സിന്ദൂരമായ്‌ ❤: ഭാഗം 38

sinthooramay

രചന: അനു

മാളു ചെന്ന് നിന്നത് മാതളചെടിക്ക് അടുത്താണ്... തനിക്ക് പിന്നിൽ അവന്റെ ശ്വാസം കഴുത്തിൽ തട്ടിയതും മാളു അൽപ്പം കൂടി മുന്നിലേക്ക് മാറി മാതളപൂവുകൾ കൈ നീട്ടി പറിച്ചു... ഇരു കയ്യിലും നിറഞ്ഞപ്പോൾ രുദ്രൻ അവളെ പറ്റി ചേർന്ന് നിന്നു... ശേഷം അവളെ കൈകളിൽ കോരി എടുത്തു വീട്ടിലേക്ക് തിരിച്ചു കയറി... മുറിയിൽ എത്തിയതും ബെഡിലേക്ക്‌ അവൾ മാതള പൂക്കൾ വിതറി... ആ പൂക്കൾക്ക് മാറ്റ് കൂട്ടാൻ എന്ന വണ്ണം അവളെ കിടത്തി അവളിലേക്ക് അവൻ ഒരു പേമാരി ആയ്‌ പെയ്തിറങ്ങി... ❇ ദിവസങ്ങൾ താളത്തിലും ഒഴുക്കിലും വസന്തം തീർത്ത് പോയി... കിട്ടിയ ഒരാഴ്ചയിൽ പുറത്തേക്കും മറ്റും പോയി ദർഷും നിത്യയും അവരുടെ ജീവിതം ആഘോഷിച്ചു... എയർഫോഴ്സിൽ മെഡിക്കൽ ഫീൽഡിൽ ആയിരുന്നു ദർഷ്... പഠിച്ച് നേടിയത് ആയത് കൊണ്ട് അതിൽ നിന്നും പോരാൻ അവന് മനസ്സ് വന്നില്ല... ആകെ പതിനഞ്ച് വർഷം അല്ലേ സർവീസ് ഉള്ളൂ.. ശേഷം ഏട്ടന്റെ ഒപ്പം കൂടാം എന്നാണ് അവന്റെ ഉള്ളിലെ ചിന്ത ... ഇന്ന് താൻ ഒറ്റക്കല്ല ... ജീവിതത്തിൽ വെളിച്ചം പകരാനും നിറം നൽകാനും ഒരു സഖി ഉണ്ട്...ഫാമിലിയെ കൂടെ കൊണ്ട് പോകാൻ അവസരം ഉണ്ടെങ്കിലും ദർഷ് നിത്യയെ മാളുവിന്റെ അടുത്ത് നിർത്താൻ ആയിരുന്നു താല്പര്യപ്പെട്ടത് ..

നിത്യക്കും അങ്ങനെ തന്നെ ആയിരുന്നു.. പക്ഷേ കല്യാണം കഴിഞ്ഞിട്ട് ഇത്ര പെട്ടെന്ന് ഒരു അകൽച്ച രുദ്രനും മാളുവും സമ്മതിച്ച് കൊടുത്തില്ല... ഇപ്പോ പാഴാക്കുന്ന ഒന്നും ഓർത്ത് പിന്നീട് ദുഃ ഖിക്കേണ്ടി വരരുതെന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നു... അവർ അവരുടെ ജീവിതത്തിൽ നിന്നും പഠിച്ച അനുഭവം.. അത് കൊണ്ട് തന്നെ ആഴ്ച്ചക്കിപ്പുറം നിത്യയേം കൂട്ടി ദർഷ് പോയി... വീട്ടിൽ മാളുവും രുദ്രനും ലക്ഷ്മിയും മാത്രമായി.... അവിടന്നങ്ങോട്ട് ഗീത ഇടക്ക് വരും അവളെ കാണാൻ... ഒരിക്കൽ പോലും ഗീതയുടെ അടുത്തേക്ക് മാളുവിനെ കൊണ്ട് പോകാൻ രുദ്രൻ തുനിഞ്ഞില്ല... ഒരു മാസം അങ്ങനെ കടന്നു പോയി സമാധാനപരമായി ജീവിതം പോയി കൊണ്ടിരിക്കുമ്പോൾ ആണ് പ്രതീക്ഷിക്കാത്ത ഒരഥിതി വീട്ടിലേക്ക് വന്നത്.... മാളു അവരെ നോക്കി പുഞ്ചിരിച്ചു... നിത്യയുടെ അമ്മ അകത്തേക്ക് വരൂ... മാളു അവരെ അകത്തേക്ക് ക്ഷണിച്ചു വേണ്ട ഞാൻ ഇവിടെ നിന്നോളാം... അത്രയും വിനയം നിറഞ്ഞ ശബ്ദം കേട്ടപ്പോൾ മാളു അവരെ അവിശ്വസനീയതോടെ നോക്കി... അന്ന് നിത്യയേ ആ വീട്ടിൽ നിന്ന് കൊണ്ട് വരുമ്പോൾ ആണ് ഇവരെ താൻ ആദ്യം ആയും അവസാനമായും കണ്ടത്... അന്നവർക്ക്‌ അഹങ്കാരം തീർത്ത പ്രൗഢി ആയിരുന്നു... ഇന്ന് വേഷത്തിന് മാറ്റം ഇല്ലെങ്കിലും മുഖത്ത് നന്മ നിറഞ്ഞ് നിൽപ്പുണ്ട്...

