സിന്ദൂരമായ്‌ ❤: ഭാഗം 36

sinthooramay

രചന: അനു

തെല്ലും ഭയം അവളിൽ ഉണ്ടായിരുന്നില്ല... അതവനെ പിന്നിലേക്ക് തന്നെയാണ് വലിച്ചത്... സംസാരിച്ച് തീർന്നെങ്കിൽ നിനക്ക് പോകാം.... പിന്നെ ഉപദേശം ആയി കാണണ്ട... നിന്റെ നല്ലതിന് വേണ്ടി പറയാം... പക പോക്കാനോ ദേഷ്യം തീർക്കാനോ ഞങ്ങളുടെ ജീവിതത്തിലേക്ക് വരരുത്... വന്നാൽ.... നിന്റെ നല്ലതിനാകില്ല അത്.... അവളിൽ നിന്നുള്ള അവസാന മുന്നറിയിപ്പ് ആയിരുന്നു അത്.... ദേവൻ ദേഷ്യത്തിൽ അതിലുപരി അപമാനത്തിൽ അവിടെ നിന്നും ഇറങ്ങി പോയി പിന്നിൽ അതെല്ലാം കേട്ട് കൊണ്ട് ലക്ഷ്മി അഭിമാനത്തോടെ അവളെ നോക്കി... ഇന്നവൾ ഭയം കൊണ്ട് വിറച്ച മാളിവിക അല്ല... എന്തും നേരിടാൻ കഴിയുന്ന പറയാൻ കഴിയുന്ന ചെയ്യാൻ കഴിയുന്ന മാളവികരുദ്രദേവരാജൻ ആണ്.... ദേവന്റെ കാർ പൂർണമായും കണ്ണിൽ നിന്നും മാഞ്ഞതും കതക് കുറ്റി ഇട്ട് തിരിഞ്ഞു.. ലക്ഷ്മി അവളെ തന്നെ നോക്കി നിൽപ്പുണ്ട്... മാളു നന്നായൊന്നു ചിരിച്ചു കാണിച്ചു... എന്തായിരുന്നു ഇവിടെ.. ഹേ ?? അത് ഞാൻ ചുമ്മാ ഒന്ന് പേടിപ്പിച്ച് നോക്കിയതല്ലെ... ആ മണ്ടൻ പേടിച്ചു... മാളു ചിരിച്ച് പറയുന്നത് കേട്ടിട്ടും ലക്ഷ്മി കൂർപ്പിച്ച് നോക്കിക്കൊണ്ട് തന്നെയിരുന്നു... ശ്ശേടാ പൂച്ച ആയിരുന്നപ്പോ അതായിരുന്നു കുറ്റം... പുലി ആയപ്പോ അതും കുറ്റം... ഒന്ന് നന്നാവാനും സമ്മതിക്കില്ല ...

