സിന്ദൂരമായ്‌ ❤: ഭാഗം 3

sinthooramay

രചന: അനു

കുളി കഴിഞ്ഞ് ഇറങ്ങിയതും കേട്ടു താഴെ നിന്ന് ലക്ഷ്മി അമ്മയെ ചീത്ത പറയുന്ന രുദ്രന്റെ ശബ്ദം.... കാര്യം അറിയാൻ തല പോലും തുവർത്താതെ പോകാൻ ഒരുങ്ങുമ്പോൾ ആണ് ഗാംഭീര്യത്തോടെ മാളവികെ എന്നുള്ള രുദ്രന്റെ വിളി അവളുടെ കാതിൽ വന്ന് മുഴങ്ങിയത്... നെഞ്ചിൻ തളികയിൽ കൊള്ളിയാൻ മിന്നി... സാരി തലപ്പ് എങ്ങനെ ഒക്കെയോ വാരി ചുറ്റി അവള് പടികൾ വേഗത്തിൽ ഇറങ്ങി.... അത്രയും ഊർജ്ജം എടുത്തപ്പോൾ തന്നെ മാളു പാതി തളർന്നിരുന്നു... വിശപ്പും ദാഹവും കൊണ്ടുള്ള തളർച്ച മറ്റൊരു പാതിയിൽ.. കിതപ്പോടെ അവന് മുൻപിൽ ആയി ചെന്ന് നിന്നു... ദേഷ്യത്താൽ ചുവന്നു തുടുത്ത നാസിക തുമ്പും വിറ കൊള്ളുന്ന താടി രോമങ്ങളും കണ്ടപാടെ മാളു മിഴികൾ നിലത്തേക്ക് ഊന്നി... അവനവളെ ആപാദചൂഡം വീക്ഷിച്ചു... കുളിച്ച് ഇപ്പോ ഇറങ്ങിയതാണ് എങ്കിലും പേടിച്ച് നന്നായി വിയർത്തിട്ടുണ്ട് ... ഈറൻ മുടിയിൽ നിന്നും ജലകണങ്ങൾ താഴേക്ക് ഊർന്നു വീഴുന്നു... കല്യാണ വസ്ത്രം മാറ്റി നരച്ച ഒരു സാരി ചുറ്റിയിട്ടുണ്ട്... നിന്റെ തിരുമോന്ത കാണാൻ അല്ല അലറി വിളിച്ചത്.... വാക്കുകൾ കേൾക്കാൻ കാതോർത്തു നിൽക്കുകയായിരുന്നിട്ടും അവന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം കേട്ട് മാളു ഒരിക്കൽ കൂടി ഞെട്ടി....

കെട്ടിലമ്മ ആക്കാൻ അല്ല നിന്നെ താലി കെട്ടി കൊണ്ട് വന്നത്... നിന്റെ വീട്ടിൽ പഠിച്ച് വെച്ചത് പോലെ മൂട്ടിൽ വെളിച്ചം തട്ടിയിട്ട് അല്ല എഴുന്നേൽക്കേണ്ടത് ..പോയി അടുക്കളയിൽ കയറി വെച്ച് വിളബെടി... കേൾക്കുന്നുണ്ടോ നീ ..... അനങ്ങാതെ നിൽക്കുന്ന അവളോടായി അവൻ അടുക്കളയിലേക്ക് ചൂണ്ടി കൊണ്ട് കോപത്താൽ പറഞ്ഞു... മാളു വേഗം മിഴികള്യുയർത്തി തലയാട്ടി.. മോനേ രാവിലെക്കുള്ളത് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. ദാ മേശപ്പുറത്ത് വിളമ്പി വെച്ചിട്ടും ഉണ്ട്.... മോളും ഒന്നും കഴിച്ചിട്ടില്ല .. ഉച്ചക്കത്തെ മോള് ഉണ്ടാക്കിക്കോട്ടെ... ഇപ്പോ രണ്ടാളും വായോ ... കഴിക്കാം ലക്ഷ്മി ഇടക്ക്‌ കയറി... നിങ്ങള് ഇനി അടുക്കളയിൽ കയറണ്ട.. ഇപ്പോ ഉണ്ടാക്കി വെച്ചത് ആർക്കാച്ചാ കൊട്‌ക്ക്‌.. ഇവള് ഉണ്ടാക്കിയത് ഇനി ഇൗ വീട്ടിൽ എല്ലാവരും കഴിച്ചാൽ മതി.... നിന്നോട് ഇനി പോകാൻ പ്രത്യേകം പറയണോ.... പോകാൻ പറഞ്ഞിട്ടും അവിടെ തന്നെ നിൽക്കുന്ന അവളെ പറഞ്ഞു രുദ്രൻ കനപ്പിച്ചൊന്ന് നോക്കി... മാളു പിന്നെ അവിടെ നിന്നില്ല... തിരിഞ്ഞ് ധൃതി കൂട്ടി അടുക്കളയിലേക്ക് നടന്നു.... അവൻ ചീത്ത പറഞ്ഞതിൽ അവൾക്ക് നീരസം തോന്നിയില്ല... പകരം സന്തോഷം ആയിരുന്നു... തന്റെ പേര് പോലും അറിയില്ലെന്ന് കരുതിയതാണ്...