അഹങ്കാരമോ ഈർഷ്യയോ ഒന്നും തന്നെയില്ല... അത് പറഞ്ഞാ പറ്റില്ല... അകത്തേക്ക് കയറി ഇരിക്കൂ.... ഒന്ന് ശങ്കിച്ച് കൊണ്ട് അവർ അകത്തേക്ക് കയറി... അവരുടെ കണ്ണുകൾ ആ വീടിന്റെ മുക്കും മൂലയും വീക്ഷിച്ചു... ഇരിക്കൂ ഞാൻ ചായ എടുക്കാം ... അവരുടെ നോട്ടത്തിൽ ഭംഗം വരുത്തി മാളു ചോദിച്ചു... ഒന്നും വേണ്ട മോളെ... ഞാൻ... ഞാൻ നിത്യയെ ഒന്ന് കാണാൻ... വാക്കുകൾ ഇടർച്ചയാൽ മുറിയപെട്ടു... നിത്യ ഇവിടെ ഇല്ലല്ലോ ... എവിടെ പോയതാ... എപ്പോഴാ വരാ... അവരുടെ ആകാംഷ കണ്ടപ്പോ അവൾക്ക് വിഷമം തോന്നി... നിത്യ ദർഷിൻെറ ഒപ്പം പോയി... അവന് അവിടെ ഫാമിലി ആയിട്ട് താമസിക്കാൻ സൗകര്യം ഉള്ളത് കൊണ്ട്... അത് കേട്ടതും സതിയുടെ മുഖം മങ്ങി... ഒന്നു കാണാൻ ആയിരുന്നു... ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് എന്റെ പൊന്നു മോളെ... ക്ഷമ ചോദിക്കാൻ വന്നതാ... ഇല്ലെങ്കിൽ നീറി നീറി ഞാൻ.... മാളു കേട്ട് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല... മോൻ വേണമെന്ന് ആയിരുന്നു ആഗ്രഹം .. ഒരു പെൺകുട്ടിയെ ഞാൻ ആഗ്രഹിച്ചില്ല... തന്റെ കുട്ടിക്കാലം അങ്ങനെ ആയിരുന്നു... എന്നിട്ടും ആ ചിന്താഗതി താൻ മാറ്റാതെ എന്റെ മോളോടും ഞാൻ അനുഭവിച്ചത് തന്നെ ... ഇഷ്ട്ടങ്ങൾ നോക്കാതെ പെൺകുട്ടി ആണെന്ന് പറഞ്ഞ് മാറ്റി നിർത്തിയും അടിച്ചേൽപ്പിച്ചും ...

