സിന്ദൂരമായ്‌ ❤: ഭാഗം 10

sinthooramay

രചന: അനു

മാളു വേഗം പോയി കുളിച്ചു ... നെടുവീർപ്പോടെ കഴുത്തിലെ ശൂന്യതയേ സീമന്തരേഖയിൽ സിന്ദൂരമായ്‌ അകറ്റി... താഴെ നിരവധി വിഭവങ്ങൾ ഒരുക്കുന്ന ലക്ഷ്മി അമ്മക്ക് അരുകിലേക്ക്‌ ചെന്ന് നിന്നു.... തവി കയ്യിൽ നിന്നും വാങ്ങി ഇളക്കി... അറിഞ്ഞില്ല ഇത്ര നേരമായത്.... അമ്മ വന്നു വിളിച്ചിരുന്നോ... ഏയ്‌... വിളിക്കണ്ട എന്ന് രുദ്രൻ കുഞ്ഞ് ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.. ക്ഷീണം ഉണ്ട് ഉറങ്ങിക്കൊട്ടെന്ന്... കേട്ടത് വിശ്വസിക്കാൻ ആകാതെ കുറച്ച് നേരം അതേ നിൽപ്പ് തുടർന്നു... പറയാൻ ഉള്ള കാരണം.. അതാണ് തേടുന്നത്... എല്ലാം ഒരു സഹത്താപതിൻ പുറത്ത് ആകാം... അല്ല ഇന്ന് ഇത് കുറെ ഉണ്ടല്ലോ... വിരുന്നുക്കാര് ആരെങ്കിലും ഉണ്ടോ.... നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങൾ നോക്കി മാളു ആരാഞ്ഞു... മോള് അറിഞ്ഞില്ലേ അത്... ഞാൻ രാവിലെ കുഞ്ഞ് വിളിച്ചപ്പോൾ തന്നെയാണ് അറിഞ്ഞത്.... വരുന്നത് വിരുന്നുക്കാരൻ അല്ല വീട്ടുക്കാരൻ ആണ്.... മാളു സംശയത്തോടെ പിരികം ചുളിച്ചു... ദെ അവരെത്തി.... പുറത്ത് നിന്നും രുദ്രന്റെ ജിപ്‌സിയുടെ ശബ്ദം കേട്ടതും കൈ തുടച്ച് ലക്ഷ്മി ഉമ്മറത്തേക്ക് പാഞ്ഞു... മാളു സ്റ്റവ് ഓഫ് ചെയ്ത് കറി അടച്ച് വെച്ച് ഉമ്മറത്തേക്ക് കടക്കാതെ ഹാളിൽ തന്നെ നിന്നു.... കർട്ടൻ മാറ്റി പുറത്തേക്ക് മിഴികൾ ഊന്നി... അവളവനേ വീക്ഷിച്ചു... ജീൻസും വെള്ള ടീഷർട്ട് .. അതിനു മുകളിൽ ആയി കറുപ്പ് ഷർട്ട്.... പാറിപറക്കുന്ന തവിട്ട് നിറത്തിലുള്ള മുടിയിഴകൾ.... കാപ്പി കണ്ണുകൾ...മീശയും താടിയും എന്നെങ്കിലും ഉണ്ടാകുമെന്ന് വിളിച്ച് ഓതി കൊണ്ട് കുഞ്ഞു രോമങ്ങൾ ...

