സിന്ദൂരമായ്‌ ❤: ഭാഗം 11

sinthooramay

രചന: അനു

കണ്ണടക്ക് ഏട്ടത്തി... അവൻ സ്വരം താഴ്ത്തി പറഞ്ഞു... മാളു പകച്ചെങ്കിലും ലക്ഷ്മി ചെയ്തോളാൻ മിഴികളാൽ പറഞ്ഞപ്പോൾ മാളു കണ്ണടച്ചു... അവൻ പോയി രുദ്രനേ തട്ടി വിളിച്ചു... കയ്യിൽ കരുതിയ പുല്ലാങ്കുഴൽ അവന് നേരെ നീട്ടി.... നിരസിച്ച രുദ്രന്റെ കയ്യും കാലും പിടിച്ച് ഒരു വിധം അവൻ സമ്മതിപ്പിച്ചു... അമ്മക്കായി പഠിച്ചതാണ് പുല്ലാങ്കുഴൽ ... അത് മാളുവിന് വേണ്ടി ഇന്ന് ഊതുവാൻ അവന്റെ മനസ്സ് വിരോധം പ്രകടിപ്പിച്ചു... പക്ഷേ അനിയനെ വിഷമിപ്പിക്കാൻ ആവില്ല... അവൻ പുല്ലാങ്കുഴൽ ചുണ്ടോടു അടുപ്പിച്ചു... *കാർവർണ്ണൻതൻ ഞാൻ മൂളുന്ന വേണു നാദത്തിൽ തളിരിലകൾ പോലും അലിഞ്ഞ് ചേരുന്നു ... ആ പുല്ലാങ്കുഴൽ നാദത്തിനായി ഇന്നീ ഭൂമിക്ക് ഒപ്പം അവളും കാത്തിരിപ്പാണ്... അഗാധമായ കാത്തിരിപ്പ്...* രുദ്രന്റെ മിഴികൾ കൂമ്പി അടഞ്ഞു... പുല്ലാങ്കുഴലിൽ നിന്നും അതിമനോഹരമായ ധ്വനി പുറത്തേക്ക് വരുവാൻ തുടങ്ങി... മിഴികൾ അടച്ച് കാത്തിരിക്കുകയായിരുന്ന മാളുവിന്റെ മിഴികൾ ആ ധ്വനിയിലൂടെ തുറന്നു... ഒരു പകപ്പോടെ... അതിലേറെ സന്തോഷത്തോടെ... മറ്റെല്ലാം മറന്ന് മാളു ആ നാദത്തിൽ ലയിച്ച് പോയി... വിഷാദവും കുഞ്ഞു വേദനകളും എല്ലാം എങ്ങോ പോയി മറഞ്ഞു...

