സിന്ദൂരമായ്‌ ❤: ഭാഗം 34

sinthooramay

രചന: അനു

ആ രക്തത്തിന്റെ ചൂട് ഉടലാകെ പടരുന്നത് പോലെ..അവളറിയാതെ അമ്മെ എന്ന് മന്ത്രിച്ചു പോയി.. കണ്ണടചു കൈ മുന്താണിയിൽ തുടക്കുമ്പോൾ ഐ സി യു വിൽ കേറ്റിയ ആ രോഗിയുടെ രക്തവും ഡോക്ട്ടേഴ്സ് ഒപ്പി എടുത്തു... മുഖത്ത് നിന്ന് രക്തത്തിൻ മറ മാറി..... ചുക്കി ചുളിഞ്ഞിട്ടും ഐശ്വര്യം തുളുമ്പിയ ആ അമ്മയുടെ മുഖം അവർക്ക് മുന്നിൽ അനാവൃതമായി ... ❇ പേടിക്കാൻ ഒന്നുമില്ല Mr?? രുദ്രൻ ... ഓക്കേ രുദ്രൻ ... ആൾക്ക് പ്രെഷർ ഷൂട്ട് ഔട്ട് ആയതാണ്... കൂടാതെ ബോഡി നല്ല വീക്ക്‌ ആണ്... ഭക്ഷണം നല്ലവണ്ണം കഴിക്കാൻ പറയണം... കുറച്ച് വിറ്റാമിൻ ടാബ്ലറ്റ് എഴുതാം.. ഡ്രിപ്പ് ഇട്ടിട്ടുണ്ട്.. കഴിഞ്ഞാൽ പോകാം... രുദ്രനും മാളുവും ഡോക്ടറെ നന്ദി പൂർവ്വം നോക്കി ചെയറിൽ നിന്നെഴുന്നേറ്റു... കാഷ്വലിട്ടിയിലേക്ക് നടക്കും വഴി മാളുവിന്റെ ശ്രദ്ധ ഐസിയു വാർഡിലേക്ക് പാളി... മ്മ് എന്തെ... നടത്തം പാതി വഴിക്ക് നിർത്തിയവളെ അവൻ തിരിഞ്ഞ് നോക്കി... ആ ചോദ്യത്തിൽ അവളൊന്നു ഞെട്ടി എങ്കിലും സ്വബോധത്തിൽ വന്നു ഒന്ന് പുഞ്ചിരിച്ചു അവനടുത്തേക്ക്‌ നടക്കാൻ മുതിർന്നു... എനിക്ക് ഒന്നും അറിയില്ല സിസ്റ്ററെ... ഒരുപാട് പക്വത എത്താത്ത ഒരു ശബ്ദം കേട്ട് ഇരുവരും അങ്ങോട്ട് നോക്കി...

