സിന്ദൂരമായ്‌ ❤: ഭാഗം 21

sinthooramay

രചന: അനു

സെറ്റ് മുണ്ടിൽ അവളതീവ സുന്ദരി ആയി അവന് തോന്നി.... ഇത്രയേറെ ചിരിച്ചും കളിച്ചും അവളെ മുമ്പെങ്ങും കണ്ടട്ടില്ല... ഒരേ സമയം നോവും സന്തോഷവും പകർന്നു... മാളു അരികിലേക്ക് വരുമ്പോൾ അവന്റെ ഉള്ളം തുടി കൊട്ടി... വെപ്രാളം പൂണ്ടു വിയർത്ത് കുളിച്ചു.... പക്ഷേ ആ നോട്ടത്തിൽ ഒരു പന്തികേട്... ഒരു അന്യനെ നോക്കുന്നത് പോലെ.... അത് അവനെ വീണ്ടും ദുഃഖത്തിൽ ആഴത്തി.... ഇന്നവൾ‌ തൻ ഭാര്യ അല്ലെങ്കിൽ കൂടി... ഇത്ര നേരം ആ ചൊടികളിൽ ഉണ്ടായിരുന്ന മന്ദഹാസം എങ്ങോ പോയ് മറഞ്ഞു.... ആകാംക്ഷ ആയിരുന്നു അവന് അവളിൽ കണ്ടെത്താൻ ആയ ഭാവം... അവനാൽ സിന്ദൂരമായ്‌ ചാർത്തി വർണ്ണാഭം ആക്കിയ സിന്ദൂരരേഖ ഇന്ന് ധവള നിറം പ്രാപിച്ചിരിക്കുന്നു.... ശൂന്യമായ അവിടം മനസ്സിൽ ഒരു പേമാരി തീർക്കുന്നത് ഒരു പിടച്ചിലോടെ അവനറിഞ്ഞു... കുഞ്ഞേ..... ലക്ഷ്മിയിൽ നിന്ന് ഉണർന്ന സ്വരമാണ് അവന്റെ മിഴികളെ മാളുവിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചത്... വാർദ്ധക്യം അലട്ടിയ മിഴികളും മേനിയും... തന്നെ കണ്ടതിന്റെ സന്തോഷം കൊണ്ടാണോ ആ മിഴികൾ നിറഞ്ഞു കവിയുന്നുണ്ട്... ലക്ഷ്മി അടുത്തേക്ക് വന്ന് കൈ നീട്ടിയപ്പോൾ അവനൊന്നു കുനിഞ്ഞ് കൊടുത്തു... അതിലേറെ വാൽത്സല്യത്തോടെ അവർ അവന്റെ തലയിൽ തഴുകി ... ജയിലിൽ നിന്നും പോരാ നേരം മുടി വെട്ടി ഒതുക്കിയത് കൊണ്ട് തലക്കേറ്റ മുറിവുകൾ എല്ലാം തെളിഞ്ഞ് കാണാമായിരുന്നു... ലക്ഷ്മിയുടെ നെഞ്ച് പൊടിഞ്ഞു...