മാളു അവനെ വീണ്ടും നോക്കി... ആ നോട്ടം ചെന്ന് അവസാനിച്ചത് രുദ്രന്റെ മനം മയക്കുന്ന പുഞ്ചിരിയിൽ ആണ്... അതിൽ എല്ലാം മറന്നു അവളെ അവൻ ആവാഹിച്ചു... ലക്ഷ്മികുട്ടീ....... തോളിൽ കിടന്ന ബാഗ് നിലത്തേക്ക് ഇട്ട് അവൻ ലക്ഷ്മിയെ എടുത്ത് ഉയർത്താൻ ഒരു ശ്രമം നടത്തി..... ഡാ ചെക്കാ.. വിടടാ.... ലക്ഷ്മി കാലിൽ വരിഞ്ഞ് മുറുക്കിയ കൈകൾ തട്ടി മാറ്റി.. ഓ മാഹ്‌ൻ !!!! ഇൗ ലക്ഷ്മികുട്ടി പൊണ്ണത്തടിച്ചി ആയി ... കണ്ടില്ലേ പൊന്തുന്നില്ല... അവൻ കുറുമ്പോടെ ലക്ഷ്മിയുടെ കവിളിൽ കുത്തി... രുദ്രൻ ചിരിയോടെ കാറിൽ നിന്നും കവർ എടുത്ത് കയറി... നടക്കുന്നത് എല്ലാം കൗതുകത്തോടെ നോക്കി കാണുകയാണ് പിന്നിൽ നിന്ന് കൊണ്ട് മാളു... എനിക്കൊരു മാറ്റോം വന്നട്ടില്ല.. നീയാണെൽ ആകെ മെലിഞ്ഞ് കോലം കെട്ടു ... പോകുമ്പോൾ ഇതിലും ഭേദമായിരുന്നു... ഇതാകെ ... മുടീടെ കോലം കണ്ടില്ലേ ... കറുപ്പും ഇല്ല എണ്ണമയോം ഇല്ല... വീട്ടുജോലിക്കാരി എന്നതിൽ നിന്നും വിഭിന്നമായി സ്വന്തം പേരക്കുട്ടിയേ ശാസിക്കുന്നത് പോലെയുള്ള ലക്ഷിമിയുടെ വാക്കുകളിൽ മാളു അതിശയിച്ചു.... ആണോ ഉണ്ണിയേട്ടാ.... മുടി ചിക്കി പിടിച്ച് ചുണ്ട് പിളർത്തി കൊണ്ടവൻ രുദ്രനു നേരെ തിരിഞ്ഞു... രുദ്രൻ ചിരിയോടെ അവന്റെ തോളിൽ ചേർത്ത് പിടിച്ച് തലയിൽ കുറുമ്പോടെ തലോടി...

ലക്ഷ്മിഅമ്മ പറഞ്ഞതിലും കാര്യമുണ്ട് കുഞ്ഞുണ്ണി..... ഒരു വാട്ടം ഉണ്ട് മുഖത്ത്.... ഉണ്ണിയേട്ടൻ എന്ന വിളിയിൽ തങ്ങി നിൽക്കുകയായിരുന്നു മാളുവിന്റെ മനസ്സ് .... ഇങ്ങനെ ഒരു പേര് ഏട്ടന് ഉണ്ടായിരുന്നോ .... ഉണ്ണിയും.... കുഞ്ഞുണ്ണിയും.... അനിയൻ ആകുമോ അത് ...എന്തിരുന്നാലും ഏട്ടന്റെ ഇത്രയും വിടർന്ന മുഖം താൻ കണ്ടട്ടെയില്ല... മാളുവിന്റെ മിഴികൾ വീണ്ടും അവനിലാകെ പറന്നു വീണു... അല്ല ഇവിടത്തെ മെയിൻ ആൾ എവിടെ... എന്റെ ഏട്ടത്തി... കുഞ്ഞുണ്ണിയുടെ അങ്ങനെ ഒരു ചോദ്യം വന്നതും മാളു ഞെട്ടി.... രുദ്രന്റെ മുഖം ഇരുണ്ടു കൂടി... അവനിലെ പുഞ്ചിരിയുടെ ഉറവ വറ്റി... ആ മാറ്റം മാളു കണ്ടിരുന്നു... തന്നെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ആ മാറ്റം വന്നതെന്ന് കണ്ടപ്പോൾ നൊമ്പരം ഹൃദയത്തിൻ ഭിത്തിയിൽ ശക്തിയിൽ അടിച്ച് കൊണ്ടിരുന്നു... രുദ്രനിൽ നിന്നും വിട്ട് മാറി കൊണ്ട് അവൻ അകത്തേക്ക് കയറി... മാളുവിനേ കണ്ടതും കുഞ്ഞുണ്ണി തേടി അലഞ്ഞത് കൺമുന്നിൽ കിട്ടിയത് പോലെ പുഞ്ചിരിച്ചു... മാളുവും മനോഹരമായി തന്നെ പുഞ്ചിരിച്ചു... പിന്നിൽ രുദ്രൻ വന്ന് കനപ്പിച്ചൊന്നു നോക്കിയപ്പോൾ പുഞ്ചിരിക്ക് മങ്ങൽ ഏറ്റു.. . കുഞ്ഞുണ്ണി അവൾക്ക് അരികിലേക്ക് നടന്നു... ആരാടി നീ.... ഇൗ വീട്ടിൽ നിൽക്കാൻ നിനക്ക് ഇത്ര ധൈര്യമോ.... എന്ത് കണ്ടിട്ടാടി... ഇറങ്ങി പോക്കൊളണം... ഇൗ നിമിഷം തന്നെ... മിഴികൾ കൂർപ്പിച്ച് അവനത് പറഞ്ഞപ്പോൾ മാളുവിന്റെ നെഞ്ചകം വിങ്ങി... ചുണ്ടുകൾ വിറപൂണ്ട് മിഴികളിൽ ഉരുണ്ട് കൂടിയ കണ്ണീരിനെ അവളാൽ തടഞ്ഞ് വെക്കാൻ ശ്രമിച്ചു...

