൊന്നും ശരിയാകില്ലാ ട്ടൊ .വീട്ടിലറിഞ്ഞാൽ ഞങ്ങൾക്കാ പ്രശ്നം.തല്ലിയോടിക്കും നാട്ടിൽ നിന്നും" "എനിക്ക് അതൊന്നും അറിയില്ല ദത്തേട്ടാ പക്ഷേങ്കി എനിക്ക് ഇഷ്ടാ ദത്തേട്ടനെ" തങ്ങളുടെ അവസ്ഥ നന്നായി ദത്തനറിയാം..അതോണ്ടാണു ചെമ്പകത്തറയിലെ കുട്ടിയെ വാല്യക്കാരന്റെ മകൻ മോഹിക്കാഞ്ഞത്...ഒടുവിൽ ജാനിക്കുട്ടിക്ക് മുമ്പിലായി ദത്തനു കീഴടങ്ങേണ്ടി വന്നു.. "ഇതൊന്നും ആരും അറിയല്ലേ ജാനിക്കുട്ടി എന്റെ തല പോകും" ഇല്ലെന്ന് ജാനി കണ്ണടച്ചു കാണിച്ചു.. അവിടെ നിന്ന് അവരുടെ പ്രണയം വളരുകയായിരുന്നു... പതുക്കെ ആരും അറിയാതെ ദത്തനും ജാനിയും തമ്മിലുള്ള പ്രണയം വളർന്നു..

അതിനിടയിലാണു ചെമ്പകത്തറയിലെ പണം അപഹരിക്കപ്പെടുന്നതും ദത്തനിൽ കുറ്റം ആരോപിക്കപ്പെട്ട് നാട് വിടണതും.. "എനിക്ക് യാത്ര ചോദിക്കാൻ ജാനിക്കുട്ടിയുള്ളൂ...എന്നെങ്കിലും ഞാൻ തിരിച്ച് വരും..എനിക്കായി കാത്തിരിക്കോ" പതിയെ ജാനിക്കുട്ടിയുടെ മിഴികൾ നിറഞ്ഞു വന്നു...ദത്തേട്ടന്റെ സ്വരം ഇപ്പോഴും കാതിൽ മുഴങ്ങണുണ്ട്.. "കാത്തിരിക്കുവാ ദത്തേട്ടാ ഇപ്പോഴും ഒരിറ്റ് വറ്റും ഒരിറ്റ് ശ്വാസവും എടുത്ത്..ഒരിക്കൽ ഒന്ന് കാണാൻ മാത്രമാ ഉയിര് ബാക്കി വെച്ചിരിക്കുന്നത്" ശ്വാസം മുട്ടിയപ്പോൾ ജാനിയൊന്ന് ഏങ്ങിപ്പോയി.... "എന്തു പറ്റിയെടോ എന്തെങ്കിലും പ്രശ്നം ഉണ്ടോ?" അടുത്തിരുന്ന ചെറുപ്പക്കാരന്റെ ആവലാതി നിറഞ്ഞ സ്വരം കാതിനരികെ...

"ഒന്നൂല്ലാ" മുഖം തിരിക്കാതെ മറുപടി നൽകിയട്ട് ഒന്ന് ചുമച്ചു... "വിൻഡോ ഷട്ടർ താഴ്ത്തിയിട്" വീണ്ടും അയാളുടെ ശബ്ദം.. ജാനിക്കുട്ടി എത്രയൊക്കെ ശ്രമിച്ചിട്ടും ഷട്ടർ താഴ്ത്താൻ കഴിഞ്ഞില്ല..ഒടുവിൽ അയാൾ തന്നെ രക്ഷക്കെത്തി.. "താങ്ക്സ്" വെറുമൊരു നന്ദി വാക്ക് ആയിരിക്കും.. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മോശമാകുമെന്ന് അറിയാം.. "ഇയാൾ എവിടെന്നാ...പാലക്കാടിനു ആദ്യമായാണോ?" ആണെന്നോ അല്ലെന്നോ മറുപടി കൊടുക്കാതെ തല കുനിച്ചിരുന്നു..ഭാഗ്യം പിന്നീട് ചോദ്യമൊന്നും ഉണ്ടായില്ല.. എന്തിനാണ് നമ്മുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞ് കയറാൻ മറ്റൊരാൾക്കിടം നൽകണത്..അങ്ങനെ കരുതിയാണ് അവഗണിച്ചതും...