ഒരു വിതുമ്പലോടെ അവർ അവന്റെ നെഞ്ചിലേക്ക് വീണു... എന്തോ അവനെയും ആ പ്രവൃത്തി വല്ലാതെ ഉലച്ചു... ആകെ ഒരു വല്ലായ്മ വന്ന് മൂടി... എനിക്ക് ഒര് കുറവും ഉണ്ടായിരുന്നില്ല... സുഖം ആയിരുന്നു... ലക്ഷ്മിമ്മ്യക്ക്‌ എങ്ങനെ സുഖമായിരുന്നോ... മറുപടി ആയി തലയാട്ടുമ്പോഴും ആ കൈകളും മിഴികളും ഉടഞ്ഞ അവന്റെ ശരീരത്തിൽ അലഞ്ഞു നടന്നു... മാളു ചേച്ചിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല അല്ലേ ഇതാരാണെന്ന്... കുഞ്ഞുണ്ണി അൽപം നീരസത്തോടെ തന്നെ അവനെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന മാളുവിനോട് ആരാഞ്ഞു... ഏതോ അൽഭുത ലോകത്ത് നിന്നിറങ്ങി വന്നവളെ പോലെ മാളു അറിയാമെന്ന് തലയാട്ടി... പക്ഷേ രുദ്രന്റെ അഞ്ച് ഇന്ദ്രിയങ്ങളും തങ്ങി നിന്നത് കുഞ്ഞുണ്ണിയുടെ സംബോധനയിൽ ആണ്... ഇത്ര നേരം ഏട്ടത്തി എന്ന് വിളിച്ചവൻ ഇപ്പോ ചേച്ചി എന്ന് വിളിക്കുന്നു... രുദ്രൻ മൂവരെയും മാറി മാറി നോക്കി... മാളു ചേച്ചിക്ക് എങ്ങനെ അറിയാം..??!! ചിന്തിച്ച് കൂട്ടിക്കൊണ്ട് തന്നെയാണ് കുഞ്ഞുണ്ണിയുടെ ഓരോ ചോദ്യവും... അത് അസ്ത്രങ്ങൾ ആക്കി തൊടുത്തു വിടുന്നത് ആരും അറിയുന്നില്ലെന്ന് മാത്രം... അറിയില്ല... എവിടെയോ കണ്ടത് പോലെ.... മാളുവിന്റെ മിഴികൾ അവനിൽ നിന്നും പിൻവലിക്കാതേ തന്നെ പറഞ്ഞു...

രുദ്രൻ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത്... ഞെട്ടിപിടഞ്ഞ് കുഞ്ഞിണ്ണിയെ നോക്കിയപ്പോൾ ആ മിഴികൾ തനിക്കായി പതിയെ അടച്ച് കാണിച്ചു... ഇത് എന്റെ സ്വന്തം ഏട്ടൻ ആണുട്ടോ... എന്റെ ഉണ്ണിയേട്ടൻ... പേര് രുദ്രൻ എന്നാണ്... മാളു ചേച്ചി എന്തായാലും കാണാൻ വഴിയില്ല ഇൗ മൊതലിനെ... അതും പറഞ്ഞ് രുദ്രനെ കെട്ടിപിടിച്ച് കുഞ്ഞുണ്ണി ചിരിതൂകി .... ആ ചിരിക്കൊപ്പം അവളും പങ്കുചേർന്നു... ഇതിലൊന്നും പെടാതെ രുദ്രൻ തനിക്ക് മുൻപിൽ നടക്കുന്നത് മനസ്സിലാക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു... കുഞ്ഞുണ്ണി തന്നെ ഉമ്മറത്ത് നിർത്താതെ ഏവരേം അകത്തേക്ക് കൊണ്ട് പോയി... രുദ്രൻ കുഞ്ഞുണ്ണിക്കൊപ്പം മുകളിലെ പടികൾ കയറവേ പിന്നിൽ തന്നെ ഉറ്റുനോക്കുന്ന മാളുവിനേ പിന്തിരിഞ്ഞ് നോക്കാൻ മറന്നില്ല... അവളും അവൻ മിഴികളിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു... പ്രിയം ആയിരുന്നതെന്തോ ... ഹൃദയം അകാരണമായി സന്തോഷത്താൽ പറന്നുയരുന്നു... തലക്ക് ഒരു കിഴിക്ക്‌ വെച്ച് കൊടുത്ത് അവള് വസ്ത്രം മാറാൻ ആയി മുറിയിലേക്ക് നടന്നു... രുദ്രൻ അവന്റെ പഴേ മുറിയിലേക്ക് കാലെടുത്തു വെച്ചു... പിന്നിൽ അവനിലെ ഓരോ മാറ്റവും സസൂക്ഷ്മം ഒപ്പിയെടുക്കാൻ കുഞ്ഞുണ്ണിയും... മദ്യപിച്ച് അലങ്കോലമാക്കാറുള്ള തന്റെ മുറി...

