സിന്ദൂരമായ്‌ ❤: ഭാഗം 20

sinthooramay

രചന: അനു

ഏട്ടാ......... പതർച്ചയോടെ വാതിക്കലിൽ നിന്നും കുഞ്ഞുണ്ണിയുടെ സ്വരം പൊങ്ങി... തൊട്ട് പിന്നിൽ കാഴ്ച്ച കണ്ട് കയ്യിൽ കരുതിയ സഞ്ചി ലക്ഷ്മിയുടെ കയ്യിൽ നിന്നും താഴേക്ക് വീണു.. അതിൽ നിന്നും പച്ചക്കറികൾ ചിതറി മാറി.... കൊന്നു കളഞ്ഞു ഇൗ നീചനെ ഞാൻ.... കൊന്നു..... രുദ്രന്റെ അധരം പുലമ്പി.... കുഞ്ഞുണ്ണിക്ക് ഒന്നും മനസിലായില്ല... അരികിലേക്ക് നടക്കുംതോറും ശരീരമാകെ ഒരു തരം മരവിപ്പ്.... തമ്പിയുടെ മൃതദേഹം അവന്റെ മിഴികളിൽ തെളിഞ്ഞു നിന്നു... ലക്ഷ്മിക്ക് നാവ് പൊന്തുന്നുണ്ടായിരുന്നില്ല ... മനസ്സും മിഴികളും തേടിയത് മാളുവിനേയാണ്... അത് മനസിലാക്കിയെന്നോണം അവൻ മുകളിലേക്ക് വിരൽ ചൂണ്ടി.... ഏട്ടാ.... ഇത്... ഇത് വേണാർന്നോ... തമ്പിയെ നോക്കി നിർവികാരത തളം കെട്ടിയ കുഞ്ഞുണ്ണിയുടെ വാക്കുകൾ രുദ്രനിൽ വന്ന് പതിച്ചു.... ഇത് വേണ്ടിയിരുന്നില്ല... ശെരിയാണ്... തീർത്തും കുറഞ്ഞ് പോയി... ഞാൻ ഇവന് ഒരുക്കി വെച്ച മരണം ഇതായിരുന്നില്ല.. രക്ഷപ്പെട്ടു... പലതിൽ നിന്നും... ഇവനൊക്കെ ആണ് ജീവിതത്തിൽ ഭാഗ്യം ചെയ്തവൻ.... ചെയ്ത തെറ്റിന്റെ ഫലം പോലും ഇയാൾക്ക് ലഭിച്ചില്ല.... അത് പറയുമ്പോൾ അവന്റെ ഞരമ്പുകൾ വലിഞ്ഞ് മുറുകി... മിഴികളിൽ രക്തയോട്ടം വർദ്ധിച്ചു... ഇയാളെ നമ്മൾ... നമ്മള് എന്തിയ്യും ഏട്ടാ...