ഹും.... ലക്ഷ്മി കേൽക്കത്തക്ക വിധത്തിൽ പറഞ്ഞ് കൊണ്ട് മാളു മുന്നോട്ട് നടന്നു... ഇനി ഇങ്ങനെ നിന്ന് കാൽ നീര് വെപ്പിക്കാൻ ആണോ ഉദ്ദേശം... അവിടെ എങ്ങാനും പോയി ഇരുന്നെ.... വീർത്ത് കെട്ടിയ മുഖത്തോടെ ലക്ഷ്മിയെ നോക്കി പറഞ്ഞ് ചുണ്ടും കോട്ടി പോകുമ്പോൾ കേൾക്കാമായിരുന്നു പിന്നിൽ നിന്നുള്ള ചിരി.... മാളു പിന്നിലേക്ക് തിരിഞ്ഞു... എന്റെ കുഞ്ഞ് വരുമ്പോഴേക്കും ആ മുഖം വീർപ്പിച്ച് പൊട്ടിക്കോ നീയ്‌.... നിനക്ക് മാത്രം അല്ലാല്ലോ എനിക്കും അറിയാം പേടിപ്പിക്കാൻ.... അതിനു ആരു പേടിച്ചു.... മാളു അങ്ങനെ പേടിക്കൊന്നും ഇല്ല... അതും അറീല പേടിപ്പിക്കാനും അറിയില്ല ഇൗ ലക്ഷ്മി അമ്മക്ക്... അത്രയും പറഞ്ഞ് കയ്യിലെ പൊടിയും തട്ടി മാളു അടുക്കളയിലേക്ക്‌ കയറി... ഇങ്ങനെ ഒരു പെണ്ണ്.... അവളുടെ പോക്ക് കണ്ട് അവർ പുഞ്ചിരിയോടെ നോക്കി..... ❇ ഉച്ചക്ക് ഭക്ഷണം കഴിച്ച് പോയ ആൾക്കാർ പിന്നെ തിരിച്ച് എത്തിയത് സന്ധ്യക്ക് ആണ്.... ദീപം തെളിയിച്ച് നാമം ജപിക്കുന്ന മാളുവിനേ കണ്ടാണ് ഇരുവരും ഉമ്മറത്തേക്ക് കയറിയത്.... കണ്ണടച്ച് ഇരുന്നാലും അവരുടെ സാമീപ്യം അവളറിഞ്ഞിരുന്നു... കുളിക്കാത്തത്‌ കൊണ്ട് തൊട്ടു തൊഴാൻ നിൽക്കാതെ ഉള്ളാൽ പ്രാർത്ഥിച്ച് ഇരുവരും അകത്ത് കടന്നു... അവിടെ സോഫയിൽ ലക്ഷ്മി ഇരിപ്പുണ്ട്...

ആഹാ പോയ ആൾക്കാർ ഇപ്പോ ആണോ വരുന്നേ.... ഇത്തിരി ലേറ്റ് ആയി പോയോന്നൊരു സംശയം ഞങ്ങൾക്കും തോന്നാതിരുന്നില്ല അല്ലേ നിത്യെ.... അതേ അതേ... മാളിന്റെ ഉള്ളിൽ നിന്നാ ആകാശം മാത്രം കാണാൻ പറ്റില്ല... പിന്നെ ഫോണിൽ സമയം നോക്കാൻ ഞങ്ങൾക്ക് അറിയത്തെ ഇല്ല.. പെട്ട് പോയി.. പിന്നെ അതൊക്കെ പഠിച്ച് വന്നപ്പോ ഇൗ നേരം ആയ്... നിത്യ പറയുന്നത് കേട്ട് ദർഷ്‌ പകച്ചു പോയ്... പെട്ടു പോയതല്ല.. ഇവള് പെടുത്തീതാ.. മനസ്സിൽ പറഞ്ഞ് കൊണ്ട് ദേഷിച്ച് നോക്കുന്ന ലക്ഷ്മിക്ക് പോയൊരു മുത്തം നൽകി... മതീടാ സോപ്പ് ഇട്ടത്.... ഭാഗ്യത്തിന് ഇവിടെ ഒന്നും ഉണ്ടായില്ല...എന്തെങ്കിലും നടന്നിരുന്നു എങ്കിലോ... എന്ത് നടന്നുന്നാ.... രണ്ടാളും ഒരുപോലെ ചോദിച്ചു... ഏതോ ഒരു ചെക്കൻ വീട്ടിലേക്ക് കയറി വന്നിട്ട് വായിൽ തോന്നിയത് ഒക്കെ വിളിച്ച് പറഞ്ഞു... ഹൊ ഒന്നും പറയണ്ട... അപ്പോഴും ഇരുവർക്കും കാര്യം മനസ്സിലായില്ല .... ദേവെട്ടനോ..... നടന്നതെല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ നിത്യ അറിയാതെ പറഞ്ഞു പോയി... പേര് കേട്ട് ദർഷ് മുഖമുയർത്തി നോക്കിയത് നാമജപം കഴിഞ്ഞ് വന്ന മാളുവിന്റെ മുഖത്തേക്ക് ആണ്....