തന്നിലെ പകയും ദേഷ്യവും വിഷമവും കണ്ട മുറി... ആ മുറിയിലെ ഗന്ധത്തിന് ഇപ്പോഴും മാളൂവിൽ നിന്ന് വമിക്കുന്ന കസ്തൂരി ഗന്ധം ആണെന്ന് അവന് തോന്നി... ഒരു തിരശ്ശീല പോലെ അവളെ കെട്ടി കൊണ്ട് വന്നതും വഴക്ക് പറഞ്ഞതും ബോധമില്ലാതെ പ്രാപിച്ചതും അവളെ കരുതലോടെ നോക്കിയതും അവനിലൂടെ കടന്ന് പോയി... ഇതിപ്പോ ഓർമകൾ കുടികൊള്ളുന്ന വെറുമൊരു ശവകുടീരം.... ഏട്ടൻ എന്താ നോക്കുന്നേ... എല്ലാം പഴേ സ്ഥലത്ത് ഇല്ലെ... ഹാ പിന്നെ ബോട്ടിൽസ് ഒന്നും കാണില്ല... അതൊക്കെ ഞാൻ മുൻപേ മാറ്റി.. നമ്മുക്ക് ഇനി കള്ളുകുടി വേണ്ട.. ഞാൻ കാണാതെ പണ്ട് ഒളിച്ച് കുടിക്കുന്ന പരുപാടി തീരേം വേണ്ട.... രുദ്രൻ അവനെ തിരിഞ്ഞ് നോക്കി....... നിന്റെ ഏട്ട... ഞാൻ ഉദ്ദേശിച്ചത് അവൾക്ക് എന്ത് പറ്റിയെതാ.... ആഹ്‌ മാളു ചേച്ചിക്ക് ലേ.... രുദ്രൻ ഏട്ടത്തി എന്നത് പ്രയോഗിക്കാതത് കൊണ്ട് ദർഷ് തന്നെ എന്നെറിഞ്ഞു നോക്കി... രുദ്രൻ കേട്ടത് എന്തോ ഇഷ്ടപ്പെടാത്തത് പോലെ മുഖം ചുളിച്ചു... എങ്കിലും അത് മറച്ച് വെച്ച് അവൻ തലയാട്ടി... അപ്പോ ഞാൻ വരുമ്പോൾ ആരോടാ ആ കഥകൾ ഒക്കെ പറയുന്നുണ്ടായിരുന്നത്..... അവൻ ഇടുപ്പിൽ കൈകുത്തി പിരികകൊടികൾ ഉയർത്തി... ഞാൻ... ഞാൻ ശ്രദ്ധിച്ചില്ല... ഹും... ആൾക്ക് നമ്മളെ ഒന്നും ഓർമ്മ ഇല്ല... ആ ഷോക്കിൽ പോയതാ.. ടെമ്പററി ആണ്.. എങ്കിലും ഞങ്ങള് ആവുന്നത് നോക്കി ഓർമ്മ കൊണ്ട് വരാൻ... പക്ഷേ നടന്നില്ല... ഒരു വട്ടം ഓർത്ത് എടുക്കാൻ പറഞ്ഞപ്പോ തന്നെ ശ്വാസം കിട്ടാതെ പിടഞ്ഞു...