ചാറ്റൽ മഴയിൽ നനഞ്ഞ പൂക്കളും ഇലകളും ആ നാദത്തിൽ മതി മറന്ന് ആടുന്നതായി അവൾക്ക് തോന്നി... മിഴി കോണിൽ നിന്നും ആനന്ദആശ്രു പയ്യെ തിളങ്ങി... അവളാ മന്ത്രധ്വനിയെ ഇടനെഞ്ചിൽ ആയി ഇഴചേർത്ത്‌ വെച്ചു...... ലക്ഷ്മിയും കുഞ്ഞുണ്ണിയും മാളുവിനെ പോലെ അതിൽ മതിമറന്ന് ഇരുന്നു.. അത്രയും മധുരം ആയിരുന്നു ... മഴയുടെ മിഴി അഴകിൽ അവനാൽ തീർത്ത പുല്ലാങ്കുഴൽ നാദത്തിൻ അഴക് അനശ്വരമായിരുന്നു.. ആ ഹരിത മധുര രാത്രിയിൽ വീണുടഞ്ഞ പൊൻ വേണു മുരളി ആസ്വദിക്കാൻ മഴ നനഞ്ഞ് മാട പ്രാവുകളും കൂട്ട് വന്നു... അവ ചിറകിലെ മഴത്തുള്ളികൾ കുടഞ്ഞ് കൊണ്ട് അവിടമാകെ തത്തി രസിച്ചു.. കുഞ്ഞുണ്ണി ലക്ഷ്മിയെ പിടിച്ച് വലിച്ച് അകത്തേക്ക് കയറി പോയി... എന്തെടാ ചെക്കാ.... ലക്ഷ്മിക്ക് ആസ്വാദനത്തിൽ തടസ്സം നേരിട്ടതിന്റെ നീരസം കാട്ടി... ശ്ശൂ.... കുഞ്ഞുണ്ണി മിണ്ടാതിരിക്കാൻ കാണിച്ച് കൊണ്ട് പുറത്തേക്ക് വിരൽ ചൂണ്ടി.. മാളു നടന്നു നടന്നു രുദ്രന്റെ അരികിൽ ആയി ചെന്ന് നിൽക്കുന്നു .. നമ്മുക്ക് അവരെ ഒറ്റക്ക് വിടാം... കുഞ്ഞുണ്ണി അത് പറഞ്ഞപ്പോൾ ലക്ഷ്മിക്കും അത് ശരിയാണെന്ന് തോന്നി... പുല്ലാങ്കുഴൽ മീട്ടി അവസാനിക്കുമ്പോൾ രുദ്രന്റെ മിഴികൾ നിറഞ്ഞിരുന്നു... ചുവന്നു രക്ത വർണ്ണമായിരുന്നു.. അമ്മയുടെ ഓർമകൾ അവനെ പിണച്ചു വെച്ചു...

പയ്യെ മിഴികൾ തുറക്കുമ്പോൾ അവനെ തന്നെ നോക്കി നിൽക്കുന്ന മാളുവിനെ ആണ് കണ്ടത്... ഇൗ വേളയിൽ അവളുടെ മുഖത്ത് വ്യസനമില്ല .... തളർച്ചയില്ല... ചൊഞ്ചൊടിയിൽ പുഞ്ചിരി മാത്രം... മിഴികളിൽ കുറുകൽ മാത്രം... രുദ്രൻ അവളെ കണ്ണുരുട്ടി നോക്കി... മാളൂ ഇതൊന്നും അറിയാതെ കുറച്ച് മുൻപ് തീർത്ത ആ മനോഹര നിമിഷത്തിൽ ജീവിക്കുകയായിരുന്നു... തിരിച്ച് വരാൻ കഴിയാത്ത വിധം കൂട്ടിൽ അകപ്പെട്ട് പോയത് പോലെ... ഓർമ്മകൾ ഇപ്പോഴും അവനിൽ താപം കുറയാതെ നിൽക്കുന്നത് കണ്ട് അവളുടെ പുഞ്ചിരി ഒന്നും അവനിൽ ഏശിയില്ല എന്ത് കാണാൻ നോക്കി നിൽക്കുവാടി ... നാശം പിടിച്ചത്... രുദ്രൻ അലറി അവളെ ത തട്ടി മാറ്റി അകത്തേക്ക് കയറി പോയി... അവന്റെ അലർച്ചയിൽ മാളുവിനൊപ്പം താഴെ തത്തി നടന്നിരുന്ന മാട പ്രാവുകളും ഭയന്നു... ഞൊടിയിടയിൽ അവ ചിറകടിച്ചു പറന്നു പോയി... മാളുവിന്റെ മുഖം വാടി... കനവുകളിലെ പരിഭവം കവിളിലേക്ക്‌ അരിച്ചിറങ്ങി... അവനിലെ അവഗണന ആത്മാവിൽ അഗാധമായി മുറിവേൽപ്പിക്കുന്നു... തളിർത്ത് നിന്നൊരിലക്ക്‌ വാട്ടം സംഭവിക്കും... അവ കൊഴിഞ്ഞ് പോകുന്നതിൽ വിലപ്പിക്കുവാൻ ശ്രമിക്കരുത്...