ആ മുഖം കണ്ടാൽ അറിയാം താൻ ഇതൊന്നും അറിയറുതെന്ന് ഏട്ടത്തി ആഗ്രഹിച്ചിരുന്നു എന്ന്.... നിത്യ പോയി മാളുവിനേ കെട്ടിപിടിച്ച് കുറെ സോറിയും മറ്റും പറഞ്ഞു... താൻ കാരണം ആണല്ലോ എന്നൊരു തോന്നൽ അവളിൽ ഉണ്ടായിരുന്നു...അതോടൊപ്പം അവളുടെ ഉഗ്രൻ പ്രകടനത്തിന് മുത്തവും നൽകി... അതൊക്കെ വിട്ടെ ... പോയ കാര്യം എന്തായി ... എല്ലാം വാങ്ങിയോ.... നിത്യയെ ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു... നിത്യ വാങ്ങി എന്ന പോൽ തലയാട്ടി... അപ്പോഴും ദർഷ് മൗനത്തിൽ ആയിരുന്നു...ശാന്തമായിരുന്നു ... ചെറു പുഞ്ചിരിയും ആത്മവിശ്വാസവും ആ മുഖത്ത് ഉണ്ടായിരുന്നു... അത് കാണെ മാളുവിന്റെ ഉള്ളിൽ ഒരു കാളൽ ഉണ്ടായി... രുദ്രന്റെ സ്വഭാവത്തിന് നേർ വിപരീതമാണ് ദർഷ്... രുദ്രന് ദേഷ്യം വന്നാൽ അത് ആ മുഖത്ത് ഉണ്ടാകും.. സംഹാര രൂപിയാണ്.... പക്ഷേ ദർഷ് അങ്ങനെ അല്ല... ആഴകടൽ പോലെയാണ്... പുറമെ വളരെ ശാന്തവും ഉള്ളിൽ ഒരഗ്നി പർവതം പോലെയും... പിന്നെ ഏട്ടത്തി... ഏട്ടത്തിക്ക്‌ ഒരു ഗിഫ്റ്റ് ഉണ്ട്... തന്റെ കൈകളെ പൊതിഞ്ഞ് പിടിച്ച് പറയുന്നത് കേട്ടപ്പോൾ മാളു ചിന്തയിൽ നിന്നും തിരികെ വന്ന് സംശയത്തോടെ നെറ്റി ചുളിച്ചു... നിത്യ അവളെ പിടിച്ച് ഇരുത്തി കൊണ്ട് വന്ന കവറിൽ നിന്നൊരു ബോക്സ് എടുത്തു അവളുടെ കയ്യിൽ നൽകി... തുറന്നു നോക്ക് ഏട്ടത്തി...

പിന്നിൽ നിന്നും ദർഷ് പറഞ്ഞു... മാളു ആ ചുവന്ന വെൽവെറ്റ് ബോക്സ് തുറന്നു.... മാളുവിന്റെ മിഴികൾ വിടർന്നു.... അതിൽ ഉള്ളതിനെ അവൾ തന്റെ കയ്യിൽ എടുത്തു... എന്തോ പോകുന്ന പോക്കിൽ കണ്ടതാ ആ ഷോപ്പ്... ഹൈദരാബാദി ഡിസൈൻ ആണ്... കണ്ടപ്പോ തന്നെ ഇഷ്ട്ടായി.. പിന്നെ എനിക്ക് ഇടാൻ ഉള്ള വകുപ്പ് ഇല്ലാത്തത് കൊണ്ട് ആ വശത്തേക്ക് പോയില്ല... എന്നാലും ഏട്ടത്തിക്ക് ചേരുമെന്ന് തോന്നി... മാളുവിന്റെ കയ്യിൽ ഇരിക്കുന്ന മൂക്കുത്തിക്ക്‌ നൽകിയ വിശേഷണം കേട്ട് അവളതിനെ സൂക്ഷിച്ച് നോക്കി. ... ഈശ്വരാ .... എന്ത് ഭംഗിയാ.... ഏതോ അഗ്രഹാരത്തിൽ ജനിച്ച പൊണ്ണ് മാതിരി.... നിത്യ തുള്ളിച്ചാടി കൊണ്ട് മാളുവിന്റെ കവിൾ വലിച്ച് വിട്ടു... കുറച്ച് കൂടെ ഐശ്വര്യം കൂടിയത് പോലെ... ഇനി ഇത് ഇട്ടാൽ മതി... ഇതോ... ഇത് ഒത്തിരി വലുതല്ലെ... എനിക്ക് എന്തോ വലിയത് എന്റെ മുഖത്ത് ഇരിക്കുന്നത് പോലെ... ദർഷ് പറയുന്നത് കേട്ട് മാളു പറഞ്ഞു... അതൊക്കെ പോകെ പോകെ ശരിയാവും ഏട്ടത്തി... ഇതാ ആ മുഖത്തിന് കുറച്ച് കൂടെ ചേർച്ച... മാളു ലക്ഷ്മിയെ നോക്കി... അവരും അതേ എന്ന പോൽ തലയാട്ടി....