ഒരുപാട് തല്ലിയിട്ടുണ്ട് ചെയ്യാത്ത കുറ്റത്തിന് കുത്തി നോവിച്ചിട്ടുണ്ട്... എല്ലാം മനസ്സിലാക്കാൻ വൈകി പോയി.... ഒരു വിതുമ്പലോടെ അവരത് പറഞ്ഞ് നിർത്തുമ്പോൾ മാളു അവരെ ഭാവമാറ്റം ഇല്ലാതെ നോക്കി നിന്നു... പക്ഷേ ആ അമ്മയുടെ കണ്ണുനീർ അവളുടെ ഹൃദയത്തില് ഏറ്റിരുന്നു... മോളെയും അന്ന് ഞാൻ വേദനിപ്പിച്ചു... സതി മാളുവിന്റെ കവിളിൽ തലോടി... മാളു ഒരു ചിരിയോടെ ആ തലോടൽ ഏറ്റു വാങ്ങി... ഞാൻ പോവാണ് എന്നാല്... അവളോട് പറയോ അമ്മ വന്നിരുന്നുന്ന്... തെറ്റൊക്കെ ഏറ്റ്‌ പറഞ്ഞ് ആ കാലിൽ വീണോളാന്ന് ... ക്ഷമിക്കാൻ പറ്റോന്നു.. മാളു മെല്ലെ തലയാട്ടി.... ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ അവർ നടന്നകലുന്നത് അവൾ നോക്കി നിന്നു... ചെയ്ത തെറ്റിന് ദൈവം ശിക്ഷ നൽകുമെന്നാണ് ... പക്ഷേ ആ തെറ്റിന് നമ്മൾ മനസ്സറിഞ്ഞ് പശ്ചാത്തപിച്ചാൽ അത്രയും പുണ്യം കിട്ടും ... അവൾ മനസ്സിൽ ഓർത്തു ആങ്ങളയും മോനും പെണ്ണിലും കഞ്ചാവിലും ജയിലിൽ ആയപ്പോ ആണോ അവർക്ക് കുറ്റബോധം അടിച്ചത്.... അമ്മ എന്ന് പറഞ്ഞാ അതേ പവിത്രതയും സ്നേഹവും കാരുണ്യവും നിറഞ്ഞവൾ ആയിരിക്കണം... അത് ആൺ പെൺ വ്യത്യാസം ഇല്ലാതെ പകർന്ന് കൊടുക്കാൻ പറ്റുന്നവൾ ആയിരിക്കണം... അല്ലെങ്കിൽ ഇവരെ പോലെയോ ഇന്ന് പിഞ്ച് കുഞ്ഞുങ്ങളെ ജീവനോടെ കൊല്ലുന്ന അവളുമ്മാരെ പോലെ ഒക്കെ ഇരിക്കും... അമ്മ എന്ന പേരിന് കളങ്കം വരുത്താൻ ആയിട്ട്... ഇനിയിപ്പോ ജീവൻ കൊടുത്ത് സ്നേഹിച്ചു വെക്കട്ടെ വയസ്സായ ഏത് അമ്മ എന്ത് സ്നേഹം...

പിന്നെ ആർക്കും വേണ്ട അമ്മയെ... ആർക്കും അമർഷത്തോടെ പറഞ്ഞ് പോകുന്ന ലക്ഷ്മിയുടെ വാക്കുകൾ അവളുടെ കാതിൽ വന്നു വീണു... തുടങ്ങിയത് അമർഷത്തിൽ ആണെങ്കിൽ അവസാന വാക്കുകളിൽ വന്ന ദൈന്യതയും നൊമ്പരവും അവൾക്ക് മനസ്സിലായിരുന്നു ... ശെരിയാണ് ആ പറഞ്ഞത് അത്രയും... ഏത് പെണ്ണിാണ് നൊന്തു പെറ്റ മക്കളെ കൊന്നു തള്ളാൻ തോന്നുന്നത്... ജീവൻ പകുത്ത് നമ്മൾ ജന്മം നൽകിയ മക്കൾ..... ഭൂമിയിൽ അവർക്ക് വരാൻ നമ്മൾ അവസരം കൊടുത്തു എങ്കിൽ ആ ജീവൻ കളയാൻ ഏറ്റവും അർഹത ഇല്ലാത്തവർ അവരായിരിക്കും... അതും ആണെന്നും പേണ്ണെന്നും വ്യത്യാസം പറഞ്ഞ് കൊണ്ട്... ശ്ശേ... പെട്ടെന്ന് അവളുടെ മനസ്സിലേക്ക് അവളുടെ അച്ഛന്റെയും അമ്മയുടെയും കാര്യം കടന്നു വന്നു... എന്നെയും തനിച്ച് ആക്കി പോയവർ... കാരണം പോലും അറിയാതെ ... ഇതൊക്കെ തന്നെ ആകുമോ... അറിയില്ല... ഒന്ന് കൺ നിറയെ കാണാൻ പോലും ഭാഗ്യം തരാതെ... കൺപീലികൾ തടഞ്ഞ് നിർത്തിയ കണ്ണുനീർ തുള്ളികൾ കവിളിലേക്ക് കുതിച്ച് ഒഴുകി... പെട്ടെന്ന് തന്നെ രുദ്രൻ മനസ്സിലേക്ക് ഓടി വന്നതും കണ്ണുനീർ തുടച്ച് താലിയിൽ മുത്തി ഒരു ചിരിയോടെ മുറിയിലേക്ക് നടന്നു... ഓഫീസിൽ നിന്നും രുദ്രൻ നേരെ പോയത് ഗീതയുടെ ആ കുഞ്ഞു വീട്ടിലേക്ക് ആണ്...