പോലീസ് അറിഞ്ഞാൽ... വേറെ ആരേലും അറിഞ്ഞാൽ... ഏട്ടൻ ആലോചിക്കുന്നുണ്ടോ... പരിഭ്രമം കൂറി ചോദിക്കുന്ന കുഞ്ഞുണ്ണിയെ നോക്കി രുദ്രൻ സരളമായി പുഞ്ചിരിച്ചു... പുറത്ത് പോലീസ് വാഹനത്തിന്റെ സൈറൺ മുഴങ്ങുന്നത് കേട്ടപ്പോൾ കുഞ്ഞുണ്ണിയുടെ മുഖം വിളറി വെളുത്തു... ഏട്ടാ... എവിടേലും പോയി ഒളിക്ക്‌.... അവർ... അവര് വന്നൂ.... പരിഭ്രാന്തി നിറച്ച് അവൻ രുദ്രനേ കുലുക്കി വിളിച്ചു... രുദ്രന്റെ സൗമ്യ ഭാവം അവനംഗീകരിക്കാൻ കഴിയുമായിരുന്നില്ല... ഇൗ ലോകത്ത് തെറ്റ് ചെയ്യാത്തവർ ഇല്ല.... പക്ഷേ ഇൗ ഏട്ടൻ ചെയ്തത് വലിയ തെറ്റുകൾ ആയിരുന്നു... അതും നിന്റെ ഏട്ടത്തിയോടു... ഒരുപാട് വെഷമം കൊടുത്തിട്ടുണ്ട്... ഞാൻ പോയി കഴിഞ്ഞാൽ അവൾക്ക് ഒരു കുറവും ഉണ്ടാകാൻ പാടില്ല... കേട്ടല്ലോ ഒരു കുറവും.... ഉറച്ചതായിരുന്നു ആ വാക്കുകൾ...കുഞ്ഞുണ്ണിയുടെ മിഴികൾ നിറഞ്ഞൊഴുകി ... അങ്ങനെ ഒന്നും പറയല്ലേ ഏട്ടാ.... ലോകത്തെ ഒരു സ്ത്രീയും അർഹിക്കുന്നത് പോലെ സ്നേഹിക്കപ്പെട്ടിട്ടുണ്ടോ... അതിൽ ഒരാളാവരുത് മാളു... ഞാൻ പോയാൽ അവളുടെ ജീവിതം സന്തോഷം കൊണ്ട് മൂടണം....

ഒരു കുഞ്ഞനിയന്റെ തുണ .... എപ്പോഴും നിഴൽ ആയി കൂടെ വേണം... അകത്തേക്ക് വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം അവിടെ ചിലവിടേണ്ടി വന്നില്ല.. കുറ്റം ഏറ്റു പറഞ്ഞ് ഓരാൾ മുൻപിൽ ഇരിക്കുമ്പോൾ അവർക്ക് അവരുടെ സമയവും ജോലി ഭാരവും ലാഭം .... കുഞ്ഞുണ്ണി അവനിലെ സങ്കടത്തിൽ അവരെ തടയുവാൻ നോക്കിയെങ്കിലും നടന്നില്ല.... അവസാനാമായും രുദ്രനിൽ നിന്നും അവളുടെ സുരക്ഷയെ കുറിച്ച് മാത്രമാണ് അടർന്നു വീണത്.. അവരോടൊപ്പം കുറ്റെമെറ്റെടുത്ത്‌ പോകുമ്പോൾ മനസ്സ് ശാന്തമായിരുന്നു... താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ... സ്വയം അറിയാതെ ആ മിഴിക്കോണിൽ നിന്നടർന്ന് ഒരു കണ്ണീർത്തുള്ളി അവന്റെ വിടവാങ്ങൽ പറഞ്ഞ് കൊണ്ട് ഭൂമിയിലേക്ക് ഉറ്റു വീണു.... ❇ കുറ്റം സമ്മതിച്ചിട്ടും പോലീസുകാർ അവനെ ഇഞ്ച പരുവത്തിൽ തല്ലി ചതച്ചു....പ്രതികരിക്കാൻ തയ്യാറായില്ല... എന്തിന് പ്രതികരിക്കണം ... താൻ അർഹിക്കുന്നു ഇതെല്ലാം... പുണ്യാളൻ ഒന്നുമായിരുന്നില്ല ... ഒരു മൃഗം തന്നെ.... ഓരോ മുറിവുകൾ ദേഹത്ത് വീണു അടിയുമ്പോഴും മനസ്സിൽ താൻ ഉപദ്രവിക്കുമ്പോൾ ശബ്ദം പോലും ഉയർത്താതെ ഏങ്ങലടിച്ച് കരയുന്നവൾ മിന്നി മറയും.... അതോടെ തനിക്ക് തോന്നുന്ന നോവെല്ലാം ഓടി മറയും... കൊലകുറ്റം ആണ്...