അത് തിരുത്തി കുറിച്ച് മാളവികെ എന്ന് വിളിച്ചതിൽ... ഇത് വരെ ഒരു വാക്ക് പോലും മിണ്ടാതെ ഇരുന്ന ആൾ സംസാരിച്ചതിൽ... ഇത് തന്നെ അവളുടെ ഉള്ളം നിറക്കാൻ പര്യാപ്തമായിരുന്നു... ഇനി ഉണ്ടോ ഇത് പോലെ ദാനം ചെയ്യാൻ വസ്ത്രം ..... കയ്യിൽ ഉള്ളത് സ്വയം ധരിച്ചാൽ മതി....മറ്റുള്ളവർക്ക്‌ നല്കണ്ട ..മാളു അടുക്കളയിലേക്ക് കയറി എന്ന് കണ്ടതും രുദ്രൻ ഗൗരവം വിടാതെ തന്നെ ലക്ഷിമിയോട് പറഞ്ഞു.. അവൾ നല്ലത് ഇടാൻ കാണാൻ ആകും അവൻ കൊതിക്കുന്നതെന്ന് കരുതി ലക്ഷ്മി അത് സമ്മതിച്ച് കൊടുത്തു... അടുക്കളയിലേക്ക് പാളി നോക്കി രുദ്രൻ ഫ്രഷ് ആവാൻ മുറിയിലേക്ക് പോയി.. അടുക്കളയിൽ കയറിയതും ചൂട് സമ്പാറിന്റെയും ചട്ട്‌നിയുടെയും ഗന്ധം അവളെ ത്രസിപ്പിച്ചു... രുദ്രന്റെ മുഖം ഓടി മറഞ്ഞതും മിഴികൾ അവിടെ നിന്നും നിർബന്ധപൂർവം മാറ്റി... ഇനി ഇഡലിക്ക്‌ പകരം എന്താ ഉണ്ടാക്കാ... അവളോരോ കബോർഡും തുറന്ന് നോക്കി...സാധനങ്ങൾ എവിടെ ഒക്കെ ആണെന്നതിൽ അവൾക്കൊരു നിശ്ചയോം ഉണ്ടായിരുന്നില്ല...നോക്കുന്നിതിനിടയിൽ അരിപ്പൊടി കണ്ടൂ... മാളു പോയി ഫ്രിഡ്ജ് തുറന്നു നോക്കി... വെള്ളത്തിൽ ഇട്ട കടലയും കണ്ടൂ.. പുട്ടും കടലക്കറിയും ഉണ്ടാക്കാം... കേറി വന്ന ലക്ഷ്‌മിയോടായി അവള് പറഞ്ഞു....