ഒറ്റ നോട്ടത്തിൽ ഇരുപത് വയസ്സ് തികച്ച് ഉണ്ടോന്ന് പോലും പറയില്ല സിസ്റ്ററോട് സംസാരിക്കുന്ന ആ ചെറുപ്പക്കാരനെ കാണാൻ ... കാക്കി ഷർട്ടും ഒരു കാവി മുണ്ടും ആണ് വേഷം... മുഖത്ത് പേരിനു പോലും രോമമില്ല... ആകെ വിയർത്ത് കുളിച്ചാണ് നിൽപ്പ്... മുടി ആകെ അലങ്കോലമായി നെറ്റിയിലേക്ക് ചാഞ്ഞിരിക്കുന്നു.. കൂടാതെ മുഖത്ത് അവന് താങ്ങുവന്നതിനേക്കാൾ ടെൻഷൻ ഉണ്ട്.. ഒരു നിഷ്കളങ്കത നിറഞ്ഞ മുഖം... എന്തോ അവന്റെ നിഷ്കളങ്കത തന്നെയാവണം ബാക്കി കൂടെ കേൾക്കാൻ ആയി അവരെ അവിടെ പിടിച്ച് നിർത്തിയത്... എന്റെ കയ്യും കാലും വെറചിട്ട്‌ പാടില്ല... എന്‍റെൽ ഇത്ര പൈസ ഒന്നും ഇല്ല .. അന്നന്ന് നൂറു രൂപ തികച്ച് കിട്ടുന്നത് തന്നെ ഭാഗ്യത്തിനാ.. എന്തേലും ഒന്ന് ചെയ്യ് സിസ്റ്റ്റെ... തന്റെൽ ഇല്ലേൽ താൻ ആ പേഷ്യന്റിന്റെ ആരെനെങ്കിലും വിളിക്ക്... അല്ലാണ്ട് എനിക്ക് അതാണോ പണി.. അവൻ അവരെ ദയനീയമായി നോക്കി... അകത്ത് ഡോക്ടറിന്റെ കയ്യിൽ നിന്നും കേട്ട ചീത്തയുടെയും ഷിഫ്റ്റ് ഇല്ലാത്ത വർക്ക് ലോഡ് കാരണവും ആ സ്ത്രീക്കും ഇങ്ങനെ ഒക്കെ തന്നയെ പറയാൻ കഴിഞ്ഞുള്ളൂ... നേഴ്സ് പോയതും രുദ്രനും മാളുവും അവനടുത്തേക്ക് നടന്നു... ബില്ലും കയ്യിൽ പിടിച്ച് പോക്കറ്റിലേക്ക് നോക്കുന്ന അവനെ കാണെ അവർക്ക് പാവം തോന്നി.. മുന്നിൽ ആരോ നിൽക്കുന്നത് തോന്നിയതും അവൻ മുഖമുയർത്തി.. അവരെ കണ്ടപ്പോൾ ഇത്ര നേരം മിഴിച്ച് നിന്ന ആ കണ്ണുകൾ നിറഞ്ഞുവോ...

സാറ് അകത്ത് കിടക്കുന്ന ആളുടെ ആരെങ്കിലും ആണോ ... പ്രതീക്ഷ ഉണ്ടായിരുന്നു നീർത്തിളക്കം ബാധിച്ച കണ്ണുകളിൽ... അവർ അല്ലെന്ന് തലയാട്ടി... നിരാശ നിഴലിച്ചു ആ മുഖത്ത്.. എന്തെങ്കിലും പ്രശ്നമുണ്ടോ... പ്രശ്നം ഉണ്ടൊന്നോ.... എന്റെ സാറേ ഇന്നത്തെ കാലത്ത് ഒരാളെ സഹായിക്കരുത്... കഷ്ടപ്പാട് കൊണ്ട് ഓട്ടോ ഓടിക്കുന്നതാ ... ഇന്നും അതിനു തന്നെ ഇറങ്ങിയതാ... സ്റ്റാന്റ് എത്തിയപ്പോൾ ആണ് അവിടെ ഒരു കൂട്ടം... ഏതോ വയസ്സായ സ്ത്രീ ബസ് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ വന്നതും ചീറി പാഞ്ഞ ഒരു ബൈക്ക് തെറിപ്പിച്ച് പോയി..... ഒരൊറ്റ കുഞ്ഞ് ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്കണില്ല... നാട്ടുക്കാർ കുറെ പേര് ചേർന്ന് എന്റെ വണ്ടീൽ കേറ്റുമോ ചോദിച്ച്.. ഒരു ജീവൻ ഇനി താൻ കാരണം പോകണ്ട കരുതി സമ്മതിച്ചു... അവരും ഒപ്പം കേറി.. പക്ഷേ ഹോസ്പിറ്റലിൽ എത്തിയപ്പോൾ എല്ലാവരും ഒരൊറ്റ പോക്ക്... ഇതിപ്പോ എല്ലാം എന്റെ തലേൽ... ഇവർ ആണേൽ പറഞ്ഞിട്ടും കേൾക്കുന്നില്ല... എന്‍റെലു ഒരു പഞ്ഞി വേടിക്കാൻ പോലും കാശില്ല സാറേ... ഞാൻ ഇവിടന്ന് അനങ്ങുന്നുണ്ടോ നോക്കാൻ ദാ ആ സെക്യൂരിറ്റിക്കാരനെ നിർത്തിയോക്കുന്നത് കണ്ടോ... അവൻ തങ്ങളെ വീക്ഷിക്കുന്ന സെക്യൂരിറ്റിക്കാരനെ കാണിച്ച് കൊടുത്തു.. ശെരിയാണ് ഇങ്ങോട്ട് തന്നെയാണ് നോക്കി നിൽക്കുന്നത്... എനിക്കൊന്നും അറിയാൻ പാടില്ല... ആ അമ്മച്ചിയുടെ ബന്ധുക്കളെ വിളിക്കാൻ ആ അമ്മച്ചി തന്നെ കണ്ണ് തുറക്കണം...