ദയനീയമായി നോട്ടം രുദ്രനിലേക്ക്‌ ആഞ്ഞു... പക്ഷേ പ്രതീക്ഷിച്ചതിലും വിപരീതമായി ആ മുഖത്തും പകപ്പും പതർച്ചയും കാണാൻ കഴിഞ്ഞു... ഇത്രേം പാവം പിടിച്ച ഏട്ടത്തിയോ.... കണ്ണുകൾ മിഴിച്ച് കൊണ്ടവൻ പറഞ്ഞ് വയറിൽ പൊത്തി പിടിച്ച് ചിരിക്കാൻ തുടങ്ങി... അവൻ ചിരിച്ചിട്ടും പറഞ്ഞത് കേട്ടിട്ട് വിറയൽ മാറാതെ നിൽക്കുകയായിരുന്നു മാളു... രുദ്രൻ നെടുവീർപ്പ് ഇട്ട് കൊണ്ട് വിരലാലെ നെറ്റി കൂട്ടി തിരുമ്മി... മാളു ഇപ്പോഴും അതേ നിൽപ്പാണെന്ന് കണ്ടപ്പോൾ അവൻ ചിരി നിർത്തി... തിരിഞ്ഞ് രുദ്രനേ നോക്കി.. ഗൗരവം നിറഞ്ഞ മുഖം കാൺകെ അവൻ നാവ് കടിച്ചു... ഞാൻ വെറുതെ ഒന്ന് പറ്റിക്കാൻ പറഞ്ഞതാ ഏട്ടത്തി... സോറി.. റിയലി സോറി.. എന്റെ ഏട്ടന്റെ കൂടെ നിൽക്കുന്ന പെണ്ണ് തന്റെടി ആകുമെന്ന ഞാൻ വിചാരിച്ചത്... ഇത്രേം പാവാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും പറയില്ലായിരുന്നു..... കുഞ്ഞുണ്ണി ക്ഷമാപണം നടത്തി... ഒന്ന് ചിരിക്കാൻ പറ ഉണ്ണിയെട്ടാ ഏട്ടത്തിയോട് ..... മാളുവിന്റെ വിഷാദം പിടിച്ച മുഖം കണ്ട് അവൻ വെപ്രാളപ്പെട്ട് പറഞ്ഞു.. അതൊന്നും കുഴപ്പമില്ല... അവളത് കാര്യാമായി ഒന്നും എടുത്തിട്ടില്ല.. നീ വന്നെ.... ആണോ ഏട്ടത്തി...സമാധാനത്തിനായി അവൻ അവളോടായി വീണ്ടും ആരാഞ്ഞു...