ആറര ആയപ്പോഴേക്കും സൂപ്പർ ഫാസ്റ്റ് പാലക്കാട് സ്റ്റാൻഡിലെത്തി..യാത്രക്കാർ ഓരോന്നായി ഇറങ്ങി..അവസാനം ജാനിക്കുട്ടി മാത്രം അവശേഷിച്ചു.. എങ്ങോട്ട് പോകണമെന്നറിയാതെ ഒരു നിമിഷം പകച്ചിരുന്നു..ആദ്യമായാണ് ഇത്രയും ദൂരം യാത്ര ചെയ്യണത്..അതും തനിച്ചു.. "ഇറങ്ങണില്ലേ പാലക്കാട് എത്തി" കണ്ടക്ടറുടെ ശബ്ദം കേട്ടപ്പോൾ അറിയാതെയൊന്ന് ഞെട്ടി..എങ്കിലും ബാഗുമായി പുറത്തേക്കിറങ്ങി.. രാവിലെ ആയതിനാൽ അധികം തിരക്കില്ല‌.വളരെ കുറച്ചു യാത്രക്കാരെയുള്ളൂ.. ജാനിക്കുട്ടിക്ക് എങ്ങോട്ട് പോകണമെന്ന് അറിയാതെ പകച്ചു നിന്നു..യാതൊരു വഴിയും ഇല്ലാത്തതിനാലാണു പോയി രക്ഷപ്പെട്ടോളാൻ അച്ഛൻ പറഞ്ഞത്..

അവിടെ നിന്നാൽ ശിവയുമായി വിവാഹത്തിനു സമ്മതിക്കേണ്ടി വരും.. ശിവ...ഓർത്തപ്പോൾ ചർദ്ദിൽ വന്നു...ആഭാസനും പെണ്ണു പിടിയനും..അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പോലും വെറുതെ വിടാറില്ലത്രേ..മാനഹാനിയും അയാളെ ഭയന്നുമാണ് പലരും പരാതി നൽകാത്തത്.. ജാനിക്കുട്ടി ചുറ്റുമൊന്ന് കണ്ണോടിച്ചു...വെളിയിലെ തട്ടു കടയിലേക്ക് നീണ്ടപ്പോൾ കണ്ണൊന്ന് വിടർന്നു..വേഗം അങ്ങോട്ടേക്ക് നടന്നു... "സർ...സർ.. ഒരു ഹെൽപ്പ് ചെയ്യൊ.. പ്ലീസ്" ബസിൽ കൂടെയിരുന്ന് യാത്ര ചെയ്ത ചെറുപ്പക്കാരനായിരുന്നത്..അയാൾ അവളെ സൂക്ഷിച്ചു ഒന്നുനോക്കി.. "ഉം എന്തുവേണം" രാവിലത്തെ സൗമ്യഭാവം മുഖത്ത് കണ്ടില്ലായിരുന്നു.. "സർ എനിക്കിവിടെ പരിചയമില്ല..