അടരുന്നതിനും നിലം പതിക്കുന്നതിനുമിടയിൽ ഉള്ള ഞൊടി നേരംകൊണ്ട് അവയൊരു പറവയുടെ ജീവിതം ജീവിച്ച് തീർക്കുന്നുണ്ട്... തനിക്കും അങ്ങനെ ലഭിക്കുന്ന കുഞ്ഞു കുഞ്ഞ് നിമിഷ നേരം മതിയെട്ടാ... അത് മാത്രം എങ്കിലും തന്നൂടെ... അവഗണിച്ച് തീർക്കാൻ ആയിരുന്നെങ്കിൽ എന്തിനാ എന്നെ കൂടെ കൂട്ടിയത്... സ്വപ്നങ്ങൾ ഏതുമില്ലാതെ ജീവിച്ച് തീർത്തേർന്നു ഇൗ ജീവിതം... പക്ഷേ ഇപ്പോ താൻ എന്തൊക്കയോ എന്തിനോക്കെയോ വേണ്ടി മോഹിച്ച് പോകുന്നു... ആ മോഹങ്ങൾ തന്നെ നോക്കി കളിയാക്കുന്നു... നീറ്റം തരുന്നു.... അവൻ പോയ വഴിയേ നോക്കി അവളിലെ നൊമ്പരം വിലോലമായി... തിരികെ മുറിയിൽ എത്തുമ്പോൾ രുദ്രൻ കിടന്നിരുന്നു... ബെഡിനെ പൂർണമായും കൈവശപ്പെടുത്തി കമഴ്ന്നു കിടക്കുന്ന രുദ്രനോട് അവൾക്ക് നീരസം തോന്നിയില്ല ... കതക് അടച്ചു മുറിയെ ഇരുട്ടാക്കി... പുറത്തെ മഴയുടെ കുളിരും കൂടാതെ മുറിയിലെ എസിയുടെ തണുപ്പ് അവൾക്ക് അസഹ്യമായി തോന്നി... പുതക്കാതെ കിടക്കുന്ന രുദ്രനെ നോക്കി... എഴുന്നേറ്റ് നീക്കി ഇട്ടിരുന്ന പുതപ്പ് എടുത്ത് അവനെ പുതപ്പിച്ചു... താഴെ കട്ടിലിനു ഓരത്തായി ഇരുപ്പുറപ്പിച്ചു... കാലുകൾ സാരിക്കിടയിലേക്ക്‌ ഒളിപ്പിച്ചു ... മുട്ടിൽ തല ചായ്ച്ചു .... നിദ്ര പുൽകാൻ അവളെ കൊണ്ട് സാധിച്ചില്ല... അടിവയറ്റിൽ താങ്ങാൻ ആവുന്നതിൽ അപ്പുറം വേദന.... സംശയം തോന്നി എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി... അടിവയറ്റിൽ വിപ്ലവം ഉണ്ടായിരിക്കുന്നു....

രക്ത തുള്ളികൾ ചുവപ്പാൽ വസന്തം തീർത്തിരിക്കുന്നു.... മാളു ശ്വാസം നീട്ടി എടുത്തു... മാറ്റിയതിനു ശേഷം തിരികെ ഇറങ്ങി... വേദന കൊണ്ട് ഒരടി നടക്കാൻ കഴിയാത്ത അവസ്ഥ... മാളു പുളഞ്ഞു കൊണ്ട് പതിയെ ചെന്നിരുന്നു... വയറു വേദനക്ക് പുറമെ നടുവിന് കടച്ചിലും വേദനയും അനുഭവപ്പെട്ടു... ഒന്ന് നിവർന്നു കിടക്കാൻ അവളാശിച്ചു... കൂട്ടി തിരുമ്മിയിട്ടും അവളിലേക്ക് പടർന്നു കയറുന്ന തണുപ്പിനെ അതിജീവിക്കാൻ അവൾക്ക് കഴിയാതെ വന്നൂ.... വേദന കാർന്നു തിന്നുവാൻ തുടങ്ങി... വേദന അടക്കി പിടിക്കുവാൻ ചുണ്ട് കടിച്ചു പിടിച്ചു... പല്ലുകൾ ഇളം ചുണ്ടിൽ ആഴ്‌നിറങ്ങി ... മുറിവേറ്റ് ചോര പൊടിഞ്ഞു... മാളു നിരങ്ങി രുദ്രന്റെ മുഖം കിടക്കുന്നിടത്തേക്ക്‌ ചെന്നു... ഭീതിയോടെ ആണെങ്കിലും അവന്റെ തോളിൽ തട്ടി... ഒരുപാട് തവണ വിളിച്ച് നോക്കി... കേട്ടിട്ടും രുദ്രൻ മനപ്പൂർവം അവളുടെ വിളികളെ നിരസിച്ചു ... ശേഷം നിശ്ശബ്ദത തളം കെട്ടി... രുദ്രന് ആ നിശ്ശബ്ദത അവനിൽ ആർത്തലച്ച് മുഴങ്ങി... മിഴികൾ വലിച്ച് തുറന്നു...ചുറ്റും നോക്കി.... ഒരു വേള അവളുടെ വിളികൾ തന്റെ തോന്നൽ ആകുമോ... പുതപ്പ് മാറ്റി കാൽ നിലത്തേക്ക് വെച്ചു... കാൽ തറയിൽ അല്ല അമർന്നിരിക്കുന്നത്... മറ്റെന്തിലോ ആണെന്ന് മനസ്സിലായതും രുദ്രൻ ഞെട്ടി പിന്നിലേക്ക് ആഞ്ഞു... രുദ്രൻ ടേബിൾ ലാപ് ഇട്ടു...