പുറത്തെ മഞ്ഞ വെളിച്ചം കൂടാതെ ഉമ്മറത്ത് കത്തിച്ച് വെച്ചിരിക്കുന്ന നിലവിളക്കിന്റെ ശോഭയും ആ വീട്ടിൽ തങ്ങി നിന്നു... വണ്ടിയുടെ ശബ്ദം കേട്ട് ഗീതയും പിന്നാലെ വരലക്ഷ്മിയും നറു പുഞ്ചിരിയോടെ ഇറങ്ങി വന്നു... ആഹാ രണ്ടാളും നല്ല സന്തോഷത്തിൽ ആണല്ലോ.... മുണ്ട് കുടഞ്ഞിട്ട്‌ അവൻ തിണയിലേക്ക് കയറി ഇരുന്നു... ഒന്നൂലെടാ ചെക്കാ ഞങ്ങള് വെറുതെ ഇങ്ങനെ ... അമ്മയുടെ മുറിവെല്ലാം ഇപ്പോ ഭേദം ആയല്ലെ ഗീതമ്മെ ... ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് വരലക്ഷ്മിയെ ചേർത്ത് പിടിച്ചവൻ ചോദിച്ചു... മാറി മോനെ... ഇപ്പോ വേദന പോലും ഇല്ല... വരലക്ഷ്മിയും അമ്മക്ക് പെട്ടെന്ന് തന്നെ നല്ലൊരുഗ്രൻ സർപ്രൈസ് ഉണ്ടാകുട്ടോ... എനിക്കോ... വരലക്ഷ്മി വിശ്വാസം കൂടാതെ ചോദിച്ചു... അതെന്നേ... ഇൗ അമ്മക്ക് തന്നെ... കാത്തിരുന്നോ ഞാൻ ഇനി വരണത് നോക്കീട്ട്. .. രുദ്രൻ ഒറ്റകണ്ണിറുക്കി പറഞ്ഞു... ഗീത അന്നേരം കൊണ്ട് അവന് ഒരു കട്ടൻ ഗ്ലാസിൽ പകർന്ന് കൊണ്ട് വന്നൂ.... അത് മുത്തി കുടിച്ചും വിശേഷങ്ങൾ പങ്കുവെച്ചും രുദ്രൻ അൽപ്പനേരം അവിടെ ചിലവിട്ടു... പിന്നെ യാത്ര പറഞ്ഞ് ഇറങ്ങി... ഇന്ന് പതിവിലും വിപരീതമായി ഉമ്മറപടിയിൽ കാത്ത് നിൽക്കുന്ന ആളെ കാണാതെ ആണ് രുദ്രൻ വീട്ടിലേക്ക് കയറിയത്... ലക്ഷ്മി സോഫയിൽ ഇരുന്നു കണ്ണടയും വെച്ച് തുന്നുന്നുണ്ട്...

എന്നാ അവനെ കണ്ടിട്ട് ഒന്ന് നോക്കുകയോ മിണ്ടുകയോ അവർ ചെയ്തില്ല.... രുദ്രൻ ബാഗ് ടീപോയിൽ വെച്ച് അടുക്കളയിലേക്ക് നടന്നു... അവിടെ ആരെയും കാണാത്തത് കൊണ്ട് അവൻ തിരികെ വന്നു.. ലക്ഷ്മമ്മേ മാളു എവിടെ.... നിന്റെ ഭാര്യ എവിടെ ഉണ്ടെന്ന് എനിക്ക് ആണോ അറിയാ... തുന്നുന്നതിൽ നിന്നും ശ്രദ്ധ മാറ്റാതെ അവർ പറയുന്നത് കേട്ട് രുദ്രൻ വാ പൊളിച്ചു.. ശെടാ ഇതെന്ത് കൂത്ത്... അവൻ തലയൊന്ന് ആട്ടി ആട്ടി മുകളിലേക്ക് കയറി... വാതിൽ അടഞ്ഞ് കിടപ്പാണെങ്കിലും അത് അടച്ചിട്ടില്ലെന്ന് അവന് മനസിലായി... അവൻ കതക് തുറന്നു അകത്തേക്ക് കയറി... മുറിയിൽ വെളിച്ചം ഇട്ടിട്ടില്ല.. പക്ഷേ ബാൽക്കണിയിൽ നിന്നുള്ള വെളിച്ചം മുറിയിലേക്ക് ചെറിയ തോതിൽ പ്രകാശം നൽകുന്നു.. രുദ്രൻ അവളെ വിളിക്കാതെ അവിടേക്ക് പ്രവേശിച്ചു... രാത്രിയുടെ ഭംഗി ആസ്വദിച്ച് നിൽപ്പാണ്... തഴുകി എത്തുന്ന കാറ്റിൽ അഴിച്ചിട്ട മുടിയിഴകൾ മനോഹരമായ നൃത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു... ഒഴുക്കൻ മട്ടിലുള്ള സാരിയുടെ മുന്താണിയും അതേ താളത്തിൽ ആടി ഉലയുന്നു... കാറ്റിന്നാൽ ലഭിക്കുന്ന തണുപ്പാൽ മേനി വിറക്കൊള്ളുന്നുണ്ട്... രുദ്രൻ അവളെ പിന്നിൽ നിന്നും പൊതിഞ്ഞ് പിടിച്ചു... മാളു ഞെട്ടാതെ ഒരു കുറുകലോടെ അവനിലേക്ക് ചേർന്ന് നിന്നു...