തങ്ങാനൊരു ഷെൽട്ടർ ശരിയാക്കി തര്യോ " മടിയോടെ എന്നാൽ അപേക്ഷയോടെ ആയിരുന്നു ചോദ്യം... "രാവിലെ ഒന്ന് സംസാരിച്ചപ്പോൾ എന്തായിരുന്നു ജാഡ...മിനക്കെടുത്താതെ പോ കൊച്ചേ" അയാൾ ഗൗരവം നടിച്ചതും ജാനിക്കുട്ടി വല്ലാതായി..കാഴ്ചയിൽ ആളൊരു മാന്യനാണെന്ന് അവൾക്ക് തോന്നിയിരുന്നു.. "സർ... പ്ലീസ്..പ്ലീസ് ഹെൽപ്പ്" അയാൾ നടന്ന് നീങ്ങിയതിനു പിന്നാലെ അവളും ചെന്നു.. "ശ്ശെടാ ഇത് വല്യ കുരിശായല്ലോ" അയാൾ പിറുപിറുത്തു... "എന്റെ കൊച്ചേ ലോഡ്ജിൽ മുറി കിട്ടുവോന്ന് തിരക്ക്.എനിക്ക് വേറെ പണിയുണ്ട്" അവളെ അവഗണിച്ച് വേഗത്തിൽ നടന്നു നീങ്ങി..ജാനിയുടെ കണ്ണുകൾ നിറഞ്ഞു... "ജാനിക്കുട്ടി അയാൾ സഹായിക്കും...വിടാതെ പിന്തുടർന്നോളൂ" ഉള്ളിലിരുന്ന് ആരോ വിളിച്ചു പറയും പോലെ...അവൾ അയാൾക്ക് പിന്നാലെ ഓടി.. ആ ചെറുപ്പക്കാരൻ ബീവറേജസ് ക്യൂവിൽ അലിഞ്ഞതും ജാനിക്കുട്ടി ക്ഷമയോടെ കാത്തുനിന്നു..

അയാൾ മടങ്ങി വരുമ്പോൾ രണ്ടു മൂന്ന് ചെറുപ്പക്കാർ ജാനിക്ക് സമീപം നിന്ന് അശ്ലീല കമന്റുകൾ പാസാക്കുന്നു..അയാൾക്ക് വിറഞ്ഞു കയറി.. "ഡാ മക്കളേ ആ പ്രോപ്പർട്ടി വിട്ടു കളിക്ക് ട്ടാ.." "വിശ്വദത്ത്.' പിറുപിറുത്ത് അവർ പിന്നോക്കം മാറി...അവരുടെ മിഴികളിൽ ഭയം നിഴലിച്ചു.. " വാ കൊച്ചേ..ഇവിടെ നിന്നാൽ തന്നെ ഇവന്മാരൊക്കെ റേപ്പ് ചെയ്തു കൊല്ലും" വെട്ടി തുറന്നുളള അയാളുടെ സംസാരം അവളെ ഞെട്ടിച്ചു.. "കൊച്ച് എവിടെ നിന്നാ" "ഇടുക്കിയിൽ നിന്നാ" ",ഉം... വല്ലതും കഴിക്കുന്നോ ..ചെല്ലുന്നയിടത്ത് തിന്നാനൊന്നും കിട്ടില്ല" ജാനിക്കുട്ടിക്ക് ഒരു ചായ കുടിച്ചാൽ കൊളളാമെന്നുണ്ട്..അയാളോട് പറയാനൊരു മടി.. "വാടോ ചായ കുടിക്കാം"

അയാൾക്ക് പിന്നാലെ സമീപമുള്ള ചായക്കടയിലേക്ക് അവളും കയറി.. ചായ കുടിച്ചിട്ട് കഴിക്കാനുളള പാഴ്സലും വാങ്ങി പുറത്തേക്കിറങ്ങി... ഒരോട്ടോയിൽ കയറി അരമണിക്കൂർ യാത്ര ഉണ്ടായിരുന്നു... വാർത്ത ഒരുനില കെട്ടിടത്തിനു മുമ്പിലായി ഓട്ടോ നിന്നതും അയാദ്യം പുറത്തിറങ്ങി.. പിന്നാലെ ജാനിയും..ഓട്ടോക്കൂലി കൊടുത്തു ഓട്ടോ തിരിച്ചയച്ചു... "ഇതെന്റെ വീടാ...പുറമേ കാണുന്ന ഭംഗിയൊന്നും അകമേ കാണില്ല...നിനക്ക് എന്നെ പേടിയില്ലെങ്കിൽ രണ്ടു ദിവസം ഇവിടെ കഴിയാം..അതിനിടയിൽ എവിടെ എങ്കിലും താമസം ശരിയാക്കി തരാം" അയാൾ പറഞ്ഞതിനു തലയാട്ടി പിന്നാലെ ചെന്നു...കീ എടുത്ത് ലോക്ക് തുറന്നതും ജാനിക്കുട്ടി കണ്ടു അടുക്കും ചിട്ടയുമില്ലാതെ അലസമായി കിടക്കുന്നത്.