തലക്ക് എന്തോ പറ്റിയിട്ടുണ്ട്.. എപ്പോ കണ്ണ് തുറക്കോ എന്തോ... അത്രയും പറഞ്ഞ് കൊണ്ടവൻ ചെയറിലേക്ക്‌ ഇരുന്നു തലക്ക് കൈ താങ്ങി... രുദ്രൻ മാളുവിനേ നോക്കി നേർമയായി പുഞ്ചിരിച്ചു... ആ ബില്ലങ്ങ് കാട്ടിയെ... രുദ്രൻ അവന് മുന്നിലേക്ക് കൈ നീട്ടി ... അവൻ ഞെട്ടി പിടഞ്ഞ് എണീറ്റു... വിശ്വാസം വരാത്ത പോലെ ഇരുവരെയും മാറി മാറി നോക്കി... ഇങ്ങനെ മിഴിച്ച് നിൽക്കാതെ ബില്ല് കാട്ട്‌ ചെക്കാ.... രുദ്രൻ ചിരിയോടെ പറഞ്ഞതും അവൻ യാന്ത്രികമായി ബില്ല് നൽകി... നീ നിത്യയുടെ അടുത്തേക്ക് ചെല്ല്.... ഹ്‌മ്മ്‌... രുദ്രൻ അവളുടെ തോളിൽ തട്ടി... എന്നിട്ട് അവനെ നോക്കി.. ഞാൻ വരുന്നത് വരെ ഇവിടെ ഉണ്ടാവണം... അത് കേട്ടവൻ തലയാട്ടി... അല്ലാ എന്താ നിന്റെ പേര് ?? ഹരീന്നാ ചേട്ടാ .. രുദ്രൻ മൂളി തിരിഞ്ഞ് ബില്ല് പേ ചെയ്യാൻ നടന്നു... ദർഷിനേ കോൾ ചെയ്ത് ഇങ്ങോട്ട് വരുവാനും ഒപ്പം ലൊക്കേഷനും അയച്ച് കൊടുത്തു... മാളു അവനെ നോക്കി പുഞ്ചിരിച്ചു .. തിരികെ അവനും... മാളു ആ ചില്ല് കൂടിനു ഉള്ളിലേക്ക് മിഴികൾ നാട്ടിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല.. തെല്ലൊരു നിരാശയോടെ അവൾ നിത്യയുടെ അടുത്തേക്ക് നടന്നു... അവള് പിന്തിരിഞ്ഞതും ഡോർ തുറന്നു... നേഴ്സ് കടന്ന് ആ പഴുതിലൂടെ ആ ബോധം മറഞ്ഞ ആ അമ്മയെ കാണാമായിരുന്നു... എന്തായി ബില്ലടച്ചോ...

