സ്നേഹദൂരം.....💜: ഭാഗം 27

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

വരണമാല്യം ചാർത്തി ശ്രീഹരിയോടൊപ്പം കതിർമണ്ഡപം വലം വയ്ക്കുമ്പോൾ അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു അധ്യായം തുറക്കുകയാണ് ഇന്ന് എന്ന് അവളും തിരിച്ചറിയുകയായിരുന്നു, പ്രിയപ്പെട്ട ആരും അരികിൽ ഇല്ലാതെ ഒറ്റയ്ക്ക്....  എങ്കിലും ഈ താലിക്ക് തനിക്ക് അർഹതയില്ല എന്ന് ഒരു തോന്നൽ, ഒരിക്കൽപോലും ഹരിയേട്ടൻ തന്നെ സ്നേഹിച്ചിട്ടില്ല, ആരൊടോക്കെയൊ ഉള്ള ഒരു കടപ്പാടിന്റെ പുറത്താണ് തൻറെ കാര്യത്തിൽ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്..... അതുകൊണ്ട് തന്നെ അർഹിക്കാതെ ലഭിച്ച ഒന്നാണ് ഈ താലി എന്ന് അവളുടെ മനസ്സിൽ ഇരുന്ന് ആരോ പറയുന്നുണ്ട്.........

പ്രിയപ്പെട്ടവനെ സ്വന്തമായി ലഭിച്ച നിമിഷം സന്തോഷത്തിന്റെ പാരമ്യത്തിൽ നിൽകേണ്ടതാണ്....... പക്ഷേ എന്തുകൊണ്ടോ മനസ്സുനിറഞ്ഞ് സന്തോഷിക്കുവാൻ സാധിക്കുന്നില്ല...... അതിനു ഒരൊറ്റ കാരണം മാത്രമേ ഉള്ളൂ ഹരിയേട്ടന് തന്നോട് സ്നേഹം ഇല്ല എന്നുള്ള ഒരൊറ്റ കാരണം...... അച്ഛനോടുള്ള കടപ്പാട്, അമ്മ മരിച്ച അനാഥമാക്കപ്പെട്ട പെണ്ണിനോടുള്ള സഹതാപം.... ഈ കാരണങ്ങൾ ഒക്കെ മുൻനിർത്തി തന്നെയാണ് ഹരിയേട്ടൻ തൻറെ കഴുത്തിൽ താലി ചാർത്തിയത്....... തന്നെ സ്നേഹിക്കുവാൻ ഹരിയേട്ടന് ഒരിക്കലും കഴിയില്ലായിരിക്കാം...... എങ്കിലും ആഗ്രഹിച്ചത് സ്വന്തമായി, പക്ഷേ അതിൽ സന്തോഷിക്കാൻ കഴിയുമൊ..?

ഒരിക്കൽപോലും തന്നെ സ്നേഹിക്കാതെ വീർപ്പുമുട്ടി ഹരിയേട്ടൻ തന്നോടൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഹരിയേട്ടനോട് താൻ ചെയ്യുന്ന ഒരു ദ്രോഹം തന്നെയായിരിക്കും....... ജീവിതത്തെപ്പറ്റി ആ മനുഷ്യനെ എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ടായിരിക്കും....? അതെല്ലാം തന്നെ തന്നോട് ഉള്ള കടപ്പാടിന്റെ പേരിൽ നഷ്ടമായി പോകുന്നതാണല്ലോ താൻ കാണേണ്ടിവന്നത്.....? തന്നോട് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് ഹരിയേട്ടൻ ഒരിക്കലും ഒരു സന്തോഷകരമായ ജീവിതം താൻ ഇങ്ങനെ നിൽക്കുമ്പോൾ തുടങ്ങാൻ സാധിക്കില്ല എന്ന്, ആർക്കൊക്കെയോ വേണ്ടി ഹരിയേട്ടൻ സ്വന്തം ജീവിതം ഹോമിക്കുന്ന പോലെയാണ് അവൾക്ക് തോന്നിയത്.......