കോടതിക്ക് മുന്നിൽ ചത്തവൻ നല്ലതെന്നോ ചീത്തയെന്നോയില്ല... എല്ലാവരും ജീവൻ തുടിക്കുന്നവർ... ആ നീതി പീഠത്തിന് മുന്നിൽ അവരെ ഇല്ലാതാക്കുന്നവർ കൊലയാളികൾ തന്നെയാണ്... കേസ് തെളിയിക്കാൻ ഒരുപാട് സമയം വേണ്ടി വരാത്തത് കൊണ്ട് എല്ലാം പെട്ടെന്ന് ആയിരുന്നു... കോടതിയും വിധിയും എല്ലാം... സാക്ഷി ആയി ഉണ്ടായിരുന്നത് അവളായിരുന്നു ... മാളു... പക്ഷേ സാക്ഷി പറയാൻ പറ്റുന്ന സാഹചര്യത്തിൽ അല്ലായിരുന്നു അവൾ... ഒരു മരണം മുഖാമുഖം കണ്ടത് കൊണ്ട്... അവളുടെ കൈ കൊണ്ട് അങ്ങനെ ഒന്ന് സംഭവിച്ചത് കൊണ്ട്... മനോനില തെറ്റിയിരുന്നു... രുദ്രന്റെ പ്രാർത്ഥനയുടെ ഫലമാകാം അവളൊരു ഭ്രാന്തി ആയി തീർന്നില്ല...എന്നിരുന്നാലും ചുറ്റും നടക്കുന്നത് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.. സാക്ഷി മൊഴി ഇല്ലെങ്കിൽ കൂടി കോടതി വിധിച്ചു... ജീവപര്യന്തം.... കൊലയുടെ വ്യാപ്തി... എത്രത്തോളം ക്രൂരമാകുന്നോ ശിക്ഷയുടെ ആഴവും കൂടും... തലക്കടി ഏറ്റതിനു പുറമെ വാരിയെല്ല് തകർന്നു എല്ല് ആന്തരിയാവയവങ്ങളിൽ തറഞ്ഞിരുന്നിരുന്നു... അത് ക്രൂരത നിറഞ്ഞ മരണം തന്നെയാണ്.... പത്ത് വർഷത്തെ തടവുശിക്ഷ അങ്ങനെ ജീവപര്യന്തമായി പരിണമിച്ചു..... ശിക്ഷ ലഭിച്ചു ജയിലിലേക്ക് പോകുന്നത് വരെ കുഞ്ഞുണ്ണി രുദ്രനൊപ്പം ഉണ്ടായിരുന്നു...

മാളുവിനേ അവരുടെ പരിചയത്തിൽ ഉള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. അവൾക്ക്കൂട്ടിന് ലക്ഷ്മി അമ്മ നിന്നു... നന്നായി പഠിക്കണം... നല്ല കോളേജിൽ അഡ്മിഷൻ എടുക്കണം... മാളു... ഷോക്ക് വന്നത് വേഗം മാറുവല്ലെ... പ്രതീക്ഷയോടെ രുദ്രൻ കുഞ്ഞുണ്ണിയുടെ കയ്യിൽ പിടുത്തമിട്ടു ഏട്ടനെ ഞാൻ പുറത്ത് ഇറക്കും... നമ്മുടെ അച്ഛന്റെ ഒപ്പം നിന്നിരുന്ന വക്കീൽ അങ്കിൾ എന്നെ കാണാൻ വന്നിരുന്നു... എനിക്ക് ഉറപ്പ് തന്നിട്ടുണ്ട് ഏട്ടനെ പുറത്ത് കൊണ്ട് വരുമെന്ന്.... ഏട്ടന് ഇനി പുറത്ത് വരണമെന്ന് ഇല്ലെടാ... നീറി നീറി ഒന്ന് ചത്ത് കിട്ടണം... മനശാന്തി ലഭിക്കണം... അവളുടെ മുഖം എന്നിൽ നിന്ന് മായുന്നില്ലെടാ .... രുദ്രൻ വിതുമ്പലോടെ പറയുന്നത് കേൾക്കെ കുഞ്ഞുണ്ണി വിലങ്ങിട്ട അവനെ ഇറുകെ പുണർന്നു... മതി മതി..... ഇങ്ങോട്ട് വാടാ.... രുദ്രനെ ബലമായി തട്ടി കൊണ്ട് പോലീസുകാർ അവനെ ജീപ്പിൽ കയറ്റി....... ആ കോടതി മുറ്റത്ത് നിന്നവൻ ആർദ്രമായി പുഞ്ചിരി തൂകി... പിടയുന്ന നെഞ്ചോടെ... കുറ്റബോധം എന്ന ഉമിതീയിൽ ഉരുകി ഉരുകി.... ❇ പിന്നീട് അങ്ങോട്ട് നീണ്ട അഞ്ച് വർഷങ്ങൾ.... പുറംലോകം കാണാതെ... ഉറ്റവരിൽ നിന്നും പിരിഞ്ഞ് താൻ ചെയ്ത ശിക്ഷക്കുള്ള ഫലം അനുവഭിക്കുന്ന നീണ്ട അഞ്ച് വർഷങ്ങൾ ആണ് പിന്നിട്ടത്... വിസിട്ടേഴ്സ് സമയത്ത് ഒരിക്കൽ മാത്രമേ കുഞ്ഞുണ്ണി വന്നിട്ടുള്ളൂ...