അടക്കാൻ പോയിട്ടുണ്ട്... അവന്റെ മറുപടിക്ക് അമർത്തി മൂളി നേഴ്സ് അകത്തേക്ക് തന്നെ കയറി... അവനൊന്നു നെടുവീർപ്പ് ഇട്ടു.. ❇ പേടിപ്പിച്ച് കളഞ്ഞല്ലോ മോളെ നീ... മാളു വാത്സല്യത്തോടെ നിത്യയുടെ നെറുകയിൽ തലോടി... നിത്യ വെളുക്കനെ ഒന്ന് ചിരിച്ചു... അത് കണ്ടപാടെ മാളുവിന്‌ സംശയമായി ... നീ ഭക്ഷണം കഴിച്ചില്ലെ... ഹെ ???? ഇച്ചിരി ... കള്ളം പിടിക്കപ്പെട്ട പോലെ നിത്യ തല താഴ്ത്തി... ഹും... ഇനി ഇങ്ങനെ കാണിച്ച.. നീ കാണുന്ന പോലെ ഞാൻ അത്ര പാവൊന്നും അല്ലാ... കേട്ടോ... ഓ പിന്നേ... എന്റെ ഏട്ടത്തി പഞ്ചപാവം ആണെന്ന് എനിക്ക് അറിഞ്ഞുടെ... അവളുടെ ഏട്ടത്തി വിളി കേട്ട് മാളു മിഴിച്ച് നോക്കി... അത് കണ്ടതും നിത്യ നാവ് കടിച്ചു... അത് പിന്നെ... ദർഷ് വിളിക്കുന്നത് കേട്ട്.... അവൾ വാക്കുകൾക്കായി പരതി.. ഓഹോ അപ്പോ അവൻ വിളിക്കുന്നത് കേട്ടാണ് അല്ലാതെ ഞാൻ നിന്റെ ഏട്ടത്തി ആയത് കൊണ്ട് അല്ലാ അല്ലേ...... അവളുടെ ഭാവം കണ്ട് ചിരി വരുന്നുണ്ടെങ്കിലും ഇത്തിരി ഗൗരവം കലർത്തി തന്നെ ചോദിച്ചു. . അല്ലാ അങ്ങനെ അല്ല.. എന്റെ ഏട്ടത്തി തന്നെയാ .. മാളു പുഞ്ചിരിക്കുന്നത്‌ കണ്ടപ്പോൾ ആണ് നിത്യക്ക് ശ്വാസം നേരെ വീണത്... ഏട്ടായി എവിടെ...?? നിത്യ അപ്പോഴാണ് അവന്റെ അഭാവം ഓർത്തത്...

മാളു നടന്നതെല്ലാം പറഞ്ഞു.. ഇതിപ്പോ ഏട്ടത്തിയുടെ മുഖം കണ്ടാ സ്വന്തം അമ്മക്ക് എന്തോ പറ്റിയത് പോലെ ആണുട്ടോ... ഇത്ര ടെൻഷൻ എന്തിനാ... അതിനു മാളു ഒന്ന് ഞെട്ടി... ഉള്ളിൽ എവിടെയോ ഒരു നീറ്റൽ... ഹൃദയം അമ്മ എന്ന മന്ത്രം ചൊല്ലി പഠിക്കുന്നത് പോലെ ... മാളു കണ്ണുകൾ അടച്ച് സ്വയം നിയന്ത്രണം ഏർപ്പെടുത്തി.. ❇ രുദ്രൻ ബില്ല് അടച്ച് വരുന്നത് വരെ ഹരി അവിടെ നിന്നിരുന്നു... ഇപ്പോ ആ മുഖത്ത് ടെൻഷൻ ഇല്ലായിരുന്നു... മുണ്ടിന്റെ തുമ്പ് കയ്യിൽ പിടിച്ച് വരുന്ന രുദ്രനെ അവൻ നന്ദി പൂർവ്വം തന്നെയാണ് നോക്കിയത്... അവന്റെ അടുത്ത് എത്തിയതും ഒന്ന് നോക്കി ചെയറിലേക്ക്‌ ഇരുന്നു... നിനക്ക് ഇന്ന് ഓട്ടം