മാറിനും വയറിനും ഉള്ള അതിർത്തി രേഖയിൽ അവന്റെ കൈകൾ മുറുകി... മുടി ഒരുഭാഗത്ത് നിന്നു വകഞ്ഞ് മാറ്റി കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവളുടെ ഗന്ധം ആസ്വദിച്ച് നിന്നു... മാളു പുളകത്തോടെ അവന്റെ കൈക്ക്‌ മുകളിൽ ആയി കൈ കെട്ടി വെച്ചു... പരസ്പരം ഒന്നും പറയാതെ കടന്നു പോയ നിമിഷങ്ങൾ... കൈകൾ അയക്കാതെ രുദ്രൻ അവന്റെ മുഖം ഷോൾഡറിൽ പതിപ്പിച്ച് നിർത്തി... എന്താണ് പതിവ് ഇല്ലാതെ ഇൗ നേരത്ത് ഇവിടെ ... ഹെ.... പറയുന്നത്തിനോപ്പം അവന്റെ താടി രോമങ്ങൾ അവളെ ഇക്കിളി കൂട്ടി... മ്മ്ഹ്ഹും.... താഴെ എനിക്ക് ആയി കാത്ത് നിൽക്കാതെ ഇവിടെ വന്ന് നിന്നെങ്കിൽ എന്തേലും കാരണം ഉണ്ടാകൂലോ... പറയ് പെണ്ണേ.. അവൻ ഇക്കിളി കൂട്ടി കൊണ്ട് തന്നെ ചോദിച്ചു... മാളു ഒരു പിടച്ചിലോടെ അവന്റെ മുറുകിയ കൈകൾ വേർപെടുത്തി... അവളത് മാറ്റാൻ ആഗ്രഹിക്കുന്നു കരുതി അവനത് പിന്നിലേക്ക് പിൻവലിക്കാൻ നിന്നതും മാളു കൈകളെ മുറുകെ പിടിച്ച് കൊണ്ട് താഴേക്ക് കൊണ്ട് പോയി... രുദ്രൻ ശ്രദ്ധയോടെ അവളുടെ പ്രവൃത്തി നോക്കി... കൈകൾ അവളുടെ പൊക്കിൾ ചുഴിയും കടന്നു അടിവയറിൽ എത്തി നിന്നു.... ബലം പോരാതെ ഇരുന്ന അവന്റെ കൈകളിലേക്ക് ബലം നൽകി അവളത് അവിടെ ഉറപ്പിച്ച് നിർത്തി... മാ... മാളു.... നീ..... അവൻ ഞെട്ടലോടെ ചോദിച്ചു...

മാളു അവനെ പിന്തിരിഞ്ഞ് നോക്കാതെ ആ കൈകൾ വിടുവിക്കാതെ തലയാട്ടി.... അവിടെ നമ്മുടെ വാവ..... ബാക്കി പറയുന്നതിന് മുൻപ് അവൻ കൈകൾ വിടുപ്പിച്ച് അവളെ തിരിച്ച് നിർത്തി ഇറുകെ പുണർന്നു.... മാളു അത്യന്തം സന്തോഷത്തോടെ അവനെ തിരികെ പുണർന്നു... തോളിൽ നനവ് പടരവെ മാളു അവനിൽ നിന്നടർന്നു മാറി... ചുണ്ടിൽ മായാത്ത പുഞ്ചിരി ഉണ്ടെങ്കിലും കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു... അത് കാണെ അവളുടെ കണ്ണിലും നനവ് പടരാൻ തുടങ്ങി... രുദ്രൻ അവളെ ചേർത്ത് നിർത്തി മുഖമെല്ലാം ചുംബനം കൊണ്ട് മൂടി... പറയുവാൻ ആയി അവനിൽ വാക്കുകൾക്ക് ക്ഷാമം നേരിട്ടു... ഉള്ളിലെ അണപൊട്ടും സന്തോഷം ചുംബനങ്ങളിലൂടെ പകർന്ന് നൽകി... താഴെ ഇരുന്നു അവളുടെ സാരി മാറ്റി അവിടെയും നിർത്താതെ ചുംബിച്ച്... ശേഷം എഴുന്നേറ്റ് നിന്നു.. മാളു നോക്കി കാണുകയായിരുന്നു അവന്റെ പ്രവൃത്തികൾ... തനിക്ക് തോന്നുന്ന അതേ വികാരങ്ങൾ ആണ് അവനിലും ഉള്ളതെന്ന് അവൾക്ക് തോന്നി... ഒരു ജീവൻ നാമ്പിട്ടാൽ അത് വഹിക്കുന്നവളെ പോലെ അതിനു ഉത്തരവാദിക്കും ഒരേ വികാരം... മാളു പുഞ്ചിരിയോടെ ഓർത്തു ഞാൻ അച്ഛൻ ആകാൻ പോകുന്നു എന്ന്.... എടീ പെണ്ണേ ഞാൻ ഒരച്ഛൻ ആകാൻ പോകുന്നുന്ന്... അവൻ അവളെ വീണ്ടും പൊതിഞ്ഞ് പിടിച്ച് കൊണ്ട് ഒരു പൊട്ടിചിരിയോടെ പറഞ്ഞു... നിങ്ങള് അച്ഛൻ മാത്രം അല്ല ഞാൻ അമ്മ ആവാൻ പോവാ...