മോളുടെ കൈ കൊണ്ടുള്ളത് കഴിക്കാൻ കൊതി ആയി കുഞ്ഞിന്... അല്ലാതെ ഇങ്ങനെ പറയോ... മറുപടി ആയി മാളു പുഞ്ചിരിക്കുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല... മുന്നോട്ട് വെക്കുന്ന ഓരോ ചുവടിലും ശരീരം കുഴയുന്നതായി തോന്നി.. കണ്ണിൽ ഇരുട്ടു പരന്നു...സഹായിക്കാമെന്ന് ലക്ഷ്മി പറഞ്ഞെങ്കിലും അവളത് കൂട്ടാക്കിയില്ല...... ഇന്നാദ്യമായി താലി കെട്ടിയ പുരുഷന് വേണ്ടി ഭക്ഷണം പാകം ചെയ്യുവാണ്... അതവൾ ക്ഷീണത്തിൽ കൂടി ആസ്വദിച്ചു...സ്നേഹത്തോടെ അവനായി ഓരോന്ന് ഒരുക്കി.... കഴിഞ്ഞില്ലേ ഇത് വരെ ....... ഡൈനിംഗ് ടേബിളിൽ നിന്നും വിളി വന്നൂ.... ഞാൻ എടുത്ത് വെക്കാം ലക്ഷ്മി അമ്മേ... നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ സാരി തലപ്പ് കൊണ്ട് ഒപ്പി മാളു ഒരുക്കിയത് എല്ലാം അവന് മുൻപിൽ ആയി കൊണ്ട് വെച്ചു... അടുത്തേക്ക് പോകുമ്പോൾ ഭയന്നു .. അടുക്കള വാതിൽക്കൽ നിന്നും ലക്ഷ്മ്യമ്മ നോക്കുന്നതാണ് ഏക ആശ്വാസം .... മോളും ഇരിക്ക് ... വിശക്കുന്നുണ്ടന്നല്ലെ പറഞ്ഞത്.... മാളു രുദ്രന് വിളമ്പി കൊടുത്തതിനു ശേഷം ലക്ഷ്മി അടുക്കളയിൽ നിന്നും വന്ന് അവളെ അടുത്തുള്ള ചെയറിൽ പിടിച്ച് ഇരുത്തി...

എതിർത്തു.... പക്ഷേ ലക്ഷ്മി സമ്മതിച്ചില്ല ... അവൾക്കായി വിളമ്പി... മാളു ഇടം കണ്ണിട്ടു രുദ്രനെ നോക്കി... നേരത്തെ കണ്ട അതേ ഗൗരവം മുഖത്തുണ്ട്... "നിന്നോട് ഇവിടെ ഇരിക്കാൻ ഞാൻ പറഞ്ഞോ..... രുദ്രൻ അത് പറഞ്ഞതും മാളു പകപോടെ അവനെയും ലക്ഷ്മിയേയും മാറി മാറി നോക്കി.... "നീ ഇവിടെ ഇരുന്നാൽ എനിക്ക് കഴിക്കാൻ പറ്റില്ല... മാറി പോ.... അവന്റെ വാക്കുകൾ കൂരമ്പ് പോലെ നെഞ്ചിൽ വന്ന് തറഞ്ഞു....അനുവാധത്തിന് കാത്ത് നിൽക്കാതെ മിഴിനീർ ഉരുണ്ട് കൂടി.... ചിരിച്ചെന്ന് വരുത്തി മാളു അവിടെ നിന്നും പ്ലേറ്റും എടുത്ത് എഴുന്നേറ്റു ... ലക്ഷ്മിക്ക് ദേഷ്യം ഇരച്ചു കയറി... അടുക്കളയിൽ ചെന്ന് ഒരിടത്തായി നിന്നു.... ഒരുപാട് ഇഷ്ടത്തോടെ ഉണ്ടാക്കി കൊടുത്തതാണ് ... മനസ്സിന് അടക്കാൻ കഴിയാത്ത സങ്കടത്തിൽ മിഴിനീർ ഉതിർന്നു... ശബ്ദം കേൾക്കാതിരിക്കാൻ സാരി തലപ്പ് കൊണ്ട് വായ പൊത്തി.... അവളിൽ നിന്നുയർന്ന തേങ്ങലുകൾ അവളിൽ തന്നെ കെട്ടടങ്ങി.... വാതിൽ മറവിൽ നിന്നും അവൻ കഴിക്കുന്നത് നിർവൃതിയോടെ കണ്ട് നിന്നു... കഴിച്ച് പുറത്തേക്ക് പോകുന്നത് കണ്ട് കണ്ണുകൾ തുടച്ച് അവള് പിന്നാലെ ഓടി.....