വെളിച്ചം പരന്നതും താഴെ തളർന്ന് കിടക്കുന്ന മാളുവിനെ കണ്ടൂ... ശവം.... വിളിച്ച് മനുഷ്യന്റെ ഉറക്കം കെടുത്തിയിട്ട്‌ സുഖമായി ഉറങ്ങുന്നത് കണ്ടില്ലേ... മറിഞ്ഞ് കിടക്കുന്ന അവളെ നോക്കി പല്ലിറുമ്മി... ദേഷ്യം തോന്നി അവൻ അവളെ വീണ്ടും നോക്കി... എന്തോ അവളുടെ കിടപ്പിൽ അവന് പന്തികേട് തോന്നി... അവൻ അവൾക്ക് അരികിലേക്ക് ചെന്നിരുന്നു... കരഞ്ഞ് കണ്ണീർതലം വീർത്തിട്ടുണ്ട്... മനസ്സ് ഒന്ന് പിടഞ്ഞു... ഒരു തിരശ്ശീല പോലെ അവന്റെ അമ്മയുടെ മുഖം ഒരുവേള കടന്നു പോയി... മാളവിക..... ഇടറി വീണ വാക്കുകളിൽ അവൾ ഞരങ്ങി... അവളുടെ തല അവന്റെ മടിത്തട്ടിൽ കിടത്തി മാളു കരഞ്ഞ് കൊണ്ട് വയറ് തൊട്ട് കാണിച്ചു... വേദനിക്കുന്നുണ്ടോ... മാളു മിഴികൾ ഇറുകെ പൂട്ടി.... അവളുടെ കിതപ്പോടെ എടുക്കുന്ന ശ്വാസം അവന്റെ ഇടനെഞ്ചിൽ വീഴുന്ന ചുട് ശ്വാസമായി മാറി... കൈകളിൽ കോരി എടുത്ത് രുദ്രൻ മാളുവിനേ ബെഡിൽ കിടത്തി... വേദന കൊണ്ട് കാലിട്ട്‌ അടിക്കുന്ന മാളുവിന്റെ കാലുകളിൽ അവൻ പിടുത്തമിട്ടു... കാലിനടിയിൽ ഉരസി ചൂട് പകർന്നു... സാരി മാറ്റി അവളുടെ അണിവയറിലേക്ക് കൈകൾ അയഞ്ഞു...