മാളു ഒരു നിമിഷം തോന്നിയ വികാരങ്ങൾ എല്ലാം അടക്കി വെച്ച് തലയാട്ടി... അത് കണ്ട് അവന്റെ മുഖത്തെ വാട്ടം കുറഞ്ഞു.. വീണ്ടും കുസൃതി നിറഞ്ഞു... ഞാൻ ദർഷ് .... ഏട്ടത്തിയുടെ ഒരേ ഒരു ഭർത്താവിന്റെ ഒരേ ഒരു അനിയൻ... ഇപ്പോ പ്ലസ് ടുവിന് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു... ഇല്ലാത്ത കണ്ണീർ കണ്ണിൽ നിന്നും തട്ടി കളഞ്ഞ് അവൻ നെടുവീർപ്പ് ഇട്ടു... അത് കണ്ട് മാളുവിന്റെ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു...ക്രിസ്തുമസ് ലീവ് അല്ലേ .. അതാ ഇൗ വരവ്.... പിന്നെ എന്നെ കുഞ്ഞുണ്ണി എന്നാ ഏട്ടൻ വിളിക്കാ.. .. ഏട്ടത്തിയും അങ്ങനെ വിളിച്ചാൽ മതി...ഞാൻ ഏട്ടനെ ഉണ്ണിയേട്ടൻ എന്നും.... ഏട്ടത്തി എന്താ ഏട്ടനെ വിളിക്കുന്നത്... ഡാ...... പിന്നിൽ നിന്നും അലർച്ച വന്നപ്പോൾ മാളു കിടുങ്ങി... നിക്ക് ഏട്ടാ..... അവൻ രുദ്രന് നേരെ കണ്ണിറുക്കി ... ഇൗ മോശകോടനെ കെട്ടിയ കാര്യം ഞാൻ പിന്നെ വന്ന് ചോദിക്കാട്ടോ...വിശദമായി പരിചയപ്പെടണം .. കുഞ്ഞുണ്ണി കണ്ണ് ചിമ്മി കൊണ്ട് തിരിഞ്ഞ് രുദ്രന്റെ അടുത്തേക്ക് ചെന്നു... ഇത്ര നേരം തന്നെ നോക്കി കാണിച്ച ദേഷിച്ച ഭാവം മാറ്റി ഒരു പുഞ്ചിരി എടുത്ത് അണിഞ്ഞിട്ടുണ്ട്.... അനിയൻ അത്രയും പ്രിയം ആകണം... മാളു ഓർത്തു... മുകളിലേക്ക് കയറി പോകുന്ന അവനെ മാളു ഉറ്റുനോക്കി... ഒരു പതിനേഴ്ക്കാരന്റെ കുറുമ്പുകൾ അവനിൽ ആവോളം ഉണ്ട് ...

തനിക്ക് ഒരനിയനെ കൂടി കിട്ടിയതിൽ മനം സന്തോഷം കൊണ്ട് തുടിച്ചു...ബന്ധങ്ങളുടെ എണ്ണം കൂടുന്നു... അവളൂഹിക്കാവുന്നത്തിൽ അപ്പുറം ആഴം അവളറിയാതെ തന്നെ ആ ബന്ധങ്ങൾക്ക് നൽകി... അയ്യോ ഏട്ടത്തിയുടെ പേര് എന്താണെന്ന് ചോദിച്ചില്ല... മുകളിലേക്ക് പടികൾ കയറിയ അവൻ ഇതും പറഞ്ഞ് താഴേക്ക് ഓടി വരുന്നത് കണ്ടപ്പോൾ താഴെ നിന്നും രുദ്രൻ മസിലിൽ മുറുകി കിടക്കുന്ന സ്ലീവ്സ്‌ മുകളിലേക്ക് ഉയർത്താൻ ശ്രമം നടത്തി... അത് കണ്ടതും പേടിച്ച് വന്നത്തിനേക്കാൾ സ്പീഡിൽ മുകളിലേക്ക് ഓടി... അത് കാൺകെ ലക്ഷ്മി ചിരിക്കാൻ തുടങ്ങി... ദർഷ് പോയ വഴി നോക്കി തലയനക്കി രുദ്രൻ തിരിഞ്ഞതും കണ്ടൂ ലക്ഷ്മി അമ്മക്കൊപ്പം പുഞ്ചിരിച്ച് നിൽക്കുന്ന മാളുവിനേ... മുഷ്ട്ടി ചുരുട്ടി അമർഷത്തോടെ അവൻ അവളെ തന്നെ നോക്കി നിന്നു... ആരുടെയോ നോട്ടം തന്നിലേക്ക് എത്തുന്നുണ്ടെന്ന് തോന്നിയപ്പോൾ മാളു മിഴികൾ ഉയർത്തി നോക്കി.. തറപ്പിച്ച് നോക്കുന്ന അവനെ കണ്ടതും മിഴികൾ താഴ്ത്തി .... സാരി തുമ്പ് വിരലാൽ കൊരുത്ത്... അവളുടെ അടുത്തേക്ക് വരുന്നുണ്ടെന്ന് തോന്നിയപ്പോൾ വേഗം അടുക്കളയിലേക്ക് പാഞ്ഞു... വലിഞ്ഞ് മുറുകിയ ഞരമ്പുകൾ പൂർവസ്ഥിതിയിൽ ആയി... ഉമ്മറത്തെ ചാരുകസേരയിൽ ചെന്നിരുന്നു... മിഴികൾ അടച്ചു...