പിന്നീട് രുദ്രൻ ആയി തന്നെ വിലക്കി... സ്വയം ആത്മാവിനോട് പകരം വീട്ടുകയാണ് ... ആരെയും ഉപദ്രവിക്കാതെ... വാക്ക് കൊണ്ടോ.. നോക്ക് കൊണ്ടോ.. കൈ കരുത്ത് കൊണ്ടോ... അതിനാൽ ജയിലിനുള്ളിലെ സഹതടവുക്കാർക്ക് കൊട്ടികളിക്കാൻ ഉള്ള ചെണ്ട അവനായിരുന്നു.. ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങി.... അത്രയും സഹിക്കാതെ കിടന്നു പിടയുമ്പോൾ മാത്രം പോലീസുകാർ വന്നു രക്ഷിക്കും... ഇപ്പോ ആ ദേഹത്ത് പോറൽ വീഴാത്ത ഒരു സ്ഥലം പോലും ബാക്കിയില്ല... കാലിലെ നഖം പോലും മുറിച്ച് മാറ്റപ്പെട്ടു പോയിരുന്നു... ഇതൊക്കെ കാണാനും അറിയാനും ആരും തന്നെ വിസിട്ടേഴ്‌സ് ആയി ഉണ്ടാകാത്തത് ആണ് നല്ലത്... വേദനകൾക്ക് ഇടയിലും ഓർമകളിൽ ഉള്ള ജീവിതം അവൻ ജീവിച്ച് പോന്നു... ഇടക്ക് എപ്പോഴോ വക്കീൽ കാണാൻ വരും... അന്നേരം എല്ലാവരുടെയും സുഖവിവരം തിരക്കി മനസംതൃപ്തി അടയും... വക്കീൽ മുഖേന തന്നെ വീട് ഒഴികെയുള്ള ബാക്കി സ്വത്ത് വകകൾ എല്ലാം മാളുവിന്റെ പേരിലാക്കി.. വീട് കുഞ്ഞുണ്ണിയുടെ പേരിലും ആക്കി മാറ്റി... കൂടാതെ അവസാനം ചെയ്ത് മുഴിവിപ്പിക്കാൻ കഴിയാതെ പോയ ഒന്ന്... ഡിവോഴ്‌സ്.... മാളു ആറുമാസം കഴിയവേ ആരോഗ്യ സ്ഥിതി എല്ലാം മെച്ചപ്പെട്ടു ജീവിതത്തിലേക്ക് തിരിച്ച് വന്നിരുന്നു... രുദ്രന്‌ ഒരു കണിക എങ്കിലും വിശ്വാസം ഉണ്ടായിരുന്നു അവളാ ഡിവോഴ്സ്‌ പേപ്പറിൽ ഒപ്പിടില്ലായെന്നുള്ളത്... ആ വിശ്വാസം കാറ്റിൽ പറത്തി മാളു അതിൽ ഒപ്പിട്ടു എന്ന വാർത്ത അവനറിഞ്ഞു...