അവന്റെ ഉള്ളം കയ്യിന്റെ ചൂടെറ്റതും മാളു പൊള്ളി പിടഞ്ഞു... മാറും... പെട്ടെന്ന് മാറും.... നീ കരയാതെ... മാളുവിന്റെ മുഖത്ത് തട്ടി കൊണ്ടവൻ പറഞ്ഞ് എഴുന്നേറ്റു... എന്ത് ചെയ്യണം എന്നറിയാതെ കൈകൾ മുറുക്കി... ഇപ്പോ വരാം.... രുദ്രൻ മുറിയിൽ നിന്നും പോയി... മാളുവിന്റെ ശരീരം ആ തണുപ്പിലും വെട്ടി വിയർത്തു...ശരീരത്തിന് ഒരു തൂവൽ ഭാരത്തിലേക്ക്‌ വഴി മാറുന്നത് പോലെ അവൾക്ക് തോന്നി... കൈകൾ പിണച്ചു പിടിച്ച് മാളു കിടന്നു... കുറച്ച് കഴിഞ്ഞതും ഒരു ഗ്ലാസ്സിൽ വെള്ളവുമായി രുദ്രൻ ഓടി വന്നൂ .... എസി ഓഫ് ആക്കി... എഴുന്നേൽപ്പിച്ച് ഹെഡ് ബോർഡിലേക്ക് തല കയറ്റി വെച്ച് കൊടുത്തു... നടുവിന് താങ്ങായി പില്ലോകൾ ചേർത്ത് വെച്ചു...ചൂട് വെള്ളം അവൾക്ക് കുടിക്കാൻ ആയി കൊടുത്തു.... മാളു കുടിക്കാൻ തുടങ്ങിയതിനു ശേഷമാണ് അവ തന്ന ഉടമയെ ശ്രദ്ധിച്ചത്... ആ പകപ്പോടേ കുടിക്കുന്നത് നിർത്തി അവനെ നോക്കി ഇരുന്നു... നോക്കി ഇരിക്കാതെ അത് കുടിച്ച് തീർക്കടി.... രുദ്രൻ അലറി.... മാളു വേഗം നോട്ടം പിൻവലിച്ച് വെള്ളം മുഴുവൻ കുടിച്ച് തീർത്തു... ഇപ്പോ കുറവ് ഉണ്ടോ....

ആശങ്ക പ്രകടിപ്പിച്ചു രുദ്രൻ ചോദിക്കുന്നത് അവളുടെ ഹൃദയത്തില് തന്നെ തറച്ചു... പുഞ്ചിരിയോടെ തലയാട്ടി.... ഏട്ടൻ... എനിക്കായ്... ഞാൻ... ഞാനോ... ഞാൻ നിനക്കായ് ഒന്നും ചെയ്തിട്ടില്ല.... എന്റെ ഉറക്കം കെടുത്തും വിധം വിളിച്ച് ...സമാധാനം കെടുത്താൻ... ഞാൻ എന്റെ ആവശ്യത്തിന് ആയിട്ടാണ് ഇതൊക്കെ ചെയ്തത്... അതിന് നീ തെറ്റിദ്ധരിക്കണ്ട ..... അവന്റെ ജാള്യത അവനിലെ ന്യായങ്ങൾ കൊണ്ട് മറച്ചു... മ്മ്‌ കിടന്നോ.... എന്തെ ഇവിടെ കിടന്നാൽ നിനക്ക് ഉറക്കം വരില്ലേ... താഴേക്ക് മിഴികൾ നീളുന്നത് കണ്ടപ്പോഴേ രുദ്രൻ ശാസന മുഴക്കി... മാളു അനുസരണയോടെ തലയാട്ടി കൊണ്ട് കിടന്നു.... അവൻ അവളെ പുതപ്പിച്ച് കൊടുത്തു.... മിഴികളിൽ ഉറക്കം പിടിക്കാൻ ആയി പയ്യനെ തട്ടി കൊടുത്തു... രുദ്രൻ പിന്നീട് കിടക്കാൻ നിന്നില്ല... ഒരു സിഗരറ്റും വലിച്ച് ബാൽക്കണിയിൽ പോയി നിന്നു.... ചെറുതായി പൊടിയുന്ന മഴ അവന്റെ ദേഹത്ത് വന്ന് വീണു... കൈ തണ്ടയിൽ വീണ തുള്ളിക്ക്‌ മുകളിൽ ആയി എരിയുന്ന സിഗരറ്റ് അവൻ കുത്തി അമർത്തി... ❇ പിറ്റേന്ന് ആവുമ്പോഴേക്കും മാളുവിന് നേരിയ ആശ്വാസം വീണിരുന്നു... മുറിയിൽ ഒന്നും രുദ്രനെ കണ്ടില്ല... ബാൽക്കണിയിൽ ചെന്ന് നിന്ന് താഴേക്ക് നോക്കി... ജിപ്സി കാര് ഷെഡിൽ ഇല്ല... ഇത്ര നേരത്തെ ഏട്ടൻ ഇതെങ്ങ് പോയി......