എന്തായാലും ഏട്ടന് കൂടെ കാട്ടി കൊടുത്തേക്ക്‌... ചിലപ്പോ ഹോസ്പിറ്റൽ വിട്ട് ഓടി വന്നേക്കും.... ദർഷ് കളി പോലെ പറഞ്ഞതും നിത്യയും ചിരിയോടെ തലയാട്ടി... മാളു അവരെ കൂർപ്പിച്ച് നോക്കിക്കൊണ്ട് മുറിയിലേക്ക് നടന്നു... ഇൗ മൂക്കില് ഒരു ഓട്ട ഇട്ടാലോ.... ദർഷ് അവൾകരികിലേക്ക് നീങ്ങി നിന്ന് കൊണ്ട് പറയുന്നത് കേട്ട് നിത്യ അവനെ ചുഴിഞ്ഞ് നോക്കി... എന്തിന്....എനിക്കൊന്നും വേണ്ട മൂക്കുത്തി... എനിക്ക് അല്ലാതെ തന്നെ ഐശ്വര്യം നിറഞ്ഞ് തുളുമ്പല്ലെ.. ക്രാ തുഫ്... പോയി കണ്ണാടി നോക്കെടി... പിന്നെ എന്തിനാടാ എനിക്ക് മൂക്കിനു ഓട്ട.... തിരികെ അതേ പുച്ഛത്തിൽ അവൾ തിരിച്ചടിച്ചു.... ഒരു ചന്ദനത്തിരി കത്തിച്ച് വെക്കാൻ.... ആ കുളിക്കാത്ത നാറ്റം ഒന്ന് പോകട്ടെ... അവളെ മണത്ത് ഓക്കാനിച്ച് നടന്നു പോകുന്ന അവനെ നിത്യ വാ പൊളിച്ച് നോക്കി.. എന്നിട്ട് സ്വയം ഒന്ന് മണത്ത് നോക്കി... കുഴപ്പം ഒന്നുമില്ലല്ലോ... നല്ല മണം... ഇനീപ്പോ എനിക്ക് അറിയാത്തത് ആണോ...എന്തായാലും ഒന്നൂടെ കുളിച്ചേക്കാം .... മുറിയിലേക്ക് ഓടുന്നവളെ മുകളിൽ നിന്നും കണ്ട് ദർഷ് പൊട്ടിച്ചിരിച്ചു... ❇