അതൂടെ പറയ്... അവനെ തള്ളി മാറ്റി ചുണ്ട് കൂർപ്പിച്ച് അവൾ പറയുന്നത് കേട്ട് അവൻ ചിരി നിർത്തി... നീ അമ്മ ആവാൻ പോണ് എന്ന് നീ പറ.. അയ്യടാ അതും ഞാൻ പറയണംന്ന്‌... രുദ്രൻ ചുണ്ട് കോട്ടി... ഓഹോ... ഇപ്പോ അങ്ങനെ ആയിലെ... എങ്ങനെ... അവൻ ഷർട്ടിന്റെ സ്ലീവ്സ്‌ തെരുത്തു കയറ്റി അവളെ വട്ടം പിടിച്ച് കൊണ്ട് ചോദിച്ചു... കുന്തം .... മാളു മുഖം വീർപ്പിച്ചു... ആ വീർമത പോകാൻ അവൻ വീണ്ടും വീണ്ടും കവിളിൽ മുത്തി... ഒടുവിൽ തോൽവി സമ്മതിച്ച പോലെ മാളു ഒരു ചിരിയോടെ അവന്റെ നെഞ്ചിലിട്ട്‌ മുഖമുരുട്ടി ... ഞാൻ ഒരുപാട് ഹാപ്പി ആണ് ഏട്ടാ.... ഞാനും.... അവളുടെ സിന്ദൂരത്തിൽ മുത്തമിട്ട് അവൻ പറഞ്ഞു ലക്ഷ്മിഅമ്മ അറിഞ്ഞോ... ഒരിടവേളയ്ക്ക് ശേഷം അവന്റെ ശബ്ദം... മ്മ് അറിഞ്ഞു... അടുക്കളയിൽ മീൻ വറുത്തു കൊണ്ട് നിൽക്കുമ്പോഴാണ് മനം പുരട്ടൽ വന്നെ... പുള്ളിക്കാരി അപ്പോഴേ ഉറപ്പിച്ചു... ഹും എന്നിട്ട് താഴെ എന്തൊരു അഭിനയം... എന്നോട് താഴെ ഇരിക്കണ്ട പറഞ്ഞ് ഓടിച്ച് വിട്ടതാ... ഏട്ടനും സർപ്രൈസ് ആയിക്കോട്ടെ കരുതി കാണും... മ്മ് ശെരിക്കും സർപ്രൈസ് ആയി..എന്തായാലും ഇത് പോലൊരു സർപ്രൈസ് ഞാനും തരുന്നുണ്ട്... ങ്ങേ ഏട്ടനും ഗർഭിണി ആയിട്ടോ... മാളു കുസൃതിയോടെ ചോദിച്ചു... പോടീ....