മാളു ശങ്കിച്ചു... അടിവയർ കൊളുത്തി വലിച്ചപ്പോൾ ഇന്നലെ അവന്റെ കരുതലിന്റെ ചൂട് അവൾക്ക് ഓർമ്മ വന്നു... അത്ര ക്രൂരൻ അല്ല.... പക്ഷേ ഇൗ ദേഷ്യം എന്തിനാകും...പൊരുത്തപ്പെട്ട് പോകാൻ കഴിയുന്നുണ്ടാവില്ല... ഉള്ളിൽ ഉറപ്പായായും ഏതോ ഒരു കോണിൽ നിക്കായുള്ള സ്നേഹം ഉണ്ട്... അത് പുറത്ത് വരാത്തതാ... മാളു അവളുടെ ആത്മാവിനോട് ആയി മന്ത്രിച്ചു... കുളിച്ച് ശുദ്ധി വരുത്തി അടുക്കളയിൽ കയറി.. ലക്ഷ്മി അമ്മയിൽ നിന്നും കുഞ്ഞുണ്ണിക്ക് ഇഷ്ട്ടപെട്ട വിഭവങ്ങൾ അറിഞ്ഞെടുത്ത് ഉണ്ടാക്കി.. കുഞ്ഞുണ്ണിയോട്‌ പറഞ്ഞ് രുദ്രനേ വിളിച്ച് നോക്കി എങ്കിലും ഫോൺ സ്വിച്ചെഡ് ഓഫ് ആയിരുന്നു... രുദ്രനെ കാണാത്തത് കൊണ്ട് മാളു ഭക്ഷണം കഴിച്ചില്ല.... എന്നിരുന്നാലും കുഞ്ഞുണ്ണിയേ അവൾ വേണ്ടത് പോലെ സത്‌കരിച്ചു... അപ്പോ ഏട്ടത്തിക്ക്‌ എന്റെ ഏട്ടനെ ഒരു മുൻപരിചയവുമില്ലെ... കഴിക്കുന്നതിന്റെ ഇടയിൽ ദർഷ് അൽഭുതത്തോടെ ചോദിച്ചു... മാളു മറുപടി ആയി നിഷേധാർത്ഥത്തിൽ തലയാട്ടി.... അപ്പോ ഏട്ടന് കണ്ട് ഇഷ്ട്ടായത് ആവും ... അല്ലേ ...