അൽഭുതം ഒന്നും തോന്നിയില്ല... ഒരിക്കൽ ക്രൂരത കൊണ്ട് പീഡിപ്പിച്ച ഭർത്താവ്... ജയിൽപുള്ളി ആയ ഭർത്താവ്... വേണ്ടാന്നു അവൾക്കും തോന്നി കാണും... സുഖമായി മറ്റൊരു ജീവിതം ... അവളാഗ്രഹിക്കുന്ന ജീവിതം ഇനിയെങ്കിലും ജീവിക്കട്ടെ... പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോഴും നൊമ്പരം വന്നവനെ പുൽകി... കരയാനും പരാതി പറയാനും ഇനി അർഹതയില്ല.... സ്വയം പറഞ്ഞ് പഠിച്ചു... രുദ്രന്‌ വേണ്ടിയിരുന്നില്ല എങ്കിലും വക്കീൽ അപ്പോഴും അവനെ പുറത്തിറക്കാൻ ശ്രമം നടത്തി കൊണ്ടിരുന്നു... തമ്പിയുടെ മൃഗീയമായ സ്വഭാവവും രുദ്രന്റെ സ്വഭാവ ശുദ്ധിയും കോടതി മുറിയിൽ അഴിഞ്ഞ് വീണു... ജയിലിലെ രുദ്രന്റെ നല്ല നടപ്പും കണക്കിൽ എടുത്ത് കോടതി ശിക്ഷ വെട്ടി കുറച്ചു.... അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപയും പിഴ ❇ ദിവസങ്ങൾ കൊഴിഞ്ഞ് വീഴവെ ... ആ ദിനം വന്നെത്തി... രുദ്രന്റെ റിലീസിനുള്ള ദിനം... അന്നത്തെ ദിവസം അവനാകേ പരവേശമായിരുന്നു... ഇവിടെ തന്നെ ചത്തൊടുങ്ങി പോകുമെന്ന് കരുതിയതാണ്... വീണ്ടും പ്രിയപ്പെട്ടവരെ കാണാൻ .... കൂടെ താമസിക്കാൻ ... തനിക്ക് അതൊരു ഭാഗ്യം ആണോ നിർഭാഗ്യമാണോ ... മനസ്സ് പലരിലും തറഞ്ഞ് നിന്നു... ഡിവോഴ്‌സ് കഴിഞ്ഞാലും മാളു അവിടെ തന്നെ ഉണ്ടാകണം എന്നൊരാശ അവനിൽ പിടിമുറുക്കി ... നടക്കില്ലെന്ന് അറിഞ്ഞിട്ടും അടി കൊണ്ട് നാറിയാൽ എന്താ മോനെ ജീവിതകാലം മുഴുവൻ കിടക്കേണ്ട ഇടത്ത് നിന്ന് മോചനം കിട്ടിയില്ലേ....