ഇല്ലെ ചെക്കാ... അവൻ ഉണ്ടെന്ന് തലയാട്ടി... എന്നാ പിന്നെ വിട്ടോ... രുദ്രൻ മുണ്ടൊന്ന് കുടഞ്ഞിട്ടു.. അപ്പോ ഇവിടെ ആരാ ... എന്താടാ നിനക്ക് ഇനീം ഇവിടെ നിക്കണോ... പിരീകം കുറുക്കി ചോദിച്ചതും ആ ഗൗരവ ഭാവത്തിൽ ഹരി ഉമിനീർ ഇറക്കി വേണ്ടായെന്ന് തലയനക്കി... അപ്പോ പൊക്കോ.... ആ പിന്നെ... തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയവനെ അവൻ വിളിച്ചു... കുറച്ച് കാശ് എടുത്ത് നീട്ടി.... ഒന്നൂലേലും ഇത്ര നേരം കളഞ്ഞില്ലെ.. പിന്നെ അകത്ത് കിടക്കുന്നത് എനിക്ക് ചിലപ്പോ അമ്മ ആയിട്ടോക്കേ വന്നാലോ... ഇതൊക്കെ എനിക്ക് ചെയ്യാം... പിടിക്ക്.... പിടിക്കെടാ....

വാങ്ങിക്കാൻ മടി കാട്ടിയവൻ അവസാനത്തെ വാക്കിൽ കൈ നീട്ടി വാങ്ങി അത് പോക്കറ്റിൽ വെച്ചു... എന്നിട്ടൊരു ഓട്ടം ആയിരുന്നു.. അവന്റെ പോക്ക് കണ്ട് പൊട്ടി വന്ന ചിരി അടക്കി അവൻ ചെയറിലേക്ക്‌ ചാഞ്ഞു... സമയം ഓടി കൊണ്ടിരുന്നു... ഹോസ്പിറ്റലിന്റെ മുൻപിൽ എത്തിയതും ദർഷ്‌ രുദ്രനെ കോൾ ചെയ്തു... അവൻ പറഞ്ഞ് കൊടുത്ത വഴിയേ ദർഷ് നടന്നു... നേരെ നടന്നു ചെന്നത് നിത്യയുടെയും മാളുവിന്റെയും അടുത്തേക്കാണ്... ഡ്രിപ്പ് മാറ്റിയിരുന്നു അപ്പോഴേക്കും.. പക്ഷേ മയക്കത്തിൽ ആയിരുന്നു നിത്യ.. ദർഷ് വന്നത് കണ്ടതും മാളു അവനെ സംശയത്തോടെ നോക്കി .. അവനെ ഇവിടെ അവള് പ്രതീക്ഷിച്ചില്ല.. വിളറി പോയ മുഖം കണ്ടപ്പോൾ മാളു എല്ലാം മറന്ന് കണ്ണുചിമ്മി.. അവന്റെ പേടി മാറ്റാൻ എന്ന പോലെ... എന്ത് പറ്റിയതാ ഏട്ടത്തി.. ഇവൾ എന്താ ഇവിടെ.. നിങ്ങളുടെ കൂടെ...എനിക്കൊന്നും മനസിലാവുന്നില്ല... മയങ്ങി കിടക്കുന്നവളെ നോക്കി കൊണ്ട് തന്നെ അവൻ ആരാഞ്ഞു... വീട്ടിൽ എത്തിയിട്ട് പറഞ്ഞ് തരാടാ ചെക്കാ... പിന്നെ നിത്യക്ക് ഒന്നുമില്ല..ഭക്ഷണം കഴിക്കാത്തത് കൊണ്ട് ഞങൾ ഇത്തിരി ഗ്ലൂകോസ് കേറ്റി കൊടുത്തതല്ലെ ..അതൊക്കെ പോട്ടെ നീ എന്താ ഇവിടെ ... മാളു എഴുന്നേറ്റ് അവന്റെ നിവർന്ന് കിടക്കുന്ന ഷർട്ടിന്റെ കോളർ നേരെ ആക്കി...