മാളു ആർദ്രമായി പുഞ്ചിരി പൊഴിച്ചു... എന്നാലും ഏട്ടൻ ഒരു പെണ്ണിനെ ഇഷ്ടപ്പെടണം എങ്കിൽ അത് ഏട്ടത്തിയുടെ കഴിവ് തന്നെയാണ്... ഞാൻ തന്നെ വല്ല പെൺകുട്ടിയുടെ കാര്യം പറഞ്ഞോണ്ട് ചെന്നാ ഓടിക്കും... ആഹാ... മാളു താടിക്ക് കൈ കൊടുത്ത് അവനെ നോക്കി... പിന്നല്ലാതെ... ഞാനും കൊറച്ചോക്കെ ഉണ്ണിയേട്ടനെ പോലെ ആട്ടോ... എനിക്കും ഇൗ പെൺപിള്ളേരേ ഒട്ടും ഇഷ്ടമല്ല.... ആരേംം..... മാളു ഉറപ്പ് വരുത്താൻ ആയി കുസൃതിടോടെ ചോദിച്ചു... ഹിഹി അങ്ങനെ അല്ല... ഒരു കുട്ടിയെ ഇഷ്ടമായിരുന്നു .. ഒത്തിരി ഇഷ്ട്ടം.. നിത്യ... നല്ല കുട്ടിയാ... പാവം പിടിച്ചത്... കാണാനും നല്ല ലുക്കാ... അവള് എട്ടിൽ ... ഞാൻ പ്ലസ് വണിൽ... ഇഷ്ട്ടം ഒക്കെയാണെന്ന് രണ്ടാളും പറഞ്ഞൂ... രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ അവളുടെ അമ്മ അങ്ങനെ പറഞ്ഞൂ... അമ്മായി ഇങ്ങനെ പറഞ്ഞൂ... ലവ് ഒന്നും ശേരിയല്ല. നമ്മുക്ക് നിർത്താമെന്ന്... എന്നിട്ട് നീ എന്ത് പറഞ്ഞൂ... ഞാൻ എന്ത് പറയാൻ പോക്കൊളാൻ പറഞ്ഞു.... അവൻ കൂസലും കൂടാതെ കണ്ണിറുക്കി കാണിച്ചു അപ്പോ നീ അല്ലേ തുടക്കം പറഞ്ഞെ ഒത്തിരി ഇഷ്ടമാണ് എന്ന്.. ഇഷ്ട്ടം ഒക്കെ തന്നെ... അവള് പോയെന് ശേഷം ഒരു ആഴ്ച തുടർച്ച ആയി മോങ്ങി... പിന്നെ പൊക്കോളാൻ പറഞ്ഞത് അവൾക്ക് വലിയ മെച്ചുരിട്ടി ഒന്നും ഇല്ലല്ലോ ... ആദ്യം അത് വരട്ടെ ...

ഒരു വർഷം ഒക്കെ കഴിഞ്ഞിട്ട് ആണ് അവളു ഞാൻ നിർത്തട്ടെ എന്ന് വന്ന് പറഞ്ഞിരുന്നെങ്കിലോ ഏട്ടത്തി... മോങ്ങലിൽ ഒന്നും ഒതുങ്ങില്ല എന്റെ വിഷമം.. കുറച്ച് കഴിഞ്ഞാൽ അവൾക്ക് മെച്ചുരിട്ടി വരും... എന്നിട്ട് ഞാൻ വീണ്ടും പോയി വളക്കും... ഏട്ടത്തി വേണം എന്റെം അവളുടെം കല്യാണം നടത്തി തരാൻ... പിന്നെ ഇതൊന്നും ഇപ്പോ ഏട്ടനോട് പറയല്ലേ... എനിക്ക് വയ്യ ചീത്ത കേൾക്കാൻ... കഴിച്ച് തീർത്ത്തിന്റെയും വയറു നിറച്ചതിന്റെയും സംതൃപ്തിയോടെ കുഞ്ഞുണ്ണി ഏമ്പക്കം വിട്ടു... മാളു ഇപ്പോഴും അവനെ മിഴിച്ച് നോക്കുകയായിരുന്നു ... പക്വത നിറഞ്ഞ ആ ബാലനെ എവിടെ കാണാൻ കിട്ടും... എന്റെ മോളെ മോൾ ഇങ്ങനെ മിഴിച്ച് നോക്കിയിട്ട് ഒന്നും കാര്യമില്ല... ഇവരുടെ അച്ഛൻ ഒട്ടും മോശം അല്ലായിരുന്നു... അച്ഛന്റെ സ്വഭാവം മക്കൾ കാട്ടാതെ ഇരിക്കോ.... ലക്ഷ്മി മാളുവിന്റെ തോളിൽ കൈ വെച്ച് പറഞ്ഞു... കുഞ്ഞുണ്ണി അത് കേട്ട് ഇളിഞ്ഞു... ഏട്ടത്തിക്ക് പറഞ്ഞ് കൊടുക്ക് ലക്ഷ്മികുട്ടീ എന്റെ അച്ഛന്റെം അമ്മെടേം ലവ് സ്റ്റോറി... കുഞ്ഞുണ്ണി കൈ കഴുകി മാളുവിന്റെ അരികിൽ വന്നിരുന്നു മാളു അവരുടെ കഥ കേൾക്കാൻ ആയി കാതോർത്തു.........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story