രാത്രി മാളു നിത്യക്കൊപ്പം ആണ് കിടന്നത്.... അവൾക്ക് രുദ്രനേ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു ... തിരിഞ്ഞും മറഞ്ഞും കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല... പിന്നെയാണ് അപ്പുറത്ത് കിടക്കുന്ന കക്ഷി താൻ ഉറങ്ങിയോ എന്ന് നോക്കുന്നത് കണ്ടത്... എന്നാൽ പിന്നെ അറിയാത്തത് പോലെ കിടന്നേക്കാം.... ഹിഹി ഉറങ്ങി അല്ലേ ഗൊച്ച് കള്ളി.... നിറ നിറയെ ഫ്ലയിങ് കൊടുത്ത് പമ്മി പമ്മി നടന്നു വാതിൽ ശബ്ദം കൂടാതെ തുറന്നു പുറത്തേക്കു ഇറങ്ങി... ഇവിടെ മൊത്തം ഇരുട്ടാണല്ലോ ദേവീ.... കൺ ചിമ്മി ചിമ്മി കൈ വീശി വീശി എങ്ങനെയോ അവൾ ദർഷിന്റെ മുറിക്ക് പുറത്ത് എത്തി... അവനിട്ട്‌ എന്തായാലും നാല് കൊടുക്കണം... പിന്നെ ഇൗ വശത്തേക്ക് വരാൻ പാടില്ല... ഒന്ന് പിറുപിറുത്തു കൊണ്ട് വാതിൽ മുട്ടാൻ നിന്നതും അത് തുറന്നു.... എന്നിട്ട് അകത്ത് നിന്നും ഒരു കറുത്ത രൂപം പുറത്തേക്ക് വന്നൂ.... ആ...... രണ്ട് ആ വിളി ആകുമ്പോഴേക്കും അവളുടെ വാ പൊത്തിയിരുന്നു... നീ എന്താ ഡീ കൊപ്പേ ഇവിടെ.... അവളെ ഭിത്തിയോട് ചേർത്ത് അവൻ മുരണ്ടു.... എടാ പട്ടി നീ ആയിരുന്നോ... മനുഷ്യന്റെ നല്ല ജീവൻ കളയാൻ.... ഒറ്റ വീക്ക്‌ വെച്ചാ ഉണ്ടല്ലോ.... അവൻ അവളെ നോക്കി പല്ല് ഞെരിച്ചു.. നിത്യ അവന്റെ കൈ തട്ടി മാറ്റി അവനെ ആകേമാനം ഒന്ന് തൊട്ടു തലോടി... ഇതെന്തോന്ന് വേഷമാ....

അവന്റെ ബ്ലാക്ക് ഹുഡീ വേഷം ഫീൽ ചെയ്തു നിത്യ ചോദിച്ചു... ഇതോ... ഞാൻ ഒരു നൈറ്റ് വോക്കിന് പോകാ... അതിന് പിന്നെ പാർട്ടി വെയർ ഇടണോ... എന്താ ഇട്ടാൽ... ദേഹത്ത് നിന്നൂരി പോകോ... ഇവളെ ഇന്ന് ഞാൻ.... നീ ഇപ്പോ ഇത് പറയാൻ ആണോ കെട്ടി എടുത്തത്... അല്ലല്ല.... ഞാനേ.... ആ കോവന് രണ്ട് തല്ല് കൊടുക്കാൻ പറയാൻ ആയിട്ട്... ഏത് നിന്റെ മുറച്ചെറുക്കനോ... ഓ അതന്നെ... നല്ല ഉഷാർ തല്ല് ആയിരിക്കണം... ഏട്ടത്തിയെ നോക്കിയ അവന്റെ കണ്ണ് നീലിച്ച് കിടക്കണം... പറ്റോ സക്കീർ ഭായിക്ക്‌ ... മ്മ് അവനൊന്നു മൂളി.... മ്മ് ന്ന് വെച്ചാ അടിക്കോ.... അതിനു തന്നെയാടി പോണേ... അയ്വാ..... നീ എന്റെ പൊന്നപ്പൻ അല്ലടാ തങ്കപ്പനാ... ഒച്ച വെക്കാതെടി പുല്ലേ.... പിന്നെ ഇതൊന്നും പോയി ഏട്ടത്തിയെ അറിയിക്കണ്ട... കേട്ടല്ലോ... അത് ഞാൻ ഏറ്റു.... പോയി ജയിച്ച് വാ മകനെ.... അവളുടെ ഡയലോഗ് കേട്ടവന് ചിരി വന്നു പക്ഷേ ഗൗരവം വിടാതെ നിന്നു... ഇനി കൂടുതൽ നേരം നിൽക്കാതെ പോയി കിടക്കാൻ നോക്ക്. ചെല്ല്... പോകാൻ ആയി നിന്നതും അവന്റെ ഹൂഡിയിൽ പിടിച്ച് വലിച്ച് ആ കവിളത്ത് മുത്തം നൽകി അവളോടി... പോണ പോക്കിൽ കാലൊന്ന് ചുമരിൽ തട്ടാനും മറന്നില്ല.. വേദന ഉണ്ടായി എങ്കിലും അവൾ നിലവിളിചില്ല... മുട്ടും തടവി കട്ടിലിൽ ചെന്നിരുന്നു.. ദേവാ നിന്റെ കാര്യം ഇന്ന് പോക്കാ... തല്ല് കൊടുക്കാൻ പോയല്ലെ അവൻ... പിന്നില്ലാതെ ... ഇന്നവനിട്ട്‌ രണ്ട് പൊട്ടും... ആരാണ് ചോദിക്കുന്നത് എന്ന് പോലും നോക്കാതെ നിത്യ ആവേശത്തോടെ പറഞ്ഞു....