ഹരിയേട്ടന്റെ ജീവിതം തകർത്തു കളഞ്ഞ ഒരു ലോഹ കഷണം ആണ് തന്റെ താലി എന്ന് പോലും ആ നിമിഷം അവൾക്ക് തോന്നിയിരുന്നു........ അത് തന്നെ ചുട്ടുപൊള്ളിക്കും....... സംഘർഷങ്ങൾ നിറഞ്ഞ ഒരു സാഗരം തന്നെ ശ്രീഹരിയുടെ ഉള്ളിലുമലയടിക്കുന്നുണ്ടായിരുന്നു..... പക്ഷേ തൻറെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ അവൾക്ക് ഒരു വേദന വരുന്നത് എന്ന് അവൻ ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചിരുന്നു, അതുകൊണ്ടുതന്നെ ചെറുപുഞ്ചിരി അവൾക്ക് സമ്മാനിച്ചുകൊണ്ട് ആയിരുന്നു അവൻ ഇരുന്നത് മുഴുവൻ....... ഉള്ളിൽ തിരതല്ലുന്ന കടലിനെ അവളറിയാതെ ഇരിക്കുവാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.......

ഒരിക്കലും താൻ കാരണം അവൾക്കൊരു വേദന ഉണ്ടാവരുത് എന്ന് അവൻ ആഗ്രഹിച്ചിരുന്നു അവളോട് സഹതാപം തോന്നി തിരഞ്ഞെടുത്ത ജീവിതം ആണെന്ന് ഒരു തോന്നൽ പോലും അവൾക്ക് ഉണ്ടാവരുത് എന്ന് നിർബന്ധമുണ്ടായിരുന്നു അവന്...... അവളുടെ ചപലതക്ക് വേണ്ടി നിന്ന് കൊടുത്തത് മാത്രമായിരുന്നില്ല താൻ, അവളെ അനാഥയാക്കിയ ഒരു കുറ്റബോധം തൻറെ ഉള്ളിൽ ഉണ്ടാവാതിരിക്കാൻ വേണ്ടി കൂടിയാണ് ഈ വിവാഹം........ അപ്പോഴും എങ്ങനെ ഒരു ഭാര്യയുടെ സ്ഥാനത്ത് അവളെ കാണും എന്നുള്ള ചോദ്യം അവൻറെ മനസ്സിൽ അവശേഷിക്കുന്നുണ്ടായിരുന്നു........ ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരം തൻറെ മുൻപിൽ പ്രവാസം മാത്രമാണ്.......

തൻറെ ഭാര്യയായി അവൾ അരികിൽ നിൽക്കുന്ന സമയമത്രയും താൻ വീർപ്പുമുട്ടൽ അനുഭവിക്കും...... അതിൽ നിന്ന് രക്ഷപെടാൻ തനിക്കുള്ള എളുപ്പമാർഗ്ഗം എത്രയും പെട്ടെന്ന് പ്രവാസത്തിലേക്ക് തിരിച്ചുപോവുക എന്നുള്ളത് മാത്രമാണ്....... കാലങ്ങളും സമയങ്ങളും എടുത്ത് തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം സഹോദരിയായവൾ ഭാര്യയായി എന്ന്....... നാളുകൾ ഒരുപാട് വേണ്ടിവരും എന്ന സത്യം ശ്രീഹരിക്കും അറിയാമായിരുന്നു.......... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 സുഗന്ധി നൽകിയ എഴുതിരിയിട്ട നിലവിളക്കുമായി ആ വീടിൻറെ പടി ചവിട്ടുമ്പോൾ ജാനകിക്ക് പുതുമ തോന്നിയിരുന്നു ......

എത്രയോവട്ടം താൻ കയറിയ വീടാണ്, പക്ഷേ ഇങ്ങനെ ഈ വീടിൻറെ മരുമകളായി ആർഭാടപൂർവ്വം ഈ വീട്ടിലേക്ക് കയറുമ്പോൾ താൻ മറ്റാരോ ആയതുപോലെ....... സുഗന്ധി വിവാഹമുറപ്പിച്ച സമയം മുതൽ പറയുന്നതാ നീ വീട്ടിലെ മൂത്ത മരുമകൾ ആണെന്ന്..... അത് ഒരു വലിയ സ്ഥാനം ആണെന്ന് അവൾക്ക് തോന്നിയിരുന്നു, പക്ഷേ സന്തോഷിക്കുവാൻ എന്തുകൊണ്ട് മനസ്സ് സമ്മതിക്കുന്നില്ല....... ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിക്കണ്ട ഈ സമയത്ത് എന്തുകൊണ്ടോ സന്തോഷം മനസിനെ പുല്കുന്നില്ല...... സർവ്വം നഷ്ടം ആയി അനാഥയാക്കപെട്ടവൾക്ക് ഇനി എന്ത് സന്തോഷം.....?