.അയാൾ പറഞ്ഞത് എത്ര ശരിയെന്ന് ഓർത്ത് പോയി.. "നാല് റൂമുണ്ട്...ഏതെങ്കിലും ഒന്ന് നിനക്ക് ഉപയോഗിക്കാം...അകത്തും പുറത്തും ബാത്ത് റൂം ഉണ്ട്..ഇഷ്ടമുള്ളത് യൂസ് ചെയ്യാം" "സർ..സാറിന്റെ പേരെന്താ" "പേരൊന്നും അറിഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല...നിനക്ക് വേണമെങ്കിൽ എന്നെ ദത്തനെന്ന് വിളിക്കാം" ഒരുനിമിഷം ജാനകി നടുങ്ങിപ്പിടഞ്ഞ് മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെ തുറിച്ചു നോക്കി... "ദത്തൻ... അവളുടെ ചുണ്ടുകൾ വിറച്ചതിനൊപ്പം കണ്ണും നിറഞ്ഞു.. " ദത്തേട്ടനാണോ ഇത്..." അയാളെ സൂക്ഷിച്ചു നോക്കിയെങ്കിലും പരിചയത്തിന്റെ ഒരടയാളവും കാണാൻ കഴിഞ്ഞില്ല.. "സാറിന്റെ സ്ഥലം ഇടുക്കിയിലാണോ" അറച്ചറച്ച് ആയിരുന്നു ചോദ്യം..പകരം ഒരു പൊട്ടിച്ചിരി ആയിരുന്നു..

"എന്റെ നാട് പാലക്കാട്... കൂടുതൽ സഞ്ചരിച്ചത് തൃശൂർ വരെ" അല്ലെങ്കിലും തന്റെ ദത്തേട്ടനെ തനിക്ക് തിരിച്ചറിയാൻ കഴിയും..ദത്തേട്ടനു തന്നെയും.. ദത്തന്റെ ഓർമ്മച്ചൂടിൽ കണ്ണുകൾ നിറഞ്ഞു തൂവി.... ഒന്നും മിണ്ടാതെ അടുത്തുള്ള റൂമിലേക്ക് കയറി.. മുഴുവനും പൊടിയാണ്..കുറച്ചു സമയത്തെ പിടിപ്പതു പണിയുണ്ട്... എവിടെ നിന്നോ ഒരു ചൂൽ തപ്പിയെടുത്തു റൂം അടിച്ചു വാരി...പൊടി കയറിയപ്പോഴൊന്ന് ഉറക്കെ ചുമച്ചു... ഹാളിൽ ചെന്നപ്പോൾ ദത്തനിരുന്ന് മദ്യപിക്കണത് കണ്ടു...ഒന്നും സംസാരിക്കാൻ നിന്നില്ല വെളിയിലേക്ക് ഇറങ്ങി ബാത്ത് റൂമിൽ കയറി.. വേഗം കുളിച്ചിറങ്ങി.. ചുരീദാർ ആണ് ധരിച്ചത്... കുളി കഴിഞ്ഞപ്പോൾ നല്ല വിശപ്പ്...വേഗം ഹാളിലേക്ക് കയറി...