പിന്നെയാണ് അമളി പറ്റിയത് അവളോർത്തത്.. പിന്തിരിഞ്ഞ് നൊക്കുമ്പോഴേക്കും ബെഡ് ലാംപ് തെളിഞ്ഞിരുന്നു... ബെഡിൽ കയ്യും കെട്ടി അവളെ തന്നെ നോക്കി ഇരിക്കാണ് മാളു... അത് പിന്നെ... ഏട്ടത്തി... ഞാൻ ഒന്നും ചെയ്തില്ല.. ഒക്കെ അവനാ.... നിത്യ നിഷ്കളങ്കത നിറച്ചു.. പിന്നെ നീ എന്തിനാ ഇൗ നേരം പുറത്തേക്ക് പോയത്.... അത് പിന്നെ... സത്യം പറയണം ലെ... ഉറപ്പായും... പിന്നെ വൈകിച്ചില്ല എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞ് കൊടുത്തു... ഇതിൽ കൂടുതൽ ഞാൻ ഒന്നും ചെയ്തില്ല ഏട്ടത്തി.... മ്മ്.. മ്മ്‌... കിടക്കാൻ നോക്ക് നീ.... നിത്യ അപ്പോ തന്നെ കേറി കിടന്നു... ഒപ്പം ലാംപ് ഓഫ് ആക്കി മാളുവും.. അല്ല ഏട്ടത്തി ഏട്ടത്തിക്ക് എല്ലാം കേട്ടിട്ടും ഒരു ഞെട്ടലും ഇല്ലാലോ.... അവളിലേക്ക് ഒതുങ്ങി കൂടി പുണർന്നു കൊണ്ട് അവൾ ചോദിച്ചു... അവനെ കാണാൻ തുടങ്ങിയിട്ട് കുറച്ച് നാളായി ഇല്ലെ... അറിയാം... മാളു അവളെ തഴുകി കൊണ്ട് പറഞ്ഞു... പതിയെ ഇരുവരും കണ്ണടച്ചു... ❇ ഇന്ന് തോറ്റതിന്റെ എല്ലാ ദേഷ്യവും ബാറിൽ തീർത്ത് കൊണ്ടാണ് ദേവ് വീട്ടിലേക്ക് തിരിച്ചത്... പോകുന്ന പോക്കിൽ കണ്ണ് നേരെ മിഴിയാതെ പലപ്പോഴും വണ്ടി പാളി പോയി...