അതോടെ ഞങ്ങൾ ആ ശ്രമം എന്നെന്നേക്കും ആയി ഉപേക്ഷിച്ചു... അല്ലെങ്കിലും ആ ഭാഗം ഓർമ്മ ഇല്ലാതിരുന്നത് അല്ലേ ഏട്ടാ നല്ലത്... രുദ്രൻ നിർവികാരൻ ആയി നോക്കി നിന്നതെ ഉള്ളൂ... നാവ് ചലിക്കുന്നില്ല... സ്വരങ്ങളെ ആരോ ബലമായി തളച്ചിട്ടത് പോലെ.... ഇനി അതൊന്നും ആലോചിക്കേണ്ട ... ഇരുവരും രണ്ട് വഴിക്കായി.... ഏട്ടനും ഒരു പുതിയ ജീവിതം വേണം... ഏട്ടന് വിഷമം ഉണ്ടോ ... പുഞ്ചിരിക്കാൻ ശ്രമിച്ചു... പക്ഷേ തോറ്റ് പരാജിതനായ്... ഇതെല്ലാം ദർഷിൽ രേഖപെട്ട് പോന്നു... ഏട്ടൻ കുളിച്ച് ഒന്ന് ഫ്രഷ് ആയി വാ... എത്രനാളായി ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചിട്ട്... ഒരിക്കൽ കൂടെ പുണർന്നു അവൻ വിട്ടകന്നു.... അവൻ പോയതും രുദ്രൻ കതക് അടച്ച് ബെഡിലേക്ക്‌ കിടന്നു... വല്ലാത്തൊരു തളർച്ച വന്ന് മൂടുന്നു... മിഴികോണിൽ നിന്നും അനുസരണ തെറ്റി ജലധാര പ്രവഹിച്ചു... ❇ ഭക്ഷണം കഴിക്കാൻ രുദ്രൻ വരുന്നത് കണ്ടതും മാളു പ്ലേറ്റിൽ വിളമ്പി വെച്ചതിനു ശേഷം അടുക്കള മറവിലേക്ക്‌ ചെന്ന് നിന്നു.. ഏതോ ഒരുൾപ്രേരണയിൽ ... രുദ്രൻ വന്നതും ഗെയിം കളിച്ചു ഇരിക്കുകയായിരുന്ന ദർഷും എഴുന്നേറ്റ് വന്നൂ... രുദ്രൻ ചെയറിലേക്ക്‌ ഇരിക്കാതെ തന്നെ നിന്നു.... ഇതെന്താ മാളു ചേച്ചി ഒളിച്ച് നിൽക്കുന്നത്... നമ്മൾ എല്ലാവരും ഒരുമിച്ച് അല്ലേ കഴിക്കാറ്... അടുക്കള മറവിൽ നിന്നും ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്ന മാളു ഇത് കേട്ടതും നാവ് കടിച്ച് അവനെ കണ്ണുരുട്ടി കാട്ടി... മടിച്ച് മടിച്ച് ഷാളും തിരുത്ത് അവള് കഴിക്കാൻ ആയി വന്ന് നിന്ന്... രുദ്രൻ ഇരിക്കുവാൻ ആയ്‌ കാത്ത് നിന്നു.. .

എന്‍റെട്ടാ ഒന്നിരിക്ക്‌ ഇല്ലേൽ ദേ ഇൗ കക്ഷിയും ഇരിക്കില്ല... ദോശ ചമ്മന്തിയിൽ മുക്കി എടുത്ത് നാവിലേക്ക്‌ വെക്കുന്നതിന്റെ ഇടക്ക്‌ അവൻ പറഞ്ഞു... രുദ്രനു മാളുവിനേ നോക്കാനൊരു പരവേശം.... ചെയറിലേക്ക്‌ ഇരുന്നു...ഭക്ഷണത്തിന്റെ ഗന്ധം അവന്റെ നാവില് വെള്ളമൂറിപ്പിച്ചു... ഇത്രനാളും കഴിക്കാൻ കിട്ടിയ ഭക്ഷണം അവനോർത്തു... പലപ്പോഴും ആരേലും വന്നു തട്ടി കളയും... ഇല്ലേൽ ഒന്നും അറിയാത്ത പോലെ മണ്ണ് വാരി ഇടും.. പിന്നെ അത് കഴുകി എടുത്ത് കഴിക്കുമ്പോൾ ഉള്ള രുചി കൂടി പോയി കിട്ടും... ഒരുപാട് നാൾക്ക് ശേഷം വയറു നിറച്ച് മനസ്സും നിറച്ച് കഴിച്ചതിന്റെ സംതൃപ്തി അവന്റെ മുഖത്ത് ഉണ്ടായിരുന്നു... പുറമെ അടുപ്പം ഒന്നുമില്ലെന്ന് അറിവുള്ള മാളു അവനെ ഊട്ടുന്നതിൽ സന്തോഷം കണ്ടെത്തി... ഇപ്പോഴും അകലത്തിൽ ആണ് ... ഒരു അണു പോലും അകലമില്ലാതെ സന്തോഷ ജീവിതം ജീവിക്കുന്നത് കാണാൻ കൊതിക്കുന്നുണ്ട് ഞാൻ.... ഇരുവരെയും മാറി മാറി നോക്കി കുഞ്ഞുണ്ണി കണ്ണുചിമ്മി.. ❇ രാവിലെ നല്ലോണം ഭക്ഷണം കഴിച്ചത് കൊണ്ട് പുറത്തേക്ക് ഒന്നും ഇറങ്ങാതെ നല്ലൊരു ഉറക്കം ഉറങ്ങി... ദർഷും കൂടെ ഉണ്ടായിരുന്നു... രുദ്രനെ കെട്ടിപിടിച്ച് കിടന്നു ഉറങ്ങാൻ.... മാളു ആണെങ്കിൽ രുദ്രനെ പറ്റി ലക്ഷ്മിയിൽ നിന്നും അറിയുന്ന തിരക്കിൽ ആയിരുന്നു...