അത് ഏട്ടൻ ലൊക്കേഷൻ അയച്ച് തന്നിട്ട് വേഗം വരാൻ പറഞ്ഞു... ഞാൻ ആകെ പേടിച്ച് പോയി... ഹോസ്പിറ്റൽ എന്നൊക്കെ കേട്ടപ്പോ... അപ്പോഴും അവന്റെ മിഴികൾ ക്ഷീണം ബാധിച്ച നിത്യയുടെ മുഖത്ത് ആയിരുന്നു.. ഉള്ള് മുഴുവൻ സംശയം... നിത്യക്ക് ഇങ്ങനെ ഒന്ന് പറ്റാൻ... ഭക്ഷണം ഒരു നേരം പോലും മുടക്കാത്തവൾ ആണ്.. അല്ല ഏട്ടൻ എവിടെ.... ചുറ്റും നോക്കി അവൻ ചോദിച്ചു... ഐ സി യു വാർഡിന് മുൻപിൽ... ദർഷ് നെറ്റി ചുളിച്ചു... കൂടുതൽ ഭയം ഒന്നുമില്ലായിരുന്നു.. കാരണം ഏട്ടത്തി തീർത്തും ശാന്തമായാണ് അത് പറഞ്ഞത്... മ്മ് ഏട്ടത്തി ഇവിടെ നിൽക്ക്‌ . ഞാൻ ഒന്ന് നോക്കട്ടെ... ദർഷ് അവിടെ ചെല്ലുമ്പോൾ ആരുമില്ലായിരുന്നു... ഇവിടെ എവിടെ... അവൻ എളിയിൽ കൈ കുത്തി തിരിഞ്ഞപ്പോൾ കണ്ടൂ ഡോക്ടറോട് സംസാരിച്ച് വരുന്ന ഏട്ടനെ... ഡോക്ടർ വാർഡിനു ഉള്ളിലേക്ക് കടന്ന് പോയതും രുദ്രൻ അവന് നേരെ തിരിഞ്ഞു... കണ്ടില്ലേ അവരെ... ആഹ്‌ ഏട്ടാ.. അല്ല ഇതിനുള്ളിൽ ആരാ... ഏട്ടൻ എന്താ വരാൻ പറഞ്ഞത്... അറിയില്ല... ഏതോ വയസ്സായ ഒരമ്മ... തലക്ക് പരിക്ക് പറ്റിയിട്ടുണ്ട്... ആരും കൂടെ ഇല്ല... ഇങ്ങനെ ഉള്ളോർക്ക്‌ ഒപ്പം അല്ലേ നമ്മൾ കൂട്ട് നിക്ക.. എന്തായാലും ഞാൻ ഇന്ന് ഇവിടെ നിൽക്കാണ്... അമ്മക്ക് നാളെയെ ബോധം വീഴുള്ളൂ... അത് വരെ ആരെങ്കിലും വേണ്ടെ..