അടിച്ചു ഫിറ്റായി നിലത്ത് കിടക്കുന്ന ദത്തനിൽ മിഴികളുടക്കി..നേരിയ ഭയം നിഴലിച്ചതും തനിക്ക് അനുവദിച്ച റൂമിൽ കയറി കതകടച്ചു.. ആഹാരം കഴിച്ചു കിടക്കയിലേക്ക് കിടന്നതും ഉറങ്ങിപ്പോയി... ജാനിക്കുട്ടി ഉണരുമ്പോൾ വൈകുന്നേരം ആയിരുന്നു.. നല്ല ക്ഷീണം ഉളളതിനാൽ ഉറങ്ങിയത് അറിഞ്ഞില്ല.. ജാനിക്കുട്ടി വരുമ്പോഴും ദത്തൻ അതേ കിടപ്പായിരുന്നു...ഇതെന്തൊരു മനുഷ്യനെന്ന് ഓർക്കാതിരുന്നില്ല..പക്ഷേ ആൾ സാധുവാണെന്നും ഉപദ്രവകാരിയല്ലെന്നും മനസ്സിലായി.. കിച്ചണിലേക്ക് വെറുതെയൊന്ന് എത്തി നോക്കി...വളരെയധികം ഭംഗിയായും വൃത്തിയായും സൂക്ഷിച്ചിരിക്കുന്നു..പക്ഷേ വീട് മാത്രം വൃത്തിയില്ലാതെ കിടക്കുന്നു..

അടുക്കളയിൽ കയറി കാപ്പിയിട്ടു കുടിച്ചശേഷം വൈകുന്നേരത്തെ അത്താഴത്തിനുളള അരി കഴുകി കലത്തിലിട്ട് ഗ്യാസ് സ്റ്റൗവിൽ വെച്ചു... "നന്ദിനിക്കുട്ടി...." ആരോ വിളിക്കും പോലൊരു ശബ്ദം... ആരെന്ന് അറിയാനായി ഓടിവന്ന് ഹാളിലേക്ക് നോക്കി..ദത്തൻ കിടന്ന് വിളിക്കുന്നതാണു.. "ആരായിരിക്കും നന്ദിനിക്കുട്ടി..." അറിയാനൊരു കൗതുകം ഉള്ളിൽ ഉറവയെടുത്തതും അവിടെമാകെ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല... ഇരുൾ വീഴും മുമ്പേ ദത്തൻ എങ്ങനെയൊക്കയോ എഴുന്നേറ്റു ബാത്ത് റൂമിൽ കയറി കുളിച്ചു...തലയിൽ തണുത്ത വെള്ളം വീണപ്പോളൊരു ഉണർവുണ്ടായി... "നീയേതാടീ..നിനക്കെന്താ ഇവിടെ കാര്യം" കുളി കഴിഞ്ഞു ഇറങ്ങിയതും ജാനിയെ കണ്ടത്...

അവൾ നിന്നു പരുങ്ങി.. "ഞാൻ.. ഞാൻ.. രാവിലെ സാറിന്റെ കൂടെ.." ദത്തനു പതിയെ ഓർമ്മ തിരിച്ചെത്തി. "ഓ.. സോറി..കള്ളിന്റെ പുറത്ത് ഞാനങ്ങ് മറന്നു...ഞാനങ്ങനാ സങ്കടം മറക്കാനങ്ങ് കുടിക്കും..പിന്നെ എല്ലാം മറന്നൊരു ഉറക്കമാ..നമുക്ക് ഒന്നും അറിയേണ്ടല്ലോ" സ്വരത്തിൽ വേദന നിഴലിച്ചു... ജാനിക്കത് മനസ്സിലായി..മറക്കാൻ ആഗ്രഹിക്കുന്നതെന്തോ അയാളുടെ ഉള്ളിൽ കിടന്ന് പുകയുന്നുണ്ടെന്ന് അവൾക്ക് തോന്നി... "അല്ല തന്റെ പേരെന്താ" "ജാനകി..." "കൊള്ളാം നല്ല പേര്.. ജാനകി രാവണന്റെയോ രാമന്റെയൊ" പറഞ്ഞിട്ട് ഭ്രാന്തനെ പോലെ ഉറക്കെ ചിരിച്ചു.. ജാനിയിലൊരു ഭീതി നിറഞ്ഞു.. "പേടിക്കുകയൊന്നും വേണ്ടാ..ചില സമയത്ത് ഞാനിങ്ങനാ.." ദത്തൻ...ഇയാളൊരു സമസ്യയാണ്...