ഉമ്മറ പടിയിൽ ചെന്ന് നിന്ന്.... മുറ്റത്ത് കിടക്കുന്ന ബ്ലാക്ക് ജിപ്‌സിയിൽ അവൻ ഗേറ്റ് വിട്ട് അകലുന്നത് വരെ നോക്കി നിന്നു. .. ഒരു നോട്ടം പ്രതീക്ഷിച്ചു... ഉണ്ടായില്ല... വീണ്ടും നോവ് മാത്രം ആ മനസ്സിന് സമ്മാനിച്ചു... ആ കൊച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചത് ആർക്കാനം വേണ്ടി തിന്ന് പോയോക്കുന്നു... അതെങ്ങനെയാ അച്ഛന്റെ അല്ലേ മോൻ. പോകുന്ന പോക്ക് കണ്ടില്ലേ... ഉള്ള ജോലി വല്ലോരേം ഏൽപ്പിച്ച് കലുങ്കിൽ പോയി ഇരുന്നു ആ തെണ്ടി ചെക്കൻമാർക്കൊപ്പം കള്ള് കുടിക്കാൻ..... തന്നെ മാറ്റി ഇരുത്തിയതിൽ ഉള്ള അമർഷം ആണ് അവരിൽ എന്ന് ആ വാക്കുകളിൽ നിന്നവൾ‌ അറിഞ്ഞു.. പുഞ്ചിരിച്ച് കൊണ്ട് മറുപടി പറയാൻ തിരിഞ്ഞു... പക്ഷേ സാധിച്ചില്ല... വാക്കുകൾ തൊണ്ടയിൽ കുരുങ്ങി... കണ്ണുകളിൽ ഇരുട്ടിൻ വേരോട്ടം... കാലുകൾ കുഴഞ്ഞു... ദേഹം വെട്ടി വിയർത്തു....ആശ്രയത്തിനായി ചുമരിൽ താങ്ങി പിടിച്ചു... ഇല്ല പറ്റുന്നില്ല.. കൈകൾക്ക് പോലും അതിനുള്ള ശേഷി ഇല്ല.... വെള്ളം.... വെള്ളം.... അവളിലെ ബോധം മറഞ്ഞ് നിലം പതിക്കും നേരം ആ വാക്കുകൾ അവിടമാകെ ശക്തമായി മുഴങ്ങി..... ❇

ദാ ഗീതെ .... പറഞ്ഞ് വെച്ച പണം മുഴുവൻ ഉണ്ട്.... ഗീത ബ്രോക്കറുടെ കയ്യിൽ നിന്നും മടിച്ച് മടിച്ച് സാരി തലപ്പ് നീട്ടി ആ പണം വാങ്ങി... ഇനീപ്പോ ചിക്ത്സ തുടങ്ങാം അല്ലേ... കൂട്ടിനായി ആണായി പിറന്ന ഒരു മരുമോൻ ഇല്ലെ .. പേടിക്കാൻ എന്തിരിക്കുന്നു... ചുളുക്കം ബാധിച്ച ആ കവിളിൽ പുഞ്ചിരി അണിഞ്ഞു... എന്റെ കുഞ്ഞിനെ പൊന്നു പോലെ നോക്കില്ലെ... പാവാട്ടോ എന്റെ മോള്... ഒരു സാധു... ഗീത ഉള്ളിലെ ആശങ്ക പ്രകടിപ്പിച്ചു... കണിമംഗലത്തെ രുദ്രൻ കുഞ്ഞ് പറഞ്ഞാ പറഞ്ഞതാ..... മോളെ പൊന്നിനേക്കാൾ നന്നായി നോക്കുമെന്ന് എനിക്ക് വാക്ക് തന്നതല്ലെ.... ഗീതയുടെ മനസ്സ് കണിമംഗലം എന്ന പേരിൽ തറഞ്ഞു നിന്നു... "കണിമംഗലമോ.... ശ്രീ മംഗലം എന്നല്ലേ ഞങ്ങളോട് പറഞ്ഞത്.... പറയുമ്പോൾ ആ സ്ത്രീ തെറ്റി പറഞ്ഞതാകണെ എന്നൊരായിരം വട്ടം മനസ്സിൽ ആണയിട്ടു.... "ആണോ തെറ്റിയതാകും എനിക്ക്... കണിമംഗലം... അതാണ് പേര്... കണിമംഗലം ദേവരാജൻ മകൻ... രുദ്രദേവരാജൻ.... തങ്കകുടമാണ് സാർ.. "ഗുരുവായൂരപ്പാ ... ചതിച്ചോ... കേട്ടത് ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി ... ഹൃദയം സ്തംഭിച്ചു.... ശരീരം മരവിച്ചു.... കയ്യിൽ ഉള്ള പണം നിലത്തേക്ക് ഇട്ട് അവർ പുറത്തേക്ക് ഓടി..................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story