നീ അവരേം കൊണ്ട് വീട്ടിലേക്ക് പോക്കോ... അവർ എന്ന് പറഞ്ഞ നിത്യ ഇനി മുതൽ നമ്മുടെ കൂടെ ഉണ്ടാകും... സംശയം ഉണ്ടാകും .. അതൊക്കെ നിന്റെ ഏട്ടത്തി പോകുന്ന വഴിക്ക് മാറ്റി തരും... രുദ്രൻ ദർഷിൻെറ മുടി പിന്നിലേക്ക് ഒതുക്കി വെച്ച് കൊണ്ട് പറഞ്ഞ് തീർത്തു.. അല്ല ഏട്ടൻ ഒറ്റക്കോ... ഞാൻ നിൽക്കാം... എയ്‌ അതിന്റെ ആവശ്യമില്ല... നീ ചെല്ലെന്നാ...നിത്യക്കൊപ്പം ഉണ്ടാകണം നീ.. കുരുത്തക്കേട് ഒപ്പിക്കാതെ... അതിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥം മനസിലായതും അവൻ ഇളിച് കാട്ടി... ദർഷ് പോയി മാളുവിനോട് കാര്യം പറഞ്ഞു... ഹരിയെ പറഞ്ഞ് വിട്ടപ്പോൾ തന്നെ മനസ്സിലായിരുന്നു ഇന്നിവിടെ ചിലപ്പോ നിൽക്കുമെന്ന്.. പക്ഷേ തന്നെ കൂടെ ഒപ്പം നിർത്തുമെന്ന് കരുതി... പിന്നെ നിത്യയെ ഓർത്തപ്പോ അത് ശരിയല്ല എന്നും അവൾക്ക് തോന്നി... ദർഷിനെ കണ്ടപ്പോൾ നിത്യക്ക് സന്തോഷം ആണോ സങ്കടം വന്നതെന്ന് മനസിലായില്ല... ആ നെഞ്ചില് പോയി ചാരാൻ ആണ് തോന്നിയത്.. പിന്നെ സന്ദർഭം അതിനു അനുവദിക്കാത്തത് കൊണ്ട് അവള് പുഞ്ചിരിച്ചതെ ഉള്ളൂ... അവരോട് താഴെ വെയിറ്റ് ചെയ്യാൻ പറഞ്ഞ് മാളു രുദ്രനേ കാണുവാൻ പോയി... പോവാണ്.... അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ടവൾ പറഞ്ഞു... രുദ്രൻ നേർമയിൽ മൂളി... ഭക്ഷണം കഴിക്കണം..

നിത്യയുടെ കാര്യം നോക്കിക്കോളോ.. ഒരു കുറവും ഉണ്ടാക്കരുത് നമ്മുടെ വീട്ടിൽ.. ഞാൻ വിളിക്കാം.... അത്രയും പറഞ്ഞ് അവളുടെ മൂർദ്ധാവിൽ ചുംബിച്ച് വിട്ടു... തിരിവ് കടക്കുന്നത് വരെ പിന്തിരിഞ്ഞ് നോക്കി നോക്കി മാളു നടന്നകന്നു... ❇ ആരും അല്ലാന്നിട്ട് കൂടി നിങ്ങള് കാണിക്കുന്നത് വലിയ മനസ്സാണ് Mr. രുദ്രൻ ... രുദ്രൻ മറുപടി ആയി ഡോക്ടർക്ക് പുഞ്ചിരി മാത്രം നൽകി... ആൾക്ക് ഇപ്പോ എങ്ങനെ ഉണ്ട്... കൈമുട്ടും ആടിയുടെ അവിടെയും ഉരഞ്ഞ് പൊട്ടിയിട്ടുണ്ട്.. പിന്നെ ഉള്ളത് തലയുടെ ബാക്കിൽ ഉള്ള പൊട്ടൽ ആണ്.. കാര്യമായിട്ട് ഇല്ലെങ്കിലും അതേ സ്പോട്ടിൽ മുൻപ് ഡീപ് ആയിട്ട് തന്നെ ഒരു മുറിവ് ഉണ്ടായിട്ടുണ്ട്... അവിടെ തന്നെ ആയത് കൊണ്ടാണ് ഇത്തിരി കൊമ്പ്ളികേറ്റെഡ് ആയത് ... എന്തായാലും നാളെയെ ബോധം വരുള്ളൂ... അത് കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാം... ഓക്കേ താങ്ക്യൂ ഡോക്ടർ... രുദ്രൻ തിരികെ വന്നു ആ ചില്ല് കൂട്ടിലേക്ക് നോക്കി... തലയിലും കയ്യിലും ആടി ഭാഗത്ത് ആയിട്ടും ചുറ്റി കെട്ടലുമായി ഒരമ്മ... തന്റെ അമ്മ ആയിരുന്നെങ്കിൽ ഇതിനേക്കാൾ പ്രായം ഉണ്ടാകുമായിരുന്നു ... അവനോർത്തു... ഇൗ വേള ആ അമ്മയുടെ തലയിൽ ഒരായിരം വിസ്ഫോടനം നടക്കുകയായിരുന്നു ... അവരുടെ പുരികവും നെറ്റിയും വേദനയിൽ അല്ലാതെ ചുളിഞ്ഞു...