ഉത്തരം കിട്ടാത്ത സമസ്യ...ജാനകിക്ക് തോന്നി..അയാളുടെ ഉള്ളിൽ കിടന്ന് എന്തെക്കയോ നീറിപ്പുകയുന്നുണ്ടെന്ന് വ്യക്തമാണു... "താനെന്താ നാട് വിട്ടത്" ജാനിക്കുട്ടി എല്ലാ ചുരുക്കി പറഞ്ഞു.... ഒന്നും വിട്ടൊഴിയാതെ... "അത് ശരി പത്ത് വർഷം മുമ്പ് നാട് വിട്ട് പോ യ ദത്തനായി കാത്തിരിക്കണമെങ്കിൽ അത്രയേറെ ഗാഢമായ പ്രണയം ആണല്ലോ" മറുപടി ഒരു പുഞ്ചിരിയിലൊതുക്കി... ദത്തനെന്ന അയാളെ ഭയക്കേണ്ടതില്ലെന്ന് ജാനിക്ക് മനസ്സിലായി.. പകൽ കൊഴിഞ്ഞു രാത്രി വളർന്നു... "നന്ദിനിക്കുട്ടീ...." പ്രണയത്തിന്റെ നോവ് നിറഞ്ഞ സ്വരം കാതിൽ വന്നലച്ചതും ജാനിക്കുട്ടി പിടഞ്ഞെഴുന്നേറ്റു...

പിരിയാൻ മനസ്സില്ലാത്ത മനസ്സുകളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട വിരഹത്രീവ്രതയുടെ ഈണം ജാനിയിലൊരു നോവായി മാറി... മുറിവിട്ടിറങ്ങി ഹാളിലിലൂടെ പുറത്തേക്കിറങ്ങി...ദത്തൻ വീടിന്റെ തെക്ക് ഭാഗത്തായി നിൽക്കണത് കണ്ടു.. "ദത്തേട്ടാ... പിരിയാൻ മനസ്സില്ലാത്തവളുടെ നോവ് ദത്തന്റെ കാതിലേക്ക് നോവായിറങ്ങി.. " നന്ദിനിക്കുട്ടി മരണത്തിനെ നമ്മളെ പിരിക്കാൻ കഴിയൂ..എന്റെ ഹൃദയത്തിൽ നിന്ന് അടർത്തി മാറ്റാൻ ആർക്കും കഴിയില്ല നന്ദിനിക്കുട്ടി.. സ്റ്റിൽ ലവ്വ് യൂ ഡിയർ... എന്തിനോ വേണ്ടി ജാനിയുടെ കണ്ണുകൾ നിറഞ്ഞു തൂവി... അവളുടെ ദത്തന്റെ ഓർമ്മ ശക്തമായി ഉള്ളിലേക്ക് പ്രവഹിച്ചു...

അതോടെയൊന്ന് തേങ്ങിപ്പോയി... തിരികെ വന്ന ദത്തൻ കണ്ടു തകർന്നു നിൽക്കുന്ന ജാനകിയെ ...അവളെല്ലാം കണ്ടൂന്ന് മനസ്സിലായതും നോവോടെ ചിരിച്ചു... "പന്ത്രണ്ട് വർഷത്തെ അസ്ഥിക്ക് പിടിച്ച പ്രണയമാടോ തെക്ക് ഭാഗത്തായി കിടന്ന് ഉറങ്ങുന്നത്...എന്നെ തനിച്ചാക്കി പോയവൾ..ഇപ്പോഴും വിളക്ക് കൊളുത്തി ഞങ്ങൾ പരസ്പരം കണ്ടു സംസാരിക്കാറുണ്ട്...പഴയ പ്രണയം അതേ വീര്യത്തോടെ ആസ്വദിക്കാറുണ്ട്..." തകർന്നു പോകുമായിരുന്ന ഒരു മനുഷ്യൻ ...മരണത്തിലും കാമുകിയെ കൈവിടാതെ ഗാഢമായി പ്രണയിക്കുന്നു...ഒരേ സമയം അമ്പരപ്പും അത്ഭുതവും ജാനിയുടെ മിഴികളിൽ തെളിഞ്ഞു... "മരണത്തെയും തോൽപ്പിച്ച പ്രണയം "..............................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story