ലക്ഷ്മി ഒരു നോവോടെ ആണ് എല്ലാം പറഞ്ഞത്... ഒരിക്കൽ അവന്റെ രോമകൂപങ്ങളുടെ ചലനം പോലും അറിഞ്ഞിരുന്നവൾ ആണ് .. ഇന്ന് എല്ലാം അറിയാൻ വ്യഗ്രത പൂണ്ട് തനിക്ക് മുന്നിൽ ഇരിക്കുന്നതെന്ന് അവരോർത്തു... രുദ്രൻ ജയിൽ ആയിരുന്നു... ഒരാളെ കൊന്നിരുന്നു എന്ന് പറഞ്ഞിട്ടും മാളുവിന്റെ മുഖഭാവത്തിന് യാതൊരു വിധ മാറ്റവും ഉണ്ടായിരുന്നില്ല... ഇത്രയേ അറിവുള്ളൂ സ്വന്തം അമ്മയെ പിച്ചി ചീന്തി തന്റെ കുടുംബം തകർത്ത വ്യക്തിയെ ഇല്ലാതാക്കിയാണ് ജയിൽ ശിക്ഷ വാങ്ങിയത് എന്ന്.... അതിലവൾക്ക്‌ നേരിയ സങ്കടം മനസ്സിൽ തട്ടാതെ ഇരുന്നില്ല... ഉള്ള് കൊണ്ട് അവൻ തെറ്റുകാരൻ അല്ലെന്ന് വാദിക്കുന്നു... അവൾക്ക് തന്നെ നിശ്ചയം ഉണ്ടായിരുന്നില്ല അവനെ പറ്റി അറിയാൻ താൻ ഇത്ര തുടിക്കുന്നതെന്തിനാണ് എന്ന്... ആ മുഖവും സാമീപ്യവും താൻ മുൻപ് വളരെ അടുത്തായി അറിഞ്ഞിട്ടുള്ളതാണ് എന്നൊരു തോന്നൽ ശക്തമായി തുടങ്ങി... പക്ഷേ ഓർത്ത് എടുക്കാൻ ശ്രമിക്കുമ്പോൾ തല വിങ്ങി പൊളിയുന്നു.... ഉച്ച ഉറക്കം വിട്ടു എഴുന്നേറ്റ രുദ്രനേ അവനറിയാതെ അവള് വീക്ഷിച്ചു പോന്നു...അവനാണെങ്കിൽ അവളറിയാതെയും..... ❇ സന്ധ്യക്ക് തന്നെ മാളുവിന്റെ റിസൾട്ട് പബ്ലിഷ് ചെയ്തു... പക്ഷേ അതിൽ ഒന്നും അൽപ്പം പോലും ഭയച്ചകിതയായില്ല... കുഞ്ഞുണ്ണി ആയിരുന്നു അതിന്റെ പിന്നാലെയും നടന്നത്... സൈറ്റ് ഹാങ് ആയത് കൊണ്ട് അവന്റെ ശ്രമങ്ങൾ എല്ലാം പാഴായി പോയിരുന്നു... ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ രുദ്രൻ മാത്രം നിശബ്ദൻ ആയിരുന്നു... ദർഷും മാളുവും ഓരോ കളി പറഞ്ഞ് ചിരിക്കുന്നുണ്ട്... ദർഷ് രുദ്രനേ ചിരിപ്പിക്കാൻ നോക്കുമ്പോൾ മാത്രം അവന് വേണ്ടി രുദ്രൻ പുഞ്ചിരി പൊഴിക്കും...