കണ്ണിലേക്ക് ഹെഡ് ലൈറ്റ് വെളിച്ചം അടിച്ചപ്പോൾ ദേവൻ വണ്ടി ബ്രേക്ക് ഇട്ടു നിർത്തി.... ഏത് ##@#@@@@ മോനാടാ എന്റെ വണ്ടിക്ക് വട്ടം വെച്ചോക്കണത്.... കുഴഞ്ഞ നാവാലെ അസഭ്യം വർഷിച്ച് കൊണ്ട് ദേവൻ ഡോർ പുറത്തേക്ക് ഇറങ്ങി... ബുള്ളറ്റിൽ ചാരി കിടന്നു കൊണ്ട് ഇരിക്കുന്നവന്റെ അടുത്തേക്ക് ആടി കുഴഞ്ഞ് കൊണ്ട് അവൻ നടന്നു... അവന്റെ കാലടികൾ അടുത്തേക്ക് വരുന്നത് അറിഞ്ഞതും ദർഷ് വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി .. ഹൂഡീ ക്യാപ്പ് മാറ്റി കൊണ്ട് കൈ കെട്ടി നിന്നു.... ഏതാടാ നീ.... ഞാൻ ഏതാ നീ ഏതാ പറയാൻ അല്ല ഞാൻ വന്നത്.... ചില കണക്ക് അങ്ങ് പെരുകി പെരുകി നിറഞ്ഞു... എനിക്ക് അതൊന്നു ഇറക്കി വയ്ക്കണം... ഇറക്കി വെച്ചോ... ദേവൻ രണ്ട് കയ്യും താഴേക്ക് നീട്ടി പറഞ്ഞു.... അവിടെ അല്ല ഇവിടെ.... അവനെ തൊട്ടു കാണിച്ച് കൊണ്ട് ദർഷ് പറഞ്ഞു...... സമയം മെനക്കെടുത്താതെ വഴീന്നു മാറെടാ.... ദേവൻ അവനെ പിന്നിലേക്ക് തള്ളി... തള്ളിയത് മാത്രമേ പിന്നെ ദേവന് ഓർമ്മ ഉള്ളൂ... ഏത് വഴിയോക്കെയാ പിന്നെ അടി വന്നതെന്ന് അവന് തന്നെ അറിയില്ല...

ഒന്ന് മൂളാൻ പോലും അവസരം നൽകാതെ എല്ലാം കലക്കി കളഞ്ഞു... റോഡിൽ പാമ്പ് പുളയുന്നത് പോലെ പുളയുന്ന ദേവനെ തോളിൽ ഇട്ടു അവന്റെ വണ്ടിയിൽ കൊണ്ടിട്ടു... തൽക്കാലം നീ കേറ്റിയ ലഹരി കാരണം ഞാൻ തന്ന വേദന ഉദ്ദേശിച്ച അത്ര കിട്ടീന്ന് വരില്ല... പക്ഷേ നേരം ഒന്ന് വെളുതോട്ടെ... എല്ലാം ശ്ശടെ പ്പടെ അറിയാം.... അവൻ ദേവന്റെ കവിൾ തട്ടി കൊണ്ട് പറഞ്ഞൂ.... പിന്നെ ഇനി എന്റെ ഏട്ടത്തിക്ക്‌ പിന്നാലെ ഇൗ കണ്ണും നാവും പൊന്തിയാൽ ... നിനക്ക് ഇപ്പോ ജീവൻ എങ്കിലും ഞാൻ തന്നു... അത് തരാതെ അങ്ങ് പരലോകത്ത് എത്തിക്കുന്ന ഒരാളുണ്ട്... നല്ല കുട്ടി ആയാ നിനക്ക് കൊള്ളാം കെട്ടോടാ ... ഹ പിന്നെ നിത്യയെ പൊന്നു മോൻ മറന്നേക്ക്‌.... അതല്ല ഇനിയും വരാൻ ഉദ്ദേശം ഉണ്ടെങ്കിൽ.... ഇല്ലാ..... വേദനയിൽ പോലും ദേവൻ മുരണ്ടു... ആഹാ ഇപ്പോഴേ നല്ല കുട്ടി ആയോ.... അത് കലക്കി.... അപ്പോ ഗുഡ് നൈറ്റ് .... ഡോർ വലിച്ച് അടച്ച് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൻ വീട്ടിലേക്ക് തിരിച്ചു... വീട്ടിൽ എത്തിയിട്ട് പോയതിനേക്കാൾ പയ്യെ ആണവൻ നടന്നത്... ഇനി ശബ്ദം കേട്ട് നേരത്തെ ഓൾ ദി ബെസ്റ്റ് പറഞ്ഞ് പോയവൾ എഴുന്നേറ്റ് വരണ്ട കരുതി... പക്ഷേ മുറിക്ക് മുന്നിൽ എത്തുന്നതിന് മുൻപേ വെളിച്ചം വീണിരുന്നു... തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടൂ തറപ്പിച്ച് നോക്കുന്ന ഏട്ടത്തിയെ...