അവൻ അവളുടെ ചെവിയിൽ മൃദുവായ് കടിച്ചു... ഏട്ടാ.... ഏട്ടന് ആൺകുഞ്ഞു വേണോ പെൺകുഞ്ഞ് വേണോ ... നിനക്ക് ആരെ വേണം... എനിക്ക് രണ്ടായാലും കുഴപ്പമില്ല.. നമ്മുടെ വാവ അല്ലേ... പക്ഷേ എനിക്ക് ആൺകുഞ്ഞിനെ വേണം.... അവന്റെ മറുപടി കേട്ട് മാളു അടർന്നു മാറി... ഓർമയിൽ ഇന്ന് നിത്യയുടെ അമ്മ പറഞ്ഞത് കടന്നു വന്നു... ഇങ്ങനെ പക്ഷപാതം പാടില്ല ഏട്ടാ... ആര് പറഞ്ഞു പക്ഷപാതം ആണെന്ന്... ആൺ കുഞ്ഞ് വേണമെന്ന് ആണ് ആഗ്രഹം... അതിനു പിന്നിൽ ഞാൻ കണ്ട പൊരുൾ നിനക്ക് ഇപ്പോ മനസ്സിലാവില്ല ... അപ്പോ പെൺകുട്ടിയാ ഉണ്ടായത് എങ്കിലോ.... മാളു വിടാതെ ചോദിച്ചു പെൺകുട്ടി ആയാ അതേ മനസോടെ നമ്മൾ ഏറ്റു വാങ്ങും... പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും നമ്മുക്ക് ഒരുപോലെ അല്ലേടി... പിന്നെ ആഗ്രഹം... അത് അങ്ങനെ ഇരുന്നോട്ടെ... ദൈവം ചിലപ്പോ സാധിപ്പിച്ചു തന്നാലോ.... മാളുവിനു അവൻ പറയുന്നത് പൂർണം ആയി മനസ്സിലായില്ല എങ്കിലും ഏതാണ്ട് ഒക്കെ പിടികിട്ടി... ഇനി ഭക്ഷണം കഴിച്ച് കിടക്കാം... നാളെ നല്ലൊരു ഗൈനകിനെ കാണണം... മാളു അവൻ പറയുന്നത് സമ്മതം പോലെ തലയാട്ടി... ❇ പിറ്റേന്ന് രാവിലെ തന്നെ അവർ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടൂ... സംശയം സത്യം തന്നെ ആയിരുന്നു... ഒരു കുരുന്നു ജീവൻ മാളുവിന്റെ നാഭിയിൽ നാമ്പിട്ടിരുന്നു... മിക്ക ഡോക്ടർമാർക്കും ആദ്യ കാഴ്ചയിൽ പറയാൻ ഉള്ളത് പോലെ തന്നെ ആയിരുന്നു അവരോടും പറയാൻ ഉണ്ടായിരുന്നത്...

ആദ്യത്തെ മൂന്നു മാസം ശ്രദ്ധിക്കണം... ഇപ്പോ വിറ്റാമിൻ ടാബ്ലറ്റും മറ്റും മതി... അങ്ങനെ ചെയ്യരുത് ... ഇങ്ങനെ ചെയ്യരുത്.. മാളു കേട്ട് തല കുലുക്കി സമ്മതിക്കുന്നതിനേക്കാൾ ഒരുപിടി മുന്നിൽ ആയിരുന്നു രുദ്രൻ... മാളു ഉത്സാഹവും ഉത്കണ്ഠയും ഒരുപോലെ അവനിൽ കണ്ടൂ.. അല്ലെങ്കിലും ഇൗ വേളയിൽ ഭർത്താവിന്റെ കേയറിങ് കിട്ടുമ്പോൾ വേറെ ഒന്നും വേണ്ടെന്ന് തോന്നും ... നിത്യക്ക് ഞാൻ മെസേജ് ഇട്ടിട്ടുണ്ട്... ഞാൻ വീട്ടിൽ എത്തിയിട്ട് വിളിക്കാൻ ഇരിക്കാ ... ഇനിയിപ്പോ ഇങ്ങോട്ട് ഒരു വിളി പ്രതീക്ഷിക്കാം ... ദാ പറഞ്ഞ് തീർന്നില്ല വന്നു കോൾ... മാളു സ്ക്രീൻ രുദ്രന് നേരെ കാട്ടി ഒരു ചിരിയോടെ കോൾ എടുത്തു... ഏട്ടത്തി ഞാൻ എന്താ കേട്ടെ ... ഹിയ്യോ.. ഞാൻ മേമ ആവാൻ പോവാന്ന്... ഉമ്മുമ്മുമ്മാ... കിടന്നു അലറാതെടി പെണ്ണേ.... ഹിഹി സോറി... ഇച്ചിരി എക്‌സൈറ്റ്‌മെന്റ് കൂടി പോയി... എവിടെ ഇതിന്റെ പ്രൊഡ്യൂസർ എവിടെ... ഇവിടെ ഉണ്ട്... കാർ ഓടിക്കാ... ഞങൾ ഹോസ്പിറ്റൽ പോയി വരുവാ... വണ്ടി ഓടിക്കാണെങ്കിൽ ശല്യം ചെയ്യണ്ട.... വാവെടെ ഡാഡിക്ക്‌ ഒരു കൺഗ്രാറ്റ്സ്‌ പറഞ്ഞെരു... പിന്നെന്താ പറയാലോ... പിന്നെ ഞാൻ അങ്ങോട്ട് വരുന്നുണ്ട്... അറിഞ്ഞ വശം തന്നെ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തു.... ഡീ കുഞ്ഞുണ്ണിയോട് പറയാതെയോ ...