ഇത്ര നേരം ആയിട്ടും തന്നോട് ഒന്ന് മിണ്ടാത്ത മാളുവിനേ കാണുമ്പോൾ ഉള്ളിൽ ദേഷ്യം നുരപൊന്തി... പക്ഷേ ആ ദേഷ്യം പുറത്തെടുക്കാൻ നിർവാഹമില്ല....എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവനേഴുന്നെറ്റു... ചിന്തകളെ അലസമായി വിടാൻ അവൻ ബാൽക്കണിയിൽ ചെന്ന് നിന്നു... മുറ്റത്ത് മത്സരിച്ച് ഗന്ധം പടർത്താൻ നോക്കുന്ന നിശാഗന്ധി പൂക്കളെയും കുടമുല്ല പൂക്കളെയും അവനുറ്റുനോക്കി..... ഇൗ രാവ് ഇത്രയേറെ ശാന്തമായിട്ട് കൂടി തനിക്ക് സമാധാനമായി നിശ്വസിക്കാൻ കഴിയുന്നില്ല... മനസ്സിലൂടെ ഇന്നത്തെ മാളുവിന്റെ പെരുമാറ്റം തെളിഞ്ഞ് വന്നു... കണ്ണടച്ചാൽ പോലും ആ മുഖം... ചുറ്റും അവളുടെ സാമീപ്യവും.... അവനാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി... സ്വന്തം ആയിരുന്ന കാലം ഉണ്ടായിരുന്നു... അന്ന് നിന്റെ മൂല്യം ഞാൻ അറിഞ്ഞില്ല... നിന്നെ സ്നേഹിക്കാൻ നിന്നില്ല... അങ്ങനെ തോന്നിയ സ്നേഹത്തെ ഞാൻ തന്നെ കടിഞ്ഞാൺ വീഴ്തിയിട്ടുണ്ട്... ഇതിപ്പോ... പറ്റുന്നില്ല... എന്നിൽ നിന്നും എന്റെ വികാരങ്ങൾ തുളുമ്പുന്നു.... എന്താ ഏട്ടാ ഉച്ചക്ക് മയങ്ങിയത് കൊണ്ടാണോ ഇങ്ങനെ ഉറക്കമില്ലാതെ നിൽക്കുന്നത്.... അവനോരം ചെന്ന് നിന്ന ദർഷിനേ നോക്കി ആ കവിളിൽ തട്ടി... എല്ലാ കഷ്ട്ടതകളും മാറി ഏട്ടാ... ഇനി സന്തോഷത്തിന്റെ നാളുകൾ ആണ്...