പൂജാമുറിയിൽ കൊണ്ട് നിലവിളക്ക് വെച്ച് തിരികെ ഇറങ്ങി വന്നപ്പോൾ ഹോളിൽ ചില ബന്ധുക്കാരും ഒക്കെ കണ്ടിരുന്നു, എല്ലാവരുടെയും മുഖത്ത് അനിഷ്ടം തന്നെയാണ് നിറഞ്ഞുനിൽക്കുന്നത്........ ആരുമില്ലാത്ത ഒരു അനാഥ പെണ്ണിനെ ഹരിയേട്ടൻ വധു ആക്കിയത് ആർക്കും ഇഷ്ടമായിട്ടില്ല..... സ്വർണം പോലും എടുത്തത് ഹരിയേട്ടൻ തന്നെയായിരുന്നു....... അതുകൊണ്ട് തന്നെ എല്ലാവരുടെയും മുഖത്ത് അനിഷ്ടം നിറഞ്ഞുനിൽക്കുന്നുണ്ട്......... അത് കണ്ടപ്പോൾ അവൾക്ക് തീരെ ചെറുതാവുന്നത് പോലെ തോന്നി തുടങ്ങിയിരുന്നു ....... " ഹരി ഇതായിരുന്നോ വിവാഹങ്ങൾ ഒന്നും വേണ്ട വേണ്ട എന്ന് പറഞ്ഞു കൊണ്ടിരുന്നത്........

ഇത്രയും ചെറിയ ഒരു പെൺകുട്ടിയെ കിട്ടിയാൽ ആരാണ് വേറെ കല്യാണം സമ്മതിക്കുന്നത്, അവനിപ്പോൾ 31 കഴിഞ്ഞില്ലേ....? ഇനി വേറെ പെണ്ണ് കിട്ടുമോ...? പിന്നെ ഇതുപോലെ ഒരു കുടുംബത്തിൽ നിന്ന് പെണ്ണിന് ജന്മത്തിൽ ഇനി ആലോചന വരുമോ അപ്പോൾ ഇത്തിരി പ്രായം കൂടിയാൽ എന്താ....? കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട മുറുമുറുപ്പ് അതായിരുന്നു....... വല്ലാത്ത ഒരു അവസ്ഥയിലാണ് നിൽക്കുന്നത് എന്ന് അവൾക്ക് തോന്നിയിരുന്നു..... താൻ കാരണം ഹരിയേട്ടൻ പഴി കേൾക്കണല്ലോ എന്ന് സങ്കടമായിരുന്നു ആ നിമിഷം അവൾക്ക് ഉണ്ടായിരുന്നത്....... ഡ്രസ്സ് മാറാൻ എല്ലാം വിദ്യയും സഹായിച്ചിരുന്നു, അതുകൊണ്ട് ആ സമയം കുറെ സമാധാനം അനുഭവിച്ചു.......

കല്യാണസാരി മാറിയതിനുശേഷം ഒരു സെറ്റുമുണ്ടും ആയിരുന്നു അണിഞ്ഞിരുന്നത്.......... അതിമനോഹരമായ വിദ്യ അത് ഉടുപ്പിച്ച് തരികയും ചെയ്തു........ അത് കഴിഞ്ഞ് വീണ്ടും താഴേക്ക് ചെല്ലുമ്പോൾ ദാഹം തോന്നിയാണ് അടുക്കളയിലേക്ക് ജാനകി ചെന്നത്.... അപ്പോഴാണ് സേതുവിന്റെ സഹോദരിയുടെ സംസാരം സുഗന്ധിയോട് ഉള്ളത് കേൾക്കേണ്ടി വന്നത്....... ഒരു നിമിഷം അവിടേക്ക് വരേണ്ടിയിരുന്നില്ല എന്ന് പോലും അവൾക്ക് തോന്നിയിരുന്നു...... " എങ്കിലും എൻറെ സുഗന്ധി നിങ്ങൾക്കൊക്കെ ഭ്രാന്തായിരുന്നോ....? ഒരു രൂപ പോലും സ്ത്രീധനം ഒട്ട് കിട്ടിയതുമില്ല ആരോരുമില്ലാത്ത ഒരു പെണ്ണിനെ വീട്ടിലേക്ക് കൊണ്ടു വരേണ്ടിയും വന്നു......