പിന്നിൽ ആമതോടിന് വെളിയിലേക്ക് തലയിടുന്ന പോലെ നിത്യയും... കുട്ടി പിശാച് എല്ലാം പോയി പറഞ്ഞോ.... മനസ്സിൽ പറഞ്ഞ് മുഖത്ത് ചിരി വരുത്തി അവൻ മാളുവിനേ നോക്കി... എവിടെ പോയിരുന്നു..... അത്... ചൂട് ആയപ്പോൾ... ഇത്തിരി കാറ്റ് കൊള്ളാൻ.... ഇൗ കെട്ടി പൂട്ടിയ വേഷത്തിൽ നിനക്ക് എന്ത് തണവാ കിട്ടിയത്... അവനെ ഒന്നിരുത്തി നോക്കി മാളു ചോദിച്ചു... പോണ പോലെ അല്ലല്ലോ... അവിടെ ചെന്നാ നല്ല തണവ് അല്ലേ.. അപ്പോ തണുക്കാതിരിക്കാൻ സേഫ്റ്റിക്ക്... ഹും... നിന്ന് തിരിയാതെ പോയി കിടക്കാൻ നോക്ക്... അവൻ തലയാട്ടി വേഗം കയറി കതക് അടച്ചു... ശ്ശേ എന്നാലും നാല് ചീത്ത പറയാമായിരുന്നു ഏട്ടത്തിക്ക്... നിത്യ നഖം കടിച്ച് കൊണ്ട് പരിഭവിച്ചു... എടീ കള്ളി നീ ആള് കൊള്ളാലോ.... അവളുടെ കുസൃതി ചിരിയിൽ മാളുവും പങ്ക് ചേർന്നു.. ❇

കസേരയിൽ ഇരുന്നു ഉറങ്ങിയത് കൊണ്ട് രാവിലെ എണീറ്റപ്പോൾ രുദ്രനു നന്നായി കഴുത്ത് കടച്ചിൽ അനുഭവപ്പെട്ടു.... മുഖം കഴുകി തിരികെ വന്നപ്പോൾ ആണ് നേഴ്സ് പേഷ്യന്റിന് ബോധം തെളിഞ്ഞ വിവരം പറഞ്ഞത്... കയറി കാണാൻ കഴിയില്ലേ.... നേഴ്‌സിന്റെ അനുമതി കിട്ടിയതും അവൻ അകത്തേക്ക് കയറി... ബെഡ് അൽപ്പം ഉയർത്തി വെച്ചിട്ടുണ്ട്... മുഖത്ത് നിന്നു ഓക്സിജൻ മാസ്ക് മാറ്റിയിട്ടുണ്ട്.... താൻ വന്നത് ഒന്നും അറിഞ്ഞിട്ടില്ല അവൻ അവരെ സൂക്ഷിച്ച് നോക്കി. .. ആരുടെയോ നല്ല മുഖ പരിചയം.... പക്ഷേ ആ ഉറക്കപ്പിച്ചിൽ അവന് അതിട്ട് കിട്ടിയില്ല.... നേഴ്സ് വന്നു അമ്മക്ക് അവരുടെ ആഭരണങ്ങൾ തിരികെ നൽകി... അതപ്പോൾ തന്നെ അവർ അണിയുകയും ചെയ്തു.... വയസ്സ് ഏറെ ആയിട്ടും വല്ലാത്തൊരു ഐശ്വര്യം നിറഞ്ഞ് നിൽക്കുന്നു എന്ന് അവനു തോന്നി... പെട്ടെന്ന് അവന്റെ കണ്ണുകൾ മിഴിഞ്ഞു... ധൃതി പിടിച്ചവൻ ഫോൺ എടുത്തു.... മാളു അവസാനം ആയി മൂക്കുത്തി ഇട്ട് അയച്ച ഫോട്ടോ ഓപ്പൺ ചെയ്തു.... ഫോൺ അമ്മക്കും അവനും നേരെ പിടിച്ച് അവൻ നോക്കി..... മാളുവിന്റെ അതേ ഛായ.... പക്ഷേ എങ്ങനെ.....??!!??.........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story