നിങ്ങൾക്ക് രണ്ട് പേർക്കും... ഏട്ടൻ ജയിലിൽ നിന്നും മോചനം നേടി.. ഇനി നല്ലൊരു കുടുംബം വേണം... എനിക്കൊരു ഏട്ടത്തി അമ്മയെ കണ്ട് പിടിക്കണം... അത് കേട്ട പാതി കേൾക്കാത്ത പാതി രുദ്രൻ അവനെ വല്ലാത്തൊരു നോട്ടം നോക്കി... അത് കണ്ടിട്ടും കാണാത്തത് പോലെ നടിച്ച് കുഞ്ഞുണ്ണി പിന്നെയും തുടർന്നു... പിന്നെ മാളൂ ചേച്ചിയെ ഇങ്ങോട്ട് വന്നു ഒരാള് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്... ചേച്ചിയെ പഠിപ്പിക്കുന്ന സാർ തന്നെയാ.. ചേച്ചിക്കും ഇഷ്ട്ടക്കുറവ് കാണില്ല... നല്ല കൂട്ടരാ ഏട്ടാ... ഞാൻ സംസാരിച്ചു.. നിനക്ക് എന്ത് അറിയാം മനുഷ്യരെ... നല്ല ആൾ ആണ് പോലും... ആണെങ്കിൽ തന്നെ... രുദ്രന്റേ ഭാവം മാറി... പഴയ വീര്യം അവന്റെ മുഖത്തേക്ക് ഓടി കയറി..... ഏട്ടൻ എന്തിനാ അതിന് ചൂടാവുന്നത്... ഞാൻ ജസ്റ്റ് പറഞ്ഞൂ അത്രേ ഉള്ളൂ... ആൾ ഒരുപാട് തവണ ആയി ഒരു മറുപടി ചോദിച്ച് നടക്കുന്നു... പാവമില്ലെ... പിന്നെ മാളു ചേച്ചിക്കും ഇനിയൊരു ജീവിതം വേണ്ടെ... എത്ര നാൾ ഇവിടെ നിൽക്കാൻ പറ്റും.. എന്റെ പുതിയ ഏട്ടത്തി വന്നാൽ... മതി ദർഷ് നിർത്തൂ..... കൈ തലം കൊണ്ട് തടഞ്ഞ് നിർത്തി രുദ്രൻ ദേഷ്യത്തിൽ അവിടെ നിന്നും പോയി....

അത് കാൺകെ കുഞ്ഞുണ്ണിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി ജനിച്ചു.... ദർഷിന്റെ വാക്കുകൾ കേട്ട് ദേഷ്യത്തിൽ പോയത് മാളുവിന്റെ മുറിയിലേക്ക് ആണ്.... മുറിയിൽ കടക്കും നേരം അവൻ അവിടെ നിന്നു... നീ എന്തിനാണ് രുദ്രാ അവളുടെ ഭാവി തകർക്കുന്നത്... അവൾക്ക് നീ ഒട്ടും ചേരില്ല... അവളെ ഉപദ്രവിച്ചത് ഒക്കെ നീ മറന്നോ... ഇനിയും അതിനുള്ള പുറപ്പാട് അല്ലേ... അവളുടെ സന്തോഷം അല്ലേ നിനക്ക് വേണ്ടത്.... ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ മന്ത്രിച്ചു.... നെഞ്ചിലേക്ക് വലിയൊരു ഭാരം കയറ്റി വെച്ചത് പോലെ... വിമിഷ്ട്ടം കൊണ്ട് വീർപ്പ്മുട്ടുന്നത് പോലെ... രുദ്രൻ ഉറങ്ങി കിടക്കുന്ന മാളുവിനേ നോക്കി.... ഉണ്ടായിരിക്കുമോ നിന്റെ മനസ്സിലും നമ്മൾ ജീവിക്കാതെപോയൊരാജീവിതം ? ഇല്ലാതിരിക്കട്ടെ !... നിൻ കണ്ണിൽ നിന്നെന്‍റെ വെന്ത നിഴലിനെ പിൻവലിക്കുന്നു ഞാൻ.... (കടപ്പാട്) രുദ്രൻ നിശ്വസിച്ചു കൊണ്ട് അവളെ ഉണർത്താതെ മുറി വിട്ടിറങ്ങി.... ഇൗ വീട്ടിൽ നിന്നും അവന് ശ്വാസം ലഭിക്കാത്തത് പോലെ തോന്നിയപ്പോൾ അവൻ ജിപ്സിയുടെ കീ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി.... പിന്നിൽ കൊല്ലുസ്സിൻ സ്വരം കേൾക്കെ അവൻ തിരിഞ്ഞ് നോക്കി.... ഞാനും വരട്ടെ.... ഓടി വന്ന കിതപ്പിൽ നിന്ന് കൊണ്ട് മാളു ആരാഞ്ഞു........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story