എന്തൊക്കെ പറഞ്ഞാലും സേതുവിൻറെ കൂട്ടുകാരന്റെ മോൾ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഈ പെങ്കൊച്ചിനെ വല്ല ഹോസ്റ്റലിലൊ അനാഥമന്ദിരത്തിലൊ ആക്കിയാൽ പോരായിരുന്നോ...? എന്തിന് ഹരിയുടെ തലയിലോട്ട് നിങ്ങൾ വച്ചുകെട്ടി കൊടുത്തത്.....? ഒരു അത്യാവശ്യം വന്നാൽ ഓടിവരാൻ ഏതെങ്കിലും ബന്ധുക്കൾ എങ്കിലും ഉണ്ടോ...? സ്വന്തം എന്ന് പറയാൻ ആരുമില്ല....ഈ വിവാഹത്തിന് കാര്യത്തിൽ നമുക്ക് ഓരോ ആദർശവും ഒക്കെ പറയാൻ എളുപ്പമാണ്, പക്ഷേ ഒരു കാര്യം വരുമ്പോൾ അതിന് ആൾ തന്നെ വേണം...... ഇപ്പൊ തന്നെ ഒരു ആവശ്യം വരുമ്പോൾ ഇവളുടെ ഭാഗത്തുനിന്ന് ഓടിവരാൻ ആരാ ഉള്ളത്....? ആരെങ്കിലും ഉണ്ടാവുമോ.....?

അതൊക്കെ അറിയാൻ പോകുന്നതേയുള്ളൂ....., ആകെപ്പാടെ ഉള്ളത് മൂന്ന് സെൻറ് സ്ഥലവും കോഴിക്കൂട് പോലൊരു വീടും, അത് വെച്ച് എന്ത് ചെയ്യാനാ.......? ഹരിയുടെ ശമ്പളം വെച്ച് നോക്കിയാൽ തന്നെ അവനെ എത്ര നല്ല പെൺപിള്ളാരെ കിട്ടിയേനെ....... ഇത്രയും കൊല്ലം അവൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഇങ്ങനെ ഒരു രൂപ പോലും ഗതിയില്ലാത്ത ഒരു പെണ്ണിനെ കൊണ്ട് അവനെ കെട്ടിപ്പിക്കണ്ട കാര്യമുണ്ടായിരുന്നോ....? അവരുടെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത വേദന അവൾക്ക് തോന്നിയിരുന്നു. .... ഒരു നിമിഷം കണ്ണുകൾ നിറഞ്ഞു തുളുമ്പി. . " സരസ്വതി ചേച്ചി ഞങ്ങളുടെ ആൺ മക്കൾക്ക് ആർക്കും സ്ത്രീധനം വാങ്ങണം എന്ന് ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല.......

ഹരിയുടെ കാര്യമാണെങ്കിലും ദേവന്റെ കാര്യം ആണെങ്കിലും അങ്ങനെ തന്നെയാണ്....... പിന്നെ ജോലി കാര്യം, ഹരി സ്വന്തമായി നേടിയെടുത്ത ജോലി ആണ്..... ആ ജോലിയാണ് ഇന്നു കാണുന്ന അവസ്ഥയിലേക്ക് ഞങ്ങളെത്തിയത്....... ചേച്ചി പറഞ്ഞ 3 സെൻറ് കോഴിക്കൂട് ഉണ്ടല്ലോ അതു പോലും ഇല്ലാത്ത ഒരു അവസ്ഥ ഞങ്ങൾക്കുണ്ടായിരുന്നു, ആ ഞങ്ങളെ മാറ്റിയത് മറ്റാരുമല്ല, ചേച്ചി പറഞ്ഞ ആരുമില്ലാത്ത പെൺകുട്ടിയുടെ അച്ഛൻ തന്നെയാണ്....... അതൊന്നും മറക്കാൻ ഞങ്ങൾക്ക് ആർക്കും കഴിയില്ല, അന്ന് ഒരു ബന്ധുക്കളും ഉണ്ടായില്ല...... അവൾക്ക് ആരുമില്ലെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല......