ദർഷ് വന്നതിന്റെ സന്തോഷം അവന്റെ കൺപീലികളിൽ പോലും ഓടി നടന്നു... അവനിലെ ആത്മാവ് പരകായപ്രവേശനം നടത്തി.... ❇ മടിച്ച് മടിച്ചാണ് മാളു ഭക്ഷണം കഴിക്കാൻ അവനെ വിളിക്കാൻ ഉമ്മറത്തേക്ക് വന്നത്... മിഴികൾ പൂട്ടി ചാരുകസേരയിൽ ഇരിക്കുന്ന അവനരികിൽ ആയി വന്നു നിന്നു.... ആശ്രയത്തിനായി കൈകൾ ഓർമയിലാതെ മാറിലേക്ക് നീണ്ടു... താലി തന്റെ കഴുത്തിൽ ഇല്ലാ എന്ന സത്യം അവൾക്ക് ഇത് വരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല... ദുഃഖം വന്ന് മൂടി... പദവിന്യാസം കേൾക്കെ രുദ്രൻ ആയാസപ്പെട്ട് മിഴികൾ തുറന്നു .. ഓരത്തായി നിൽക്കുന്ന മാളുവിനെ കണ്ടതും ദേഷ്യം ഇരമ്പി... പിന്നെ അകത്ത് കുഞ്ഞുണ്ണി ഉള്ളതിനാൽ നാവിൻ തുമ്പിൽ വന്നു നിന്നവയെ അവനായ്‌ കടിച്ചമർത്തി... മ്മ്‌.??.. ഒന്ന് മൂളി കൊണ്ട് അവൻ കാര്യം ആരാഞ്ഞു... ഭക്ഷണം... കുഞ്ഞുണ്ണി വന്ന് ഇരുന്നു.. ഏട്ടൻ വരാൻ .... അവനോട് സംസാരിക്കുമ്പോൾ മാത്രം വാക്കുകൾക്ക് പതർച്ച.... മുറിഞ്ഞ് മുറിഞ്ഞ് വാക്കുകളിൽ നിന്നുപോലും രക്തം കിനിയുന്നു... രുദ്രൻ എഴുന്നേറ്റ് അവളെ മറികടന്നു പോയി... മാളു ശരവേഗത്തിൽ മിടിക്കുന്ന നെഞ്ച് തടവി കൊണ്ട് കണ്ണുകൾ അടച്ച് തുറന്നു... തിരികെ അടുക്കളയിൽ ചെന്ന് നിന്നു... വിളമ്പാൻ ലക്ഷ്മി അമ്മ ഉണ്ടല്ലോ .. അല്ല ഏട്ടത്തി എവിടെ....

രുദ്രൻ വന്നിരുന്നതും കുഞ്ഞുണ്ണി മാളുവിനെ തിരക്കി... ഞങൾ പിന്നെ കഴിച്ചോളാം.. നീയും നിന്റെ ഏട്ടനും ആദ്യം കഴിക്ക്‌... എന്നാലേ ചിലർക്ക് ഇറങ്ങുളൂ... ലക്ഷ്മി രുദ്രനെ നോക്കാതെ തന്നെ പറഞ്ഞു... ദർഷിന്റെ നോട്ടം അവനിലേക്ക് എത്തുമെന്ന് അറിയാവുന്നത് കൊണ്ട് ഭാവ വ്യത്യാസങ്ങൾ ഇല്ലാതെ രുദ്രൻ ഇരുന്നു... ഞാൻ ഉള്ളപ്പോ എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കണം... അങ്ങനെ അല്ലേ ലക്ഷ്മിഅമ്മേ എന്റെ അമ്മേം പറയാറ്... അവസാന വാക്കുകളിൽ അവനിൽ പതർച്ച വീണിരുന്നു... അവനിൽ നോവ് ഉണരുമ്പോൾ രുദ്രനിൽ ഉണർന്നത് പകയുടെ നേരിപ്പോട് ആയിരുന്നു... കുഞ്ഞുണ്ണി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു... അവനെ കണ്ടതും മാളു നിഷേധാർത്ഥത്തിൽ തലയാട്ടി എങ്കിലും അവൻ പിടിച്ച പിടിയാലെ അവളെ രുദ്രനരികിൽ കൊണ്ടിരുത്തി... വലിഞ്ഞ് മുറുകുന്ന അവന്റെ മുഖം കാൺകെ അവൾക്ക് ഇരുപ്പ് ഉറക്കാതെ വന്നൂ.... അവർക്കൊപ്പം ലക്ഷ്മിയും കഴിക്കാൻ ഇരുന്നു... മാളുവിന് ഒന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല.. ഓരോ വറ്റായി കഴിക്കുമ്പോഴും നോട്ടം രുദ്രനിലേക്ക്‌ ചെന്നിരുന്നു... മുഴുവൻ ആക്കാതെ അവൻ പാതി കഴിച്ച് എഴുന്നേറ്റ് പോയപ്പോൾ മാളു പിടച്ചിലോടെ എഴുന്നേറ്റു... ഏട്ടത്തി എന്തിനാ എഴുന്നേറ്റത് ...