ഒന്ന് പോ ഏട്ടത്തി ഇത് അറിഞ്ഞാൽ ആദ്യം അവൻ തന്നെ എന്നെ അങ്ങോട്ട് പാർസൽ ഇയ്യും... പിന്നെയാ... മാളു ചിരിച്ച് കൊടുത്തു.... അപ്പോ ഞാൻ വെക്കാ... ഇനി നേരിട്ട് കാണാം... ശെരിഡീ... ഉമ്മാ..... കോൾ കട്ട് ചെയ്തതും മാളു രുദ്രന് നേരെ തിരിഞ്ഞു... പ്രൊഡ്യൂസറോട് കൺഗ്രാട്ട്‌സ് പറയാൻ പറഞ്ഞിട്ടുണ്ട്.... ഓഹോ... എന്നാ വരവ് വെക്കുന്നു ... ഒരു മാസിക കട അടുത്ത് കണ്ടതും കാർ ഒതുക്കി ഇട്ട് നാലഞ്ച് ആരോഗ്യ മാസികകൾ കൂടി വാങ്ങി രുദ്രൻ ഇപ്പോ ഇത്രയേ കിട്ടിയുള്ളൂ... സാരമില്ല പിന്നെ വാങ്ങാലോ.... പിന്നെ കുറച്ച് സെറ്റ് മുണ്ട് വാങ്ങണം... ഇൗ സാരി ഒന്നും വലിച്ച് ചുറ്റാൻ നിക്കണ്ട ... അവൻ സ്വയം പറഞ്ഞ് കൊണ്ട് കാറിനുള്ളിലേക്ക്‌ കയറി മാളു അവന്റെ പ്ലാനിങ് കേട്ട് മടിയിൽ ഉള്ള മാസികയിലേക്ക് നോക്കി ... പിന്നെ എല്ലാം കണ്ട് അന്തം വിട്ടു ഇരുന്നു... ഇനിയും ??!! എന്ത് ഇനിയും ... അല്ല ഇനിയും മാസികകളോ... പിന്നെ ഇൗ നാലെണ്ണം കൊണ്ട് മാത്രം എല്ലാം അറിയോ ... രുദ്രൻ അവളുടെ തലക്കിട്ടു കൊട്ടി വണ്ടി എടുത്തു... വീട്ടിൽ എത്തിയപ്പോൾ കണ്ടൂ ഉമ്മറത്ത് തന്നെ നിൽക്കുന്ന ഗീതയെ... ഏട്ടൻ വിളിച്ച് പറഞ്ഞോ... എപ്പോ... നീ യൂറിൻ ചെക്ക് ഇയ്യാൻ പോയിലെ അപ്പോ... വാ സൂക്ഷിച്ച്.... അവൻ വന്നു ഡോർ തുറന്ന് കൊടുത്തു... മാളു ഓടി കയറാതെ സാവധാനം കയറി ഗീതയെ കെട്ടിപിടിച്ചു...

സന്തോഷായി അമ്മക്ക്.. എത്ര നാളായി ഒരു കുഞ്ഞിനെ ദെ ഇൗ കിളവികൾ കാത്ത് ഇരിക്കുന്നു ... ഗീത ലക്ഷ്മിയെയും ചേർത്ത് കൊണ്ട് പറഞ്ഞു... അമ്മ കുറെ നേരായോ വന്നിട്ട്... ആഹ് ഞാനും നിന്റെ അമ്മയും വന്നിട്ട് കുറച്ച് നേരം ആയി.... മാളു കാര്യം മനസ്സിലാകാതെ മൂവരെയും മാറി മാറി നോക്കി... രുദ്രൻ കണ്ണ് ചിമ്മി അകത്തേക്ക് നടന്നു..... രുദ്രനെ കണ്ടതും സോഫയിൽ ഇരിക്കുന്ന വരലക്ഷ്മി എഴുന്നേറ്റു അവന്റെ അടുത്തേക്ക് വന്നു... ഇത് മോന്റെ വീട് ആണെന്ന് പറഞ്ഞിലാട്ടോ ഗീത ഇങ്ങോട്ട് വരുമ്പോൾ.... അതിനെന്താ ഒരു സർപ്രൈസ് ആയിലേ അമ്മക്ക്... ഇനി ഒരു കൂട്ടം കൂടെ ഉണ്ട്... അവരെ തോളിലൂടെ കയ്യിട്ടു പിടിച്ച് വാതിൽ സാക്ഷി ആക്കി നിർത്തി... ഗീതയുടെയും ലക്ഷ്മിയുടെയും നടുക്ക് നിന്ന് കൊണ്ട് കാര്യം അറിയാതെ മാളു അകത്തേക്ക് കയറി.... അവർക്കൊപ്പം വരുന്ന യുവതിയെ കണ്ട് വരലക്ഷ്മിയും രുദ്രന് സമീപം നിൽക്കുന്ന സ്ത്രീയെ കണ്ട് മാളുവും പകച്ചു... അവരുടെ പകപ്പിന് പിന്നിലും കാരണം ഉണ്ടല്ലോ... സാമ്യത... മുഖസാമ്യത...........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story