ഞങ്ങളുണ്ടാവും എന്തു കാര്യത്തിലും അവൾക്ക്, പിന്നെ എൻറെ മോൻറെ ശമ്പളത്തിന്റെ കണക്കു പറഞ്ഞു മറ്റൊരു പെൺകുട്ടിയുടെ വീട്ടുകാരുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി എടുക്കാൻ ഞങ്ങളാരും ഒരിക്കലും ആഗ്രഹിച്ചിട്ടില്ല...... സേതുവേട്ടന്റെയും അഭിപ്രായം അത് തന്നെയാണ്....... പിന്നെ അവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് മാത്രമേ ഞങ്ങൾക്ക് പേടിയുള്ളൂ, ഒരു തീരുമാനം രണ്ടുപേരോടും ചോദിച്ചിട്ട് തന്നെ ആണ് എടുത്തത്....... അല്ലാതെ അവളെ നിർബന്ധിച്ചോ അവനെ നിർബന്ധിച്ചോ എടുത്തതല്ല കല്യാണം........ കല്യാണം കഴിഞ്ഞ സമയത്ത് എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാ എന്നുള്ളത് എല്ലാവരുടേയും ഒരു ശീലം ആണ് ചേച്ചി.......

ചേച്ചിയെ പറഞ്ഞത് അല്ല പൊതുവേ പറഞ്ഞതാ, അത്രയും സുഗന്ധി പറഞ്ഞപ്പോൾ തനിക്കുവേണ്ടി സുഗന്ധി സംസാരിച്ചപ്പോൾ ചെറിയൊരു ആശ്വാസം തോന്നിയിരുന്നു ജാനകിക്ക്....... തനിക്ക് വേണ്ടി സംസാരിക്കുവാൻ ഈ വീട്ടിൽ ആളുകൾ ഉണ്ടല്ലോ എന്ന് ആശ്വാസം...... സുരക്ഷിതമായിരിക്കും തന്റെ ഇവിടുത്തെ ജീവിതം എന്ന് അവൾക്ക് ഉറപ്പായിരുന്നു ...... നിറഞ്ഞുനിൽക്കുന്ന വേദന ഹരിയേട്ടനെ കുറിച്ച് മാത്രമാണ്......... ഹരിയേട്ടൻ ഓരോ നിമിഷവും തനിക്കൊപ്പം ജീവിക്കുന്നത് അദ്ദേഹത്തിന് ഒരു ശിക്ഷയാണ്...... സ്നേഹം മാത്രം വാരിക്കോരി നൽകിയ ഈ വീടിൻറെ നാഥന് താൻ നൽകുന്ന ശിക്ഷയാണ്.........

എന്നെങ്കിലുമൊരിക്കൽ ഹരിയേട്ടന് തന്നെ മനസ്സുതുറന്ന് സ്നേഹിക്കാൻ കഴിയുമോ.....? ആ ചിന്ത അവളെ വല്ലാത്ത ഒരു അവസ്ഥയിൽ തന്നെ കൊണ്ടുചെന്ന് എത്തിച്ചു.........അവനെ കുറിച്ച് ഓർത്തു വേദനയും..... " നീ ഇവിടെ വന്നിരിക്കാണോ...? ഹരിയേട്ടൻ ദേ അവിടെ വിളിക്കുന്നു, ഏട്ടന്റെ കുറച്ച് കൂട്ടുകാരൊക്കെ വന്നിട്ടുണ്ട്, അവരെ വൈഫിനേ പരിചയപ്പെടുത്തേണ്ടെ... പെട്ടെന്ന് ശ്രീദേവ് വന്നു അങ്ങനെ പറഞ്ഞപ്പോൾ എന്തോ വല്ലായ്മ പോലെ തോന്നിയിരുന്നു........ ഹരിയേട്ടൻ എങ്ങനെയാണ് തന്നെ അവരുടെ അരികിൽ പരിചയപ്പെടുത്തുക, ദേവന്റെ ഒപ്പം നടക്കുമ്പോൾ കണ്ടിരുന്നു താൻ വരുന്നത് കാത്തു നിൽക്കുന്ന ഹരിയേട്ടനെ,