ഏട്ടന് മതിയായി കാണും.. ഏട്ടത്തി ഇരിക്ക്‌... മാളു പുഞ്ചിരിക്കാൻ വിഫല ശ്രമം നടത്തി ... താൻ ഉള്ളത് കൊണ്ടാണ് ഉണ്ടാക്കി വെച്ചത് കഴിക്കാതെ പോയത്..... ഹൃദയം നീറി.... നീരസം തികട്ടി വന്നു കഴിക്കാൻ ആയി ഇരുന്നിട്ടും അതിന് കഴിയാതെ വന്നു... അനുസരണ ഇല്ലാതെ മിഴികൾ അവൻ പോയ വഴിയേ പാഞ്ഞു... ഏട്ടത്തിക്ക് എന്റെ ഏട്ടനെ വലിയ ഇഷ്ട്ടം ആണല്ലേ... മാളു ഞെട്ടി കൊണ്ട് കുഞ്ഞുണ്ണി പറഞ്ഞതിലേക്ക്‌ കാതോർത്തു... എന്ത് പറയണം ... അവള് അവളിലേക്ക് തന്നെ ഒന്നിറങ്ങി ... എന്തായാലും ഏട്ടന് ഏട്ടത്തിയെ നല്ല ഇഷ്ട്ടാവും... ഒടുക്കത്തെ ഇഷ്ട്ടം ഇല്ലെങ്കിൽ ഞാൻ പോലും വരാൻ നിൽക്കാതെ എടിപിടീ കല്യാണം കഴിക്കില്ലല്ലോ... അല്ലേ ലക്ഷ്മികുട്ടി... ശ്വാസം നെഞ്ചില് തന്നെ തങ്ങി നിന്നു... ഇഷ്ട്ടമോ.... ഇഷ്ട്ടം കൊണ്ടുള്ള ഒരു നോട്ടം പോലും തന്നിലേക്ക് വീഴുന്നത് കണ്ടിട്ടില്ല.... വാക്കുകളിൽ പോലും തന്നെ കീറി മുറിക്കാൻ ശക്തി ...സ്നേഹത്തോടെ അല്ല പുച്ഛത്തോടെ ഉള്ള പുഞ്ചിരി ... രണ്ട് മുഖങ്ങൾ ആയി നടക്കുന്ന മനുഷ്യൻ.... അവളുടെ ഹൃദയം മന്ത്രിച്ചു... പിന്നീട് ഉള്ള സംസാരത്തിൽ അവൻ അവളുടെ പേര് ചോദിച്ചു അറിഞ്ഞു... വീടും കുടുംബവും ചോദിച്ച് അറിഞ്ഞൂ... ഒരു വേശ്യ അല്ലെങ്കിൽ കൂടി അങ്ങനെ ഒരു വിളിപ്പേരു മാത്രം അവനോടായി പറഞ്ഞില്ല... ❇