കൂടെ കഴിഞ്ഞ കേശവേട്ടന്റെ വാക്കുകളിൽ അവന്റെ മിഴി നിറഞ്ഞു... ആസിഡ് വീണു മുഖം പോയാലും അമ്മുവിന് ഒരെട്ടന്റെ സ്ഥാനത്ത് നിന്ന് നല്ലോരാളെ കണ്ടെത്തി ഞാൻ വിവാഹം നടത്തി കൊടുക്കും... ഇൗ ജയിലിൽ തനിക്ക് ഒരച്ഛന്റെ തുണ തന്ന മനുഷ്യൻ... സ്വന്തം മോളുടെ മുഖം വികൃതമാക്കിയ ഒരുവനെ നീതി പീഠം വെറുതെ വിട്ടപ്പോൾ മരണശിക്ഷ വിധിച്ച മനുഷ്യൻ... അയാളോട് ഉള്ളത് ആദരവും സ്നേഹവും മാത്രം... ആ ഇരുണ്ട കൈകളിൽ മുത്തി യാത്ര പറഞ്ഞ് രുദ്രൻ ഇറങ്ങി... പുറത്ത് വക്കീൽ കാറുമായി നിൽപ്പുണ്ടായിരുന്നു... വക്കീലിനെ നോക്കി പുഞ്ചിരിക്കവെയാണ് മിഴികൾ തന്റെ പഴേ ജിപ്സിയിൽ ഉടക്കിയത്... അതിൽ നിന്നിറങ്ങി വരുന്ന യുവാവിനെ അവൻ കണ്ണിമ ചിമ്മാതെ നോക്കി... കുഞ്ഞുണ്ണി..... അവന്റെ ചുണ്ടുകൾ മന്ത്രിച്ചു... അഞ്ച് വർഷങ്ങൾ കൊണ്ട് അവനാകേ മാറിയിരിക്കുന്നു... യൗവനം തുളുമ്പുന്ന മുഖം... ഒരിക്കൽ വരിലെന്ന് ഉറപ്പിച്ച താടിയും മീശയും വരെ ആ മുഖത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്... രുദ്രനെ കണ്ടതും അവനോടി വന്ന് ആലിംഗനം ചെയ്തു... തിരികെ വികാരഭരിതനായി രുദ്രനും... ഏട്ടനും അനിയനും ഇവിടെ നിന്നന്നെ സ്നേഹം മൂടാൻ ആണോ പ്ലാൻ... വീട്ടിൽ ചെന്നു ആവാം ഇതൊക്കെ... കളിയോടെ വക്കീൽ പറയുന്നത് കേട്ടാണ് ഇരുവരും അടർന്നു മാറിയത്...

രുദ്രൻ വക്കീലിനെയും ആശ്ലേഷിച്ചു... നന്ദി പറഞ്ഞു രുദ്രന്റെ കോലം ദർഷിനേ നൊമ്പരതിൽ ആഴ്ത്തി.... ആ പ്രൗഢിയും ഗാംഭീര്യവും മാഞ്ഞ് പോയത് പോലെ... ഇപ്പോ ഒരു പഞ്ചാപാവം... അങ്ങോട്ട് കേറി ഉപദ്രവിച്ചാലും തിരികെ നിറമനസ്സാലെ പുഞ്ചിരിക്കുന്ന വ്യക്തി... ഇതല്ല എന്റെ ഏട്ടൻ എന്ന് ഒരായിരം തവണ ആ മനസ്സ് അലമുറ കൂട്ടി... പോകാം... ഞാൻ വണ്ടി എടുക്കണോ അതോ ഏട്ടൻ എടുക്കുമോ... കീ അവന് നേരെ നീട്ടി എങ്കിലും അത് ആ കയ്യിൽ തന്നെ മടക്കി കൊടുത്ത് അവൻ കോ ഡ്രൈവർ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു... വക്കീലിനോട് യാത്ര പറഞ്ഞ് ദർഷ് വണ്ടി എടുത്തു... യാത്രയിൽ ഉടനീളം ഒന്നും ഉരിയാടാതെ പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുന്ന രുദ്രനിലേക്ക് ദർഷിന്റെ മിഴികൾ പാളി വീണു... കൈകൾ രണ്ടും കാൽ വിടവിൽ ഒളിപ്പിച്ച് ഒതുങ്ങി കൂടി ആണ് ഇരുപ്പ്... ഇടക്ക് എപ്പോഴോ രുദ്രൻ അവന്റെ പഠിപ്പിന്റെ കാര്യങ്ങളും മറ്റും ചോദിച്ച് അറിഞ്ഞു... നല്ലൊരു ജോലി ഇന്നവനു ഉണ്ട്... ഇരുപത്തി ഒന്നാം വയസിൽ എയർമാനിൽ കയറി.. അതിന്റെ പക്വത അവന്റെ ശരീരവും സംസാരവും വിളിച്ച് ഓതുന്നുണ്ടെന്ന് രുദ്രന്‌ അനുഭവപ്പെട്ടു... അഭിമാനം തോന്നി അവന്റെ കുഞ്ഞനിയനോട്... ഏട്ടന് ഏട്ടത്തിയെ പറ്റി അറിയണ്ടേ...