എല്ലാവരുടെയും മുഖത്തേക്ക് നോക്കി സംസാരിക്കുന്നുണ്ട് എങ്കിലും ആളുടെ മുഖത്ത് ഒരു ചമ്മല് ഉള്ളതുപോലെ അവൾക്ക് തോന്നിയിരുന്നു......... വലിയ ആദർശം ഒക്കെ പറഞ്ഞിട്ട് ഇത്രയും ചെറിയ പെൺകുട്ടിയെ ആണോ നീ വിവാഹം കഴിച്ചത് എന്ന് കൂട്ടുകാർ ചോദിക്കും എന്നുള്ള ഒരു ഭയം ആയിരിക്കാം ഒരു പക്ഷേ അത്...... എല്ലാവരെയും തനിക്ക് പരിചയപ്പെടുത്തി തന്നു കഴിഞ്ഞു......... തന്നോട് തിരികെ പൊക്കോളാൻ ഹരിയേട്ടൻ പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസമായിരുന്നു തോന്നിയിരുന്നത്, " ഇനിയിപ്പോ ലീവ് കുറച്ചുകൂടി നീട്ടുന്നു ഉണ്ടോ ഹരി....? കൂട്ടുകാരിൽ ആരുടെയോ തമാശ നിറഞ്ഞ ആ ചോദ്യം ഹരിയേട്ടന് എന്തോ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് തോന്നിയിരുന്നു.......

തനിക്കും അതെ മാനസികാവസ്ഥ തന്നെയായിരുന്നു, ഹരിയേട്ടൻ മുഖത്ത് വരുത്തി വച്ച ഒരു പുഞ്ചിരി കണ്ടപ്പോൾ വീണ്ടും മനസ്സ് വേദനിക്കാൻ തുടങ്ങിയിരുന്നു..... ആ മനുഷ്യൻ എത്ര വട്ടം ഇങ്ങനെ ആളുകൾക്ക് മുൻപിൽ അഭിനയിച്ച് ജീവിക്കേണ്ടിവരും എന്നായിരുന്നു അപ്പോൾ മനസ്സിൽ തോന്നിയത്........ ഒരു ആവേശത്തിന്റെ പുറത്ത് സമ്മതിച്ചത് ആയിരുന്നു വിവാഹത്തിന്...... വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നത് പോലെ....... വിവാഹം കഴിക്കേണ്ട എന്ന് ഹരി ഏട്ടനോട് പറഞ്ഞാൽ മതിയായിരുന്നു, താൻ ഇപ്പോൾ ഹരിയേട്ടന് ഒരു ബാധ്യതയാണ് എന്ന് അവളുടെ മനസ്സിലിരുന്ന് ആരോ പറയുന്നത് പോലെ.......

എങ്കിലും തൻറെ മാറിൽ ചേർന്ന് കിടക്കുന്ന ആ താലിയും അതിലെ അക്ഷരങ്ങളും അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം തന്നെ സൃഷ്ടിക്കുന്നുണ്ടായിരുന്നു........ ആളും ബഹളവും എല്ലാം ഒതുങ്ങി കഴിഞ്ഞപ്പോൾ സുഗന്ധി തന്നെയാണ് ജാനകിയെ അരികിലേക്ക് വിളിച്ചു കൊണ്ട് ചെന്നത്....... ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ കയ്യിൽ നൽകി, തലമുടിയിൽ അരുമയായി തലോടിക്കൊണ്ട് സുഗന്ധി പറഞ്ഞു.... " എനിക്കറിയാം ഇതുവരെ മോൾ ഹരിയെ കണ്ടിട്ടുണ്ടാവുക ഒരു ഏട്ടൻറെ സ്ഥാനത്ത് ആയിരിക്കും എന്ന്..... ചുട്ടുപൊള്ളിച്ചു ആ വാക്കുകൾ അവളെ.... " പക്ഷേ ഇന്ന് മുതൽ നിൻറെ ഭർത്താവാണ്...... ആ ഒരു സ്ഥാനത്ത് കാണണം ......