ദീപ ശോഭയിൽ നിൽക്കുന്ന ഒരാഗ്രഹാരവും അവിടെ ഏതോ ഒരു വീട്ടു വരാന്തയിൽ കളി പറഞ്ഞ് ചിരിച്ച് ഓടി നടക്കുന്ന ഒരു പെണ്ണ് അവരുടെ മിഴികളിൽ തെളിഞ്ഞു... അവളുടെ കുസൃതിയും കുറുമ്പും എല്ലാം ഇന്നലെകൾ പോലെ മിന്നി മാഞ്ഞു... അവിടേക്ക് പ്രണയം ചാലിച്ച് നാണത്താൽ അവളെ വശീകരിക്കുന്ന രണ്ട് മിഴികൾ.... എല്ലാത്തിനും ഒടുവിൽ അവരുടെ വിവാഹം... നൊന്തു പ്രസവിച്ച മകൾ.... ആദ്യമായി അമ്മെ എന്ന ഇളം ശബ്ദം കേട്ടത്... സന്തോഷം അലയടിച്ച ജീവിതം... അവസാനം......... അത് ഓർമ്മയിൽ എത്തിയതും അവരുടെ ഹൃദയം വലിഞ്ഞ് മുറുകി.... കൂടി കൊണ്ടിരിക്കുന്ന അവരുടെ ഹാർട്ട് റേറ്റ് കാണെ കസേരയിൽ ഇരിക്കുന്ന നേഴ്സ് ഭീതിയിൽ ചാടി എണീറ്റു.... ഓർമകളുടെ കുത്തൊഴുക്കിൽ ആ അമ്മ ശ്വാസത്തിന് വേണ്ടി പിടയുകയായിരുന്നു.... നേഴ്സ് പേടിച്ച് പുറത്തേക്ക് ഓടി ഡോക്ടറെ വിളിക്കാൻ... അവരുടെ പോക്ക് കണ്ട് രുദ്രൻ അന്ധാളിച്ചു... അവൻ അകത്തേക്ക് നോക്കി... ഇത്ര നേരം ഒരു ചെറുവിരൽ പോലും അനങ്ങാതെ കിടന്നിരുന്ന ആ അമ്മ ഇപ്പോ ബെഡിൽ ഇളകി മറിയുന്നു... അവൻ ഒന്നും മനസ്സിലാകാതെ അവരെ തന്നെ ഉറ്റുനോക്കി... പതിയെ ആ ശരീരം പൂർവ സ്ഥിതിയിലേക്ക് വന്നൂ.... ഇന്നവർ ശരീരം കൊണ്ടും മനസ്സ് കൊണ്ടും പഴെത് പോലെ.. അവർ തന്നെ മറന്നു പോയ പഴേ അവസ്ഥയിലേക്ക്... അതേ മനുഷ്യരാൽ കളയാൻ വിധിക്കപ്പെട്ടു പോയ ഓർമകൾ അവർക്ക് തിരികെ വന്നിരിക്കുന്നു.... ദൈവം ഇനി ആ അമ്മക്കായ്‌ കരുതി വെച്ച ദിനങ്ങൾക്ക്‌ ആയി ........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story