മറ്റൊന്നും ചോദിക്കാതെ ഇരിക്കുന്ന അവനോട് കുഞ്ഞുണ്ണി തന്നെ ചോദിച്ചു..... എങ്ങനെ ചോദിക്കും എന്നറിയാതെ വ്യാകുലനായി ഇരിക്കുന്ന രുദ്രൻ അതെയെന്നും അല്ലായെന്നും ഇടവിട്ട് തലയാട്ടി... ഏട്ടത്തി അന്നത്തെ സംഭവത്തിന് ശേഷം വലിയ ഒരു ഷോക്കിൽ ആയിരുന്നല്ലോ... കുറച്ച് ട്രീറ്റ്മെന്റ് വേണ്ടി വന്നൂ പഴേ സ്ഥിതിയിൽ ആവാൻ... പത്ത് കഴിഞ്ഞ് പഠിക്കാൻ പറ്റിയിരുന്നില്ലല്ലോ ... അത് കൊണ്ട് പഠനം പൂർത്തിയാക്കി .... ഇപ്പോ ഏട്ടത്തി പഴയതിനേക്കാൾ ഉഷാറാണ്.... ചിലത് ഒളിപ്പിച്ച് വെച്ച് കൊണ്ട് അവൻ പറഞ്ഞ് നിർത്തി മാളു സന്തോഷവതി ആണെന്ന് അറിഞ്ഞപ്പോൾ രുദ്രന്റെ ഉള്ളം തണുത്ത്..പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം വന്ന് മൂടി... വാഹനം അവരുടെ നാട് തീണ്ടി കണിമംഗലം വീട്ടുമുറ്റത്ത് വന്നു നിന്നു... തന്റെ വീടായിരുന്നു... പക്ഷേ ഇപ്പോ ഒരപരിച്ചിതത്വം ... കാലുകൾ ഒന്നും ഭൂമിയിൽ നിലയുറക്കാതെ അനുസരണ തെറ്റി വിറക്കുന്നു.... മിഴികൾ അടഞ്ഞ് കിടക്കുന്ന വാതിലിലേക്ക്‌ നീണ്ടു.... ആരെയോ തിരക്കുന്ന പോലെ....

ഇരുവരും അമ്പലത്തിൽ പോയിരിക്കാവും... ഏട്ടത്തിയുടെ എക്സാം റിസൾട്ട് ഇന്ന് വരും... ഡിവോഴ്സ് നടന്നിട്ടും ഇപ്പോഴും അവൻ ഏട്ടത്തി എന്ന് വിളിക്കുന്നത് കൊതിയോടെ കേട്ട് നിന്ന് രുദ്രൻ.... അകത്തേക്ക് കയറി... പിന്നിൽ ഓട്ടോ വന്ന് നിൽക്കുന്നത് പോലുള്ള ശബ്ദം കേട്ടതും വേഗം തിരിഞ്ഞ് നോക്കി.... ഓട്ടോ ഇറങ്ങി വരുന്ന ലക്ഷ്മി അമ്മയിലും അവർക്ക് പിറകിൽ ആയി പുഞ്ചിരി തൂകി വരുന്ന മാളുവിലും അവന്റെ മിഴികൾ തഴുകി.... സെറ്റ് മുണ്ടിൽ അവളതീവ സുന്ദരി ആയി അവന് തോന്നി.... ഇത്രയേറെ ചിരിച്ചും കളിച്ചും അവളെ മുമ്പെങ്ങും കണ്ടട്ടില്ല... ഒരേ സമയം നോവും സന്തോഷവും പകർന്നു... മാളു അരികിലേക്ക് വരുമ്പോൾ അവന്റെ ഉള്ളം തുടി കൊട്ടി... വെപ്രാളം പൂണ്ടു വിയർത്ത് കുളിച്ചു.... പക്ഷേ ആ നോട്ടത്തിൽ ഒരു പന്തികേട്... ഒരു അന്യനെ നോക്കുന്നത് പോലെ.... അത് അവനെ വീണ്ടും ദുഃഖത്തിൽ ആഴത്തി.... ഇന്നവൾ‌ തൻ ഭാര്യ അല്ലെങ്കിൽ കൂടി.........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story