പരസ്പരം അങ്ങനെ കാണുവാനും ഉൾക്കൊള്ളുവാനും കുറച്ച് സമയം വേണ്ടിവരും എന്ന് എനിക്കറിയാം...... പക്ഷേ നമ്മൾ പൊരുത്തപെടുക ആണ് വേണ്ടത്....... സമയം വേണ്ടിവരും...... എങ്കിലും ഇന്ന് മുതൽ നിൻറെ ഭർത്താവാണ്, സീമന്തരേഖയിൽ നീ തൊടുന്ന സിന്ദൂരം അവന് വേണ്ടിയുള്ളതാണ്........ ഒരു ഭർത്താവായി തന്നെ അവനെ കാണാൻ ഇന്ന് മുതൽ നിനക്ക് കഴിയണം...... ഇതൊന്നും ഹരിക്ക് പറഞ്ഞു കൊടുക്കാൻ എനിക്ക് പറ്റില്ല, പക്ഷേ നിന്നോട് പറയാമല്ലോ...... സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കണം..... " ആൻറി ഞാന്..... അവൾ എന്തോ പറയാൻ വന്നപ്പോൾ തന്നെ അവളുടെ മുഖത്ത് അരുമയായി തലോടിക്കൊണ്ട് സുഗന്ധി പറഞ്ഞു....

" ഇന്നുമുതൽ അമ്മയാണ്, സേതുവേട്ടൻ അച്ഛനും, അങ്ങനെ വിളിച്ചാൽ മതി..... അതുപോലെ നീ ഇന്ന് മുതൽ വിദ്യയെ ചേച്ചിന്നു വിളിക്കണ്ട, പേര് വിളിച്ചാൽ മതി, ഇന്ന് മുതൽ ഞാൻ കഴിഞ്ഞാൽ ഈ വീട്ടിലെ സ്ഥാനം നിനക്കാണ്..... ന്റെ കാലം കഴിയുമ്പോൾ ഈ വീട് നോക്കണ്ട ഹരിയുടെ പെണ്ണാണ്........ ഈ വീടിൻറെ വിളക്ക് ആവണം......... സഹോദരങ്ങൾക്ക് എന്നെ പോലെ ആവണം, അവന്റെ അതിനു മോൾക്ക് കഴിയും........ കുറച്ച് സമയം വേണം എന്ന് എനിക്കറിയാം...... പക്ഷേ സമയമെടുത്ത് മോൾ ഹരിയെ സ്നേഹിക്കണം, അവനു ബുദ്ധിമുട്ട് കാണും നിന്നെ പെട്ടെന്നൊരു ദിവസം അവന്റെ ഭാര്യ ആയി കാണുവാൻ.........

പക്ഷേ അവൻ തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്, അതുകൊണ്ട് മോൾ കുറച്ച് കാത്തിരിക്കണം...... എങ്കിലും അവൻ നിന്നെ സ്നേഹിക്കും, നിങ്ങൾക്ക് രണ്ടുപേർക്കും നല്ലൊരു ജീവിതം തന്നെ ഉണ്ടാകും.... മുടിയിൽ തലോടി അവളുടെ കൈകളിലേക്ക് പാല് വെച്ച് കൊടുക്കുമ്പോൾ അവൾക്ക് ആ അമ്മയോട് സഹതാപമായിരുന്നു തോന്നിയത്....... ഇത്രത്തോളം തന്നെ സ്നേഹിക്കുന്നവരെ ഒക്കെ താൻ വേദനിപ്പിക്കുന്ന പോലെ അവളുടെ മനസ്സിൽ ഇരുന്ന് ആരോ പറഞ്ഞു.................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story