ഭക്ഷണം കഴിച്ച് എല്ലാവരും സുഖമായി കിടന്നുറങ്ങി....... മാളുവും രുദ്രനും മറ്റെന്തോ ചിന്തകളിൽ മുഴുകി... ഇന്ന് കുടിക്കാൻ പറ്റാത്തതിന്റെ അമർഷം പുകച്ച് തീർക്കുന്നുണ്ട്.... മുറിയിലേക്ക് ചെല്ലാതെ മാളു അടുക്കളയിൽ തന്നെ കഴിച്ച് കൂട്ടി.... കുഞ്ഞുണ്ണി വന്നതിന്റെ മാറ്റം വീടിനും പുൽനാമ്പിന് പോലും ഉണ്ട്.... ഇത്രനാളും നിശ്ശബ്ദത തളം കെട്ടി നിന്നിരുന്ന സ്ഥലത്ത് ബഹളം... സന്ധ്യ കഴിഞ്ഞ് രുദ്രൻ അവനെയും കൂട്ടി പുറത്ത് പോയി... മാളുവിനേ കൂട്ടാൻ അവൻ നിർബന്ധിച്ചു... പക്ഷേ രുദ്രൻ ആ സാഹചര്യം ഒഴിവാക്കി.... രാത്രി ഭക്ഷണം കഴിച്ചിട്ട് ആണ് രണ്ടാളും മടങ്ങി എത്തിയത്... കാത്ത് നിൽക്കണ്ട പറഞ്ഞത് കൊണ്ട് ലക്ഷ്മിക്കൊപ്പം മാളുവും പേരിന് കഴിച്ചു... രാത്രി ഏറെ ഇരുട്ടി... ഉമ്മറത്ത് ഇരുന്നു അനിയനും ചേട്ടനും ഇപ്പോഴും സംസാരത്തിൽ ആണ്... മാളു അകത്താണ് എങ്കിലും കാതോർത്ത് ഇരുന്നു... ഉത്സാഹത്തോടെ സംസാരിക്കുന്ന അവളുടെ വാമഭാഗത്തെ അറിയാൻ...ആസ്വദിക്കാൻ.... മഴ പൊടിഞ്ഞ് തുടങ്ങിയപ്പോൾ കുഞ്ഞുണ്ണി നിശബ്ദനായി ... അകത്ത് ചെന്ന് മാളുവിനേയും ലക്ഷ്മിയെയും ഉമ്മറത്ത് കൊണ്ട് നിർത്തി... ഇപ്പോ വരാമെന്ന് പറഞ്ഞ് അകത്തേക്ക് ഓടി... കിടക്കുന്ന രുദ്രൻ അവർ വന്നതും എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി...

ഇൗ നേരം കുഞ്ഞുണ്ണി പിന്നിലേക്ക് കൈകൾ കെട്ടി എന്തോ ഒളിപ്പിച്ച് കൊണ്ട് ഉമ്മറത്തേക്ക് വന്നു... ഒരു സൂത്രം ഉണ്ട് ഏട്ടത്തി.... ലക്ഷ്മി അമ്മേ മിണ്ടല്ലെ.... കാര്യം മനസ്സിലായതും പുഞ്ചിരി വിടർത്തിയ ലക്ഷ്മിയോടായി അവൻ പറഞ്ഞു... ഇപ്പോഴും കാര്യം പിടി കിട്ടാത്ത മാളു ഇരുവരെയും മാറി മാറി നോക്കി... കണ്ണടക്ക് ഏട്ടത്തി... അവൻ സ്വരം താഴ്ത്തി പറഞ്ഞു... മാളു പകച്ചെങ്കിലും ലക്ഷ്മി ചെയ്തോളാൻ മിഴികളാൽ പറഞ്ഞപ്പോൾ മാളു കണ്ണടച്ചു... അവൻ പോയി രുദ്രനേ തട്ടി വിളിച്ചു... കയ്യിൽ കരുതിയ പുല്ലാങ്കുഴൽ അവന് നേരെ നീട്ടി.... നിരസിച്ച രുദ്രന്റെ കയ്യും കാലും പിടിച്ച് ഒരു വിധം അവൻ സമ്മതിപ്പിച്ചു... അമ്മക്കായി പഠിച്ചതാണ് പുല്ലാങ്കുഴൽ ... അത് മാളുവിന് വേണ്ടി ഇന്ന് ഊതുവാൻ അവന്റെ മനസ്സ് വിരോധം പ്രകടിപ്പിച്ചു... പക്ഷേ അനിയനെ വിഷമിപ്പിക്കാൻ ആവില്ല... അവൻ പുല്ലാങ്കുഴൽ ചുണ്ടോടു അടുപ്പിച്ച്.... *കാർവർണ്ണൻതൻ ഞാൻ മൂളുന്ന വേണു നാദത്തിൽ തളിരിലകൾ പോലും അലിഞ്ഞ് ചേരുന്നു ... ആ പുല്ലാങ്കുഴൽ നാദത്തിനായി ഇന്നീ ഭൂമിക്ക് ഒപ്പം അവളും കാത്തിരിപ്പാണ്... അഗാധമായ കാത്തിരിപ്പ്....* .........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story